Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 2

ഹജ്ജിന്റെ ദാര്‍ശനിക മാനങ്ങള്‍

പ്രഫ. നഫീസത്ത് ബീവി

ഇസ്‌ലാമിലെ നിര്‍ബന്ധ കര്‍മങ്ങളില്‍ അഞ്ചാമത്തെ ഇനമാണ് ഹജ്ജ് അഥവാ കഅ്ബയിലേക്കുള്ള പുണ്യ സന്ദര്‍ശനം. പുണ്യസ്ഥലങ്ങളിലേക്കുള്ള തീര്‍ഥാടനം മനുഷ്യ ജീവിതത്തെ ധന്യമാക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ്. എല്ലാ മതങ്ങളും തീര്‍ഥാടനത്തിന് പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. ആഗോള മുസ്‌ലിംകള്‍ക്ക് എക്കാലവും കൊല്ലത്തിലൊരിക്കലുള്ള ആത്മീയ സമ്മേളനത്തിനുള്ള കേന്ദ്രമാണ് മക്ക.
അറേബ്യയില്‍ സ്ഥിതിചെയ്യുന്ന മക്കാ പട്ടണം ലോകജനതയുടെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും വളര്‍ത്തു കേന്ദ്രമാണ്. മനുഷ്യര്‍ക്ക്, പ്രപഞ്ചത്തെയും സര്‍വചരാചരങ്ങളെയും സൃഷ്ടിച്ച സര്‍വശക്തനായ നാഥനെ ആരാധിക്കാന്‍ വേണ്ടി ഈ ഭൂമുഖത്ത് ആദ്യമായി നിര്‍മിക്കപ്പെട്ട ആരാധനാലയമാണ് പരിശുദ്ധ മക്കയിലെ കഅ്ബാ മന്ദിരം.
മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം കഅ്ബ ഒരു തീര്‍ഥാടന കേന്ദ്രം മാത്രമല്ല, മനുഷ്യ സമുദായത്തിന്റെയും മനുഷ്യ സംസ്‌കാരത്തിന്റെയും ഉറവിടം കൂടിയാണ്. മക്കയിലുള്ള പരിപാവനവും പരിശുദ്ധവുമായ ആ ഭവനത്തിനു നേരെ തിരിഞ്ഞു നിന്നുകൊണ്ടാവണം ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ നമസ്‌കാരം നിര്‍വഹിക്കേണ്ടത്. മരിച്ചുകഴിഞ്ഞാലും ഒരു മുസ്‌ലിമിന്റെ മുഖം അതിന്റെ നേര്‍ക്കു തന്നെയാണ് തിരിച്ചുവെക്കുന്നത്. ഇങ്ങനെ എല്ലാ മുസ്‌ലിമും ഒരേ ബിന്ദുവിന് അഭിമുഖമായി മുഖത്തോടു മുഖം നില്‍ക്കുമ്പോള്‍ അവര്‍ ശത്രുക്കളായി മാറാനുള്ള സാധ്യത കുറയുന്നു. മാത്രമല്ല, ശത്രുക്കളായി മുഖം തിരിഞ്ഞുനില്‍ക്കാന്‍ പാടില്ലെന്ന സന്ദേശവും ഇതില്‍ അടങ്ങിയിരിക്കുന്നു.
ഹജ്ജിന് ഒരു ദാര്‍ശനിക വശമുണ്ട്. ഇന്ന് ദിശ നഷ്ടപ്പെട്ടിരിക്കുന്ന മനുഷ്യന് ജീവിതം അലസമായ, ലക്ഷ്യമില്ലാത്ത ഒരു ചാക്രിക കര്‍മമായി മാറിയിരിക്കുന്നു. എങ്ങനെയെങ്കിലും ജീവിക്കണമെന്ന ലക്ഷ്യം മാത്രമുള്ളപ്പോള്‍ ജീവിക്കുന്ന മനുഷ്യ ശരീരത്തില്‍ ചത്ത ആത്മാവ് ഉണ്ടാകുന്നു. ഈ ജീര്‍ണാവസ്ഥയെ ഹജ്ജനുഭവം മാറ്റിമറിക്കുന്നു. ഹജ്ജ് എന്നാല്‍ ലക്ഷ്യരാഹിത്യത്തിന്റെ എതിര്‍ ധ്രുവമാണ്. അല്ലാഹുവിന്റെ ചൈതന്യത്തെ സമീപിക്കുകയെന്ന ലക്ഷ്യമില്ലെങ്കില്‍ മനുഷ്യാസ്തിത്വം ചപലമാണ്.
