ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വിജയക്കുതിപ്പിന്റെ കാരണങ്ങള്‍
1920-40 കാലത്ത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുമ്പോഴുണ്ടായിരുന്ന ലോക സാഹചര്യം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഏറെ ദൂരം സഞ്ചരിക്കുകയും ചെയ്തു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് പുതിയ കാലത്തെയും ലോകത്തെയും താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
ലോക ജനതയുടെ സാമൂഹിക ജീവിതത്തിലും രാഷ്ട്രീയ മണ്ഡലത്തിലും അധികാരഘടനയിലും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്ക് കാതലായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1920-'40 കാലത്ത് ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രംഗത്തുവരുമ്പോള്‍ നിലവിലുണ്ടായിരുന്ന ലോക സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇസ്‌ലാമിനെ സംബന്ധിച്ച ചര്‍ച്ചകളിലും മുസ്‌ലിം സമൂഹത്തിന്റെ ജീവിതത്തിലും ഈ മാറ്റം ഏറെ ദൃശ്യമാകുന്നുമുണ്ട്.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ഊന്നിനിന്ന സോവിയറ്റ് യൂനിയനും മുതലാളിത്തത്തെ പ്രമോട്ട് ചെയ്യുന്ന അമേരിക്കയും തമ്മിലുള്ള മത്സരത്തില്‍ ശാക്തിക സന്തുലനം ഏറെക്കുറെ നിലനില്‍ക്കുന്നതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഏറിയ പങ്കും. മുസ്‌ലിം സമൂഹം അടിച്ചമര്‍ത്തപ്പെടുകയും മുസ്‌ലിം രാഷ്ട്രങ്ങള്‍ സാമ്രാജ്യത്വശക്തികള്‍ക്ക് അധീനപ്പെടുകയും ചെയ്തിരുന്നു. ഇന്നത്തെപ്പോലെ ഇസ്‌ലാം അന്ന് ചര്‍ച്ചയിലുണ്ടായിരുന്നില്ല. 1990-കളുടെ ആദ്യത്തില്‍ സോവിയറ്റ് റഷ്യ തകര്‍ന്നതോടെ അമേരിക്കന്‍ ആധിപത്യമുള്ള ഏകധ്രുവ ലോകം എന്ന മുദ്രാവാക്യം ഉയര്‍ന്നുവന്നു. 'ഇസ്‌ലാമാണ് ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം' എന്ന മുദ്രാവാക്യം കൂടുതല്‍ ശക്തമായി മുഴങ്ങിക്കേട്ടതും ഈ ഘട്ടത്തിലായിരുന്നു.
ലോകത്ത് പാശ്ചാത്യരുടെയും പൗരസ്ത്യരുടെയും ആധിപത്യങ്ങള്‍ മാറിമാറി വന്നിട്ടുണ്ട്. അത് ചരിത്രത്തിന്റെ അനിവാര്യതയാണ്. അമേരിക്കയുടെ, മുതലാളിത്തത്തിന്റെ കൈയില്‍ ലോകം അമര്‍ന്നതോടെ ചരിത്രത്തിന് ഇത്തരമൊരു തിരിച്ചു വരവില്ല എന്ന് ഘോഷിക്കപ്പെട്ടു. 'ചരിത്രത്തിന്റെ അന്ത്യം' എന്ന പ്രഖ്യാപനം വരുന്നത് ഈ സാഹചര്യത്തിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവരുന്ന ഇസ്‌ലാമിക നാഗരികതകളെയും സമൂഹങ്ങളെയും സംഘട്ടനത്തിലൂടെ ഇല്ലായ്മ ചെയ്യണമെന്ന് അവര്‍ കണക്കുകൂട്ടി. നാഗരികതകളുടെ സംഘട്ടനം എന്ന സിദ്ധാന്തം ആവിഷ്‌കരിക്കപ്പെട്ടു. അമേരിക്ക സ്‌പോണ്‍സര്‍ ചെയ്യുന്ന ക്രൈസ്തവതയും ഇസ്‌ലാമും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച പ്രവചനങ്ങളും അതിനാവശ്യമായ അജണ്ടകളും ചേരുവകളുമെല്ലാം വിപണിയില്‍ ഇറക്കാനും ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടായി.
