അങ്ങനെയാകുന്നു ഭീകരവാദികളെ നിര്‍മിക്കുന്നത്
ഭീകരവാദ മുദ്ര കുത്തി ജയിലിലടക്കപ്പെട്ട രണ്ട് മുസ്‌ലിം യുവാക്കളെ നിരപരാധികളാണെന്ന് കണ്ട് ദല്‍ഹി ഹൈക്കോടതി വെറുതെ വിട്ടു. മിര്‍സാ നിസാര്‍ ഹുസ്സൈന്‍, മുഹമ്മദ് അലി ഭട്ട് എന്നീ യുവാക്കളെ ദല്‍ഹിയിലെ ലജ്പത് നഗറില്‍ 1996-ല്‍ നടന്ന സ്‌ഫോടനക്കേസില്‍ അറസ്റ്റു ചെയ്ത്, ജാമ്യം പോലും കൊടുക്കാതെ നീണ്ട 16 വര്‍ഷങ്ങളാണ് അവര്‍ ജയിലഴിക്കുള്ളില്‍ ജീവിച്ചു തീര്‍ത്തത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം 2012 നവംബര്‍ മാസത്തില്‍ കോടതി അവരെ വെറുതെ വിടുകയാണുണ്ടായത്. വെറുതെ വിട്ടുകൊണ്ട് എഴുതിയ വിധിന്യായത്തില്‍ ദല്‍ഹി പോലീസിന്റെ കേസന്വേഷണത്തെ നിശിതമായി വിമര്‍ശിച്ചിരിക്കുകയാണ്.
പോലീസിന്റെ രീതികളങ്ങനെയാണ്. പ്രതികളെന്ന് ആരോപിച്ച് ആളുകളെ പിടികൂടുക. എന്നിട്ട് ആരോപിക്കുന്ന കുറ്റങ്ങള്‍ തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ മെനഞ്ഞെടുക്കുക (Manufcture), അവസാനം കോടതി ആ തെളിവുകളൊക്കെ ചവറ്റുകൊട്ടയിലെറിഞ്ഞു കൊണ്ട്, അവരുടെ നിരപരാധിത്വം വിളംബരം ചെയ്യുന്നു.
ഈ പ്രക്രിയ ഒരു തടര്‍ക്കഥയാണ്. ഗുജറാത്തിലും ആന്ധ്രയിലും കര്‍ണാടകത്തിലും മധ്യപ്രദേശിലും ദല്‍ഹിയിലുമൊക്കെ ഇതാവര്‍ത്തിക്കുന്നു. ഗുജറാത്തിലെയും മുംബൈയിലെയും എത്ര വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലാണ് നിരപരാധികളെ വിട്ടയക്കുകയും യഥാര്‍ഥ പ്രതികളായ പോലീസുദ്യോഗസ്ഥന്മാരെയും മന്ത്രിമാരെയും കുറ്റവാളികളായിക്കണ്ടതും.
ദല്‍ഹിയില്‍ തന്നെ നടന്നിട്ടുള്ള ഇത്തരം സംഭവങ്ങളെപ്പറ്റി അന്വേഷിച്ച് ജാമിയ മില്ലിയാ സര്‍വകലാശാലയിലെ അധ്യാപക അസോസിയേഷനായ ജാമിയാ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''ഫ്രെയിംഡ്, ഡാമ്മ്ഡ്, അക്വിറ്റഡ്'' (Framed, Damned, Acquitted) എന്നാണ് ആ റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം.
ദല്‍ഹി പോലീസ് അന്വേഷിച്ച 16 കേസുകളെപ്പറ്റിയാണ് അവര്‍ പഠനം നടത്തിയത്. എല്ലാ ഭീകരവാദ കേസുകളെയുംപോലെ ഈ കേസുകളിലും എല്ലാവരും മുസ്‌ലിം ചെറുപ്പക്കാരാണ്. 'കേസു'കളുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
1. സ്റ്റേറ്റ് Vs തന്‍വീര്‍ അഹമ്മദ്, ഷക്കീല്‍ അഹമ്മദ്, ഇഷ്തിയാക് അക്താര്‍ ദാര്‍, മുഹമ്മദ് അവുത്താര്‍ ദാര്‍, മുഹമ്മദ് യൂസുഫ് ലോണെ, അബ്ദുല്‍ റഊഫ്, ഗുലാം മുഹമ്മദ്.
എല്ലാ പ്രതികളെയും നിരുപാധികം വിട്ടയച്ചു.
2. സ്റ്റേറ്റ് Vs ഫാറൂഖ് അഹമ്മദ് ഖാനും മറ്റുള്ളവരും.
