യുദ്ധം പറയാത്തത്
ഒന്നര വയസ്സുള്ള കുഞ്ഞിനെ തങ്ങളുടെ തോളില്‍ തൂക്കിയ തൊട്ടിലില്‍ കിടത്തി മാറി മാറി ചുമന്നിട്ടും മുഹമ്മദ് ഇബ്‌റാഹീം അല്‍ സഹ്‌റാനിയും ഭാര്യ നൂറാ ആബിദയും നന്നേ തളര്‍ന്ന് അവശരായിരുന്നു. അവര്‍ക്ക് പുറമെ ഒരു കഴുതയും കഴുതപ്പുറത്ത് ആറു വയസ്സുള്ള വികലാംഗനായ മൂത്ത മകന്‍ മുഹമ്മദ് സജാദും കൂടെ ഉണ്ടായിരുന്നു.
അവര്‍ ബസ്വറയില്‍ നിന്ന് തുടങ്ങിയ യാത്രയാണ്. ഖുദ്ഫ് വഴി സിറിയയിലെ അഭയാര്‍ഥി ക്യാമ്പിലെത്താം എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ടതാണ്. വഴിയില്‍ വെച്ചാണ് ഖുദ്ഫിലും ബോംബ് വര്‍ഷം തുടങ്ങിയിട്ടുണ്ട് എന്നറിഞ്ഞത്. അങ്ങനെയാണ് സിറിയയിലേക്കുള്ള ദിക്ക് ചോദിച്ചറിഞ്ഞ് ഈ മരുഭൂമിയിലൂടെയുള്ള യാത്ര തുടങ്ങിയത്.
മരുഭൂമിയിലൂടെയുള്ള നടത്തം. പിന്നെ വെയിലിന്റെ ചൂടും. രണ്ടും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ദയ കാണിക്കാത്ത സൂര്യനെ ശപിക്കുന്നതിന് പകരം ദൈവത്തോട് സഹായം ചോദിച്ച് അവര്‍ യാത്ര തുടര്‍ന്നു.
അവശയായി ഇപ്പോള്‍ വീണ് പോകും എന്ന ഘട്ടമെത്തിയപ്പോള്‍ നൂറാ ആബിദാ പറഞ്ഞു: ''വയ്യ ഇബ്‌റാഹീം, ഇനി നടക്കാന്‍ വയ്യ. കുറച്ച് വിശ്രമിച്ചിട്ട് പോകാം.''
''ഈ പൊരിവെയിലത്ത് എങ്ങനെ വിശ്രമിക്കും നൂറാ.. നോക്കൂ കുറച്ച് അകലെയായി ഒരു മുള്‍ച്ചെടിക്കൂട്ടം കാണുന്നുണ്ട്. അതില്‍ തുണിപ്പന്തല്‍ കെട്ടി ആ തണലില്‍ വിശ്രമിക്കാം.''
അവര്‍ അകലെ കാണുന്ന കള്ളിമുള്‍ച്ചെടി ലക്ഷ്യമാക്കി നടന്നു.
കരുതിവെച്ച വെള്ളവും റൊട്ടിയും തീരാറായിട്ടുണ്ട്. അതില്‍ നിന്ന് അല്‍പം എടുത്ത് ആ തണലില്‍ ഇരുന്ന് അവര്‍ ഭക്ഷിച്ചു.
ഇനി എത്ര ദൂരം നടക്കാനുണ്ട് എന്നറിയില്ല. ഇത് കഴിഞ്ഞാല്‍ എന്തു ചെയ്യും? അവര്‍ തീരാറായ ഉണങ്ങിയ റൊട്ടിയിലേക്കും വെള്ളത്തിലേക്കും നോക്കി.
തോള്‍തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന് മുലപ്പാലും കഴുതക്ക് കള്ളിമുള്‍ച്ചെടിയും കൊടുത്ത് വീണ്ടും അവര്‍ യാത്ര തുടര്‍ന്നു.
യുദ്ധ വിമാനങ്ങള്‍ പ്രകമ്പനം കൊള്ളിച്ച് മരുഭൂമിക്ക് മുകളിലെ ശൂന്യതയിലൂടെ പറക്കുന്നുണ്ട്. അങ്ങ് ദൂരെ എവിടെ നിന്നൊക്കെയോ ബോംബ് വര്‍ഷിക്കുന്നതിന്റെ നേരിയ ശബ്ദം കേള്‍ക്കാം.
