നജ്ജാശിയുടെ നാട് തിരിച്ചു നടക്കുന്നു?
എത്യോപ്യ അടക്കമുള്ള ആഫ്രിക്കന്‍ ഭൂപ്രദേശം അടക്കിവാണിരുന്ന നജ്ജാശി രാജാവ് ഇസ്ലാമിനെ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കില്‍ പിന്‍മുറക്കാര്‍ ജൂതലോബിയുടെ സമ്മര്‍ദത്തിനുവഴങ്ങി ഇസ്ലാമിക ചിഹ്നങ്ങളെ തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ്. മുസ്ലിംകളോട് കടുത്ത വിവേചനം നടക്കുന്ന എത്യോപ്യയില്‍ നിലനില്‍പിനുവേണ്ടിയുള്ള പോരാട്ടം മുസ്ലിംകള്‍ ശക്തിപ്പെടുത്തുകയാണ്. എത്യോപ്യന്‍ തലസ്ഥാനമായ അദീസ് അബാബയില്‍ മത സ്വാതന്ത്യ്രം അനുവദിക്കണമെന്നും ജയില്‍ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് മുസ്ലിംകള്‍ ആരംഭിച്ച പ്രക്ഷോഭം തുടരുകയാണ്. എത്യോപ്യന്‍ മുസ്ലിംകളുടെ ഉന്നത ബോഡിയായ 'എത്യോപ്യന്‍ ഇസ്ലാമിക കാര്യ ഉന്നത സഭ'യിലേക്ക് സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന മുസ്ലിംകളുടെ ആവശ്യം നിരാകരിച്ച ഭരണകൂടം അര്‍ഹരല്ലാത്തവരെ കുടിയിരുത്തി ഉന്നത സഭയെ നിര്‍ജീവമാക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന ഒരു ഭരണസമിതിയെ വെച്ച് മുസ്ലിം താല്‍പര്യങ്ങളെ ഹനിക്കാനുള്ള സര്‍ക്കാര്‍ ശ്രമം രാജ്യത്ത് അക്രമം വര്‍ധിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് വിവിധ മുസ്ലിം സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
'ഭീകര വിരുദ്ധ' നിയമത്തിന്റെ മറവില്‍ എത്യോപ്യന്‍ മുസ്ലിം പ്രതിനിധികളെ ജയിലിലടച്ച് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ എത്യോപ്യന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. എത്യോപ്യന്‍ ജനസംഖ്യയുടെ 34 ശതമാനത്തിലധികം വരും മുസ്ലിംകള്‍. 62 ശതമാനം വിവിധ ക്രിസ്തീയ വിഭാഗങ്ങളും ബാക്കി ഗ്രോത്ര വര്‍ഗ വിഭാഗങ്ങളുമാണ്.
ഫെബ്രുവരി ഉച്ചകോടിയില്‍
ഫലസ്ത്വീനും സിറിയയും മ്യാന്മറും മുഖ്യ അജണ്ട
ഫെബ്രുവരി 6,7 തീയതികളില്‍ ഈജിപ്തില്‍ ചേരുന്ന ഒ.ഐ.സി (ഛൃഴമിശമെശീിേ ീള കഹെമാശര ഇീീുലൃമശീിേ)യുടെ ഉച്ചകോടിയില്‍ ഫലസ്ത്വീനും സിറിയയും മ്യാന്മറും മുഖ്യ ചര്‍ച്ചാവിഷയമായിരിക്കുമെന്ന് സെക്രട്ടറി ജനറല്‍ പ്രഫ. അക്മലുദ്ദീന്‍ ഇഹ്സാന്‍ ഓഗ്ലു പറഞ്ഞു. മാലി, സോമാലിയ, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുമെന്ന് സെക്രട്ടറി ജനറല്‍ അറിയിച്ചു. ഇസ്ലാമോഫോബിയ, ബഹുമത സംവാദ സാധ്യതകള്‍, സാമ്പത്തിക സാംസ്കാരിക സാമൂഹിക വിഷയങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്യും. മുസ്ലിം രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ച് 'സംയുക്ത ഇസ്ലാമിക മാര്‍ക്കറ്റ്' എന്ന ആശയം ഒ.ഐ.സി മുന്നോട്ട് വെക്കുന്നുണ്ട്. എന്നാല്‍, നിലവിലെ സാമ്പത്തിക രാഷ്ട്രീയ സാഹചര്യം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സഹായകമാകുമോ എന്ന ആശങ്കയും ഇഹ്സാന്‍ ഓഗ്ലു പങ്കുവെച്ചു. മുസ്ലിം ലോകത്ത് സമ്പൂര്‍ണ ദാരിദ്യ്ര നിര്‍മാര്‍ജനമെന്ന സംഘടനയുടെ ലക്ഷ്യം സാധ്യമാക്കാന്‍ വേണ്ട നടപടികള്‍ക്ക് രൂപം നല്‍കിയതായും സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. നാലു ഉപ ഭൂഖണ്ഡങ്ങളിലായി മൊത്തം 57 അംഗരാജ്യങ്ങളാണ് ഒ.ഐ.സിയിലുള്ളത്.
