Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 09

സ്ത്രീവിരുദ്ധമായ പതിനൊന്ന് ശാസനകള്‍?

മുജീബ്‌

"തൊട്ടുപിന്നാലെയാണ് മറ്റൊരു മതസംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പതിനൊന്ന് 'ശാസനകള്‍' വന്നത്. സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റിസ് ജെ.എസ് വര്‍മ കമീഷനു മുമ്പാകെയായിരുന്നു സംഘടനയുടെ നിര്‍ദേശങ്ങള്‍. വിവാഹമാണ് ലൈംഗിക ബന്ധത്തിനുള്ള ഏക അവകാശം, വിവാഹേതര ബന്ധങ്ങള്‍, ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് എന്നിവ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കല്‍, ബലാത്സംഗ കുറ്റത്തിന് പരസ്യ വധശിക്ഷ, മിശ്ര വിദ്യാഭ്യാസ നിരോധം (ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ വിദ്യാലയങ്ങളില്‍ പഠിക്കണം), പെണ്‍കുട്ടികളുടെ വസ്ത്രധാരണം 'മാന്യ'മാക്കല്‍, ധാര്‍മിക മൂല്യങ്ങള്‍ പഠിപ്പിക്കാനും ന്യൂ ജനറേഷന്‍ കുറ്റകൃത്യങ്ങള്‍ തടയാനും മതനേതാക്കളുടെ സഹായം തേടല്‍ തുടങ്ങിയവയാണ് ഈ നിര്‍ദേശങ്ങളുടെ ഹൈലൈറ്റ്. മൌദൂദിസമാണ് ഈ നിര്‍ദേശങ്ങളുടെ അടിത്തറ.
മനുവിലായാലും മൌദൂദിയിലായാലും 'നഃ സ്ത്രീ സ്വാതന്ത്യ്ര മര്‍ഹതി' എന്നതാണ് തത്ത്വമെന്ന് അറിയുന്നവര്‍ക്ക് വലിയ അത്ഭുതത്തിന് വകയില്ലാത്തതാണ് ആര്‍.എസ്.എസ്സിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും നിലപാടുകള്‍. മധ്യകാല മതനീതിയുടെ ദുര്‍ഗന്ധം വമിക്കുന്ന പരസ്യ വധശിക്ഷ, മതനേതാക്കളുടെ ധാര്‍മികത പഠിപ്പിക്കല്‍, മിശ്ര വിദ്യാഭ്യാസ നിരോധം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഒരു ജനാധിപത്യ സമൂഹത്തിന്റെ മൂന്നില്‍ അവതരിപ്പിക്കാന്‍ ഒരു സങ്കോചവും തോന്നിയില്ലല്ലോ എന്ന ഖേദമൊഴിച്ചാല്‍ മറ്റൊരു വിഷമത്തിനും വകയില്ല. ഇരു കൂട്ടരും വിളംബരം ചെയ്തത് അവരുടെ സിദ്ധാന്തമാണ്. കാരണം, മതമൂല്യങ്ങളുടെ സ്ഥാപനവത്കരണത്തെ ഉപജീവിക്കുന്നവയാണ് രണ്ട് സംഘടനകളും. ഈ സ്ഥാപനങ്ങളുടെ പ്രാഥമിക യൂനിറ്റ് പവിത്രീകരിക്കപ്പെട്ടതും ഇളക്കമില്ലാത്തതുമായ കുടുംബമാണ്. കുടുംബത്തിന്റെ നിലനില്‍പാണ് രണ്ട് സംഘടനകളുടെയും നിലനില്‍പ്. പുരുഷന്റെ അക്രമങ്ങളും എന്നാല്‍ ഗുപ്തവുമായ അധികാരമാണ് കുടുംബത്തിന്റെ കേന്ദ്രം. അതുകൊണ്ടുതന്നെ അത്രമേല്‍ സ്വാഭാവികമാണ് ഈ സംഘടനകളുടെ അടിമുടി സ്ത്രീവിരുദ്ധമായ മേല്‍ നിലപാടുകള്‍'' (കെ.സി സുബി- മാതൃഭൂമി ആഴ്ചപ്പതിപ്പ് 2013, ജനുവരി 20). പ്രതികരണം?
