ഭാവി ചിന്തകളിലേക്ക് വാതില്‍തുറക്കുന്ന പുസ്തകം
മലയാളത്തിലെ ഇസ്ലാമിക സരണിയില്‍ അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നാണ് ജമാഅത്തെ ഇസ്ലാമി മുന്‍ കേന്ദ്ര അധ്യക്ഷന്‍ ഡോ: അബ്ദുല്‍ ഹഖ് അന്‍സാരി രചിച്ച് അബ്ദുര്‍റഹ്മാന്‍ മുന്നൂര് ഭാഷാന്തരീകരണം നടത്തി ഐ.പി.എച്ച് പുറത്തിറക്കിയ സൂഫിസവും ശരീഅത്തും സര്‍ഹിന്ദി ചിന്തകളുടെ അപഗ്രഥനം. വ്യത്യസ്തമായ അന്വേഷണ ചിന്തകള്‍ കൊണ്ടും മൌലികമായ കണ്ടെത്തലുകള്‍ കൊണ്ടും ഗാഢമായ വായനാനുഭവം നല്‍കുന്നു ഇത്.
നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പതിറ്റാണ്ടുകളായി പടിക്കു പുറത്തു നിറുത്തിയിരുന്ന സൂഫിസം എന്ന ചിന്താപദ്ധതിയെ അടുത്തറിയാനും ആഴത്തില്‍ മനസിലാക്കാനുമുള്ള ആത്മാര്‍ഥമായ ശ്രമമാണ് ഈ കൃതിയെ ആകര്‍ഷകമാക്കുന്നത്. ഉറുദു ഇംഗ്ളീഷ് ഭാഷകളില്‍ ഇറങ്ങിയ മൂലകൃതിയെ മലയാളം പോലുള്ള ഒരു ഭാഷയിലേക്ക് ഭാഷാന്തരീകരണം ചെയ്യുമ്പോള്‍ അതിന്റെ സൌന്ദര്യം ചോര്‍ന്നു പോകാന്‍ ഇടയുണ്ടായിട്ടും അതിസുന്ദരമായ ഭാഷയില്‍ ഭാഷാന്തരീകരണം ചെയ്യാന്‍ അബ്ദുര്‍റഹ്മാന്‍ മുന്നൂരിന് കഴിഞ്ഞിരിക്കുന്നു, ഇതിനൊപ്പം പുസ്തകത്തിന്റെ നിലവാരമേറിയ കവറും നിര്‍മാണവും എടുത്തുപറയേണ്ടിയിരിക്കുന്നു.
സൂഫിസത്തെക്കുറിച്ച് മലയാളത്തില്‍ ഇറങ്ങുന്ന കൃതികള്‍ ഒന്നുകില്‍ പാരമ്പര്യ പ്രസ്ഥാനങ്ങള്‍ പുറത്തിറക്കുന്ന, ഔലിയാക്കളുടെ ജീവിതത്തെ അത്യുക്തികളും അതിശയോക്തികളും വെച്ച് വര്‍ണിക്കുന്നവയാണെങ്കില്‍ മറ്റൊരു തരം കൃതികള്‍ വഹാബിസത്തിന്റെ സ്വാധീനത്താല്‍ എഴുതപ്പെടുന്ന ഇടുങ്ങിയ ചിന്തകളാലും കാര്‍ക്കശ്യ വീക്ഷണത്താലും ഉള്ളവയാണ്. ഈ പുസ്തകമാകട്ടെ ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായി സൂഫിസത്തെ അപഗ്രഥിക്കുകയും അത് ഇസ്ലാമിന്റെ ഭാഗം തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശൈഖ് മുഹമ്മദ് സര്‍ഹിന്ദി എന്ന നവോത്ഥാന നായകന്റെ ചിന്തകളെ അപഗ്രഥിച്ചെഴുതിയ ഈ കൃതി സാരാംശത്തില്‍ അദ്ദേഹത്തിന്റെ പ്രസക്തിയെയും സംഭാവനകളെയും ഊന്നിപറയാനാണ് ആഗ്രഹിക്കുന്നതെങ്കിലും അതിലൂടെ അന്വേഷണോല്‍സുകരായ വായനക്കാര്‍ പലപ്പോഴും അറിയാന്‍ ആഗ്രഹിക്കുന്ന സൂഫിസത്തിന്റെ ഉള്ളറകളെക്കുറിച്ച് യഥാതഥമായ ഒരവബോധം ലഭ്യമാക്കുന്നു.
