Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 2

വി. ശാഹുല്‍ ഹമീദ് അല്‍ഐന്‍/

അബൂദര്‍റ് എടയൂരിന്റെ പ്രകാശ വചനം (ലക്കം 36) സന്ദര്‍ഭോചിതമായി. വസ്ത്രം കൊണ്ട് 'കളിക്കുന്ന' ആധുനിക സ്ത്രീകള്‍ക്ക് മികച്ച ഗുണപാഠമായിരുന്നു അത്.
പക്ഷേ, 'അവരുടെ തലകള്‍ ഒട്ടകത്തിന്റെ ചാഞ്ചാടുന്ന പൂഞ്ഞകള്‍ പോലെ'യാണ് എന്ന തിരുവചനം അല്‍പം പോലും വിശദീകരിച്ചു കണ്ടില്ല. ഇസ്ലാമിക ബോധമുള്ള സഹോദരിമാര്‍ പോലും വലിയ 'വട്ടപ്പൂക്കള്‍' ചൂടി ഒട്ടക പൂഞ്ഞുപോലെ നടക്കുന്നത് പതിവ് കാഴ്ചയാണ്. പുതിയ തലമുറയും അത് പിന്തുടരുകയാണ്.

റിസ്വാന്‍ പെരിങ്ങാല, അസ്ഹറുല്‍ ഉലൂം ആലുവ 
ഫെബ്രുവരി 16-ന് 'ചക്രവാളത്തില്‍ ഫാഷിസത്തിന്റെ ദുര്‍ഭൂതം' എന്ന ഫഹ്മീ ഹുവൈദി എഴുതിയ ലേഖനം അറബ് വിപ്ളവാനന്തരം ഈജിപ്തില്‍ ഉണ്ടായ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ വിജയത്തെ തകര്‍ക്കാന്‍ അണിയറകളില്‍ നടക്കുന്ന ചരടുവലികളുടെ യഥാര്‍ഥ മുഖം പുറത്ത് കാണിക്കുന്നതാണ്. ബ്ളാക് ബ്ളോക്സ്/ മാസ്ക് എന്നീ സംഘടനകള്‍ക്ക് പിന്നില്‍ നിഗൂഢമായ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നില്ലേ എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു. ഇഖ്വാന്റെ സമീപനങ്ങളോടുള്ള സ്വാഭാവിക പ്രതികരണം എന്നതിനപ്പുറം മൊസാദ് പോലുള്ള ഇസ്രയേലീ ചാര സംഘടനകള്‍ക്ക് ഇതിലുള്ള പങ്കിനെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. ഇതിനെ വെറും വാചകമടിയായി തള്ളിക്കളയുന്നത് ചിലപ്പോള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.

'തനിമ'യുടെ സര്‍ഗസഞ്ചാരം
'തനിമ'യുടെ തനിമതേടിയുളള യാത്രയെക്കുറിച്ചും തനിമ നഷ്ടപ്പെടുന്ന നമ്മുടെ കലാ-സാഹിത്യമേഖലയെക്കുറിച്ചുമുള്ള അനീസുദ്ദീന്‍ അഹ്മദ്, ജമീല്‍ അഹ്മദ് എന്നിവരുടെ ലേഖനങ്ങള്‍ (ലക്കം 36)ത ികച്ചും കാലോചിതമായ ഇടപെടലാണ്. ഓരോ വരിയിലും ലാഭം കണ്ടെത്തുന്ന കമ്പോളഭ്രമത്തിനടിപ്പെട്ട കലയും സാഹിത്യവുമാണ് ഇന്ന് നമ്മുടെ സാഹിത്യ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. തനിമയും ചരിത്രവും വിസ്മരിച്ച് പാശ്ചാത്യര്‍ വെച്ചുനീട്ടുന്നതെന്തോ അത് അപ്പാടെ വിഴുങ്ങുന്ന ഒരു തരം ഉപഭോഗസംസ്കാരമാണ് ഇന്ന് നമ്മുടെ സമൂഹത്തിലുളളത്. വര്‍ത്തമാനകാലത്ത് പൊതുസംസ്കാരത്തെ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ടി.വി ചാനലുകള്‍ ഏതു തരം സംസ്കാരമാണ് സമൂഹത്തില്‍ രൂപപ്പെടുത്തുന്നതെന്ന്  ചിന്തിക്കേണ്ടതുണ്ട്.
നസീര്‍ പള്ളിക്കല്‍ രിയാദ്‌

