Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 1

ഒഗ്ലുവും ഉര്‍ദുഗാന്റെ ഭാര്യയും മ്യാന്മറില്‍

റോഹിങ്ക്യ മുസ്ലിംകളുടെ ദയനീയ സ്ഥിതി നേരിട്ടറിയുന്നതിനു വേണ്ടി തുര്‍ക്കി വിദേശകാര്യമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലുവും പ്രധാനമന്ത്രി ഉര്‍ദുഗാന്റെ ഭാര്യ അമീനയും മ്യാന്മര്‍ സന്ദര്‍ശിച്ചു. ഭീതിദമായ ഒരു മനുഷ്യദുരന്തത്തിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടിയാണ് തുര്‍ക്കി നേതാക്കളുടെ സന്ദര്‍ശനമെന്ന് തുര്‍ക്കി വിദേശകാര്യ വക്താവ് സെല്‍ജുക് ഉനല്‍ പറഞ്ഞു. വംശഹത്യയുടെ ഇരകളായ റോഹിങ്ക്യാ അഭയാര്‍ഥികളുടെ പീഡാനുഭവങ്ങളുടെ വിവരണം കേട്ട് ഉര്‍ദുഗാന്റെ ഭാര്യ അമീന പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഹിങ്ക്യകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതിന് പ്രചാരണം നടത്താന്‍ മൂന്നര മില്യന്‍ ലീറ സമാഹരിക്കാന്‍ തുര്‍ക്കി തീരുമാനിച്ചിട്ടുണ്ട്.
ഹമ്മാദി ജബാലിയുടെ മികച്ച പ്രകടനം
ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ തുനീഷ്യയില്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടക്കുകയായി. കൃത്യമായി പറഞ്ഞാല്‍ 2013 മാര്‍ച്ച് 20-ന്. ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ നടക്കുന്ന പ്രധാന ചര്‍ച്ച ഏത് ഭരണസംവിധാനമാണ് തുനീഷ്യക്ക് ഏറ്റവും അനുയോജ്യം എന്നതാണ്. പ്രസിഡന്‍ഷ്യല്‍ ഭരണമോ അതോ പാര്‍ലമെന്ററി ഭരണമോ? അടുത്ത തെരഞ്ഞെടുപ്പോടെ അതെക്കുറിച്ച് ഒരു തീരുമാനത്തിലെത്താനാണ് സാധ്യത. ഇസ്ലാമിസ്റ് കക്ഷിയായ 'അന്നഹ്ദ' പാര്‍മെന്ററി സംവിധാനത്തെ പിന്തുണക്കുന്നു. പ്രസിഡന്‍ഷ്യല്‍ ഭരണം ഏകാധിപത്യത്തിലേക്ക് തിരിച്ചുപോകാന്‍ സാധ്യതയേറെയാണെന്നാണ് അവരുടെ ന്യായം. മറ്റു പല കക്ഷികളും പ്രസിഡന്റ് ഭരണത്തെ അനുകൂലിക്കുന്നു.
പ്രധാനമന്ത്രി ഹമ്മാദി ജബാലിയുടെ നേതൃത്വത്തിലുള്ള ഭരണം കഴിഞ്ഞ ആറു മാസം കൊണ്ട് സാമ്പത്തിക രംഗത്ത് കാര്യമായ ഉണര്‍വുണ്ടാക്കിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കാലയളവിലുണ്ടായ മൊത്തം വളര്‍ച്ചാ നിരക്ക് 4.5 ശതമാനം. കയറ്റുമതിയില്‍ 4.5 ശതമാനം വര്‍ധന. കാര്‍ഷികോല്‍പന്ന കയറ്റുമതിയില്‍ 7.5 ശതമാനം വളര്‍ച്ച. ഊര്‍ജമേഖലയില്‍ 19.9 ശതമാനവും വ്യവസായ മേഖലയില്‍ 18.1 ശതമാനവും വളര്‍ച്ച കൈവരിക്കാനായത് ഒരു ഇടക്കാല ഭരണകൂടത്തെ സംബന്ധിച്ചേടത്തോളം മികച്ച നേട്ടം തന്നെ. രാജ്യത്തിന്റെ തെക്കന്‍ നഗരമായ ബന്‍ഖര്‍ദാനില്‍ മുന്നൂറ് മില്യന്‍ തുനീഷ്യന്‍ ദീനാര്‍ മുതല്‍മുടക്കില്‍ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കാനും ഭരണകൂടത്തിന് കഴിഞ്ഞു.
'ലാതഹ്സന്‍' ടെലിവിഷന്‍ പരമ്പര
ഇസ്ലാമിക ചിന്തകനും പ്രബോധകനുമായ ഡോ. ആഇദുല്‍ ഖര്‍നിയുടെ പ്രശസ്ത കൃതിയായ 'ലാ തഹ്സന്‍' (ദുഃഖിക്കരുത്) ടെലിവിഷന്‍ പരമ്പരയാക്കുന്നു. നിരാശയെയും മടുപ്പിനെയും ലക്ഷ്യബോധമില്ലായ്മയെയും മറികടന്ന് ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയും എങ്ങനെ ജീവിതത്തെ നേരിടാമെന്ന് പഠിപ്പിക്കുന്ന ഈ പുസ്തകം ഇതിനകം 19 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
'ഇഖ്വാന്‍ സിനിമ'
ഈജിപ്തിലെ ഇഖ്വാനുല്‍ മുസ്ലിമൂനില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം യുവാക്കള്‍ ഫേസ് ബുക്കില്‍ ഒരു പുതിയ 'പേജ്' തുറന്നു. പേര് 'ഇഖ്വാന്‍ സിനിമ.' സിനിമയെന്ന കലാരൂപത്തിലൂടെ സംഘടനയുടെ ആശയാദര്‍ശങ്ങളും നിലപാടുകളും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഹ്രസ്വ സിനിമകള്‍, സാമൂഹിക വിമര്‍ശനങ്ങള്‍ ഉള്ളടങ്ങിയ കോമഡികള്‍, നാടകങ്ങളുടെ വീഡിയോ ക്ളിപ്പുകള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍മാണവും അവതരണവും അഭിനയവുമൊക്കെ ഈ യുവാക്കള്‍ തന്നെ. യാസിര്‍ സഈദാണ് പേജ് അഡ്മിനിസ്ട്രേറ്റര്‍.
സംഘം നിര്‍മിച്ച സിനിമകളില്‍ ചിലത്: How it Happened  (ഈജിപ്തിലെ വംശീയ സംഘര്‍ഷങ്ങളെക്കുറിച്ച്), Not Enough (അഴിമതിക്കെതിരെ), A Fisihing Trip (രക്തസാക്ഷികളുടെ സ്മരണാര്‍ഥം), ഛവ ങീറലൃമലേ (തീവ്രവാദത്തിനെതിരെ).

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