ഹജ്ജിനു പോകുന്നതിന് മുമ്പ് എല്ലാ ബാധ്യതകളും പൂര്‍ത്തീകരിക്കണം. പ്രതിയോഗികളോടുള്ള കോപതാപങ്ങള്‍ ഇല്ലാതാവുകയും അവര്‍ സ്‌നേഹിതന്മാരായി മാറുകയും വേണം. ഒരു വസ്വിയ്യത്ത് എഴുതിവെക്കണം. ഈ നടപടികളെല്ലാം നമ്മെ ഒരിക്കല്‍ കീഴ്‌പ്പെടുത്തുന്ന മരണത്തിലേക്കുള്ള ഒരുക്കമാണ്. ഈ കര്‍മങ്ങള്‍ വ്യക്തിപരവും സാമ്പത്തികവുമായ ശുദ്ധി ഉറപ്പുവരുത്തുന്നു. മാത്രമല്ല, ഇവ വിടവാങ്ങലിന്റെയും മനുഷ്യന്റെ ഭാവിയുടെയും പ്രതീകങ്ങള്‍ കൂടിയാണ്. അങ്ങനെ അനശ്വരതയുടെ ഭാഗമായ ജീവിതത്തിലെത്തിച്ചേരുകയാണ്.
പ്രപഞ്ചനാഥനിലേക്കുള്ള മടക്കത്തിന്റെ പ്രതീകമാണ് ഹജ്ജ്. അല്ലാഹു ഏകനും പരിമിതികളില്ലാത്തവനും അതുല്യനുമാണ്. അവനിലേക്കുള്ള മടക്കം പരിപൂര്‍ണതയിലേക്കും നന്മയിലേക്കും മൂല്യത്തിലേക്കും യാഥാര്‍ഥ്യങ്ങളിലേക്കും ഉള്ള മടക്കമാണ്.
ഹജ്ജോ ഉംറയോ നിര്‍വഹിക്കാന്‍ വരുന്ന വിവിധ ദേശക്കാര്‍ക്ക് ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് പ്രത്യേകം പ്രത്യേകം സ്ഥലങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈ സ്ഥലങ്ങള്‍ക്ക് മീഖാത്തുകള്‍ എന്നു പറയുന്നു. വന്‍ മാറ്റത്തിന്റെയും വിപ്ലവത്തിന്റെയും ആരംഭമായ മീഖാത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഓരോ ഹാജിയും തന്റെ ഉദ്ദേശ്യം (നിയ്യത്ത്) എന്തെന്ന് പ്രഖ്യാപിക്കണം. തന്റെ ഭവനത്തില്‍ നിന്നും ജനങ്ങളുടെ ഭവനത്തിലേക്ക് സ്ഥലം മാറുകയെന്നതാണ് ആ ഉദ്ദേശ്യം. ജീവിതത്തില്‍ നിന്ന് കൃപയിലേക്കും തന്നില്‍നിന്ന് അല്ലാഹുവിലേക്കും അടിമത്തത്തില്‍നിന്ന് സ്വാതന്ത്ര്യത്തിലേക്കും വര്‍ണ വിവേചനത്തില്‍നിന്ന് വര്‍ണ സമത്വത്തിലേക്കും സത്യത്തിലേക്കുമുള്ള മാറ്റം. വസ്ത്രധാരണമെന്ന ആഡംബരത്തില്‍ നിന്ന് എളിമയിലേക്കും ദൈനം ദിന ജീവിത്തില്‍ നിന്ന് ശാശ്വത ജീവിതത്തിലേക്കും ഉത്തരവാദിത്വത്തിലേക്കുമുള്ള മാറ്റം. കറുത്തവനെന്നോ വെളുത്തവനെന്നോ ദരിദ്രനെന്നോ യാതൊരു വകഭേദവും കൂടാതെ മനുഷ്യ ലക്ഷങ്ങള്‍ അവരുടെ രക്ഷിതാവിന്റെ സന്നിധാനത്തില്‍ ഹാജരായിരിക്കുകയാണ്. ലോകാവസാനം വരെ ഈ സംഭവം ആവര്‍ത്തിക്കുകയും ചെയ്യും.
ഹജ്ജ് തുടങ്ങുന്നത് മീഖാത്തുകളില്‍ നിന്നാണ്. ഹജ്ജ് ഒരു ചലനമാണ്. മനുഷ്യന്‍ സ്രഷ്ടാവിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നു. അവന്റെ അഹംഭാവവും സ്വാര്‍ഥതയും മീഖാത്തില്‍ കുഴിച്ചുമൂടപ്പെടുന്നു. സ്വന്തം ഖബ്‌റിടം സന്ദര്‍ശിക്കുന്നു. തന്റെ പരമ ലക്ഷ്യത്തെപ്പറ്റി അവന്‍ ബോധവാനാകുന്നു.
അന്ത്യനാള്‍ പോലെയാണീ രംഗം. ചക്രവാളത്തിന്റെ ഒരു തലപ്പില്‍നിന്ന് ഒരു ശ്വേത സൈന്യം പുറപ്പെടുന്നു. ഏവരും ധരിച്ചിരിക്കുന്നത് കഫ(ജഡവസ്ത്രം)നാണ്. ആരെയും തിരിച്ചറിയാന്‍ പറ്റുന്നില്ല. അവരുടെ ശരീരങ്ങള്‍ മീഖാത്തില്‍ വിട്ടേച്ച് പോന്നിരിക്കുകയാണ്. അവര്‍ പ്രചോദിതരായ ആത്മാക്കള്‍ മാത്രമാണിപ്പോള്‍. ഈ വന്‍ സംഘത്തില്‍ പേരുകളില്ല. ഐക്യത്തിന്റെ യഥാര്‍ഥമായ അന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നു.