എന്നാല്‍, 'ചരിത്രത്തിന്റെ അന്ത്യം', 'നാഗരികതകളുടെ സംഘട്ടനം' എന്നീ രണ്ട് സിദ്ധാന്തങ്ങളും പരാജയപ്പെടുകയും അമേരിക്കന്‍ ആധിപത്യം തകര്‍ച്ചയെ നേരിടുകയും ചെയ്യുന്നതാണ് 21-ാം നൂറ്റാണ്ടിലെ ലോക സാഹചര്യത്തിന്റെ ഒരു പ്രധാന പ്രത്യേകത. രാഷ്ട്രീയവും സൈനികവുമായി മാത്രമല്ല സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായി അമേരിക്കന്‍ നാഗരികത തകര്‍ന്നുകൊണ്ടിരിക്കുകയാണ്. സംഘര്‍ഷത്തിന്റെ ലോകമല്ല ഇനി നമുക്ക് വേണ്ടത്, സംവാദത്തിന്റേതും സമവായത്തിന്റേതുമായ അന്തരീക്ഷമാണ് എന്നും ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. 'ഇസ്‌ലാമോഫോബിയ' എന്ന് പേരിട്ട് ഇസ്‌ലാമിനെ പ്രതിസ്ഥാനത്തു നിര്‍ത്തി വേട്ടയാടാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിടുകയും ഇസ്‌ലാം ജനങ്ങളുടെ പ്രതീക്ഷയായി മാറുകയും ചെയ്യുന്നുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലോകം ഇസ്‌ലാമിലേക്ക് ഉറ്റുനോക്കുന്നു. ലോകം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ 'ഇസ്‌ലാമിക് ബാങ്കിംഗ്' പരിഹാരമായി ഉയര്‍ത്തിക്കാട്ടിയത് അമുസ്‌ലിം സാമ്പത്തിക വിദഗ്ധര്‍ തന്നെയാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സംവാദങ്ങളിലേക്ക് ക്ഷണിക്കപ്പെടുകയും അംഗീകാരം നേടുകയും ചെയ്യുന്നത് ഇന്ന് നമുക്ക് ആവേശം തരുന്ന കാഴ്ചയാണ്.
പുതിയൊരു ലോകം വരാന്‍ പോകുന്നുവെന്ന സ്വപ്നവും തിരിച്ചറിവും ഇന്ന് എല്ലാ മനുഷ്യരിലുമുണ്ട്. മറ്റൊരു ലോകം സാധ്യമാണ് എന്ന് ജനം വിശ്വസിക്കുന്നു. അറബ് വസന്തം അതിന്റെ ലക്ഷണങ്ങളിലൊന്നാണ്. അറബ് വസന്താനന്തരം ഫലസ്ത്വീന്‍ പ്രശ്‌നം കൈകാര്യം ചെയ്യപ്പെട്ട രീതി അതിന്റെ മറ്റൊരു അടയാളമാണ്. ഇസ്രയേലിന്റെ ഫലസ്ത്വീന്‍ ആക്രമണവും അത് അവസാനിപ്പിച്ച രീതിയും അതു സംബന്ധിച്ച് നടന്ന ചര്‍ച്ചകളും അതിന്റെ നേതൃത്വവുമൊക്കെ പരിശോധിച്ചാല്‍ അമേരിക്കയുടെ മേല്‍ക്കൈ അവസാനിക്കുന്നുവെന്നും മറ്റു ചിലരുടെ പിടി മുറുകുന്നുവെന്നുമുള്ള തിരിച്ചറിവ് ലഭിക്കും.
വിജയ വഴിയില്‍ മുന്നോട്ടു കുതിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയിലാണ് 2013 പിറന്നത്. ഭീകരമായ പീഡനമര്‍ദനങ്ങളുടെ പതിറ്റാണ്ടുകള്‍ തരണം ചെയ്താണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇന്നത്തെ അവസ്ഥയിലേക്ക് വളര്‍ന്നത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഈ വിജയക്കുതിപ്പ് എങ്ങനെ സാധിച്ചു?
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തിന്റെ കരുത്ത് തന്നെയാണ് അവയുടെ വിജയക്കുതിപ്പിന്റെ അടിസ്ഥാന കാരണം. ഇസ്‌ലാം ലോകത്ത് വിജയിക്കാനുള്ളതാണ്; കാരണം അത് ദൈവികമാണ്. മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ തകരാനുള്ളതാണ്. കമ്യൂണിസത്തിനു പിറകെ മുതലാളിത്തത്തിന്റെ പതനവും സയ്യിദ് മൗദൂദി 1940-കളില്‍ തന്നെ പ്രവചിച്ചതു കാണാം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുകയും ഇസ്‌ലാമിന്റെ പ്ലാറ്റ് ഫോമില്‍ അവരെ അണിനിരത്തി ജനകീയ വിപ്ലവത്തിന് കളമൊരുക്കുകയും ചെയ്തുവെന്നതാണ് മറ്റൊരു കാര്യം. ആദര്‍ശത്തെ ജനകീയവത്കരിക്കുകയെന്ന മഹത്തായ ദൗത്യം നിര്‍വഹിക്കുന്നതില്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞതിന്റെ തെളിവാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ വിജയക്കുതിപ്പ്.
നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിനെ അവതരിപ്പിച്ച രീതിയും സ്വീകരിച്ച നയസമീപനങ്ങളും അവയുടെ മുന്നേറ്റത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ ആഗോളപരത ഉയര്‍ത്തിപ്പിടിച്ചുവെന്നതാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഒന്നാമത്തെ സവിശേഷത. ദേശരാഷ്ട്ര സങ്കല്‍പത്തിന് പ്രചാരം നല്‍കി മുസ്‌ലിംലോകത്ത് ചെറിയ ചെറിയ രാജ്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അവയെ തമ്മിലടിപ്പിക്കുകയായിരുന്നു പാശ്ചാത്യര്‍. ഇറാഖ്-കുവൈത്ത്, ഇന്ത്യ-പാകിസ്താന്‍ തര്‍ക്കങ്ങള്‍ ഉദാഹരണം. അങ്ങനെ സങ്കുചിത ദേശീയത്വം ജനങ്ങളെ വരിഞ്ഞുമുറുക്കി. ഇതില്‍നിന്ന് മനഷ്യരെ രക്ഷപ്പെടുത്തിയെടുക്കാനാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ശ്രമിച്ചത്. ഏകലോക സമൂഹം എന്ന മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ വിശാലമായ ഉദാത്ത സങ്കല്‍പം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് 'പാന്‍ ഇസ്‌ലാമിസം' എന്ന വിമര്‍ശനം പാശ്ചാത്യര്‍ ഉയര്‍ത്തിയത്. അത് ഏറ്റുപിടിക്കാന്‍ മുസ്‌ലിം സമുദായത്തിലും ചില അപക്വമതികള്‍ ഉണ്ടായി. ആഗോളപരത എന്നത് ഇസ്‌ലാമിനെ സംബന്ധിച്ച് വലിയൊരു രാഷ്ട്രീയമാണ്. ഖിലാഫത്തിന്റെ പുനഃസ്ഥാപനവുമായി ബന്ധപ്പെടുത്തി വേണം അതിനെ മനസ്സിലാക്കാന്‍.
ഇസ്‌ലാമിന്റെ സാമൂഹികപരത ഉയര്‍ത്തിപ്പിടിച്ചുവെന്നതാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ രണ്ടാമത്തെ സവിശേഷത. ഇസ്‌ലാമിന്റെ ആരാധനാവശത്തെയല്ല സാമ്രാജ്യത്വം ഭയപ്പെടുന്നത്, സാമൂഹിക ഉള്ളടക്കത്തെയാണ്. രാഷ്ട്രീയവും സാമ്പത്തിക ജീവിതവും ഉള്‍പ്പെട്ട ഇസ്‌ലാമിന്റെ സാമൂഹിക പരതയാകുന്ന നട്ടെല്ല് ഊരിയെടുത്താല്‍ മാത്രമേ ലോക മുസ്‌ലിം സമൂഹത്തെയും രാഷ്ട്രങ്ങളെയും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുന്നവരാക്കാന്‍ കഴിയൂ എന്ന് സാമ്രാജ്യത്വശക്തികള്‍ മനസ്സിലാക്കി. ഇസ്‌ലാമിന്റെ സാമൂഹിക മുഖം ഉള്‍ക്കൊണ്ട മുസ്‌ലിം സമൂഹങ്ങള്‍ സാമ്രാജ്യത്വത്തിന്റെ ശത്രുക്കളായിരിക്കുമെന്ന് അവര്‍ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാശ്ചാത്യര്‍ പല രാജ്യങ്ങളിലും അധിനിവേശം നടത്തിയിട്ടുണ്ട്. പക്ഷേ, മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്ന് നേരിട്ടത് പോലുള്ള കടുത്ത എതിര്‍പ്പ് മറ്റെവിടെ നിന്നും അവര്‍ക്ക് നേരിടേണ്ടിവന്നിട്ടില്ല. ഇന്ത്യയില്‍ ഒരു മതവിഭാഗമെന്ന നിലക്ക് മുസ്‌ലിം സമൂഹത്തില്‍നിന്നാണ് സാമ്രാജ്യത്വത്തിന് ശക്തമായ ചെറുത്തുനില്‍പ് നേരിടേണ്ടിവന്നിട്ടുള്ളത്.