പി.വി ഉമര്‍കോയ പന്നിയങ്കര,
കോഴിക്കോട്

ഏകദൈവത്വവും വിശ്വമാനവികതയും വിളംബരം ചെയ്യുന്ന ഇസ്ലാമിക പ്രസ്ഥാനമായ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയും രണോത്സുക ഭാരതീയ തീവ്രദേശീയതയില്‍ നിലയുറപ്പിച്ച ആര്‍.എസ്.എസ്സും ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍ മാത്രമാണെന്ന് സ്ഥാപിക്കാന്‍ പെടാപാട് പെടുന്ന ഒരു പറ്റം മതേതര ചാവേറുകള്‍ കേരളത്തിലുണ്ടെന്നത് പുതിയ വിവരമല്ല. ആര്‍.എസ്.എസ്സിന്റെ മിലിറ്റന്‍സിക്കോ മതന്യൂനപക്ഷങ്ങളോടുള്ള കുടിപ്പകക്കോ ഹൈന്ദവ സമൂഹത്തില്‍ വേരുറച്ച അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അന്ധമായി വെള്ളപൂശാനുള്ള വ്യഗ്രതക്കോ വിഷം വമിക്കുന്ന പ്രചാരണ തന്ത്രത്തിനോ തുല്യമായ ഒന്നും ഇസ്ലാമിക പ്രസ്ഥാനത്തില്‍ മരുന്നിന് പോലും ഇല്ലെന്ന് ബോധ്യപ്പെടാത്തതുകൊണ്ടല്ല ഈ കണ്ണും ചിമ്മിയുള്ള ദുഷ്പ്രചാരണം. ജമാഅത്തെ ഇസ്ലാമിയുടെ മേലുള്ള സര്‍ക്കാര്‍ നിരോധം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, സ്യൂഡോ സെക്യുലരിസ്റുകളിലാരും തങ്ങളുടെ ആരോപണങ്ങളിലൊന്നിന്റെയും നിസ്സാര തെളിവെങ്കിലും നല്‍കി സര്‍ക്കാറിനെ പിന്തുണക്കുകയുണ്ടായില്ല. അവസാനം ഒരു ന്യായവും തെളിവുമില്ലെന്ന കാരണത്താല്‍ രാജ്യത്തിലെ പരമോന്നത കോടതി നിരോധം റദ്ദാക്കുകയായിരുന്നു.
ആര്‍.എസ്.എസ്സില്‍ നിന്ന് ഭിന്നമായി ജമാഅത്തെ ഇസ്ലാമി സുസ്ഥിരവും ഭദ്രവും അന്യൂനവുമായ ഒരു ധാര്‍മിക-സദാചാര സംഹിതയുടെ പുറത്താണ് പ്രവര്‍ത്തിക്കുന്നത്. അത് വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും അവതരിപ്പിക്കുന്ന ധാര്‍മിക വ്യവസ്ഥയാണ്. അത് പ്രകാരം സ്ത്രീയും പുരുഷനും തുല്യാവകാശങ്ങളുള്ള എന്നാല്‍ പ്രകൃത്യാ വ്യത്യസ്തരായ, അല്ലാഹുവിന്റെ സൃഷ്ടികളും ദാസന്മാരുമാണ്. ചില രംഗങ്ങളില്‍ അവരുടെ ദൌത്യവും ധര്‍മവും തുല്യമാണെങ്കില്‍ ചിലതില്‍ ഭിന്നമാണ്. സന്താനങ്ങളെ പെറ്റു പോറ്റാനുള്ള പ്രകൃതിയും ശേഷിയും