എഴുത്തുകാരുടെ രാഷ്ട്രീയവും 'യാഥാര്‍ഥ്യങ്ങളും'
സാലിം ചോലയില്‍, ചെര്‍പ്പുളശ്ശേരി
''മാധ്യമങ്ങളെയും മാധ്യമങ്ങളുടെ രാഷ്ട്രീയത്തെയും എഴുത്തിനെയും എഴുത്തുകാരുടെ രാഷ്ട്രീയത്തെയും അതിന്റെ യഥാര്‍ഥ അര്‍ഥങ്ങളില്‍ മനസ്സിലാക്കുന്ന വായനക്കാര്‍ മോഹന്‍ ഭഗവതിന്റെ ചിത്രം അച്ചടിച്ച്, മോഹന്‍ ഭഗവതിന്റെ നിലപാടിനെ പിന്താങ്ങിയ 'പ്രബോധന'ത്തിന്റെയും 'മാധ്യമം എഡിറ്ററുടെയും യഥാര്‍ഥ രാഷ്ട്രീയത്തെക്കൂടി യഥാര്‍ഥ അര്‍ഥത്തില്‍ മനസ്സിലാക്കണം. വര്‍ഗീയത വെറും വില്‍പനച്ചരക്കാണ്. അതിന് വിശ്വാസവുമായി ഒരു ബന്ധവുമില്ല. വര്‍ഗീയവാദികളുടെ സ്ത്രീസ്വാതന്ത്ര്യ നിലപാടുകള്‍ക്ക് സ്വാതന്ത്ര്യവുമായും ഒരു ബന്ധവുമില്ല'' (ട്രൂകോപ്പിയില്‍-മാതൃഭൂമി ആഴ്ചപ്പതിപ്പ് ഫെബ്രുവരി 10-16 മനില സി. മോഹന്‍ എഴുതിയത്) മുജീബിന്റെ പ്രതികരണം.
ജമാഅത്തെ ഇസ്‌ലാമിയുടെ മലയാളം ജിഹ്വയായ പ്രബോധനം വാരിക നടാടെ കാണാനിടയായ ലേഖിക യുറീക്കാ എന്നാര്‍ത്തുവിളിച്ചതാണ് യഥാര്‍ഥത്തില്‍ കണ്ടത്. ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് മനില വല്ലതും ധരിച്ചിട്ടുണ്ടെങ്കില്‍ അത് കപടമതേതരവാദികളുടെ വിലക്ഷണ രചനകളിലൂടെ മാത്രമാണ്. ഏകദൈവ വിശ്വാസത്തിലും മാനവ ഏകതയിലും ഊന്നി വ്യക്തികളുടെയും സമൂഹത്തിന്റെയും ധാര്‍മികവല്‍ക്കരണവും, മൂല്യാധിഷ്ഠിത രാഷ്ട്രപുനര്‍നിര്‍മാണവും അജണ്ടയാക്കി പ്രവര്‍ത്തിക്കുന്ന ആദര്‍ശ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. സാമ്രാജ്യത്വത്തെയോ ഫാഷിസത്തെയോ മാര്‍ക്‌സിസത്തെയോ മതനിരാസപരമായ സെക്യുലറിസത്തെയോ വര്‍ഗീയതയെയോ അതംഗീകരിക്കുന്നില്ല. അതിനാല്‍ തന്നെ തീവ്ര ഹിന്ദുത്വ ദേശീയ സൈനിക സംഘടനയായ ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍ ഒരു താരതമ്യവും ഇല്ല. ഭൂരിപക്ഷമോ ന്യൂനപക്ഷോ ആയ ഒരു ജനവിഭാഗവും ജമാഅത്തിന്റെ ശത്രുവല്ല, എല്ലാവരും സത്യത്തിന്റെ സംബോധിതര്‍ മാത്രം.
