പി.കെ മുഹമ്മദ്
ഈയിടെ മരണപ്പെട്ട പി.കെ മുഹമ്മദ് സാഹിബിന് (79) ഏതാണ്ട് ആറു പതിറ്റാണ്ടിന്റെ പ്രാസ്ഥാനിക പാരമ്പര്യമുണ്ട്. ഫാറൂഖ് ഹൈസ്കൂളിലെ പഠനകാലത്ത് അവിടത്തെ അറബി അധ്യാപകനായിരുന്ന മൊയ്തീന്‍ കുട്ടി മാസ്ററാണ് അദ്ദേഹത്തെ പ്രസ്ഥാനവുമായി അടുപ്പിച്ചത്. അദ്ദേഹത്തിന്റെ ചങ്കൂറ്റവും ധൈര്യവുമാണ് ഈരാറ്റുപേട്ടയില്‍ പലപ്പോഴും പ്രസ്ഥാന വളര്‍ച്ചക്ക് നിമിത്തമായത്. 1970-ല്‍ ഈരാറ്റുപേട്ടയില്‍ നാലു ദിവസത്തെ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. പ്രസംഗകര്‍ കെ. മൊയ്തു മൌലവിയും കെ.എന്‍ അബ്ദുല്ല മൌലവിയും. മൂന്നാമത്തെ ദിവസം ഒരു പള്ളി മുദര്‍രിസിന്റെ നേതൃത്വത്തില്‍ സ്റേജ് കൈയേറുകയും പരിപാടി അലങ്കോലപ്പെടുത്തുകയും ചെയ്തു. ബഹളം ശമിച്ചതിനു ശേഷം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വന്ന പ്രവര്‍ത്തകര്‍ ജീപ്പില്‍ മടങ്ങാന്‍ ശ്രമിക്കവേ തടി ലോഡ് ചെയ്യുന്ന ഒരു സംഘം തൊഴിലാളികള്‍ ജീപ്പ് തടഞ്ഞ് അവരെ തല്ലാന്‍ ഒരുങ്ങി. വിവരം അറിഞ്ഞോടിയെത്തിയ മുഹമ്മദ് സാഹിബ് അവരുടെ നടുവിലേക്കെടുത്തു ചാടുകയും ധൈര്യമുള്ളവനുണ്ടെങ്കില്‍ അടിക്കാന്‍ വാ എന്ന് ഗര്‍ജിക്കുകയും ചെയ്തു. അതോടെ തൊഴിലാളികള്‍ ഓരോരുത്തരായി പിരിഞ്ഞുപോയി.
അല്‍മനാര്‍ സീനിയര്‍ സെക്കന്ററി സ്കൂളിന്റെ നിര്‍മാണത്തിലും നടത്തിപ്പിലും പ്രധാന പങ്ക് വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു. അല്‍മനാറിന്റെ സില്‍വര്‍ ജൂബിലി വര്‍ഷത്തിലാണ് അദ്ദേഹം യാത്രയായത്.
കെ.എം അബ്ദുല്‍ മുനീര്‍
തിരുത്തിയാട് യൂനിറ്റ് സോളിഡാരിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ മുനീര്‍ വാഹനാപകടത്തിലാണ് അല്ലാഹുവിലേക്ക് യാത്രയായത്. ഐ.പി.എച്ച് കോഴിക്കോട് ശാഖയിലെ ജോലിക്കാരനായിരുന്ന മുനീര്‍ നാട്ടിലെ സാമൂഹിക സേവന രംഗത്ത് നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് നമ്മെ പിരിഞ്ഞു പോയത്. യുവാക്കളെ ദിശാബോധം നല്‍കി വളര്‍ത്താന്‍ ഈയിടെ നാട്ടില്‍ രൂപീകരിച്ച സീക്കോ എന്ന ക്ളബിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാളായിരുന്നു മുനീര്‍. പരിചയപ്പെട്ടവര്‍ക്കെല്ലാം നല്ലതു മാത്രം പറയാനുണ്ടായിരുന്ന മുനീറിന്റെ അന്ത്യയാത്ര അത് തെളിയിക്കുന്നതായിരുന്നു.
പി.സി. മുഹമ്മദ്കുട്ടി
കുഞ്ഞിപ്പാത്തു ടീച്ചര്‍
തൊള്ളായിരത്തി നാല്‍പതുകളില്‍ എസ്.എസ്.എല്‍.സി പാസ്സാവുകയും ടീച്ചേഴ്സ് ട്രെയിനിംഗ് കഴിഞ്ഞ് അധ്യാപക ജോലി സ്വീകരിക്കുകയും ചെയ്ത ചുരുക്കം കേരളീയ മുസ്ലിം വനിതകളില്‍ ഒരാളായിരുന്നു ഈയിടെ മരണപ്പെട്ട കുഞ്ഞിപ്പാത്തു ടീച്ചര്‍ പടിഞ്ഞാറങ്ങാടി. ഹൈക്കോടതി ജഡ്ജി കെ.ടി ശങ്കരന്‍, സൈക്കോ എന്നറിയപ്പെടുന്ന പ്രസിദ്ധ മനഃശാസ്ത്രജ്ഞന്‍ ഇ. മുഹമ്മദ് എന്നിവര്‍ അവരുടെ വിദ്യാര്‍ഥികളില്‍ ചിലരാണ്. അധ്യാപക വൃത്തിയില്‍ നിന്ന് വിരമിച്ച ശേഷവും കുമരനെല്ലൂര്‍ ഇസ്ലാമിയാ സ്കൂള്‍, ജമാഅത്തെ ഇസ്ലാമി ഘടകം നടത്തുന്ന അല്‍ഫലാഹ് സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനം ചെയ്തു. 1990-'95 കാലത്ത് പട്ടിത്തറ പഞ്ചായത്ത് മെമ്പറായിരുന്നു.
