അനിവാര്യ ഘട്ടത്തില്‍ പലിശക്ക് വായ്പയെടുക്കേണ്ടി വന്നാല്‍
ഞാന്‍ ഒരു ചെറിയ ശമ്പളമുള്ള ഉദ്യോഗസ്ഥനാണ്. ചെലവ് കഴിച്ച് മിച്ചമുള്ള സംഖ്യ ചേര്‍ത്തുവെച്ചാല്‍ എന്റെ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യമായ ഒരു വീട് നിര്‍മിക്കാന്‍ സാധ്യമല്ല. ഈ അവസരത്തില്‍ ബാങ്കില്‍നിന്ന് പലിശക്ക് വായ്പെടുക്കുകയേ നിര്‍വാഹമുള്ളൂ. അത് നിഷിദ്ധമാണോ?
ഇസ്ലാമികമായ സാമ്പത്തിക സംവിധാനങ്ങള്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ ശര്‍റഇയായ ചില മാനദണ്ഡങ്ങള്‍ക്കും അടിസ്ഥാന തത്വങ്ങള്‍ക്കും വിധേയമായി വീട് വാങ്ങാന്‍/നിര്‍മിക്കാന്‍ പലിശക്ക് കടം വാങ്ങാവുന്നതാണ്. തനിക്കും കുടുംബത്തിനും താമസിക്കാന്‍ മറ്റൊരു വീട് ഇല്ലാതിരിക്കുകയും വീട് ഉണ്ടാക്കാനോ വാങ്ങാനോ ഉള്ള സാമ്പത്തിക ശേഷി ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത് അനുവദനീയമാവൂ. യൂറോപ്യന്‍ ഫത്വാ കൌണ്‍സില്‍ ഈ വിഷയകമായി നല്‍കിയ ഫത്വയില്‍ രണ്ട് അടിസ്ഥാന തത്വങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
1. അനിവാര്യത നിഷിദ്ധതയെ അനുവദനീയമാക്കും. നിര്‍ബന്ധിതാവസ്ഥയിലല്ലാത്ത മറ്റവസരങ്ങളിലെല്ലാം ഉപയോഗിക്കല്‍ നിഷിദ്ധമായിട്ടുള്ള വസ്തുക്കള്‍ ഏതൊക്കെയാണെന്ന് നിങ്ങളോട് വിശദീകരിച്ചു കഴിഞ്ഞിട്ടുള്ളതാണല്ലോ (അല്‍അന്‍ആം 119), ഒരാള്‍ നിര്‍ബന്ധിതാവസ്ഥയില്‍ ധിക്കാരം ഉദ്ദേശിക്കാതെയും നിര്‍ബന്ധിതമായതിന് അപ്പുറം കടക്കാതെയും (ഇവയില്‍ വല്ലതും ഭക്ഷിക്കുകയാണെങ്കില്‍) അപ്പോള്‍ തീര്‍ച്ചയായും നിന്റെ നാഥന്‍ വിട്ടുവീഴ്ച ചെയ്യുന്നവനും ദയാപരനുമാകുന്നു (അല്‍അന്‍ആം 145) തുടങ്ങി അഞ്ച് സന്ദര്‍ഭങ്ങളിലായി ഖുര്‍ആനില്‍ വന്ന പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വാംഗീകൃതമായ ഒരു തത്വമാണിത്. ചില സാഹചര്യങ്ങളില്‍ ആവശ്യങ്ങളും അനിവാര്യതയുടെ സ്ഥാനത്ത് വരുമെന്ന് കര്‍മശാസ്ത്രകാരന്‍മാര്‍ അംഗീകരിക്കുന്നു.
ജീവിതം പ്രയാസമുക്തമാക്കാന്‍ ഉതകുന്ന കാര്യമാണ് ആവശ്യം എന്നതിന്റെ പരിധിയില്‍ വരുന്നത്. അത് സാക്ഷാത്കൃതമായില്ലെങ്കിലും ജീവിതം സാധ്യമാവും. അതേസമയം, ഒരു സംഗതിയുടെ അഭാവത്തില്‍ ജീവിതം സാധ്യമാവാതെ വരുമ്പോള്‍, അത്തരം കാര്യങ്ങളാണ് അനിവാര്യതയുടെ ഗണത്തില്‍ പെടുന്നത്. വിശ്വാസികള്‍ക്ക് പ്രയാസം ദൂരീകരിക്കുക എന്നത് അല്ലാഹുവിന്റെ നിശ്ചയമാണ്. അല്ലാഹു പറയുന്നു: ദീനില്‍ നിങ്ങളുടെ മേല്‍ യാതൊരു ക്ളിഷ്ടതയുമുണ്ടാക്കി വെച്ചിട്ടില്ല (അല്‍ഹജ്ജ് 78), അല്ലാഹു നിങ്ങളുടെ ജീവിതം ക്ളേശകരമാക്കാന്‍ ഉദ്ദേശിക്കുന്നില്ല (അല്‍മാഇദ 6).
