Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 09

കോലാഹലങ്ങളുടെ വിശ്വരൂപം

സി.കെ അബ്ദുല്‍ അസീസ്

ദൈവത്തിന്റെ സൃഷ്ടിപ്പുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് മതവികാരമാണെന്ന് ഏതെങ്കിലും വേദപുസ്തകങ്ങളില്‍ പറഞ്ഞതായി കേട്ടിട്ടില്ല. സൂക്ഷ്മാര്‍ഥത്തില്‍ അങ്ങനെ വ്യാഖ്യാനിക്കാന്‍ പറ്റുന്ന ഏതെങ്കിലും തിരുവചനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇനി അങ്ങനെ വല്ലതുമുണ്ടാകുമോ എന്തോ.. ബോബന്‍ സാമുവല്‍, കുഞ്ചാക്കോ ബോബന്‍, ബിജു മോനോന്‍ ടീമിന്റെ ക്രിസ്ത്യന്‍ വിരുദ്ധ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഏതോ ഒരു സത്യക്രിസ്ത്യാനി കോടതിയില്‍ ഹരജി കൊടുത്തിരിക്കുന്നു. ഇപ്പോഴിതാ വിശ്വരൂപം മുസ്‌ലിം വിരുദ്ധമാണെന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ സിനിമ നിരോധിക്കണമെന്ന് ഒരു കൂട്ടം ശാഠ്യം പിടിക്കുന്നു. സിനിമയെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് മതവികാരത്തിന് തീ കൊളുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിരോധിച്ച സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മുസ്‌ലിംകള്‍ക്ക് നാണക്കേടാവുമോ എന്നതാവാം ആശങ്ക. അഭ്യൂഹങ്ങള്‍ പറഞ്ഞുപരത്തി മുസ്‌ലിംകളെ കുത്തിയിളക്കുന്നതും പ്രകോപിതരാക്കുന്നതും ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു ചിരപുരാതന തന്ത്രമാണ്. സിനിമയുടെ വിപണന തന്ത്രമായി അതിന് രൂപ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല. ന്യൂനപക്ഷ വികാരത്തെ ചൂണ്ടയില്‍ കൊളുത്തിയാല്‍ ഭൂരിപക്ഷ വികാരത്തെ കൊട്ടയിലാക്കാമെന്നത് ജനാധിപത്യ രാഷ്ട്രീയത്തിന്റെയും കമ്പോള നിയമങ്ങളിലൊന്നാണ്. കമ്പോളവും, രാഷ്ട്രീയവും കൈകോര്‍ക്കുന്നതില്‍ ഭരണഘടനാപരമായി പ്രശ്‌നങ്ങളൊന്നുമില്ല. അത് നിയമവിധേയമാണ്. വിശ്വരൂപത്തില്‍ ഒരു മുസ്‌ലിം വിരുദ്ധ ലേബല്‍ ഒട്ടിച്ചാല്‍ ബാക്കി കാര്യം ജനാധിപത്യാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യപ്പെടുമെന്ന ഒരു വിപണന തന്ത്രം ഇത്തരം പ്രചാരണങ്ങളില്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അഭ്യൂഹങ്ങള്‍ കേട്ടാല്‍ പ്രകോപിതരാകുന്നത് ഏത് മതസ്ഥരുടെ കാര്യത്തിലായാലും അത്ര നല്ല കാര്യമല്ല. വന്‍ തോതില്‍ അല്ലെങ്കിലും കേരളത്തില്‍ ഇത്തരം പ്രവണതകള്‍ വേരുപിടിക്കുന്നതില്‍ തീര്‍ച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്.
കമല്‍ഹാസന്‍ കലാകാരന്‍ മാത്രമല്ല, സിനിമാ വ്യവസായി കൂടിയാണ്. 100 കോടി മുടക്കി സിനിമ നിര്‍മിക്കുന്ന സാംസ്‌കാരിക വ്യവസായിയുടെ സൗന്ദര്യ വീക്ഷണത്തെ രൂപപ്പെടുത്തുന്നതില്‍ സമൂഹമാണോ വിപണിയാണോ മുന്‍പന്തിയില്‍ എന്ന പ്രതിവാദം അതുകൊണ്ടു തന്നെ അപ്രസക്തമാണ്. സാംസ്‌കാരിക വ്യവസായിയും വിപണിയും തമ്മിലുള്ള ബന്ധത്തിന്റെ പരിവൃത്തിക്കുള്ളില്‍ നിന്നുകൊണ്ട് സ്വന്തം സര്‍ഗാത്മകതയെ കൃത്യമായി പ്രതിഫലിപ്പിക്കാന്‍ അനുയോജ്യമായ സവിശേഷ സന്ദര്‍ഭങ്ങള്‍ ഒളിച്ച് കടത്താനേ കച്ചവട സിനിമ നിര്‍മിക്കുന്ന കലാകാരന് ഇന്നത്തെ സാഹചര്യത്തില്‍ നിര്‍വാഹമുള്ളൂ. ഈ ഒരു ആനുകൂല്യം കമല്‍ഹാസനും നിഷേധിക്കേണ്ടതില്ല. വിശ്വരൂപത്തെ വിലയിരുത്തുമ്പോള്‍ അതിന്റെ ഇതിവൃത്തം, ദൃശ്യഭാഷ, വീക്ഷണം എന്നിവയില്‍ അന്തര്‍ലീനമായ നിലപാടുകള്‍ തന്നെയാണ് പ്രധാനം.