ഈ മരുഭൂമിയില്‍ എല്ലാ ജനപഥങ്ങളും ഒന്നായി ചേരുന്നു. ഒരു ഗോത്രമായിത്തീരുന്നു. ഒരേ കഅ്ബയെ അഭിമുഖീകരിക്കുന്നു. വസ്ത്രങ്ങള്‍ നീക്കുകയും വ്യക്തിയെന്ന നിലക്കുള്ള പ്രത്യേകതകള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നതോടെ ഒരു വ്യക്തി ഈ വന്‍ പ്രവാഹത്തിന്റെ ഭാഗമാവുന്നു. ഇതാണ് ഇഹ്‌റാം (ഹജ്ജ് വേഷം) എന്ന അവസ്ഥ. ഏവനും ഈ അവസ്ഥയില്‍ ഉരുകിയില്ലാതാവുകയാണ്. മനുഷ്യരാശിയെന്ന നിലക്ക് അവന്‍ പുതിയൊരു രൂപം സ്വീകരിക്കുന്നു. അഹംബോധവും വ്യക്തിവ്യതിരിക്തതകളും കുഴിച്ചുമൂടപ്പെടുന്നു.
സ്വന്തം മകനായ ഇസ്മാഈലിനെ ബലിയറുക്കാന്‍ സന്നദ്ധനായ ഇബ്‌റാഹീമിനെ അനുകരിക്കുകയാണ് ബലികര്‍മത്തിലൂടെ മീനായില്‍ ഓരോ ഹാജിയും. ഇബ്‌റാഹീമിന്റെ ദൗര്‍ബല്യമായിരുന്ന ഇസ്മാഈല്‍ ഒരു പ്രതീകമാണ്. അതായത് വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്ന, ഉത്തരവാദിത്വമേറ്റെടുക്കുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുന്ന, സ്വാര്‍ഥമതിയാക്കുന്ന,സന്ദേശം ശ്രവിക്കാന്‍ അപ്രാപ്തനാക്കുന്ന, അന്ധനും ബധിരനുമാക്കുന്ന പ്രതീകം-ഇതിനെയാണ് ബലിയര്‍പ്പിക്കേണ്ടത്, ഇല്ലാതാക്കേണ്ടത്.
ത്വവാഫിനും ഒരു ദാര്‍ശനിക വശമുണ്ട്. ജലപ്രവാഹം പോലെ കഅ്ബക്കു ചുറ്റും ആവേശഭരിതരായ ജനസമൂഹം വട്ടം തിരിയുകയാണ്. സൗരയൂഥത്തിലെ സൂര്യനെ പോലെയാണ് കഅ്ബാ. ഭ്രമണപഥത്തില്‍ സൂര്യനു ചുറ്റും തിരിയുന്ന ഗ്രഹങ്ങളായി മനുഷ്യര്‍. നടുവില്‍ സ്ഥിരമായി നില്‍ക്കുന്ന കഅ്ബ അല്ലാഹുവിന്റെ ശാശ്വതത്വവും സ്ഥിരതയുമാണ് സൂചിപ്പിക്കുന്നത്. അവന്റെ സൃഷ്ടികളുടെ സ്ഥിരമായ ചലനവും പരിവര്‍ത്തനവുമാണ് ചുറ്റും കറങ്ങുന്ന ജനക്കൂട്ടം അര്‍ഥമാക്കുന്നത്.
കഅ്ബയുടെ അര്‍ഥം ഘനചതുരമെന്നാണ്. ഘനചതുര രൂപം കാരണം കഅ്ബക്ക് ദിശയില്ലെങ്കിലും നാം കഅ്ബയുടെ നേരെ തിരിഞ്ഞു പ്രാര്‍ഥിക്കുമ്പോള്‍ അല്ലാഹുവിനെയാണ് ദിക്കാക്കുന്നത്. ഘനചതുരത്തിന് ആറ് വശങ്ങളുണ്ട്. അത് എല്ലാ ദിശകളെയും പ്രതിനിധീകരിക്കുന്നു. എന്നാല്‍, എല്ലാ ദിശകളും ചേരുമ്പോള്‍ അതിന് ദിശ നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ സങ്കല്‍പത്തിന്റെ ആദിപ്രതീകമാണ് കഅ്ബ. കഅ്ബക്കു പുറത്തുവെച്ച് നമസ്‌കരിക്കുമ്പോള്‍ നാം അതിനെ അഭിമുഖീകരിക്കുന്നു. മറ്റേതൊരു കെട്ടിടവും കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തെക്കോട്ടോ വടക്കോട്ടോ മേലോട്ടോ താഴോട്ടോ തിരിഞ്ഞു നില്‍ക്കുന്നു. കഅ്ബയാകട്ടെ എല്ലാ ദിശകളിലേക്കും തിരിഞ്ഞു നില്‍ക്കുകയാണ്. അതിനാലത് അല്ലാഹുവിന്റെ സത്തയെ പ്രതീകവത്കരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (9)
എ.വൈ.ആര്‍