Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 09

തൗറാത്ത്, സബൂര്‍, ഇഞ്ചീല്‍

ഡോ. മുഹമ്മദ് ഹമീദുല്ല

തൗറാത്ത് (Torah), സബൂര്‍ (Psalms), ഇഞ്ചീല്‍ (Evangel) - ഈ പൗരാണിക വേദഗ്രന്ഥങ്ങളെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് നല്ല ധാരണയുണ്ട്. പ്രവാചകന്‍ മൂസാക്ക് അവതീര്‍ണമായ വേദത്തിനാണ് പൊതുവെ തൗറാത്ത് എന്ന് പറയുന്നത്. യഥാര്‍ഥത്തില്‍ മൂസാക്ക് നല്‍കപ്പെട്ട വേദത്തിന്റെ ഒരു ഭാഗം മാത്രമാണ് തൗറാത്ത്. ആ വാക്കിന്റെ അര്‍ഥം 'നിയമം' എന്നാണ്. ജൂതന്മാര്‍ അഞ്ച് പുസ്തകങ്ങളെ മൂസയിലേക്ക് ചേര്‍ത്തി പറയുന്നുണ്ട്. 'ഉല്‍പ്പത്തി'യാണ് ഒന്നാമത്തെ പുസ്തകം. രണ്ടാമത്തേത് 'പുറപ്പാട്'. ഈജിപ്തില്‍ നിന്നുള്ള പുറപ്പാടാണ് ഇതിലെ പ്രമേയം. മൂന്നാമത്തേത് 'നിയമം'. നാലാമത്തേത് 'സംഖ്യകള്‍'. വിവിധ ജൂതഗോത്രങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ മൂസാ നബി ഉത്തരവിട്ടിരുന്നത് കൊണ്ടാണ് നാലാമത്തെ പുസ്തകത്തിന് ഈ പേര് വന്നത്. അഞ്ചാമത്തെ പുസ്തകമാണ് 'ആവര്‍ത്തനം'. പഴയ തത്ത്വങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നത് കൊണ്ടാണ് ഈ പേര്. ചില വിവരങ്ങള്‍ പുതുക്കുകയും (up-date) ചില വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട് ഈ അഞ്ചാം പുസ്തകത്തില്‍.
തുടക്കത്തില്‍ അഞ്ചാം പുസ്തകമായ 'ആവര്‍ത്തനം' ജൂതന്മാരുടെ കൈവശം ഉണ്ടായിരുന്നില്ല. മൂസാ നബി മരിച്ച് 600 വര്‍ഷം കഴിഞ്ഞ ശേഷം, ഒരാള്‍ അന്നത്തെ ജൂതഭരണാധികാരിയെ ഒരേടുമായി സമീപിച്ച് ഇങ്ങനെ പറഞ്ഞു: ''എനിക്ക് ഒരു ഗുഹയില്‍ നിന്ന് കിട്ടിയതാണ് ഈ ഗ്രന്ഥം. ഇതെന്താണെന്ന് എനിക്ക് അറിയില്ല. കുറെ മതകല്‍പനകളാണെന്ന് മാത്രം മനസ്സിലായി.'' പുസ്തകത്തിന്റെ ഈ കൈയെഴുത്ത് പ്രതി രാജാവ് അക്കാലത്ത് പ്രവാചകയായി അറിയപ്പെട്ടിരുന്ന സ്ത്രീയുടെ അടുത്തേക്ക് കൊടുത്തുവിട്ടു (ജൂതന്മാര്‍ക്ക് വനിതകളായ പ്രവാചകന്മാരും ഉണ്ടായിരുന്നു, അല്ലെങ്കില്‍ അവരങ്ങനെ അവകാശവാദം ഉന്നയിച്ചിരുന്നു). ജൂത പാരമ്പര്യത്തില്‍ ഹുല്‍ദ(Hulda) എന്ന് അറിയപ്പെട്ടിരുന്ന ആ പ്രവാചക, ഈ കൈയെഴുത്ത് പ്രതി മൂസായുടെ പുസ്തകമാണെന്ന് സാക്ഷ്യപ്പെടുത്തി. അങ്ങനെ മൂസാ നബിയുടെ വിയോഗത്തിന് 600 വര്‍ഷം കഴിഞ്ഞാണ് ഈ പുസ്തകം അദ്ദേഹത്തിലേക്ക് ചേര്‍ക്കപ്പെടുന്നത്. ഇതിന് 'ആവര്‍ത്തന'മെന്ന് പറയാന്‍ കാരണം ആദ്യത്തെ നാല് പുസ്തകങ്ങളുടെ ഉള്ളടക്കം ഹ്രസ്വമായി ഇതില്‍ പ്രതിപാദിക്കുന്നു എന്നതാണ്. അവയിലില്ലാത്ത ചില നിയമങ്ങളും ഇതില്‍ ഉണ്ട്. മൂസാ നബിക്ക് ശേഷം വന്ന പ്രവാചകന്മാരുടെ കാലത്ത് ജൂതന്മാര്‍ ഫലസ്ത്വീന്റെ ഒരു ഭാഗം കീഴടക്കിയതിനെക്കുറിച്ചും അവിടെ ഭരണം സ്ഥാപിച്ചതിനെ കുറിച്ചുമൊക്കെയാണ് ഈ അഞ്ച് പുസ്തകങ്ങളും പ്രതിപാദിക്കുന്നത്.
