മോഡിയുടെ ചാണക്യ തന്ത്രങ്ങള്
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അടുത്ത ലക്ഷ്യം ഇന്ത്യാ മഹാ രാജ്യത്തിന്റെ പ്രധാനമന്ത്രി പദമാണെന്ന് എല്ലാവര്ക്കുമറിയാം. ആ സ്ഥാനം മോഹിച്ച, ബി.ജെ.പി മുന് പ്രസിഡന്റ് നിതിന് ഗഡ്കരിയെ കസേരയില്നിന്ന് തെറിപ്പിച്ചത് പ്രത്യക്ഷത്തില് അഴിമതിക്കേസുകളാണെങ്കിലും, പരോക്ഷമായി മോഡിയുടെ സമര്ഥമായ കരുനീക്കങ്ങളാണെന്ന് വിശ്വസിക്കുന്നവര് ഏറെയാണ്. പ്രതിബന്ധങ്ങള് തട്ടിമാറ്റാനും അന്തരീക്ഷം അനുകൂലമാക്കാനും അസാമാന്യമായ വിരുതുള്ള നേതാവാണദ്ദേഹം. എന്.ഡി.എ ഘടകക്ഷിയായ ജെ.ഡി.യു.വിന് മോഡിയെ ഇലക്ഷന് പ്രചാരണ നേതൃത്വമേല്പിക്കുന്നതിനോടു പോലും യോജിപ്പില്ല. മറ്റൊരു ഘടകകക്ഷിയായ ശിവസേനക്ക് സുഷമ സ്വരാജിനെ പ്രധാനമന്ത്രി സ്ഥാനാര്ഥിയാക്കാനാണ് താല്പര്യം. ബി.ജെ.പിയുടെ തലച്ചോറായ ആര്.എസ്.എസ് മോഡിക്കെതിരായിരുന്നു. പാര്ട്ടിയിലെ പല നേതാക്കളും മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്ഥിത്വത്തിലേക്കുയര്ത്തുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ എതിര്പ്പുകളെല്ലാം അനുദിനം അലിഞ്ഞുതീരുകയാണ്. രാജ്നാഥ് സിംഗ് ബി.ജെ.പി ദേശീയ പ്രസിഡന്റായ ശേഷം ദല്ഹിയിലെത്തിയ മോഡിക്ക് ഊഷ്മളമായ വരവേല്പ്പാണ് ലഭിച്ചത്. മോഡിയെത്തന്നെ പ്രധാനമന്ത്രി സ്ഥാനാര്ഥിയാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് വലിയൊരു വിഭാഗം നേതാക്കളിപ്പോള്. രാം ജത്മലാനി, യശ്വന്ത് സിന്ഹ തുടങ്ങിയ ഘടാഘടിയന്മാരാണ് മോഡിക്ക് ചൂട്ടുപിടിക്കാന് മുന്നോട്ടുവന്നിരിക്കുന്നത്. സുഷമയോടാണ് കൂടുതല് താല്പര്യമെങ്കിലും ബി.ജെ.പി നിശ്ചയിക്കുന്ന ആരെയും പ്രധാനമന്ത്രി സ്ഥാനാര്ഥിയായി അംഗീകരിക്കാന് തയാറാണെന്ന് ശിവസേന അറിയിച്ചിരിക്കുന്നു.
കാര്യങ്ങള് താന് നിശ്ചയിക്കുന്നിടത്തെത്തിക്കാനുള്ള മോഡിയുടെ പാടവമാണിത് തെളിയിക്കുന്നത്. തേനും പാലുമൊഴുകുന്ന സംസ്ഥാനം, വികസനം പൂത്തുലയുന്ന സംസ്ഥാനം തുടങ്ങിയ സങ്കല്പങ്ങള് ദേശീയതലത്തില് ഗുജറാത്തിന്റെ പ്രതിഛായയായി പ്രതിഷ്ഠിച്ചത് മോഡിയുടെ പ്രചാരണ തന്ത്രത്തിന്റെ വിജയത്തിനുദാഹരണമാകുന്നു. വികസന വിഷയത്തില് ഗുജറാത്തിന്റെ മാതൃകായോഗ്യത പ്രബുദ്ധ കേരളത്തിലെ സെക്യുലര് നേതാക്കള് പോലും പ്രസംഗിക്കാറുണ്ടല്ലോ. പ്രസ് കൗണ്സില് ചെയര്മാന് മാര്ക്കണ്ഡേയ കട്ജു ഈയിടെ മാധ്യമ പ്രവര്ത്തകരോട് സംസാരിക്കവെ, ഗുജറാത്തില് വികസനവും സമൃദ്ധിയുമുണ്ടെന്ന വാദം തികച്ചും അടിസ്ഥാനരഹിതവും അബദ്ധവുമാണെന്ന് പ്രസ്താവിക്കുകയുണ്ടായി. ആഫ്രിക്കയിലെ ദരിദ്ര രാഷ്ട്രമായ സോമാലിയയിലേതിനേക്കാള് കഷ്ടമാണ് ഗുജറാത്തിലെ പോഷകാഹാര ലഭ്യത എന്ന് ചൂണ്ടിക്കാണിച്ചപ്പോള്, എന്നിട്ടെങ്ങനെയാണ് മോഡിക്ക് മൂന്നാം തവണയും വന് വിജയം നേടാന് കഴിഞ്ഞതെന്ന മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിന് ജസ്റ്റിസ് കട്ജുവിന്റെ ഉത്തരമിതായിരുന്നു: ''ഇക്കാലത്ത് ഇലക്ഷനില് മത്സരിക്കുന്നതും ജയിക്കുന്നതും എങ്ങനെയാണെന്ന് എല്ലാവര്ക്കുമറിയാമല്ലോ.'' 