അഫ്ഗാന്‍ ഭീകരവാദികള്‍ക്കിടയില്‍ നുഴഞ്ഞുകയറുന്ന ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ അതിസാഹസികമായ ഭീകരവേട്ടയാണ് സിനിമയിലെ ഇതിവൃത്തം. ഇന്ത്യന്‍ പരിസരത്ത് നിന്ന് കൊണ്ടല്ല കഥ പറയുന്നത്. അഫ്ഗാനിസ്ഥാനും അമേരിക്കയുമാണ് ഇതിവൃത്തത്തിന് പശ്ചാത്തലമൊരുക്കുന്നത്. പാശ്ചാത്യര്‍ക്കിഷ്ടപ്പെട്ട ലൊക്കേഷനുകളും ഇതിവൃത്തവും ദൃശ്യഭാഷയും അതിഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. അഫ്ഗാന്‍ ഭീകരവാദത്തെ കുറിച്ചും അത് അഫ്ഗാനിലെ സാമൂഹിക ജീവിതത്തില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ചും വരച്ചു കാണിക്കുന്ന ദൃശ്യങ്ങള്‍ ഒട്ടും തന്നെ പുതുമയുള്ളതല്ല. അഫ്ഗാന്‍ മുസ്‌ലിംകളുടെ മതഭക്തി, മതം ഭീകരവാദവുമായി ഉദ്ഗ്രഥിക്കപ്പെടുമ്പോള്‍ പരസ്പരം അഭിന്നത പുലര്‍ത്തുന്നതിന്റെ ദുരന്തഫലങ്ങള്‍, സ്ത്രീകളിലും കുട്ടികളിലും അത് സൃഷ്ടിക്കുന്ന അശരണാവസ്ഥ, തകര്‍ന്നടിയുന്ന കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ ഇങ്ങനെ ദൃശ്യാവിഷ്‌കാരത്തെ കുറിച്ച് പറയാന്‍ നിരവധിയുണ്ട്. ഉത്കണ്ഠാജനകമായ സാമൂഹിക അന്തരീക്ഷത്തിന്റെ ചോരയൊലിക്കുന്ന മുറിപ്പാടുകള്‍ ചിത്രീകരിക്കുന്ന ആദ്യത്തെ സിനിമയല്ല വിശ്വരൂപം. നിരവധി സിനിമകളില്‍ ഈ വിഷയം വിറ്റു കാശാക്കിയിട്ടുണ്ട്. പല ദൃശ്യങ്ങളും മറ്റ് പല സിനിമകളിലെ ദൃശ്യങ്ങളുമായി വലിയ സാദൃശ്യം പുലര്‍ത്തുന്നതായി തോന്നുന്നുണ്ട്.
അഫ്ഗാനിസ്താന്റെ കഥ പറയുന്ന ഒരു ചിത്രവും ഇസ്‌ലാമിനെ വിമര്‍ശിക്കാതെ വിട്ടിട്ടില്ല. മതസനാതനത്വത്തേക്കാള്‍ മികച്ചതാണ് ലിബറല്‍ ജനാധിപത്യമെന്ന് കാണിക്കാന്‍ ഈ സിനിമയിലും ഒന്നുരണ്ട് സന്ദര്‍ഭങ്ങള്‍ കമല്‍ഹാസന്‍ നീക്കിവെച്ചിട്ടുണ്ട്. ഭീകരവാദിയായ ഉമറിന്റെ ഭാര്യയുടെ ആസ്ത്മരോഗം ചികിത്സിക്കാന്‍ വരുന്ന യൂറോപ്യന്‍ ലേഡി ഡോക്ടറെ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ആട്ടിപുറത്താക്കുന്ന ഒരു ദൃശ്യം അതിലൊന്നാണ്. അനിയനെ ഇംഗ്ലീഷ് പറയാന്‍ പഠിപ്പിച്ചതിന്റെ പേരില്‍ ജ്യേഷ്ഠനെ ശകാരിക്കുന്ന ഭീകരവാദിയായ ഉമര്‍ മറ്റൊരു ദൃശ്യം. കേരളത്തിലെ ഏത് മുസ്‌ലിം സംഘടനകള്‍ക്കാണ് വിശ്വരൂപത്തിലെ ഉമറിനോട് വിയോജിക്കാതിരിക്കാനാവുക. ഇതിലൊക്കെ യാഥാര്‍ഥ്യങ്ങളുണ്ടെങ്കിലും പാശ്ചാത്യ സിനിമകളുടെ പതിവ് ഫോര്‍മുലകളില്‍ നിന്ന് പുറത്ത് കടക്കുന്ന ഒരു സാഹസത്തിന് സിനിമ മുതിരുന്നില്ലെന്നതും ഒരു യാഥാര്‍ഥ്യമാണ്. ശുദ്ധമായ കച്ചവട ലക്ഷ്യമാണ് സിനിമക്കുള്ളത് എന്ന് ഇടംവലം നോക്കാതെ തന്നെ ആരെക്കൊണ്ടും പറയിപ്പിക്കാനുള്ള ചേരുവകളെല്ലാം സിനിമയിലുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