Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 09

പേരിന്റെ പേരിലൊരു സ്മാര്‍ത്ത വിചാരം

ഇഹ്‌സാന്‍

കെ.കെ ഷാഹിനയുടെ കാര്യത്തിലും 'കുട്ടാപ്പി അമ്മയെ തല്ലി'യാലെന്നതു പോലെ രണ്ടുപക്ഷം സാധ്യമാവുമെന്ന് മലയാളിയെ ആദ്യം പഠിപ്പിച്ചത് കേരളകൗമുദിയാണ്. മലയാള മനോരമ മുതല്‍ ജന്മഭൂമി വരെയുള്ള ഏതാണ്ടെല്ലാ മലയാള മാധ്യമങ്ങളുടെ നിലപാടും ഇക്കാര്യത്തില്‍ ഒന്നുതന്നെയായിരുന്നു. ഷാഹിനയെ ന്യായീകരിക്കുന്ന കാര്യത്തില്‍ ഇവര്‍ക്കൊക്കെ ബംഗളുരു പോലീസിനെയോര്‍ത്ത് മുട്ടിടിച്ചു. മാമ്മന്‍ മാപ്പിളയുടെയും കെ. സുകുമാരന്റെയും പാരമ്പര്യമുള്ള പത്രത്തിലെ ജീവനക്കാര്‍ക്കെതിരെ ദേശദ്രോഹത്തിനു കേസുവന്നാല്‍ എന്തിനു കൊള്ളാം? മഅ്ദനിയെ ന്യായീകരിക്കുക സമം രാജ്യദ്രോഹം എന്നാണല്ലോ തത്ത്വം. അതുകൊണ്ടാവണം ഇവരെല്ലാം ചേര്‍ന്ന് ഒരു ന്യായമെന്ന കണക്കിന് ഷാഹിനയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയത്. നീതിവാഴ്ചയുടെ കാര്യത്തില്‍ തറവാടികളായ ഈ പത്രമുത്തശ്ശിമാര്‍ക്ക് അബദ്ധം പറ്റി എന്നു വരുന്നതിനേക്കാളും എളുപ്പമാണ് അബ്ദുന്നാസിര്‍ മഅ്ദനി കേസില്‍ ഷാഹിന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത രീതിയില്‍ 'തെറ്റു പറ്റി'യെന്നു പ്രചരിപ്പിക്കുന്നത്. തടിയന്റവിട നസീറുമായി ഷാഹിന കുടകില്‍ കൂടിക്കാഴ്ച നടത്തിയെന്നു വരെ കേരള കൗമുദി എഴുതിപ്പിടിപ്പിച്ചു. താന്‍ തടിയന്റവിട നസീറിന്റെ അമ്മായി ആണെന്ന് കേരളകൗമുദി എഴുതിയില്ലല്ലോ, അത്രയുമെങ്കിലും ആശ്വാസമുണ്ട് എന്നായിരുന്നു ഷാഹിന തന്നെ ഈ റിപ്പോര്‍ട്ടിനെ കുറിച്ചു പ്രതികരിച്ചത്. നീതിവാഴ്ചയെയും യുക്തിബോധത്തെയും സാമാന്യബുദ്ധിയെയും എല്ലാറ്റിനുമുപരി സംസ്ഥാനം പുലര്‍ത്തുന്ന മതേതരത്വത്തെയുമൊക്കെ നമ്മുടെ പത്രങ്ങള്‍ ഇത്രകണ്ട് കശക്കിയെറിഞ്ഞ സംഭവം അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല.