ചരിത്രകാരന്മാരുടെ എത്ര കല്ലേറ്
കൊണ്ടിട്ടുണ്ട് ടിപ്പുസുല്‍ത്താന്‍
ടിപ്പുസുല്‍ത്താന്‍: ചരിത്രം വിസ്മരിച്ച യാഥാര്‍ഥ്യങ്ങള്‍' (ലക്കം 35) എന്ന ബഷീര്‍ തൃപ്പനച്ചിയുടെ ലേഖനത്തിന് ഇനിയും തുടര്‍ച്ചകള്‍ ഉണ്ടാകേണ്ടതുണ്ട്. പ്രവാചകന്മാര്‍ മുതല്‍ ഇസ്ലാമിന്റെ നവോത്ഥാന നായകര്‍ വരെയുള്ള മഹാന്മാരെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ ചിന്തകളെ വികലമാക്കുകയും ചെയ്ത ചരിത്രമാണ് നമ്മുടെ മുഖ്യധാരക്കുള്ളത്. ടിപ്പുവിന്റെ ചരിത്രവും ഇതിന് അപവാദമല്ല. ടിപ്പുവിന് നേരെ ഒരു വിഭാഗം ചരിത്രകാരന്മാര്‍ 'കല്ലേറു' നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു വിഭാഗം ചരിത്രകാരന്മാര്‍ അദ്ദേഹത്തിന് പൂമാല ചാര്‍ത്തുന്നത് ആശാവഹമാണ്.
ഇസ്ലാമിന്റെ നേരിലും നന്മയിലും ഊന്നിക്കൊണ്ടുള്ള അധിനിവേശവിരുദ്ധ സമരങ്ങളെ വികലമായി ചിത്രീകരിച്ച് സാമ്രാജ്യത്വം എന്നും പ്രതിരോധിച്ചിട്ടുണ്ട്. ചരിത്രവും മാധ്യമങ്ങളും സാമ്രാജ്യത്വത്തിന്റെ കൈകളില്‍ ഉള്ളേടത്തോളം കാലം ഇതില്‍ നിന്ന് മോചനമുണ്ടാവുക സാധ്യമല്ല. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ പിച്ചിച്ചീന്താന്‍ സാമ്രാജ്യത്വവും സയണിസവും ഫാഷിസവും കമ്യൂണിസവും എന്നും കൂട്ടുകൂടിയിട്ടുണ്ട്. ഉഗാണ്ടന്‍ പ്രസിഡന്റ് ഈദി അമീന്‍ 'നരഭോജി'യായതും ആയത്തുല്ലാ ഖുമൈനി മതഭ്രാന്തനായതും എങ്ങനെയെന്ന് ആധുനിക ലോകം കണ്ടതാണ്.
നസീര്‍ പള്ളിക്കല്‍ രിയാദ് 

