Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 1

ഐക്യസന്ദേശവുമായി മക്ക ഉച്ചകോടി

അബൂസ്വാലിഹ

സുഊദി ഭരണാധികാരി അബ്ദുല്ല രാജാവ് കഴിഞ്ഞ ആഗസ്റ്റ് 14-ന് മക്കയില്‍ വിളിച്ചു ചേര്‍ത്ത ദ്വിദിന ഇസ്‌ലാമിക ഐക്യദാര്‍ഢ്യ ഉച്ചകോടിക്ക് നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഒട്ടേറെ ശുഭസൂചനകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് അതിന് തിരശ്ശീല വീണത്. ഇറാനിയന്‍ പ്രസിഡന്റ് അഹ്മദീ നിജാദിന്റെയും വിദേശകാര്യമന്ത്രി അക്ബര്‍ സ്വാലിഹിയുടെയും നേതൃത്വത്തിലുള്ള ഇറാനിയന്‍ നയതന്ത്രജ്ഞരുടെ ഒരു നിരതന്നെ ചര്‍ച്ചകള്‍ക്കായി നേരത്തേ സ്ഥലത്തെത്തിയിരുന്നു. ഇറാനിയന്‍ പ്രസിഡന്റ് നിജാദിനെ അബ്ദുല്ല രാജാവ് ഹാര്‍ദവമായി സ്വീകരിക്കുന്നതിന്റെയും ആലിംഗനം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സുഊദി ചാനലുകള്‍ നിരന്തരം സംപ്രേഷണം ചെയ്യുകയുണ്ടായി. ഇത് ഇറാന്‍-സുഊദി ബന്ധങ്ങളില്‍ മഞ്ഞുരുക്കത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.
മുഖ്യമായും നാല് പ്രശ്‌നങ്ങളാണ് ഉച്ചകോടി ചര്‍ച്ചക്കെടുത്തത്. ഒന്നാമതായി സിറിയന്‍ പ്രശ്‌നം തന്നെ. ഫലസ്ത്വീനും മ്യാന്മറിലെ റോഹിങ്ക്യ മുസ്‌ലിംകള്‍ നേരിടുന്ന വംശീയ ഉന്മൂലന ഭീഷണിയും പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയിലെ രാഷ്ട്രീയ അസ്ഥിരതയുമാണ് മറ്റു മൂന്ന് പ്രശ്‌നങ്ങള്‍. സിറിയന്‍ പ്രശ്‌നത്തില്‍ മുസ്‌ലിം രാജ്യകൂട്ടായ്മയായ ഒ.ഐ.സിക്ക് നിര്‍ണായക തീരുമാനത്തിലെത്താനാവില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇറാനും അള്‍ജീരിയയും ശക്തമായ ബശ്ശാര്‍ അനുകൂല നിലപാടെടുത്തതാണ് കാരണം. ഒ.ഐ.സിയില്‍ നിന്ന് സിറിയയെ സസ്‌പെന്റ് ചെയ്യുക മാത്രമാണുണ്ടായത്. ഉച്ചകോടിക്ക് തൊട്ടു മുമ്പ് മദീനയില്‍ ചേര്‍ന്ന ഒ.ഐ.സി വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഒ.ഐ.സി സെക്രട്ടറി ജനറല്‍ അക്മലുദ്ദീന്‍ ഇഹ്‌സാന്‍ ഒഗ്‌ലു ബശ്ശാറിനെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ബശ്ശാര്‍ സിറിയയെ 'അറ്റം കാണാത്ത ഇരുണ്ട തുരങ്കത്തിലേക്ക് തള്ളിവിടുന്നു' എന്നാണ് ഒഗ്‌ലുവിന്റെ വിമര്‍ശം.
സിറിയന്‍ പ്രശ്‌ന പരിഹാരത്തിന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി സമര്‍പ്പിച്ച ഫോര്‍മുലയും ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. സുഊദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു 'ചതുഷ് കൗണ്‍സില്‍' രൂപീകരിക്കണമെന്നാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. സ്വാതന്ത്ര്യത്തിന് പൊരുതുന്ന സിറിയന്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കുക, പാശ്ചാത്യ ശക്തികളുടെ മേല്‍നോട്ടത്തില്‍ നോ ഫ്‌ളൈ സോണ്‍ ഉണ്ടാക്കി സിറിയന്‍ പൗരന്മാരുടെ ജീവന് സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നല്ലാതെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തീരുമാനമാവാതെ പിരിഞ്ഞു. റോഹിങ്ക്യ മുസ്‌ലിംകള്‍ ഉള്‍പ്പെടെ എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം നല്‍കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സന്നദ്ധ സംഘടനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനും ഉച്ചകോടി മ്യാന്മര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