സൂഫിസം ഇസ്ലാമിന് അന്യമല്ല എന്ന് ആമുഖത്തില്‍ പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഈ പുസ്തകം അവസാനിക്കുന്നതും ഇതേ വരികളോടു കൂടിയാണ്. ഒരു പ്രസ്ഥാന നായകന്റെ ഇത്തരം പ്രഖ്യാപനങ്ങളും കണ്ടെത്തലുകളും ഭാവിയിലെ ഇസ്ലാമിക ചിന്തകളെ മാറ്റിയെഴുതും എന്ന കാര്യത്തില്‍ സംശയമില്ല.
പാരമ്പര്യ പ്രസ്ഥാനങ്ങളുടെ അന്ധവിശ്വാസങ്ങളോടും അതില്‍ നിറഞ്ഞു നിന്നിരുന്ന കറാമത്തുകളോടുമുള്ള വിയോജിപ്പിന്റെ ഫലമായിട്ടാണ് ഇരുപതാം നൂറ്റാണ്ടിലെ എല്ലാ നവോത്ഥാനങ്ങളും ഉരുവം കൊണ്ടത്. ഈ പഴഞ്ചന്‍ പ്രസ്ഥാനങ്ങള്‍ വ്യക്തിയാരാധനകളിലും ശവകുടീരപൂജകളിലും ആബദ്ധമായിരുന്നു. നിരക്ഷരരായ ഭക്തര്‍ തങ്ങളുടെ നിത്യജീവിത ദുഃഖങ്ങളില്‍ നിന്നുള്ള നിവൃത്തി മാര്‍ഗമായും, പുരോഹിതര്‍ ചൂഷണത്തിനു വേണ്ടിയും ഇതിനെയൊക്കെ പരിപോഷിപ്പിച്ചു. സൂഫി ത്വരീഖത്തുകളിലൂടെയും അമാനുഷിക ഐതിഹ്യങ്ങളിലൂടെയും ഇന്ത്യയിലെ പേഗന്‍ സംസ്കാരവുമായി ഇടകലര്‍ന്ന് വികസിച്ച ഈ പാരമ്പര്യ-പൌരോഹിത്യ ധാരയെ വെട്ടിമുറിച്ചു കൊണ്ടുമാത്രമേ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ കാലികമായ ധര്‍മം നിര്‍വഹിക്കാനാവുമായിരുന്നുള്ളൂ. പക്ഷേ ഇതു മറ്റൊരു തരം ന്യൂനീകരണ പ്രവണതകളിലാണ് ചെന്ന് കലാശിച്ചത്.
മതശുദ്ധിയെ ചൊല്ലി നിര്‍ബന്ധിത ചിന്തയായ് (ഛയലൈശീിൈ) ആവര്‍ത്തിക്കുന്ന കാര്‍ക്കശ്യം, പ്രത്യക്ഷരവാദം, ഇസ്ലാമിന്റെ ആത്മീയ വശത്തേക്കാള്‍ ഭൌതിക തലത്തിലുള്ള ഊന്നല്‍, അനുഷ്ഠാന തീവ്രത, സൂഫിസം പോലുള്ള അദ്ധ്യാത്മിക പ്രസ്ഥാനങ്ങളോടുള്ള വെറുപ്പ് എന്നിവയൊക്കെ ഇത്തരം ന്യൂനീകരണ പ്രവണതകളില്‍ ചിലതായിരുന്നു.