കുറച്ച് കഴിഞ്ഞപ്പോള്‍ ഇറാഖ് ഭരണാധികാരി നബുക്കദ് നസ്ര്‍ (ബുഖ്ത് നസ്വ്ര്‍) ഫലസ്ത്വീന്‍ ആക്രമിച്ചു. അയാളുടെ മതം ജൂതന്മാരുടെ മതത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ആയതിനാല്‍ തന്റെ പ്രതിയോഗികളുടെ മതത്തെ തകര്‍ത്തുകളയാന്‍ തന്നെ നബുക്കദ് നസ്ര്‍ തീരുമാനിച്ചു. തോറയുടെ മുഴുവന്‍ കോപ്പികളും ശേഖരിച്ച് അയാളതിന് തീകൊളുത്തി. ഒരൊറ്റ കോപ്പി പോലും ബാക്കിയായില്ല. ജൂത ചരിത്രകാരന്മാരുടെ വിവരണ പ്രകാരം, പിന്നീടൊരു നൂറ് വര്‍ഷം കഴിഞ്ഞ് എസ്‌റ (ESDRA) എന്നൊരു പ്രവാചകന്‍ (ഇദ്ദേഹമാവാം 'ഉസൈര്‍') വന്ന് തനിക്ക് തോറ മുഴുവന്‍ മനഃപാഠമാണെന്ന് അവകാശപ്പെട്ടു. ഓര്‍മയില്‍ നിന്ന് അദ്ദേഹം തോറ പകര്‍ത്തിയെഴുതി. തോറ ഇപ്രകാരം വീണ്ടെടുക്കപ്പെട്ട് അല്‍പം കഴിഞ്ഞപ്പോഴേക്കും ആന്റിയോക്കസ് എന്നൊരാളുടെ നേതൃത്വത്തില്‍ റോമക്കാര്‍ ഫലസ്ത്വീന്‍ കൈയടക്കി. നെബുക്കദ് നസ്ര്‍ ചെയ്തത് ആന്റിയോക്കസും ആവര്‍ത്തിച്ചു: ജൂതവേദങ്ങള്‍ക്കെല്ലാം തീ കൊളുത്തി. അങ്ങനെ രണ്ടാം തവണയും അവ നശിപ്പിക്കപ്പെട്ടു. ഏറെക്കഴിഞ്ഞില്ല, മറ്റൊരു റോമന്‍ ഭരണാധികാരി ടിറ്റസ് എന്നൊരാളുടെ നേതൃത്വത്തില്‍ മൂന്നാം തവണയും ഫലസ്ത്വീനിലേക്ക് ഒരു സൈന്യത്തെ വിട്ടു. അവരും കണ്ണില്‍ കണ്ട ജൂതവേദങ്ങളെല്ലാം അഗ്നിക്കിരയാക്കി. ചുരുക്കത്തില്‍, ഇപ്പോള്‍ നമ്മുടെ കൈവശമുള്ള തോറ, ബൈബിള്‍ പഴയ നിയമത്തില്‍ (old Testament) മോസസിലേക്ക് ചേര്‍ത്ത് പറയപ്പെട്ടിരിക്കുന്ന അഞ്ച് പുസ്തകങ്ങള്‍ മാത്രമാണ്. ഇവയാകട്ടെ, മൂലകൃതികള്‍ മൂന്നോ നാലോ തവണ അഗ്നിക്കിരയാക്കപ്പെട്ടതിനു ശേഷം പുതുക്കിയെഴുതിയുണ്ടാക്കിയതും, പുതുക്കി എഴുതിയത് ആരെന്നോ എപ്പോഴെന്നോ അറിയില്ല.