ഇസ്‌ലാമിന്റെ രാഷ്ട്രീയം, ഖിലാഫത്ത് സങ്കല്‍പം, ധര്‍മസമരം അഥവാ ജിഹാദ് തുടങ്ങിയ ആശയങ്ങളാണ് മുസ്‌ലിംകള്‍ക്ക് ഈ കരുത്ത് നല്‍കുന്നത്. ഈ കാമ്പ് ഊരിക്കളയാന്‍ സാമ്രാജ്യത്വം ശ്രമിച്ചതും അതുകൊണ്ടാണ്. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഖാദിയാനികളെ സൃഷ്ടിച്ചതും അവരിലൂടെ 'ജിഹാദ്' ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതും തങ്ങളുടെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് ജിഹാദ് വിലങ്ങുതടിയാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. രാഷ്ട്രീയ മുക്തമായ, ആരാധന മാത്രമായ മതമായി ഇസ്‌ലാമിനെ അവതരിപ്പിക്കാനുള്ള ഗൂഢാലോചനകളും ഇതിന്റെ ഭാഗമാണ്. മുസ്‌ലിം സമൂഹത്തിലെ ചില പാവങ്ങള്‍ പക്ഷേ ഇതൊന്നും അറിയാതെയാണ് മതത്തെക്കുറിച്ച് സംസാരിച്ചതും രാഷ്ട്രീയത്തെ ഇസ്‌ലാമില്‍നിന്ന് പുറത്താക്കിയതും.
മുസ്‌ലിം സമൂഹത്തിലെ ഭിന്ന ധാരകളോട് സവിേശഷമായ സമീപനമാണല്ലോ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചത്?
ഇസ്‌ലാമിന്റെ സംസ്ഥാപനത്തിനു വേണ്ടി മുസ്‌ലിം സമൂഹത്തിലെ എല്ലാ കര്‍മശാസ്ത്ര സരണികളെയും വിശ്വാസ ധാരകളെയും ഒരുമിച്ച് അണിനിരത്തുകയെന്നതാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ മൂന്നാമത്തെ സവിശേഷത. സംഘടനകള്‍ ഉണ്ടാകേണ്ടത് കര്‍മശാസ്ത്ര അഭിപ്രായങ്ങള്‍ക്കനുസരിച്ചല്ല. നമസ്‌കാരത്തില്‍ കൈ നെഞ്ചില്‍ കെട്ടുന്നവര്‍ക്ക് ഒരു സംഘടന, വയറ്റില്‍ കൈകെട്ടുന്നവര്‍ക്ക് മറ്റൊരു സംഘടന, സുബ്ഹിക്ക് ഖുനൂത്ത് ഓതുന്നവര്‍ക്കും ഓതാത്തവര്‍ക്കും വെവ്വേറെ സംഘടന. ഈ കാഴ്ചപ്പാടിനെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നിരാകരിച്ചു. പ്രവാചകന്റെ കാലത്തും അതിനു ശേഷവും സ്വഹാബിമാര്‍ക്കിടയില്‍ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് തടസ്സമായിരുന്നില്ല. എങ്കില്‍ നമ്മുടെ കാലത്ത് മുസ്‌ലിം സമൂഹത്തിലെ വിവിധ കര്‍മശാസ്ത്ര സരണികളില്‍ ഉള്ളവര്‍ക്ക് ഇസ്‌ലാമിക നവോത്ഥാനത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാം. അതിനൊരു തടസ്സവുമില്ല. ഇത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രായോഗികമായി തെളിയിച്ചു കൊടുത്തു.
