Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 2

മാധ്യമങ്ങള്‍ മാറ്റത്തിന് തയാറാവണം

ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു / ബഷീര്‍ മാടാല

കാവല്‍നായ്ക്കള്‍ എന്ന വിശേഷണം മാധ്യമങ്ങള്‍ക്ക് ചാര്‍ത്തിക്കിട്ടിയത്, സമൂഹത്തിന്റെ കെട്ടുറപ്പിനെയും മൂല്യമണ്ഡലത്തെയും ബാധിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ജാഗ്രത്തായ നിരീക്ഷണം അവ സ്വയം ഏറ്റെടുത്തതുകൊണ്ടാണ്. സ്വാതന്ത്ര്യത്തെ പരിപാലിക്കുന്നതുപോലെത്തന്നെ, അരാജകമായ ഭ്രംശങ്ങളെ പ്രതിരോധിക്കുന്നതിലും മാധ്യമങ്ങള്‍ വഹിച്ചുപോന്ന പങ്കാളിത്തത്തിന് സ്വാതന്ത്ര്യസമരത്തോളം തന്നെ പഴക്കമുണ്ട്. ഈ പൈതൃകത്തിന്റെ ശുഷ്‌ക ശേഷിപ്പുകളെപ്പോലും തുടച്ചുനീക്കുംവിധമാണ് നമ്മുടെ മാധ്യമങ്ങള്‍, വിശിഷ്യ ദൃശ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യം തിരിച്ചറിഞ്ഞിട്ടാകാം മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു അധികാരം ഏറ്റ ഉടന്‍ തന്നെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി എത്തിയത്. പ്രസ് കൗണ്‍സില്‍ എന്നൊരു സ്ഥാപനം രാജ്യത്തുണ്ടെന്നും അതിന് ചില നടപടികളുമായി മുന്നോട്ടുപോകാമെന്നും അദ്ദേഹം മാധ്യമങ്ങളെ ഓര്‍മപ്പെടുത്തുന്നുണ്ട്. ഇതിന് പുറമെ ജസ്റ്റിസ് കട്ജു ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വരാറും ഉണ്ട്. ശിവസേനാ നേതാവായിരുന്ന ബാല്‍താക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന ബന്ദിനെതിരെ ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ച രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്ത മഹാരാഷ്ട്രാ സര്‍ക്കാറിനെതിരെ ജസ്റ്റിസ് കട്ജു രംഗത്തെത്തിയിരുന്നു. സമാനമായ സംഭവങ്ങളിലും അദ്ദേഹം ഇടപെട്ടുകൊണ്ടിരിക്കുന്നു.
പൊതുവെ അഭിമുഖങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കാറുള്ള കട്ജു തനിക്ക് പറയാനുള്ളത് തുറന്നെഴുതാറാണ് പതിവ്. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം കിരണ്‍ ഥാപ്പറുമായി അദ്ദേഹം നടത്തിയ അഭിമുഖം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈയിടെ സിക്കിമിന്റെ തലസ്ഥാന നഗരമായ ഗാംഗ്‌ടോക്കില്‍ വെച്ച് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ (ഐ.ജെ.യു) സംഘടിപ്പിച്ച 'വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍' എന്ന സെമിനാറില്‍, ഇന്ത്യ ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മാധ്യമ സംബന്ധിയായ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ജസ്റ്റിസ് കട്ജുവുമായി ആശയസംവാദം നടത്തി. ഇവിടെ നടന്ന സെമിനാറിലും അതിനു ശേഷം നടന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലും മുഴച്ചുനിന്നത് മാധ്യമങ്ങളുടെ നിലപാടില്ലായ്മയും അത് സമൂഹത്തിന് നല്‍കുന്ന വിപത് സന്ദേശങ്ങളുമൊക്കെയായിരുന്നു. കാവല്‍ നായ്ക്കള്‍ എന്ന് മാധ്യമങ്ങള്‍ക്ക് പതിച്ചു നല്‍കുന്ന വിശേഷണത്തെ കട്ജു വിമര്‍ശിക്കുന്നതോടൊപ്പം, തന്റെ വിമര്‍ശനങ്ങളെ കൃത്യമായി പഠിക്കാന്‍ ആഹ്വാനം ചെയ്യുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ജസ്റ്റിസ് കട്ജു പ്രതികരിക്കുന്നു.

വിവാദങ്ങളില്‍ തല്‍പരനാണല്ലോ താങ്കള്‍?