''സദ്ദാമിന്റെ പട്ടാളത്തിന് അധികം വൈകാതെ ബസ്വറയില്‍ നിന്ന് പിന്‍വാങ്ങേണ്ടിവരുമെന്നാണ് തോന്നുന്നത് നൂറാ.. അത്രക്ക് യുദ്ധ വിമാനങ്ങളാണ് ബസ്വറ ലക്ഷ്യമാക്കി പോകുന്നത്.'' ആകാശത്തിലൂടെ തങ്ങളെ മറികടന്നു പോകുന്ന യുദ്ധവിമാനങ്ങളെ നോക്കി മുഹമ്മദ് ഇബ്‌റാഹീം പറഞ്ഞു. ''അത് ശരിയായിരിക്കാം ഇബ്‌റാഹീം.. പക്ഷേ, നിങ്ങള്‍ ഒരിക്കലും സദ്ദാമിന്റെ പട്ടാളം എന്ന് പറയരുത്. നമ്മുടെ പട്ടാളമാണവര്‍. നമ്മുടെ രാജ്യത്തിന്റെ പട്ടാളം.''
തമ്മില്‍ തര്‍ക്കിക്കാനുള്ള സമയമല്ല ഇത് എന്നും, തമ്മില്‍ തര്‍ക്കിച്ചാല്‍ രാജ്യത്തിന്റെ പേരില്‍ തങ്ങള്‍ പരസ്പരം യുദ്ധം ചെയ്യേണ്ടിവരുമെന്നും ബോധ്യമുള്ളത് കൊണ്ട് മുഹമ്മദ് ഇബ്‌റാഹീം അതിന് മറുപടിയൊന്നും പറഞ്ഞില്ല.
പിന്നീടവര്‍ അതിനെക്കുറിച്ച് ഒന്നും സംസാരിച്ചതുമില്ല. നടത്തത്തിനിടയില്‍ ഇബ്‌റാഹീമിന്റെ തോള്‍ തൊട്ടിലില്‍ കിടന്നിരുന്ന കുഞ്ഞ് ഇടക്കിടെ കരയാന്‍ തുടങ്ങിയിരുന്നു. നൂറ കുഞ്ഞിനെ വാങ്ങി തന്റെ തോള്‍തൊട്ടിലില്‍ കിടത്തി കുറെശ്ശെ വെള്ളം കുഞ്ഞിന് കൊടുത്തു.
''ഇനിയും ലക്ഷ്യസ്ഥാനത്തെത്താന്‍ വൈകിയാല്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാവും, ഇബ്‌റാഹീം.'' കുഞ്ഞിന് വെള്ളം കൊടുക്കുന്നതിനിടയില്‍ നൂറാ ആബിദാ ഇബ്‌റാഹീമിനെ ഓര്‍മിപ്പിച്ചു.
മുഹമ്മദ് ഇബ്‌റാഹീം മുഖത്ത് തണല്‍ വരാന്‍ പാകത്തില്‍ നെറ്റിയില്‍ കൈവെച്ച് വിദൂരതയിലേക്ക് നോക്കി. എന്തെങ്കിലും ആശ്രയമുണ്ടോ?
ഇല്ല കണ്ണെത്തും ദൂരത്തൊന്നും ആശ്രയമായിട്ട് ഒന്നും കാണുന്നില്ല. എന്ത് വന്നാലും നടക്കുക തന്നെ. അതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഒരുപാട് ദൂരം തളര്‍ച്ച വകവെക്കാതെ ആ കുടുംബം നടന്നു.
നടത്തത്തിനിടയില്‍ നൂറാ ആബിദാ കുഞ്ഞിനെ നോക്കുന്നുണ്ടായിരുന്നു. ''നൂറാ, കുഞ്ഞ് ഇടക്കുള്ള കരച്ചില്‍ നിര്‍ത്തിയിട്ടുണ്ടല്ലോ. ഇനി ഞാനെടുത്തോളം.''
''വേണ്ടാ ഇബ്‌റാഹീം. കുഞ്ഞിനെ ഉണര്‍ത്തണ്ട.''
കുഞ്ഞിനെ ഇബ്‌റാഹീമിന് നല്‍കാതെ അവര്‍ യാത്ര തുടര്‍ന്നു.
''ഉമ്മാ വെള്ളം താ, എനിക്ക് വല്ലാതെ ദാഹിക്കുന്നു.'' കഴുതപ്പുറത്തിരിക്കുന്ന മുഹമ്മദ് സജാദ് ചോദിച്ചു. കുറച്ച് വെള്ളം മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ കുട്ടിയുടെ ചോദ്യം കേള്‍ക്കാത്തത് പോലെ നൂറാ മുന്നോട്ട് നടന്നു.
പക്ഷേ, കുട്ടി വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ വെള്ളം നല്‍കുകയല്ലാതെ നിവൃത്തിയില്ലെന്ന് വന്നു.
ശൂന്യമായ പാത്രം, ഇനിയൊന്നും ബാക്കിയില്ല.
ദാഹവും വിശപ്പും ദൂരത്തെ മരുഭൂമി കൊണ്ട് അളന്ന് നോക്കി. ദൂരം ഇനിയും ബാക്കിയാണ്.