സ്ത്രീക്ക് ദൈവദത്തമാണ്. പകരം ഗൃഹനാഥയെയും മക്കളെയും ഭൌതികമായി സംരക്ഷിക്കാനുള്ള ബാധ്യത ദൈവം പുരുഷനെ ഏല്‍പിച്ചിരിക്കുന്നു. വിദ്യാഭ്യാസം നേടാനോ ആവശ്യമെങ്കില്‍ തൊഴിലെടുക്കാനോ സുരക്ഷിതയായി സഞ്ചരിക്കാനോ സാമൂഹിക കാര്യങ്ങളില്‍ ഇടപെടാനോ ഉള്ള സ്ത്രീയുടെ സ്വാതന്ത്യ്രം ഇസ്ലാം തടഞ്ഞില്ല. എന്നാല്‍, സ്ത്രീയുടെ പ്രകൃതിപരമായ സവിശേഷതകള്‍ കണക്കിലെടുത്ത് ആത്മനിയന്ത്രണത്തിനും അച്ചടക്കത്തിനും ആവശ്യമായ ചില നിര്‍ദേശങ്ങളും ഇസ്ലാം നല്‍കിയിരിക്കുന്നു. അതില്‍ പെട്ടതാണ് നിര്‍ബാധമായ സ്ത്രീ-പുരുഷ സമ്പര്‍ക്കത്തിനുള്ള നിയന്ത്രണം, വേഷവിധാനത്തിലെ ചിട്ടകള്‍, ദൂര യാത്രക്ക് പോകുമ്പോള്‍ രക്തബന്ധുക്കളോ ഭര്‍ത്താവോ കൂടെ ഉണ്ടായിരിക്കണമെന്ന നിഷ്കര്‍ഷ തുടങ്ങിയവ. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ഹിജാബ് ധരിക്കണമെന്ന ശാസന നല്‍കിയ ഖുര്‍ആന്‍ അതിന് കാരണമായി പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. അതാണ് അവര്‍ തിരിച്ചറിയപ്പെടാനും പീഡിപ്പിക്കപ്പെടാതിരിക്കാനും ഏറ്റവും നല്ലത്. വഴിവിട്ട ജീവിതം നയിക്കുന്നവളല്ല, ചാരിത്രവതിയായ കുലസ്ത്രീയാണെന്ന് വേഷത്തിലൂടെ തന്നെ വ്യക്തമായാല്‍ പൂവാലന്മാരും ലൈംഗിക വെറിയന്മാരും ശല്യം ചെയ്യാതിരിക്കാന്‍ സാധ്യത ഏറെയാണെന്നര്‍ഥം. ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി സ്വാഭാവികമായും ഏത് പ്രശ്നത്തിലും ഇസ്ലാം എന്തു പറയുന്നുവെന്നേ പ്രാഥമികമായി പരിഗണിക്കേണ്ടതുള്ളൂ. ഇത് മൌദൂദിസമല്ല, സാക്ഷാല്‍ ഇസ്ലാമിക ശരീഅത്താണ്. സുന്നിയോ സലഫിയോ ശീഈയോ ആയ ഒരാധികാരിക മതപണ്ഡിതനും ഇതിന് വിരുദ്ധമായി യാതൊന്നും പറഞ്ഞിട്ടില്ല. അതിനാല്‍ ജമാഅത്തെ ഇസ്ലാമിയെ അപവദിക്കാന്‍ കച്ചകെട്ടിയിറങ്ങിയ മതേതര പുരോഗമന നാട്യക്കാര്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ വേണ്ടത് ഇസ്ലാമികാധ്യാപനങ്ങളെ എതിര്‍ക്കുകയാണ്. അതല്ലെങ്കില്‍ ഇസ്ലാമില്‍ അങ്ങനെയൊന്നുമില്ലെന്ന് അവര്‍ തെളിയിക്കണം.
