Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 1

മുര്‍സിയുടെ നിശ്ചയദാര്‍ഢ്യവും 'അസ്‌കര്‍താറിയ'യുടെ പതനവും

അലി ബദ്‌യാന്‍

തഹ്‌രീര്‍ സ്‌ക്വയറില്‍ തീപൊരി ചിതറിയതിന് ശേഷമുള്ള ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ പ്രയാണത്തില്‍ വളരെ നിര്‍ണായകവും എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതവുമായിരുന്നു കഴിഞ്ഞ ആഗസ്റ്റ് 12 - ന് പ്രസിഡന്റ് മുഹമ്മദ് മുര്‍സി നടത്തിയ പ്രഖ്യാപനം - സൈനിക മേധാവിയും 20 വര്‍ഷമായി പ്രതിരോധമന്ത്രിയുമായ മാര്‍ഷല്‍ മുഹമ്മദ് ഹുസൈന്‍ ത്വന്‍താവിയോടും സൈന്യത്തിലെ രണ്ടാമനായ ചീഫ് ഓഫ് സ്റ്റാഫ് സാമി അനാനോടും പദവിയില്‍ നിന്ന് വിരമിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അവരെ പുറത്താക്കിയതോടൊപ്പം അവര്‍ കൊണ്ടുവന്ന താല്‍ക്കാലിക ഭരണഘടനാ വകുപ്പുകളും പുതിയ പ്രസിഡന്റ് റദ്ദാക്കി. നിയമ വിദഗ്ധന്‍ മഹ്മൂദ് മക്കിയെ വൈസ്പ്രസിഡന്റായി നിയമിച്ചു. ലഫ്റ്റനന്റ് ജനറല്‍മാരായ മുഹാബ് മമീശ്, അബ്ദുല്‍ അസീസ് സൈഫുദ്ദീന്‍, റിളാ ഹാഫിസ് എന്നിവരെയും പറഞ്ഞുവിട്ടു. അബ്ദുല്‍ ഫത്താഹ് സീസിക്ക് സ്ഥാനക്കയറ്റം നല്‍കി അദ്ദേഹത്തെ സൈനികമേധാവിയായും പ്രതിരോധമന്ത്രിയായും നിയമിച്ചു. സിദ്ഖി സ്വുബ്ഹിയെ ലഫ്റ്റനന്റ് ജനറലായി ഉയര്‍ത്തിയ ശേഷം ചീഫ് ഓഫ് സ്റ്റാഫ് ആക്കി. മുഹമ്മദുല്‍ ഇസ്വാര്‍ ആണ് പുതിയ പ്രതിരോധ സഹമന്ത്രി. മിലിറ്ററി പ്രൊഡക്ഷന്റെ ചുമതലയുള്ള മന്ത്രിയായിരിക്കും ഇനി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ഹാഫിസ്. മുഹാബ് മമീശിന് സൂയസ് കനാലിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.
പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ തീരുമാനങ്ങളെ പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വായിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. ഇങ്ങനെയൊരു മാറ്റം ഈജിപ്തില്‍ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. പക്ഷേ അത് കണക്കുകൂട്ടിയതിലും വേഗത്തില്‍ സംഭവിച്ചു എന്നു മാത്രം. രണ്ട് സമാന്തര അധികാര ശക്തികള്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഒന്നു മിലിട്ടറി കൗണ്‍സിലിന്റേത്. മറ്റേത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റേതും. ഈ നിലയില്‍ ഒരു രാഷ്ട്രത്തെ നയിച്ചുകൊണ്ടു പോവുക അസാധ്യമായിരുന്നു. മിലിട്ടറിയാകട്ടെ തരം കിട്ടുമ്പോഴൊക്കെ സിവില്‍ ഭരണകൂടത്തിന്റെ അധികാരങ്ങളെയും സ്ഥാപനങ്ങളെയും തട്ടിയെടുത്തുകൊണ്ടുമിരുന്നു. സിവില്‍ ഭരണകൂടത്തില്‍ നിന്ന് ഇതിനെതിരെ ഒരു തിരിച്ചടി പ്രതീക്ഷിച്ചത് തന്നെയാണ്.
