മാനേജ്‌മെന്റ് വിദഗ്ധന്‍ കണ്ട പ്രവാചകന്‍
മുഹമ്മദ് നബിയുടെ നേതൃഗുണങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ കുറെയുണ്ട്; അമുസ്‌ലിംകള്‍ രചിച്ചവ അടക്കം. എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരു പുതിയ പഠന സരണി ഈ വിഷയത്തില്‍ തുറക്കപ്പെട്ടിട്ടുണ്ട്. മത പ്രവാചകന്‍ എന്ന നിലക്കല്ലാതെ ഒരു നേതാവെന്ന നിലക്ക് അദ്ദേഹത്തിന്റെ പ്രത്യേകതകള്‍ വിലയിരുത്തുന്ന യുക്തിചിന്താപരമായ പഠനങ്ങളാണ് ഈ ആധുനിക ഗണത്തിലുള്ളവ. പ്രവാചക ജീവിതത്തെപ്പറ്റിയുള്ള 'അതിമാനുഷ വര്‍ണനകള്‍' ഒഴിവാക്കി, സമൂഹത്തിലും മനുഷ്യരാശിയിലും മുഹമ്മദ് നബി സൃഷ്ടിച്ചെടുത്ത നന്മകള്‍ അന്വേഷിക്കുന്ന രീതി അവലംബിച്ചവരാണ് മുഹമ്മദ് അബ്ദു, റശീദ് രിദാ, ശിബിലി നുഅ്മാനി തുടങ്ങിയവര്‍. പ്രവാചകന്റെ രാജ്യതന്ത്രജ്ഞത, വ്യാപാര വൈദഗ്ധ്യം, രാഷ്ട്രീയ പാടവം എന്നിവക്ക് പുറമെ അദ്ദേഹത്തിന്റെ ആധ്യാത്മിക ഔന്നത്യവും അവര്‍ വിശകലനം ചെയ്തു.
എന്നാല്‍, ഇവരെല്ലാം മുസ്‌ലിംകളും വിശ്വാസികളുമാണ്. പ്രവാചകനെന്ന ദൗത്യത്തിന് പിന്‍ബലവും അനുബന്ധവുമെന്ന നിലയിലാണ് അവര്‍ അദ്ദേഹത്തിന്റെ നേതൃപാടവത്തെ കണ്ടത്. 2010-ല്‍ ഇറങ്ങിയ മറ്റൊരു പഠനം ഇക്കാര്യത്തില്‍ വ്യത്യസ്തമാണ്.
ജോണ്‍ അഡയര്‍ (John Adair) എഴുതിയ 'മുഹമ്മദിന്റെ നേതൃത്വം' (The Leadership of Muhammad, Kogan Page Ltd, 117 pages) ആണ് പുസ്തകം. അഡയര്‍ മുസ്‌ലിമല്ല; പുസ്തകം മതാചാര്യനെക്കുറിച്ച പഠനവുമല്ല. മാനേജ്‌മെന്റ് വിദഗ്ധനായ ഗ്രന്ഥകര്‍ത്താവ്, മാനേജ്‌മെന്റ് വിജ്ഞാനീയത്തിന്റെ ഭാഗമെന്ന നിലക്കു മാത്രം മുഹമ്മദിന്റെ ജീവിതത്തെ നോക്കിക്കാണുകയാണ്. അദ്ദേഹത്തിന്റെ ലക്ഷ്യം മതപ്രബോധനമോ വ്യക്തിത്വപഠനമോ അല്ല; മറിച്ച് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വേണ്ടി നേതൃഗുണങ്ങളെക്കുറിച്ച ആധുനിക തത്ത്വങ്ങളുടെ പ്രായോഗിക ആവിഷ്‌കാരം അവതരിപ്പിക്കുകയാണ്. ഒരു മതാചാര്യനെക്കുറിച്ച അഡയറുടെ ഈ വിലയിരുത്തല്‍ മാനേജ്‌മെന്റ് ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളുപയോഗിച്ചുള്ള, തികച്ചും മതനിരപേക്ഷമായ ഒന്നാണ് എന്നര്‍ഥം.