ജനുവരി 25 വിപ്ളത്തിനുശേഷം ഈജിപ്തില്‍ ചേരുന്ന ആദ്യ ഒ.ഐ.സി ഉച്ചകോടി എന്ന നിലക്ക് മുസ്ലിം ലോകം പ്രതീക്ഷകളോടെയാണ് അതിനെ നോക്കിക്കാണുന്നത്.
ആസ്ത്രേലിയയില്‍ മുസ്ലിം പ്രഫസര്‍ക്ക്
സര്‍ക്കാര്‍ ബഹുമതി
ബഹുമത സംവാദത്തിലൂടെ ഇസ്ലാമിനെ ആസ്ത്രേലിയന്‍ സമൂഹത്തിന് പരിചയപ്പെടുത്താനുള്ള ശ്രമത്തിനും ആസ്ത്രേലിയന്‍ സര്‍വകലാശാലകളില്‍ ഇസ്ലാമിക പഠന വിഭാഗത്തെ കാര്യക്ഷമമാക്കിയതിനും മെല്‍ബോണ്‍ യൂനിവേഴ്സിറ്റി പ്രഫസര്‍ അബ്ദുല്ല സഈദിനെ സര്‍ക്കാര്‍ ബഹുമതിയായ 'മെമ്പര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ആസ്ത്രേലിയ' നല്‍കി ആദരിച്ചു. മാലദ്വീപില്‍ ജനിച്ച അബ്ദുല്ല സഈദ്, സുഊദി അറേബ്യയിലാണ് ഇസ്ലാമിക പഠനം പൂര്‍ത്തിയാക്കിയത്. 1992-ല്‍ മെല്‍ബോണ്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഇസ്ലാമിക പഠനത്തില്‍ ഡോക്ടറേറ്റ് നേടി. ഇസ്ലാമിക പ്രബോധനം, മനുഷ്യാവകാശം, ആസ്ത്രേലിയന്‍ മുസ്ലിം സമൂഹ ക്ഷേമം, മത സ്വാതന്ത്യ്രം തുടങ്ങിയ രംഗങ്ങളില്‍ ഡോ. അബ്ദുല്ല സഈദ് പ്രവര്‍ത്തിച്ചുവരുന്നു.
ആസ്ത്രേലിയന്‍ സര്‍വകലാശാലകളില്‍ ഇസ്ലാം മത പഠനത്തിന് സ്വീകാര്യത വര്‍ധിച്ചുവരികയാണ്. 9/11 നു ശേഷമാണ് ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്തുവന്നുകൊണ്ടിരിക്കുന്നത്. ആസ്ത്രേലിയന്‍ സമൂഹത്തില്‍ പ്രത്യേകിച്ച് യുവാക്കളില്‍ ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണ അകറ്റുന്നതില്‍ മുഖ്യപങ്കുവഹിക്കാന്‍ കഴിഞ്ഞതായി പ്രഫസര്‍ അബ്ദുല്ല പറഞ്ഞു. വിവിധ ക്രിസ്ത്രീയ വിഭാഗങ്ങളുമായി ബഹുമത സംവാദ സദസ്സുകളില്‍ ഏര്‍പ്പെടാറുള്ള അദ്ദേഹം മുന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ഡോ. റോവന്‍ വില്യംസുമായി സംവാദം നടത്തിയിരുന്നു.
1975-ല്‍ ആസ്ത്രേലിയയിലെ രാജ്ഞിയായിരുന്ന എലിസബത്ത് രണ്ടാമയാണ് വിവിധ മേഖലകളിലുള്ള സേവനത്തിന് 'ഓര്‍ഡര്‍ ഓഫ് ആസ്ത്രേലിയ' അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും പ്രത്യേക രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുന്നവര്‍ക്ക് നല്‍കുന്ന ബഹുമതിയാണ് 'മെമ്പര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ആസ്ത്രേലിയ'.