മനുഷ്യസമൂഹത്തിന്റെ പകുതിയായ സ്ത്രീകളെക്കുറിച്ച് പ്രകൃതിദര്‍ശനമായ ഇസ്‌ലാമിന് സുവ്യക്തവും ഖണ്ഡിതവുമായ കാഴ്ചപ്പാടും തദടിസ്ഥാനത്തിലുള്ള ശാസനകളുമുണ്ട്. അതാണ് വേദഗ്രന്ഥമായ ഖുര്‍ആനും പ്രവാചകചര്യയും ഉള്‍ക്കൊള്ളുന്നത്. ഈ ശാസനകളെ നിരാകരിക്കാനോ മറികടക്കാനോ ജമാഅത്തിന് സാധ്യമല്ല. എന്നാല്‍, പ്രസ്തുത ശാസനകള്‍ മനുഷ്യത്വവിരുദ്ധമോ സ്ത്രീവിരുദ്ധമോ ആണെന്ന് ഒരിക്കലും കരുതുന്നില്ല. സ്ത്രീയുടെ യഥാര്‍ഥ സുരക്ഷയും സ്വസ്ഥതയും സ്വാതന്ത്ര്യവും ഇസ്‌ലാം നിശ്ചയിച്ചുതന്ന പരിധികള്‍ പാലിക്കുന്നതിലാണെന്ന് ജമാഅത്ത് കരുതുന്നു. അതിനുള്ള ന്യായങ്ങളും നീതീകരണവും പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. ഈയടിസ്ഥാനത്തിലാണ് പ്രബോധനത്തില്‍ പ്രകാശിപ്പിക്കപ്പെടുന്ന വീക്ഷണങ്ങളെയും വിലയിരുത്തേണ്ടത്. ഇത് തെറ്റാണെന്ന് തെളിയിക്കേണ്ടത് വെറും ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ത്തിക്കൊണ്ടല്ല, വസ്തുനിഷ്ഠമായ വിശകലനങ്ങളിലൂടെയാണ്. എവിടെയും എങ്ങനെയും ഏത് നേരവും സര്‍വതന്ത്ര സ്വതന്ത്രയായി വിഹരിക്കുന്നതാണ് സ്ത്രീസ്വാതന്ത്ര്യമെന്ന് ഉദ്‌ഘോഷിക്കുന്നവര്‍ സ്വജീവിതത്തില്‍പോലും അത് പിന്തുടരാന്‍ തയാറല്ല (തയാറായാല്‍ വിവരമറിയും എന്നവര്‍ക്ക് ബോധ്യമുള്ളതാണ് കാരണം). മോഹന്‍ ഭഗവത് നല്ലത് വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെയും എതിര്‍ക്കേണ്ടത് അന്ധമായ വിരോധമായേ കണക്കാക്കപ്പെടൂ. അന്ധമായ വിരോധവും അകാരണമായ വെറുപ്പും ജമാഅത്തിനോ പ്രബോധനത്തിനോ ഒരാളോടും ഇല്ല.
സ്ത്രീപീഡനത്തിന്റെ ലാഘവവല്‍ക്കരണം
നായ മനുഷ്യരെ കടിക്കും എന്നുണ്ടെങ്കില്‍ നമ്മള്‍ കെട്ടിയിടാറ് നായയെ ആണ്; മനുഷ്യരെയല്ല; കണ്ടുപോയാല്‍ ആക്രമിക്കും എന്നുണ്ടെങ്കില്‍ മൂടിവെക്കേണ്ടത് പുരുഷന്റെ കണ്ണുകളാണ്; സ്ത്രീയുടെ മുഖമല്ല. മനോവൈകൃതമുള്ള പുരുഷന്മാരെ നിലക്കുനിര്‍ത്താന്‍ വഴിനോക്കുന്നതിന് ബദലായി സ്ത്രീയെ പര്‍ദകൊണ്ട് മൂടിയിടുന്നത് യുക്തിയല്ല; നീതിയല്ല... (എം.എന്‍ കാരശ്ശേരി, മാതൃഭൂമി) മുജീബിന്റെ അഭിപ്രായം?