ചെറുപ്പം മുതലേ ഒരുപാട് നേതൃഗുണങ്ങള്‍ മുഹമ്മദിന് സിദ്ധിച്ചിരുന്നു. അവയുടെ ഒരു ഉറവിടം, അറബി ഗോത്ര പാരമ്പര്യ പ്രകാരം അദ്ദേഹം ചെറുപ്പത്തില്‍ ബദുക്കളുടെ കൂടെ കുറെകാലം കഴിഞ്ഞപ്പോള്‍ കിട്ടിയ ശിക്ഷണമാണെന്ന് അഡയര്‍ കണ്ടെത്തുന്നുണ്ട്. ഇതദ്ദേഹം പറയുന്നതാകട്ടെ, താന്‍തന്നെ ബദുക്കളുടെ സമൂഹത്തില്‍ ജീവിച്ചതിന്റെ നേരനുഭവങ്ങള്‍ മുന്നില്‍ വെച്ചും. ജോര്‍ദാനില്‍ ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ കഴിഞ്ഞകാലത്താണ് അഡയര്‍ ഇസ്‌ലാമിനെയും പ്രവാചകനെയും കൂടുതല്‍ മനസ്സിലാക്കിയത്. തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം ധാരാളം അറബിപദങ്ങളും പഴമൊഴികളും വിവരിക്കുന്നുമുണ്ട്.
1934-ല്‍ ജനിച്ച പ്രഫസര്‍ ജോണ്‍ എറിക് അഡയര്‍ ബ്രിട്ടീഷുകാരനാണ്. യുവാവായിരിക്കെ സ്‌കോട്ട്‌സ് ഗാര്‍ഡ്‌സ് എന്ന സൈനിക യൂനിറ്റിന്റെ പ്ലറ്റൂണ്‍ കമാന്ററായി ഈജിപ്തില്‍ സേവനമനുഷ്ഠിച്ചു. അതിനിടെ, മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത ഒരു കാര്യം അദ്ദേഹം ചെയ്തു: അറബ് ലീജനില്‍ സേവനം ചെയ്യാന്‍ അവസരം ആവശ്യപ്പെട്ടു; അതില്‍ ബഡൂയിന്‍ റജിമെന്റിന്റെ നായകനായി; പിന്നെ കുറച്ചുകാലം ജറൂസലമില്‍ പോര്‍നിരയില്‍ പ്രവര്‍ത്തിച്ചു. നാവികസേനാ കോളേജില്‍ പഠിച്ച ശേഷം ഐസ്‌ലന്റില്‍ ആര്‍ട്ടിക് ട്രോളറില്‍ ജോലി ചെയ്തു. കപ്പല്‍ ജീവനക്കാരനായും ആശുപത്രി ഓര്‍ഡര്‍ലിയായും ജോലി ചെയ്തു. പിന്നെ ഔപചാരിക വിദ്യാഭ്യാസം തുടര്‍ന്ന അദ്ദേഹം ഡോക്ടറേറ്റടക്കം അനേകം ബിരുദങ്ങള്‍ നേടി. ആറു വര്‍ഷം മിലിറ്ററി അക്കാദമിയില്‍ സീനിയര്‍ ലക്ചററായിരുന്നു. 1979-ല്‍ സറെ യൂനിവേഴ്‌സിറ്റിയില്‍ നേതൃത്വ വിജ്ഞാനീയ (Leadership Studies) വകുപ്പിന്റെ പ്രഥമ പ്രഫസറായി. പിന്നീട് എക്‌സിറ്റര്‍ യൂനിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസര്‍, വിന്‍സര്‍ ലീഡര്‍ഷിപ്പ് ട്രസ്റ്റിന്റെ എമറിറ്റസ് ഫെലോ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. നേതൃശേഷി, നേതൃശേഷി വികസനം, വ്യത്യസ്ത മേഖലകളിലേക്കുള്ള പ്രത്യേക നേതൃഗുണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ ആധികാരിക പണ്ഡിതനായി അഡയര്‍ അറിയപ്പെടുന്നു. 2006-ല്‍ അദ്ദേഹം പുദോങിലെ ചൈന എക്‌സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് അക്കാദമിയില്‍ ലീഡര്‍ഷിപ്പില്‍ ഓണററി പ്രഫസറായി. ടൂറിനില്‍ യു.