ഹോളിവുഡ് എങ്ങനെയാണ്
ഒരു സമൂഹത്തെ തെമ്മാടിവത്കരിക്കുന്നത്

കലയെയും സാഹിത്യത്തെയും യുദ്ധത്തിനും പ്രതിരോധത്തിനും ഉപയോഗിച്ചിട്ടുണ്ട്. അവകൊണ്ടുള്ള സാംസ്‌കാരിക മാനസിക യുദ്ധം, ആയുധം കൊണ്ടുള്ള യുദ്ധത്തേക്കാള്‍ തങ്ങള്‍ ലക്ഷ്യം വെക്കുന്ന സംസ്‌കാരത്തെയും നാഗരികതയെയും പിഴുതെറിയാന്‍ മാത്രം ശക്തമാണെന്ന് മാത്രമല്ല, താരതമ്യേന ചെലവ് കുറവാണെന്നും യുദ്ധരംഗത്തുള്ളവര്‍ക്കറിയാം. ഈ യുദ്ധത്തില്‍ അവര്‍ ഏറ്റവും നല്ല കലാ സാഹിത്യകാരന്മാരെയും സജീവമായ കലാ സാഹിത്യ രൂപങ്ങളെയും ഉപയോഗിക്കും. യുദ്ധത്തിലെ ഒന്നാമത്തെ ഇര സത്യമാണെന്നതിനാല്‍ യുദ്ധമുന്നണിയിലേക്ക് ഇറങ്ങിയവര്‍ കാര്യങ്ങളെ സത്യസന്ധമായി സമീപിക്കുകയുമില്ല. കോടതിയില്‍ കള്ളസാക്ഷ്യം പറഞ്ഞ് ജീവിതവൃത്തി കണ്ടെത്തുന്ന കഥാപാത്രം പോലെ ഇരയുടെ നേരെ തലയുയര്‍ത്തി നോക്കാന്‍ അവര്‍ ഭയപ്പെടുന്നു. അണിയറ ശില്‍പികള്‍ ഒരുക്കിക്കൊടുത്ത സംഭവത്തിന്റെ ഒരംശത്തില്‍ പിടിച്ച് എരിവും പുളിയും ചേര്‍ത്ത് ഒരു യക്ഷിക്കഥയാക്കി തന്റെ സൃഷ്ടിയെ അയാള്‍ രൂപപ്പെടുത്തും. സത്യമന്വേഷിക്കാന്‍ സമയമോ താല്‍പര്യമോ കഴിവോ കുറഞ്ഞ പുറംതോടിന്റെ പളപളപ്പില്‍ തൃപ്തിപ്പെടുന്ന സമൂഹത്തിന് അവ വേദവാക്യമായിരിക്കുമെന്ന് വിപണിയറിയുന്ന കച്ചവടക്കാരന് അറിയാമെന്നതിനാല്‍ തന്റെ കച്ചവടം നഷ്ടത്തിലാകുന്നുമില്ല.
സിനിമയെന്ന കലയുപയോഗിച്ച് ഒരു സമൂഹത്തെ തെമ്മാടിവത്കരിക്കാന്‍ ഹോളിവുഡും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കറുത്ത കൈകളും പതിറ്റാണ്ടുകളായി എങ്ങനെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ജാക് ഷഹീന്റെ് റീലിലെ ചീത്ത അറബികള്‍; ഹോളിവുഡ് ഒരു സമൂഹത്തെ എങ്ങനെ തെമ്മാടിവത്കരിക്കുന്നു' (Reel Bad Arabs: How Hollywood Vilifies A People) എന്ന ഗവേഷണ ഗ്രന്ഥവും അതിനെ ആസ്പദമാക്കി ഇറക്കിയ ഡോക്യുമെന്ററിയും. പത്രപ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനും ഗ്രന്ഥകര്‍ത്താവുമാണ് തെക്കന്‍ ഇലനോയ്‌സ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ച ഡോ. ജാക് ഷാഹീന്‍. ആയിരം ഹോളിവുഡ് സിനിമകളെ അവലംബിച്ച് അദ്ദേഹം നടത്തിയ ഗവേഷണത്തില്‍ വ്യക്തമാക്കുന്നത് കേവലം വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമേ സത്യത്തോട് നീതി പുലര്‍ത്തിയിട്ടുള്ളൂവെന്നതാണ്. മറ്റു സിനിമകള്‍ അറബ് സമൂഹത്തെ കൊള്ളക്കാരും അപരിഷ്‌കൃതരും മാനുഷിക വികാരങ്ങളെ മാനിക്കാത്തവരും സ്ത്രീകളെ വെറും ലൈംഗികാടിമകളായി മാത്രം കാണുന്നവരുമായി ചിത്രീകരിക്കുന്നു. ഇത്തരം ചിത്രീകരണങ്ങളിലൂടെ പൊതുജനങ്ങളില്‍ അറബികളെയും അറബ് സംസ്‌കാരത്തെയും വിദ്വേഷത്തോടെ സമീപിക്കാനുള്ള മാനസികഘടന വളര്‍ത്തിയെടുക്കാനവര്‍ക്ക് കഴിഞ്ഞു. ഹോളിവുഡിനും പെന്റഗണിനും അമേരിക്കന്‍ പട്ടാളത്തിലെ രഹസ്യ സേവന വിഭാഗത്തിനും ഇടയിലുള്ള അഹിതബന്ധവും കൂടി നാം അറിയുമ്പോള്‍ ഒരു വ്യവസ്ഥ ഒരു കലയെയും ഒരു കല ഒരു സംസ്‌കാരത്തെയും എങ്ങനെ ലക്ഷ്യം വെക്കുന്നുവെന്നും ലോകത്ത് അതുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ എന്തൊക്കെയാണെന്നും നമുക്ക് എളുപ്പത്തില്‍ കൂട്ടിവായിക്കാനാകും. ഹോളിവുഡ് പെന്റഗണ്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ കഥ പറയുകയാണ് Hollywood and The Pentagon: A Dangerous Liaison എന്ന ഡോക്യുമെന്ററിയിലൂടെ മാരിയയും ജീനും.
പി.പി അബ്ദുല്ലത്വീഫ് പൂളപ്പൊയില്‍ 


 


 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (9)
എ.വൈ.ആര്‍