മഅ്ദനി കേസില്‍ സാധ്യതയുടെ പതിനായിരത്തില്‍ ഒരംശം ഉണ്ടെങ്കില്‍ പോലും നീതിവാഴ്ചയില്‍ വിശ്വസിക്കലാണ് പൗരധര്‍മമെന്ന് സ്വയം സമാധാനിച്ച് ആ അറസ്റ്റിനെ ന്യായീകരിച്ചവരാണ് മലയാളികള്‍. ഒന്നിനു പിറകെ മറ്റൊന്നായി വന്ന കള്ളക്കഥകളുടെ മലവെള്ളപ്പാച്ചിലിലും മഅ്ദനി കുടകില്‍ പോയിട്ടില്ല എന്നു തന്നെയാണ് ഇന്നും നാം വിശ്വസിക്കുന്നത്. അങ്ങനെ സംഭവിച്ചിട്ടില്ല എന്നതിനുള്ള തെളിവുകള്‍ മഅ്ദനിയെ കുറിച്ചു പറയപ്പെട്ട കഥകളുടെ എത്രയോ മടങ്ങ് സത്യസന്ധവും യുക്തിഭദ്രവുമായിരുന്നു. കലൂരിലെ ജോസ് വര്‍ഗീസിനു മുമ്പാകെ കണ്ണു മാത്രം പുറമെ കാണാവുന്ന വിധത്തില്‍ കറുത്ത മുഖംമൂടിയിട്ട ഒരു രൂപത്തെ കെട്ടിയെഴുന്നള്ളിച്ച ബംഗളുരു പോലീസ് ആ രൂപം ദക്ഷിണേന്ത്യയിലെ ലശ്കറെ ത്വയ്യിബ കമാണ്ടര്‍ തടിയന്റവിട നസീറാണെന്നും നേരത്തെ മഅ്ദനി വാടകക്കാരനായി താമസിച്ച വര്‍ഗീസിന്റെ വീട്ടില്‍ തെളിവെടുപ്പിനു വന്നതാണെന്നുമാണ് ആകെക്കൂടി അറിയിച്ചത്. സ്ഥലപരിശോധന നടന്ന കാര്യം ഒപ്പിട്ടു തരണമെന്ന് ആവശ്യപ്പെട്ട് കന്നഡയില്‍ എഴുതിതയാറാക്കിയ ഒരു ഷീറ്റില്‍ ഒപ്പിടുവിച്ചു പോയ ജോസ് പിന്നീട് കേള്‍ക്കുന്നത് തടിയന്റവിട നസീറും അബ്ദുന്നാസിര്‍ മഅ്ദനിയും തന്റെ വാടകവീട്ടില്‍ ഗൂഢാലോന നടത്തിയതിന് സാക്ഷി പറയാന്‍ തയാറാണെന്ന സമ്മതപത്രമായിരുന്നു ഈ കടലാസെന്നാണ്. അങ്ങനെയാണ് ജോസ് വര്‍ഗീസ് ദേശീയ കുറ്റാന്വേഷണ ഏജന്‍സിയില്‍ പരാതി നല്‍കിയതും കെ.കെ ഷാഹിനക്ക് അഭിമുഖം നല്‍കിയതും. നസീറിനൊപ്പം മഅ്ദനിയെ കണ്ടുവെന്ന് മൊഴി നല്‍കിയ രണ്ടാമത്തെയാള്‍ മജീദ് മരണക്കിടക്കയിലാണ് അന്നുണ്ടായിരുന്നതെന്നും ഇത്തരമൊരു മൊഴി നല്‍കാനുള്ള അവസ്ഥ മജീദിനുണ്ടായിരുന്നില്ലെന്നും പിന്നീട് തെളിഞ്ഞു. പിന്നെയുണ്ടായിരുന്ന സാക്ഷി മഅ്ദനിയുടെ സഹോദരന്‍ ജമാല്‍ അഹ്മദാണ്. അയാളുടെ മൊഴിയുടെ കാര്യത്തിലും കര്‍ണാടക പോലീസ് കള്ളം ചമക്കുകയായിരുന്നുവെന്ന് പിന്നീട് പുറത്തുവന്നു.
