ഷഫീഖ് അജ്മല്‍, തളിക്കുളം ഇസ്ലാമിയാ കോളേജ്
പി.കെ ജമാലിന്റെ 'മകളെ നീയെത്ര ധന്യ' (ലക്കം 33) എന്ന ലേഖനം ഹൃദ്യമായി. സ്ത്രീകളെ അപമാനിക്കലും പീഡിപ്പിക്കലും വര്‍ധിച്ച ഈ കാലത്ത് പ്രവാചകന്‍ എങ്ങനെയാണ് സ്ത്രീകളോട് പെരുമാറിയതെന്നും അവരെ ആദരിച്ചിരുന്നതെന്നും വിശദീകരിച്ചത് സന്ദര്‍ഭോചിതം തന്നെ.
വി.എം ഷാനവാസ് പെരിങ്ങോട്ടുകര
അബൂദര്‍റ് എടയൂര്‍ എഴുതിയ 'സദസ്സില്‍ പാലിക്കേണ്ട മര്യാദകള്‍' (ജനുവരി 16) ശ്രദ്ധേയമായി. ഒരു പേജിലൊതുങ്ങുന്ന ഹദീസ് പംക്തി വൈജ്ഞാനിക ഉള്ളടക്കമുള്ളതാക്കിത്തീര്‍ക്കാന്‍ ലേഖകന് സാധിച്ചിരിക്കുന്നു. തര്‍ബിയത്തിനും തസ്കിയത്തിനും ഊന്നല്‍ നല്‍കുന്ന ഈ പംക്തിയിലെ എഴുത്തുകള്‍ ഉയര്‍ന്ന വൈജ്ഞാനിക നിലവാരമുള്ളവയായാല്‍ ഇരട്ടി മധുരമായിരിക്കും വായനക്കാര്‍ക്ക് സമ്മാനിക്കുക.
നീതി വിധിക്കുമ്പോഴേക്ക് ഈ ചെറുപ്പത്തിന്റെ യുവത്വം മാഞ്ഞുപോയി കാണും
ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ നടക്കുന്ന പരിശീലന ക്യാമ്പുകള്‍ തീവ്രവാദത്തിന്റെ വിളനിലങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സധൈര്യം പ്രസ്താവിച്ചിരിക്കുന്നു. ആഭ്യന്തരവകുപ്പിന് ലഭിച്ച വ്യക്തമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാലേഗാവ്, സംഝോത എക്സ്പ്രസ് എന്നീ സ്ഫോടന പരമ്പരകളെ അക്കമിട്ട് എണ്ണി എ.ഐ.സി.സിയുടെ ചിന്താ ശിബിരത്തില്‍ അദ്ദേഹമിത് തുറന്നടിച്ചത്.
കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ പ്രതിചേര്‍ത്ത് 10 വര്‍ഷത്തോളം കാരാഗൃഹത്തിലാവുകയും പിന്നീട് നിരപരാധി എന്ന് കണ്ട് കോടതി വെറുതെ വിടുകയും ചെയ്ത, വികലാംഗനായ അബ്ദുന്നാസിര്‍ മഅ്ദനിയെ ഏതാനും ഫോണ്‍കോളുകളുടെ പേരില്‍ ബംഗളുരു സ്ഫോടനക്കേസില്‍ വീണ്ടും പ്രതിയാക്കി ഏറെ ആഘോഷപൂര്‍വം കര്‍ണാടകയിലേക്ക് കടത്തിയിട്ട് മൂന്നു വര്‍ഷത്തോളമാവുകയാണ്. രോഗിയായ അദ്ദേഹത്തിന് കോടതി നിര്‍ദേശിച്ച ചികിത്സ പേരിനെങ്കിലും ലഭ്യമാക്കാന്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്നു. ഒരു പക്ഷേ ബംഗളുരു ചിന്ന സ്വാമി സ്റേഡിയത്തിലെ സ്ഫോടനങ്ങള്‍ക്ക് പിന്നിലെ കരങ്ങള്‍ എത്തിപ്പെടുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവിച്ച മേല്‍പറഞ്ഞ ക്യാമ്പുകളിലേക്കായിരിക്കാം. രാജ്യത്ത് ഇത്തരത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ഒട്ടേറെ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് നിരപരാധികളായ അനേകം വിദ്യാസമ്പന്നരായ യുവാക്കള്‍ ജയിലറക്കുള്ളില്‍ കഴിയുന്നുണ്ട്. ഒരുവേള സത്യം മറനീക്കി പുറത്തുവരുമ്പോഴേക്കും അവരുടെയൊക്കെ തീക്ഷ്ണമായ യുവത്വം ജരാനരകള്‍ക്കടിപ്പെട്ടിരിക്കും.