ഒരിക്കലുമല്ല. എന്റെ വീക്ഷണങ്ങളും അഭിപ്രായങ്ങളും നിങ്ങളുടേതില്‍നിന്നും വ്യത്യസ്തമായിരിക്കാം. അത് വിവാദമാകുന്നത് എന്റെ കുഴപ്പമല്ല. എന്റെ വീക്ഷണങ്ങള്‍ പലപ്പോഴായി ചില ടി.വി അഭിമുഖങ്ങളിലും പത്രലേഖനങ്ങളിലുമായി ഞാന്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വിവാദങ്ങളുടെ വക്താവല്ല ഞാന്‍.

മാധ്യമങ്ങളെക്കുറിച്ച് മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണോ?
ഒരു മാറ്റവും എന്റെ നിലപാടുകളില്‍ ഉണ്ടായിട്ടില്ല. എന്റെ അഭിമുഖം ചോദിച്ച് ഇപ്പോഴും നിരവധി പേര്‍ വരാറുണ്ട്. എന്നാല്‍, ഞാന്‍ അവരോട് അഭിമുഖത്തിനില്ല എന്നാണ് പറയാറ്. കാരണം, ഒരാള്‍ തന്നെ എപ്പോഴും അഭിമുഖം നല്‍കിയാല്‍ അതൊരു നല്ല പ്രതികരണം ഉണ്ടാക്കുകയില്ല. അതേക്കുറിച്ചൊക്കെ ഞാന്‍ വിശദീകരിച്ചതാണ്.
ഇന്ന് നമ്മുടെ നാട് ഒരു പരിവര്‍ത്തന ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. നാടുവാഴിത്ത കാര്‍ഷിക സമൂഹത്തില്‍നിന്ന് ആധുനിക വ്യവസായ സമൂഹത്തിലേക്കുള്ള പരിവര്‍ത്തനം വേദനാജനകവും പ്രതിസന്ധികള്‍ നിറഞ്ഞതുമായിരുന്നു. പഴയ നാടുവാഴിത്ത സമൂഹം അപ്രത്യക്ഷമായെങ്കിലും ആധുനിക വ്യാവസായിക സമൂഹം പൂര്‍ണമായും രൂപപ്പെട്ടിട്ടില്ല. പഴയ മൂല്യങ്ങള്‍ ഇടിഞ്ഞുവീഴുകയാണ്. പക്ഷേ, പുതിയ മൂല്യങ്ങള്‍ വേണ്ട രീതിയില്‍ ഇടം പിടിച്ചിട്ടുമില്ല. എല്ലാം ഇപ്പോള്‍ ഒഴുക്കിലാണ്. കുഴപ്പത്തിലാണ് കാര്യങ്ങള്‍. പതിനാറാം നൂറ്റാണ്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ട് വരെയുള്ള യൂറോപ്പിന്റെ ചരിത്രം നിങ്ങള്‍ പരിശോധിച്ചു നോക്കുക. നാടുവാഴിത്തത്തില്‍ നിന്നും ആധുനിക സമൂഹത്തിലേക്കുള്ള പരിവര്‍ത്തനം അവിടെ നടന്നപ്പോള്‍ കുഴപ്പങ്ങളും അട്ടിമറികളും വിപ്ലവങ്ങളും കലാപങ്ങളും സാമൂഹികമായ ഇളകിമറിച്ചിലുകളും ധൈഷണികമായ കോലാഹലങ്ങളും ഉണ്ടായതായി കാണാം. ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നുപോയതിന് ശേഷമാണ് യൂറോപ്പില്‍ ആധുനിക സമൂഹം രൂപപ്പെടുന്നത്. ഇന്ത്യ ഇന്ന് അത്തരമൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യം വളരെ വേദനാജനകമായ ഒരു കാലഘട്ടത്തിലൂടെയാണു കടന്നുപോവുന്നത്. ഇത് 15 മുതല്‍ 20 വര്‍ഷം വരെ നീണ്ടുനിന്നേക്കാം. ഈ പരിവര്‍ത്തനം വേദനാരഹിതമായി പെട്ടെന്ന് സംഭവിക്കാന്‍ ഞാന്‍ ആശിക്കുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ചരിത്രം അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് എന്തു പറയുന്നു?
ഞാനവിടേക്കാണ് വരുന്നത്. ഞാന്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ല. എല്ലാ പത്രക്കാരുടെയും സ്വഭാവമാണിത്. അതുകൊണ്ട് ഞാന്‍ മുഴുമിക്കട്ടെ. ഒരു പരിവര്‍ത്തന ഘട്ടത്തിലൂടെ കടന്നുപോവുമ്പോള്‍ ആശയങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഉള്ള പങ്ക് ഏറെ വലുതാണ്. ചില സവിശേഷമായ ചരിത്ര മുഹൂര്‍ത്തങ്ങളില്‍ ആശയങ്ങള്‍ ഭൗതിക ശക്തിയായി മാറുന്നു. ഉദാഹരണത്തിന്, യൂറോപ്പിലെ നവോത്ഥാന പരിവര്‍ത്തന ദശയില്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതേതരത്വം എന്നിവ ശക്തമായ ഭൗതിക ശക്തികളായി മാറി. പ്രത്യേകിച്ച് അമേരിക്കന്‍, ഫ്രഞ്ച് വിപ്ലവങ്ങളില്‍. അക്കാലത്തെ യൂറോപ്യന്‍ മാധ്യമങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമായിരുന്നു. ഈ മാധ്യമങ്ങള്‍ നാടുവാഴിത്ത യൂറോപ്പില്‍നിന്ന് ആധുനിക യൂറോപ്പിലേക്കുള്ള മാറ്റങ്ങളില്‍ വലിയ പങ്കാണ് വഹിച്ചത്.
ചരിത്രപരമായി അച്ചടി മാധ്യമങ്ങള്‍ നാടുവാഴിത്ത അടിച്ചമര്‍ത്തലുകള്‍ക്കെതിരെയാണ് ഉയര്‍ന്നുവന്നത്. അക്കാലത്ത് അധികാരത്തിന്റെ ജിഹ്വകളൊക്കെയും ഏകാധിപതികളായ നാടുവാഴികളുടെ കൈകളിലായിരുന്നു. അത്തരമൊരു അവസ്ഥയില്‍ ജനങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ പങ്കുവെക്കാന്‍, താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ പത്രങ്ങള്‍ സൃഷ്ടിക്കേണ്ടിവന്നു. അതിനാലാണ് അച്ചടി മാധ്യമങ്ങള്‍ 'നാലാം എസ്റ്റേറ്റ്' (ഫോര്‍ത്ത് എസ്റ്റേറ്റ്) എന്ന പേരില്‍ അറിയപ്പെട്ടത്. യൂറോപ്പിലും അമേരിക്കയിലും അവ പ്രതിനിധീകരിച്ചിരുന്നത് ഭാവിയുടെ ശബ്ദമായിട്ടായിരുന്നുവെങ്കില്‍, നാടുവാഴിത്ത ജിഹ്വകള്‍ നിലവിലുള്ള വ്യവസ്ഥയെ സംരക്ഷിക്കാനാണ് തുനിഞ്ഞത്. ഇക്കാര്യത്തില്‍ വോള്‍ട്ടയര്‍, റൂസ്സോ തുടങ്ങിയ മഹാന്മാരായ എഴുത്തുകാര്‍ വലിയ പങ്കാണ് വഹിച്ചത്. അവര്‍ സൃഷ്ടിച്ച യുക്തിയുടെ യുഗം ആധുനിക യൂറോപ്പിന് അടിത്തറ പാവുകയും ചെയ്തു. വോള്‍ട്ടയര്‍ തന്റെ നോവലുകളില്‍ മതപരമായ മര്‍ക്കടമുഷ്ടിക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ രൂക്ഷമായ കടന്നാക്രമണം തന്നെ നടത്തുകയുണ്ടായി. റൂസ്സോ തന്റെ 'സാമൂഹിക ഉടമ്പടി'യില്‍ നാടുവാഴിത്ത ഏകാധിപത്യത്തെ ജനകീയ പരമാധികാരം അഥവാ പൊതുവായ ഇഛ എന്ന നിര്‍ദേശം വെച്ച് ആക്രമിക്കുകയുണ്ടായി. മനുഷ്യരുടെ അവകാശത്തെക്കുറിച്ച് തോമസ് പെയിനും ഏകാധിപതിയായ ജോര്‍ജ് മൂന്നാമന്റെ അഴിമതികളെക്കുറിച്ച് ജൂനിയസും എഴുതുകയുണ്ടായി. ചാള്‍സ് ഡിക്കന്‍സ് പത്തൊമ്പതാം നൂറ്റാണ്ടിലെ ഭീകരമായ സാമൂഹികാവസ്ഥയെ വിമര്‍ശിച്ചു. ഇവരും മറ്റു പലരും ആധുനിക യൂറോപ്പിനെ സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദിത്വമേറ്റവരാണ്.

ഇന്ത്യയിലെ മാധ്യമങ്ങള്‍ (മാധ്യമ പ്രവര്‍ത്തകരും) എങ്ങനെ പ്രവര്‍ത്തിക്കണമെന്നാണ് താങ്കള്‍ പറയുന്നത്?
