മദ്യം വിളമ്പുന്ന സദസ്സുകളിലെ പങ്കാളിത്തം
മദ്യം വിളമ്പുന്ന സദസുകളില്‍ പങ്കെടുക്കാമോ? അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ മദ്യം വിളമ്പുന്ന മേശക്കരികെ ഇരിക്കാതിരിക്കട്ടെ (തിര്‍മിദി) എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ അത് ഹറാമാണെന്ന് പറയുന്നു. താങ്കളുടെ അഭിപ്രായമെന്താണ്?
ഇസ്ലാമില്‍ നിഷിദ്ധതകള്‍ പലവിധമുണ്ട്.
1. ഒരു നിലക്കും അനുവദനീയമാവാത്തവ. ഉദാഹരണമായി, അല്ലാഹു പറയുന്നു: നിങ്ങളുടെ മാതാക്കളും പെണ്‍മക്കളും പെങ്ങന്മാരും പിതൃസഹോദരികളും മാതൃസഹോദരികളും സഹോദര പുത്രിമാരും സുഹോദരീ പുത്രിമാരും നിങ്ങള്‍ക്ക് മുലയൂട്ടിയവരായ മാതാക്കളും മുലകുടി ബന്ധത്തിലുള്ള സഹോദരിമാരും നിങ്ങളുടെ ഭാര്യമാരുടെ മാതാക്കളും നിങ്ങളുമായി ദാമ്പത്യം പങ്കിട്ട സ്ത്രീകളില്‍ പിറന്നവരും നിങ്ങളുടെ വീടുകളില്‍ വളര്‍ന്നവരുമായ വളര്‍ത്തുപുത്രിമാരും - ഇനി (ആ സ്ത്രീകളെ വിവാഹം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ) അവരുമായി ദമ്പതികളായി കഴിഞ്ഞുകൂടിയിട്ടില്ലെങ്കില്‍ (അവരെ ഒഴിവാക്കി അവരുടെ പുത്രിമാരെ വിവാഹം ചെയ്യുന്നതില്‍) കുറ്റമില്ല- സ്വന്തം പുത്രന്മാരുടെ ഭാര്യമാരും നിങ്ങള്‍ക്ക് നിരോധിക്കപ്പെട്ടിരിക്കുന്നു. രണ്ട് സഹോദരികളെ ഒരുമിച്ച് ഭാര്യമാരാക്കുന്നതും നിഷിദ്ധമാകുന്നു. എന്നാല്‍, നേരത്തേ കഴിഞ്ഞുപോയത് പോകട്ടെ. നിശ്ചയം അല്ലാഹു മാപ്പരുളുന്നവനും കരുണാവാരിധിയുമാണല്ലോ (അന്നിസാഅ് 23).
ഈ നിഷിദ്ധത സ്ഥായിയാണ്. ഒരിക്കലും ഒരാള്‍ക്ക് തന്റെ മാതാവിനെയോ മകളെയോ ഈ സൂക്തത്തില്‍ പറഞ്ഞ മറ്റുള്ളവരെയോ വിവാഹം ചെയ്യാന്‍ അനുവാദമില്ല.
2. അനിവാര്യഘട്ടങ്ങളില്‍ മാത്രം അനുവദനീയമാവുന്നവ. അല്ലാഹു പറയുന്നു: ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത് തുടങ്ങിയവ അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. എന്നാല്‍, ഒരാള്‍ നിര്‍ബന്ധിതാവസ്ഥയിലകപ്പെട്ട്, നിയമലംഘനമിഛിക്കാതെയും അത്യാവശ്യത്തിന്റെ അതിരുകടക്കാതെയും ഇക്കൂട്ടത്തില്‍ വല്ലതും ആഹരിക്കേണ്ടിവന്നാല്‍ കുറ്റമില്ല. പൊറുക്കുന്നവനും ദയാനിധിയുമല്ലോ അല്ലാഹു (അല്‍ബഖറ 173). ഈ നാല് വസ്തുക്കളും സ്വയംനിഷിദ്ധങ്ങളാണ്. ഇതേ ആശയം നാല് സൂറത്തുകളില്‍ ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നുണ്ട്. അല്‍അന്‍ആം, അന്നഹ്ല്‍ എന്നീ മക്കീ സൂറത്തുകളും അല്‍ബഖറ, അല്‍മാഇദ എന്നീ മദനീ സൂറത്തുകളുമാണവ. അനിവാര്യ സാഹചര്യങ്ങളില്‍ (ഉദാ: ഭക്ഷിച്ചില്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കേണ്ടിവരുമെന്ന ഘട്ടത്തില്‍) നിഷിദ്ധ പദാര്‍ഥങ്ങള്‍ ഭക്ഷിക്കാന്‍ ഈ സൂക്തങ്ങള്‍ അനുമതി നല്‍കുന്നു.