അനസ്, അബൂദബി
ഭൂമിയില്‍ മനുഷ്യവാസം ആരംഭിച്ചത് മുതല്‍ പുരുഷന്മാര്‍ സ്ത്രീകളെ ആക്രമിക്കുകയും മാനഭംഗപ്പെടുത്തുകയും പിച്ചിച്ചീന്തുകയുമൊക്കെ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കാതിരിക്കാന്‍ ഒരു ന്യായവും തെളിവും ഇല്ല. ഭരണകൂടവും നിയമങ്ങളും നിയമപാലകരുമെല്ലാം ഉടലെടുത്ത ശേഷവും സ്ത്രീകളുടെ മേലുള്ള ആക്രമണം തുടര്‍ന്നു. മംഗോളിയന്‍ പടനായകന്‍ ചെങ്കിസ്ഖാന്റെ സ്ത്രീവേട്ടയെ തുടര്‍ന്ന് ജനിച്ച സന്താനപരമ്പരയില്‍ 12000 പേരെങ്കിലും ഇന്നുമുണ്ടെന്ന് ഈയിടെ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ക്കശമായ നിയമനടപടികളും ശിക്ഷയും മാത്രം പുരുഷന്മാരുടെ സ്ത്രീവേട്ടയെ പൂര്‍ണമായോ ഗണ്യമായ അളവിലോ തടയാന്‍ പര്യാപ്തമായതിന് ഇതഃപര്യന്തം ഉദാഹരണമില്ല.
അതുകൊണ്ടാണ് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഇസ്‌ലാം ചില കരുതലുകള്‍ വേണമെന്ന് നിഷ്‌കര്‍ഷിച്ചത്. അതുകൊണ്ട് എല്ലാമായി എന്നല്ല. സ്ത്രീകള്‍ക്ക് നേരെ കൈയേറ്റങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതില്‍ പൊതുഇടങ്ങളില്‍ സ്ത്രീയുടെ ശരീരപ്രദര്‍ശനവും ഒരു കാരണമാണ് എന്ന അനുഭവ സത്യം കണക്കിലെടുത്താണ്. സൗന്ദര്യം പ്രദര്‍ശിപ്പിക്കാതെ മാന്യമായ വേഷം ധരിച്ചു പുറത്തിറങ്ങിയതുകൊണ്ട് സ്ത്രീക്ക് ഒന്നും നഷ്ടപ്പെടാനില്ല. അല്ലാതിരുന്നാല്‍ ചിലപ്പോഴെങ്കിലും നഷ്ടപ്പെടാന്‍ വിലപ്പെട്ട ചിലത് ഉണ്ടുതാനും. അപ്പോഴൊക്കെ 'മനോവൈകൃതമുള്ള പുരുഷന്മാരെ പിടിച്ചുകെട്ടണം' എന്ന മുറവിളി വെറും വനരോദനമായി കലാശിക്കുന്നു. ദല്‍ഹി സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് സ്ത്രീപീഡനത്തിനെതിരെ എന്തുമാത്രം ശക്തമായ പ്രക്ഷോഭമുയര്‍ന്നു, നിയമം കര്‍ക്കശമാക്കാന്‍ ഓര്‍ഡിനന്‍സും വന്നു. എന്നിട്ടെന്തുണ്ടായി? പീഡനം കൂടിയതല്ലാതെ കുറഞ്ഞോ? സ്ത്രീകള്‍ അല്‍പ വസ്ത്രധാരിണികളായി നിര്‍ബാധം കറങ്ങുന്ന നാടുകളില്‍ ഉയര്‍ന്ന സാംസ്‌കാരികബോധം കൊണ്ടുമാത്രം പുരുഷന്മാര്‍ നിയന്ത്രിക്കപ്പെടുന്നുണ്ടോ? കടിക്കുന്ന തെരുവ് നായകളുടെ എണ്ണം കൂടിയാല്‍ പിടിച്ചുകെട്ടിയത് കൊണ്ടായില്ല, കൂട്ടത്തോടെ പിടിച്ചുകൊല്ലുക തന്നെ വേണ്ടിവരും. അതാണ് നടക്കുന്നതും. പുരുഷന്മാരുടെ കാര്യത്തിലോ! അമേരിക്കയില്‍ തൊഴിലിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം മൂന്നിലൊന്ന് കവിയുമെന്ന് കണക്കുകള്‍ പറയുന്നു. അവിടെയൊക്കെ പുരുഷന്മാരെ വിലക്കുന്ന നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടോ? വിദ്യാഭ്യാസം കുറവായതുകൊണ്ടാണോ? തല്‍ക്കാലത്തെ കൈയടി വാങ്ങാന്‍ വല്ലതുമൊക്കെ എഴുതിപ്പിടിപ്പിക്കുന്നവര്‍ സ്വല്‍പം യാഥാര്‍ഥ്യബോധം കൂടി കാണിക്കുന്നത് നന്ന്.