ഈ പുസ്തകങ്ങള്‍ വായിക്കുന്നവര്‍ രണ്ട് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കും. ഒന്ന്, ഒറ്റ നോട്ടത്തില്‍ തന്നെ പില്‍ക്കാലത്തെപ്പോഴോ കൂട്ടിച്ചേര്‍ത്തവയാണെന്ന് ആര്‍ക്കും മനസ്സിലാകുന്ന ചില ഭാഗങ്ങള്‍ അതില്‍ കാണാനിട വരും. രണ്ട്, ചിലയിടത്ത് ഖണ്ഡികകള്‍ തമ്മില്‍ ബന്ധം മുറിഞ്ഞുപോയതായും ചില പ്രസ്താവങ്ങള്‍ അപൂര്‍ണമായി അവശേഷിക്കുന്നതായും കണ്ടെത്തും. പുസ്തകങ്ങളില്‍ അധികം ചേര്‍ത്ത ഭാഗങ്ങളില്‍ വ്യക്തമായ വൈരുധ്യവും നിലനില്‍ക്കുന്നു. മൂസാ നബിയിലേക്ക് ചേര്‍ത്ത് പറയുന്ന ഈ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ മരണശേഷമുള്ള സംഭവങ്ങളും കടന്നുവരുന്നുണ്ട്! ഉദാഹരണത്തിന്, ആവര്‍ത്തന പുസ്തകത്തില്‍ മോസസിന്റെ രോഗം, മരണം, ഖബ്‌റടക്കം എന്നിവയെല്ലാം വിവരിക്കുന്നുണ്ട്. ഇതുപോലെ അദ്ദേഹത്തിന്റെ ജീവിതകാലത്തിന് ശേഷമുണ്ടായ നിരവധി സംഭവങ്ങള്‍. ഇതൊക്കെ പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതാണെന്ന് വ്യക്തമാണല്ലോ. ഇതുപോലുള്ള നിരവധി വൈരുധ്യങ്ങള്‍ വായനക്കാരന് കണ്ടെത്താനാവും. ചില വൈരുധ്യങ്ങള്‍ വളരെ സൂക്ഷ്മമായിരിക്കും. പെട്ടെന്ന് ശ്രദ്ധയില്‍ പെടുകയില്ല. ഉദാഹരണത്തിന്, ചുരുങ്ങിയത് ഇരുപത് തവണയെങ്കിലും 'ഈ വിധിയെ സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്നയിന്ന അധ്യായങ്ങളില്‍ കാണാം' എന്ന് ഈ പുസ്തകങ്ങളില്‍ ആവര്‍ത്തിച്ചു വന്നിട്ടുണ്ട്. ഇപ്പറഞ്ഞ അധ്യായങ്ങളില്‍ ഒന്നിന്റെ പേര് 'ദൈവത്തിന്റെ യുദ്ധങ്ങള്‍' എന്നും മറ്റൊന്നിന്റേത് 'ആത്മാര്‍ഥതയും ദൈവഭക്തിയുമുള്ള ജനത്തിന്റെ പുസ്തകം' എന്നുമാണ്. ഈ പേരിലുള്ള അധ്യായങ്ങള്‍ എവിടെയും വന്നിട്ടില്ല. ആ പേരിലുള്ള അധ്യായങ്ങളേ ഇല്ല എന്നതാണ് സത്യം. ഇതെല്ലാമാണ് ചരിത്രത്തില്‍ നിന്ന് പുനര്‍ജനിച്ച തോറയുടെ രൂപം. ലോകത്തെ മിക്ക ഭാഷകളിലും ഇന്നതിന്റെ പരിഭാഷ ലഭ്യമാണ്.