എന്റെ അഭിപ്രായത്തില്‍ യൂറോപ്പിലെ മാധ്യമങ്ങള്‍ പുരോഗമനപരമായ പങ്കുവഹിച്ചതുപോലെ ഇന്ത്യന്‍ മാധ്യമങ്ങളും വഹിക്കേണ്ടതായിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിനു വേണ്ടി പിന്നാക്കാവസ്ഥ, നാടുവാഴിത്ത ആശയങ്ങളെയും അവയുടെ വ്യവഹാരങ്ങളായ ജാതീയത, സാമുദായികത, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവയെയും കടന്നാക്രമിക്കുകയും ആധുനിക യുക്തിചിന്തയും ശാസ്ത്ര ചിന്തകളും മതേതരത്വവും സഹിഷ്ണുതയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരുകാലത്ത് ഇക്കാര്യത്തില്‍ മഹത്തായ പങ്കുവഹിച്ചതായി കാണാം. രാജാറാം മോഹന്‍ റായ് തന്റെ ദിനപത്രങ്ങളിലൂടെ സതി, ബാല്യവിവാഹം എന്നിവയെ ധീരമായി കടന്നാക്രമിച്ചു. 1943-ലെ ബംഗാള്‍ ഭീകരതയെക്കുറിച്ച് നിഖില്‍ ചക്രവര്‍ത്തി ധാരാളമായി എഴുതി. മുന്‍ഷി പ്രേംചന്ദും ശരത്ചന്ദ്ര ചതോപാധ്യായയും നാടുവാഴിത്ത ആചാരമായിരുന്ന സ്ത്രീമര്‍ദനങ്ങളെക്കുറിച്ച് എഴുതി. വിശ്രുത കഥാകാരന്‍ സാദത്ത് ഹസന്‍ മന്റോ വിഭജനത്തിന്റെ ഭീകരതകളെക്കുറിച്ച് എഴുതി.

മാധ്യമങ്ങളെ, പ്രത്യേകിച്ച് ഇലക്‌ട്രോണിക് മീഡിയകളെ വിമര്‍ശിക്കുന്ന കാര്യത്തില്‍ താങ്കള്‍ അല്‍പം മുന്നിലാണല്ലോ?
മുന്നിലായിരിക്കാം, ചിലപ്പോള്‍ പിന്നിലായിരിക്കാം. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഒരു വിമര്‍ശനത്തിലുപരി ശരിയാണോ എന്ന് അന്വേഷിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ട്. മുമ്പും ഞാന്‍ ഇത്തരം വാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ എന്നെ കടന്നാക്രമിക്കാനാണ് എല്ലാവരും ശ്രമിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ വിശേഷിച്ച് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍, പുരോഗമനപരവും സാമൂഹിക ഉത്തരവാദിത്വത്തില്‍ അധിഷ്ഠിതവുമായി കടമകള്‍ നിര്‍വഹിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. മുമ്പ് ഞാനിത് ചൂണ്ടിക്കാട്ടിയപ്പോള്‍ എന്നെ ഒരു സര്‍ക്കാര്‍ ഏജന്റായി ചിത്രീകരിച്ച് ആക്ഷേപിച്ചു.

മാധ്യമങ്ങള്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നു എന്ന് താങ്കള്‍ മുമ്പ് പറഞ്ഞിരുന്നുവല്ലോ. ആ അഭിപ്രായത്തില്‍ മാറ്റം വന്നിട്ടുണ്ടോ?
ഒരു മാറ്റവും വന്നിട്ടില്ല. മാധ്യമങ്ങള്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നുണ്ടെന്നു ഞാനിപ്പോഴും കരുതുന്നു. ഉദാഹരണങ്ങള്‍ നിരവധിയാണ്. ഗൗരവതരമായ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളെക്കുറിച്ച് ഉന്നയിക്കുമ്പോള്‍ പ്രതീക്ഷിച്ചത് അത്തരം വിഷയങ്ങള്‍ അവര്‍ ഗൗരവത്തോടെ അഭിസംബോധന ചെയ്യുമെന്നായിരുന്നു. എന്നാല്‍ വ്യക്തിപരമായി എന്നെ അധിക്ഷേപിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണുണ്ടായത്.
