പുസ്തകപ്പര
കഥയുടെ നെഞ്ചിടിപ്പ്
ബാല്യകൌമാര നേരങ്ങളിലെ അനുഭവങ്ങളെയും, സാഹസങ്ങളെയും നുള്ളിപ്പെറുക്കിയെടുക്കുന്നു 'കഥയുടെ നെഞ്ചിടിപ്പ്' എന്ന പുസ്തകത്തില്‍ യു.എ. ഖാദര്‍. 'അനുഭവ നുറുങ്ങുകളെ ചേര്‍ത്തുവെക്കുമ്പോഴൊക്കെ മനസില്‍ എന്തോ തരം ഇല്ലായ്മയുടെ വാട അനുഭവപ്പെടാറുണ്ട്. മനസ് കൊതിക്കുന്ന സ്നേഹലാളനയുടെ അഭാവം. അത്കൊണ്ടാവാം എല്ലാറ്റില്‍ നിന്നും ഒറ്റപ്പെടുന്നുവല്ലോ എന്ന ആകുലത കുട്ടിക്കാലത്ത് എന്നെ ചൂഴ്ന്ന് നിന്നത്.' എന്ന് ഗ്രന്ഥകര്‍ത്താവ്. പ്രസാധനം പ്രതീക്ഷാ ബുക്സ് വില: 110 രൂപ.
ഇലാഹി
ആത്മാവിന്റെ പ്രാര്‍ഥനകള്‍ കവിതയായി പരിണാമം ചെയ്യുന്നു സത്താര്‍ ആദൂരിന്റെ 'ഇലാഹി'യില്‍. വാക്കുകളെ നക്ഷത്രങ്ങളാക്കി അതിന്റെ ശോഭയില്‍ ജീവിതത്തിന് തിളക്കം നല്‍കുന്നു ഈ യുവകവിയെന്ന് അവതാരികയില്‍ എം.പി അബ്ദുസ്സമദ് സമദാനി. പ്രസാധനം ബുസ്താനി ബുക്സ് - വില 70 രൂപ.
മതിലുകള്‍ ഇനിയും ഇടിയാനുണ്ട്
ജാഗ്രതയോടെ ഉണര്‍ന്നു നിന്ന ധ്യാനാത്മക നിമിഷങ്ങളിലുറഞ്ഞ പ്രകാശവചനങ്ങളാണ് 'മതിലുകള്‍ ഇനിയും ഇടിയാനുണ്ട്' എന്ന ഇബ്രാഹീം ബേവിഞ്ചയുടെ കൃതി. രാഷ്ട്രത്തെക്കുറിച്ചും സ്വത്വവികാരത്തെക്കുറിച്ചും കാഴ്ചക്കാരനു മുന്നില്‍ തെളിയുന്ന യാഥാര്‍ഥ്യങ്ങളെക്കുറിച്ചുമുള്ള ദാക്ഷിണ്യമില്ലാത്ത വിമര്‍ശനം ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നു. പ്രസാധനം: വചനം ബുക്സ് - വില 130 രൂപ.
സൈകതത്തില്‍ നിന്നും ചില കൈയൊപ്പുകള്‍
നാല് പതിറ്റാണ്ടുകള്‍ക്കു മുമ്പ് മുതല്‍ക്കുള്ള ഗള്‍ഫ് കുടിയേറ്റത്തിന്റെ അനുഭവങ്ങളെ പകര്‍ത്തുന്നു നസീം പുന്നയൂരിന്റെ സൈകതത്തില്‍ നിന്നും ചില കയ്യൊപ്പുകള്‍. ഗള്‍ഫ് നാടുകളില്‍ എത്തിപ്പെട്ട മലയാളികളുടെ ഭൂതകാല ജീവിതത്തിലേക്കൊരു തിരിഞ്ഞു നോട്ടമാണീ കൃതി. പ്രസാധനം: പ്രതീക്ഷാ പബ്ളിക്കേഷന്‍സ് ഗുരുവായൂര്‍,
വില 60 രൂപ.
അമേരിക്കകള്‍
പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പുകൊണ്ടും ആഖ്യാനങ്ങളിലെ ദൃശ്യപരതകൊണ്ടും ശ്രദ്ധേയമായ കഥകള്‍ ഉള്‍ക്കൊണ്ട കൃതിയാണ് അന്‍വര്‍ അബ്ദുള്ളയുടെ 'അമേരിക്കകള്‍.' കമ്പോള സംസ്കാരം സൃഷ്ടിച്ച പൊങ്ങച്ച കാഴ്ചകളില്‍ കണ്ണ് മഞ്ഞളിച്ചവര്‍, ചങ്ക് കലങ്ങിയവര്‍, ജീവിത വേര് പിഴുതെറിയപ്പെട്ടവര്‍ ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നു. പ്രസാധനം: പ്രതീക്ഷാ ബുക്സ് - വില: 75 രൂപ.
Comments