എസ് സിസ്റ്റം സ്റ്റാഫ് കോളേജില്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസില്‍ മേധാവിയായി അദ്ദേഹം 2009 മുതല്‍ പ്രവര്‍ത്തിക്കുന്നു- ഈ സ്ഥാനം വഹിച്ചിട്ടുള്ള ഏക വ്യക്തി. അഡയര്‍ സംഘടിപ്പിക്കുന്ന നേതൃശേഷി വികസന പരിപാടികളില്‍ ലോകമെങ്ങുമുള്ള പത്തു ലക്ഷത്തിലധികം മാനേജര്‍മാര്‍ ഇതിനകം പങ്കെടുത്തിട്ടുണ്ട്. ജോണ്‍ ഹാര്‍വിജോണ്‍സുമായി ചേര്‍ന്ന് അദ്ദേഹം നല്‍കിയ മാനേജ്‌മെന്റ് ക്ലാസുകളാണത്രെ ഐ.സി.ഐ എന്ന നഷ്ടത്തിലോടുന്ന ബ്രിട്ടീഷ് സ്ഥാപനത്തെ നൂറ് കോടി പൗണ്ട് ലാഭമുണ്ടാക്കുന്ന കമ്പനിയാക്കിയത്. മാനേജ്‌മെന്റിനെയും നേതൃശേഷിയെയും കുറിച്ച് അമ്പതില്‍ പരം ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട് അഡയര്‍. കൂട്ടത്തില്‍ ചിലത്: Effective Team building; Effective Motivation; Effective Leadership Development; How to Grow Leaders.
എന്തുകൊണ്ടീ ഗ്രന്ഥം?
The Leadership of Muhammad എഴുതാനുള്ള പ്രേരണയെപ്പറ്റി അഡയര്‍ പറയുന്നു: രാഷ്ട്രീയത്തിലായാലും മാനേജ്‌മെന്റിലായാലും നേതൃത്വത്തിന്റെ പ്രാധാന്യം തെളിഞ്ഞു കാണുന്ന കാലമാണിത്. ഈ രംഗത്ത് പടിഞ്ഞാറന്‍ (പ്രത്യേകിച്ച് അമേരിക്കന്‍) ആശയങ്ങളാണ് നാമേറെയും കേള്‍ക്കുന്നത്. ചരിത്രത്തില്‍ നേതൃശേഷി തെളിയിച്ച മുഹമ്മദിനെപ്പറ്റി ഒരുപാട് എഴുതപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നേതൃപാടവം വിശകലനം ചെയ്യുന്ന കാമ്പുള്ള പഠനങ്ങള്‍ ഉണ്ടായിട്ടില്ല. ഈ പോരായ്മ പരിഹരിക്കേണ്ടതുണ്ട്.
യു.എന്‍ സ്ഥാപനത്തിലെ ലീഡര്‍ഷിപ്പ് പഠന വിഭാഗം പ്രഫസറെന്ന നിലയില്‍ തനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടതായി അഡയര്‍ പറയുന്നു: ''നല്ല നേതൃത്വം, നന്മക്കായുള്ള നേതൃത്വം എന്നതിനെപ്പറ്റി സാര്‍വത്രികമായ പഠന ഫലങ്ങള്‍ നിലവിലുണ്ട്. ഈ സാര്‍വ ലൗകിക നേതൃത്വ തത്ത്വങ്ങളുടെ ജീവിക്കുന്ന ആവിഷ്‌കാരമായിരുന്നു മുഹമ്മദിന്റെ ജീവിതം.'' ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് 2011-ലെ മികച്ച മാനേജ്‌മെന്റ് ഗ്രന്ഥ പുരസ്‌കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 'മുഹമ്മദിന്റെ നേതൃശേഷി' യു.എ.ഇയുടെ മികച്ച നോവലിതര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.
