Prabodhanm Weekly

Pages

Search

2013 ഫെബ്രുവരി 09

മാലി സംഘര്‍ഷത്തിന്റെ അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍

ആദില്‍ ലുതൈ്വഫി

പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഫ്രാന്‍സ് സൈനികമായി ഇടപെട്ടതോടെ അവിടത്തെ സംഘര്‍ഷങ്ങള്‍ക്ക് പുതിയ മാനം കൈവന്നിരിക്കുകയാണ്. ഇത് കേവലം മാലിയുടെ ആഭ്യന്തര പ്രശ്‌നമല്ല. മേഖലയിലെ രാഷ്ട്രീയ സ്ഥിതിഗതികളുമായി അതിന് ആഴത്തില്‍ ബന്ധമുണ്ട്. സംഘര്‍ഷത്തില്‍ ഇറങ്ങിക്കളിക്കുന്ന സംഘങ്ങളെ വിലയിരുത്തുമ്പോള്‍ അതിന്റെ ആഗോള പ്രത്യാഘാതങ്ങളും നിസ്സാരമായിരിക്കില്ല.
വര്‍ഷങ്ങളായി ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ആടിയുലയുകയാണ് ഈ രാഷ്ട്രം. വടക്കന്‍ മാലിയിലെ അസവദ് മേഖലയെ സ്വന്ത്ര രാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെട്ട് ത്വവാരിഖ് വിഭാഗത്തിലെ മിലീഷ്യകള്‍ കനത്ത സായുധാക്രമണങ്ങളാണ് നടത്തുന്നത്. 1991-ല്‍ മൂസ ട്രാവരി എന്ന ഏകാധിപതിയെ പുറന്തള്ളി മാലി ജനാധിപത്യ ക്രമത്തിലേക്ക് വന്നെങ്കിലും (അക്കാലത്ത് മേഖലയിലെ മാതൃകാ രാഷ്ട്രമായി മാലിയെ കണക്കാക്കിയിരുന്നു) വിഘടനവാദികളെ അമര്‍ച്ച ചെയ്യാനാവാതെ അങ്ങേയറ്റം ദുര്‍ബലമായിത്തീര്‍ന്നിരിക്കുകയാണ് കേന്ദ്ര ഭരണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മാലി കേന്ദ്ര ഭരണത്തിനെതിരെ സൈനിക അട്ടിമറിശ്രമം വരെ നടന്നു. വിദേശത്ത് നിന്ന് വരുന്ന നിരവധി സായുധ സംഘങ്ങളും കലാപത്തില്‍ പങ്കുചേരുന്നുണ്ട്. ഇത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
സംഘര്‍ഷങ്ങളില്‍ മൂടിവെക്കപ്പെടുന്ന മാലിയുടെ മറ്റൊരു മുഖമുണ്ട്. അത് പട്ടിണിയുടെയും ഇല്ലായ്മയുടെയും മുഖമാണ്. പരുത്തിയാണ് ഇവിടെ പ്രധാന കൃഷികളിലൊന്ന്. ആഗോള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ആ മേഖല തകര്‍ന്നുകഴിഞ്ഞു. അതേസമയം നിത്യോപയോഗ വസ്തുക്കളുടെ വില കുതിച്ചുയരുകയും ചെയ്തു. ഇതിനൊക്കെ അകമ്പടിയായി വര്‍ഷങ്ങള്‍ നീണ്ട വരള്‍ച്ചയും. മാലിയെ രാഷ്ട്രീയമായി അസ്ഥിരപ്പെടുത്തിയതില്‍ ഈ സാമൂഹിക സ്ഥിതിവിശേഷത്തിന് കൂടി പങ്കുണ്ട്.
മൗറിത്താനിയ, നൈജര്‍, മാലി, ഛാഡ് തുടങ്ങിയ രാജ്യങ്ങളോട് ചേര്‍ന്ന് വലിയ മരുഭൂ പ്രദേശങ്ങളുണ്ട്. അല്‍ഖാഇദയുമായി ബന്ധമുള്ള മിലീഷ്യകള്‍ ഇവിടെയാണ് തമ്പടിക്കുന്നതും വിവിധ ഓപ്പറേഷനുകള്‍ നടത്തുന്നതും. ലിബിയന്‍ വിപ്ലവം ഇത്തരം സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിന് സഹായകമായിട്ടുണ്ട്. വന്‍തോതില്‍ ആയുധങ്ങള്‍ കൈവശപ്പെടുത്താനും സൈനിക പരിശീലനം ആര്‍ജിക്കാനും ലിബിയന്‍ വിമോചന പോരാട്ടത്തിലൂടെ ഇവര്‍ക്ക് കഴിഞ്ഞു. മാലിയിലെ കേന്ദ്ര ഭരണം ദുര്‍ബലമായതിനാല്‍ അത് മുതലെടുത്ത് അസവദ് കേന്ദ്രമാക്കി ഒരു സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കാനുള്ള ഈ മിലീഷ്യകളുടെ ശ്രമമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
