Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 1

വിശ്വകായിക മാമാങ്കത്തില്‍ ഇസ്‌ലാമിന്റെ സന്ദേശം

എന്‍.കെ അഹ്മദ്‌

ആഗോള സ്‌പോര്‍ട്‌സ് പ്രേമികളുടെയും കായികാരാധകരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയ ലണ്ടനിലെ ഒളിമ്പിക്‌സ് വില്ലേജിലെത്തിയ ആയിരക്കണക്കിന് അത്‌ലറ്റുകളെയും ടീമുകളെയും കാണികളെയും ലക്ഷ്യമാക്കി ബ്രിട്ടനിലെ പ്രമുഖ ഇസ്‌ലാമിക പ്രബോധക സംഘടനയായ 'ഈറാ' (International Education & Research Academy) നടത്തിയ പ്രബോധന കാമ്പയിന്‍ 'ഒളിമ്പിക്‌സ് ലണ്ടന്‍ 2012'ലെ വേറിട്ട അനുഭവമായി. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാം സ്വീകരിച്ച ബ്രിട്ടീഷ് പൗരന്മാരായ ശൈഖ് അബ്ദുര്‍റഹീം ഗ്രീന്‍, ശൈഖ് യൂസുഫ് ചെയിമ്പേഴ്‌സ് എന്നിവര്‍ രൂപം നല്‍കിയ 'ഈറാ' മുഖേന നേരത്തെ രജിസ്റ്റര്‍ ചെയ്തു പരിശീലനം നേടിയ അഞ്ഞൂറിലേറെ പ്രബോധകരാണ് കാമ്പയിനില്‍ പങ്കെടുത്തത്. 'Is life just a game?' (ജീവിതം വെറുമൊരു കളിയോ?) എന്ന് മുദ്രണം ചെയ്ത മഞ്ഞ യൂനിഫോം അണിഞ്ഞ ദഅ്‌വാ വളണ്ടിയര്‍മാര്‍ ഒളിമ്പിക്‌സ് വില്ലേജിന്റെ പ്രധാന കവാടത്തിനടുത്ത് വെച്ചാണ് ഒളിമ്പിക്‌സ് അതിഥികളെ എതിരേറ്റത്. ഇസ്‌ലാമിനെ ലളിതമായി പരിചയപ്പെടുത്തുന്ന ബ്രോഷറുകള്‍, ഖുര്‍ആന്‍ വിവര്‍ത്തനം തുടങ്ങിയവ അടങ്ങിയ ദഅ്‌വാ ഗിഫ്റ്റ് ബോക്‌സുമായി അണിനിരന്ന വളണ്ടിയര്‍മാരുമായി വിവിധ ദേശക്കാരും വര്‍ഗക്കാരുമായ ഒളിമ്പിക്‌സ് അതിഥികള്‍ കൗതുകപൂര്‍വമാണ് പ്രതികരിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. ഓരോ ദിവസത്തെയും പ്രവര്‍ത്തന റിപ്പോര്‍ട്ടും 'ശഹാദത്ത്' (ഇസ്‌ലാം ആശ്ലേഷ) വിവരവും ഈറായുടെ സൈറ്റിലും ഫേസ് ബുക്കിലും ലഭ്യമായിരുന്നു. കാമ്പയിനിലൂടെ ഇസ്‌ലാമിനെ പരിചയപ്പെടുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത ചിലര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദഅ്‌വ യൂനിഫോമണിഞ്ഞു ദഅ്‌വാ വളണ്ടിയര്‍മാരോടൊപ്പം അണിനിരക്കുകയും തങ്ങളുടെ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും ചെയ്ത അനുഭവങ്ങള്‍ ആവേശദായകമായിരുന്നു.
ദഅ്‌വാ ഡ്യൂട്ടിയുടെ ഷിഫ്റ്റ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഒരു വളണ്ടിയര്‍. വളരെ അകലത്തില്‍ പാര്‍ക്ക് ചെയ്ത കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് നോക്കിയപ്പോഴാണ് കാര്‍ കേടായത് അയാള്‍ അറിഞ്ഞത്. ഉടനെ ടെക്‌നീഷ്യനെ വിളിച്ചു അയാള്‍ കാത്തിരിപ്പായി. അകലെ കാറ് നിര്‍ത്തിയിട്ടതും തൊട്ടടുത്തു ഒരാള്‍ കുറെ നേരം നില്‍ക്കുന്നതും ഒളിമ്പിക്‌സ് വില്ലേജിലെ സുരക്ഷാ സംവിധാനത്തിന്റെ കാമറ കണ്ണുകള്‍ നോട്ട് ചെയ്തു. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലില്ലാത്ത സുരക്ഷാ സംവിധാനമാണ് ഇത്തവണ ഒളിമ്പിക്‌സ് വില്ലേജില്‍ ഏര്‍പ്പെടുത്തിയത്. നിമിഷങ്ങള്‍ക്കകം ഒരു സെക്യൂരിറ്റി ഓഫീസര്‍ ബൈക്കില്‍ പറന്നെത്തി വളണ്ടിയറെ ചോദ്യം ചെയ്തു. അയാള്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ ടെക്‌നീഷ്യനെത്തി. ടെക്‌നീഷ്യന്‍ കാര്‍ റിപ്പയര്‍ ചെയ്യുന്നതിനിടയില്‍ വളണ്ടിയറും സെക്യൂരിറ്റി ഓഫീസറും സംസാരം തുടര്‍ന്നു. ആ സംസാരം ദഅ്‌വാ കാമ്പയിനിലേക്കും ഇസ്‌ലാമിലേക്കും യൂനിഫോമില്‍ മുദ്രണം ചെയ്ത ചോദ്യത്തിലേക്കും നീണ്ടു. ആ ചോദ്യത്തിനുള്ള മറുപടിയാണ് ഇസ്‌ലാമെന്ന് ബോധ്യപ്പെട്ട് സെക്യൂരിറ്റി ഓഫീസര്‍ അവിടെവെച്ചുതന്നെ ഇസ്‌ലാം ആശ്ലേഷിച്ചു.
അര്‍ഥം നഷ്ടപ്പെട്ട ജീവിതത്തിന്റെ പെരുംചുഴിയിലകപ്പെട്ടുഴറുന്ന പാശ്ചാത്യര്‍ക്ക് ഇസ്‌ലാമിനെ കുറിച്ച് കേള്‍ക്കുകയേ വേണ്ടൂ ഇസ്‌ലാം ആശ്ലേഷിക്കാന്‍. അതുകൊണ്ടുതന്നെ നവമുസ്‌ലിംകളുടെ എണ്ണം പാശ്ചാത്യ ലോകത്ത് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഈ നവമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച തുടര്‍പഠനത്തിനും പരിശീലനത്തിനും ആവശ്യമായ പുനരധിവാസത്തിനും സംവിധാനം വേണ്ടതില്ലേ എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇതേ ചോദ്യം തന്നെയാണ് തങ്ങള്‍ ഏറ്റവുമധികം നേരിടുന്നതെന്നാണ് 'ഈറാ' പ്രതിനിധി ഈയിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഈ രംഗത്ത് പാശ്ചാത്യ നാടുകളിലെ പ്രബോധക സംഘടനകള്‍ ആസൂത്രിതവും വ്യവസ്ഥാപിതവുമായ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയതിന്റെ നേട്ടങ്ങള്‍ സര്‍വത്ര പ്രകടമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരില്‍ പലരും 'റിവേര്‍ട്ടുകളാ'ണെന്നതും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും അറബി ഭാഷയിലും അവര്‍ അവഗാഹം നേടിയിരിക്കുന്നു എന്നതും നമ്മെ അമ്പരിപ്പിക്കുക തന്നെ ചെയ്യും. പാരമ്പര്യ മുസ്‌ലിംകളില്‍ ഭൂരിഭാഗത്തിനും അപ്രാപ്യമായ വൈജ്ഞാനിക നിലവാരവും പാരമ്പര്യ 'ശൈഖു'മാരില്‍ കാണാത്ത വിശ്വാസപരമായ ആര്‍ജവവും സമര്‍പണ മനോഭാവവും കൈമുതലാക്കി ജീവിത വിശുദ്ധിയുടെ ഉത്തമ മാതൃകകളായി പ്രശോഭിക്കുന്നവര്‍ പാശ്ചാത്യ ലോകത്ത് എത്രയുമേറെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