മാധ്യമങ്ങളെ വിമര്‍ശിക്കുമ്പോള്‍ ഞാന്‍ കരുതിയത് ഒരു മാറ്റത്തിന് പ്രേരിപ്പിക്കുക എന്നതായിരുന്നു. അല്ലാതെ നശിപ്പിക്കാനായിരുന്നില്ല. ഇപ്പോഴും എന്റെ ഉദ്ദേശ്യം അതുതന്നെയാണ്. അതുകൊണ്ട് നിങ്ങള്‍ എന്തുതന്നെ കരുതിയാലും എനിക്ക് പ്രശ്‌നമില്ല. നോക്കൂ. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഈ പരിവര്‍ത്തന യുഗത്തില്‍ ചരിത്രപരമായ പങ്കുവഹിക്കാനുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാന്‍ ബാധ്യതയുണ്ട്. ഞാനിത് പറഞ്ഞപ്പോള്‍ എന്നെ ഏകാധിപതിയായ രാക്ഷസനെപ്പോലെ ചിത്രീകരിച്ചവര്‍ വരെയുണ്ട്.

മാധ്യമങ്ങള്‍ താങ്കളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നാണോ?
ആദ്യമായി മാധ്യമങ്ങള്‍ എന്നെ ഒരു ഗുണകാംക്ഷിയായി കാണണം. നമ്മുടെ ജനതയില്‍ 80 ശതമാനവും ഭീകരമായ ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരാണ്. വന്‍തോതിലുള്ള തൊഴിലില്ലായ്മയും പിടിച്ചുനിര്‍ത്താനാവാത്ത വിലക്കയറ്റവും. പക്ഷേ, സാമൂഹിക സാമ്പത്തിക വിഷയങ്ങള്‍ക്ക് മാധ്യമങ്ങളില്‍ വെറും പത്തു ശമതാനം മാത്രമാണ് കവറേജ് കിട്ടുന്നത്. വിഷയ സ്വീകരണത്തില്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന മുന്‍ഗണനകള്‍ താറുമാറായിപ്പോകുന്നു. ജനങ്ങള്‍ക്ക് മുമ്പിലുള്ളത് യഥാര്‍ഥ പ്രശ്‌നങ്ങളാണ്. അതായത് സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍. അല്ലാതെ ഫാഷന്‍ പരേഡ്, ഡിസ്‌കോ, പോപ്പ് സംഗീതം,സിനിമാ താരങ്ങളുടെ കഥകള്‍ എന്നിവയൊന്നുമല്ല. വിശക്കുന്ന ഒരു തൊഴില്‍ രഹിതന് ആവശ്യം വിനോദമോ ഭക്ഷണമോ? നിങ്ങള്‍ സ്വയം വിലയിരുത്താന്‍ തയാറാവണം. മറ്റൊന്ന്, അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ നിലപാടാണ്. ഇതിനെതിരെ ഇനിയും ഞാന്‍ വിമര്‍ശിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും.

മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച് മുമ്പ് പറഞ്ഞ അഭിപ്രായങ്ങളില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
മാധ്യമ പ്രവര്‍ത്തകരിലെ ഭൂരിപക്ഷവും താഴ്ന്ന ധൈഷണിക നിലവാരം പുലര്‍ത്തുന്നവര്‍ മാത്രമാണെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നു. ഇത് ഞാന്‍ പറയുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ക്ഷോഭിച്ചിട്ട് കാര്യമില്ല. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ചില ടി.വി ഷോകള്‍ കണ്ടാല്‍ മതി, ഇവരുടെയൊക്കെ ധൈഷണിക നിലവാരം വിലയിരുത്താന്‍. മുമ്പ് ഞാന്‍ ഇത് പറഞ്ഞപ്പോള്‍ എന്റെ പ്രസ്താവനയെ വളച്ചൊടിച്ച് എല്ലാ മാധ്യമ പ്രവര്‍ത്തകരും വിവരമില്ലാത്തവരാണെന്ന് കട്ജു പറഞ്ഞു എന്ന് പ്രചരിപ്പിച്ചു. ഞാനിപ്പോഴും പറയുന്നു, ഞാന്‍ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല. പക്ഷേ, അപ്പോഴും അവരിലെ ഭൂരിപക്ഷത്തെക്കുറിച്ച് തന്നെയാണ് അങ്ങനെ പറഞ്ഞത്. ഞാന്‍ വളരെയധികം ആദരിക്കുന്ന പത്രപ്രവര്‍ത്തകര്‍ ധാരാളമുണ്ട്. പി. സായ്‌നാഥ് മുതല്‍ ഇപ്പോള്‍ എന്റെ അടുത്തിരിക്കുന്ന, പെയ്ഡ് ന്യൂസിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്ന ശ്രീനിവാസ റെഡ്ഡിയെ പോലുള്ളവര്‍ വരെ.

മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്ന അഭിപ്രായത്തില്‍ കഴമ്പുണ്ടോ?
മാധ്യമങ്ങളുടെ സ്വാതന്ത്ര്യം നിരുപാധികമായിക്കൂടാ. പൊതു നന്മക്ക് ആവശ്യമെന്ന നിലയില്‍ മാത്രമാണ് സ്വതന്ത്ര മാധ്യമങ്ങളുടെ പ്രസക്തി. ആ സ്വാതന്ത്ര്യം മോശമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ മാധ്യമങ്ങള്‍ സ്വന്തം നിലനില്‍പിന്റെ ന്യായമാണ് ഇല്ലാതാക്കുന്നത്. അതുകൊണ്ട് അതിര്‍വരമ്പുകള്‍ കൂടിയേ തീരൂ. പക്ഷേ, നിയന്ത്രണം ഭരണകൂടങ്ങളുടെ കൈകളില്‍ ആകാനും പാടില്ല. അത് മാധ്യമങ്ങളെ ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തികളാക്കാനേ ഉപകരിക്കൂ. അതുകൊണ്ടാണ് മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്ന് പറയുന്നത്. എന്നാല്‍, സ്വയം നിയന്ത്രണമെന്നത് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. പത്രസ്ഥാപനങ്ങളില്‍ ഇത് പരിശോധിക്കാനായി സ്വതന്ത്ര ഓംബുഡ്‌സ്മാനെ നിയോഗിക്കാന്‍ ലോകത്ത് അപൂര്‍വം മാധ്യമങ്ങളേ മുന്നോട്ട് വന്നിട്ടുള്ളൂ. ധാര്‍മികതയുടെ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാനോ അവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനോ പൊതുവെ മാധ്യമങ്ങള്‍ തയാറാവുന്നില്ല. രാജ്യത്തെ പല മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഒരു നയം പോലുമില്ല. തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അധികാരം അല്ലെങ്കില്‍ അവകാശം മുറുകെ പിടിക്കുകയും എന്നാല്‍ തങ്ങളുടെ ഉത്തരവാദിത്വം അവഗണിക്കുകയും ചെയ്യുന്ന ഒരു രീതിയാണിപ്പോഴുള്ളത്. അത് തികച്ചും അധാര്‍മികമാണ്. മാധ്യമങ്ങള്‍ക്ക് ആഭ്യന്തര തലത്തില്‍ ഒരു നിയന്ത്രണ സംവിധാനം ഉണ്ടാവേണ്ടിയിരിക്കുന്നു.

അതുകൊണ്ടാണോ മീഡിയാ കൗണ്‍സില്‍ വേണമെന്ന് ആവശ്യപ്പെട്ടത്?
അതെ. നിലവില്‍ ഇലക്‌ട്രോണിക് മാധ്യമങ്ങളെ ക്രമപ്പെടുത്താനും വ്യവസ്ഥാപിതമാക്കാനും നിയമാനുസൃതമാക്കാനുമുള്ള അധികാര സംവിധാനങ്ങളില്ല. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അച്ചടി മാധ്യമങ്ങളെ മാത്രമാണ് നിയന്ത്രിക്കുന്നത്. പത്രധര്‍മത്തിന്റെ ലംഘനങ്ങള്‍ക്ക് താക്കീത് നല്‍കുകയോ ഗുണദോഷിക്കുകയോ മാത്രമാണ് അതു നല്‍കുന്ന ശിക്ഷ. പ്രസ് കൗണ്‍സില്‍ ആക്ട് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഞാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയുണ്ടായി. ഇലക്‌ട്രോണിക് മാധ്യമങ്ങളെ പ്രസ് കൗണ്‍സിലിന്റെ കീഴില്‍ കൊണ്ടുവരിക, പ്രസ് കൗണ്‍സിലിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുക എന്നിവയാണ് ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് ഒരു വര്‍ഷം മുമ്പ് കേന്ദ്രമന്ത്രി അംബികാ സോണി, പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് എന്നിവരെയും