ഹിജാബ് നിഷ്‌കര്‍ഷിച്ച ഇസ്‌ലാം പുരുഷന്മാരുടെ നോട്ടത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൂടി ഓര്‍ക്കണം. സ്ത്രീകളുടെ സദസ്സിലേക്ക് യഥേഷ്ടം കടന്നുചെല്ലാന്‍ പുരുഷന് അനുവാദമില്ലെന്നും. ഹിജാബ് വേണ്ടവര്‍ക്ക് അത് ധരിക്കാം, വേണ്ടാത്തവര്‍ക്ക് ഇഷ്ട വേഷവും ആവാം. അതാണ് ജനാധിപത്യം.
'വിശ്വരൂപം'
വിശ്വരൂപം സിനിമയെക്കുറിച്ച അഭിപ്രായം എന്താണ്? തമിഴ്‌നാട്ടില്‍ വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ കൂടെ ജമാഅത്തെ ഇസ്‌ലാമിയുടെ തമിഴ്‌നാട് ഘടകവും ഉണ്ടായിരുന്നല്ലോ. എന്തുകൊണ്ട് കേരളത്തില്‍ അതിനെതിരെ ശബ്ദിച്ചില്ല? തമിഴ്‌നാട് ജമാഅത്തെ ഇസ്‌ലാമി ഒരു നിലപാട് സ്വീകരിക്കുമ്പോള്‍ അതേ വിഷയത്തില്‍ കേരള ഘടകം വേറൊരു തീരുമാനം എടുക്കുന്നതിലെ ഔചിത്യം എന്ത്?
കെ.ഇ അന്‍സാജ്, വടുതല, ആലപ്പുഴ
വിശ്വരൂപം സിനിമ മുസ്‌ലിംകളുടെ മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതല്ലെന്നും അത് തീവ്രവാദികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അവകാശപ്പെടുന്ന സംവിധായകന്‍ കമല്‍ ഹാസന്‍ താന്‍ ഒരിക്കലും ഒരു മതത്തിന്റെ വിരോധിയല്ലെന്നും ആണയിടുന്നു. അദ്ദേഹത്തെക്കുറിച്ചറിയുന്നവരും അതുതന്നെ പറയുന്നു. എന്നാല്‍, ഭീകരകൃത്യങ്ങള്‍ ചെയ്യുമ്പോഴൊക്കെ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉരുവിടുന്ന കഥാപാത്രങ്ങള്‍ വിശുദ്ധ വേദഗ്രന്ഥത്തെയും ഇസ്‌ലാമിനെയും കുറിച്ച് വളരെ തെറ്റായ സന്ദേശമാണ് സിനിമയിലൂടെ നല്‍കുന്നതെന്ന് മുസ്‌ലിം സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. കമല്‍ ഹാസനുമായി ഈ വിഷയം ചര്‍ച്ച ചെയ്ത സംഘടനകളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ തമിഴ്‌നാട് ഘടകവും ഉണ്ടായിരുന്നു. ആവശ്യമായ മാറ്റങ്ങള്‍ക്ക് താന്‍ തയാറാണെന്നറിയിച്ച സംവിധായകന്‍ പക്ഷേ തുടക്കത്തില്‍ അതിന് മടിച്ചു. അതാണ് പ്രതിഷേധത്തിന് വഴിമരുന്നിട്ടത്. വീണ്ടും നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് അദ്ദേഹം മാറ്റത്തിന് തയാറായി. അതേ തുടര്‍ന്ന് ഫിലിം പ്രദര്‍ശിപ്പിക്കാന്‍ വഴിയൊരുങ്ങുകയും ചെയ്തു.