അനുയോജ്യമായ സ്ഥലത്ത് യഥാര്‍ഥ സമാധാനം പ്രദാനം ചെയ്യുന്ന വീടാണ് ഒരു വിശ്വാസിയുടെ ജീവിതം സുഗമമാക്കുന്നത്. ഇവിടെ ഫത്വാ കൌണ്‍സില്‍ അനിവാര്യത അല്ലെങ്കില്‍ അനിവാര്യതയുടെ സ്ഥാനത്ത് വരുന്ന ആവശ്യകത എന്ന മാനദണ്ഡം അവലംബിക്കുമ്പോള്‍ അതിന്റെ പൂരകമായ മറ്റു തത്ത്വങ്ങള്‍ വിസ്മരിക്കുന്നില്ല. അനിവാര്യതക്ക് വേണ്ടി അനുവദനീയമാകുന്ന കാര്യങ്ങള്‍ക്ക് അതിന്റേതായ നിലയും വിലയുമുണ്ട്. കച്ചവടത്തിനോ മറ്റോ വീടുണ്ടാക്കാന്‍ ഈ ഇളവ് ഉപയോഗപ്പെടുത്താവതല്ല.
ഒരു മുസ്ലിം വ്യക്തിയെയും കുടുംബത്തെയും സംബന്ധിച്ചേടത്തോളം താമസിക്കാന്‍ ശാന്തിദായകമായ വീട് ഒരു അനിവാര്യതയാണെന്നതില്‍ സംശയമില്ല. അത് അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്. അല്ലാഹു നിങ്ങളുടെ ഭവനങ്ങളെ വിശ്രമ സങ്കേതങ്ങളാക്കിയിരിക്കുന്നു(അന്നഹ്ല്‍ 80). ഐശ്വര്യത്തിന്റെ നാല് ഘടകങ്ങളിലൊന്നായി വിശാലമായ വീടിനെ പ്രവാചകന്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. വാടകവീട് ഒരാളുടെ മുഴുവന്‍ ആവശ്യങ്ങള്‍ക്കും മതിയാവുകയില്ല. വീട്ടുടമസ്ഥന്റെ നിബന്ധനകള്‍ പാലിക്കേണ്ടിവരും. വാടക നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ തെരുവിലേക്ക് എറിയപ്പെടുകയും ചെയ്യും.
എന്നാല്‍ സ്വന്തമായി ഒരു വീടുണ്ടായാല്‍ ഇത്തരം മനോവ്യഥകള്‍ക്കൊക്കെ ശമനം ലഭിക്കും. പള്ളിയുടെയും ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സമീപത്ത് വീട് തെരഞ്ഞെടുക്കാനും ഇസ്ലാമിക അന്തരീക്ഷത്തില്‍ ജീവിക്കാനും അതുവഴി സാധിക്കും. അതുപോലെ, തന്റെ ഉടമസ്ഥതയിലാവുമ്പോള്‍ സാമൂഹികവും ധാര്‍മികവുമായ ആവശ്യങ്ങള്‍ക്കനുസരിച്ച് വീട് സജ്ജമാക്കാനും ക്രമീകരണങ്ങള്‍ വരുത്താനും കഴിയും.
ഓരോ മുസ്ലിമിന്റെയും വ്യക്തിപരമായ പ്രയോജനത്തോടൊപ്പം അമുസ്ലിം നാടുകളില്‍ ന്യൂനപക്ഷമായി ജീവിക്കുന്ന മുസ്ലിം സമൂഹത്തിന് പൊതുവായും ചില ഗുണങ്ങള്‍ ഇതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. അമുസ്ലിംകളുടെ മുന്നില്‍ ഇസ്ലാമിന്റെ പ്രശോഭിത രൂപങ്ങളാവാനും ജനങ്ങള്‍ക്ക് വേണ്ടി രംഗത്തിറക്കപ്പെട്ട ഉത്തമ സമൂഹം എന്ന നിലവാരത്തിലേക്ക് ഉയരാനും സാധിക്കും വിധം ജീവിത സാഹചര്യങ്ങളെ പരിപോഷിപ്പിക്കാന്‍ അതിലൂടെ കഴിയും. അതുപോലെ അവരുടെ മേലുള്ള സാമ്പത്തിക സമ്മര്‍ദങ്ങളെ അതിജയിച്ച് ഇസ്ലാമിക ദൌത്യനിര്‍വഹണത്തില്‍ പങ്കാളിത്തം വഹിക്കാനും അത് സഹായിക്കും. മുസ്ലിം തന്റെ ജീവിതകാലത്തുടനീളം വീടിന് വാടക കൊടുത്തും ഒപ്പം മറ്റു ദൈനംദിന ജീവിതചെലവുകള്‍ വഹിച്ചും കഴിയേണ്ടി വരുമ്പോള്‍ തന്റെ സമൂഹത്തെ സേവിക്കാനോ ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കാനോ അവന് അവസരം ലഭിക്കുകയില്ല.