ജസ്റിസ് വര്‍മ കമീഷന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ഇസ്ലാമിനോ സാമാന്യ നീതിക്കോ സ്ത്രീ പുരുഷ പ്രകൃതിക്കോ നിരക്കാത്ത ഒന്നുമില്ല. ശിക്ഷ പരസ്യമായി വേണം നടപ്പാക്കാനെന്നത് ഖുര്‍ആന്റെ ശാസനയാണ്, മറ്റുള്ളവര്‍ക്ക് പാഠമാവാന്‍ വേണ്ടി. മതത്തിന്റെ ധാര്‍മിക തത്ത്വങ്ങള്‍ പണ്ഡിതന്മാര്‍ ഇളം തലമുറയെ പഠിപ്പിക്കണമെന്നു പറയുന്നത് അവരോടും സമൂഹത്തോടുമുള്ള ഗുണകാംക്ഷ കൊണ്ടാണ്. അല്ലെങ്കില്‍ താന്തോന്നികളായി അവര്‍ വളരും, പതിനാറു വയസ്സുകാരന്‍ പോലും ക്രൂരമായി ബലാത്സംഗം ചെയ്യുമെന്നതിന് ദല്‍ഹി സംഭവം തന്നെ തെളിവ്. മതേതര നാട്യക്കാര്‍ക്ക് പകരം നല്‍കാനുള്ള നിര്‍ദേശമെന്ത്, ലൈംഗികാരാജകത്വമോ? ആണ്‍-പെണ്‍ സഹവിദ്യാഭ്യാസം ഇപ്പോള്‍തന്നെ സാര്‍വത്രികമല്ല. രാജ്യത്തെ വനിതാ കോളേജ്, വനിതാ ഹോസ്റല്‍, വനിതാ ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങിയവയൊന്നും ജമാഅത്തെ ഇസ്ലാമി തുടങ്ങിയവയോ നടത്തുന്നവയോ അല്ല. അതിനുമുണ്ടാവുമല്ലോ ഒരു കാരണം. അതെന്താണ്? സഹ വിദ്യാഭ്യാസം നിലനില്‍ക്കുന്ന മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. പലരും പരാതിപ്പെടാതെ ക്ഷമിക്കുകയാണ് പതിവ്. ദല്‍ഹി സംഭവത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ നിയുക്തമായ ജസ്റിസ് വര്‍മ കമീഷനില്‍ അംഗമായ മുന്‍ സോളിസിറ്റ് ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ടിനെ പരാമര്‍ശിക്കവെ ചൂണ്ടിക്കാട്ടിയ ഒരു കാര്യവും ഇവിടെ സ്മരണീയമാണ്. ആണ്‍ കുട്ടികള്‍ പിന്നാലെ പതുങ്ങി നടക്കുന്നത് കൊണ്ട് ഗ്രാമ പ്രദേശങ്ങളിലെ സ്കൂളുകളിലും കോളേജുകളിലും ഒട്ടേറെ പെണ്‍കുട്ടികള്‍ പഠനം നിര്‍ത്തിയതായി അറിഞ്ഞു എന്നാണദ്ദേഹം ചൂണ്ടിക്കാട്ടിയത് (ദ ഹിന്ദു, 2013 ജനു 27).
അതിനാല്‍ ആണ്‍ പെണ്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേര്‍പ്പെടുത്തണമെന്ന കാഴ്ചപ്പാട് പ്രാകൃതമാണെന്ന് പറയണമെങ്കില്‍ രണ്ട് സമ്പ്രദായങ്ങളെയും കുറിച്ച സമഗ്ര സര്‍വെയും പഠനവും നടക്കണം. അതേസമയം, സഹവിദ്യാഭ്യാസം വേണ്ടെന്ന് വെച്ച സമൂഹങ്ങളില്‍ കൌമാര പ്രായത്തിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍, തുറന്ന സമൂഹങ്ങളെ അപേക്ഷിച്ച് തുലോം കുറവാണെന്നത് അനുഭവ യാഥാര്‍ഥ്യമാണ്.
