Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 09

ഖാദി ശുറൈഹ് നീതിന്യായത്തിന്റെ ഉദാത്ത മാതൃക

സഈദ് മുത്തനൂര്‍

''ആഹാ, ഇതിനാണ് നീതി എന്ന് പറയുക. ഈ വിധി നീതിയുടെ തിരുനെറ്റിയില്‍ ഉദിച്ച പ്രകാശ ബിന്ദുവാണ്.'' തനിക്കെതിരെ ഖാദി ശുറൈഹ് വിധിപ്രസ്താവിച്ചപ്പോള്‍ ഹസ്രത്ത് ഉമറിന്റെ പ്രതികരണം. ഒരു ഗ്രാമീണ കച്ചവടക്കാരനില്‍ നിന്ന് ഉമര്‍(റ) ഒരു ഒട്ടകത്തെ വാങ്ങിയിരുന്നു. വില കൊടുത്ത ശേഷം ഉമര്‍ ഒട്ടകപ്പുറത്ത് കയറി യാത്രയായി.കുറച്ച് ദൂരം ചെന്നപ്പോള്‍ ഒട്ടകം നടക്കുന്നില്ല. എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോള്‍ ഒട്ടകത്തെ വാങ്ങിയിടത്ത് തന്നെ കൊടുത്ത് പണം തിരിച്ചുവാങ്ങാനായി ഉമര്‍ ഗ്രാമീണനെ സമീപിച്ചു.
എന്നാല്‍ ഗ്രാമീണന്‍ ഉമറി(റ)നോട് തട്ടിക്കയറി. 'താങ്കളെന്താണ് പറയുന്നത്. ഞാന്‍ തന്ന ഒട്ടകം നല്ല മേനിയുള്ളതും ശക്തിയുള്ളതും വൈകല്യമില്ലാത്തതുമായിരുന്നു. ആ ഒട്ടകത്തെ തിരിച്ച് തരൂ എങ്കില്‍ പണം മടക്കിത്തരാം'. തര്‍ക്കം മൂത്ത് കേസ് കോടതിയിലെത്തി. ശുറൈഹാണ് ന്യായാധിപന്‍. 'ഞാന്‍ ഇയാളോട് വാങ്ങിയ ഒട്ടകത്തിന് വൈകല്യമുണ്ട്. അത് നടക്കുന്നില്ല. അതിനെ തിരിച്ചെടുത്ത് വില നല്‍കണം' ഉമര്‍ വാദിച്ചു. പ്രതിയായ ഗ്രാമീണന്‍ പറഞ്ഞു: 'ഇങ്ങനെയൊരു ഒട്ടകത്തെ ഞാനിദ്ദേഹത്തിന് നല്‍കിയിട്ടില്ല.'
കോടതി: അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ ഈ ഒട്ടകത്തെ ഇയാളില്‍നിന്ന് വാങ്ങുമ്പോള്‍ വല്ല വൈകല്യവും ഉണ്ടായിരുന്നോ?
ഉമര്‍: ഇല്ല.
കോടതി: എങ്കില്‍ പിന്നെ ഈ വാദം നിലനില്‍ക്കത്തക്കതല്ല. ഇത് അന്യായമാണ്. ഏത് രൂപത്തിലാണോ താങ്കള്‍ ഒട്ടകത്തെ വാങ്ങിയത് ആ രൂപത്തില്‍ പൂര്‍ണ ആരോഗ്യമുള്ള ഒട്ടകത്തെ തിരിച്ചു നല്‍കുക. എന്നിട്ട് കാശ് ചോദിക്കുക. മതിയായ തെളിവിന്റെ അഭാവത്തില്‍ കേസ് തള്ളിപ്പോയി.
ഈ വിധി കേട്ടാണ് ഉമറിന്റെ മേല്‍ പറഞ്ഞ പ്രതികരണം. മാത്രമല്ല, കൂഫയിലെ കോടതിയുടെ ഉത്തരവാദിത്വം കൂടി ശുറൈഹിനെ ഉമര്‍(റ) ഏല്‍പിച്ചു കൊടുത്തു.
ഖാദിശുറൈഹ് നീതിന്യായം കൈയാളിയപ്പോള്‍ ചില കേസുകളിലെ വിധി ഭരണകൂടത്തിനും അതിന്റെ നടത്തിപ്പുകാരായ ഖലീഫമാര്‍ക്കും എതിരായിരുന്നിട്ടും അത് നടന്നുകാണാനും നിലനിന്നു പോരാനുമാണ് ഭരണാധികാരികള്‍ ആഗ്രഹിച്ചത്.
ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ), മുആവിയ(റ) തുടങ്ങിയ മഹാന്മാരായ ഭരണാധികാരികളുടെ കാലത്തെല്ലാം ഖാദി ശുറൈഹിനെ തന്നെ ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുത്തിയതും അതുകൊണ്ടുതന്നെ. ശുറൈഹിന്റെ ബുദ്ധിയും സാമര്‍ഥ്യവും ദീര്‍ഘവീക്ഷണവും മദീനയിലെങ്ങും പ്രശസ്തമായിരുന്നു. സ്വഹാബിമാരും താബിഈകളുമെല്ലാം അദ്ദേഹത്തെ അറിഞ്ഞാദരിച്ചു. ശുറൈഹ് യമന്‍ നിവാസിയായിരുന്നു. മദീനയില്‍ ചെന്ന് തിരുനബി(സ)യെ കാണാനും അദ്ദേഹത്തോട് സംവദിക്കാനും ശുറൈഹ് ഏറെ അഭിലഷിച്ചു. പക്ഷേ, വിധിവശാല്‍ അത് നടക്കുകയുണ്ടായില്ല. അതിനാല്‍ അദ്ദേഹത്തിന് 'സ്വഹാബി' എന്ന പദവിയിലെത്താന്‍ കഴിയാതെ പോയി. എന്നാല്‍ പല പ്രമുഖ സ്വഹാബിവര്യന്മാരും ജീവിച്ചിരിക്കുമ്പോഴാണ് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ചീഫ് ജസ്റ്റിസ് പദവിയില്‍ അദ്ദേഹത്തെ നിയമിച്ചതെന്നത് ശ്രദ്ധേയമാണ്.
ഇസ്‌ലാമിക നിയമ വ്യവഹാര മേഖലയില്‍ ഖാദി ശുറൈഹ് തിളങ്ങുന്ന താരം തന്നെയാണ്. മുആവിയക്ക് ശേഷം ബനൂഉമയ്യ ഖലീഫമാരെല്ലാം ശുറൈഹ് ഖാദിസ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചെങ്കില്‍ രാജ്യത്ത് നീതിപുലരാന്‍ അവരാഗ്രഹിച്ചു എന്നാണര്‍ഥം. എന്നാല്‍, 107 വയസ് പ്രായമായപ്പോള്‍ ഹജ്ജാജിന്റെ ഭരണകാലത്ത് ശാരീരികാസ്വസ്ഥത കാരണം അദ്ദേഹം തല്‍സ്ഥാനം ഒഴിയുകയാണുണ്ടായത്.
മുഖം നോക്കാതെ നീതി നടപ്പാക്കുന്നതില്‍ ശുറൈഹ് ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. അക്കാര്യത്തില്‍ ആരെയും ഭയപ്പെട്ടതുമില്ല. ഖലീഫമാരായ ഉമറിന്റെയും അലിയുടെയും കേസുകളില്‍ നീതിയുടെ പക്ഷത്ത് നിന്നുകൊണ്ട് ഭരണാധികാരിക്കെതിരെ വിധി പറയേണ്ടിവന്നു. അത് അദ്ദേഹത്തിന്റെ കീര്‍ത്തിയുടെ തൊപ്പിയില്‍ പുതിയ തൂവല്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. ഖലീഫമാരാകട്ടെ തങ്ങള്‍ക്കെതിരെ വന്ന വിധി മനഃപ്രയാസമേതുമില്ലാതെ അംഗീകരിക്കുകയും ചെയ്തു.
ഹസ്രത്ത് അലിയുടെ പടയങ്കി കേസില്‍ അദ്ദേഹത്തിന് മതിയായ തെളിവ് ഹാജരാക്കാന്‍ കഴിയാതെ വന്നപ്പോള്‍ പടയങ്കി ജൂതന്റേതാണ് എന്നായിരുന്നല്ലോ ഖാദി ശുറൈഹിന്റെ വിധി. പടയങ്കി മോഷ്ടിച്ച് തന്റേതാക്കിയ ജൂതന്‍ പോലും ഈ വിധിപ്രസ്താവം കേട്ട് അന്തം വിട്ടു നിന്നു. ഒടുവില്‍ ജൂതന് തന്നെ പറയേണ്ടിവന്നു, അലി(റ) ഹാജരാക്കിയ സാക്ഷികള്‍ പോരെങ്കില്‍ ഞാന്‍ സാക്ഷി, ഈ പടയങ്കി ഖലീഫ അലിയുടേതാണ്. ഞാനിത് അദ്ദേഹത്തിന്റെയാത്രാ വേളയില്‍ അടിച്ചെടുക്കുകയായിരുന്നു. ഞാനിതാ ഇസ്‌ലാമിക നീതിക്കു മുന്നില്‍ തലകുനിക്കുന്നു!!