2002-ലെ ഗോധ്രാ ട്രെയിന് തീപ്പിടുത്തത്തിനു ശേഷമുണ്ടായ വംശഹത്യയില് മോഡി വഹിച്ച പങ്ക് അദ്ദേഹത്തിന്റെ നെറ്റിയില് പതിഞ്ഞ ഒരിക്കലും മായ്ക്കാനാവാത്ത കറുത്ത പാടാണെന്നും അദ്ദേഹം പറയുകയുണ്ടായി.
തെരഞ്ഞെടുപ്പ് അഴിമതികളുടെ സ്വഭാവത്തെക്കുറിച്ച് ജസ്റ്റിസ് കട്ജു കൂടുതല് വിശദീകരണമൊന്നും നല്കിയില്ല. പ്രശസ്ത സാമൂഹിക പ്രവര്ത്തക ശബ്നം ഹാശിമി സ്വാനുഭവങ്ങളുടെ വെളിച്ചത്തില് ഇന്ക്വിലാബ് ദിനപത്രത്തില് (29-12-2012) എഴുതിയ വസ്തുതകള് ജസ്റ്റിസ് പറഞ്ഞ അടിസ്ഥാന സത്യത്തിന്റെ ലഘു വിശദീകരണമാണ്. ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്തിലുണ്ടായിരുന്ന ശബ്നം പറയുന്നത് ഇല്ക്ട്രോണിക് യന്ത്രങ്ങള് വന് തോതില് തെരഞ്ഞെടുപ്പ് അഴിമതിക്കുപയോഗിച്ചിട്ടുണ്ടെന്നാണ്. സംസ്ഥാനത്തെ ദരിദ്രരും തൊഴിലാളികളും ന്യൂനപക്ഷാംഗങ്ങളുമായ പ്രവര്ത്തകരോടൊപ്പം ഒരു ആഴ്ചക്കാലം അവര് രാപ്പകല് ഇലക്ഷന് വര്ക്ക് നടത്തുകയുണ്ടായി. മതേതര ജനാധിപത്യത്തിനനുകൂലമായ ജനവിധിയുണ്ടാകുമെന്ന് തികഞ്ഞ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ. ഫല പ്രഖ്യാപനം തന്നെയും വലിയൊരു വിഭാഗം ഗുജറാത്തികളെയും നിരാശപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്തിലുണ്ടായ, അമേരിക്കന് എംബസി ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവര്ത്തകരുടെയും വര്ധിച്ച സാന്നിധ്യം പല സംശയങ്ങളുമുണര്ത്തുന്നുണ്ട്. മോഡിയുടെ വിജയത്തില് വൈദേശികശക്തികളുടെ ഗൂഢാലോചനയുണ്ടെന്നാണവര് കരുതുന്നത്. ഇന്ത്യയിലരങ്ങേറിയ പല ഭീകര സ്ഫോടനങ്ങളുടെയും പിന്നില് ഹിന്ദുത്വശക്തികളാണെന്ന് തെളിഞ്ഞു കഴിഞ്ഞിട്ടും അമേരിക്ക മൗനം പാലിക്കുന്നത് ശ്രദ്ധേയമാകുന്നു. 2006-ലെ മുംബൈ സ്ഫോടനങ്ങളിലും സംഝോത എക്സ്പ്രസ് സ്ഫോടനത്തിലും പ്രതിയെന്നാരോപിക്കപ്പെട്ട മുഹമ്മദ് ആരിഫ് ഉസ്മാനിയെ തങ്ങള് തീവ്രവാദിപ്പട്ടികയില് ഉള്പ്പെടുത്തുന്നുവെന്നറിയിച്ചുകൊണ്ട് അമേരിക്കന് എംബസി ഇന്ത്യന് ഗവണ്മെന്റിന് കത്ത് കൊടുത്തത് അനുസ്മരണീയമാണ്. സര്ക്കാര് ജാഗ്രത പുലര്ത്തിയില്ലെങ്കില് 2014-ലെ ലോക്സഭാ തെരഞ്ഞടുപ്പില് നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കാന് വൈദേശിക ഗൂഢാലോചനയരങ്ങേറുമെന്ന് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് ശബ്നം ഹാശിമി. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വിദേശ ഇടപാടുകളിലും അതിനെതിരെ കേന്ദ്ര ഗവണ്മെന്റ് കൈക്കൊള്ളുന്ന നിഷ്ക്രിയത്വത്തിലും മനം നൊന്ത് അവര് യു.പി.എ സര്ക്കാറിന്റെ എല്ലാ കമ്മിറ്റികളില് നിന്നും രാജിവെച്ചിരിക്കുന്നു.