മൊത്തം 10 മുസ്‌ലിംകളാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 4 പേരെ വെറുതെവിട്ടു. 2 പേരെ ആയുധം കൈയില്‍ വെച്ചതിന് ശിക്ഷിച്ചു. 4 പേരെ മാത്രമാണ് ഭീകരവാദത്തിന് ശിക്ഷിച്ചത്.
3. സ്റ്റേറ്റ് Vs അമീര്‍ ഖാന്‍
അമീര്‍ ഖാന്റെ പേരില്‍ 19 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 17 കേസുകളിലും അയാളെ വെറുതെ വിട്ടു. 2 കേസുകള്‍ ഇപ്പോഴും ഹൈക്കോടതി മുമ്പാകെ ഇരിക്കുകയാണ്. ഈ രണ്ടു കേസിലും, അയാള്‍ വിട്ടയക്കപ്പെടും എന്നുതന്നെയാണ് നിയമജ്ഞന്മാരുടെ അഭിമതം.
4. സ്റ്റേറ്റ് Vs കെ. ബ്രോജനും മറ്റൊരാളും.
ഈ കേസിലും പ്രതികളെ വെറുതെ വിടുകയാണുണ്ടായത്.
5. സ്റ്റേറ്റ് Vs ഹാമിദ് ഹുസ്സൈന്‍, മുഹമ്മദ് ഷരീക്, മുഹമ്മദ് ഇഫിതിക്കാര്‍, അഹ്‌സന്‍ മാലിക്, മൗലാനാ ദിലാവര്‍ഖാന്‍ മസൂദ് അഹമ്മദ്, ഹാറൂണ്‍ റഷീദ്.
എല്ലാ പ്രതികളെയും ഭീകരവാദ കുറ്റാരോപണങ്ങളില്‍ നിന്നും മുക്തമാക്കി. രണ്ടു പേര്‍ക്കെതിരെ ആയുധം കൈവശം വെച്ച കുറ്റം മാത്രമാണ് തെളിയിക്കാന്‍ കഴിഞ്ഞത്.
6. സ്റ്റേറ്റ് Vs ഇര്‍ഷാദ് അഹമ്മദ് മാലിക്.
ഈ കേസില്‍ ട്രയല്‍ കോടതി തന്നെ പ്രതിയെ കേസില്‍ നിന്ന് വിട്ടയച്ചു. സ്റ്റേറ്റ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. ഹൈക്കോടതി ആ അപ്പീല്‍ തള്ളി.
7. സ്റ്റേറ്റ് Vs ആയാസ് അഹമ്മദ് ഷാ.
ഈ കേസിലും ട്രയല്‍ കോടതി പ്രതിയെ വെറുതെ വിട്ടു. ഉടനെ സ്റ്റേറ്റ് ഒരു പുതിയ കുറ്റപത്രം കൂടി സമര്‍പിച്ചു. അതും കോടതി തള്ളിയെന്ന് മാത്രമല്ല പ്രോസിക്യൂഷനെതിരായ നിശിതമായ പരാമര്‍ശങ്ങളും നടത്തി.
8. സ്റ്റേറ്റ് Vs സക്കീബുര്‍റഹ്മാനും മറ്റുള്ളവരും. ഈ കേസില്‍ ഒരു സിംഗ് ഉള്‍പ്പെടെ 8 പ്രതികളാണ്. 7 പേരും മുസ്‌ലിംകള്‍.
ട്രയല്‍ കോടതി തന്നെ പ്രതികളെ വിട്ടയച്ചു. സ്റ്റേറ്റ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയെങ്കിലും വിജയം കണ്ടില്ല.
9. സ്റ്റേറ്റ് Vs ഖുര്‍ഷിദ് അഹമ്മദ് ഭട്ട്
ഈ കേസില്‍ പ്രതിയെ കോടതി നിരുപാധികം വിട്ടയച്ചു.
10. സ്റ്റേറ്റ് Vs സല്‍മാന്‍ ഖുര്‍ഷിദ് കോറിയും മറ്റുള്ളവരും.
ഈ കേസില്‍ എല്ലാവരെയും ഭീകരവാദ വകുപ്പുകളില്‍നിന്നും മോചിപ്പിച്ചു. പക്ഷേ ചിലരെ സ്‌ഫോടക വസ്തുക്കള്‍ കൈവശം വെച്ചതിന് ശിക്ഷിച്ചു. ആ കൂട്ടത്തില്‍ കോടതി പ്രോസിക്യൂഷനെതിരായി ഇങ്ങനെ പരാമര്‍ശം നടത്തി.