ഖാദി ശുറൈഹിന്റെ മകന്‍ ഒരിക്കല്‍ മറ്റൊരാളുമായി തര്‍ക്കത്തിലായി. പ്രശ്‌നത്തില്‍ കോടതിയെ സമീപിക്കണോ അതോ രഞ്ജിപ്പ് (സുല്‍ഹ്) ഉണ്ടാക്കണോ എന്ന് സംശയമായി. 'പ്രശ്‌നം കോടതിയില്‍ എത്തിയാല്‍ വിധി എനിക്കനുകൂലമാകുമോ അതോ പ്രതികൂലമാകുമോ? താങ്കളുടെ ന്യായബോധം എന്തായിരിക്കും?' മകന്‍ പിതാവിനോട് ചോദിച്ചു. 'എനിക്ക് അനുകൂലമാണെങ്കില്‍ കോടതിയില്‍ പോകാം, അല്ലെങ്കില്‍ 'സുല്ല്' ആവാം'- മകന്റെ വിശദീകരണം. 'കോടതിയില്‍ പോകുന്നതാവും നല്ലത്.' കുടുംബകോടതിയുടെ തീര്‍പ്പ്. മകന്‍ വേഗം കൂട്ടുകാരെ കണ്ട് നമുക്ക് കോടതിയെ സമീപിക്കാം എന്ന് അവരെ ബോധ്യപ്പെടുത്തി.
കേസുവാദം പൂര്‍ത്തിയായപ്പോള്‍ ജഡ്ജി ശുറൈഹ് മകനെതിരെ വിധി പ്രസ്താവിച്ചു.
അന്നു രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പിതാവിനോട് മകന്‍: 'ഉപ്പാ, നിങ്ങളല്ലേ എന്നോട് കോടതിയില്‍ പോകാന്‍ പറഞ്ഞത്. എന്നിട്ടിപ്പോള്‍...?'
പിതാവ് മകനെ അരികിലിരുത്തി പറഞ്ഞു: 'ലോകത്തെ മറ്റേതൊരാളേക്കാളും എനിക്കിഷ്ടം നിന്നെയാണ്. നിന്നെ ഞാന്‍ അതിരറ്റ് സ്‌നേഹിക്കുന്നു. എന്നാല്‍, അല്ലാഹുവിന്റെ ഇഷ്ടം നേടുന്ന കാര്യം വരുമ്പോള്‍ അവിടെ നീ ഒന്നുമല്ല മകനേ. വിധി നിനക്കെതിരാകും എന്ന് ഞാന്‍ കാലെക്കൂട്ടി പറഞ്ഞിരുന്നെങ്കില്‍ നീ രഞ്ജിപ്പിന് പോകും. അതാവട്ടെ എതിര്‍കക്ഷിയുടെ അവകാശം ഒത്തുതീര്‍പ്പെന്ന നിലക്ക് നിന്റെ ഓഹരിയില്‍ വന്നു ചേരാനിടയാകും. അപരന്റെ മുതല്‍ കൈപറ്റുന്നത് അല്ലാഹുവിനിഷ്ടമല്ല. ആ ഇഷ്ടക്കേട് നീ സമ്പാദിച്ചുകൂടാ. അതിനാലാണ് കോടതിയില്‍ പോകാന്‍ ഞാന്‍ പറഞ്ഞത്'- ശുറൈഹ് വിശദീകരിച്ചു.
മകനെ ജയിലിലയച്ചുകൊണ്ട് ഖാദി ശുറൈഹ് പുറപ്പെടുവിച്ച ഒരു ഉത്തരവ് ഏറെ കൗതുകമുണര്‍ത്തുന്നതാണ്. ശുറൈഹിന്റെ മകനെ ജാമ്യം നിര്‍ത്തി ഒരാള്‍ പരോളിലിറങ്ങിയിരുന്നു. അയാള്‍ മുങ്ങി. നിശ്ചിത ദിവസമായിട്ടും പ്രതി ഹാജാരായില്ല. ഖാദി ശുറൈഹ് ജാമ്യക്കാരനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ഉത്തരവിട്ടു. ആ മകന് ഭക്ഷണവുമായി പിതാവ് ശുറൈഹ് നിത്യവും ജയില്‍ കവാടത്തിലെത്തുമായിരുന്നു. ശുറൈഹിന്റെ നീതിബോധത്തിന് മുമ്പില്‍ എല്ലാവരും സമം.