കണ്ടിരുന്നു. എന്നാല്‍, ഇലക്‌ട്രോണിക് മാധ്യമങ്ങളെ പ്രസ് കൗണ്‍സിലിന് കീഴില്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാര്‍ക്കു പോലും ഇവിടെ സമ്പൂര്‍ണ അധികാരമില്ല. അവരുടെ തെറ്റായ നടപടികളെക്കുറിച്ച് കുറ്റാരോപണം ഉണ്ടായാല്‍ ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. തൊഴില്‍പരമായ പെരുമാറ്റ ദൂഷ്യത്തിന് അഭിഭാഷകരെ സസ്‌പെന്റ് ചെയ്യാനും അവരുടെ ലൈസന്‍സ് റദ്ദാക്കാനുമുള്ള അധികാരം ബാര്‍ കൗണ്‍സിലിനുണ്ട്. മെഡിക്കല്‍ കൗണ്‍സിലിന് ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനോ സസ്‌പെന്റ് ചെയ്യാനോ അധികാരമുണ്ട്. പിന്നെ എന്തുകൊണ്ട് ഇലക്‌ട്രോണിക് മാധ്യമങ്ങളെ ഒരു നിയമാനുസൃത ചട്ടത്തിന് കീഴില്‍ കൊണ്ടുവരുന്നില്ല? എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ്? അവര്‍ക്ക് പ്രസ് കൗണ്‍സിലിന് കീഴില്‍ വരാന്‍ താല്‍പര്യമില്ലെങ്കില്‍ മറ്റെന്തിനു കീഴില്‍ വരാന്‍ തയാറാണെന്ന് വ്യക്തമാക്കട്ടെ. നിര്‍ദിഷ്ട ലോക്പാല്‍ ബില്ലിന് കീഴില്‍ വരാന്‍ തയാറുണ്ടോ? ഇതിന് മുമ്പും ഞാന്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചിട്ടുള്ളതാണ്. ടെലിവിഷന്‍ വാര്‍ത്തകള്‍ക്കും മറ്റു പരിപാടികള്‍ക്കും പൊതുജനങ്ങളില്‍ വ്യാപകമായ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഈ മാധ്യമങ്ങള്‍ പൊതുജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥമാണ്. രാജ്യത്ത് ഒരു മീഡിയാ കൗണ്‍സില്‍ വേണമെന്ന് പറയുന്നത് അതുകൊണ്ടാണ്.

പെയ്ഡ് ന്യൂസ് സംഭവങ്ങള്‍ വര്‍ധിച്ചിട്ടും ഒരു നടപടിയും എവിടെ നിന്നും ഉണ്ടാവുന്നില്ലല്ലോ?
പെയ്ഡ് ന്യൂസ് ഇന്നൊരു പ്രതിഭാസമായി കഴിഞ്ഞിരിക്കുന്നു. 2009 മുതലാണിത് ശ്രദ്ധയില്‍ പെട്ട് തുടങ്ങിയത്. പ്രസ് കൗണ്‍സില്‍ നിയോഗിച്ച കമീഷന്‍ ഇതെല്ലാം സത്യമാണെന്നും കണ്ടെത്തിയിരുന്നു. പക്ഷേ, എന്തു ചെയ്യാം. പത്രമുതലാളിമാരും പത്രപ്രവര്‍ത്തകരും മാത്രം വിചാരിച്ചാല്‍ മാത്രമേ ഇത് ഇല്ലാതാക്കാന്‍ കഴിയൂ. ഇന്ന് മാധ്യമങ്ങള്‍ വിറ്റഴിക്കപ്പെടാന്‍ മാത്രമുള്ള ഒരു ചരക്കായി മാറിയിരിക്കുന്നു. എങ്ങനെയെങ്കിലും പണം ഉണ്ടാക്കുന്ന രീതിയാണെവിടെയും കാണുക. എന്തു പരസ്യവും നല്‍കാന്‍ മാധ്യമങ്ങളും തയാറായിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിവിധ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പണം വാങ്ങി വാര്‍ത്തകള്‍ എഴുതിയ സംഭവങ്ങള്‍ നാം കണ്ടു. ഇത് ഇനിയും കൂടിവരാന്‍ തന്നെയാണ് സാധ്യത. ഇതിനൊരു മാറ്റം വരുത്താന്‍ മാധ്യമ മുതലാളിമാരും മാധ്യമ പ്രവര്‍ത്തകരും അവരുടെ സംഘടനകളും വിചാരിക്കണം.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളുടെ പ്രതിസന്ധിയെക്കുറിച്ച് എങ്ങനെ വിലയിരുത്തുന്നു?