ഒരു നല്ല കാര്യം പറയുന്നത് ആര്‍.എസ്.എസ്സാണ് എന്നതുകൊണ്ട് മാത്രം അത് ചീത്തയാവുന്നില്ല. പാശ്ചാത്യ സംസ്കാരത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും സനാതന ധര്‍മത്തിന്റെ നല്ല വശങ്ങളെക്കുറിച്ചും ആര്‍.എസ്.എസ് മേധാവി വല്ലതും പറഞ്ഞുവെങ്കില്‍ അതിനെ കണ്ണടച്ച് എതിര്‍ക്കേണ്ട കാര്യമില്ല. മതേതര നാട്യക്കാരുടെ മസ്തിഷ്കം പണ്ടേ പാശ്ചാത്യര്‍ക്ക് പണയം വെച്ചതാണല്ലോ. നിയമനിര്‍മാണസഭകളിലെ സ്ത്രീ പ്രാതിനിധ്യം, ചില്ലറ വ്യാപാര രംഗത്തെ വിദേശമൂലധന നിക്ഷേപം പോലുള്ള കാര്യങ്ങളില്‍ ബി.ജെ.പിയും ഇടതുപക്ഷവും ഒരേ നിലപാട് പുലര്‍ത്തുന്നില്ലേ? അതിലൊന്നും അപാകത കാണാത്തവര്‍ ജമാഅത്തും ആര്‍.എസ്.എസ്സും പാശ്ചാത്യ സംസ്കാരത്തിന്റെ ദൂഷ്യങ്ങളെ പറ്റി ഒരേ അഭിപ്രായം പങ്കിടുന്നത് മാത്രം മഹാ പാപമായി കാണുന്നതെങ്ങനെ?

പുരോഗമനക്കാരുടെ ഊരുവിലക്കാഹ്വാനം
"തീവ്ര ഇടതുപക്ഷ യുവത്വം ഉപേക്ഷിച്ചുപോയ ചുവരുകള്‍ റീ പെയിന്റ് ചെയ്തെടുത്ത് പുതിയ ധൈഷണിക പരിസരം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സംഘടനയുമാണ് ജമാഅത്തെ ഇസ്ലാമി.

ഇന്ത്യന്‍ പൊതുമണ്ഡലത്തിലെ ലിബറേറ്റഡ് സ്ത്രീകളെ ഉള്‍പ്പടെ തങ്ങളുടെ വേദികളില്‍ കൊണ്ടുവരികയും പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും ചെയ്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തന മണ്ഡലം ഉണ്ടാക്കുന്നത്. ദല്‍ഹിയനന്തര നിലപാട് പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍ കേരളീയ ബുദ്ധിജീവികളും ലിംഗ നീതിക്കായി സമരം ചെയ്യുന്നവരും ജമാഅത്തെ ഇസ്ലാമിയെയും അനുബന്ധ സംഘടനകളെയും എങ്ങനെ സമീപിക്കും എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്. പുരോഗമനത്തിന്റെ പൊതു മണ്ഡലങ്ങളും മതസംഘടനകളും തമ്മില്‍ എന്തായിരിക്കണം ബന്ധമെന്ന ചോദ്യത്തിനാണ് ഉത്തരം ലഭിക്കേണ്ടത്'' (കെസി സുബി, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2013 ജനുവരി 29). പ്രതികരണം?