മുഹമ്മദ്‌നബിയെ പരസ്യമായവഹേളിക്കുന്ന രചനകളെപ്പോലെയല്ല പരോക്ഷമായി ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന പടങ്ങളും മറ്റു കാര്യങ്ങളും. ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ സമാധാനപരമായ പ്രതിഷേധവും ചര്‍ച്ചകളും തന്നെയാണ് പരിഹാരം, അതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നയവും. ഒരു കാര്യത്തില്‍ പോപ്പുലര്‍ ഫ്രന്റോ മറ്റു സംഘടനകളോ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നതല്ല, ആ കാര്യത്തിലെ ശരിയും തെറ്റുമാണ് ജമാഅത്ത് സമീപനത്തിന്നടിസ്ഥാനം. ബലപ്രയോഗത്തിലൂടെ ലക്ഷ്യം നേടുക സംഘടന അംഗീകരിച്ച മാര്‍ഗവുമല്ല. സമാധാനപരമായ ആശയ വിനിമയം ഫലം ചെയ്തില്ലെങ്കില്‍ ഒറ്റക്കോ കൂട്ടായോ നിയമപരമായ പരിഹാരം തേടും.
കണ്ടാലറിയാത്തവര്‍ കൊണ്ടാലറിയുന്നു
''ഒരു കാലത്ത് കേരളത്തിലെ മുസ്‌ലിം ബുദ്ധിജീവികളും വിദ്യാഭ്യാസ വിചക്ഷണരും രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളുമെല്ലാം പ്രതീക്ഷയോടെ കാണുകയും, അണിനിരക്കുകയും മുസ്‌ലിം സമൂഹത്തിന്റെ ദിശാബോധം നിര്‍ണയിക്കുന്നതില്‍ ഈ സംഘടനയോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തവരായിരുന്നു. പക്ഷേ പിന്നീടതിന്റെ തുടര്‍ച്ച വേണ്ടത്ര ഉണ്ടായിട്ടില്ലെന്നതാണ് പരമാര്‍ഥം. അതിന്റെ കാരണമന്വേഷിക്കുമ്പോള്‍ മനസ്സിലാവുന്നത് ചില യുവപ്രസംഗകരുടെ തീവ്രവാദ ശൈലിയും അതിന് കാരണമായിട്ടുണ്ടെന്നാണ്. പള്ളി മിമ്പറുകള്‍പോലും ഇത്തരം ശൈലി ഉപയോഗിച്ച് അവര്‍ മലീമസമാക്കി. മാന്യമായ പ്രബോധനശൈലി ഒഴിവാക്കിയുള്ള ധിക്കാരവും അഹങ്കാരവും നിഴലിക്കുന്ന ഈ രീതി ഒരിക്കലും ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ല. അതുകൊണ്ടുതന്നെ ആദര്‍ശം ജീവിതത്തില്‍ സൂക്ഷിച്ച് പ്രവര്‍ത്തനരംഗത്തു നിന്നും പലരും മാറിനില്‍ക്കുകയായിരുന്നു'' (വിചിന്തനം വാരിക ഫെബ്രുവരി-1). മുജീബിന്റെ പ്രതികരണം?