തൗറാത്ത് കഴിഞ്ഞാല്‍ മുസ്‌ലിംകള്‍ സാധാരണ പറയാറുള്ളത് സബൂറിനെക്കുറിച്ചാണ്. തോറയെപ്പോലെയും ഇഞ്ചീലിനെപ്പോലെയും ഇതൊരു സ്വതന്ത്ര വേദമായാണ് പരിഗണിക്കപ്പെട്ടു പോരുന്നത്. 'സങ്കീര്‍ത്തന'(Psalm)ത്തിന്റെ രൂപത്തിലാണ് ഇന്നത് നിലനില്‍ക്കുന്നത്. എന്നാല്‍, പഴയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'ദാവീദിന്റെ സങ്കീര്‍ത്തനങ്ങളില്‍' ദൈവത്തെ സ്തുതിക്കുന്ന പദ്യങ്ങള്‍ മാത്രമേയുള്ളൂ; പുതിയ എന്തെങ്കിലും നിയമങ്ങള്‍ അത് ഉള്‍ക്കൊള്ളുന്നില്ല. മുസ്‌ലിംകളുടെ വീക്ഷണ പ്രകാരം, ഏതൊരു പ്രവാചകനും ഒരു നിയമ വ്യവസ്ഥ കൊണ്ട് വന്നിരിക്കണം. പക്ഷേ, അങ്ങനെയൊന്ന് സങ്കീര്‍ത്തനങ്ങളില്‍ ഇല്ല. പക്ഷേ മറ്റു പൗരാണിക ഗ്രന്ഥങ്ങളില്‍ (ഇദ്‌രീസിന്റെഏട് മുതല്‍ 'ആവസ്ഥ' വരെ) കാണുന്നത് പോലെ ഒരു അന്ത്യപ്രവാചകനെക്കുറിച്ച പ്രവചനം സങ്കീര്‍ത്തനങ്ങളിലും ഉണ്ട്. ബാക്കിയൊക്കെ ഏറെക്കുറെ തോറയിലുള്ളതിന്റെ ആവര്‍ത്തനം തന്നെയാണ് സങ്കീര്‍ത്തനങ്ങളിലും.
മുസ്‌ലിംകള്‍ പൊതുവെ വിശ്വസിക്കുന്നത് ഇഞ്ചീല്‍ (Evangel/സുവിശേഷം) ഈസാ നബിക്ക് അവതരിച്ച ഒരു സ്വതന്ത്ര വേദമാണെന്നാണ്. പക്ഷേ ക്രൈസ്തവ സ്രോതസ്സുകളിലൂടെ നമുക്ക് ലഭിച്ചത് ഒരു സുവിശേഷമല്ല, നാല് സുവിശേഷങ്ങള്‍ (മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍)ആണ്. ഓരോ സുവിശേഷത്തെയും വെവ്വേറെ വ്യക്തികളിലേക്ക് ചേര്‍ത്തുപറഞ്ഞിരിക്കുന്നു. എന്നാല്‍ ഈ നാല് സുവിശേഷങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ ഇഞ്ചീല്‍ പൂര്‍ണമാവുകയുമില്ല. ക്രൈസ്തവ ചരിത്രകാരന്മാര്‍ പറയുന്നത് എഴുപതിലധികം സുവിശേഷങ്ങളുണ്ടെന്നാണ്. നാലെണ്ണമേ വിശ്വാസ യോഗ്യമായിട്ടുള്ളൂ എന്നും ബാക്കിയുള്ളവ സംശയാസ്പദമാണെന്നുമാണ് അവര്‍ പറയുന്നത്.
സുവിശേഷങ്ങള്‍ വായിക്കുമ്പോള്‍ അവയില്‍ പ്രതിപാദിക്കുന്നത് യേശുവിന്റെ ജീവചരിത്രമാണെന്നും ഒരു പ്രവാചകന് അവതീര്‍ണമായ ദിവ്യവെളിപാടുകളല്ലെന്നും വ്യക്തമാവും. നാല് വ്യക്തികള്‍ ഒന്നിന് പിറകെ ഒന്നായി യേശുവിന്റെ ജീവചരിത്രമെഴുതുകയും അതിനെ സുവിശേഷമെന്ന് വിളിക്കുകയുമാണുണ്ടായത്. ഇഞ്ചീല്‍ എന്ന അറബി വാക്കിന്റെ അര്‍ഥം 'ശുഭവാര്‍ത്തകള്‍' എന്നാണ്. ഈ പേര് എന്തുകൊണ്ട് വന്നു എന്നതിന് സുവിശേഷത്തില്‍ കൊടുത്ത യേശുവിന്റെ ജീവചരിത്രത്തില്‍ സൂചനകള്‍ കാണാം. യേശു ഒരു ഗ്രാമത്തിലെത്തിയാല്‍ അവിടത്തുകാരോട് പറയും: 'ഞാന്‍ നിങ്ങള്‍ക്ക് സുവിശേഷമറിയിക്കുന്നു, എന്തെന്നാല്‍ ദൈവരാജ്യം ഇതാ ആഗതമായിരിക്കുന്നു'. ഇങ്ങനെയാവാം വേദപുസ്തകത്തിന് ഈ പേര് കിട്ടിയത്. യേശുവിന് വേദം അവതരിച്ചതായോ അതദ്ദേഹം ആര്‍ക്കെങ്കിലും പറഞ്ഞുകൊടുത്ത് എഴുതിച്ചതായോ കാണുന്നില്ല. അതിനാല്‍ ദൈവപ്രോക്തമായ അത്തരമൊരു ഗ്രന്ഥം ഇന്ന് നിലനില്‍ക്കുന്നില്ല.