ഇസ്‌ലാമിനെ പുതിയ കാലത്തിനും ലോകത്തിനും അനുയോജ്യമാംവിധം അവതരിപ്പിക്കുകയും പുതിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്ന വിധം നിയമങ്ങളെ വികസിപ്പിച്ചെടുക്കുയും ചെയ്യുന്നതില്‍ വലിയ പരിശ്രമങ്ങള്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ നടത്തി. 'മധ്യമമാര്‍ഗം' അവലംബിച്ചുവെന്നതാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സവിശേഷതയായി അടയാളപ്പെടുത്തേണ്ട മറ്റൊരു കാര്യം. അമുസ്‌ലിം സമൂഹവുമായി സംവദിക്കുമ്പോഴും, മുസ്‌ലിം സമുദായത്തിനകത്തുള്ള അഭിപ്രായാന്തരങ്ങളെയും അന്ധവിശ്വാസപരമായ പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യുമ്പോഴും മധ്യമ നിലപാടാണ് അവ കൈക്കൊണ്ടത്. മുസ്‌ലിം സമുദായത്തില്‍ വിശ്വാസപരവും കര്‍മപരവുമായി ശിര്‍ക്കിന്റെ അംശങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ടെന്ന് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ, മുസ്‌ലിം സമുദായത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെ 'മുശ്‌രിക്' (ബഹുദൈവാരാധകന്‍) എന്ന് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അഭിസംബോധന ചെയ്തിട്ടില്ല. ആദര്‍ശം, വിശ്വാസം, പെരുമാറ്റം, നയനിലപാടുകള്‍, പ്രവര്‍ത്തനങ്ങള്‍, എതിര്‍പ്പ് തുടങ്ങിയവയിലെല്ലാം ഈ മധ്യമമാര്‍ഗമാണ് അവലംബിച്ചത്. പുരുഷന്മാര്‍ താടി വളര്‍ത്തല്‍ ഇസ്‌ലാമില്‍ പ്രതിഫലാര്‍ഹമായ പുണ്യകര്‍മമാണ്. എന്നാല്‍ അതാണ്, അതു മാത്രമാണ് സുന്നത്ത് (പ്രവാചക ചര്യ) എന്ന രീതിയിലുള്ള നിലപാടിലേക്ക് അവര്‍ എത്തിയിട്ടില്ല. ഇങ്ങനെ, തീവ്ര നിലപാടുകളിലേക്ക് പോകാതെ ഇസ്‌ലാമിന്റെ ശരിയായ മധ്യമമാര്‍ഗം അവലംബിച്ചുവെന്നത് കെട്ടുറപ്പ് നിലനിര്‍ത്താനും സമൂഹത്തിന് സ്വീകാര്യമാകാനും നവോത്ഥാന പ്രസ്ഥാനങ്ങളെ ഏറെ സഹായിച്ചിട്ടുണ്ട്.
ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടേതില്‍നിന്ന് വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത ലോക സലഫി സംഘടനകള്‍ക്കും അവരുടെ ഭാഗമായ കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിനും സംഭവിച്ച ഇടര്‍ച്ചകളും തകര്‍ച്ചകളും ഈ മൗലിക ഗുണങ്ങള്‍ നിരാകരിച്ചതിന്റെ കൂടി അനിവാര്യതയാണ്. അതിനെക്കുറിച്ച് വഴിയെ പറയാം.
ഇതര മതവിഭാഗങ്ങളുമായി അടുത്ത സൗഹൃദം നിലനിര്‍ത്തിയും അവര്‍ക്കു കൂടി ഇടം നല്‍കിയുമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരുന്നത്. അതിന്റെ ഫലം എന്തായിരുന്നു?
ഏക ശിലാത്മകമായ, മതാധിപത്യമുള്ള ഒരു സമൂഹത്തെയും രാഷ്ട്രത്തെയും കുറിച്ച കാഴ്ച്ചപ്പാടല്ല ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചത്. അവര്‍ സ്വീകരിച്ച പ്രവര്‍ത്തന രീതിയും ഏക മുഖമായിരുന്നില്ല. ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന, എല്ലാ മതവിഭാഗങ്ങള്‍ക്കും ഇടമുള്ള സാമൂഹിക സംവിധാനമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചത്. കര്‍മമേഖലകളില്‍ ഇതിന്റെ അനന്യമായ മാതൃകകള്‍ അവര്‍ കാഴ്ച വെക്കുകയും ചെയ്തു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സമ്മേളനങ്ങളിലും സെമിനാറുകളിലും മറ്റും കടുത്ത എതിര്‍ വീക്ഷണമുള്ളവര്‍ക്കു കൂടി ഇടം നല്‍കിക്കൊണ്ട് അവര്‍ക്ക് ആശയ പ്രകാശനത്തിനുള്ള അവസരം ഒരുക്കി കൊടുത്തിട്ടുണ്ട്. ഇത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്ന സാമൂഹിക-രാഷ്ട്രീയ സങ്കല്‍പ്പത്തില്‍ നിന്ന് രൂപം കൊള്ളുന്നതാണ്.
