കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്
ഇസ്‌ലാമിക സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ മഹല്ല് ജമാഅത്തുകളുടെ ഏകീകരണവും സമുദായ പുരോഗതിയും സമുദായത്തെ ബാധിക്കുന്ന സമകാലിക പ്രശ്‌നങ്ങളിലുള്ള ഇടപെടലും ലക്ഷ്യമാക്കി 'ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ' രൂപം കൊടുത്ത സംഘടനയാണ് 'കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍.' പ്രാദേശിക മുസ്‌ലിം നേതൃത്വമായ മഹല്ല് ജമാഅത്ത് ഭാരവാഹികളെ ഏകോപിപ്പിച്ച് ഒരു നേതൃത്വത്തിന് കീഴില്‍ കൊണ്ടുവരികയും അതുവഴി മുസ്‌ലിം ബഹുജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്യുകയെന്ന ദൗത്യമാണ് ഇതിലൂടെ നിര്‍വഹിക്കാന്‍ ഉദ്ദേശിച്ചത്. ''സമുദായത്തില്‍ രണ്ട് വിഭാഗങ്ങളുണ്ട്, പണ്ഡിതന്മാരും (ഉലമാഅ്) നേതാക്കന്മാരും (ഉമറാഅ്) ആണത്. അവര്‍ നന്നായാല്‍ സമുദായം നന്നായി. അവര്‍ ദുഷിച്ചാല്‍ സമുദായമൊന്നാകെ ദുഷിച്ചു'' എന്ന നബിവചനമാണ് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ രൂപീകരിക്കാന്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമക്ക് പ്രചോദനമായത്.
ചരിത്രം
1981 ജൂലൈ 11ന് എം. ശിഹാബുദ്ദീന്‍ മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജമാഅത്ത് ഫെഡറേഷന്‍ രൂപം കൊണ്ടത്. മൗലാനാ നൂഹ് അല്‍ഖാസിമിയും കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ഉള്‍പ്പെടെ ദക്ഷിണയുടെ പ്രമുഖ പണ്ഡിതരുടെ പരിശ്രമഫലമായിരുന്നു ഫെഡറേഷന്റെ പിറവി. 1983 ആഗസ്റ്റ് 13ന് കൊല്ലം കര്‍ബലയില്‍ ചേര്‍ന്ന ആദ്യ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഔദ്യോഗിക ഭാരവാഹികളെ തെരഞ്ഞെടുത്തത്. മൗലാനാ മുഹമ്മദ് നൂഹ് അല്‍ ഖാസിമി (പ്രസിഡന്റ്), കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എം. ബാവ സാഹിബ്, പി.കെ കോയ മൗലവി, അഡ്വ. കായിക്കര ശംസുദ്ദീന്‍ (വൈസ് പ്രസിഡന്റുമാര്‍), ടി. ശാഹുല്‍ ഹമീദ് (ജനറല്‍ സെക്രട്ടറി), വി.പി മുഹമ്മദ് മൗലവി, എ. അബൂ മുഹമ്മദ്, അഡ്വ. സി.എം ഇബ്‌റാഹീം കുട്ടി (സെക്രട്ടറിമാര്‍), എ. യൂനുസ് കുഞ്ഞ് (ട്രഷറര്‍) എന്നിവരായിരുന്നു ആദ്യ നേതാക്കള്‍.
'ദക്ഷിണ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍' എന്നാണ് ആദ്യം പേര് നല്‍കിയിരുന്നത്. സംസ്ഥാനതലത്തില്‍ ഇടപെടേണ്ടിവരുമ്പോഴുള്ള പ്രായോഗിക സൗകര്യം കണക്കിലെടുത്ത് 'കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍' എന്ന് പുനര്‍നാമകരണം ചെയ്യുകയാണുണ്ടായത് ('കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍' എന്ന പേരില്‍ 1957-ല്‍ സ്ഥാപിക്കപ്പെട്ട ഒരു സംഘടന എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നു. അതിനെക്കുറിച്ച് മറ്റൊരിക്കല്‍ വിശദീകരിക്കുന്നുണ്ട്).
തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള തെക്കന്‍ ജില്ലകളാണ് ജമാഅത്ത് ഫെഡറേഷന്റെ പ്രവര്‍ത്തന മേഖലയായി നിശ്ചയിച്ചിട്ടുള്ളത്. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാകുംവിധം താലൂക്ക്, ജില്ലാ തലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ ജനറല്‍ ബോഡിയും വര്‍ക്കിംഗ് കമ്മിറ്റിയും നിലവിലുണ്ട്. തുടക്കത്തില്‍ ആയിരത്തില്‍ താഴെ മഹല്ലു ജമാഅത്തുകളാണ് ഫെഡറേഷനില്‍ അംഗങ്ങളായിരുന്നതെങ്കില്‍ 2012-ല്‍ 3000 ത്തില്‍ അധികമായി അത് വര്‍ധിച്ചു. മൗലാനാ മുഹമ്മദ് നൂഹ് അല്‍ ഖാസിമി (രക്ഷാധികാരി), കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (പ്രസിഡന്റ്), അഡ്വ. എ.എ സമദ് (വര്‍ക്കിംഗ് പ്രസി), അഡ്വ. കെ.പി മുഹമ്മദ് (ജന. സെക്ര), എ. യൂനുസ് കുഞ്ഞ് (ട്രഷറര്‍), അല്‍ഫ അബ്ദുല്‍ ഖാദിര്‍ ഹാജി, എം.എ സമദ് (വൈ. പ്രസി), കരമന മാഹീന്‍, വി.എം സലിം (സെക്ര) എന്നിവരാണ് ഇപ്പോള്‍ ജമാഅത്ത് ഫെഡറേഷന്റെ ഭാരവാഹികള്‍.
പ്രധാനമായും രണ്ട് തലങ്ങളിലാണ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒന്നാമത്തേത്, മഹല്ല് ശാക്തീകരണം. മഹല്ല് ജമാഅത്തുകള്‍ക്ക് അംഗത്വം നല്‍കുക, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുക, സമുദായ സംസ്‌കരണത്തിന് ഉതകുന്ന പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവ ഈ ഗണത്തില്‍ വരുന്നു. മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന പൊതു വിഷയങ്ങളിലെ ഇടപെടലുകളും പ്രക്ഷോഭപരിപാടികളുമാണ് രണ്ടാമത്തേത്. രാജ്യത്ത് ഉയര്‍ന്നുവരുന്ന ഏതാണ്ടെല്ലാ സാമുദായിക പ്രശ്‌നങ്ങളിലും ജമാഅത്ത് ഫെഡറേഷന്‍ ഇടപെടാറുണ്ട്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ഒരു മുസ്‌ലിം ബഹുജന സംഘടനയുടെ അജണ്ടകള്‍ പ്രയോഗവത്കരിക്കുന്നത് ജമാഅത്ത് ഫെഡറേഷന്റെയും യുവജന ഫെഡറേഷന്റെയും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ്.
ലക്ഷ്യങ്ങള്‍
കേരളത്തിലെ ഏതൊരു മഹല്ല് ജമാഅത്തിനും മഹല്ല് കൂട്ടായ്മക്കും മറ്റു സമുദായ സംസ്‌കരണ വേദികള്‍ക്കും മാതൃകയാക്കാവുന്ന ഉദ്ദേശ്യ ലക്ഷ്യങ്ങളാണ് ജമാഅത്ത് ഫെഡറേഷന്‍ അംഗീകരിച്ചിട്ടുള്ളത്.
1. അഹ്‌ലു സുന്നത്തി വല്‍ജമാഅത്തിന്റെ അടിസ്ഥാനത്തില്‍ സമുദായ നവോത്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുക.
2. വിശ്വാസ ദാര്‍ഢ്യതയും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ തനിമയും ജനഹൃദയങ്ങളില്‍ ഊട്ടിയുറപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
3. മദ്യം,മയക്കുമരുന്ന്, പലിശ, സ്ത്രീധന സമ്പ്രദായം, മറ്റു സാമ്പത്തിക ചൂഷണങ്ങള്‍ തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സമുദായത്തെ സജ്ജമാക്കുക.
4. വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ സര്‍വീസിലും മറ്റു പൊതുമേഖലകളിലും അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമുദായത്തിന് കരുത്ത് നല്‍കുക.
5. മുസ്‌ലിംകളുടെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവകാശ നിഷേധത്തെ ചെറുത്ത് തോല്‍പിക്കാനും സമുദായത്തെ പ്രാപ്തമാക്കുക.
6. ധൂര്‍ത്തിനും വിവാഹവേദികളിലും മറ്റു സാമൂഹിക ചടങ്ങുകളിലുമുള്ള അനിസ്‌ലാമിക പ്രവണതകള്‍ക്കുമെതിരെ ബോധവത്കരണം നടത്തുക.
7. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സകാത്ത് സംഭരണ വിതരണത്തിന് സംവിധാനമുണ്ടാക്കാന്‍ അംഗ ജമാഅത്തുകളെ സജ്ജമാക്കുക.
8. ദാരിദ്ര്യ നിര്‍മാര്‍ജനം, ആതുരശുശ്രൂഷ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗങ്ങളില്‍ സജീവമായി രംഗത്തിറങ്ങാന്‍ ജമാഅത്തുകള്‍ക്ക് പ്രോത്സാഹനം നല്‍കുക.
9. ആശുപത്രികള്‍, തൊഴില്‍ശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപിച്ച് കാര്യക്ഷമമായി നടത്താന്‍ ജമാഅത്തുകളെ ശക്തമാക്കുകയും നേരിട്ട് നടത്തുകയും ചെയ്യുക.
10. പലിശരഹിത ബാങ്ക് വ്യവസ്ഥാപിതമായും ഫലപ്രദമായും സ്ഥാപിച്ച് നടത്താന്‍ ജമാഅത്തുകളെ ബോധവത്കരിക്കുകയും നേരിട്ട് നടത്തുകയും ചെയ്യുക.
11. സമുദായാംഗങ്ങള്‍ തമ്മിലുള്ള വ്യവഹാരങ്ങളും വിവാഹ സംബന്ധമായ അഭിപ്രായ വ്യത്യാസങ്ങളും രമ്യമായി പരിഹരിക്കാന്‍ ശരീഅത്ത് ബോര്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുക.
12. ഉപരി പഠനത്തിനും ഉദ്യോഗ ലഭ്യതക്കും മറ്റു പ്രയോജനകരമായ വിവരങ്ങള്‍ നല്‍കുന്നതിനും ജമാഅത്തുകള്‍ തോറും ഗൈഡന്‍സ് ബ്യൂറോ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുകയും നേരിട്ട് സ്ഥാപിക്കുകയും ചെയ്യുക.
13. സ്‌കോളര്‍ഷിപ്പുകള്‍, ഗ്രാന്റുകള്‍, ഏജന്‍സികളില്‍നിന്നുള്ള മറ്റു ആനുകൂല്യങ്ങള്‍ എന്നിവ നേടിയെടുക്കാന്‍ ജമാഅത്തുകളെ ബോധവത്കരിക്കുക.
14. എല്ലാ അംഗ ജമാഅത്തുകളിലും അംഗങ്ങളുടെ വസ്തുനിഷ്ഠമായ സ്ഥിതിവിവരക്കണക്ക്, ജനന മരണ രജിസ്റ്റര്‍, വിവാഹ രജിസ്റ്റര്‍ എന്നിവ കൃത്യമായി സൂക്ഷിക്കുന്നതിന് ഏര്‍പ്പാടുണ്ടാക്കുക.
15. ദിനപത്രം, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ മറ്റു വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ നടത്തുക.
പ്രവര്‍ത്തനങ്ങള്‍
മഹല്ല് തലത്തില്‍ സമുദായ ശാക്തീകരണത്തിന് ഉതകുന്ന ഒട്ടധികം പരിപാടികള്‍ ജമാഅത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്നിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, കുടുംബ ജീവിതം, ജനസേവനം തുടങ്ങിയ മേഖലകളിലൊക്കെ ഗുണകരമായ ഒട്ടേറെ മാറ്റങ്ങള്‍ ഇതുവഴി സാധിച്ചിട്ടുണ്ട്.