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ മാധ്യമങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പ്രത്യേകിച്ച് ആസാം, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍. ആസാമില്‍ ഈയിടെ നടന്ന കലാപം രാജ്യത്തിന് അപമാനകരമാണ്. കുടിയേറ്റത്തിന്റെ പേരില്‍ ഒരു വിഭാഗം ജനങ്ങളെ വേട്ടയാടുന്നത് ശരിയല്ല. ഇന്ത്യാ രാജ്യം തന്നെ കുടിയേറ്റത്തിന്റെ ചരിത്രഭൂമിയാണ്. ഇവിടെ 92 ശതമാനം പേരും കുടിയേറി വന്നവരാണ്. രാജ്യത്തിന്റെ ഫലഭൂയിഷ്ടതയില്‍ ആകൃഷ്ടരായ ജനം അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇങ്ങോട്ട് കുടിയേറാന്‍ തുടങ്ങിയിരുന്നു. ഇന്നും അത് സംഭവിക്കുന്നുണ്ട്. അത് ഈ രാജ്യത്തിന്റെ മാത്രം പ്രത്യേകതയാണ്. ലോകത്ത് മറ്റൊരിടത്തേക്കും ഇത്രയധികം കുടിയേറ്റം ഉണ്ടായിട്ടില്ല. 130 കോടിയോളം വരുന്ന ജനസംഖ്യയുള്ള ചൈനയിലേക്ക് കുടിയേറ്റം ഉണ്ടായിട്ടില്ല. പിന്നീട് നടന്നിട്ടുള്ളത് വടക്കേ അമേരിക്കയിലാണ്. ഇന്നത്തെ ഇന്ത്യയിലെ ഭൂരിപക്ഷവും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്ന് ജീവിത വിഭവങ്ങള്‍ തേടിയെത്തിയവരുടെ പിന്‍തലമുറക്കാരാണ്. ഇന്ത്യയിലെ ആദിമ ജനത ആദിവാസി സമൂഹങ്ങളാണ്. ഇവര്‍ 7-8 ശതമാനം മാത്രേ വരൂ. കുടിയേറ്റത്തിന്റെ പേരില്‍ ആസാമിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ആധുനിക സമൂഹത്തിന് ഭൂഷണമല്ല. ഇത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്.

മാധ്യമങ്ങളെപ്പോലെ താങ്കളും വിലയിരുത്തപ്പെടുന്നുണ്ടല്ലോ?
എല്ലാം വിലയിരുത്തലിന് വിധേയമാണ്. ജനാധിപത്യത്തിന്റെ പ്രത്യേകത അതാണ്. നിങ്ങളും ഞാനും ഒക്കെ വിലയിരുത്തപ്പെടണം. സ്വാതന്ത്ര്യത്തിന് അതിര്‍വരമ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് തിരിച്ചറിയണം. അതുകൊണ്ടാണ് പറയുന്നത് സമൂഹത്തിന് മുമ്പില്‍ നമ്മളെല്ലാം വിലയിരുത്തലിന് വിധേയരാവണമെന്ന്.
* * * *
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ ജസ്റ്റിസ് കട്ജു സമയം കണ്ടെത്തി. രാജ്യത്തെ പ്രബല ന്യൂനപക്ഷങ്ങള്‍ക്ക് നേരെ മാധ്യമങ്ങള്‍ സ്വീകരിച്ചുവരുന്ന നിലപാടുകള്‍ മുതല്‍ പോലീസിന്റെ ഭാഷ്യം അതേ പോലെ പകര്‍ത്തി വിഭാഗീയത പടര്‍ത്തുന്ന പത്രപ്രവര്‍ത്തന രീതിയെക്കുറിച്ചു വരെ ചര്‍ച്ച നീണ്ടു. വഴിവിട്ടുപോവുന്ന ചാനലുകളുടെ 'റിയാലിറ്റിഷോ'കളെക്കുറിച്ചും, പലപ്പോഴും കാടുകയറിപ്പോവുന്ന ചാനല്‍ ചര്‍ച്ചകളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ഇതെല്ലാം ഇന്ത്യന്‍ സംസ്‌കാരത്തെയും മൂല്യങ്ങളെയും തകര്‍ക്കുമെന്ന് ആശങ്കപ്പെടുന്നു. ആഗോളീകരണത്തിന് വാതില്‍ തുറന്നുകൊടുത്തതോടെ എല്ലാ സാംസ്‌കാരിക ജീര്‍ണതകളും ആര്‍ഷഭാരതത്തിലേക്ക് കുത്തിയൊഴുകിയതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. അതിരില്ലാത്ത ആനന്ദാന്വേഷണത്തില്‍ അധിഷ്ഠിതമായ മുതലാളിത്ത പ്രപഞ്ച വീക്ഷണം സദാചാരത്തിന്റെ സുസ്ഥിര മൂല്യങ്ങളോട് കലഹിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ചാനലുകളെ നിയന്ത്രിക്കാന്‍ ഒരു മീഡിയാ കമീഷന്‍ വേണമെന്ന് ഊന്നിപ്പറഞ്ഞു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (9)
എ.വൈ.ആര്‍