പ്രവാചകന്റെ ജീവിതത്തിലെ സംഭവങ്ങളിലൂടെയുളള ഓട്ട പ്രദക്ഷിണം കൂടിയായി അനുഭവപ്പെടുന്ന ഈ പുസ്തകം എളുപ്പം വായിച്ചു പോകാവുന്ന ഒന്നാണ്. മുഖവുരക്കും ഉപസംഹാരത്തിനുമിടക്ക് എട്ട് കൊച്ചു അധ്യായങ്ങളിലായി മുഹമ്മദ് നബിയുടെ ജീവിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ അവതരിപ്പിക്കുന്നു: പക്വമതിയായ നേതാവ്, സഹിഷ്ണുതയുടെ പാരമ്യം, വിവേകം, മുഹമ്മദ് 21-ാം നൂറ്റാണ്ടിന്റെ പ്രവാചകന്‍, സഹചാരികളെ നയിച്ചതിലെ സാമര്‍ഥ്യം, വേദക്കാരോടുള്ള ആര്‍ദ്രത, ഗോത്രക്കാരോടൊപ്പം, ആട്ടിടയന്‍, സാര്‍ഥവാഹകരുടെ നേതാവ്, മരുഭൂവാസികളുടെ നായകന്‍, വിശ്വസ്തത, കഷ്ടപ്പാട് പങ്കുവെച്ചയാള്‍, വിനയം എന്നിങ്ങനെ പ്രതിപാദ്യങ്ങള്‍ നീളുന്നു.
ബനൂ സഅദ് ഗോത്രക്കാരുടെ 'കറുത്ത തമ്പുകളി'ലെ ജീവിതത്തെപ്പറ്റിയാണ് ആദ്യ അധ്യായം. എന്തുകൊണ്ട് ഇങ്ങനെയൊരു തുടക്കം? അഡയര്‍ ഒരു അഭിമുഖത്തില്‍ വിശദീകരിച്ചതിങ്ങനെ: ''ഗോത്രവര്‍ക്കാരോടൊപ്പം കുറച്ചുകാലം ജീവിക്കാന്‍ കുട്ടികളെ വിടുകയെന്നത് മക്കയിലെ ചില കുടുംബങ്ങളില്‍ പതിവായിരുന്നു. ഇന്നും അറേബ്യയില്‍ ഈ പാരമ്പര്യമുണ്ട്. സ്ഫുടമായ അറബി തനിക്ക് സിദ്ധിച്ചത് ബദുക്കളില്‍ നിന്നാണെന്ന് മുഹമ്മദ് പറഞ്ഞിരുന്നു. എന്നാല്‍, മറ്റുള്ളവരെ നയിക്കുന്നതിന്റെ സവിശേഷമായ ഗോത്ര രീതികളും അദ്ദേഹം സ്വായത്തമാക്കിയത് അവരില്‍ നിന്നാവണം.''
''....... ആദ്യകാലത്ത് ഏതാനും ആളുകളില്‍ തുടങ്ങി, വിടവാങ്ങല്‍ ഹജ്ജിന്റെ സമയത്ത് 1,25,000ത്തോളമായിരുന്നു അനുയായികളുടെ എണ്ണമെങ്കില്‍ ഇന്നത് 180 കോടിയിലേറെയായിരിക്കുന്നു. യു.എന്‍ അംഗ രാഷ്ട്രങ്ങളില്‍ 57 എണ്ണം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളാണ്. ഇത് മുഹമ്മദ് എന്ന വ്യക്തിയുടെ നേതൃശേഷിയുടെ തെളിവു കൂടിയാണ്.''