കെ.പി അമീന്‍ മമ്പാട്

ജമാഅത്തെ ഇസ്ലാമിയുടെയോ അനുബന്ധ സംഘടനകളുടെയോ വേദിയില്‍ മുച്ചൂടും പ്രസ്ഥാനത്തെ എതിര്‍ക്കുന്നവരെയും ഭാഗികമായി എതിര്‍ക്കുന്നവരെയുമൊക്കെ കൊണ്ടുവരാറുണ്ട്, താന്താങ്ങളുടെ അഭിപ്രായം അവര്‍ തുറന്നു പറയാറുമുണ്ട്. അത് ജനാധിപത്യ സംസ്കാരമാണ്. ജനാധിപത്യത്തെക്കുറിച്ച് വലിയവായില്‍ സംസാരിക്കുകയും എന്നാല്‍ പ്രയോഗത്തില്‍ തികഞ്ഞ സങ്കുചിതത്വം വെച്ചു പുലര്‍ത്തുകയും ചെയ്യുന്ന ചില പുരോഗമന വേഷധാരികളാണ് ഇതില്‍ വൈരുധ്യവും അസാംഗത്യവും കാണുന്നത്. സ്വാഭിപ്രായത്തെയും ആദര്‍ശപരമായ വീക്ഷണ വൈജാത്യങ്ങളെയും സ്വന്തം വേദിയില്‍ മാത്രമേ പ്രകാശിപ്പിക്കാന്‍ പാടുള്ളൂ എന്ന ശാഠ്യക്കാര്‍ ഈ നൂറ്റാണ്ടില്‍ ജീവിക്കേണ്ടവരല്ല.
അനിയന്ത്രിത സ്ത്രീസ്വാതന്ത്യ്രത്തിനായി വാദിക്കുന്ന ഫെമിനിസ്റുകള്‍ക്കും, അത്രക്ക് പോവാതെ പരിധികളിലൊതുങ്ങിയ സ്ത്രീ സ്വാതന്ത്യ്രത്തിനും സുരക്ഷക്കും വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്കും ഇസ്ലാമിസ്റുകള്‍ക്കുമെല്ലാം തുറന്ന അഭിപ്രായ പ്രകടനത്തിന് വേദിയൊരുക്കുന്ന ജമാഅത്തെ ഇസ്ലാമിയെ, മതേതര പുരോഗമന നാട്യക്കാരുടെ എതിര്‍പ്പും പ്രതിഷേധവും ഭയന്ന് അകറ്റിനിര്‍ത്താനും ഒറ്റപ്പെടുത്താനും പോയാല്‍ അവരുടെ ശബ്ദം അത് കേള്‍ക്കേണ്ടവരെ കേള്‍പ്പിക്കാനാവില്ല എന്ന നേട്ടമുണ്ട്. യുക്തിവാദികള്‍ക്ക് പോലും അംഗീകരിക്കാനാവാത്ത ഊര് വിലക്കാണിത്. പുരോഗമനത്തിന്റെ കുത്തക ഏതാനും അരാജകവാദികള്‍ക്ക് ആരും വകവെച്ചു കൊടുത്തിട്ടില്ല എന്നും ഓര്‍ത്തിരിക്കുന്നത് നന്ന്.

നുണ നൂറ്റൊന്ന് തവണ ആവര്‍ത്തിച്ചാല്‍
"ഇസ്ലാമിക രാഷ്ട്ര സങ്കല്‍പം മുന്നോട്ടുവെക്കുന്ന മൌദൂദിയന്‍ പ്രത്യയശാസ്ത്രത്തിന് ബഹുസ്വരമായ ഒരു സമൂഹത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. പാകിസ്താനില്‍ ഹിന്ദു ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൌരന്മാരായി ഗണിക്കണമെന്ന് വാദിച്ചയാളാണ് മൌദൂദി. അതേ ന്യായം വെച്ച് ഇന്ത്യയിലെ മുസ്ലിംകളെ രണ്ടാംതരം പൌരന്മാരായി കണക്കാക്കിയാലോ എന്ന ചോദ്യത്തിന് അതില്‍ തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി'' (ഉമ്മര്‍ ടി.കെ, പച്ചക്കുതിര 2012 ഡിസംബര്‍ 12). മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാപരമാണോ?