ഗസ്സയോട് ചേര്‍ന്നുള്ള ഈജിപ്തിന്റെ റഫാ അതിര്‍ത്തിയിലും സീനാ മരുഭൂമിയിലും ഉണ്ടായ അക്രമപ്രവര്‍ത്തനങ്ങളാണ് പ്രസിഡന്റിന്റെ സത്വര നടപടിക്ക് നിമിത്തമായത്. പതിനാറ് ഈജിപ്ഷ്യന്‍ പട്ടാളക്കാര്‍ ഇതില്‍ വധിക്കപ്പെട്ടിരുന്നു. ഈജിപ്തിന്റെ അഭിമാനബോധത്തെ ഇത് വല്ലാതെ മുറിപ്പെടുത്തി. ഇതുപോലുള്ള അതിക്രമങ്ങള്‍ അമര്‍ച്ച ചെയ്യാനും ആവര്‍ത്തിക്കപ്പെടാതിരിക്കാനും മുര്‍സി പെട്ടെന്ന് നടപടികളെടുത്തു. റഫാ അതിര്‍ത്തിയിലും സീനായിലും നേരിട്ടെത്തി പ്രസിഡന്റ് തന്നെ എല്ലാറ്റിനും നേതൃത്വം നല്‍കി. ഇതുപോലുള്ള സംഭവങ്ങള്‍ മുമ്പും ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ പരാജയപ്പെടുകയാണുണ്ടായത്. ഇതിന്റെ പിന്നിലെ ശക്തികളെ കണ്ടെത്താനോ സംഭവങ്ങളെക്കുറിച്ച് വിശദമായ ഒരന്വേഷണം നടത്താന്‍ പോലുമോ അവര്‍ക്ക് കഴിഞ്ഞില്ല. അത് ഒരുപാട് ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെയുള്ള പൊതുവികാരമാണ് ഇത്ര കടുത്ത തീരുമാനങ്ങളെടുക്കാന്‍ മുര്‍സിക്ക് ധൈര്യം പകര്‍ന്നത്. സൈന്യത്തിന്റെ ഉന്നതതലങ്ങളെ സമൂലം അഴിച്ചു പണിയുകയായിരുന്നു അദ്ദേഹം. റഫാ അതിക്രമങ്ങള്‍ നിര്‍ണായക തീരുമാനങ്ങളെടുക്കാനുള്ള ഒരു നിമിത്തമായെന്ന് മാത്രം. യഥാര്‍ഥത്തില്‍ ആഭ്യന്തര രാഷ്ട്രീയ സ്ഥിതിഗതികള്‍ തന്നെയാണ് ഈ തീരുമാനങ്ങളിലേക്ക് പ്രസിഡന്റിനെ എത്തിച്ചത്.
ഇതൊക്കെ പ്രത്യക്ഷ കാരണങ്ങള്‍. ഒളിഞ്ഞ് കിടക്കുന്ന നിരവധി അടിസ്ഥാന കാരണങ്ങള്‍ വേറെയുമുണ്ട്. സിവിലിയന്‍ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ടിട്ടും 'ഇടക്കാല ഭരണം' തുടരുക തന്നെയായിരുന്നല്ലോ. 'അസ്‌കര്‍താറിയ' എന്ന് വിളിക്കപ്പെടുന്ന ഉന്നത മിലിട്ടറി കൗണ്‍സില്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ കൈവിട്ടിരുന്നില്ല. പ്രസിഡന്റിനും മീതെയാണ് മിലിട്ടറി കൗണ്‍സില്‍ എന്നും, ഇഖ്‌വാനും മിലിട്ടറി കൗണ്‍സിലും അമേരിക്കന്‍ ഭരണകൂടവും തമ്മിലുണ്ടാക്കിയ ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് വെറുതെ നിലനിന്നു പോവുക മാത്രമാണെന്നുമുള്ള സംശയങ്ങള്‍ ബലപ്പെടാന്‍ ഇത് വഴിയൊരുക്കി. ഇത്തരം തെറ്റിദ്ധാരണകളെയെല്ലാം കടപുഴക്കി എറിഞ്ഞിരിക്കുകയാണ് മുര്‍സി ഈ നീക്കത്തിലൂടെ.