അഭയാര്‍ഥി പ്രവാഹം
തുടരുന്നു
സിറിയയിലെ യുദ്ധക്കെടുതികളില്‍ നിന്ന് ജീവനും മരണത്തിനുമിടയില്‍ പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ പ്രവാഹം തുടരുകയാണ്. ജോര്‍ദാന്‍ അതിര്‍ത്തിയിലൂടെ ജനുവരിയില്‍ മാത്രം 52,500 പേര്‍ പലായനം ചെയ്തതായാണ് കണക്ക്. സ്ത്രീകളും കുട്ടികളും പ്രായമായവരും രോഗികളും പരിക്കേറ്റവരുമടങ്ങുന്ന അഭയാര്‍ഥി പ്രവാഹം അതിര്‍ത്തി സുരക്ഷാ സേനക്ക് കടുത്ത ബാധ്യതയായി മാറിയതായി ജോര്‍ദാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സഞ്ചാര യോഗ്യമല്ലാത്ത പാതയിലൂടെ ദീര്‍ഘ ദൂരം യാത്രചെയ്ത ശേഷമേ പരിമിതമായ സൌകര്യങ്ങളുള്ള അഭയാര്‍ഥി ക്യാമ്പുകളിലെത്തിപ്പെടാനാവൂ. 2011 മാര്‍ച്ചില്‍ സിറിയന്‍ വിപ്ളവം ആരംഭിച്ചതിനുശേഷം ജോര്‍ദാനില്‍ മാത്രം വിവിധ ക്യാമ്പുകളിലായി മൂന്നര ലക്ഷത്തോളം അഭയാര്‍ഥികളുണ്ട്. ജോര്‍ദാനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഭക്ഷണം, മരുന്ന്, ചികിത്സ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി മുസ്ലിം വേള്‍ഡ് ലീഗ് അസി. സെക്രട്ടറി ജനറല്‍ ഇഹ്സാന്‍ ത്വയ്യിബ് അറിയിച്ചു. ജോര്‍ദാന്‍, ലബനാന്‍, തുര്‍ക്കി എന്നീ പ്രമുഖ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ പത്തുലക്ഷത്തില്‍ കവിയും.
ഇസ്ലാമിക ശരീഅത്തില്‍ ഉറച്ചുനില്‍ക്കുമെന്ന്
സുഡാന്‍ ജനത ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും രാജ്യം ശരീഅത്ത് നിയമത്തില്‍ ഉറച്ചുനില്‍ക്കുന്നുമെന്ന് സുഡാന്‍ വൈസ് പ്രസിഡന്റ് ഡോ. നാഫിഅ് അലി നാഫിഅ് വ്യക്തമാക്കി. സുഡാനെതിരെ ജൂതലോബി നിരന്തരം കള്ളങ്ങള്‍ ചമച്ചുവിടുകയാണെന്നും ശത്രുക്കളുടെ കുതന്ത്രങ്ങള്‍ക്ക് സുഡാന്‍ ജനതയെ പരാജയപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ദീനും സ്റേറ്റും രണ്ടാണെന്ന രീതിയില്‍ ചില ആഫ്രിക്കന്‍ നാടുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇസ്ലാമിന്റെ ശത്രുക്കളുടെ കുപ്രചാരണം വിലപ്പോവില്ലെന്നും സുഡാന്‍ പണ്ഡിത സഭ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ഉസ്മാന്‍ സ്വാലിഹ് പറഞ്ഞു. രാജ്യം ഇസ്ലാമിക ശരീഅത്ത് നിയമമായി സ്വീകരിക്കണമെന്നത് സുഡാന്‍ ജനതയുടെ അഭിലാഷമാണ്. ജനഹിതത്തിനെതിരെ ഭരണം നടത്താന്‍ ഒരു ഭരണാധികാരിക്കും കഴിയുകയില്ലെന്നും ഡോ. മുഹമ്മദ് സ്വാലിഹ് പറഞ്ഞു.
ഈജിപതില്‍ വിപ്ളവത്തെ തല്ലിക്കെടുത്താന്‍
പ്രതിലോമ ശക്തികള്‍ രംഗത്ത്
ഈജിപ്തിലെ ഏകാധിപതി ഹുസ്നി മുബാറക്കിനെ പുറത്താക്കിയ ജനുവരി 25 വിപ്ളവം രണ്ടാം പിറന്നാള്‍ പിന്നിടുമ്പോള്‍ ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വന്ന പ്രഥമ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പ്രതിലോമ ശക്തികള്‍. രാജ്യം ഭരിക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്തത് ഇസ്ലാമിക മൂല്യങ്ങള്‍ നെഞ്ചേറ്റുന്ന മുസ്ലിം ബ്രദര്‍ഹുഡ് ആയത് ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറത്താണ്. വിപ്ളവത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ രാജ്യത്ത് കലാപങ്ങള്‍ അഴിച്ചുവിടാനാണ് കൊണ്ടുപിടിച്ച ശ്രമം.