ശരീരമാകെ തളര്‍ന്നു. അത് മാത്രമല്ല, നടന്ന് നടന്നുണ്ടായ രണ്ട് കാല്‍ തുടകളിലെയും മുറിവുകള്‍ അവരെ വേദനപ്പെടുത്തുന്നുമുണ്ട്.
അവര്‍ പരസ്പരം ഒന്നും ഉരിയാടാതെ നടന്നു. കൂടെ കഴുതയും.
കഴുതക്ക് നടത്തത്തിന് തളര്‍ച്ച വന്നിട്ടുണ്ട്. കഴുത തളര്‍ന്ന് കിടപ്പിലായാല്‍ വികലാംഗനായ മുഹമ്മദ് സജാദിനെയും കൊണ്ട് എങ്ങനെ പോകും എന്ന് ഒരുവേള ഇബ്‌റാഹീം ആലോചിച്ചു.
ദൈവമല്ലാതെ സഹായിക്കാന്‍ ആരും കൂട്ടിനില്ല. എല്ലാ വഴികളും അടയുമ്പോള്‍ മനുഷ്യന്‍ ശരണം തേടുന്ന ദൈവത്തോട് അയാളും പ്രാര്‍ഥിച്ചു.
ഇപ്പോള്‍ യുദ്ധത്തിന്റെ ചിത്രമെല്ലാം അവരുടെ മനസ്സില്‍ നിന്നും പോയി.
ഇനി ചെറിയ ഒരു പൊടിക്കാറ്റ് മതി അവരെല്ലാവരും തളര്‍ന്നുവീഴാന്‍. മരുഭൂമിയിലുണ്ടാകുന്ന ആ പൊടിക്കാറ്റിനെ അവര്‍ എപ്പോഴും പ്രതീക്ഷിച്ചിരിക്കുകയാണ്.
അപ്പോഴാണ് അങ്ങ് ദൂരെ ഏതോ പക്ഷി വട്ടമിട്ട് പറക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. അതവര്‍ക്ക് പ്രതീക്ഷ നല്‍കി. അടുത്തെങ്ങോ ഒരു പച്ചപ്പ് ഉണ്ടെന്ന പ്രതീക്ഷ.
ചെറിയ ഒരു മണല്‍തിട്ട കയറിയിറങ്ങിയപ്പോള്‍ അവരുടെ കാഴ്ചയില്‍ ആ പച്ചപ്പ് ഒരു കാരക്കത്തോട്ടമായി മാറി.
സമാശ്വാസത്തിന്റെ പച്ചപ്പിലേക്ക് ആരൊക്കെയോ അവരെ സ്വാഗതം ചെയ്തു. അവര്‍ക്ക് സ്വാഗതമോതിയവര്‍ കാരക്കയും റൊട്ടിയും വെള്ളവും നല്‍കി. സമാശ്വാസത്തിന്റെ കാരക്ക മരച്ചുവട്ടില്‍ മുഹമ്മദ് ഇബ്‌റാഹീം വിശ്രമിക്കുമ്പോഴാണ് തന്റെ തോള്‍ തൊട്ടിലില്‍ കിടന്ന് എപ്പോഴോ മരിച്ച കുഞ്ഞിന്റെ ജഡം നൂറാ ആബിദാ മുഹമ്മദ് ഇബ്‌റാഹീമിന് നല്‍കിയത്.
''നൂറാ ആബിദാ, കുഞ്ഞിന് ജീവനില്ലല്ലോ..''
''അതേ ഇബ്‌റാഹീം, കുഞ്ഞ് മരിച്ചിരിക്കുന്നു. ഇപ്പോഴല്ല, എപ്പോഴോ മരിച്ചിരിക്കുന്നു. ഞാനത് താങ്കളെ അറിയിക്കാതെ മറച്ചുവെച്ചത് മരുഭൂമിയുടെ നടുവില്‍ വെച്ച് താങ്കള്‍ ഇതറിഞ്ഞാല്‍ താങ്കള്‍ കൂടി തളരില്ലേ... താങ്കള്‍ കൂടി തളര്‍ന്നാല്‍...''
പിന്നീട് അവള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അടുത്തിരുന്ന് മുഹമ്മദ് സജാദ് വാവിട്ട് കരയാന്‍ തുടങ്ങിയിരുന്നു. ഒലിക്കാന്‍ കണ്ണീരില്ലാതെ ഇബ്‌റാഹീമും.
ആ സമയം ഒന്നും അറിയാതെ തീറ്റയില്‍ മാത്രം ശ്രദ്ധ കൊടുത്ത് ഇനിയും ചുമട് വഹിക്കാന്‍ തയാറാവുകയായിരുന്നു കഴുത.
Comments