3. ആവശ്യമായ സന്ദര്‍ഭത്തില്‍ അനുവദനീയമാവുന്നവ. ഇവ സ്വയം നിഷിദ്ധമല്ല. മറിച്ച് നിഷിദ്ധതകളിലേക്കുള്ള വഴിയടക്കുക എന്ന നിലയില്‍ നിഷിദ്ധമായതാണ്. അന്യസ്ത്രീയോടൊപ്പം തനിച്ചാവല്‍, വികാരത്തോടെ സ്ത്രീയെ നോക്കല്‍, സ്ത്രീ ആകര്‍ഷണം തോന്നുന്ന വസ്ത്രം ധരിക്കല്‍ തുടങ്ങിയവ നിഷിദ്ധമായതുപോലെ. വ്യഭിചാരം എന്ന മ്ളേഛവൃത്തിയിലേക്കുള്ള വഴിയടക്കുക എന്നതാണ് അവയുടെ ഉദ്ദേശ്യം. സ്വയം പലിശ ഇടപാടില്‍ ഏര്‍പ്പെടാതിരിക്കാന്‍, പലിശ ഇടപാട് എഴുതുന്നതും അതിന് സാക്ഷ്യം വഹിക്കുന്നതും നിരോധിച്ചതും, മദ്യപാനത്തില്‍ അകപ്പെടാതിരിക്കാന്‍ മദ്യം വഹിക്കുന്നതും കുടിപ്പിക്കുന്നതും വില്‍ക്കുന്നതും മദ്യം വിളമ്പുന്ന സദസ്സുകളില്‍ പങ്കെടുക്കുന്നതും നിരോധിച്ചതുമെല്ലാം ഈ ഗണത്തിലാണ് പെടുക.
ഇങ്ങനെ തിന്മയിലേക്കുള്ള വഴിയടക്കുന്നതിന്റെ ഭാഗമായി നിരോധിക്കപ്പെട്ടവ ആവശ്യഘട്ടത്തില്‍ അനുവദനീയമാവും. അത് താരതമ്യേന അനിവാര്യതയേക്കാള്‍ ലഘുവായതാണ്. ജീവിതം അസാധ്യമാവുന്ന/അപകടത്തിലാവുന്ന അവസ്ഥയാണ് അനിവാര്യഘട്ടം. എന്നാല്‍ അല്‍പം പ്രയാസത്തോടെയാണെങ്കിലും ജീവിതം മുന്നോട്ടുനയിക്കാന്‍ കഴിയുന്ന അവസ്ഥയാണ് ആവശ്യഘട്ടം.
ഈ അടിസ്ഥാനത്തില്‍ നാം പറയുന്നു: മദ്യം വിളമ്പുന്ന ആഘോഷങ്ങളിലേക്ക് ഒരു മുസ്ലിം ക്ഷണിക്കപ്പെട്ടാല്‍, ആ ക്ഷണം സ്വീകരിക്കല്‍ ഇവിടെ പ്രസ്താവിച്ച മൂന്നാമത്തെ ഇനം നിഷിദ്ധതയിലാണ് ഉള്‍പെടുക. അത് മദ്യപാനം നിഷിദ്ധമായതുപോലെയല്ല. ഇതര ജനവിഭാഗങ്ങളുമായി അടുത്തിടപഴകുക, മുസ്ലിംകളും അവരും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, സമൂഹത്തില്‍ സാന്നിധ്യമറിയിക്കുകയും സ്വാധീനം നേടുകയും ചെയ്യും വിധം മുസ്ലിംകളെ അവരുടെ ഏകാന്ത തടവറയില്‍ നിന്ന് മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അത്തരം സദസുകളില്‍ പങ്കെടുക്കാവുന്നതാണ്.
ഇവിടെ ദൂഷ്യം തടയലാണ് ഗുണം ഉണ്ടാക്കുന്നതിനേക്കാള്‍ മുന്‍ഗണനാര്‍ഹം എന്ന് വാദിക്കാവതല്ല. കാരണം, പ്രതീക്ഷിത ദൂഷ്യത്തിന്റെ കാര്യത്തിലല്ല, സംഭവദൂഷ്യത്തിന്റെ കാര്യത്തിലേ അങ്ങനെ വാദിക്കാവൂ. ഒരു യഥാര്‍ഥ മുസ്ലിം അത്തരം സദസ്സുകളില്‍ പങ്കെടുക്കുമ്പോള്‍ മദ്യപാനത്തില്‍ നിന്ന് വിട്ടുനില്‍ക്കും. ഒരു പ്രബോധകന്റെ ചൈതന്യത്തോടും ഹൃദയങ്ങളെ കൂട്ടിയിണക്കുകയും ജനങ്ങള്‍ക്ക് ഇസ്ലാമിനെ പ്രിയങ്കരമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടും കൂടിയാണ് അവന്‍ അതില്‍ പങ്കെടുക്കുന്നതെങ്കില്‍ വിശേഷിച്ചും.
Comments