Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 09

പ്രാരാബ്ധങ്ങളുടെ തടവറ

യഹ്‌യ മേലാറ്റൂര്‍

അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ (സുഊദിയില്‍) എത്തിച്ചേര്‍ന്ന ഒരു യുവാവിനെ പരിചയപ്പെട്ടു. ഇതുവരെ നാട്ടില്‍ പോയിട്ടില്ല. ഉമ്മയും ഉപ്പയും നാല് സഹോദരിമാരും ഒരു ജ്യേഷ്ഠസഹോദരനുമടങ്ങുന്ന കുടുംബം.
''ഇത്രയും കാലം നാട്ടില്‍ പോവാതിരുന്നതെന്തേ? വീട്ടുകാരെ കാണാന്‍ കൊതിയാവുന്നില്ലേ?'' ഞാന്‍ ചോദിച്ചു.
കൊതിയില്ലാഞ്ഞിട്ടല്ല, തിരികെ ചെല്ലാനും, ഉമ്മയുടെ കൈ കൊണ്ട് വിളമ്പിയ ചോറ് തിന്നാനും ഇവിടെ വന്നത് മുതല്‍ക്കു തന്നെ പൂതിയുണ്ട്. രണ്ടു സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചു. വിവാഹപ്രായമായ ഒരു സഹോദരി കൂടിയുണ്ട്. അവളുടെ വിവാഹം കഴിഞ്ഞിട്ടുവേണം നാട്ടില്‍ പോകാന്‍. അവിവാഹിതനായ ആ ഇരുപത്തെട്ടുകാരന്‍ നെടുവീര്‍പ്പോടെ പറഞ്ഞു.
തനിക്കു ഒരു ആശ്വാസമാവാന്‍ വേണ്ടി, നാട്ടില്‍ ഉത്തരവാദിത്വ ബോധമില്ലാതെ അലഞ്ഞിരുന്ന ജ്യേഷ്ഠനെ വിസ നല്‍കി, കൊണ്ട് വന്നിട്ടുണ്ട്. പക്ഷേ ആറ് മാസമായപ്പോഴേക്കും നാട്ടില്‍ പോകണമെന്നും പറഞ്ഞിരിക്കുകയാണവന്‍.
''അവന്റെ ചെലവിനുള്ളതുണ്ടാക്കിയാല്‍ മതിയവന്....അത്രേ വേണ്ടൂ.... പക്ഷേ......''
ജ്യേഷ്ഠന്‍ ജോലിയില്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതി കേട്ട് അവന്റെ ജോലിസ്ഥലത്തെത്തിയപ്പോഴാണ് ഞാനിവനെ പരിചയപ്പെട്ടത് .
പ്രയാസങ്ങളിലും എങ്ങനെ പ്രസന്നവദനനാവാന്‍ സാധിക്കുന്നു എന്ന് ചോദിച്ചപ്പോള്‍, അവന്‍ മുകളിലേക്ക് ചൂണ്ടി, 'എല്ലാം അവനോടു പറയും. അപ്പോള്‍ എല്ലാം ശരിയാവും.' നിറകണ്ണുകളോടെയാണെങ്കിലും പുഞ്ചിരിച്ച് അവന്‍ പറഞ്ഞു.
ഇത് ഞാന്‍ പരിചയപ്പെട്ട ഒരാളുടെ അവസ്ഥ മാത്രമാണ്. ഇതിലുമപ്പുറം പ്രയാസങ്ങളനുഭവിക്കുന്ന എത്രയോ പേരുണ്ടാകാം!
തടവറകളില്‍ നരകയാതനകളനുഭവിക്കുന്നവരുടെ മോചനത്തിനുവേണ്ടി നാം പ്രാര്‍ഥിക്കുമ്പോള്‍, ഇവ്വിധം പ്രാരാബ്ധങ്ങളുടെ തടവറകളിലുള്ളവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കാന്‍ മറക്കരുത്. ഒപ്പം, സ്ത്രീധനം വാങ്ങിയവരോ വാങ്ങാനുദ്ദേശിക്കുന്നവരോ ആണ് നിങ്ങളെങ്കില്‍, ആ നിലപാട് ശരിയാണോ എന്ന് സ്വന്തം മനസ്സാക്ഷിയോട് ചോദിച്ചു നോക്കുകയും ചെയ്യുക!

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