ഇസ്‌ലാമികേതര മതവിഭാഗങ്ങളുമായി ഊഷ്മളമായ സൗഹൃദം സ്ഥാപിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. അവയുടെ പല വേദികളിലും സഹോദര മതക്കാര്‍ക്കും ഇടം നല്‍കി വരുന്നുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്ലാറ്റ്‌ഫോം വിപുലീകരിക്കുമ്പോള്‍ ഈ മേഖലക്ക് കവിഞ്ഞ പ്രാധാന്യം നല്‍കുകയും ചെയ്യുന്നുണ്ട്. ഈജിപ്തില്‍ ഇഖ്‌വാന്‍ നേതാവ് ഹസനുല്‍ബന്ന കൊല്ലപ്പെട്ടപ്പോള്‍, മയ്യിത്ത് സംസ്‌കരണത്തില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ക്കു മാത്രമേ അധികാരികള്‍ അനുവാദം നല്‍കിയിരുന്നുള്ളൂ. പക്ഷേ, കൂട്ടത്തില്‍ ഒരു കോപ്റ്റിക് ക്രിസ്ത്യാനിയും പങ്കെടുത്തു. അത്രക്ക് സൗഹൃദമുണ്ടായിരുന്നു അദ്ദേഹത്തിന് ഇതര മതക്കാരുമായി. അറബ് വസന്താനന്തരം എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തി ഒരു ഭരണസംവിധാനം ഉണ്ടാക്കാന്‍ ഇഖ്‌വാന് കഴിഞ്ഞത് ഈ ഒരു അടിത്തറ അവര്‍ക്കുള്ളതു കൊണ്ടാണ്. ഒരു സുപ്രഭാതത്തില്‍, നിങ്ങളെല്ലാവരും ഭരണത്തില്‍ പങ്കാളികളാകണം എന്ന് ഇതര മതക്കാരോട് ഇഖ്‌വാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അത് വിജയിക്കുമായിരുന്നില്ല. മറിച്ച്, ആദ്യ കാലം മുതലേ സ്വീകരിച്ചുവരുന്ന സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ഫലമാണത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഏക ശിലാത്മക സമൂഹത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു, മതാധിപത്യം കൊണ്ടുവരാന്‍ നോക്കുന്നു, ഇതര മതക്കാരോട് അസഹിഷ്ണുത കാണിക്കുന്നു തുടങ്ങിയ ദുഷ്പ്രചാരണങ്ങള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമുണ്ടായിരുന്നില്ല.
ഇന്ത്യയിലേക്ക് വരുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി സ്വീകരിക്കുന്ന സമീപന രീതി, മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഒരു ബഹുമത രാഷ്ട്രമെന്ന നിലക്ക് കൂടുതല്‍ പ്രസക്തമാണ്.
സ്ത്രീ സമൂഹത്തിന് നല്‍കിയ സ്ഥാനവും പരിഗണനയും ഇസ്‌ലാമിക മുന്നേറ്റത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്നാണ് സ്ത്രീസമൂഹത്തിന് നല്‍കിയ ഉയര്‍ന്ന സ്ഥാനവും സാമൂഹിക പ്രവര്‍ത്തന രംഗത്ത് നല്‍കിയ അവസരങ്ങളും. അറബ് വസന്തത്തിന്റെ മുന്നണി പോരാളികളായി ആയിരക്കണക്കിന് സ്ത്രീകളെ നമുക്ക് കാണാം. ഇസ്‌ലാം വിമര്‍ശകരെ പ്രത്യേകിച്ചും, ലോകത്തെ പൊതുവിലും അത്ഭുതപ്പെടുത്തിയ കാര്യമാണ് മുസ്‌ലിം ലോകത്തെ ഈ സ്ത്രീമുന്നേറ്റം. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ഫലമാണിതെന്നു പറയാന്‍ ഒട്ടും ശങ്കിക്കേണ്ടതില്ല. നൊബേല്‍ സമ്മാനം നേടിയ തവക്കുല്‍ കര്‍മാന്‍ യമനിലെ ഇസ്‌ലാമിക പ്രസ്ഥാനമായ അല്‍ ഇസ്‌ലാഹിന്റെ കേന്ദ്ര ശൂറാ അംഗമാണെന്ന് നാം ഓര്‍ക്കണം. വിപ്ലവാനന്തരം തുനീഷ്യയില്‍ ഏറ്റവുമധികം വനിതാ മെമ്പര്‍മാരെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തയച്ചിട്ടുള്ളത് 'അന്നഹ്ദ' എന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ്.
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടു. ക്രമപ്രവൃദ്ധമായ ഒരു നയവികാസത്തിന്റെ ഭാഗം കൂടിയായിരുന്നു ഇത്. ചലനാത്മകതയുള്ള ഒരു പ്രസ്ഥാനം എല്ലാ കാര്യങ്ങളും ഒറ്റയടിക്കല്ല നടപ്പിലാക്കുക, ഘട്ടം ഘട്ടമായാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രൂപീകരണം ഘട്ടം കഴിഞ്ഞ ഉടന്‍ സ്ത്രീകളെ പ്രാധാന്യപൂര്‍വം സംഘടിപ്പിച്ച് ഇസ്‌ലാമിക മുന്നേറ്റത്തില്‍ പങ്കാളികളാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അറബ് ലോകത്ത് ആ ശ്രമം വലിയ അളവില്‍ വിജയം കാണുകയും ചെയ്തു.
ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ സ്ത്രീകള്‍ക്ക് എത്രത്തോളം പ്രാമുഖ്യം നല്‍കിയിട്ടുണ്ടെന്നു കാണാം. സ്ത്രീകളെ പൊതുവില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതോടൊപ്പം സംഘടനാ തലത്തിലും അവരുടെ വര്‍ധിച്ച പങ്കാളിത്തം ഉറപ്പിക്കാന്‍ ജമാഅത്തിന് കഴിഞ്ഞിട്ടുണ്ട്. അഖിലേന്ത്യാ സംസ്ഥാന കൂടിയാലോചനാ സമിതികളിലും ഭാരവാഹികളിലും ധാരാളം കഴിവുറ്റ വനിതകളുുണ്ട്. അഖിലേന്ത്യാ പ്രതിനിധിസഭയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവരില്‍ 60 ശതമാനം സ്ത്രീകളാണ്. കേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് വര്‍ധിച്ച സ്ത്രീ സാന്നിധ്യം ഇപ്പോള്‍ ദൃശ്യമാകുന്നുണ്ട്. ഏതു സാമൂഹിക രാഷ്ട്രീയ പ്രശ്‌നത്തെയും ഇസ്‌ലാമിക ഭൂമികയില്‍ നിന്നുകൊണ്ട് അവര്‍ അഭിമുഖീകരിക്കുന്നുണ്ട്. തീവ്ര ഫെമിനിസ്റ്റു വാദങ്ങള്‍ ഉയര്‍ത്തിയവര്‍ക്ക് സാധിച്ചതിലുമെത്രയോ ഏറെയാണ് ഈ രംഗത്ത് നവോത്ഥാന പ്രസ്ഥാനങ്ങള്‍ നേടിയത്.
ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അറബ് വസന്തത്തോടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എന്താണ് ഈ ഘട്ടത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ പുതിയ മുഖം?
ഇസ്‌ലാമിക സംസ്‌കാരത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും മുസ്‌ലിം ലോകത്തെ ചെറിയ ചെറിയ തുണ്ടുകളാക്കി വിഭജിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഇസ്‌ലാമിന്റെ സമഗ്ര സ്വഭാവത്തോടൊപ്പം മുസ്‌ലിം സമൂഹത്തെ പിടിച്ചുനിര്‍ത്തുകയും ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിനുള്ള കരുത്ത് പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യ ഘട്ടത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ലക്ഷ്യം. 1990-കളോടെ ഈ ആദ്യദൗത്യം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇസ്‌ലാമിന്റെ ആദര്‍ശ അടിത്തറകളില്‍ നിന്നുകൊണ്ട്, പാശ്ചാത്യ ആശയങ്ങളെ അഭിമുഖീകരിക്കാനും അവക്കു മേല്‍ അതിജയിച്ചുനില്‍ക്കാനുമുള്ള ചിന്താപരവും വൈജ്ഞാനികവുമായ ശേഷി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും മുസ്‌ലിം സമൂഹത്തിനും വന്നുകഴിഞ്ഞു. 1920-'30 കാലത്തുനിന്ന് 1980-'90 കാലത്തേക്കുള്ള മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ച സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടുന്നതാണ്. അതോടെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
ഒന്നാം ഘട്ടത്തില്‍ നേടിയെടുത്ത വൈജ്ഞാനിക സമ്പത്തും മനുഷ്യ വിഭവശേഷിയും ഒരുമിച്ചു ചേര്‍ത്തുകൊണ്ട്, തങ്ങളുയര്‍ത്തിയ ആദര്‍ശത്തിന് മേല്‍ക്കൈയുള്ള ഒരു സാമൂഹിക സംവിധാനം ലോകത്ത് പടുത്തുയര്‍ത്താന്‍ ശ്രമിക്കുക എന്നതിനാണ് രണ്ടാം ഘട്ടത്തില്‍ പ്രസ്ഥാനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. ഇസ്‌ലാമിക നവോത്ഥാനത്തിന്റെ അജണ്ടകള്‍ പൂര്‍ത്തീകരിക്കാന്‍ ഒന്നാം ഘട്ടത്തിലേതില്‍നിന്ന് വ്യത്യസ്തമായ നയനിലപാടുകളും പ്രവര്‍ത്തന മാര്‍ഗങ്ങളും അവര്‍ സ്വീകരിക്കേണ്ടതുണ്ട്. 1990-കള്‍ക്ക് ശേഷമുള്ള കാലം, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വലിയ അളവില്‍ നയവികാസം നേടിക്കൊണ്ടിരുന്നിട്ടുണ്ട്. ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയാണിത്. പഴയ നിലപാടുകളില്‍നിന്ന് പുതിയ സമീപനങ്ങളിലേക്കുള്ള മാറ്റത്തെ പലര്‍ക്കും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞിട്ടുണ്ടെങ്കിലും ചിലര്‍ അതിനെ തെറ്റിദ്ധരിക്കുന്നതായും കാണാം.