പക്ഷേ, അപ്പോഴും കര്‍ണാടകയിലെ കുടകില്‍ നിന്നുള്ള രണ്ട് സാക്ഷികള്‍ പോലീസിനുണ്ടായിരുന്നു. യോഗാനന്ദും റഫീഖും. ഇതിലൊരാള്‍ ബി.ജെ.പിയുടെ പ്രവര്‍ത്തകനായിട്ടു പോലും അയാള്‍ ടെലിവിഷന്‍ ക്യാമറയുടെ മുമ്പാകെ ഷാഹിനയോടു തുറന്നു പറഞ്ഞ സത്യം താന്‍ മഅ്ദനിയെ കുടകില്‍ കണ്ടിട്ടില്ല എന്നായിരുന്നു. റഫീഖും അതുതന്നെ പറഞ്ഞു. മഅ്ദനിയെ കുറിച്ച് താന്‍ പോലീസിനോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് തടിയന്റവിട നസീറും കേരളത്തിലെ ഒരു കോടതിവളപ്പില്‍ വെച്ച് വീണു കിട്ടിയ അവസരത്തില്‍ ക്യാമറകളുടെ മുമ്പാകെ വിളിച്ചു പറഞ്ഞു. മഅ്ദനി എന്ന 'ഭീകരനെ' കുറിച്ച കേസ് എട്ടുനിലയിലാണ് പൊട്ടിയമര്‍ന്നത്. കര്‍ണാടക പോലീസിന്റെ ശവപ്പെട്ടിയില്‍ ഒടുവിലത്തെ ആണി അടിച്ചത് ഷാഹിനയായിരുന്നതു കൊണ്ട് കുറ്റം നേര്‍ക്കുനേരെ രാജ്യദ്രോഹമായി മാറി. പക്ഷേ ഷാഹിനയെ അറിയുന്ന ഒരാളും പറയുമായിരുന്നില്ല, ഷാഹിന മഅ്ദനിയെ വെള്ളപൂശുന്നതില്‍ രാഷ്ട്രീയമായോ ആത്മീയമായോ എന്തെങ്കിലും താല്‍പര്യമുള്ള ഒരു പത്രപ്രവര്‍ത്തകയാണെന്ന്. താനൊരു ഇസ്‌ലാം മതവിശ്വാസിയേയല്ല എന്ന് എത്രയെങ്കിലും തവണ തുറന്ന് എഴുതിയ ആളാണ് ഷാഹിന. എന്നിട്ടും പേരിന്റെ അക്ഷരസാമ്യം ബാക്കിയായി. ഭീകരനെ സഹായിച്ച കുറ്റം രാജ്യദ്രോഹമായി മാറി. വര്‍ഗീയതയേക്കാളും പുഴുത്ത ദുശ്ശാഠ്യവുമായി മലയാള മാധ്യമങ്ങള്‍ കര്‍ണാടക പോലീസിന്റെ കള്ളക്കഥകള്‍ ഏറ്റുപാടി. മലയാളി എന്ന സ്വത്വത്തെ തന്നെയാണവര്‍ ഒറ്റിക്കൊടുത്തത്. ഷാഹിന തങ്ങളില്‍ ഒരുവളാണെന്ന സഹജബോധം കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍ മഹാഭൂരിപക്ഷത്തിനും ഉണ്ടായിരുന്നില്ല.
ബംഗളുരു സ്‌ഫോടന കേസ് യഥാര്‍ഥത്തില്‍ വലതന്മാരുടേതാണോ അതോ രഹസ്യപോലീസിന്റെ കൂലിത്തല്ലുകാരുടേതാണോ എന്ന അടിസ്ഥാനപരമായ അന്വേഷണത്തിനു മുന്നില്‍ നില്‍ക്കേý മാധ്യമങ്ങളാണ് ഷാഹിനക്ക് 'പര്‍ദ'യണിയിക്കാനും ആ പത്രപ്രവര്‍ത്തകയെ ലശ്കറുകാരുടെ കൂലിപ്പടയാളിയാക്കി മാറ്റാനും ഒരുമ്പെട്ടിറങ്ങുന്നത്. ഈ ഒരു പേര് അല്ലായിരുന്നു ഷാഹിനയുടേതെങ്കില്‍ എന്തു ചെയ്യുമായിരുന്നു പോലീസും മാധ്യമങ്ങളും? ഉദാഹരണത്തിന് തെഹല്‍ക്കയുടെ തന്നെ ആശിഷ് ഖേത്തന്റെ കാര്യമെടുക്കുക. ആ റിപ്പോര്‍ട്ട് ഷാഹിനയാണ് തയാറാക്കിയിരുന്നതെങ്കിലോ? സവര്‍ണനായതു കൊണ്ടാണ് ഖേത്തനെതിരെ നരോദാപാട്ടിയ കേസില്‍ സാക്ഷികളെ സ്വാധീനിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മോഡിക്കു കഴിയാതെ പോയത്. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ വിജയിച്ചതും അവിടെയാണ്. ഷാഹിന എന്ന പേരില്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