പ്രവാസികളുടെ 'സ്വപ്നസാഫല്യം'
അങ്ങനെ കല്ലാച്ചേരി മാത്യു നാട്ടിലെത്തി! അഥവാ, ഗള്‍ഫ് മലയാളികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ 'സ്വപ്ന സാഫല്യം' പദ്ധതിയെ പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്. പേര് കേട്ടിട്ട്, ഗള്‍ഫ് പ്രവാസികള്‍ പതിറ്റാണ്ടുകളായി താലോലിച്ചുകൊണ്ടിരിക്കുന്ന അനേകായിരം മധുരസ്വപ്നങ്ങളില്‍ ഏതെങ്കിലുമൊന്ന് പൂവണിഞ്ഞതാണെന്ന് ധരിച്ചവര്‍ക്ക് തെറ്റി. സംസ്ഥാന സര്‍ക്കാറിന്റെ 'നോര്‍ക്ക'യും സുഊദി വ്യവസായ സ്ഥാപനമായ ഇറം ഗ്രൂപ്പും ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന 'സ്വപ്ന സാഫല്യം' പദ്ധതി, വിവാഹ മോചന പരസ്യങ്ങളില്‍ പറയുന്നത് പോലെ 'തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍' സുഊദി ജയിലുകളില്‍ കുടുങ്ങുന്ന ഇന്ത്യക്കാരെ ശിക്ഷാകാലാവധിക്ക് ശേഷം നാട്ടിലെത്തിക്കുന്നതിന് (ജയിലില്‍ നിന്ന് മോചിപ്പിക്കാനല്ല!) വേണ്ടിയാണ് ആരംഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സുഊദി ജയിലില്‍ നിന്ന് മോചിതനായ കല്ലാച്ചേരി മാത്യുവിനു സുഊദിയിലെ മലയാളി വ്യവസായി സിദ്ദീഖ് അഹമ്മദ് നല്‍കിയ ടിക്കറ്റ് 'കൈമാറി' സാഫല്യം ഉദ്ഘാടിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മേല്‍ പറഞ്ഞതാണ് പദ്ധതിയുടെ മഹത്തായ 'ഉദ്ദേശ്യ ലക്ഷ്യം' എന്ന് പ്രഖ്യാപിച്ചപ്പോഴാണ്, മല പ്രസവിച്ചത് എലിയെ പോലുമല്ല എന്ന് മനസ്സിലായത്. പദ്ധതിയുടെ കിടിലന്‍ പേര് കേട്ടാല്‍ തോന്നുക ഗള്‍ഫില്‍ ജയില്‍വാസമനുഷ്ടിക്കലും മോചിതരായാല്‍ അന്യരുടെ ചെലവില്‍ നാട്ടിലെത്തലുമാണ് പ്രവാസികളുടെ ഏറ്റവും വലിയ സ്വപ്നം എന്നാണ്.
ഒരു പ്രവാസി വ്യവസായിയുടെ ഉദാരമനസ്‌കതയേയും 'നോര്‍ക്ക' അതിനു വേദി ഒരുക്കിയതിനേയും നിസാരവല്‍ക്കരിക്കുകയല്ല. ഔദ്യോഗിക രേഖകള്‍ അനുസരിച്ച് ശരാശരി 1400 ഇന്ത്യക്കാര്‍, അധികവും മലയാളികള്‍, ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സുഊദി ജയിലുകളില്‍ കഴിയുന്നുണ്ട് എന്നത് ശരി. ഏറിയും കുറഞ്ഞും മറ്റു ഗള്‍ഫ് നാടുകളിലും ഇത് തന്നെ അവസ്ഥ. എന്നാല്‍ ഇത്തരക്കാരുടെ മോചനം വിമാന ടിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ മാത്രം അനന്തമായി നീളുന്ന പ്രതിഭാസം പല ഗള്‍ഫ് നാടുകളിലും ഇല്ല എന്നത് അതിലേറെ ശരിയാണ്. യു.എ.ഇ പോലുള്ള നാടുകള്‍ മനുഷ്യത്വപരമായ നയമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചു വരുന്നത്. ഇവിടെ നിന്ന് ആഴ്ചതോറും ജയിലിലടക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് വിമാന ടിക്കറ്റ് നല്‍കി നാട്ടിലേക്ക് കയറ്റി അയക്കുന്നത് ഇന്ത്യന്‍ നയതന്ത്ര കാര്യാലയമാണ് എന്ന പൊതുജന ധാരണയും തെറ്റാണ്. ഗള്‍ഫ് ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തുന്ന ചാരിറ്റി ഫണ്ടും നന്മ നിറഞ്ഞ അറബ് മനസ്സിന്റെ ഔദാര്യവുമാണ് ഇവിടെ തടവുകാര്‍ക്ക് തുണയായി എത്തുന്നത്. എന്നിട്ടും അത്തരക്കാരുടെ ജയില്‍വാസം നീളുന്നുവെങ്കില്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ഔട്ട് പാസ് നല്‍കാന്‍ കാലവിളംബം വരുത്തുന്നത് കൊണ്ട് മാത്രമാണ് താനും.
ഇനി സുഊദി പോലുള്ള രാജ്യങ്ങളില്‍ ഇത്തരം സന്ദിഗ്ധാവസ്ഥകള്‍ നിലവില്‍ ഉണ്ടെങ്കില്‍ തന്നെ അത് ഇമ്മട്ടിലാണോ 'സാഫല്യ'മാക്കേണ്ടത് എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിദേശ നാണയ ശേഖരം ബലപ്പെടുത്തുന്ന ഒരു വിഭാഗത്തിന്റെ ചുമലില്‍ തന്നെ സ്വപ്ന സാഫല്യത്തിന്റെ ഭാണ്ഡവും കൂടി കെട്ടി വെച്ച് 'സങ്കതി അറിഞ്ഞോ അത് ഞമ്മന്റതാ' എന്ന് സ്വന്തം നേട്ടങ്ങളില്‍ വരവ് വെക്കുന്നത് കാണുമ്പോഴാണ് ചില രാഷ്ട്രീയ കബള നാടകങ്ങളുടെ അണിയറക്കളികള്‍ അരങ്ങിലെത്തിക്കേണ്ടിവരുന്നത്. മറുനാടന്‍ മലയാളികളുടെ പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവരുടെ 'നീറുന്ന' പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടിയാണല്ലോ 1996 ല്‍ 'നോര്‍ക്ക' എന്ന മഹത്തായ പ്രസ്ഥാനം സംസ്ഥാന സര്‍ക്കാര്‍ സമാരംഭിച്ചത്. പുതിയ 'സ്വപ്ന സാഫല്യം' പോലെ വിദേശങ്ങളില്‍ നിന്ന് അനാഥ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 'കാരുണ്യം', ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരും നാട്ടില്‍ തിരികെയെത്തുന്നവരുമായ പ്രവാസികള്‍ക്ക് വേണ്ടി 'സാന്ത്വനം' തുടങ്ങി മധുര മനോജ്ഞമായ ഒട്ടനവധി പദ്ധതികള്‍ നോര്‍ക്ക നേരത്തെ ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് തമിഴ്‌നാടും ആന്ധ്രയുമെല്ലാം തത്തുല്യമായ സംവിധാനങ്ങള്‍ ഒരുക്കി. നല്ല കാര്യം. അവയുടെ ഗതിവിഗതികളെ പറ്റിയുള്ള ചര്‍ച്ച മറ്റൊരിക്കലാകാം. എന്നാല്‍ പ്രവാസികളുടെ കാര്യം നോക്കേണ്ടത് സംസ്ഥാനങ്ങളാണോ എന്ന മൗലികമായ ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. ഫോറിന്‍ കറന്‍സി ശേഖരം ഇങ്ങോട്ട് പോരട്ടെ; വിദേശ ഭാരതീയരുടെ പ്രശ്‌നങ്ങള്‍ സംസ്ഥാനങ്ങള്‍ പരിഹരിക്കട്ടെ എന്ന മട്ടില്‍ ഒരു മാതിരി വെടക്കാക്കി തനിക്കാക്കുന്ന നിലപാടാണ് ഇന്ദ്രപ്രസ്ഥത്തിലെ തമ്പുരാക്കന്മാര്‍ സ്വീകരിച്ചു വന്നത്. വൈകിയാണെങ്കിലും ഈയവസ്ഥക്ക് മാറ്റം വന്നത് 2004 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രവാസികാര്യ വകുപ്പ് രൂപീകരിച്ചപ്പോഴാണ് (ഈ തിരിച്ചറിവിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഗള്‍ഫ് കുടിയേറ്റ ത്വര കേരളത്തില്‍ നിന്ന് വടക്കോട്ട് നാട് നീങ്ങിയതാണെന്ന് ദോഷൈക ദൃക്കുകള്‍ ചുമ്മാ പറയട്ടെ).
