Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 2

ദൃശ്യാവിഷ്‌കാരത്തിന്റെ സംസ്‌കാരം

വി.പി ശൗക്കത്തലി

ദൃശ്യ-ശ്രാവ്യ ആവിഷ്‌കാരങ്ങള്‍ ഒരു സാംസ്‌കാരിക യുദ്ധമായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. ചെണ്ട കൊട്ടി രാജവിളംബരങ്ങള്‍ അറിയിച്ചിരുന്ന കാലം കടന്ന് സാറ്റലൈറ്റ് സാംസ്‌കാരിക അധിനിവേശത്തിന്റെ സ്‌ക്രീന്‍ വിളംബരത്തിലേക്ക് നാമെത്തിയിരിക്കുന്നു. കേള്‍വി കീഴടക്കപ്പെട്ട കാലത്തില്‍നിന്ന് കാഴ്ച കൂടി കീഴ്‌പ്പെടുത്തപ്പെട്ട കാലത്തിലേക്ക്. ശബ്ദവും ചിത്രവും നല്‍കി ചിന്തയും സംസ്‌കാരവും അധീനപ്പെടുത്തുന്ന കാലത്തിലേക്ക്. ഈ യുദ്ധം നമ്മുടെ വീടിനകത്താണ്. കലഹം മനസ്സിനോടാണ്. ഒരിക്കലും ഈ യുദ്ധത്തില്‍ നഷ്ടം അത് ചെയ്യുന്നവനല്ല. യുദ്ധത്തിന് ഇരയാകുന്നവനാണ്.
പടിഞ്ഞാറന്‍ നാടാണ് ഈ മസ്തിഷ്‌ക പ്രക്ഷാളന യുദ്ധത്തില്‍ മുമ്പേ നടന്നവര്‍. കാലം കണ്ടെത്തിയ ഏറ്റവും നല്ല ഒരു ഉപകരണത്തെ മാനവരാശിയുടെ സര്‍വതോമുഖമായ സാംസ്‌കാരിക നന്മക്ക് ഉപയോഗപ്പെടുത്തുന്നതിന് പകരം, കൊളോണിയല്‍ ചൂഷണോപാധിയാക്കി മാറ്റുകയായിരുന്നു അവര്‍. പ്രേക്ഷകന്റെ താല്‍പര്യത്തിനും അവകാശത്തിനും അപ്പുറത്ത് സ്‌ക്രീന്‍ വിഭവങ്ങള്‍ വിളമ്പുന്നവന്റെയും പരസ്യക്കാരന്റെയും സാംസ്‌കാരിക ഭൗതിക താല്‍പര്യങ്ങളാണ് അടിച്ചേല്‍പിക്കപ്പെട്ടത്. ഇതില്‍ പക്ഷേ, തകര്‍ന്നടിഞ്ഞത് മനുഷ്യന്റെ സാംസ്‌കാരിക അസ്തിത്വവും ജീവിത സ്വകാര്യതയും ലജ്ജയും മാനവിക മൂല്യങ്ങളുമാണ്. ചുക്കാന്‍ പിടിക്കുന്നവര്‍ക്കും നിലപാട് നിര്‍മാതാക്കള്‍ക്കും (trend setters) സിനാരിയോ തയാറാക്കുന്നവര്‍ക്കും ഉണ്ടായിരുന്ന ഹിഡന്‍ അജണ്ടകളുടെ സര്‍വ ക്ഷതങ്ങളും ഏറ്റുവാങ്ങിയതും പ്രേക്ഷകര്‍ അടങ്ങുന്ന പൊതുസമൂഹമാണ്.
പ്രക്ഷേപണ-സംപ്രേഷണ മാധ്യമങ്ങള്‍ മാനവരാശിക്കു മേല്‍ ഉണ്ടാക്കുന്ന സംഹാര ക്ഷതങ്ങളെ വിലയിരുത്തിയവര്‍ പൊതുവായി സംഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. മ്ലേഛതകളുടെ വ്യാപനമാണ് അതിലൊന്ന്. കാര്‍ഷിക-വ്യാവസായിക വിപ്ലവത്തിന്റെ നന്മകള്‍ക്കൊപ്പം സംജാതമായ അമിത സ്വാതന്ത്ര്യത്തിന്റെ മറവില്‍ സ്ത്രീ നല്ലൊരു ഉല്‍പന്നമായി മാറി. ഈ ഉല്‍പന്നം ഏറ്റവും നന്നായി കൊണ്ടാടപ്പെട്ടത് ഇലക്‌ട്രോണിക് മീഡിയയുടെ വരവോടെയാണ്. അതിരില്ലാത്ത മ്ലേഛതകളുടെ ദൃശ്യപ്പെയ്ത്തില്‍ ഒലിച്ചുപോയത് മനുഷ്യന്‍ കാലങ്ങളോളം കാത്തുസൂക്ഷിച്ച ലജ്ജയും സ്വകാര്യതയും മാന്യതയുമാണ്. ഹിംസയെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് പ്രശ്‌നം. മുമ്പില്ലാത്തവിധം വര്‍ഗ-വര്‍ണ-വിഭാഗീയ ചിന്തകള്‍ ജ്വലിപ്പിക്കുന്നതില്‍ ആഗോളതലത്തില്‍ തന്നെ മീഡിയ നിര്‍ണായക പങ്കുവഹിച്ചു. മൂല്യങ്ങളെ തമസ്‌കരിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. മനുഷ്യര്‍ കാത്തുസൂക്ഷിച്ച പാരമ്പര്യ മാനുഷിക മൂല്യങ്ങളെ വെല്ലുവിളിക്കാനും എതിര്‍ നടക്കുന്നവരെ ഹീറോകളാക്കി മഹത്വവത്കരിക്കാനും മീഡിയ കൂട്ടുനിന്നു. രാഷ്ട്രീയ ഷണ്ഡീകരണം ഒരു മാധ്യമ അജണ്ടയായി എന്നതാണ് മറ്റൊരു വിലയിരുത്തല്‍. പുതുതലമുറയില്‍ അരാഷ്ട്രീയ ചിന്തകള്‍ പടര്‍ത്തുകയും സാമൂഹിക പ്രതികരണത്വരയെ തളര്‍ത്തുകയും ചെയ്യുക എന്നതും ഇതിന്റെ ഭാഗമാണ്.
'കല കലക്കു വേണ്ടി' എന്ന വാദം പോലെ ദൃശ്യമാധ്യമങ്ങള്‍ കേവല ആസ്വാദനത്തിന് എന്ന് സ്ഥാപിക്കപ്പെടുമ്പോള്‍ സ്‌ക്രീന്‍ സദ്യയിലെ മുന്തിയ ഇനമായി നഗ്നത ഇടം നേടുന്നു. പിന്നെ നാം കാണുന്നത് ക്യാമറകളുടെ ലീലാവിലാസങ്ങളാണ്. കട്ട് എവെ(സി.എ)ക്ക് പകരം ബ്രസ്റ്റ് ഷോട്ടു(ബി.എസ്)കളും എക്‌സ്ട്രീം ക്ലോസപ് (ഇ.സി.യു)കളും മേല്‍ക്കൈ നേടുന്നു. 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം' എന്നത്, കാമറയുടെ കൗതുകം എന്തിലാണെന്ന് പ്രേക്ഷകന് പൂരിപ്പിച്ച് പാടേണ്ടിവരുന്നു.
ചാനല്‍ സംസ്‌കാരം സമൂഹത്തില്‍ വരുത്തുന്ന മൂല്യശോഷണം സ്വന്തം മുറ്റത്തെത്തിയപ്പോള്‍ ജനത്തിന് ചൂടും വേവും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കാലങ്ങളായി നട്ടുവളര്‍ത്തിയ പൂമരങ്ങളാണ് വാടിക്കരിയുന്നത്. ഇലയും പൂവുമാണ് ഇപ്പോള്‍ കരിഞ്ഞ് വീഴുന്നതെങ്കില്‍ ഈ ഉള്‍ക്കേട് സംസ്‌കാരമെന്ന അകക്കാമ്പിനെയും അടിവേരിനെയും ബാധിക്കുമെന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്. കരുത്തു കുറഞ്ഞ, ശാഖകളും ചില്ലകളുമാകുന്ന കുട്ടികളെയും കൗമാരത്തെയും ബാല്യത്തെയും ഈ 'ദീവാളി' ആവോളം ബാധിച്ചുകഴിഞ്ഞു എന്ന് നാട്ടിലും മറുനാട്ടിലും നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നു.
പൗരസഞ്ചയത്തെ അരാഷ്ട്രീവത്കരിക്കുന്നതും സാമൂഹിക ഘടനയെ തകര്‍ക്കുന്ന വിധത്തില്‍ മീഡിയ വാഴുന്നതും മൂല്യബോധമുള്ള ജനതയുടെ ഗൗരവമുള്ള വിഷയമായി മാറേണ്ടതുണ്ട്. സാറ്റലൈറ്റ് കോര്‍പറേറ്റുകള്‍ക്കും പരസ്യക്കാര്‍ക്കുമിടയില്‍ പ്രേക്ഷകന്റെ അവകാശങ്ങള്‍ എന്താണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്. മീഡിയാ സ്വാതന്ത്ര്യത്തിന്റെ പേരില്‍, നല്‍കുന്നത് കണ്ടുകൊള്ളുക എന്ന ധിക്കാരവും ഏകാധിപത്യവും കലര്‍ന്ന രീതി ചോദ്യം ചെയ്യപ്പെടേണ്ടതുമുണ്ട്. രാജ്യത്തിന്റെയും ജനതയുടെയും സംസ്‌കാരത്തിന് അനുഗുണമായ ഒരു ദൃശ്യസംസ്‌കാരം നാം സ്വയം വളര്‍ത്തിയെടുക്കുമ്പോഴേ ഇതൊക്കെ സാധ്യമാകൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (9)
എ.വൈ.ആര്‍