''ഈ കേസ്, മുഴുവന്‍ പ്രതികളുടെ കുറ്റസമ്മതമൊഴിയിലും, കേസില്‍ താല്‍പര്യമുള്ള പോലീസുകാരുടെ മൊഴിയിലും കെട്ടിപ്പൊക്കിയതാണ്. അതൊന്നും തെളിവായി സ്വീകരിക്കാന്‍ നിവൃത്തിയില്ല.''
11. സ്റ്റേറ്റ് Vs മുവാരിഫ് ഖമര്‍, ഇര്‍ഷാദ് അലി
ഈ കേസ് ആദ്യം ദല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ അന്വേഷിച്ചു. പിന്നീട് കേസന്വേഷണം ഏറ്റെടുത്തു. അവര്‍ കണ്ടുപിടിച്ചത്, ഈ രണ്ട് പ്രതികളും രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.ബി (ഇന്റലിജന്‍സ് ബ്യൂറോ) ക്കു വിവരങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഇന്‍ഫോര്‍മര്‍മാരായിരുന്നെന്നും, അവരെ ദല്‍ഹി പോലീസ് മനഃപൂര്‍വം ഈ കേസില്‍ കുരുക്കുകയായിരുന്നെന്നും, സി.ബി.ഐ അവരെ നിരപരാധികളാണെന്ന് കണ്ട് അവര്‍ക്കെതിരായ അന്വേഷണം നിര്‍ത്തിവെക്കുകയുമാണുണ്ടായതെന്നാണ്.
12. സ്റ്റേറ്റ് Vs ഗുല്‍സാര്‍ അഹമ്മദ് ഗനായ്, അമീന്‍ ഹജാം.
ഈ കേസിലും പ്രതികള്‍ നിരപരാധികളാണെന്ന വിധിന്യായമാണുണ്ടായത്.
13. സ്റ്റേറ്റ് Vs താരിക് ദാര്‍
ഈ കേസിലും പ്രതിയെ കോടതി വിട്ടയക്കുകയാണുണ്ടായത്.
14. സ്റ്റേറ്റ് Vs ഇമ്രാന്‍ അഹമ്മദും മറ്റൊരാളും
ഈ കേസിന്റെ സ്ഥിതിയും തഥൈവ. പ്രതികളെ നിരുപാധികം വിട്ടയച്ചു.
15. സ്റ്റേറ്റ് Vs മുക്താര്‍ അഹമ്മദ് ഖാന്‍
ഈ കേസിലും പ്രതിയെ നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കുകയാണുണ്ടായത്.
16. സ്റ്റേറ്റ് Vs മുഹമ്മദ് ഇഖ്ബാല്‍ നസ്‌റുല്‍ ഇസ്‌ലാം, ജലാലുദ്ദീന്‍.
ഈ കേസിലും വിധി വിട്ടയക്കല്‍ തന്നെ.
ഇവിടെ സംഗതമായ ചില ചോദ്യങ്ങളുണ്ട്. ഭീകരവാദക്കേസുകളില്‍ പിടികൂടുന്നവരെല്ലാം മുസ്‌ലിംകള്‍ ആയതെങ്ങനെ? അന്വേഷണം നടത്തി പ്രതിയാണ് കുറ്റം ചെയ്തത് എന്ന് ബോധ്യമാകുമ്പോള്‍ മാത്രമാണ് അറസ്റ്റ് നടത്തേണ്ടത്. പക്ഷേ ഈ പറയപ്പെട്ട കേസുകളില്‍ സംഭവിക്കുന്നതങ്ങനെയല്ല. സംഭവമുണ്ടായിക്കഴിഞ്ഞ ഉടനെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയാണ്. പിന്നെ തെളിവുകള്‍ ഉണ്ടാക്കുകയാണ്. കോടതികള്‍ ചൂണ്ടിക്കാട്ടുന്നതും അതാണ്. തെളിവുകള്‍ 'മാനുഫാക്ചര്‍' ചെയ്യുകയാണെന്നാണ് കോടതി പറയുന്നത്. അത്തരം കൃത്രിമ തെളിവുകള്‍ കോടതിയുടെ പരിശോധനയില്‍ തകര്‍ന്നുതരിപ്പണമാകുകയാണ്.