സ്വതന്ത്ര ഭാരതത്തില് തെരഞ്ഞെടുപ്പുകളാരംഭിച്ചപ്പോള് തന്നെ അതില് അഴിമതിയും ആരംഭിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. കാലം ചെല്ലുംതോറും മറ്റെല്ലാറ്റിലുമെന്ന പോലെ വോട്ടെടുപ്പിലും അഴിമതി വളര്ന്നുകൊണ്ടിരിക്കുന്നു. 1972-ലെ ഇന്ദിരാഗാന്ധിയുടെ വിജയം വ്യാജ വോട്ടുകൊണ്ടാണെന്ന് ജനസംഘം (ഇന്നത്തെ ബി.ജെ.പി) നേതാക്കള് ആരോപിച്ചിരുന്നു. അതേക്കുറിച്ച് ജനസംഘം നേതാവായിരുന്ന ബല്രാജ് മാധോക്ക് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. വോട്ടര്മാരുടെ വിരലുകളില് പെട്ടെന്ന് മായ്ക്കാന് കഴിയുന്ന മഷി പുരട്ടി കള്ളവോട്ട് ചെയ്യിക്കുകയായിരുന്നുവെന്നാണ് ആരോപണം. കാശ് കൊടുത്ത് വോട്ട് വാങ്ങുക, കൂട്ടത്തോടെ കള്ളവോട്ട് ചെയ്യുക,പോളിംഗ് സ്റ്റേഷനിലെത്തുന്ന വോട്ടര്മാരെ തല്ലിയോടിക്കുക, ബൂത്ത് പിടിക്കുക തുടങ്ങി തെരഞ്ഞെടുപ്പഴിമതികള് പല രൂപത്തിലുണ്ട്. ഇപ്പോള് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും നല്ലൊരു അഴിമതി യന്ത്രമായി മാറുന്നുവെന്ന സൂചന ഉത്കണ്ഠാജനകമാകുന്നു. ജനാധിപത്യ പ്രക്രിയയയെ നിരര്ഥകമാക്കുന്നതാണ് ഏതു രൂപത്തിലുള്ള കള്ളവോട്ടും. തോല്ക്കുമ്പോള് ഓരോ പാര്ട്ടിയും എതിര് കക്ഷിയില് അഴിമതി ചുമത്തി ഒച്ചപ്പാടുണ്ടാക്കും. അവസരം കിട്ടിയാല് അവരും അതേ അഴിമതികളാവര്ത്തിക്കുകയും ചെയ്യും. സത്യസന്ധമായ തെരഞ്ഞെടുപ്പില് താല്പര്യമുള്ള രാഷ്ട്രീയ പാര്ട്ടികള് നന്നേ വിരളമാണ്. തെരഞ്ഞെടുപ്പുകളെ അഴിമതിമുക്തമാക്കാന് മുഖ്യധാരാ രാഷ്ട്രീയ പാര്ട്ടികളുടെ ഭാഗത്തുനിന്ന് ആത്മാര്ഥമായ ശ്രമങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട. ഇപ്പോള് ഈ വിഷയം ഉയര്ത്തിക്കൊണ്ടുവന്ന ശബ്നം ഹാശിമി അതൊരു ദൗത്യമായി ഏറ്റെടുക്കുന്നത് നന്നായിരിക്കും. അവര്ക്ക് ജസ്റ്റിസ് മാര്ക്കണ്ഡേയ കട്ജുവിനെപ്പോലുള്ള വ്യക്തിത്വങ്ങളുടെ സഹകരണം തേടാവുന്നതാണ്. കക്ഷിരാഷ്ട്രീയത്തിന്റെ ആന്ധ്യം ബാധിക്കാത്ത എല്ലാ ജനാധിപത്യവാദികളും അവരെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കാം.
Comments