ഇപ്പോഴുള്ള സുവിശേഷങ്ങള്‍ എന്നു പറയുന്നത്,വിവിധ കാലങ്ങളിലായി വിവിധ ഗ്രന്ഥകാരന്മാര്‍ എഴുതിയ യേശുക്രിസ്തുവിന്റെ ജീവചരിത്രമാണ്. ഓരോ ഗ്രന്ഥകാരനും തന്റേത് സുവിശേഷമാണെന്ന് അവകാശപ്പെടുന്നു. ചര്‍ച്ച് ഈ സുവിശേഷങ്ങളില്‍ നാലെണ്ണം തെരഞ്ഞെടുക്കുകയും ബാക്കി തള്ളിക്കളയുകയും ചെയ്യുന്നു. ഈ നാല് സുവിശേഷങ്ങളെ ആര് തെരഞ്ഞെടുത്തു, എപ്പോഴായിരുന്നു ആ തെരഞ്ഞെടുപ്പ്, അതിന് സ്വീകരിച്ച മാനദണ്ഡമെന്തായിരുന്നു? ഈ ചോദ്യങ്ങള്‍ക്കൊന്നും ആര്‍ക്കും ഉത്തരം കണ്ടെത്താനായിട്ടില്ല.
പ്രശസ്ത ഫ്രഞ്ച് ചരിത്രകാരനായ വോള്‍ട്ടയര്‍ ഒരു കൃതിയില്‍ ഇങ്ങനെ എഴുതുന്നുണ്ട്: എഴുപതില്‍ പരം സുവിശേഷങ്ങള്‍. അവയില്‍ പലതും പരസ്പര വിരുദ്ധങ്ങളായവ. അവയില്‍ നിന്ന് അവലംബിക്കാവുന്ന കുറച്ചെണ്ണം എങ്ങനെ തെരഞ്ഞെടുക്കും? ഇതേക്കുറിച്ച് ചര്‍ച്ച് ഒരിക്കല്‍ ഗാഢമായി ആലോചിച്ചു. തെരഞ്ഞെടുക്കാന്‍ അവര്‍ ഒരു വഴി കണ്ടെത്തി. എല്ലാ സുവിശേഷങ്ങളുമെടുത്ത് ചര്‍ച്ചിലെ അള്‍ത്താരക്ക് സമീപമുള്ള മേശയില്‍ വെക്കുക. എന്നിട്ട് മേശ പിടിച്ച് കുലുക്കുക. മേശയില്‍ നിന്ന് താഴെ വീണ സുവിശേഷങ്ങളൊക്കെ അവലംബിക്കാന്‍ പറ്റാത്തവ! ശക്തമായി കുലുങ്ങിയിട്ടും വീഴാത്തവ അവലംബിക്കാവുന്നവ! ഇത് വോള്‍ട്ടയറിന്റെ ഒരു വര്‍ത്തമാനമാണ്. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ അദ്ദേഹം എഴുതിയതെന്ന് വ്യക്തമല്ല. ക്രൈസ്തവര്‍ ഈ പ്രസ്താവനയെ അപ്പാടെ തള്ളിക്കളയുകയും വോള്‍ട്ടയറെ കളവ് പറയുന്നവനായും തെമ്മാടിയായും മുദ്രകുത്തുകയും ചെയ്യുന്നു. അതെന്തെങ്കിലുമാവട്ടെ. ഒരു കാര്യം വ്യക്തമാണ്. യേശുക്രിസ്തു പറഞ്ഞെഴുതിച്ച ഒരു പുസ്തകവും ഇന്ന് നിലവിലില്ല. അക്കാര്യം എല്ലാവരും സമ്മതിക്കുന്നുണ്ട്. ഇപ്പോള്‍ ഇഞ്ചീല്‍ എന്ന പേരില്‍ നമ്മുടെ കൈവശമുള്ളത് യേശുവിന്റെ ജീവചരിത്ര കുറിപ്പുകളുടെ സമാഹാരമാണ്. വിവിധ പണ്ഡിതന്മാര്‍ എഴുതിയ മുഹമ്മദ് നബിയുടെ ജീവചരിത്രത്തെ നാം 'സീറത്തുന്നബി' എന്ന് പറയാറുണ്ടല്ലോ. അതുപോലെ നിലവിലുള്ള സുവിശേഷങ്ങള്‍ 'സീറത്തു ഹസ്രത്ത് ഈസ'യാണ്.