ചില കേസുകളില്‍ ശരിതെറ്റുകള്‍ തിരിച്ചറിയാന്‍ പ്രയാസപ്പെടുമ്പോള്‍ അദ്ദേഹം പറയും: 'ഞാനൊരു വിധി പറയും, കിട്ടിയ തെളിവിന്റെയോ സാക്ഷിമൊഴിയുടെയോ അടിസ്ഥാനത്തില്‍. നിങ്ങളുടെ സാക്ഷിമൊഴി മുഖേന മറ്റൊരാള്‍ക്ക് നഷ്ടം വരുത്തുന്നത് സൂക്ഷിക്കുക. തെറ്റായ വിവരം മുഖേന കള്ളസാക്ഷ്യം നടത്തിയതിന്റെ പേരില്‍ നരകശിക്ഷ അനുഭവിക്കേണ്ടിവരുമെന്നോര്‍ക്കുക. എന്റെ വിധിയുടെ പേരില്‍ ഒരു നിഷിദ്ധവും (ഹറാം) അനുവദനീയ(ഹലാല്‍)മാകുന്നില്ല. തെളിവാണ് എന്റെ മുമ്പില്‍ പ്രധാനം. അതുകൊണ്ട് നിഷിദ്ധങ്ങളില്‍ നിന്ന് പരമാവധി അകലം പാലിക്കുക.'
ശുറൈഹ് നീതിപീഠത്തിലെത്തിയാല്‍ ഉറക്കെ വിളിച്ചു പറയും: 'നഷ്ടം ആര്‍ക്കാണ് എന്ന് നാളെ അന്ത്യദിനത്തില്‍ അക്രമികള്‍ തിരിച്ചറിയും. അവര്‍ അക്രമത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടിവരും. ആക്രമിക്കപ്പെട്ടവര്‍ക്ക് യഥാര്‍ഥ നീതി ലഭിക്കും. ഞാന്‍ തീര്‍ത്തു പറയുന്നു, അല്ലാഹുവിനെ പേടിച്ച് ഒരാള്‍ ഒരു കാര്യം ഉപേക്ഷിച്ചാല്‍ അതുമുഖേന അയാള്‍ക്ക് ഇഹപര സൗഭാഗ്യങ്ങള്‍ കൈവരും.'
ഒരു സന്ദര്‍ഭത്തില്‍ ഖാദി ശുറൈഹ് തന്റെ സുഹൃത്തിനെ ഉപദേശിച്ചു: 'നിന്റെ പരാതികളും പരിവട്ടങ്ങളും അല്ലാഹുവില്‍ സമര്‍പ്പിക്കുക. അല്ലാഹുവിനെ കൂടാതെ ആരോടും പറയരുത്. കേള്‍ക്കുന്നവന്‍ നിന്റെ സുഹൃത്താണെങ്കില്‍ നിന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നെന്നിരിക്കും. ശത്രുവാണെങ്കില്‍ ഉള്ളാലെ സന്തോഷിക്കും.' പിന്നീട് അദ്ദേഹം തന്റെ ഒരു കണ്ണിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു: ''പതിനഞ്ച് വര്‍ഷമായി എന്റെ ഈ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ട്. എന്നാല്‍ ഇതുവരെ ഞാന്‍ ആരോടും ഇക്കാര്യം പറഞ്ഞിട്ടില്ല. ഖുര്‍ആനില്‍ നീ വായിച്ചിട്ടില്ലേ, 'എന്റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്' (യൂസുഫ് 86). അതിനാല്‍ നിന്റെ കഷ്ടപ്പാട് അല്ലാഹുവിനോട് ബോധിപ്പിക്കുക. ആരോടെങ്കിലും ചോദിക്കുന്നത് അടിമത്തം പേറുന്നതിന് സമമാണ്.''
60 വര്‍ഷം നീതിപീഠത്തിലിരുന്നു ശുറൈഹ്. ഒരിക്കല്‍ കൂഫയില്‍ പകര്‍ച്ച വ്യാധി പിടിപെട്ടപ്പോള്‍ നജഫിലേക്ക് നാടുവിട്ട് പോയ തന്റെ സുഹൃത്തിന് അദ്ദേഹം എഴുതി: ''നീ അഭയം തേടിയെത്തിയ ആ സ്ഥലത്ത് വെച്ചും മരണം നിന്നെ പിടികൂടാം. എവിടെ പോയാലും അവിടെയെല്ലാം ഏകനായ നമ്മുടെ നാഥന്റെ ഭരണമാണെന്നോര്‍ക്കുക. നജഫും അതേ.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