ഈ പുസ്തകത്തിന്റെ പ്രതിപാദ്യം 'മുഹമ്മദ് എങ്ങനെ മഹാനായ മുസ്‌ലിം നേതാവായി എന്നതല്ല, മറിച്ച് അദ്ദേഹം എങ്ങനെ മഹാനായ ഒരു നേതാവായി എന്നതാണ്; മുഹമ്മദിനെ അദ്ദേഹത്തിന്റെ ദൗത്യത്തില്‍നിന്ന് വേര്‍പെടുത്തി പരിശോധിക്കുന്നു അഡയര്‍'' (ഹസന്‍ ഇബ്‌റാഹീം എഴുതിയ നിരൂപണത്തില്‍ നിന്ന്). നേതാവിനു വേണ്ട അവശ്യ ഗുണങ്ങളായ ധീരത, സത്യസന്ധത, പ്രായോഗിക ബുദ്ധി, ധാര്‍മികാധികാരം, വിനയം എന്നിവയെല്ലാം പ്രവാചകനിലുണ്ടായിരുന്നു. ആരും നേതാവായി ജനിക്കുന്നില്ല, നേതാവായി മാറുകയാണ്- അഡയര്‍ പറയുന്നു.
ഇസ്‌ലാമിനെക്കുറിച്ചോ അതിന്റെ ആദര്‍ശത്തെക്കുറിച്ചോ ഈ ഗ്രന്ഥത്തില്‍ ഒന്നും കാണില്ല. പകരം മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെയും സാംസ്‌കാരിക സന്ദര്‍ഭത്തെയും കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ നേതൃഗുണങ്ങള്‍ വിശകലനം ചെയ്യുകയാണ്. നേതൃത്വമെന്നാലെന്താണ്, അത് എങ്ങനെ വികസിപ്പിച്ചെടുക്കാം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാന്‍ നേതൃസ്ഥാനത്ത് നിര്‍ണിതമായി വിജയിച്ച ഒരാളെ ഉദാഹരണമായെടുക്കുന്നു. ആ മാതൃകാപുരുഷനാകട്ടെ വ്യാപാര രംഗത്തും രാഷ്ട്രീയാധികാരത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും കൂട്ടുസംരംഭകത്വത്തിലും മാനുഷിക മൂല്യങ്ങളിലുമെല്ലാം വിജയിച്ചയാളുമാണ്. ഒരു നേതാവിനെ വേറിട്ടു നിര്‍ത്തുന്നതെന്താണ്? മുന്നില്‍ നിന്ന് നയിക്കുകയും സ്വയം മാതൃക കാട്ടി നയിക്കുകയും ചെയ്യുമെന്നതാണെന്ന് അഡയര്‍. അഹങ്കാരമുണ്ടാകില്ല- വിനയത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരിക്കും. സത്യനിഷ്ഠയുണ്ടാകും. കഷ്ടപ്പാടുണ്ടാകുമ്പോള്‍ അനുയായികളോടു ചേര്‍ന്ന് അവ പങ്കിടും. ലക്ഷ്യം നേടാന്‍ വേണ്ട ദൂരക്കാഴ്ചയും സമര്‍പ്പണവും ഉണ്ടായിരിക്കും. അഡയര്‍ പറയുന്നു: വിജയമെന്നാല്‍ നേതൃശേഷിയുടെ ഒരു ധര്‍മമല്ലാതൊന്നുമല്ല(Success is a function of leadership); നല്ല നേതാവായിരുന്നില്ലെങ്കില്‍ മുഹമ്മദ് ഇത്ര വലിയ വിജയം നേടുമായിരുന്നില്ല. ഈ ഗ്രന്ഥത്തിന്റെ അപ്രഖ്യാപിത പ്രമേയമാണിത്.