നസീര്‍ പ്ളാമൂട്ടില്‍, മൂവാറ്റുപുഴ
ഉള്ള് ചീയുന്ന അപചയമല്ലാതെ ഇതെന്ത്
ഉന്മാദാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ട ഒരു സമൂഹത്തിന്റെ നാട്ടുനടപ്പാണ് അറുതിയില്ലാത്ത പീഡനങ്ങള്‍ക്ക് വഴിവെച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ രാജ്യസുരക്ഷക്ക് നിയോഗിക്കപ്പെട്ടവര്‍ നടത്തുന്ന കൊടുംപീഡനങ്ങള്‍ അനവധിയാണ്. അതൊന്നും പലപ്പോഴും വാര്‍ത്താമാധ്യമങ്ങളില്‍ വരുന്നില്ല. മണിപ്പൂരില്‍ ഇറോം ശര്‍മിള തുടരുന്ന സമരത്തിന്റെ അന്തസത്ത തന്നെ പട്ടാളത്തിന്റെ കൊടും ക്രൂരതയുടെ തിരിച്ചറിവില്‍ നിന്നാണ്. ഗോവിന്ദച്ചാമിയുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൌമ്യയുടെയും ദല്‍ഹിയില്‍ ഒരു കൂട്ടം യുവാക്കളുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെയും കഥ സ്ത്രീകള്‍ നേരിടുന്ന കൊടും പാതകത്തിന്റെ നേര്‍കാഴ്ചകളാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ കണ്ണിനും കാതിനും കിട്ടാതെ പോകുന്ന ക്രൂരമായ പീഡനകഥകള്‍ നടന്നുകൊണ്ടേയിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു-കശ്മീരിലുമെല്ലാം പീഡനത്തിനിടയില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. പിശാചുക്കള്‍ പോലും ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള ക്രൂരതകളാണ് നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. പീഡനത്തിനിരയാകുന്നവരുടെ കണ്ണീരും വേദനയും ആരും കാണുന്നില്ല. മനുഷ്യബോധ മണ്ഡലത്തില്‍ ഉണ്ടായ അപചയം എന്നല്ലാതെ ഇതിനെ മറ്റെന്തു പേരിട്ടാണ് വിളിക്കുക.
ഒ. രാജീവന്‍ മണാശ്ശേരി
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ
എ.ആര്‍ എഴുതിയ 'സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട' (ലക്കം 33) ലേഖനം 'സ്ത്രീ സംരക്ഷണവാദി'കള്‍ക്കുള്ള മറുപടിയാണ്. സ്ത്രീ സ്വാതന്ത്യ്രത്തിന്റെ പേരില്‍ സ്ത്രീകളെ ചൂഷണം ചെയ്യുകയാണ് പാശ്ചാത്യ, കമ്യൂണിസ്റ് രാജ്യങ്ങളെന്ന കാര്യം മത ധാര്‍മികതയോടുള്ള വിരോധം ഒന്നുകൊണ്ടു മാത്രം നിഷേധിച്ചിട്ട് കാര്യമില്ല. സ്ത്രീകളുടെ ദുരിത ജീവിതത്തിനു പ്രധാന കാരണമായ വ്യഭിചാരത്തെ രാഷ്ട്രീയാടിമത്തത്തിന്റെ പേരില്‍ എതിര്‍ക്കാത്ത മഹിളാ സംഘടനകളുടെ ഇരട്ടത്താപ്പ് വ്യക്തമാണല്ലോ. പാശ്ചാത്യ, കമ്യൂണിസ്റ് രാജ്യങ്ങളിലെ സ്ത്രീപീഡന കണക്കുകള്‍ക്കൊപ്പം ഓടിയെത്താനുള്ള ഇന്ത്യയുടെയും നമ്മുടെ കൊച്ചുകേരളത്തിന്റെയും ശ്രമത്തിനിടയില്‍ സ്ത്രീ സ്വാതന്ത്യ്രത്തിന്റെ വക്താക്കളായ പാര്‍ട്ടിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് 'സ്വഭാവദൂഷ്യ'ത്തിന്റെ പേരില്‍ സ്ഥാനത്യാഗം ചെയ്യേണ്ടിവന്നതും കൂട്ടത്തില്‍ ഓര്‍ക്കാമായിരുന്നു.