മുസ്‌ലിം ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിനും അവര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും സമരങ്ങളും സമ്മേളനങ്ങളും ജമാഅത്ത് ഫെഡറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിക ശരീഅത്തിനെതിരെ 1980-കളില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിപുലമായ പരിപാടികള്‍ ഫെഡറേഷന്‍ നടത്തുകയുണ്ടായി. 1986-ല്‍ കൊല്ലം കര്‍ബലയില്‍ ജമാഅത്ത് ഫെഡറേഷനും യുവജന ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം ഈ വിഷയത്തില്‍ ദക്ഷിണ കേരളത്തില്‍ നടന്ന ശ്രദ്ധേയമായ പരിപാടിയായിരുന്നു. എ.എ റഹീം സാഹിബ്, അഡ്വ. കെ.പി മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരുടെ നായകത്വത്തില്‍ നടന്ന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനിയില്‍ നടന്ന അസ്വര്‍ നമസ്‌കാരത്തിന് മുഹമ്മദ് നൂഹ് അല്‍ ഖാസിമിയാണ് നേതൃത്വം നല്‍കിയത്. ആശ്രാമം മൈതാനിയില്‍ നിന്ന് കര്‍ബലയിലേക്ക് റാലിയും നടക്കുകയുണ്ടായി. ഒരു ലക്ഷത്തിലധികമാളുകള്‍ പങ്കെടുത്ത സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ഇസഡ് ആര്‍. അന്‍സാരിയായിരുന്നു മഖ്യാതിഥി. ദീനെ ഇലാഹി സൃഷ്ടിച്ചുകൊണ്ട് ഇസ്‌ലാമിക ശരീഅത്തിനെതിരെ രംഗത്തുവന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ ചരിത്രം ഇന്നത്തെ ഭരണാധികാരികള്‍ ഓര്‍ക്കണമെന്ന് താക്കീതു ചെയ്തുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രൗഢ പ്രസംഗം.
പിന്നാക്ക സമുദായങ്ങളുടെ മാഗ്നകാര്‍ട്ടാ എന്നറിയപ്പെട്ട മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വി.പി സിംഗ് സര്‍ക്കാറിന്റെ തീരുമാനം അട്ടിമറിക്കാന്‍ സവര്‍ണ-ഫാഷിസ്റ്റ് ലോബി ശ്രമം നടത്തിയപ്പോള്‍ ഉയര്‍ന്നുവന്ന പ്രതിരോധ പ്രക്ഷോഭങ്ങളില്‍ ജമാഅത്ത് ഫെഡറേഷന്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. 1990-ല്‍ എറണാകുളത്ത് വി.പി സിംഗിന് നല്‍കിയ സ്വീകരണത്തില്‍ ജമാഅത്ത് ഫെഡറേഷന്‍ പങ്കെടുക്കുകയും ഗസ്റ്റ് ഹൗസില്‍ ചെന്ന് നേരിട്ട് കണ്ട് ഫെഡറേഷന്‍ ഭാരവാഹികള്‍ പിന്തുണ അറിയിക്കുകയും ചെയ്തു. ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ വിശദീകരണ പൊതുയോഗങ്ങള്‍ ഇവ്വിഷയകമായി സംഘടിപ്പിക്കുകയുണ്ടായി. 1990-ല്‍ രാജ്ഭവന്‍ മാര്‍ച്ചും 1991-ല്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ഈ ആവശ്യാര്‍ഥം നടത്തിയിട്ടുണ്ട്. ഗവണ്‍മെന്റിന് നിരവധി നിവേദനങ്ങള്‍ നല്‍കുകയും സമുദായ പിന്നാക്കാവസ്ഥയുടെ തെളിവുകള്‍ വ്യക്തമാക്കുന്ന ഒട്ടേറെ രേഖകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
