Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 1

അതിരില്ലാത്ത ആയുധ ഭ്രാന്ത്‌

ആധുനികലോകം മന്ദഗതിയിലാണെങ്കിലും വമ്പിച്ച കുഴപ്പങ്ങളിലേക്കാണ് നീങ്ങുന്നത്. രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക തകര്‍ച്ച, സാംസ്കാരികവും വംശീയവുമായ സംഘര്‍ഷങ്ങള്‍ തുടങ്ങി ഏതെങ്കിലുമൊരു അസ്വാസ്ഥ്യം മുളപൊട്ടാത്ത സമൂഹം പാശ്ചാത്യ ലോകത്തോ പൌരസ്ത്യ ലോകത്തോ ഇല്ലെന്നുതന്നെ പറയാം. ചിലയിടങ്ങളില്‍ മുളപൊട്ടുക മാത്രമല്ല, വന്മരങ്ങളായി വളരുകയും ചെയ്തിരിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള പോര്‍വിളികളും കനത്തുവരികയാണ്. പരിഹാരാന്വേഷണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ, പ്രതീക്ഷക്ക് വകനല്‍കുന്ന സമാധാന ഫോര്‍മുലകള്‍ ഇനിയും ഉരുത്തിരിഞ്ഞു വന്നിട്ടില്ല. രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടികള്‍ മുറക്ക് നടക്കുന്നു. വലിയ വാചാടോപങ്ങള്‍ക്കപ്പുറം മൂര്‍ത്തമായ പ്രായോഗിക പരിപാടികള്‍ ആവിഷ്കൃതമാകാതെ പിരിഞ്ഞുപോവുകയും ചെയ്യുന്നു. നീതിക്കും സമാധാനത്തിനും അര്‍ഥഭേദം വന്നിരിക്കുന്നു. അനീതിയുടെയും അക്രമത്തിന്റെയും വക്താക്കളാണ് ആ വാക്കുകള്‍ ഇന്ന് ഏറെ ഉപയോഗിക്കുന്നത്. ഇറാഖിലും അഫ്ഗാനിസ്താനിലുമൊക്കെ നടക്കുന്ന രാക്ഷസീയമായ നരമേധങ്ങളും നശീകരണങ്ങളും ശാശ്വത നീതിയുടെയും സമാധാനത്തിന്റെയും സംസ്ഥാപനമെന്ന് കൊട്ടിഘോഷിക്കപ്പെടുന്നു.
സിറിയ ആളിക്കത്തുകയാണ്. ലബനാന്‍ പൊട്ടിത്തെറിക്കാന്‍ പാകമായി നില്‍ക്കുന്നു. അഫ്ഗാനിലെ അരാജകത്വം പാകിസ്താനിലേക്കും പടരുകയാണ്. റഷ്യയിലും ചൈനയിലും ഇന്ത്യയിലുമെല്ലാം പലതരം ആഭ്യന്തര സംഘര്‍ഷങ്ങളുടലെടുത്തിരിക്കുന്നു. 'ലോകസമാധാനം' ഉറപ്പാക്കാന്‍ ഇറാനില്‍ സൈനികാധിനിവേശത്തിന് കോപ്പുകൂട്ടുകയാണ് പാശ്ചാത്യ ശക്തികള്‍. ആക്രമണത്തിന് ഇരയാക്കും മുമ്പ് ആ രാജ്യത്തെ പരമാവധി പരിക്ഷീണമാക്കാന്‍ കടുത്ത ഉപരോധങ്ങള്‍ ഒന്നിനു പിറകെ ഒന്നായി നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇസ്രയേലാണ് ഈ 'സമാധാന' ദൌത്യത്തിന്റെ മുഖ്യ സമ്മര്‍ദശക്തി. ഇസ്രയേലീ താല്‍പര്യങ്ങള്‍ക്ക് പാശ്ചാത്യ ലോകത്ത് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മുന്തിയ പരിഗണനക്ക് ഇളക്കം തട്ടാനുള്ള സാധ്യതയുടെ സൂചകങ്ങളുണ്ട്. ഇസ്രയേലിന്റെ സുരക്ഷക്ക് മാത്രമല്ല അസ്തിത്വത്തിനു തന്നെ ഭീഷണിയുയര്‍ത്തുന്നതാണ് അടുത്തിടെ പൊട്ടിവിടര്‍ന്ന അറബ് വസന്തം. ആ രാജ്യത്തിന് സൌഹാര്‍ദപരമായ സഹവര്‍ത്തിത്വം പ്രതീക്ഷിക്കാവുന്ന അയല്‍ക്കാരാരും ഇല്ലാതാവുകയാണ്. ഇറാനാവട്ടെ നേരത്തേ തന്നെ ഇസ്രയേലിന്റെ നിലനില്‍പിനെ ചോദ്യം ചെയ്യുന്ന രാഷ്ട്രമാണ്. ഈ സാഹചര്യത്തില്‍ പടിഞ്ഞാറിന്റെ ഇറാന്‍ ആക്രമണം പശ്ചിമേഷ്യയില്‍ ഇസ്രയേലിന്റെ പ്രസക്തി വര്‍ധിപ്പിക്കുകയും അതിന്റെ സുരക്ഷിതത്വത്തില്‍ അവര്‍ കൂടുതല്‍ പ്രതിജ്ഞാബദ്ധരാവുകയും ചെയ്യും. പാശ്ചാത്യ ശക്തികള്‍ അഫ്ഗാനിലും ഇറാഖിലും സ്ഥാപിച്ച 'ശാശ്വത നീതി'യും 'സമാധാന'വും അനുഭവിച്ചറിഞ്ഞിട്ടും നിര്‍ഭാഗ്യവശാല്‍ ചില പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇറാന്‍ അധിനിവേശത്തെ പരോക്ഷമായി പിന്തുണക്കുന്നതായാണ് മനസ്സിലാകുന്നത്.
യൂറോപ്യന്‍ മുതലാളിത്തം ക്ഷയോന്മുഖമാണ്. യൂറോക്കും യൂറോപ്യന്‍ യൂനിയനും ആരംഭകാലത്തുണ്ടായിരുന്ന ഊറ്റമൊന്നും ഇപ്പോഴില്ല. ഗ്രീസ് പോലുള്ള ചില രാജ്യങ്ങള്‍ പാടെ തകര്‍ന്നിരിക്കുന്നു. ചില രാജ്യങ്ങളില്‍ രാഷ്ട്രീയമായ അസ്ഥിരതയും പ്രകടമാകുന്നുണ്ട്. നവലോക വ്യവസ്ഥയുടെ നായകരെന്നും ലോക പോലീസെന്നും അഹങ്കരിക്കുന്ന അമേരിക്കയുടെ വീര്യവും കടുത്ത സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. പുതിയ വെല്ലുവിളികള്‍ ഫലപ്രദമായി ഏറ്റെടുക്കാനും ലോകഗതി തങ്ങളിഛിക്കുംപടി നിയന്ത്രിക്കാനും ആ രാജ്യത്തിനുണ്ടായിരുന്ന ശക്തി ഗണ്യമായ തോതില്‍ നഷ്ടമായിരിക്കുന്നു. ബദല്‍ശക്തികള്‍ ഉയര്‍ന്നു വരുന്നില്ല എന്നതാണ് ഇന്ന് അമേരിക്കയുടെ വലിയ ശക്തി. ബദല്‍ ആയി വരാവുന്ന ശക്തികള്‍ പടലപ്പിണക്കങ്ങളില്‍ പെട്ടുഴലുകയാണ്. എല്ലാവര്‍ക്കും അവരവരുടെ താല്‍പര്യങ്ങളാണ് പരമപ്രധാനം. സങ്കുചിത താല്‍പര്യങ്ങളുടെ സംഘട്ടനങ്ങള്‍ക്കതീതമായി സമാധാനപരവും ക്ഷേമപൂര്‍ണവുമായ ഒരു നവലോകക്രമത്തിനു വേണ്ടി നിലകൊള്ളാനുള്ള ഇഛാശക്തി ആരിലും ദൃശ്യമല്ല.