സ്ത്രീസുരക്ഷക്ക് വക്കൊടിഞ്ഞ കാഴ്ചപ്പാടുകള്‍
തിരുത്തുക തന്നെ പ്രധാനം
2012 ഡിസംബര്‍ 16-ന് 23 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ച കൂട്ട മാനഭംഗം സൃഷ്ടിച്ച കോലാഹലങ്ങള്‍ക്കിടയിലാണ് ഒരു പുതുവര്‍ഷം നമ്മെ വരവേറ്റത്. പുതിയ നിയമങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളികള്‍ ഉയര്‍ന്നുകേള്‍ക്കുന്നു. കര്‍ശന ശിക്ഷാനടപടികള്‍ അടങ്ങിയ നിയമങ്ങള്‍ക്ക് രൂപം നല്‍കിക്കൊണ്ടിരിക്കുന്നു. അതിവേഗ കോടതികള്‍ രൂപപ്പെടുന്നു. നിയമത്തിന് പെണ്‍കുട്ടിയുടെ പേരുനല്‍കണോ വേണ്ടയോ എന്നീ ഉപചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നു. മുമ്പെങ്ങുമില്ലാത്തവിധം സ്ത്രീ സുരക്ഷിതത്വ പ്രശ്നം സജീവമായ സന്ദര്‍ഭമാണിത്. ഇന്ത്യയിലെ അറബ് വസന്തമാണ് ഈ പ്രതിഷേധമെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നു (യു.എസ് മാധ്യമ പ്രവര്‍ത്തകന്‍ ഫരീദ് സക്കരിയ്യ). ചര്‍ച്ചകള്‍ ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലുമൊക്കെയായി പുരോഗമിക്കുമ്പോള്‍ തന്നെ സ്ത്രീ പീഡനങ്ങളുടെ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുന്നു.
എന്തുകൊണ്ടിങ്ങനെ സ്ത്രീ അവമതിക്കപ്പെടാന്‍ കാരണമാകുന്നു എന്ന പരിശോധനയില്‍ സമൂഹ മനസ്സിനെ നിയന്ത്രിക്കുന്ന ആശയങ്ങള്‍ (അവ മതകീയമായാലും മതേതരമായാലും) സ്ത്രീയെക്കുറിച്ച് കൃത്യവും ഉന്നതവുമായ ഒരു കാഴ്ചപ്പാട് പഠിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായി കാണാം. ക്ഷേത്ര പരിസരങ്ങളില്‍ സവര്‍ണരുടെ ലൈംഗിക തൃപ്തിക്ക് ഉപയോഗിക്കപ്പെടുന്ന ദേവദാസികളെക്കുറിച്ച് ഹൈന്ദവ ചരിത്രങ്ങളില്‍ വായിക്കാന്‍ കഴിയും. ഒരു കാലത്ത് സ്ത്രീക്ക് ആത്മാവുണ്ടോ എന്ന് ഗവേഷണം നടത്തിയ, സ്ത്രീ സ്പര്‍ശനം പാപമാണെന്ന് പ്രഘോഷിച്ച ക്രൈസ്തവ സഹോദരങ്ങള്‍ പക്ഷേ, ബൈബിളില്‍ മാതൃകാ യോഗ്യരായ ദാവീദിനെയും ലോത്തിനെയും നോഹയെയും ഒക്കെ പറ്റി എഴുതിപ്പിടിപ്പിച്ച മ്ളേഛമായ കഥകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. സ്റേറ്റിന്റെ സാമ്പത്തിക പുരോഗതിയുടെ വഴിയില്‍ പുരുഷനോടൊപ്പം പങ്കാളിയാകേണ്ട സ്ത്രീക്ക് പരിധികള്‍ നിശ്ചയിക്കാന്‍ പാടില്ലെന്ന്(അത് സദാചാര പരിധിയായാലും കുടുംബമായാലും) മാര്‍ക്സിസം പറയുന്നു. അല്‍പം കൂടി മുന്നോട്ടുപോയി മാര്‍ക്കറ്റിന്റെ വളര്‍ച്ചക്കുതകും വിധം സ്ത്രീ എന്ന ലൈംഗിക ഉല്‍പന്നത്തെ ഉദാരമായി ഉപയോഗിക്കുന്നു മുതലാളിത്തം. ഇവിടെയെല്ലാം സ്ത്രീയെ കുറിച്ച കാഴ്ചപ്പാട് വികലവും അപൂര്‍ണവുമാണെന്നു കാണാം.
ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ വൈവാഹിക ജീവിതത്തിലൂടെയാണ് സ്ത്രീ അവളുടെ പൂര്‍ണമായ സ്വത്വപ്രകാശനം സാധ്യമാക്കുന്നത്. സ്ത്രീക്കു ലഭിക്കുന്ന ഏറ്റവും മഹത്തായ സ്ഥാനമാണ് മാതൃത്വം. വൈവാഹിക ജീവിതത്തിലൂടെയാണ് അവള്‍ അതിലേക്ക് എത്തിച്ചേരുന്നത്. വിവാഹപൂര്‍വമായ അരാജകത്വ അടിച്ചുപൊളിയല്ല, മറിച്ച് വിവാഹാനന്തരമുള്ള മഹനീയമായ ആസ്വാദനമാണ് ഇസ്ലാം അവള്‍ക്കു വകവെച്ചു നല്‍കുന്നത്. അത് അവളിലെ അന്തസ്സു വര്‍ധിപ്പിക്കുന്നു. ആ അന്തസ്സിനു കോട്ടം തട്ടാത്ത വിധത്തില്‍ സമൂഹത്തില്‍ ഇടപെടാന്‍ അവള്‍ക്ക് ഇസ്ലാം അവസരം നല്‍കുന്നു. കാമാര്‍ത്തിയുമായി പ്രവാചക സന്നിധിയിലേക്കു കടന്നുവന്ന മനുഷ്യന്റെ മനസ്സില്‍ സ്ത്രീ എന്ന ലൈംഗിക ഉപകരണത്തിനുപകരം നിന്റെ സഹോദരി വ്യഭിചരിക്കപ്പെട്ടാല്‍, ഭാര്യ വ്യഭിചരിക്കപ്പെട്ടാല്‍, ഉമ്മ വ്യഭിചരിക്കപ്പെട്ടാല്‍ നീ എന്തു ചെയ്യുമെന്ന ചോദ്യത്തിലൂടെ സ്ത്രീയുടെ മഹനീയമായ അസ്തിത്വത്തെ ബോധ്യപ്പെടുത്തുകയായിരുന്നു പ്രവാചകന്‍. മടങ്ങിപ്പോകുന്ന ആ മനുഷ്യന്‍ പറഞ്ഞല്ലോ, ‘ഇവിടെ വരുമ്പോള്‍ എന്റെ ഏറ്റവും വലിയ ആഗ്രഹം വ്യഭിചരിക്കണമെന്നതായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞാനേറ്റവും വെറുക്കുന്നത് വ്യഭിചാരത്തെയാണ്’ എന്ന്.
സ്ത്രീയെ സംബന്ധിച്ച യഥാര്‍ഥ കാഴ്ചപ്പാടു രൂപപ്പെടുത്താന്‍ പൊതുസമൂഹം പ്രത്യേകിച്ച് സ്ത്രീ സമൂഹം തയ്യാറാകുന്നിടത്തു മാത്രമേ സ്ത്രീ സുരക്ഷ സാധ്യമാകൂ.
അതീഖുറഹ്മാന്‍
Comments