ബാബരി മസ്ജിദിന്റെ തകര്‍ച്ച കൂടി മുമ്പില്‍ വെച്ചുകൊണ്ട്, 1993-ല്‍ മസ്ജിദ്-മണ്ഡല്‍ പ്രക്ഷോഭമെന്ന തലക്കെട്ടിലുള്ള പ്രചാരണ പരിപാടികള്‍ ഫെഡറേഷന്‍ സംഘടിപ്പിച്ചു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദില്‍നിന്ന് ആരംഭിച്ച പ്രക്ഷോഭ യാത്ര തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മൈതാനിയില്‍ പൊതുസമ്മേളനത്തോടെയാണ് സമാപിച്ചത്. 1995-ല്‍ ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍നിന്നുണ്ടായപ്പോള്‍ അതിനെതിരായ പ്രക്ഷോഭങ്ങളില്‍ ദക്ഷിണയോടൊപ്പം ഫെഡറേഷനും രംഗത്തുണ്ടായിരുന്നു. പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുകയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കുകയും ചെയ്തു. കേരളത്തില്‍നിന്ന് പോയ സംഘത്തോടൊപ്പം ദയൂബന്ദ് ദാറുല്‍ ഉലൂമിലും ദല്‍ഹി നിസാമുദ്ദീനിലും പഠിക്കുന്ന മലയാളി മുസ്‌ലിം വിദ്യാര്‍ഥികളും പങ്കെടുത്ത മാര്‍ച്ചും പൊതുയോഗവും ജന്തര്‍മന്ദറില്‍ നടക്കുകയുണ്ടായി. പരിപാടിക്ക് ദേശീയ മാധ്യമങ്ങള്‍ കവറേജ് നല്‍കിയിരുന്നു.
മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 1995-ല്‍ ഗവണ്‍മെന്റ് ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചു. ദക്ഷിണയുടെ കീഴിലുള്ള മന്നാനിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഗവണ്‍മെന്റ് പദ്ധതിക്കെതിരെ 'സേവ് എജുക്കേഷന്‍' എന്ന പേരില്‍ ഒരു വിഭാഗം രംഗത്തുവരികയുണ്ടായി. അവര്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കും ഗവ. തീരുമാനത്തിനുമെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളും അവരോടൊപ്പം ചേര്‍ന്നു. ഇതോടെ ഗവണ്‍മെന്റ് തീരുമാനം നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. തദവസരത്തില്‍ ദക്ഷിണയും ജമാഅത്ത് ഫെഡറേഷനും പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. എറണാകുളത്ത് വിദ്യാഭ്യാസ നീതി സംരക്ഷണറാലി നടത്തി. ജഡ്ജ് അവന്യുവില്‍ നിന്ന് ദര്‍ബാര്‍ ഹാള്‍ മൈതാനം വരെ നീണ്ട പ്രകടനവും തുടര്‍ന്ന് പൊതുസമ്മേളനവും നടന്നു.
സംവരണത്തില്‍ മേല്‍തട്ട് വ്യവസ്ഥ നടപ്പിലാക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കാന്‍ നിയുക്തമായ ജസ്റ്റിസ് ജോസഫ് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നും കേരള നിയമസഭ പാസാക്കിയ സംരക്ഷണ നിയമത്തിന് ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി പ്രത്യേക പരിരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് പിന്നാക്ക സമുദായ മുന്നണി നടത്തിയ പ്രക്ഷോഭങ്ങളിലും പാര്‍ലമെന്റ് മാര്‍ച്ചിലും ജമാഅത്ത് ഫെറേഷന്‍ മുന്‍നിരയിലുണ്ടായിരുന്നു.