ആഫ്രിക്ക ഒട്ടാകെ പുകയുകയാണ്. രാഷ്ട്രീയമായ അസ്ഥിരതയും വംശീയ സംഘര്‍ഷങ്ങളുമാണ് പൊതുവായിട്ടുള്ളത്. ചില രാജ്യങ്ങളില്‍ ഒരുവക സിവില്‍ വാറാണ് നടമാടുന്നത്. വലിയൊരു ഭൂപ്രദേശം നൂറ്റാണ്ടിലെ ഏറ്റവും കൊടിയ ക്ഷാമത്തിന്റെയും വരള്‍ച്ചയുടെയും പിടിയിലമര്‍ന്നിരിക്കുന്നു. ഭയാനകമായ മാനുഷിക ദുരന്തമാണവിടെ അരങ്ങേറുന്നത്. ആഫ്രിക്കയെ ഈ വിനാശഗര്‍ത്തത്തില്‍നിന്ന് മോചിപ്പിക്കാനുള്ള ക്രിയാത്മക നടപടികള്‍ എവിടെ നിന്നും ഉണ്ടാകുന്നില്ല. പരസ്പരം പൊരുതുന്ന വംശീയ-രാഷ്ട്രീയ വിഭാഗങ്ങള്‍ക്ക് ആയുധം വിറ്റ് ലാഭം കൊയ്യുന്നതിലാണ് വികസിത സമൂഹങ്ങള്‍ക്ക് ഏറെ താല്‍പര്യം.
യുദ്ധസാമഗ്രികള്‍ സംഭരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഏതാണ്ടെല്ലാ രാജ്യങ്ങളും. ഭക്ഷ്യധാന്യക്കലവറകള്‍ കാലിയായി ജനം വിശന്നൊടുങ്ങുമ്പോഴും ആയുധക്കലവറകള്‍ നിറഞ്ഞുകവിയുന്നു. ആയുധച്ചന്തയില്‍ തിരക്ക് കൂടിക്കൊണ്ടേയിരിക്കുന്നു. ദിനേന പുതിയ പുതിയ നശീകരണായുധങ്ങള്‍ മാര്‍ക്കറ്റിലെത്തുന്നു. വികസിത രാജ്യങ്ങളില്‍ ഏറ്റം സജീവമായി നടക്കുന്ന ഗവേഷണ പരീക്ഷണങ്ങള്‍ ആയുധ വികസനത്തിന്റേതാണ്. ഭൂതലം മാത്രമല്ല ഭൂഗര്‍ഭവും വിണ്ണിന്റെ വിഹായസ്സുമെല്ലാം ആയുധ സംഭരണികളായി മാറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രങ്ങളുടെ ഒറ്റക്കും കൂട്ടായുമുള്ള സൈനികാഭ്യാസങ്ങള്‍ നിരന്തരം നടന്നുവരുന്നു. സമാധാനത്തെ കണ്ണെത്താദൂരത്തേക്ക് ആട്ടിയകറ്റുന്നതാണീ പ്രവണത. ഓരോ പുതിയ ആയുധവും യുദ്ധത്തിലേക്കുള്ള പ്രലോഭനമാണ് ലോകത്തിനു നല്‍കുന്നത്. നൊടിയിട കൊണ്ട് ജനലക്ഷങ്ങളെ കൊന്നൊടുക്കാനും നാടും നഗരങ്ങളും ചാമ്പലാക്കാനും പര്യാപ്തമായ ആയുധങ്ങള്‍ക്ക് പിന്നാലെ ഭ്രാന്തമായി പായുന്നവര്‍ക്ക് തങ്ങളെന്താണ് ചെയ്യുന്നതെന്നും അതിന്റെ പരിണതിയെന്താണെന്നും നന്നായറിയാം. തങ്ങളെയും ലോകത്തെയും ബോധപൂര്‍വം വിനാശഗര്‍ത്തത്തിലേക്ക് വലിച്ചിഴക്കുകയാണവര്‍. അകൃത്യങ്ങള്‍ അറിയാതെ ചെയ്യുന്നവര്‍ അറിയുമ്പോള്‍ പിന്മാറുമെന്ന് പ്രതീക്ഷിക്കാം. തികഞ്ഞ അറിവോടും ബോധത്തോടും കൂടി സ്വീകരിച്ച നടപടികളില്‍നിന്ന് എന്നെങ്കിലും പിന്മാറുമെന്ന് എങ്ങനെ പ്രതീക്ഷിക്കാം? സ്ഥായിയായ വിദൂര ഫലങ്ങളെക്കുറിച്ച് സാവകാശം ചിന്തിക്കാതെ, "മനുഷ്യന്‍ നന്മ തേടേണ്ടതുപോലെ തിന്മ തേടുന്നു. ക്ഷണിക ഫലങ്ങളില്‍ ആര്‍ത്തി പൂണ്ട മനുഷ്യന്‍ മഹാ ധൃതിക്കാരനായിരിക്കുന്നു'' (വിശുദ്ധ ഖുര്‍ആന്‍ 17:11).

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