2. ഇത് ഒന്നാമത്തേതിന്റെ പൂരകമാണ്. അബൂഹനീഫ, മുഹമ്മദുബ്നു ഹസന്‍ അശ്ശൈബാനി, സുഫ്യാനുഥൌരി, ഇബ്റാഹീമുന്നഖഈ തുടങ്ങിയവരുടെ വീക്ഷണമാണത്. അനിസ്ലാമിക രാഷ്ട്രത്തില്‍ പലിശ ഉള്‍പ്പടെയുള്ള തെറ്റായ സാമ്പത്തിക ഇടപാടുകള്‍ മുസ്ലിംകളും അമുസ്ലിംകളും തമ്മില്‍ ആവാം എന്നതാണ് ഈ അഭിപ്രായം. അഹ്മദുബ്നു ഹമ്പലില്‍ നിന്ന് ഈ അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇബ്നുതൈമിയ അതിന് മുന്‍ഗണന നല്‍കിയിട്ടുമുണ്ട്.
നിരവധി പരിഗണനകള്‍ ഈ വീക്ഷണത്തിന് മുന്‍ഗണ നല്‍കാന്‍ പ്രേരിപ്പിക്കുന്നു:
1. അനിസ്ലാമിക സമൂഹത്തില്‍ നാഗരികം, സാമ്പത്തികം, രാഷ്ട്രീയം മുതലായ പൊതുവ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇസ്ലാമിക നിയമം പൂര്‍ണമായി പാലിക്കാന്‍ ഒരു മുസ്ലിം നിയമപരമായി ബാധ്യസ്ഥനല്ല. കാരണം അത് അവന്റെ കഴിവിന് അതീതമാണ്. ഒരാളുടെയും കഴിവില്‍ പെടാത്തത് അല്ലാഹു നിര്‍ബന്ധിക്കുകയില്ല. പലിശ നിരോധനം സമൂഹത്തിന്റെ ഐഡന്റിറ്റി, രാഷ്ട്രത്തിന്റെ തത്ത്വശാസ്ത്രം, അതിന്റെ സാമൂഹിക-സാമ്പത്തിക വീക്ഷണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിധികളുടെ കൂട്ടത്തിലാണ് പെടുക.
അത്തരം ഘട്ടങ്ങളില്‍ ആരാധനകള്‍, ആഹാരം, വസ്ത്രം, വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മാത്രമേ സമ്പൂര്‍ണാര്‍ഥത്തില്‍ പാലിക്കാന്‍ ഒരു മുസ്ലിമിന് ബാധ്യതയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ പോലും ഇസ്ലാമിക നിയമങ്ങള്‍ പിന്തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതിനു പറ്റുന്ന നാട്ടിലേക്ക് മാറിത്താമസിക്കണം.
2. അനിസ്ലാമിക രാഷ്ട്രത്തില്‍ പലിശ ഉള്‍പ്പടെയുള്ള തെറ്റായ സാമ്പത്തിക ഇടപാടുകളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഒരു മുസ്ലിം തീരുമാനിച്ചാല്‍ തന്നെ അത് അവനെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തും. ഇസ്ലാം ആളുകളെ ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. അമുസ്ലിമിന്റെ അനന്തരസ്വത്ത് മുസ്ലിമിന് സ്വീകരിക്കാം എന്നതിന്, ഇസ്ലാം കുറക്കുകയല്ല വര്‍ധിപ്പിക്കുകയാണ് ചെയ്യുക എന്ന ഹദീസ് ചില മുന്‍ഗാമികളായ പണ്ഡിതന്മാര്‍ തെളിവായി സ്വീകരിച്ചത് കാണാം. ഇസ്ലാം മുറുകെ പിടിച്ച് ജീവിക്കുന്നതുമൂലം ഒരാള്‍ക്കും നഷ്ടമുണ്ടാകണമെന്ന് ഇസ്ലാം ഉദ്ദേശിക്കുന്നില്ല.
Comments