1997-98ല്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി 'ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകളുടെ പങ്ക്' എന്ന വിഷയത്തില്‍ ജമാഅത്ത് ഫെഡറേഷന്‍ ജില്ലകള്‍ തോറും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുകയുണ്ടായി. കോളേജുകളില്‍ നിന്ന് പ്രിഡിഗ്രി വേര്‍പ്പെടുത്തിയ വേളയില്‍ സ്വകാര്യ മേഖലയില്‍ അനുവദിച്ച 178 പ്ലസ്ടു കോഴ്‌സുകളില്‍ 10 എണ്ണം മാത്രമാണ് മുസ്‌ലിം സമുദായത്തിന് ലഭിച്ചിരുന്നത്. ഇതിനെതിരെ എം.ഇ.എസ് മുന്‍ കൈയെടുത്ത് രൂപീകരിച്ച 'മുസ്‌ലിം വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി'യില്‍ ജമാഅത്ത് ഫെഡറേഷനും പങ്കാളിത്തം വഹിച്ചു. കൊല്ലം ജില്ലയില്‍ ഇതിന്റെ നേതൃത്വം ഫെഡറേഷന് ആയിരുന്നു.
2005 ഡിസംബറില്‍ 'സാമ്രാജ്യത്വ അധിനിവേശം' എന്ന വിഷയത്തിലും 2006 മാര്‍ച്ചില്‍ നരേന്ദ്ര കമീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചും സെമിനാറുകള്‍ സംഘടിപ്പിച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതിന് വേണ്ടി 2007 ഫെബ്രുവരിയില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. വിഷയകമായി അഡ്വ. കെ.പി മുഹമ്മദ് തയാറാക്കിയ ലഘുലേഖ പ്രസിദ്ധീകരിക്കുകയും ചെയ്തു. വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും മഹല്ല് ജമാഅത്തുകളുടെ വിവാഹ രജിസ്‌ട്രേഷന്‍ അടിസ്ഥാനമാക്കി ആധികാരിക രേഖ ഉണ്ടാക്കണെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്തി. ഗവണ്‍മെന്റ് ന്യൂനപക്ഷ ക്ഷേമ ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 2007 സെപ്റ്റംബറിലും ധര്‍ണ നടത്തുകയുണ്ടായി. ന്യൂനപക്ഷ ക്ഷേമ പരിപാടികളെക്കുറിച്ച് ബോധവത്കരിക്കാനായി 2008 ഏപ്രിലില്‍ പഠന ക്ലാസ്സും സെമിനാറും സംഘടിപ്പിച്ചു.
മദ്‌റസാ നവീകരണത്തിന് വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് അനുവദിക്കുന്ന കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ സമീപനത്തിനെതിരെയും അധ്യാപക ക്ഷേമ നിധി, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ കാര്യക്ഷമമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഫെഡറേഷന്‍ രംഗത്തുവരികയും ഗവണ്‍മെന്റിന് മെമ്മോറാണ്ടം നല്‍കുകയും ചെയ്തു. ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനും അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാനും സത്വര നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ക്കും നിവേദനം നല്‍കി. കേരളത്തില്‍ ഒരു ന്യൂനപക്ഷ കമീഷന്‍ രൂപീകരിക്കണമെന്നും സര്‍ക്കാര്‍ കോര്‍പറേഷന്‍-ബോര്‍ഡുകളില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് 2011 നവംബറില്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചു. പ്രവാചകനിന്ദക്കെതിരെ 2012 ഒക്‌ടോബറില്‍ തിരുവനന്തപുരത്ത് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ചികിത്സാരംഗത്തേക്ക് കാലെടുത്തുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ ജമാഅത്ത് ഫെഡറേഷന്‍ തീരുമാനിക്കുകയും അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുവേണ്ടി 'ജമാഅത്ത് ഫെഡറേഷന്‍ ട്രസ്റ്റ്' രൂപീകരിക്കുകയും വര്‍ക്കലയില്‍ 25 ഏക്കര്‍ സ്ഥലം കണ്ടെത്തുകയും ചെയ്തു കഴിഞ്ഞു. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (പ്രസിഡന്റ്), അഡ്വ. കെ.പി മുഹമ്മദ് (സെക്രട്ടറി), ഹെര്‍ക്കുലീസ് അബ്ദുല്ലത്വീഫ് (ട്രഷറര്‍) എന്നിവരാണ് ട്രസ്റ്റ് ഭാരവാഹികള്‍.
(തുടരും)
[email protected]
Comments