ഇതര വിഭാഗങ്ങളില്‍നിന്ന് വേറിട്ട്, ആദര്‍ശപരമായ അടിത്തറകളില്‍ ഉറപ്പിച്ചു നിര്‍ത്തി വേണമായിരുന്നു ആദ്യ ഘട്ടത്തില്‍ ആളുകളെ സംഘടിപ്പിച്ച് വളര്‍ത്തിയെടുക്കാന്‍. രണ്ടാം ഘട്ടത്തില്‍ ഇതര വിഭാഗങ്ങളുമായുള്ള സഹകരണം എങ്ങനെ ശക്തിപ്പെടുത്താം, അവരെ എങ്ങനെ സ്വാധീനിക്കാം, ഈ പ്ലാറ്റ്‌ഫോമിന് ചുറ്റും മറ്റുള്ളവരെ കൂടി എങ്ങനെ അണിനിരത്താം, രാഷ്ട്ര പുനര്‍നിര്‍മാണത്തിനും മെച്ചപ്പെട്ട ഒരു സാമൂഹിക സംവിധാനത്തിനും എല്ലാ വിഭാഗങ്ങളെയും എങ്ങനെ സഹകരിപ്പിക്കാനാകും, അതിന് എന്തൊക്കെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും തുടങ്ങിയവയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പരിഗണനാ വിഷയങ്ങള്‍. തദടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ദിശാബോധത്തോടെ മുന്നോട്ടു കൊണ്ടുപോകുന്ന രണ്ടാം ഘട്ടത്തിലാണ് ഇപ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉള്ളത്.
ആദ്യ ഘട്ടത്തില്‍ തങ്ങളുടെ മുഖമുദ്രയായി സ്വീകരിച്ചിരുന്ന പല നിലപാടുകളിലും ഇക്കാരണത്താല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഉദാഹരണമായി 'തിരസ്‌കാരം' ഒരു ഘട്ടത്തില്‍ അവയുടെ നയമായിരുന്നു. മറ്റെല്ലാ സംസ്‌കാരങ്ങളെയും തിരസ്‌കരിക്കുന്ന നിലപാട് ഒന്നാം ഘട്ടത്തില്‍ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അങ്ങനെയല്ല. മറ്റുള്ളതിനെയെല്ലാം അഭിമുഖീകരിക്കാനും അവയില്‍നിന്ന് നല്ലത് സ്വീകരിക്കാനും അവര്‍ക്ക് തിരിച്ചു നല്‍കാനുമുള്ള സഹകരണ സമീപനമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ കൈക്കൊള്ളുന്നത്. പാശ്ചാത്യര്‍ സംസ്‌കാരങ്ങളുടെയും നാഗരികതയുടെയും സംഘട്ടനത്തെക്കുറിച്ച് പറയുമ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംവാദത്തെക്കുറിച്ചും മെച്ചപ്പെട്ട ഒരു ലോകക്രമത്തിനു വേണ്ടിയുള്ള നാഗരികതകളുടെ സഹകരണത്തെക്കുറിച്ചും സംസാരിക്കുന്നു. ആശയസംവാദങ്ങളിലൂടെയും ആദാന പ്രദാനങ്ങളിലൂടെയും ലോക നാഗരികതയുടെ നായക സ്ഥാനത്തേക്ക് ഇസ്‌ലാമിനെ ഉയര്‍ത്തിവെക്കുകയാണ് ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍. പാശ്ചാത്യര്‍ തങ്ങളുടെ മൂല്യങ്ങളും ആധിപത്യവും പിടിച്ചുനിര്‍ത്താന്‍ മറ്റുള്ളവരോട് സമരം ചെയ്‌തേ മതിയാകൂ എന്ന പ്രതിരോധത്തിന്റെ ഘട്ടത്തിലാണിപ്പോള്‍ എത്തിനില്‍ക്കുന്നത്. ആശയസംവാദങ്ങളിലൂടെ അതിജയിക്കാനും മേല്‍ക്കൈ നേടാനും തങ്ങള്‍ക്ക് കഴിയും എന്ന ആത്മവിശ്വാസത്തിലേക്കാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വളര്‍ന്നിട്ടുള്ളത്.
(തുടരും)
[email protected]
Comments