കെ. ജമാലുദ്ദീന്‍ പടിഞ്ഞാറങ്ങാടി
ഇ.സി. അബൂബക്കര്‍
കൂട്ടിലങ്ങാടി പ്രാദേശിക ജമാഅത്തിലെ അംഗമായിരുന്ന ഇ.സി അബൂബക്കര്‍ സാഹിബെന്ന 'ചിറ്റാടിമ്മല്‍ അബുകാക്ക' അല്ലാഹുവിങ്കലേക്ക് യാത്രയായി. വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ സ്ഥിരതയുടെയും, താന്‍ സത്യമെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ ആരുടെ മുമ്പിലും വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജ്ജവത്തിന്റെയും ആള്‍രൂപമായിരുന്നു അദ്ദേഹം.
ആരംഭകാലത്തു തന്നെ പ്രസ്ഥാനത്തിന് വേരോട്ടം ലഭിച്ച അപൂര്‍വം പ്രദേശങ്ങളിലൊന്നാണ് കൂട്ടിലങ്ങാടി. അക്കാലത്തുതന്നെ അബുകാക്കയും പ്രസ്ഥാന സഹയാത്രികനായി മാറി.
അക്കാലത്ത് തന്നെ പോലീസില്‍ ജോലി ലഭിച്ച അബുക്ക, താനുള്‍ക്കൊണ്ട ആദര്‍ശത്തിന്റെ അടിത്തറയില്‍ ജീവിതം കെട്ടിപ്പടുക്കാന്‍ ജോലി തടസ്സമാകുമെന്ന് തോന്നിയപ്പോള്‍ സ്വയം പ്രേരിതനായി അത് ഉപേക്ഷിച്ച് ഇറങ്ങിപ്പോരുകയും ചെയ്തു.
സി.എച്ച് അബ്ദുല്‍ ഖാദിര്‍, കൂട്ടിലങ്ങാടി
ഉമര്‍ മാള
മാള ഏരിയ വെള്ളാങ്കല്ലൂര്‍ പ്രദേശത്ത് പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായ ഉമര്‍ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. സമീപപ്രദേശങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് എപ്പോഴും താങ്ങാവുന്ന വ്യക്തിത്വം. നീണ്ടപ്രവാസ ജീവിത കാലത്തും നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അന്വേഷിച്ചറിഞ്ഞ് നല്‍കാന്‍ മുന്നോട്ടു വന്നിരുന്നു. അഭിപ്രായ വ്യത്യാസമുള്ളവരോട് സൌമ്യമായി ഇടപെടാന്‍ ശ്രദ്ധിച്ചിരുന്നു. കുടുംബത്തെ പ്രസ്ഥാനവഴിയില്‍ നയിക്കുന്നതിലും അദ്ദേഹം വിജയിച്ചു. ബഹ്റൈനില്‍ പ്രസ്ഥാന രംഗത്തുള്ള ഷുഹൈബും, ജി.ഐ.ഒ സഹയാത്രിക ഫദീലയും മക്കളാണ്. ലൈലയാണ് ഭാര്യ.
ജലീല്‍ അരീപ്പുറത്ത്
പി.കെ. ഹമീദ്
മണ്ണാര്‍ക്കാട്ടെ പ്രസ്ഥാന പ്രവര്‍ത്തകനായിരുന്ന പി.കെ. ഹമീദ് സാഹിബ് പ്രഭാത നടത്തത്തിനിടയില്‍ വാഹനമിടിച്ച് അല്ലാഹുവിലേക്ക് യാത്രയായി. പ്രബോധനം, ഹിറാസെന്റര്‍, ശാന്തപുരം, പത്തിരിപ്പാല മൌണ്ട് സീന എന്നിവിടങ്ങളില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഹമീദ് സാഹിബ് ജീവിത പ്രയാസങ്ങള്‍ക്കിടയിലും ഇസ്ലാമികാവേശവും പ്രസ്ഥാന പ്രതിബദ്ധതയും നിലനിര്‍ത്തി. കാന്‍സര്‍ രോഗിയായ തന്റെ പുത്രന്റെ ചികിത്സക്കായി നെട്ടോട്ടമോടുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
എം.സി മുഹമ്മദ് മണ്ണാര്‍ക്കാട്
Comments