ഹാറൂന്‍, കിളിക്കൊല്ലൂര്‍, കൊല്ലം
'യുക്തിപൂര്‍വമായും സദുപദേശം വഴിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് നീ (ജനങ്ങളെ) ക്ഷണിക്കുക' എന്നത് വിശുദ്ധ ഖുര്‍ആന്റെ അലംഘനീയ ശാസനയാണ്. പ്രബോധിതന്റെ മനഃശാസ്ത്രവും അയാള്‍ വഹിക്കുന്ന പദവിയും വേണ്ടപോലെ മനസ്സിലാക്കി ഗുണകാംക്ഷയോടെ പ്രകോപനരഹിതമായി പ്രബോധനം നിര്‍വഹിച്ചവരാണ് എല്ലാ പ്രവാചകന്മാരും. 'അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ് താങ്കള്‍ അവരോട് മൃദുവായി പെരുമാറിയത്. കഠിനഹൃദയനായ പരുഷസ്വഭാവി ആയിരുന്നു താങ്കളെങ്കില്‍ അവര്‍ താങ്കളെ വിട്ട് പിരിഞ്ഞുപോയേനെ' എന്നു മുഹമ്മദ് നബി(സ)യോട് അല്ലാഹു പറയുന്നുണ്ട്. പറയുന്നത് സത്യമല്ലേ, അത് തുറന്നുപറയാന്‍ ആളെയും നേരവുമൊക്കെ നോക്കേണ്ടതുണ്ടോ എന്ന ന്യായം ഉന്നയിച്ചു യുക്തിരഹിതമായി പ്രസംഗിക്കുന്നവരും എഴുതുന്നവരും യഥാര്‍ഥത്തില്‍ ദീനിന്നും സമുദായത്തിനും ചെയ്യുന്ന ദ്രോഹം ചെറുതല്ല. അതുപോലെ സാരവും നിസ്സാരവുമായ കാര്യങ്ങള്‍ കൂട്ടിക്കുഴച്ചു മുന്‍ഗണനാക്രമമോ ഔചിത്യബോധമോ പ്രകടിപ്പിക്കാതെ ഇസ്‌ലാഹി പ്രവര്‍ത്തനത്തിനിറങ്ങിയവരുടെ സേവനവും മാതൃകാപരമോ സഫലമോ അല്ല. ഇതെല്ലാം ചൂണ്ടിക്കാണിച്ച ജമാഅത്തെ ഇസ്‌ലാമിയെ ഭീരുക്കളും ദീന്‍കാര്യങ്ങളെ നിസ്സാരവല്‍ക്കരിച്ചവരും രാഷ്ട്രീയത്തില്‍ പ്രാധാന്യം നല്‍കിയവരുമായി മുദ്രകുത്തുകയായിരുന്നു ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളും വക്താക്കളും. ഇപ്പോഴോ? കര്‍ക്കശശൈലി ശീലിച്ചവര്‍ പരസ്പരം അത് പ്രയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഇസ്‌ലാഹി പ്രസ്ഥാനം തന്നെ ശിഥിലമായിക്കൊണ്ടിരിക്കുകയും ദുര്‍ബലമാവുകയും തീവ്രയാഥാസ്ഥിതികര്‍ അതില്‍നിന്ന് മുതലെടുക്കുകയും ചെയ്യുന്നു. പാളിച്ചയുടെ തുറന്ന സമ്മതമാണ് ചോദ്യത്തില്‍ ഉദ്ധരിച്ച വരികള്‍..
പിന്നോട്ടുവലിച്ചത് മൗദൂദിയന്‍ ദര്‍ശനങ്ങള്‍?
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഹസനുല്‍ ബന്നയുടെ കാലത്ത് വിവേകപൂര്‍വം മുന്നോട്ട് ചരിച്ചു. ഇടക്കാലത്ത് മൗദൂദിയന്‍ ദര്‍ശനങ്ങള്‍ അവരെ പിന്നോട്ട് വലിക്കുക മാത്രമല്ല, അതിനവര്‍ കനത്ത വില നല്‍കേണ്ടിയും വന്നു. അടുത്ത കാലത്ത് അപഭ്രംശത്തില്‍നിന്ന് മോചിതമായ മുസ്‌ലിം ബ്രദര്‍ഹുഡ് നവോത്ഥാനപാതയിലൂടെ ചലിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം (നവോത്ഥാനത്തിന്റെ പുത്തനവകാശികള്‍-എം.ഐ മുഹമ്മദലി സുല്ലമി-ശബാബ് വാരിക 2013 ഫെബ്രുവരി-8). ജമാഅത്തെ ഇസ്‌ലാമി ഈയിടെ പ്രസിദ്ധീകരിച്ച 'ഇസ്‌ലാമിക നവോത്ഥാനം രണ്ടാം ഘട്ടത്തിനൊരു മുഖവുര' എന്ന ലഘുലേഖ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമാണെന്ന് ചൂണ്ടിക്കാട്ടി, ഹസനുല്‍ ബന്നാക്ക് ശേഷം ഇഖ്‌വാനികള്‍ക്കിടയില്‍ തീവ്രവാദ ചിന്തയും പ്രതിലോമകരമായ പ്രവര്‍ത്തനരീതിയും ഭിന്നിപ്പും പ്രചരിപ്പിച്ചത് മൗദൂദിയാണെന്നും ലേഖനത്തില്‍ പറയുന്നു. മുജീബിന്റെ പ്രതികരണം?