അനുയായികള്‍ക്ക് പ്രിയങ്കരന്‍
നബിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ അഡയര്‍ വിശകലന വിധേയമാക്കുന്നുണ്ട്. അവയിലൊന്ന്: പ്രബോധനത്തിന്റെ ആദ്യകാലത്ത് ഇസ്‌ലാമിന്റെ നിലനില്‍പിന് നിര്‍ണായകമായിരുന്നു ബദ്ര്‍ യുദ്ധം. ശ്രദ്ധാപൂര്‍വം പോര്‍നിര ശരിപ്പെടുത്തുകയായിരുന്നു പ്രവാചകന്‍. കൈയിലെ അമ്പ് നീട്ടിപ്പിടിച്ച് വരി നേരെയാക്കുന്നു. അപ്പോഴാണ് ഒരാള്‍ വരിയില്‍നിന്ന് അല്‍പം മുന്നോട്ടു കടന്നു നില്‍ക്കുന്നത് ശ്രദ്ധിച്ചത്- സവാദ് ബ്‌നു ഗസ്‌യയായിരുന്നു ആള്‍. 'വരിയൊപ്പിച്ച് നില്‍ക്കൂ സവാദ്' എന്നു പറഞ്ഞുകൊണ്ട് നബി അദ്ദേഹത്തിന്റെ പള്ളക്ക് അമ്പുകൊണ്ടൊന്ന് അമര്‍ത്തി. വേദന ഭാവിച്ച് കരഞ്ഞ സവാദ് പറഞ്ഞു: 'നേരും നെറിയും പഠിപ്പിക്കാനല്ലേ താങ്കളെ ദൈവം അയച്ചത്? അതുകൊണ്ട് എനിക്കിപ്പോള്‍ തന്നെ താങ്കളോട് പകരം വീട്ടണം.' 'ശരി, വീട്ടിക്കോളൂ' എന്ന് പറഞ്ഞു പുഞ്ചിരിച്ച നബി സ്വന്തം വയറ് തുറന്നുകാട്ടി. സവാദ് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബിച്ചിട്ട് പറഞ്ഞു: 'റസൂലേ, ഈ യുദ്ധത്തെ ഞാന്‍ അതിജയിക്കുമെന്നുറപ്പില്ല.അതുകൊണ്ട് അങ്ങയുടെ മേനി തൊടാന്‍ കിട്ടിയ ഈ അവസാന അവസരം ഞാന്‍ ഉപയോഗിച്ചതാണ്'. മുഹമ്മദ് അദ്ദേഹത്തെ ആശീര്‍വദിച്ചു. 'ഇത്തരം പോരാളികളുള്ളപ്പോള്‍ യുദ്ധത്തില്‍ തോല്‍ക്കുന്നതെങ്ങനെ?' അഡയറുടെ ചോദ്യം.
അനുയായികള്‍ പ്രവാചകനെ എത്രമാത്രം സ്‌നേഹിച്ചു എന്നതിന്റെ വേറെയും ഉദാഹരണങ്ങള്‍ അഡയര്‍ നിരത്തുന്നുണ്ട്. ഗുണപാഠം ഇങ്ങനെ: ''മേധാവിയായിട്ടോ മാനേജരായിട്ടോ നിയമനം നിങ്ങള്‍ നേടിയേക്കാം. എന്നാല്‍, ആ നിയമനം അനുയായികളുടെ മനസ്സുകളിലും ഹൃദയങ്ങളിലും സ്ഥിരപ്പെടുംവരെ നിങ്ങളൊരു നേതാവാകില്ല.'' തന്റെ ഗ്രന്ഥത്തിന്റെ അടിസ്ഥാന ആശയം പ്രതിഫലിപ്പിക്കുന്ന ഒരു പ്രവാചകവചനം അതിന്റെ പുറംചട്ടയില്‍ അഡയര്‍ എടുത്തുചേര്‍ത്തിരിക്കുന്നു: ''ഒരു യാത്രയില്‍ ജനങ്ങളുടെ നേതാവ് അവരുടെ സേവകനായിരിക്കും.'' സാക്ഷാല്‍ നേട്ടമെന്നാല്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റലാണ്- അതിന്റെ ഫലം അനുഭവിക്കേണ്ടത് മാറ്റത്തിന്റെ ചാലകശക്തിയായ ആ നേതാവല്ല, ആര്‍ക്കു വേണ്ടിയാണോ മാറ്റം ലക്ഷ്യമിടുന്നത് ആ ജനതയാണ്.