വി.എസ് മൊയ്തീന്‍, അശോകപുരം, ആലുവ 

നുണ നൂറ് തവണ ആവര്‍ത്തിച്ചാല്‍ നേരാവുമെന്ന ഗീബല്‍സിയന്‍ തത്ത്വത്തെ കടത്തിവെട്ടിയിരിക്കുന്നു ജമാഅത്തെ ഇസ്ലാമിയുടെ മതേതര വൈരികള്‍. 1953-ല്‍ പാകിസ്താനിലെ മുസ്ലിം മോഡേണിസ്റ് ഗണത്തില്‍ പെട്ട ജസ്റിസ് മുഹമ്മദ് മുനീര്‍ നേതൃത്വം നല്കിയ ഖാദിയാനി വിരുദ്ധകലാപാന്വേഷണ കമീഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ എഴുതിവെച്ച പച്ചക്കള്ളമാണ് ചോദ്യത്തിലെ പരാമര്‍ശം. റിപ്പോര്‍ട്ട് വെളിച്ചം കണ്ട ഉടന്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് സയ്യിദ് മൌദൂദിയും പാക് ജമാഅത്തെ ഇസ്ലാമിയും വ്യക്തമാക്കിയതാണ്. റിപ്പോര്‍ട്ടിലെ ഈ ഭാഗം അന്നു മുതല്‍ പ്രചാരണത്തിന് ഉപയോഗിക്കുന്ന ഖാദിയാനികളും അവരെക്കുറിച്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ഭാഗം നിരാകരിക്കുന്നു എന്നതാണ് രസകരം.
പാകിസ്താന്‍ ഇസ്ലാമിക രാഷ്ട്രമായാല്‍ എങ്ങനെയായിരിക്കുമെന്ന് സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി മുന്‍കൈയെടുത്ത് 1952-ല്‍ കറാച്ചിയില്‍ വിളിച്ചു ചേര്‍ത്ത ശീഈ, സുന്നി, ബറേല്‍വി, ദയൂബന്ദി, സലഫി സംഘടനകളിലെ പണ്ഡിതന്മാരുടെ സര്‍വകക്ഷിയോഗം അംഗീകരിച്ച 22 ഇന പരിപാടിയില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ മുസ്ലിം-അമുസ്ലിം പൌരന്മാര്‍ക്ക് തുല്യ പൌരത്വവും അവകാശങ്ങളുമാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. മാത്രമല്ല, വ്യക്തിനിയമങ്ങളെ സംബന്ധിച്ചേടത്തോളം അമുസ്ലിംകള്‍ക്ക് പ്രത്യേക പരിരക്ഷയും വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇതിനു വിപരീതമായി മൌദൂദി എവിടെയും ഒന്നും പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല.

അറബ് വസന്തം ഇസ്‌ലാമിനെ
പ്രതിക്കൂട്ടിലാക്കുന്നുവോ?
"തിന്മയുടെ വ്യാഖ്യാനത്തില്‍ വരുന്ന മാറ്റം സമുദായം സൂക്ഷിക്കേണ്ടതാണ്. ചതിയില്‍ കൊലപ്പെടുത്തിയും വെടിവെപ്പും സ്ഫോടനവും നടത്തിയും മുസ്ലിംകള്‍ മുസ്ലിംകളെ ആക്രമിക്കുന്നത് ഇന്ന് ജിഹാദ് എന്ന പുണ്യകര്‍മമാണ് ചിലര്‍ക്ക്. അറബ് വസന്തം ആരംഭിച്ച ശേഷം ഇതുവരെ നഷ്ടപ്പെട്ട മുസ്ലിം ജീവനുകളെത്ര. നശിപ്പിക്കപ്പെട്ട സ്വത്തുക്കളെത്ര. ഇത്രയധികം ജീവനാശം വരുത്താന്‍ സാധ്യതയുള്ള ഒരു വിപ്ളവം മുസ്ലിംകള്‍ക്ക് നേരെ നടത്തുന്നതിനെ ഇസ്ലാമികമായി ന്യായീകരിക്കുമ്പോള്‍ ഇസ്ലാം ലോകത്തിന് മുന്നില്‍ പ്രതിക്കൂട്ടിലാവുകയാണ്.''