ഏതായാലും പുതിയ വകുപ്പ് കേരളത്തിന്റെ സ്വന്തം വയലാര്‍ രവിയെ തന്നെ ഏല്‍പ്പിച്ചു. വകുപ്പിന്റെ ആദ്യ പരിപാടി ഒരു പ്രവാസി ക്ഷേമനിധി രൂപീകരിക്കുകയായിരുന്നു. ഓരോ ഗള്‍ഫ് രാജ്യത്തിനും വേണ്ടി വര്‍ഷത്തില്‍ 15 ലക്ഷം രൂപ ഈ ഫണ്ടിലേക്ക് നീക്കി വെക്കുകയും ചെയ്തു. പരിഷ്‌കരണങ്ങള്‍ക്കും നൂതന പരീക്ഷണങ്ങള്‍ക്കും മിടുക്കനായ വയലാര്‍ രവി പ്രവാസി കാര്യത്തെ ആളും അര്‍ഥവും കൊണ്ട് സമ്പുഷ്ടമാക്കാന്‍ തുടങ്ങിയപ്പോള്‍ മൂന്ന് വര്‍ഷം കൊണ്ട് വാണം വിട്ടത് പോലെയായിരുന്നു വകുപ്പിന്റെ കുതിപ്പ്. എന്നാല്‍, പ്രവാസ ലോകത്തിലെ യഥാര്‍ഥ പ്രശ്‌നങ്ങളുടെ ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ഇറങ്ങിയപ്പോഴാണ് പ്രവാസികളുടെ കണ്ണീരും വിയര്‍പ്പും ഒപ്പാനുള്ള ടിഷ്യൂ പേപ്പര്‍ വാങ്ങാന്‍ പോലും ഈ 15 ലക്ഷം തികയില്ല എന്ന് മനസ്സിലായത്. ഒടുവില്‍ പ്രശ്‌നപരിഹാരത്തിനായി ഗള്‍ഫുകാരന്റെ പോക്കറ്റില്‍ കൈയിട്ട് വാരുക എന്ന നടപ്പുശീലത്തിലേക്ക് കാലെടുത്തുവെച്ചു. നോര്‍ക്കയെ പോലെ ഇറച്ചിക്കാളകളെ മാത്രം തെരഞ്ഞുപിടിക്കുകയല്ല കേന്ദ്രം ചെയ്തത്. ഒരു കൂട്ടക്കശാപ്പ് തന്നെയായിരുന്നു പ്രവാസി കാര്യ വകുപ്പ് തുടങ്ങിവെച്ചത്. അങ്ങനെയാണ് 2009 മുതല്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐ.സി.ഡബ്ല്യു.എഫ്) നിലവില്‍ വന്നത്. ഗള്‍ഫ് നാടുകളിലേതടക്കം ലോകത്തിലെ 43 രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, വിസ എന്നിവക്കായി സമീപിക്കുന്നവരില്‍ നിന്ന് 10 രിയാല്‍/ദിര്‍ഹം ഈടാക്കി പ്രോജ്ജ്വലമായ ഈ പാട്ടപ്പിരിവിനു തുടക്കം കുറിച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് പ്രവാസികളില്‍ നിന്ന് ഐ.സി.ഡബ്ല്യു.എഫിലേക്ക് പിരിച്ചെടുത്തത് ഒരു കോടി 23 ലക്ഷം ദിര്‍ഹം (17 കോടിയലിധികം രൂപ!). ഇതില്‍ നിന്ന് 2009 ഫെബ്രുവരി മുതല്‍ 2012 മാര്‍ച്ച് 31 വരെ 5.3 കോടി രൂപ (കൃത്യം 5,33,65,548 രൂപ) കൊണ്ട് പാവപ്പെട്ട പ്രവാസികളെ സേവിച്ചുവത്രെ. വിവരാവകാശ നിയമപ്രകാരമുള്ള ഒരു ചോദ്യത്തിനു ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം ഉള്ളത്. ബാക്കി 12 കോടി കൈയിലിരിപ്പുണ്ട്. അനുദിനം അഭംഗുരം പിരിവ് തുടരുകയും ചെയ്യുന്നു. യു.എ.ഇയിലെ മാത്രം കണക്കാണ് മുകളില്‍ ഉദ്ധരിച്ചത്. പ്രവാസികള്‍ അധികമുള്ള സുഊദിയില്‍ ഇത് ഇരട്ടിയിലധികമാവും. മറ്റു ഗള്‍ഫ് രാജ്യങ്ങളും ഒപ്പത്തിനൊപ്പം ഉണ്ടാകുമെന്നുറപ്പ്. നാട്ടിലെ ടോള്‍ പിരിവ് പോലെ ഐ.സി.ഡബ്ല്യു.