അതുതന്നെയാണ് സംഝോതാ ട്രെയിന്‍ സ്‌ഫോടന കേസില്‍ ഉണ്ടായത്. ഈ കേസില്‍ കുറേ മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തു. ഒടുവിലാണ് അതിന്റെ സൂത്രധാരന്‍ കേണല്‍ പുരോഹിതാണെന്ന് മനസ്സിലാകുന്നതും മുസ്‌ലിം യുവാക്കള്‍ക്ക് അതില്‍ പങ്കില്ലെന്ന് തെളിയുന്നതും. പ്രൊഫഷണലിസം കൈമുതലായുള്ള അന്വേഷകര്‍ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കി നിരപരാധികളെ കുടുക്കുന്ന പ്രവണതക്കെതിരെയും, നടപടിക്രമങ്ങളില്‍ വീഴ്ചവരുത്തുന്നതിനെയും കുറിച്ച് ഒന്നിനു പിറകെ ഒന്നായി പല കേസുകളിലും രാഷ്ട്രത്തിന് മുന്നറിയിപ്പു നല്‍കുകയാണ് കോടതികള്‍.
എന്താണ് നടപടിക്രമങ്ങളിലെ പോരായ്മകള്‍.
1. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ചെറുപ്പക്കാരെ പൊക്കുന്നത്. ഈ വിവരത്തിന്റെ ഉറവിടം ഏതാണ് എന്ന് മനഃപൂര്‍വം വെളിവാക്കാതിരിക്കുക.
2. മിക്കവാറും പാതിരാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരിക്കും പിടിച്ചുകൊണ്ടുപോകുക. എന്നിട്ട് ദിവസങ്ങളോളം കസ്റ്റഡിയില്‍ വെച്ച് ദേഹോപദ്രവവും, പീഡനവും നടത്തുകയാണ്. ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുക.
3. അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ എല്ലായ്‌പ്പോഴും ബസ്റ്റാന്റില്‍ നിന്നോ റെയില്‍വേ സ്റ്റേഷനില്‍ നിന്നോ ആയിരിക്കും അറസ്റ്റ്. എന്നാല്‍ ഇത്തരം പൊതുസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്യുമ്പോള്‍, നാട്ടുകാരില്‍ ഒരുത്തനെപ്പോലും സാക്ഷിയാക്കുകയില്ല.
4. അതേപ്പറ്റി കോടതിയില്‍ ചോദ്യം ഉന്നയിക്കുമ്പോള്‍ പറയുന്ന സ്ഥിരം ഉത്തരം, ഭയം കൊണ്ട് ആരും സാക്ഷി പറയാന്‍ തയാറാകില്ല എന്നാണ്. ഈ വാദം കോടതികള്‍ക്കംഗീകരിക്കാന്‍ നിവൃത്തിയില്ല. മരണ ശിക്ഷക്ക് വിധിക്കാവുന്ന കുറ്റം ആരോപിക്കുന്നവര്‍ക്ക് നിയമത്തില്‍ അനുശാസിക്കുന്ന പരിരക്ഷ ഉറപ്പുവരുത്തിയേ പറ്റൂ.
5. വസ്തുക്കള്‍ പ്രതികളില്‍നിന്ന് കണ്ടെടുക്കുമ്പോള്‍, പിടിച്ചെടുക്കുന്ന സ്ഥലത്ത് വെച്ച് മഹസ്സറില്‍ വിവരിച്ച് വേണം അതുചെയ്യാന്‍. അതിന് പകരം മഹസ്സറ് തയാറാക്കുന്നത് പോലീസ് സ്റ്റേഷനില്‍ വെച്ചാണ്. തൊണ്ടി വസ്തുക്കളും ഒപ്പം അവിടെ നിന്നാണ് മഹസ്സറില്‍ കയറിക്കൂടുന്നത്.
6. മേല്‍ വിവരിച്ച 16 കേസുകളില്‍ മാത്രമല്ല, മിക്കവാറും എല്ലാ ഭീകരവാദക്കേസുകളിലും ഇതുതന്നെയാണ് സ്ഥിതി. കോടതികള്‍ എന്ന സ്ഥാപനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, എത്ര എത്ര നിരപരാധികളെ ഇന്ത്യന്‍ പോലീസ് ഭീകരവാദപ്പട്ടികയിലാക്കുമായിരുന്നു.