സൂഫിസം ഇസ്ലാമില്‍ നിന്ന് പുറത്താണെന്ന് ഈ പ്രസ്ഥാനങ്ങള്‍ അനുയായികളെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ എതിര്‍ ദിശയില്‍ നിലകൊണ്ടിരുന്ന ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളോ സലഫീ മാതൃകയിലുള്ള പുത്തന്‍ പ്രസ്ഥാനങ്ങളോട് അകലവും പ്രഖ്യാപിച്ചു. ചരിത്രപരമായി വന്നുചേര്‍ന്ന ഈ ദുരവസ്ഥയെ പറ്റിയും താന്‍ ഈ പുസ്തകമെഴുതാന്‍ ഇടയായ കാരണത്തെക്കുറിച്ചും ഡോ: അന്‍സാരി ആമുഖത്തില്‍ വിശദമാക്കുന്നത് ശ്രദ്ധിക്കുക.
"വൈജ്ഞാനിക താല്‍പര്യത്തിന് പുറമേ പ്രായോഗിക പ്രസക്തിയും ഈ പുസ്തകത്തിനുണ്ട്. കഴിഞ്ഞ അമ്പതു വര്‍ഷത്തിനുള്ളില്‍ മുസ്ലിം ലോകം ഇസ്ലാമിക പുനരുജ്ജീവന സംരംഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പൊതുവില്‍ പുനരുജ്ജീവന പ്രവര്‍ത്തകര്‍ രണ്ടു തരക്കാരാണ്. സൂഫിസത്തെ ഇസ്ലാമിന്റെ കേന്ദ്രബിന്ദുവായ് കാണുന്നവരാണ് ഒരു വിഭാഗം......രണ്ടാമത്തെ വിഭാഗം സൂഫിസത്തെ പാടെ എതിര്‍ക്കുന്നവരാണ്. അത് ഇസ്ലാമിക വിരുദ്ധമോ, അനിസ്ലാമികമോ ആണെന്നാണ് അവരുടെ പക്ഷം......ഏറെ പ്രഗത്ഭനായ സൂഫിവര്യനും നവോത്ഥാന നായകനുമായ ഒരു പണ്ഡിതനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകം ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കിടയിലെ ഭിന്നിപ്പിന് കാരണമായി തീര്‍ന്ന മതില്‍ കെട്ടുകളെ തട്ടിമാറ്റുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' (പേജ്:13)
ആദ്യ കൂട്ടരുടെ വാദം തനി അബദ്ധമാണെന്ന് പറയുമ്പോള്‍ തന്നെ രണ്ടാമത്തെ വാദത്തോടും യോജിക്കാനാവില്ല. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തൊട്ട് നമ്മുടെ മലബാര്‍ കലാപം വരെയുള്ള സാമ്രാജ്യത്വവിരുദ്ധ മുന്നേറ്റങ്ങളില്‍ സൂഫി ത്വരീഖത്തുകളുടെ സ്വാധീനം ഒട്ടും കാണാതിരുന്നു കൂടാ. സ്വാതന്ത്യ്ര പൂര്‍വഘട്ടങ്ങളില്‍ ലോകത്ത് പലയിടത്തും ബ്രിട്ടീഷ് കൊളോണിയലിസത്തിനു നേരെ സൂഫി ത്വരീഖത്തുകള്‍ ഇസ്ലാമിന്റെ തനതായ സമത്വ സിദ്ധാന്തം ഉയര്‍ത്തി പിടിച്ചപ്പോള്‍ പിന്നീടുവന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ കമ്മ്യൂണിസം, ലിബറിസം മുതലായ ആധുനിക പ്രസ്ഥാനങ്ങളെ മിമിക്രി ചെയ്യുകയാണ് ഉണ്ടായതെന്ന് കാണാം. (വ്യക്തി പൂജ, കള്‍ട്ട് എന്നിങ്ങനെയുള്ള ഭ്രമങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ത്വരീഖത്തുകളല്ല ഇവിടെ വിവക്ഷ, യഥാര്‍ഥ ചൈതന്യം ഉള്‍ക്കൊണ്ട സൂഫിപ്രസ്ഥാനങ്ങളാണ്).