എഫ് പിരിവിനു ഒരു ഫൈനല്‍ ടാര്‍ഗറ്റ് ഇല്ലാത്തതിനാല്‍ ഫിനിഷിംഗ് പോയിന്റുമില്ല. ഗള്‍ഫിലെ പ്രത്യേക സാമൂഹിക സാഹചര്യത്തില്‍ ഇത്തരം ഫണ്ടുകളുടെ ഡിങ്കോള്‍ഫികള്‍ ഒരിക്കലും പുറത്ത് വരികയില്ല എന്ന ധൈര്യം അധികൃതകര്‍ക്കുണ്ട്. അകാല വാര്‍ധക്യം ബാധിച്ച 'ലിതാര്‍ജിക്' യുവത്വമല്ലാതെ കണക്ക് ചോദിക്കാന്‍ കേരളീയ ക്ഷുഭിത യൗവനത്തിന്റെ നടുമുറിക്കഷ്ണമോ ഒരു നവാബ് രാജേന്ദ്രന്റെ നിഴല്‍ പോലുമോ പ്രവാസ ലോകത്ത് ഇല്ല. കോടികള്‍ കുമിഞ്ഞു കൂടുമ്പോഴും പ്രവാസികളുടെ പ്രയാസങ്ങള്‍ അതിന്റെ ഉച്ചകോടിയിലാണെന്നത് ഈ തിരക്കഥയുടെ ക്ലൈമാക്‌സ്.
വിദേശ രാജ്യങ്ങളില്‍ മരണപ്പെടുന്ന ഇന്ത്യന്‍ പൗരന്മാരുടെ അനാഥ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍, നിര്‍ധനരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, വിമാന ടിക്കറ്റിനു വഴിയില്ലാതെ ജയിലില്‍ കഴിയുന്നവര്‍ക്ക് യാത്രാസൗകര്യം, വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ എന്നിവക്കാണ് വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിക്കുക എന്നാണ് ഔദ്യോഗിക വിജ്ഞാപനം. ഇതില്‍ 'വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍'ക്ക് എന്നതിനു ഒരു ഖണ്ഡിത നിര്‍വചനമില്ല. എങ്ങനെയും വലിച്ചു നീട്ടാം. നേരത്തെ പ്രസ്താവിച്ച ദുബൈയിലെ 5 കോടിയുടെ ഗുണഭോക്താക്കള്‍ 466 സ്ത്രീകള്‍ (134 സെക്‌സ് റാക്കറ്റില്‍ പെട്ടവരും 332 ഒളിച്ചോടിയ വീട്ടുവേലക്കാരികളും) ആയിരുന്നു. എന്നാല്‍, നിസ്സാര സാമ്പത്തിക കുറ്റങ്ങളുടെ പേരില്‍ ദീര്‍ഘകാലം ജയില്‍വാസം അനുഷ്ഠിക്കുകയും ജയില്‍ മോചിതരായാല്‍ തന്നെ കടം വീടാത്തതിനാല്‍ നാടുവിടാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവരായി അനേകം പേര്‍ ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. അത്തരക്കാരുടെ കണക്ക് തീര്‍ക്കാനോ കണ്ണീരൊപ്പാനോ ഫണ്ടില്‍ വകുപ്പില്ല പോലും! അതുപോലെ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ തകര്‍ന്നുപോയ ചെറുകിട കച്ചവടക്കാര്‍, അവിചാരിതമായി ജോലി നഷ്ടപ്പെട്ടതിന്റെ ഫലമായി ക്രെഡിറ്റ് കാര്‍ഡ് കടങ്ങളും ബാങ്ക് വായ്പകളും തിരിച്ചടക്കാന്‍ കഴിയാത്തതിന്റെ പേരില്‍ യാത്ര തടഞ്ഞുവെക്കപ്പെട്ടവര്‍ എന്നിവരും ഫണ്ട് വിലക്കപ്പെട്ട വിഭാഗമാകുന്നു. ഈ വക കാരണങ്ങള്‍ കൊണ്ട് ജീവിതം 'ഉത്തര'ത്തില്‍ കെട്ടിത്തൂക്കിയ നിരവധി കേസുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അഥവാ, പ്രവാസ ലോകത്ത് ആത്മഹത്യകള്‍ വര്‍ധിച്ചത് വെല്‍ഫെയര്‍ ഫണ്ടിന്റെ വരവോടു കൂടിയാണ് എന്നത് ഈ ഡ്രാമയിലെ ഒരു ഐറണി ആയി അവശേഷിക്കുന്നു.
