ദൈവാനുഗ്രഹങ്ങളില്‍ നിര്‍വൃതിയടഞ്ഞ് സൂഫിയ മഅ്ദനി
കഴിഞ്ഞ ഡിസംബര്‍ 17-ന് രാവിലെയാണ് സൂഫിയ മഅ്ദനിയെ കാണാന്‍ സഹപ്രവര്‍ത്തകരോടൊപ്പം പോയത്. രാവിലെ കോഴിക്കോട് നിന്നും വണ്ടി കയറുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍ നിറയെ ആ കുടുംബത്തെ കുറിച്ച ആശങ്കകളും പരിഭവങ്ങളുമായിരുന്നു. ജി.ഐ.ഒ പ്രതിനിധി സംഘമെന്ന നിലയിലായിരുന്നു അന്ന്, പ്രസിഡന്റ് ആയിരുന്ന ഞാനും സഹപ്രവര്‍ത്തകരും സൂഫിയയെ കാണാന്‍ തീരുമാനിച്ചത്.
ട്രെയിന്‍ എറണാകുളത്തെത്തുവോളം മഅ്ദനിയുടെയും സൂഫിയയയുടെയും മക്കളായ ഉമര്‍ മുഖ്താറിന്റെയും സലാഹുദ്ദീന്‍ അയ്യൂബിയുടെയും പ്രയാസങ്ങളും വിഷമതകളുമായിരുന്നു ഞങ്ങളുടെ സംസാര വിഷയം.
രാജ്യദ്രോഹിയും തീവ്രവാദിയുമായി മുദ്രകുത്തപ്പെട്ട മഅ്ദനി, 'തീവ്രാദി'യുടെ ഭാര്യയും മറ്റൊരു 'തീവ്രവാദി'യുമായ സൂഫിയ മഅ്ദനി, 'തീവ്രവാദി ദമ്പതികളുടെ' രണ്ട് മക്കള്‍. മാധ്യമങ്ങളും പോലീസും ഒരു കുടുംബത്തിന് നേരെ മത്സരിച്ച് തീ തുപ്പുന്നു. അവരുടെ വീടെത്തുവോളം ആ വിങ്ങല്‍ മനസ്സില്‍ തളം കെട്ടിനിന്നു.
അവസാനം സുപ്രീം കോടതിയും നാടകീയമായി മഅ്ദനിക്ക് ജാമ്യം നിഷേധിച്ചപ്പോള്‍ അവര്‍ തളര്‍ന്നു പോയിക്കാണും. എന്തുപറഞ്ഞാണ് അവരെ ആശ്വസിപ്പിക്കേണ്ടത് എന്ന് പോലും നിശ്ചയമില്ല. മാധ്യമങ്ങളും പോലീസും രാജ്യദ്രോഹം ചാര്‍ത്തി നല്‍കിയിട്ടും വര്‍ഷങ്ങളായി അവര്‍ എങ്ങനെ സാധാരണ ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നു എന്നാലോചിച്ചപ്പോള്‍ ഉത്തരമില്ല.
അസ്വസ്ഥത നിറഞ്ഞ മനസ്സുമായാണ് അവരുടെ വീട്ടിലേക്ക് കയറിയത്. പക്ഷേ, അവര്‍ ഞങ്ങളെ അതിശയിപ്പിച്ചു കളഞ്ഞു. ആദ്യമാദ്യം സംസാരിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന സൂഫിയ പിന്നീട് തന്റെ മനസ്സ് തുറക്കുകയായിരുന്നു. പരീക്ഷണങ്ങളില്‍ നിന്നും കൂടുതല്‍ പരീക്ഷണങ്ങളിലേക്ക് അല്ലാഹു അവരെ തള്ളിവിടുമ്പോഴും അചഞ്ചലമായിരുന്നു സൂഫിയയുടെയും മക്കളുടെയും മനസ്സ്.
മകന് വേണ്ടി ഓടിയോടി തളര്‍ന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്ററും ഉമ്മ അസ്മബീവിയും എല്ലാം ഉള്ളിലൊതുക്കി പ്രപഞ്ച നാഥനോട് ഇരക്കുകയാണ്. തങ്ങളുടെ മകന്റെ നന്മക്ക് വേണ്ടി. വീടു പോലും ഉപേക്ഷിച്ച് കുട്ടികളെയും ഭാര്യയെയും കൂട്ടി വര്‍ഷങ്ങളോളം ബന്ധുവീടുകളില്‍ അലയേണ്ടി വന്നെങ്കിലും അല്ലാഹുവിലുള്ള പ്രതീക്ഷയില്‍ ഒട്ടും കുറവില്ല ഇരുവര്‍ക്കും. ഇനിയൊരുമ്മാക്കും ബാപ്പാക്കും ഈ ഗതി വരരുതേ എന്ന പ്രാര്‍ഥന മാത്രം.