ഇത്തരത്തിലുള്ള സാമൂഹ്യതയെ പറ്റിയുള്ള തെറ്റായ ചില വിലയിരുത്തലുകള്‍ മാത്രമല്ല, ഇസ്ലാമിന്റെ വമ്പിച്ച സൌന്ദര്യശേഖരം കൂടിയും സൂഫിസത്തോടുള്ള അകല്‍ച്ചയോടുകൂടി നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ട്. മൌലാന റൂമിയും ഫരീദുദ്ദീന്‍ അത്താറും ഹാഫിസുമുള്‍പ്പെട്ട സൂഫി മഹാകവികളുടെ ലാവണ്യ പാരമ്പര്യം തീര്‍ച്ചയായും ഈ പ്രസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ പുസ്തകത്തിന്റെ രചനയിലൂടെ ഇസ്ലാമിക പ്രസ്ഥാനത്തിന് നഷ്ടമായ പല പാരമ്പര്യങ്ങളെയും ആദേശം ചെയ്യാനും അങ്ങിനെ അതിന്റെ സാംസ്കാരിക ചക്രവാളം വികസിപ്പിക്കാനുമാണ് ഡോ.അന്‍സാരി ശ്രമിക്കുന്നത്.
സര്‍ഹിന്ദി-ചിന്തകനും യുഗപരിഷ്കര്‍ത്താവും
പഞ്ചാബിലെ സര്‍ഹിന്ദില്‍ ജനിച്ച ശൈഖ് അഹ്മദ് (1564-1624) നഖ്ശബന്ദിയ്യ ത്വരീഖത്തിലെ ഒരു സൂഫിവര്യനായിരുന്നു. സൂഫിവര്യന്‍ എന്നതിനപ്പുറം സ്വന്തം ആത്മീയ സാധനകള്‍ കൊണ്ടും തത്ത്വാന്വേഷണം കൊണ്ടും ഹിജ്റ രണ്ടാം സഹസ്രാബ്ദത്തിലെ ഇന്ത്യയിലെ നവോത്ഥാന നായകനായി അദ്ദേഹം ഉയര്‍ന്നുവന്നു. പല തലങ്ങളിലാണ് അദ്ദേഹത്തിന്റെ നവോത്ഥാന പരിഷ്കരണ ശ്രമങ്ങള്‍ പ്രകടമായത്.
അക്ബറിന്റെ ദീനെ ഇലാഹി എന്ന കൊട്ടാര മതത്തോടും രാജാധികാരത്തോട് ബന്ധപ്പെട്ടു നിന്ന അധാര്‍മികതകളോടും അനീതികളോടും അദ്ദേഹം പോരാടുകയും അക്കാലത്തു നിലനിന്നിരുന്ന സൂഫിസത്തിലെ പലതരം വ്യതിയാനങ്ങളെയും ഇസ്ലാമേതര അംശങ്ങളെയും തുറന്നു കാണിക്കുകയും ചെയ്തു.
ഇഥ്ബാതുന്നുബുവ്വ, റദ്ദെ റവാഫിദ്, മക്ത്തൂബാത് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ധൈഷണിക സംഭാവന സൂഫിസവും ശരീഅത്തുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങളാണ്. സൂഫി ചരിത്രം മുഴുവന്‍ പരിശോധിച്ച് ശരീഅത്തുമായി പൊരുത്തപ്പെടുന്ന സൂഫി ആശയങ്ങളും ആചാരങ്ങളും ഏതൊക്കെയാണെന്ന് അദ്ദേഹം വേര്‍തിരിച്ചു.
ഇബ്നുഅറബിയുടെ പ്രഖ്യാതമായ വഹ്ദത്തുല്‍ വുജൂദ് (ഏകസത്താവാദം) ഇസ്ലാമിന്റെ മൌലികതക്ക് എതിരാണെന്ന് സമര്‍ഥിച്ച അദ്ദേഹം അതിനുപകരം വഹ്ദത്തു ശുഹൂദ് എന്നൊരു പുതിയ സിദ്ധാന്തം അവതരിപ്പിച്ചു. സൂഫിസത്തിന്റെ കാതലായ വശങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കകത്ത് അവയെ സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഇമാം ഗസ്സാലി സൂഫി മാര്‍ഗത്തിലൂടെ ഇസ്ലാമിക ശരീഅത്തിനെ വ്യാഖ്യാനിച്ചപ്പോള്‍ സര്‍ഹിന്ദി ശരീഅത്തിന്റെ മാര്‍ഗത്തിലൂടെ സൂഫിസത്തെ വ്യാഖ്യാനിക്കുകയായിരുന്നു എന്ന് പറയാം.