ചന്ദ്രിക ദിനപത്രത്തില്‍ 'വെള്ളിവെളിച്ചം' എന്ന പംക്തിയില്‍ 'കപ്പല്‍ ദ്വാരം വീണ് മുങ്ങാതിരിക്കാന്‍' എന്ന തലക്കെട്ടില്‍ പി. മുഹമ്മദ് കുട്ടശ്ശേരി എഴുതിയ ലേഖനത്തില്‍നിന്ന് (18-1-2013). ഈജിപ്തില്‍ നടന്ന അറബ് വസന്തത്തില്‍ വന്‍തോതില്‍ ജീവനാശവും സ്വത്തു നാശവും സംഭവിച്ചിട്ടുണ്ടോ? അറബ് വസന്തത്തെ ഇസ്ലാമികമായി ന്യായീകരിക്കുമ്പോള്‍ ഇസ്ലാം ലോകത്തിന് മുമ്പില്‍ പ്രതിക്കൂട്ടിലാവുകയാണ് എന്ന മൌലവി കുട്ടശ്ശേരിയുടെ വിലയിരുത്തലിനെക്കുറിച്ച് മുജീബ് എന്തു പറയുന്നു?
ടി. മൊയ്തു മാസ്റര്‍ പെരിമ്പലം
'ജിഹാദില്‍ ഏറ്റവും ശ്രേഷ്ഠതരം അക്രമിയായ ഭരണാധിപന്റെ മുമ്പില്‍ സത്യം പറയലാണ്' എന്ന് പഠിപ്പിച്ച മഹാനായ പ്രവാചകന്റെ അധ്യാപനത്തെ തികച്ചും അന്വര്‍ഥമാക്കുന്നതായിരുന്നു അറബ് വസന്തം. അനേകായിരങ്ങളെ കൊല്ലുകയോ ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്ത, മതേതരത്വത്തിന്റെ പേരില്‍ ഇസ്ലാമിന്റെ സ്തംഭങ്ങളെപ്പോലും തള്ളിപ്പറഞ്ഞ, അധാര്‍മികതക്കും അഴിമതിക്കും പരമാവധി പ്രോത്സാഹനം നല്‍കിയ സര്‍വോപരി മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിച്ച തുനീഷ്യയിലെ ബിന്‍ അലിക്കും ഈജിപ്തിലെ ഹുസ്നി മുബാറക്കിനുമെതിരായ ജനകീയ വിപ്ളവത്തെ ഇസ്ലാമികമായി ന്യായീകരിക്കാന്‍ വയ്യെന്നാണെങ്കില്‍ അത്തരമൊരു പരമ സാധു ഇസ്ലാം മുഹമ്മദ് നബി കൊണ്ടുവന്നിട്ടില്ല എന്ന് ന്യായമായി പറയാം. ജീവനാശം വരുത്തിയത് സ്വേഛാവാഴ്ച അടിച്ചേല്‍പിച്ച ഭരണാധികാരികളാണ്, അതിനെ പിഴുതെറിയാന്‍ സമാധാനപരമായി പ്രക്ഷോഭം സംഘടിപ്പിച്ചവരല്ല. ഭരിക്കുന്നവര്‍ ആരായാലും എങ്ങനെ ഭരിച്ചാലും ആരാധനാ കാര്യങ്ങളുടെ വിശദാംശങ്ങളെ ചൊല്ലി കലഹിക്കാനും ജിന്നും സിഹ്റും പറഞ്ഞ് പരസ്പരം വാളോങ്ങാനും സ്വാതന്ത്യ്രം ഉള്ളേടത്തോളം ഇസ്ലാം പരമ സുരക്ഷിതമാണെന്ന് വിശ്വസിക്കാന്‍ ചിലര്‍ക്കുള്ള സ്വാതന്ത്യ്രം നിഷേധിക്കുന്നില്ല. അതാണ് ഇസ്ലാം എന്ന് മാത്രം ദയവായി പറയരുത്. അറബ് വസന്തത്തില്‍ ആ നാടുകളിലെ സലഫികളും സജീവ പങ്കാളികളായിരുന്നുവെന്ന സത്യവും കൂട്ടത്തില്‍ മറക്കാതിരിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