അല്ലാഹുവിന്റെ പരീക്ഷണങ്ങളെ കുറിച്ചും ഉസ്താദിന്റെ നിലപാടുകളെ കുറിച്ചും കൃത്യമായ ബോധവും ബോധ്യവുമുണ്ടായിരുന്നു സൂഫിയക്ക്. അവര്‍ ഞങ്ങളോട് പറഞ്ഞു 'ഞങ്ങള്‍ക്കാരോടും വിദ്വേഷമില്ല, പരിഭവവുമില്ല. അല്ലാഹുവാണ് വലിയവന്‍. അവന്റേതാണ് തീരുമാനം. അവനുദ്ദേശിച്ചാലല്ലാതെ ആര്‍ക്കും ഞങ്ങളെ സഹായിക്കാന്‍ കഴിയില്ല. ഉസ്താദ് നിരപരാധിയായി തിരിച്ചുവരും, തീര്‍ച്ച'. ഉറച്ചതായിരുന്നു സൂഫിയയുടെ വാക്കുകള്‍. തന്റെ വാക്കുകളില്‍ തെല്ലും സംശയം അവര്‍ക്കുണ്ടായിരുന്നില്ല.
അവരെ സമാശ്വസിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍ ഒരുക്കൂട്ടിവെച്ച വാക്കുകളെല്ലാം വെറുതെയായി അവര്‍ ഞങ്ങള്‍ക്ക് നല്‍കിയത്, ഭരണകൂട ഭീകരതക്ക് ഇരയാക്കപ്പെടുന്ന സത്യവിശ്വാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള പരിശീലനമായിരുന്നു (ജീവിതം അവരെ അത്രമേല്‍ പഠിപ്പിച്ചിരിക്കുന്നു). 'അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം, അവനിലുള്ള പ്രതീക്ഷ, അവനെ ഭരമേല്‍പിക്കല്‍ ഇതാണ് എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും നമ്മെ നയിക്കേണ്ടത്' സൂഫിയ പറഞ്ഞു. കേവലം നസ്വീഹത്തായിരുന്നില്ല അത്, കഴിഞ്ഞ 20 വര്‍ഷമായി ജീവിതം പഠിപ്പിച്ചു തന്ന പ്രായോഗിക പാഠങ്ങള്‍ അവര്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരികയായിരുന്നു.
പ്രവാചക സൂരികളുടെയും സ്വഹാബാക്കളുടെയും ചരിത്രം പഠിച്ച നമുക്കെങ്ങനെയാണ് 'അല്ലാഹ് നീ ഞങ്ങളെ പരീക്ഷിക്കരുതേ' എന്ന് പറയാന്‍ കഴിയുക? സൂഫിയ ഞങ്ങള്‍ക്ക് നേരെ ചോദ്യ ശരമെറിഞ്ഞപ്പോള്‍ തലയാട്ടുക മാത്രമാണ് ഞങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നത്.
വിവാഹം കഴിഞ്ഞിട്ട് വര്‍ഷം 20 ആയെങ്കിലും കേവലം ഏഴര വര്‍ഷം മാത്രമാണ് ആ കുടുംബം ഒരുമിച്ച് കഴിഞ്ഞത്. സന്തോഷത്തോടെ കഴിഞ്ഞ ദിനങ്ങള്‍ അതില്‍ എത്രയോ കുറവ്. വിവാഹം കഴിഞ്ഞ് നാലര വര്‍ഷമായപ്പോള്‍ സൂഫിയയെയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും തനിച്ചാക്കി കാരാഗൃഹത്തിലേക്ക് പോവേണ്ടിവന്നു മഅ്ദനിക്ക്. പിന്നീട് നീണ്ട ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍. നിരപരാധിത്വം തെളിയിച്ച് ജയില്‍ മോചിതനായി തിരിച്ച് വന്നത് നിറഞ്ഞ സന്തോഷത്തോടെയാണ്. പുതു ജീവിതത്തിനായി കൊതിയോടെ കാത്തുനിന്ന മഅ്ദനിയെയും കുടുംബത്തെയും പക്ഷേ അങ്ങനെ വിടാന്‍ ഭരണകൂടം ഒരുക്കമല്ലായിരുന്നു. വീണ്ടും രാജ്യദ്രോഹത്തിന്റെ പേരില്‍ വേട്ടയാടി.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅ്ദനിയെ പ്രതിചേര്‍ത്തു. മഅ്ദനിയെയും കുടുംബത്തെയും മാനസികമായി തകര്‍ക്കുകയായിരുന്നു ലക്ഷ്യം. പരീക്ഷണഘട്ടങ്ങളിലെല്ലാം മഅ്ദനിക്ക് താങ്ങും തണലുമായി ശക്തി പകര്‍ന്ന് കൂടെ നിന്നിരുന്നു സൂഫിയ. ഇത് മനസ്സിലാക്കി തന്നെയാവണം ഗൂഢാലോചകര്‍ സൂഫിയക്കെതിരെ തിരിഞ്ഞത്. പ്രിയതമക്കെതിരെയുണ്ടായ നീക്കം മഅ്ദനിയെ പ്രയാസത്തിലാക്കുക തന്നെ ചെയ്തു. 'നിങ്ങളെന്തിനാണ് എന്റെ ഭാര്യയെയും ഇങ്ങനെ നോവിക്കുന്നത്' എന്ന് അദ്ദേഹം വികാരഭരിതനായി ചോദിക്കുകയുണ്ടായി.