പ്രതിപാദ്യം
ഹിന്ദുമതത്തിലെ വേദാന്തം, ക്രിസ്തുമതത്തിലെ ഗൂഢവാദം, ബുദ്ധമതത്തിലെ സെന്‍ എന്നിവപോലെ തന്നെ ഇസ്ലാമിന്റെ ആത്മീയമായ ആന്തരിക മാര്‍ഗവും രഹസ്യ സിദ്ധാന്തവുമാണ് സൂഫിസം. വാസ്തവത്തില്‍ ഇസ്ലാമിന്റെ ആരംഭ ശതകങ്ങളില്‍ സൂഫിസം എന്നൊരു ജീവിതരീതി തന്നെ ഉണ്ടായിരുന്നില്ല ഹിജ്റ ആദ്യ ശതകത്തില്‍ ജീവിച്ചിരുന്ന ഹസ്സന്‍ ബസ്വരി (ഹിജ്റ 21-110) യുടെയും അദ്ദേഹത്തിന്റെ ശിഷ്യയായ റാബിയ ബസ്വരിയുടെയും ചിന്തകളില്‍ അതിന്റെ ആദ്യ സ്ഫുരണങ്ങള്‍ കാണാന്‍ കഴിയുമെങ്കിലും ഹിജ്റ രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന ശൈഖ് ജുനൈദ് (297/909) ആണ് അതിനെ സൈദ്ധാന്തിക രീതിയില്‍ ആദ്യമായി വേര്‍തിരിച്ചത്. അതോടുകൂടി ദീന്‍ എന്ന് നാം വിവക്ഷിക്കുന്ന ശരീഅത്തും, സൂഫിസം അഥവാ ത്വരീഖത്തും ഇസ്ലാമിക ലോകത്തിലെ രണ്ടു വൈവിധ്യങ്ങളായി.
തികച്ചും ആന്തരികവും നിഗൂഢവുമായ ത്വരീഖത്തിന്റെ ലോകത്തിലൂടെ വിസൃതമായ ഒരു യാത്രയാണ് ഈ പുസ്തകത്തില്‍ ഡോ.അന്‍സാരി നടത്തുന്നത്. അതിനാല്‍ തന്നെ ഈ പുസ്തകം പലയിടത്തും സങ്കീര്‍ണവും ഗഹനവുമാണ്. ആദ്യമധ്യായമായ സര്‍ഹിന്ദിയുടെ ഹ്രസ്വമായ ജീവചരിത്രക്കുറിപ്പിനു ശേഷം തുടര്‍ന്നുവരുന്ന അധ്യായത്തില്‍ സൂഫിസത്തെക്കുറിച്ചുള്ള വിവിധ ചിന്തകരുടെ നിര്‍വചനങ്ങളും അഭിപ്രായങ്ങളും വിശകലനവിധേയമാക്കുന്നു. ഫനാഅ് (നിര്‍വാണം) ബഖാഅ് (സ്ഥിതി), ജംഅ് (സംഗമം), വിയോഗം (ഫര്‍ഖ്) മുതലായ സൂഫി മാനസികനിലകളെക്കുറിച്ചും ഹഖീഖത്ത്, മഅ്രിഫത്ത് മുതലായ സൂഫി സംജ്ഞകളെക്കുറിച്ചും ഇബ്നു അറബി, ഇമാം ഗസ്സാലി, ശിഹാബുദ്ദീന്‍ സുഹ്റവര്‍ദി മുതലായ അനേകം സൂഫിവര്യന്മാരുടെ ചിന്തകളെക്കുറിച്ചും അസാധാരണ പാണ്ഡിത്യത്തോടെ ഈ ഇസ്ലാമിക നായകന്‍ പരാമര്‍ശിക്കുന്നു.