കോടതി വിട്ടയക്കുന്ന ഈ നിരപരാധികള്‍ക്ക്, അവരുടെ തൊഴിലും സല്‍പ്പേരും നഷ്ടപ്പെട്ടു. എന്നാല്‍ വെറുതെ വിടുന്നതോടുകൂടി അവര്‍ക്കത് വീണ്ടെടുക്കാന്‍ സാധിക്കുന്നുണ്ടോ? പലപ്പോഴും ഇല്ല. അവര്‍ പിന്നെയും ഭീകരവാദികള്‍ എന്ന പേരിലാണറിയപ്പെടുക. അവരുടെ കുടുംബത്തെയും ആ പേരില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. കൂടാതെ ഇവര്‍ മാധ്യമ വിചാരണ നേരിടുന്നു. ഇപ്രകാരം, നിരപരാധിയാണെന്ന് പറഞ്ഞുവിട്ടയക്കപ്പെട്ട ഒരാള്‍, തന്നെ മാധ്യമങ്ങള്‍ വേട്ടയാടുന്നു എന്ന് പരാതിപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. അവസാനം ഗത്യന്തരമില്ലാതെ ഇവരൊക്കെ തീവ്രവാദ ക്യാമ്പുകളില്‍ എത്തിപ്പെടില്ല എന്ന് തീര്‍ത്തു പറയാന്‍ നമുക്ക് കഴിയുമോ? തീവ്രവാദത്തെ നേരിട്ട് അമര്‍ച്ച വരുത്തുന്നതിനുള്ള ശ്രമം അമേരിക്കന്‍ മോഡലില്‍ നടത്തുമ്പോള്‍, കൂടുതല്‍ തീവ്രവാദികള്‍ സൃഷ്ടിക്കപ്പെടുകയാണ് എന്ന ബോധ്യം നമുക്കുണ്ടാകണം
നടപടിക്രമങ്ങളിലെ ഇത്തരം വീഴ്ചകളുടെയും അന്വേഷണത്തിലെ പിഴവുകളുടെയും പേരിലോ വിരോധ പരാമര്‍ശങ്ങള്‍ (Stricture) കോടതിയില്‍ നിന്നുണ്ടാകുമ്പോള്‍, ഉത്തരവാദികളായ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടിയെടുക്കേണ്ട ചുമതല സ്റ്റേറ്റിനാണ്. പലപ്പോഴും നിയമത്തിലെ 'ഉത്തമ വിശ്വാസ' (Good faith) ത്തിന്റെ ആനുകൂല്യം നല്‍കി അവരെ പരിരക്ഷിക്കുകയാണ് സ്റ്റേറ്റ് ചെയ്യുന്നത്. അതുകൊണ്ടാണ് ഗുജറാത്തിലും മറ്റും ഇരകള്‍, കോടതിയില്‍ പോയി ഇത്തരം ഉദ്യോഗസ്ഥന്മാരെ നിയമത്തിന് വിധേയമാക്കി ഇരുമ്പഴിക്കുള്ളിലാക്കുന്നത്. പക്ഷേ ഇത് എല്ലാവര്‍ക്കും പറ്റിയെന്ന് വരില്ല. അതുകൊണ്ട് സ്റ്റേറ്റ് തന്നെ ഇത്തരം ഇരകള്‍ക്ക് അത്താണിയാകണം. കുറഞ്ഞപക്ഷം പരാതികളുടെ അടിസ്ഥാനത്തില്‍, അന്വേഷണത്തിന് വിധേയമായി സസ്‌പെന്‍ഷനില്‍ വെക്കുകയും, വകുപ്പുതല അന്വേഷണം നടത്തി ശിക്ഷ നല്‍കുകയും വേണം. ക്രിമിനല്‍ കേസെടുക്കേണ്ടവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുക തന്നെ വേണം. എങ്കിലേ തങ്ങള്‍ക്ക് നീതി ലഭിച്ചു എന്ന ബോധ്യം ഇരകള്‍ക്കുണ്ടാവുകയുള്ളൂ.
പത്തും പതിനാറും വര്‍ഷം ജയിലില്‍ അന്യായമായി കഴിയേണ്ടിവന്ന ഇവര്‍ക്ക് നഷ്ടപ്പട്ട യൗവ്വനം തിരിച്ചുനല്‍കാന്‍ സ്റ്റേറ്റിന് സാധിക്കുമോ? അവരുടെ കുടുംബത്തിന് നിഷേധിക്കപ്പെട്ട സ്വാസ്ഥ്യത്തിന് പകരം നല്‍കാന്‍ സ്റ്റേറ്റിനാകുമോ? ഒരിക്കലുമില്ല. പക്ഷേ സ്റ്റേറ്റിനു ചെയ്യാവുന്ന ഒരു കാര്യമുണ്ട്. അവര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ സാധിക്കും. അതിനുവേണ്ടി നമ്പിനാരായണനെപ്പോലെ കോടതികള്‍ കയറിയിറങ്ങാന്‍ ഇടവരുത്താതെ, എത്രയും പെട്ടെന്ന് ഇതിനുവേണ്ട നടപടി എടുത്താല്‍ അതവര്‍ക്കൊരാശ്വാസമാകുമായിരുന്നു.
(മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ലേഖകന്‍)
Comments