കുടുംബ നാഥയെയും പിടികൂടി മഅ്ദനിയെയും കുടുംബത്തെയും മാനസികമായി തളര്‍ത്താന്‍ കൊതിച്ചവര്‍ക്ക് പക്ഷേ അതിന് കഴിയില്ലെന്നാണ് സൂഫിയ കാണിച്ചു തന്നത്. ഒരുമിച്ച് കഴിഞ്ഞ മൂന്നര വര്‍ഷവും പ്രയാസം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. സൂഫിയക്കെതിരായ കേസ് അവരെ വിഷമത്തിലാക്കി. അവിടംകൊണ്ടും അവസാനിച്ചില്ല. ബംഗളുരു സ്‌ഫോടന കേസായിരുന്നു അടുത്ത തുരുപ്പ് ചീട്ട്. ഇപ്പോള്‍ രണ്ടര വര്‍ഷമായി മഅ്ദനി വീണ്ടും ജയിലിലാണ്. കേസും കാര്യങ്ങളും നോക്കാനും കൂടെയിരുന്ന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനും സമാശ്വസിപ്പിക്കാനും കൂടെയുണ്ടാവേണ്ടിയിരുന്ന പ്രിയ ഉസ്താദ് കൂടെയില്ലാത്ത സൂഫിയയുടെ പ്രയാസങ്ങള്‍ ചെറുതല്ല. മഅ്ദനിക്കുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മറുവശത്ത്. മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും തീവ്രവാദ ആരോപണങ്ങള്‍ സൃഷ്ടിക്കുന്ന മനോവേദന വേറെ. എല്ലാറ്റിനും പുറമെ ഇന്ന് കടുത്ത വൃക്കരോഗി കൂടിയാണ് സൂഫിയ. ടെന്‍ഷനടിക്കരുത്, അത് അസുഖം മൂര്‍ഛിപ്പിക്കും എന്നാണ് ഡോക്ടറുടെ ഉപദേശം.
'തീവ്രാദി'കളുടെ മക്കളായതു കൊണ്ട് അവരുടെ പഠനമാണ് ഇന്ന് സൂഫിയക്കും കുടുംബത്തിനും വലിയൊരു പ്രശ്‌നം. സമൂഹം ചാര്‍ത്തിക്കൊടുത്ത പേരുകള്‍ കാരണം കേരളീയ പൊതുമണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ ഇവര്‍ വല്ലാതെ പ്രയാസപ്പെടുകയാണ്. ഉപരിപഠനത്തിന് എങ്ങോട്ട് പോവണമെന്ന കാര്യത്തില്‍ മൂത്ത മകന്‍ ഉമര്‍ മുഖ്താറിന് ഇപ്പോഴും നിശ്ചയമില്ല.
സ്വന്തം ഉപ്പയുടെ പേര് ചോദിക്കുമ്പോള്‍ മഅ്ദനി എന്ന നാലക്ഷരം പറയാന്‍ ഇവര്‍ക്കിന്ന് ഭയമാണ്. കാരണം, ഇന്നു വരെയുള്ള അനുഭവങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടുള്ളത് ഈ അരക്ഷിതത്വമാണ്. ഒരിക്കല്‍ മുതിര്‍ന്ന മകന്‍ ഉമര്‍ മുഖ്താര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. സഹയാത്രികരോടൊപ്പം കുശലം പറഞ്ഞും പരിചയപ്പെടുത്തിയും യാത്ര മുന്നോട്ട് നീങ്ങിയപ്പോഴൊന്നും ഉപ്പയെ കുറിച്ച് മാത്രം (പേര് പോലും) അവന്‍ ഒന്നും പറഞ്ഞില്ല. യാത്രക്കിടെ ഉമര്‍ മുഖ്താര്‍ പേഴ്‌സ് തുറന്നപ്പോള്‍ അതില്‍ മഅ്ദനിയുടെ ഫോട്ടോ. സഹയാത്രികരിലൊരാള്‍ ഇത് കണ്ടു. അതുവരെയും സൗമ്യനായിരുന്ന അയാളുടെ ശബ്ദം ഉയര്‍ന്നു, മട്ടു മാറി 'ഓഹോ, മദനിയുടെ ഫോട്ടോയും കൊണ്ടാണല്ലേ തന്റെയൊക്കെ നടപ്പ്.' ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു ഉമര്‍. ഒന്നു നെടുവീര്‍പ്പയക്കാന്‍ പോലും അവന് പേടിയായിരുന്നു. എങ്ങനെ പറയും വര്‍ഷങ്ങളായി അകന്ന് കഴിയുന്ന നിരപരാധിയായ തന്റെ പൊന്നുപ്പാന്റെ ഫോട്ടോയാണ് അതെന്ന്. സ്വന്തം മക്കളെ കുറിച്ചാലോചിക്കുമ്പോഴും സമാധാനിക്കാന്‍ കഴിയുന്നതായിരുന്നില്ല സൂഫിയയുടെ അവസ്ഥ.