തുടര്‍ന്നുവരുന്ന ത്വരീഖത്തും ശരീഅത്തും എന്ന അധ്യായത്തിലാണ് പുസ്തകത്തിന്റെ കേന്ദ്രവിഷയം ചര്‍ച്ചാവിഷയമാകുന്നത്. ശരീഅത്ത് എന്ന് പറയുമ്പോള്‍ നാം ഉദ്ദേശിക്കുന്നത് പ്രവാചകന്‍ പഠിപ്പിച്ച ഇസ്ലാമിക പാഠങ്ങളെയാണ്. എന്നാല്‍ സൂഫിസം അഥവാ ത്വരീഖത്ത് സത്യാന്വേഷണവും തത്ത്വശാസ്ത്രവുമായിട്ടാണ് കൂടുതലും ബന്ധപ്പെട്ടു നില്‍ക്കുന്നത്. ഫനാഅ് (നിര്‍വ്വാണം) എന്ന അവസ്ഥയില്‍ എത്തിച്ചേരുമ്പോള്‍ ദൈവവുമായി സംഗമിക്കുന്നു എന്ന തോന്നല്‍ സൂഫിക്ക് ഉണ്ടാകുമെങ്കിലും അതിനുശേഷമുള്ള യോഗാനന്തര അവസ്ഥയിലാണ് ദീനിന്റെ ശരിയായ പാതയിലേക്ക് അയാള്‍ പ്രവേശിക്കുന്നത്. അതിനാല്‍ സൂഫികള്‍ക്ക് ഫനാഅ് എന്ന അവസ്ഥയിലുണ്ടാകുന്ന എല്ലാ തോന്നലുകളും ഉന്മാദത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ഇബ്നു അറബിയുടെ ഒട്ടേറെ വ്യതിചലനങ്ങള്‍ക്കു കാരണമായ ഇസ്ലാമിലെ വഹ്ദതുല്‍ വുജൂദ് ഇത്തരം അവസ്ഥയില്‍ നിന്ന് വരുന്നതാണ് എന്നാണ് സര്‍ഹിന്ദിയുടെ വാദം. ത്വരീഖത്ത് യഥാര്‍ഥത്തില്‍ നയിക്കേണ്ടത് ശരീഅത്തിലേക്കു തന്നെയായിരിക്കണം എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിന് ദൃഷ്ടാന്തമായി തനിക്കുണ്ടായ സൂഫി അനുഭൂതിയെ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു.
"ബാല്യകാലം തൊട്ടേ ഞാന്‍ വഹ്ദതുല്‍ വുജൂദില്‍ വിശ്വസിച്ചിരുന്നു. പരിശീലനം ആരംഭിച്ച് ഏതാനും നാളുകള്‍ പിന്നിട്ടപ്പോഴേക്കും ഏകസത്താ ദര്‍ശനം എനിക്ക് വെളിപ്പെട്ടു. വലായത്തിന്റെ പരമപദം പൂകിയ സിദ്ധന്മാര്‍ക്ക് മാത്രം ലഭ്യമാകുന്ന സവിശേഷമായ ഒരനുഗ്രഹമാണിത്. ഒരു കാലയളവിന് ശേഷം എനിക്ക് പുതിയൊരു ദര്‍ശനം ഉണ്ടാവുകയും അതെന്റെ ബോധമണ്ഡലത്തെ കീഴടക്കുകയും ചെയ്തു. പക്ഷേ അദ്വൈതത്തിന്റെ പിടിവിട്ടു പോകാന്‍ ഞാന്‍ സന്നദ്ധനായിരുന്നില്ല. എന്നാല്‍ അല്ലാഹു അവന്റെ ഔദാര്യവും ദാസസ്നേഹവും എന്നില്‍ കടാക്ഷിച്ചു. ളില്ലിയത്തിന്റെ പദവികള്‍ നിന്ന് മനുഷ്യന്‍ ദൈവത്തിന്റെ ദാസന്‍ മാത്രമാണെന്നും വസ്തുക്കള്‍ അവന്റെ സൃഷ്ടികളാണെന്നും അവ അവനില്‍ നിന്ന് ഭിന്നവും അന്യവുമാണെന്നുമുള്ള ദര്‍ശനത്തിലേക്ക് അവനെന്നെ എത്തിച്ചു.'' (പേജ്: 21)
ത്വരീഖത്തിന്റെ പാത യഥാര്‍ഥത്തില്‍ ശരീഅത്തിന്റെ പാത തന്നെയാണെന്നും ദൈവവും ലോകവും ഒന്നാണെന്ന സൂഫികളുടെ അദ്വൈത ചിന്ത തെറ്റാണെന്നുമാണ് അദ്ദേഹം സമര്‍ഥിക്കുന്നത്.