തനിക്ക് അവതരിച്ചു കിട്ടിയ നിയമതത്ത്വങ്ങള്‍ എന്തുകൊണ്ട് യേശു എഴുതിയെടുക്കാനായി പറഞ്ഞുകൊടുത്തില്ല? ന്യായമായും ഉയരാവുന്ന സംശയമാണിത്. തന്റെ മുന്‍ഗാമി മോസസിന് അവതീര്‍ണമായ തോറക്ക് ഉണ്ടായ ദുര്‍ഗതി കണ്ടാവണം ഒരു പക്ഷേ അദ്ദേഹം അങ്ങനെ ചെയ്യാതിരുന്നത്. ശത്രുക്കള്‍ നാട്ടില്‍ ആക്രമിച്ച് കടന്ന് തോറയെ കളങ്കപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്തു. പലതവണ വേദപുസ്തക ഏടുകള്‍ കത്തിക്കപ്പെട്ടു. ഈയൊരു ഗതിവരുമോ എന്ന് ഭയന്നിട്ടാവണം ഒരു പക്ഷേ തന്റെ സന്ദേശം തന്റെ സദ്‌വൃത്തരായ അനുയായികളിലൂടെ തലമുറ തലമുറ കൈമാറിപ്പോകട്ടെ എന്ന് അദ്ദേഹം ആലോചിച്ചത്. തനിക്ക് ലഭിച്ച ദിവ്യവെളിപാടുകള്‍ എഴുത്ത് രൂപത്തില്‍ സൂക്ഷിച്ചുവെക്കാതിരിക്കാനുള്ള കാരണവും ഒരു പക്ഷേ ഇതുതന്നെയാവാം.
മറ്റൊരു കാര്യവും നാമിവിടെ ഓര്‍ത്തിരിക്കണം. സകല അറിവുകളുടെയും കേന്ദ്ര സ്ഥാനമാണ് പ്രപഞ്ചനാഥനായ അല്ലാഹു. ഒരു പ്രവാചകന് ഒരു നിര്‍ദേശം നല്‍കുക, അതിന് തീര്‍ത്തും വിരുദ്ധമായ നിര്‍ദേശം ശേഷം വരുന്ന മറ്റൊരു പ്രവാചകന് നല്‍കുക എന്നത് സംഭവ്യമല്ല. എന്നാല്‍ ഒരു പ്രവാചകന് നല്‍കിയതിനേക്കാള്‍ കൂടുതല്‍ നിയമങ്ങളും തത്ത്വങ്ങളും മറ്റൊരു പ്രവാചകന് നല്‍കുക എന്നത് സംഭവ്യമാണ് താനും. ഇനി ആദമിന് അവതരിപ്പിച്ച ഏട് ഒരു കുഴപ്പവും കൂടാതെ നിലനിന്നു എന്ന് വിചാരിക്കുക. എങ്കില്‍ ആദിഗ്രന്ഥം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ഗ്രന്ഥങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുകയില്ല. ഇവിടെ നടത്തിയ അവലോകനത്തില്‍ നിന്ന് മുന്‍കാല പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ട വേദങ്ങളൊന്നും അവയുടെ പൂര്‍ണ രൂപത്തില്‍ നിലനില്‍ക്കുന്നില്ല എന്ന് വ്യക്തമായിട്ടുണ്ടല്ലോ. അത് കൊണ്ടാണ് പൂര്‍വ വേദങ്ങളിലെ തത്ത്വങ്ങളും മൂല്യങ്ങളും നിലനിര്‍ത്തി ഒരു വേദം അവതരിപ്പിക്കണമെന്നും അത് എക്കാലത്തും ഒരു കേടും കൂടാതെ മനുഷ്യന് ലഭ്യമായിരിക്കണമെന്നും അല്ലാഹു നിശ്ചയിച്ചത്. ആ വേദഗ്രന്ഥമാണ് ഖുര്‍ആന്‍.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