ഈ വിഷമ സന്ധികളില്‍ മനസ്സും മടിശ്ശീലയും തുറക്കുന്നത് സിദ്ദീഖ് അഹ്മദിനെ പോലുള്ള പ്രവാസികള്‍ തന്നെ. അല്ലെങ്കില്‍ പ്രവാസി സംഘടനകള്‍ 'പദ്ധതി നടത്തിപ്പു'കാരായി സംസ്ഥാന സര്‍ക്കാറും ഉണ്ടാകും. മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വേണ്ടി വെല്‍ഫെയര്‍ ഫണ്ട് വിനിയോഗിക്കാത്തത് കള്ള നാണയങ്ങള്‍ കടന്നുകൂടുന്നത് കൊണ്ടാണെന്നാണ് നയതന്ത്ര ഭാഷ്യം. എന്നാല്‍, തൊഴിലാളികളുടെ താമസ സൗകര്യങ്ങള്‍, ചികിത്സ, മരണപ്പെട്ടാല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ എന്നിങ്ങനെ സ്‌പോണ്‍സര്‍മാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ഫണ്ടില്‍ വകുപ്പുണ്ട് താനും. അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങളില്‍ കര്‍ശനമായി നിര്‍ദേശിക്കപ്പെട്ട ഇക്കാര്യങ്ങള്‍ ഉന്നതതല ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനു പകരം 'ലൈവ്' ആയി നിലനിര്‍ത്തുന്നതിലെ 'ഗിമ്മിക്കു'കളാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ ജീവിതായോധനത്തിനു വേണ്ടി കടലും ആകാശവും താണ്ടി മരുക്കാട്ടിലെത്തുന്നവര്‍ ഇരുമ്പഴിക്കുള്ളില്‍ അകപ്പെടുന്നത് തടയാനുള്ള രാഷ്ട്രീയ ഇഛാശക്തിയാണ് ജനകീയ ഭരണകൂടങ്ങള്‍ കാണിക്കേണ്ടത്. അല്ലാതെ ശിക്ഷാകാലാവധി കഴിഞ്ഞവരെ കയറ്റി അയക്കാന്‍ ടിക്കറ്റ് തേടി തെണ്ടുകയല്ല. ഒരു ടെലിവിഷന്‍ പരിപാടിയില്‍ 'സെലിബ്രിറ്റി' പറയുന്നത് പോലെ ഈ സര്‍ക്കാര്‍ വിലാസം റിയാലിറ്റി ഷോയിലും 'ദേ പോയി, ദാ വന്നു' എന്ന മട്ടില്‍ പണം വന്നും പോയും കൊണ്ടിരിക്കുന്നു. നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടവരാകട്ടെ പ്രാരാബ്ധങ്ങളുടെ ചാക്കു കെട്ടുകളും ചുമലിലേറ്റി പ്രവാസി ലോകത്തിന്റെ മരുപ്പറമ്പില്‍ മരീചികകള്‍ക്ക് പിന്നാലെ പരക്കം പാഞ്ഞുകൊണ്ടേയിരിക്കുന്നു. തളര്‍ന്നുറങ്ങാന്‍ അകലെ എവിടെയെങ്കിലും ഒരു മരുപ്പച്ച കാണുമെന്ന ശുഭ പ്രതീക്ഷയോടെ....
സൂത്രവാക്യം: പ്രവാസികളുടെ ആത്മഹത്യാ നിരക്ക്-സാമൂഹിക ക്ഷേമ ഫണ്ടിനു മുമ്പും പിമ്പും എന്ന വിഷയത്തില്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കാന്‍ പ്രവാസി സംഘടനകള്‍ക്ക് നല്ല സ്‌കോപ്പുണ്ട്.
[email protected]
Comments