പ്രസിഡന്റ് മുര്‍സിക്കെതിരെ പടനയിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടില്‍ ഇസ്ലാമിനെതിരെ പ്രതിഷേധവുമായി നഗ്നതാ പ്രദര്‍ശനം നടത്തി ഉലകം ചുറ്റുന്ന ഈജിപ്തുകാരിയും ദുരൂഹ കൂട്ടായ്മ ബ്ളാക് ക്ളോക് അംഗവുമായ അല്‍യാ അല്‍ മഹ്ദി മുതല്‍ ഹുസ്നി മുബാറക്കിന്റെ വലം കൈയായിരുന്ന, ഇപ്പോള്‍ ഈജിപ്ഷ്യന്‍ കോടതിയില്‍ അഴിമതിക്കുറ്റം ആരോപിക്കപ്പെട്ട് വിദേശത്ത് സുഖവാസം നയിക്കുന്ന അഹ്മദ് ശഫീഖ് വരെയുണ്ട്. മുബാറക്ക് യുഗത്തിലെ അവസാന പ്രധാന മന്ത്രിയായിരുന്ന ശഫീഖ്, മുര്‍സിയോട് മത്സരിച്ചു തോറ്റതാണ്. പ്രസിഡന്റ് മുര്‍സിക്കും മുസ്ലിം ബ്രദര്‍ഹുഡിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ശഫീഖ് രംഗത്ത് വന്നു. മുര്‍സിയെ പുറത്താക്കാന്‍ ഒരു രണ്ടാം വിപ്ളവം വേണമെന്നാണ് അഹ്മദ് ശഫീഖിന്റെ വാദം. എന്നാല്‍, ശഫീഖിന്റെ വാദത്തെ ഈജിപ്തിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ നജാദ് അല്‍ബര്‍ഇ പുഛിച്ചു തള്ളി. മുസ്ലിം ബ്രദര്‍ഹുഡിന്റെ എല്ലാ നിലപാടുകളെയും അംഗീകരിക്കാനാവില്ലെങ്കിലം വിപ്ളവത്തിന്റെ സംരക്ഷകനായി അഹ്മദ് ശഫീഖ് രംഗത്തുവരുന്നത് ബുദ്ധിയുള്ള ഒരു ഈജിപ്തുകാരനും അംഗീകരിക്കുകയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
മുസ്ലിം ബ്രദര്‍ഹുഡും അതിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിയും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അസാധാരണമായ സംയമനം പാലിക്കുന്നത് ശത്രുക്കള്‍ മുതലെടുക്കുന്നുണ്ട്.
നാടുവിടാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സൈനുല്‍ ആബിദീന്‍
മുല്ലപ്പൂ വിപ്ളവം അധികാരത്തില്‍നിന്ന് പുറത്താക്കിയ തുനീഷ്യന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലി താന്‍ നാടുവിടാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി. പുറത്തായി രണ്ടുവര്‍ഷത്തിനുശേഷം ഇതാദ്യമായി ഒരു തുനീഷ്യന്‍ വെബ് പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ വിപ്ളവകാലത്ത് നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ താനോ തന്റെ മന്ത്രിമാരോ കല്‍പിച്ചിരുന്നില്ലെന്നും ബിന്‍ അലി കുമ്പസരിച്ചു.
2011 ജനുവരി 14-നാണ് സൈനുല്‍ ആബിദീന്‍ ബിന്‍അലി തുനീഷ്യ വിട്ടത്. തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടായതുകൊണ്ടാണ് പ്രത്യേക വിമാനത്തില്‍ സുഊദിയിലേക്ക് പുറപ്പെട്ടത്. കുടുംബത്തെ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് തിരിച്ചുപോകാനായിരുന്നു തന്റെ പരിപാടി. എന്നാല്‍, തന്നെ അറിയിക്കാതെ വിമാനം ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും തിരിച്ചു പറക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ രാജ്യത്ത് പിടി മുറുക്കിയതായ വിവരം ലഭിച്ചപ്പോള്‍ സുരക്ഷാ കേന്ദ്രങ്ങളടക്കമുള്ള സുപ്രധാന സ്ഥലങ്ങള്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് വിധേയമായപ്പോള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മാത്രമാണ് താന്‍ ഉത്തരവിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്ക് 'മൊസാദു'മായി അടുത്ത ബന്ധമുണ്ടായിരുന്നതായി തുനീഷ്യന്‍ പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങളുടെ മുന്‍ മേധാവി അല്‍ബശീര്‍ അത്തുര്‍ക്കി ആരോപിച്ചു. തലസ്ഥാനത്ത് 'തുനീഷ്യന്‍ ഗതകാല സ്മരണകളും വര്‍ത്തമാന ചരിത്രവു'മെന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സംവാദത്തില്‍ സംസാരിക്കവെ 1988-ല്‍ തുനീഷ്യയില്‍ വധിക്കപ്പെട്ട ഫലസ്ത്വീന്‍ നേതാവ് അബൂജിഹാദിനെ ഇസ്രയേലിന് ഒറ്റുകൊടുത്തത് ബിന്‍ അലിയായിരുന്നുവെന്നും അല്‍ബശീര്‍ വെളിപ്പെടുത്തി.
Comments