ലോകം ഇന്ന് തേടുന്നത് ശരിയായ നേതാക്കളെയാണെന്ന് അഡയര്‍. ഓരോ മേഖലയിലും ഓരോ തലത്തിലും നേതൃപാടവമുള്ളവരുണ്ടായാല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. വിശ്വസ്തത (അല്‍ അമീന്‍), ആത്മാര്‍ഥത, സത്യസന്ധത, ക്ഷമ, ആര്‍ദ്രത തുടങ്ങിയ അനേകം ഗുണവിശേഷണങ്ങളോടൊപ്പം മുഹമ്മദ് നബിക്ക് വിലപ്പെട്ട മറ്റൊന്നു കൂടിയുണ്ടായിരുന്നു. നര്‍മബോധം. ബദുക്കളില്‍നിന്ന് ആര്‍ജിച്ചതാവാം അതുമെന്ന് അഡയര്‍ കരുതുന്നു.
അഡയറുടെ ഈ ഗ്രന്ഥത്തെ നിരൂപണം ചെയ്തുകൊണ്ട് ഡെലാവയര്‍ യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ മുഖ്തദര്‍ ഖാന്‍ എഴുതി: പ്രവാചകന്റെ ഒരുപാട് തീരുമാനങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന ഈ മികവുറ്റ ഗ്രന്ഥത്തിലും ഒരു പോരായ്മയുണ്ട്. തീരുമാനമെടുക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ക്ക് പ്രവാചകന്‍ കല്‍പിച്ച പ്രാധാന്യത്തെപ്പറ്റി ഒന്നും പറഞ്ഞില്ല എന്നതാണത്. ഒരു സംഭവം മുഖ്തദര്‍ ഖാന്‍ അനുസ്മരിക്കുന്നു:
ഹുദൈബിയ സന്ധിയില്‍ ഖുറൈശികളുടെ അന്യായ നിബന്ധനകള്‍ക്ക് വഴങ്ങിയതിനെച്ചൊല്ലി പ്രവാചകന്റെ അനുചരരില്‍ ചിലര്‍ അസ്വസ്ഥരായിരുന്നു. ഉപാധികള്‍ അംഗീകരിച്ചുകൊണ്ട് ഹജ്ജിന്റെ കര്‍മങ്ങള്‍ ചെയ്യാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുസരിക്കാന്‍ മടിച്ചു. തീര്‍ത്തും ദുഃഖിതനായ പ്രവാചകന്‍ തമ്പിലേക്ക് മടങ്ങി. ആ ഘട്ടത്തിലാണ് ഭാര്യ ഉമ്മു സലമ അദ്ദേഹത്തോട് പറഞ്ഞത്: അങ്ങ് തിരിച്ചുപോകണം; എന്നിട്ട് അനുയായികളോട് ചെയ്യാന്‍ പറഞ്ഞ കര്‍മങ്ങള്‍ സ്വയം ചെയ്തു തുടങ്ങണം. നബി അതുതന്നെ ചെയ്തു. അദ്ദേഹത്തിന്റെ മാതൃക പിന്തുടര്‍ന്ന് മറ്റുള്ളവരും ഒപ്പം ചേര്‍ന്നു. ഒരു കലാപം മുളയിലേ നുള്ളിക്കളഞ്ഞ ആ ബുദ്ധി ചെറുതല്ലല്ലോ.
ഏതായാലും മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ് തുടങ്ങിയവയെ സംബന്ധിച്ച ആധികാരിക പഠനമെന്ന നിലക്ക് നബിയെ നേതൃത്വ വിജ്ഞാനീയത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച് പരിശോധിക്കുന്ന ഈ പുസ്തകം പ്രവാചകനെ മതനേതാവായി അംഗീകരിച്ചിട്ടില്ലാത്തവര്‍ക്ക് മാത്രമല്ല, അദ്ദേഹത്തെ മതനേതാവായി മാത്രം പരിചയപ്പെട്ടവര്‍ക്കും പ്രയോജനകരമാണ്. പ്രവാചകനെ അദ്ദേഹത്തിന്റെ 'പാരമ്പര്യ അനുയായികളുടെ' പിടിയില്‍ നിന്ന് മോചിപ്പിച്ച് ലോകത്തിനാകെ സമ്മാനിക്കാനുള്ള ശ്രമം കൂടിയാണിത്.
Comments