എ. ഉമര്‍ ആലത്തൂര്‍
മൗദൂദി ചിന്തകളോ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ചരിത്രമോ നേരാംവണ്ണം പഠിക്കുകയോ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്തതിന്റെ ഫലമാണ് ചോദ്യത്തിലുദ്ധരിച്ച വരികള്‍. ആധുനിക കാലത്തെ പ്രഥമ ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും രണ്ടാമത്തെ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയും ആദര്‍ശത്തിലും ലക്ഷ്യത്തിലും മുഖ്യ വിഷയങ്ങളെക്കുറിച്ച കാഴ്ചപ്പാടിലും സമാനത പുലര്‍ത്തുന്നതും പുലര്‍ത്തിയതും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പൂര്‍വസൂരികള്‍ മുന്നോട്ടുവെച്ച ദര്‍ശനങ്ങള്‍ ഒരുപോലെ പങ്കുവെച്ചതുകൊണ്ടാണ്. ഹസനുല്‍ ബന്നയോ മൗദൂദിയോ ഒന്നും പുതിയൊരു ദര്‍ശനത്തിന്റെ ഉപജ്ഞാതാക്കളല്ല. ആയിരുന്നെങ്കില്‍ ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളുടെ വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ക്ക് അവരുടെ അടിസ്ഥാന സിദ്ധാന്തങ്ങളെ ആധികാരിക തെളിവുകളോടെ വിമര്‍ശിക്കാന്‍ കഴിയേണ്ടതായിരുന്നു. ഇഖ്‌വാനെ പതിറ്റാണ്ടുകളോളം വേട്ടയാടുകയും അടിച്ചമര്‍ത്തുകയും ചെയ്ത ജമാല്‍ അബ്ദുന്നാസിര്‍ മുതല്‍ ഹുസ്‌നി മുബാറക് വരെയുള്ള ഭരണാധികാരികള്‍ ഇസ്‌ലാമിന്റെ അടിസ്ഥാനത്തിലോ ഇസ്‌ലാമികമായി ന്യായീകരിക്കാന്‍ സാധിക്കുന്ന വിധത്തിലോ അല്ല അതു ചെയ്തത്. തനി മതേതരവും സ്വേഛാപരവുമായ കാഴ്ചപ്പാടുകളാണ് അവരെ നയിച്ചത്. പീഡനം എല്ലാ പരിധികളും ലംഘിച്ചപ്പോള്‍ ഇഖ്‌വാനികളില്‍ ചിലര്‍ വേറിട്ട സംഘടനയുണ്ടാക്കി തുല്യ നാണയത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചതാണ് ഇടക്കാലത്ത് സംഭവിച്ചിരുന്ന വ്യതിയാനം. താമസിയാതെ അവരത് തിരുത്തി സമാധാനപാതയിലേക്ക് തിരിച്ചുവന്നതിലാണ് യഥാര്‍ഥത്തില്‍ 'മൗദൂദിയന്‍ ദര്‍ശന'ത്തിന്റെ സ്വാധീനം. അതേയവസരത്തില്‍ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് ഒരിക്കലും ഒരു തീവ്രവാദ ഗ്രൂപ്പ് ഉയിരെടുത്തില്ലെന്നതും വസ്തുതയാണ്.
Comments