മാലി തലസ്ഥനമായ ബാമാക്കുവില്‍ മാത്രമല്ല ഈ സായുധ സംഘങ്ങള്‍ അപായമണി മുഴക്കുന്നത്. ദാക്കര്‍ (സെനഗല്‍), നുവാകശൂത്ത് (മൗറിത്താനിയ), നിയാമി (നൈജര്‍) എന്നീ തലസ്ഥാന നഗരികളും ഇവരുടെ ഭീഷണിയുടെ നിഴലിലാണ്. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സും ഇവരെക്കുറിച്ച ഭീതിയില്‍ തന്നെ. അതിനാല്‍ മേഖലയിലെ എല്ലാ രാഷ്ട്രങ്ങളും തുറന്ന് പറഞ്ഞോ മൗനം പാലിച്ചോ ഫ്രാന്‍സിന്റെ സൈനിക ഇടപെടലിനെ അനുകൂലിക്കുകയാണ് ചെയ്തത്. അല്‍ഖാഇദ മോഡല്‍ ശരീഅത്ത് അടിച്ചേല്‍പ്പിക്കുന്നതിനെയും പ്രദേശവാസികള്‍ പൊതുവെ അനുകൂലിക്കുന്നില്ല. ഈ സംഘങ്ങള്‍ ആധിപത്യമുറപ്പിച്ച സ്ഥലങ്ങളില്‍ കൈകാലുകള്‍ വെട്ടുന്ന ശിക്ഷാമുറകള്‍ നടപ്പാക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത് സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കും. പ്രധാന ടൂറിസ്റ്റ് വിനോദങ്ങളിലൊന്നായ ദാക്കറിലെ മരുഭൂ കാര്‍ റാലി ലാറ്റിനമേരിക്കയിലേക്ക് മാറ്റിയത് തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്നാണ്.
സാംസ്‌കാരിക ശേഷിപ്പുകളെയും തീവ്രവാദികള്‍ ഉന്നം വെക്കുന്നത് തദ്ദേശവാസികളെ ചൊടിപ്പിച്ചിട്ടുണ്ട്. തുംബക്‌ത്തോ നഗരത്തിലുള്ള ലൈബ്രറികളില്‍ സൂക്ഷിച്ചിരുന്ന പ്രാദേശിക സംസ്‌കൃതിയെക്കുറിച്ചുള്ള ഒട്ടേറെ ഗ്രന്ഥങ്ങളാണ് അവര്‍ അഗ്നിക്കിരയാക്കിയത്. കച്ചവടക്കാര്‍ വഴിയാണ് മാലിയില്‍ ഇസ്‌ലാമെത്തിയതെങ്കിലും അതിന്റെ പ്രചാരണത്തില്‍ മുഖ്യ പങ്ക് വഹിച്ചത് ഔലിയാക്കളും (സൂഫികള്‍) സവായകളും (സൂഫി മഠങ്ങള്‍) ആണ്.
പ്രശ്‌നത്തില്‍ ആദ്യം നിസ്സംഗത കൈക്കൊണ്ടെങ്കിലും പിന്നെ ഏറെ ഇറങ്ങിക്കളിച്ച രാഷ്ട്രം അള്‍ജീരിയയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളായി അള്‍ജീരിയന്‍ ഭരണകൂടം ഇത്തരം സായുധ സംഘങ്ങളോട് മല്ലിടുകയാണ്. അത്തരം സംഘങ്ങള്‍ ഇനിയും പൊട്ടിമുളക്കുന്നത് അവര്‍ പൊറുപ്പിക്കുകയില്ല. അള്‍ജീരിയയുടെ മൊത്തം വിസ്തീര്‍ണത്തിന്റെ പകുതിയോളം വരുന്ന മരുപ്രദേശങ്ങളാണ് ഈ സംഘങ്ങളുടെ വിഹാരരംഗം. ഇന്ധനത്തിന്റെ മുഴുവന്‍ സ്രോതസ്സും ഈ മരുഭൂമിയിലാണ്. വടക്കന്‍ മാലിയില്‍ നിന്ന് ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാം എന്നുള്ളതുകൊണ്ട് കൂടിയാണ് ഐന്‍ അമീനാസ് ബന്ദിപ്രശ്‌നത്തില്‍ അള്‍ജീരിയ കടുത്ത നിലപാട് സ്വീകരിച്ചത് (അള്‍ജീരിയന്‍ മരുഭൂ നഗരമായ ഐന്‍ അമീനാസില്‍ സായുധസംഘങ്ങള്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേരെ ബന്ദികളാക്കിയപ്പോള്‍ അവരെ മോചിപ്പിക്കാന്‍ അള്‍ജീരിയന്‍ സേന രംഗത്തിറങ്ങി. ഓപ്പറേഷനില്‍ ബന്ദികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു). തെക്കന്‍ അള്‍ജീരിയയില്‍ നിരവധി ത്വവാരിഖ് ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്നുണ്ടെന്നതും ഗവണ്‍മെന്റിന് തലവേദനയാണ്.
ഫ്രാന്‍സിനെ സംബന്ധിച്ചേടത്തോളം ഈ മേഖല അവരുടെ പഴയ കോളനികളാണ്. കോത്ത് ദീവോര്‍ (സാഹിലുല്‍ ആജ്), മധ്യാഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളില്‍ അവര്‍ നേരത്തെ സൈനികമായി ഇടപെട്ടിട്ടുണ്ട്. നേരത്തെ പറഞ്ഞ കാരണങ്ങളാല്‍ മാലിയിലെ സൈനിക ഇടപെടലിന് ജനങ്ങളില്‍ നിന്നും ഭരണകൂടങ്ങളില്‍നിന്നും പൊതുവെ അനുകൂല പ്രതികരണമാണ് ലഭിക്കുന്നത്. ഇതവരുടെ ദൗത്യം എളുപ്പമാക്കുന്നുണ്ട്. സൈനികവും സാമ്പത്തികവുമായ ഒട്ടേറെ താല്‍പര്യങ്ങള്‍ - ഉദാഹരണത്തിന് മേഖലയിലെ യുറേനിയം നിക്ഷേപം- ഫ്രാന്‍സ് ഈ സൈനിക നീക്കത്തിലൂടെ മുന്നില്‍ കാണുന്നുണ്ടെന്നതും വ്യക്തം.
(അല്‍ജസീറ കോളമിസ്റ്റാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്‌റാഅ്‌
എ.വൈ.ആര്‍