സൂഫിസത്തെ തത്ത്വചിന്തയും സത്യദര്‍ശനവുമായി ബന്ധപ്പെടുത്തി സമീപിച്ച ഇമാം ഗസ്സാലി, ഇബ്നു അറബി എന്നിവരുടെ ചിന്തകളേക്കാള്‍ മതപരമായ സമീപനത്തിന് പ്രാധാന്യം കൊടുത്ത ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി, ഖ്വാജ ശിഹാബുദ്ദീന്‍ നഖ്ശബന്ദി മുതലായവരുടെ ചിന്തകളോടാണ് സര്‍ഹിന്ദി അടുത്തു നില്‍ക്കുന്നത്.
ത്വരീഖത്തിനെ ശരീഅത്തിന്റെ പ്രമാണങ്ങള്‍ക്കകത്ത് നിബന്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സര്‍ഹിന്ദി തന്റെ സിദ്ധാന്തം രൂപീകരിച്ചിരിക്കുന്നത് തത്ത്വശാസ്ത്രത്തില്‍ നിന്നുതന്നെയാണ്. ലോകവും ദൈവവും ഭിന്നമാണെന്ന് പറയുമ്പോഴും ലോകത്തിന്റെ നിലനില്‍പ് മായയാണെന്നും അവ ദൈവാസ്തിത്വത്തിന്റെ പ്രതിബിംബമാണെന്നും അദ്ദേഹത്തിന്റെ ദര്‍ശനത്തില്‍ കാണാം. ഒട്ടേറെ ചിന്താ വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണിത്. വേറൊരിടത്ത് അദ്ദേഹം പറയുന്നത് നോക്കുക:
"ലോകത്തിന്റെ അസ്തിത്വം ഭാവനാത്മകവും (ഖയാലി) അയഥാര്‍ഥവും (മൌഹൂം) ആകുന്നു. അതിനാല്‍ യഥാര്‍ഥത്തില്‍ ഒറ്റ അസ്തിത്വം അഥവാ ദൈവം മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ലോകം നിലനില്‍ക്കുന്നില്ല. ഇവ്വിധം മനസിലാക്കുകയാണെങ്കില്‍ തന്റെ തത്ത്വചിന്തയെ വഹ്ദതുല്‍ വുജൂദ് എന്ന് വിളിക്കുന്നതിലും തെറ്റില്ല.'' (പേജ്: 165)
ത്വരീഖത്തിന്റെ അസാധാരണ മാര്‍ഗങ്ങളെ ശരീഅത്തിന്റെ ചട്ടക്കൂട്ടിലൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ഹിന്ദി ഇങ്ങനെ ഒട്ടേറെ വൈരുദ്ധ്യങ്ങളില്‍ ചെന്ന് പതിക്കുന്നുണ്ട്. ലോകം മായയാണെന്ന സര്‍ഹിന്ദിയുടെ വാദം ശരീഅത്തിന്റെ തുറന്ന ലംഘനം തന്നെ.