'താങ്ങാന്‍ കഴിയുന്ന പരീക്ഷണങ്ങളല്ലേ അവന്‍ ഞങ്ങള്‍ക്ക് തന്നിട്ടുള്ളൂ. അല്ലാഹുവിന്റെ സഹായം കൊണ്ട് ഇന്ന് ഞങ്ങളെ സഹായിക്കാനും കാര്യങ്ങള്‍ അന്വേഷിക്കാനും ഒത്തിരി പേരുണ്ട്. ഷഹീര്‍ മൗലവിയെ പോലുള്ളവരും സോളിഡാരിറ്റിയെ പോലുള്ള സന്നദ്ധ സംഘടനകളും ഞങ്ങള്‍ക്ക് തരുന്ന ആശ്വാസം വളരെ വലുതാണ്' സൂഫിയ തുടര്‍ന്നു. 'ഉസ്താദിനെ പോലെ എത്ര പേര്‍ ഇന്ന് നിരപരാധികളായി ജയിലില്‍ കിടക്കുന്നു. അവര്‍ക്കും കുടുംബത്തിനും ലഭിക്കാത്ത അനുഗ്രഹങ്ങളല്ലേ അല്ലാഹു എനിക്കും മക്കള്‍ക്കും നല്‍കിയത്.'
ഈമാനും കരളുറപ്പും ആവോളമുണ്ടെങ്കിലും ഉസ്താദിന്റെ ശാരീരിക പ്രയാസങ്ങള്‍ മൂര്‍ഛിക്കുമ്പോള്‍ സൂഫിയയുടെ മനസ് വല്ലാതെ പ്രയാസപ്പെടും. അപ്പോള്‍ അവര്‍ നമസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകും. ദൈവ സ്മരണ കൊണ്ട് സമാധാനം കണ്ടെത്താന്‍ ശ്രമിക്കും. ഇത്തരം ഘട്ടങ്ങളില്‍ ഈജിപ്ഷ്യന്‍ കവി ഹാശിമു രിഫാഇയുടെ കവിതകള്‍ തനിക്ക് വല്ലാതെ ആശ്വാസം പകരുന്നതായി സൂഫിയ പറയുന്നു. 'ഹാശിമു രിഫാഇയുടെ വരികള്‍ ഉസ്താദ് തന്റെ കാതില്‍ വന്ന് പറയുന്ന പോലെ തോന്നും എനിക്ക്..
''വ്രണപ്പെട്ട മനസേ കരയരുതേ...
വ്രണപ്പെട്ട മനസേ കരയരുതേ...
വിലപ്പെട്ട ജീവന്റെ അവസാന നിശ്വാസം
കഴുമരത്തില്‍ കുരുങ്ങി പിടഞ്ഞാലും... വ്രണപ്പെട്ട മനസേ കരയരുതേ
അതി ദിവ്യമാം കരം അല്ലാഹുവിന്‍ കരം
തഴുകുവാന്‍ എത്തുമെന്നറിയേണമേ....''
പരീക്ഷണങ്ങള്‍ കൂനിന്മേല്‍കുരു പോലെ വന്നു ചേരുമ്പോഴും അടി പതറാതെ അവര്‍ മുന്നോട്ട് പോവുകയാണ്. പ്രയാസങ്ങളെ ഓരോന്നിനെയും കാല്‍ചുവട്ടിലാക്കി, മുള്ളുകളെ ചികഞ്ഞു നീക്കി അവര്‍ അല്ലാഹുവിന്റെ പാതയില്‍ യാത്ര തുടരുകയാണ്. അവന്റെ പ്രീതി മാത്രം കാംക്ഷിച്ച് കൊണ്ട്.
Comments