തത്ത്വാന്വേഷണങ്ങളുടെ തുറന്ന സ്വതന്ത്ര മനോഭാവവും ശരീഅത്തിന്റെ ദൈവദാസ്യവും (അബ്ദിയത്ത്) ഇസ്ലാമിക ലോകത്തുണ്ടാക്കുന്ന സംഘര്‍ഷം തന്നെയാണ് സര്‍ഹിന്ദിയുടെ സിദ്ധാന്തങ്ങളെയും ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നത്. സര്‍ഹിന്ദി മാത്രമല്ല ഗ്രന്ഥകാരനും തന്റെ വിശകലന ശ്രമങ്ങള്‍ക്കിടയില്‍ ഈ വൈഷമ്യത്തെ എടുത്തു പറയുന്നുണ്ട്.
'വിശ്വാസങ്ങള്‍ സല്‍കര്‍മങ്ങള്‍ അനുഷ്ഠാനങ്ങള്‍ എന്നിവക്കുപുറമേ നാലാമതൊരു വശം കൂടി ശരീഅത്തിനുണ്ട്. മാതൃകാ ജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പനം. എന്താണ് മനുഷ്യന്റെ അന്തിമമായ ലക്ഷ്യം? ദൈവജ്ഞാനമാണോ? ദൈവവുമായി ഐക്യപ്പെടലാണോ, അതല്ല അവന്റെ ആജ്ഞക്ക് വഴിപ്പെടലും (ഉബൂദിയ്യത്ത്) അവനെ അനുസരിക്കലുമാണോ?
"വിശ്വാസകാര്യങ്ങള്‍, സല്‍കര്‍മങ്ങള്‍, എന്നിവക്കൊപ്പം എന്താണ് മാതൃകാപരമായ ജീവിതമെന്നും എന്തൊക്കെയാണ് അതിന്റെ ഘടകങ്ങളെന്നും ഖുര്‍ആന്‍ വിവരിച്ചു തന്നിട്ടുണ്ട്. നബിചര്യ അത് കൂടുതല്‍ വിശദീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ഇസ്ലാമിക ചിന്തയില്‍ ഇവ്വിഷയകമായി കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായില്ല.
കര്‍മശാസ്ത്രത്തില്‍ ഒട്ടേറെ സരണികളും നൂറുകണക്കിന് ഗ്രന്ഥങ്ങളുമുണ്ട്. എന്നാല്‍ മുകളില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ഗ്രന്ഥങ്ങള്‍ അക്കൂട്ടത്തില്‍ അരഡസന്‍ പോലും ഇല്ലെന്ന് പറയാം.
തത്ത്വചിന്തയെ അടിസ്ഥാനമാക്കി ധര്‍മശാസ്ത്രം ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥങ്ങളിലും ഖുര്‍ആനും സുന്നത്തും ശരീഅത്തും അടിസ്ഥാനപ്പെടുത്തി ധര്‍മശാസ്ത്രത്തിലെ മൌലിക ഗ്രന്ഥങ്ങള്‍ക്ക് മറുപടി കണ്ടെത്തുന്നില്ല. ഗ്രീക്ക് തത്ത്വങ്ങളുടെ വിശദീകരണം മാത്രമാണവ. (പേജ്: 120)
സര്‍ഹിന്ദി ചിന്തകളെ അപഗ്രഥിച്ചുകൊണ്ട് സൂഫിസവും ശരീഅത്തും തമ്മില്‍ അനുരജ്ഞനപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ കൃതി ഒട്ടേറെ ആശയ സംഘര്‍ഷങ്ങളിലൂടെയും ചിന്താവൈഷമ്യങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത്. എങ്കിലും ഇത് ധൈഷണികതയുടെ ഒട്ടേറെ മേഖലകളിലേക്ക് മുന്നേറുന്നുണ്ട്. തീര്‍ച്ചയായും ഭാവിചിന്തകളിലേക്ക് വാതില്‍ തുറന്നിടുന്നുണ്ട്. അന്വേഷണരാഹിത്യത്തിന്റെ ആലസ്യത്തേക്കാള്‍ അന്വേഷണത്തിന്റെ വേദനയും സംഘര്‍ഷവും തന്നെയാണല്ലോ കൂടുതല്‍ അഭികാമ്യം.
Comments