സൈന്യത്തെ അഴിച്ച് പണിയുന്നതടക്കം സര്‍വ അധികാരങ്ങളും തന്നില്‍ നിക്ഷിപ്തമാണെന്ന് സ്ഥാപിക്കുകയാണ് പ്രസിഡന്റ് ചെയ്തിരിക്കുന്നത്. സിവില്‍ ഭരണത്തില്‍ ഇടപെടുന്നതില്‍ നിന്ന് സൈന്യത്തെ മാറ്റിനിര്‍ത്തുകയും ചെയ്തിരിക്കുന്നു. സിവില്‍ സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും കാര്യങ്ങളില്‍ സൈന്യം തലയിടാതിരിക്കുക എന്നത് വിപ്ലവത്തിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യമാണ്. അതിനാല്‍ സൈന്യത്തെ അതിന്റെ യഥാര്‍ഥ സ്ഥാനത്തേക്ക്, ബാരക്കുകളിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍, ആരെയും പ്രകോപിപ്പിക്കാതെയും എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടും വളരെ തന്ത്രപരമായാണ് മുര്‍സി ഈ നീക്കം നടത്തിയത്. മാര്‍ഷല്‍ ഹുസൈന്‍ ത്വന്‍താവിയെയും ലഫ്റ്റനന്റ് ജനറല്‍ സാമി അനാനെയും നടപടിക്ക് വിധേയരായ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും മറ്റു പദവികളില്‍ അവരോധിക്കുകയും അവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുകയും ചെയ്തു എന്നതാണ് ശ്രദ്ധേയമായ കാര്യം. സൈനിക കൗണ്‍സിലിന്റെ തന്നെ അംഗീകാരത്തോടെയാണ് അഴിച്ച് പണി നടന്നതെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇപ്പോഴല്ലെങ്കില്‍, പുതിയ ഭരണഘടന നിലവില്‍ വരുന്നതോടെ ഉറപ്പായും തങ്ങള്‍ നിഷ്‌കാസിതരാവുമെന്ന് ത്വന്‍താവിയും അനാനും ഉറപ്പിച്ചിരുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ഈജിപ്ഷ്യന്‍ തെരുവുകളില്‍ രണ്ട് കൂട്ടരുമുണ്ട്. പ്രസിഡന്റിന്റെ തീരുമാനങ്ങളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും. അത് സ്വാഭാവികമാണല്ലോ. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഒരു 'ധവള അട്ടിമറി' നടത്തുകയാണെന്ന് ചിലര്‍ ആരോപിക്കുന്നു. ഇഖ്‌വാനോട് അടുപ്പമുള്ള ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസിയെ സൈനിക മേധാവിയും പ്രതിരോധമന്ത്രിയുമാക്കിയതിനെക്കുറിച്ചാണ് ഈ പരാമര്‍ശം. ഇടക്കാല ഭരണത്തില്‍ തിളങ്ങിയ സൈനിക മേധാവികളെ തഴഞ്ഞതായും അവര്‍ ആരോപിക്കുന്നു. ഒരേ തൂവല്‍ പക്ഷികളെ കൊണ്ടുവരുന്നതിലാണ് അവര്‍ക്ക് പരിഭവം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ഹംദീന്‍ സ്വബാഹി ഈ അഭിപ്രായക്കാരനാണ്. സൈനിക കൗണ്‍സില്‍ തിരക്കു പിടിച്ച് കൊണ്ടുവന്ന താല്‍ക്കാലിക ഭരണഘടനാ വകുപ്പുകള്‍ റദ്ദാക്കിയ നടപടി നിയമപരമായി നിലനില്‍ക്കുകയില്ലെന്നും ചിലര്‍ വാദിക്കുന്നുണ്ട്.
മറുവശത്ത് വമ്പിച്ച സ്വീകാര്യതയാണ് പ്രസിഡന്റിന്റെ നടപടിക്ക് ലഭിച്ചിരിക്കുന്നത്. പ്രമുഖ വ്യക്തിത്വങ്ങളും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളും മുര്‍സിയുടെ നീക്കങ്ങളെ സ്വാഗതം ചെയ്തിരിക്കുകയാണ്. പ്രസിഡന്റിന്റെ അധികാരം വിളംബരം ചെയ്യുന്ന ധീര നടപടി എന്നാണവര്‍ അതിനെ വിശേഷിപ്പിക്കുന്നത്. വിപ്ലവത്തില്‍ അണിചേര്‍ന്ന യുവ കൂട്ടായ്മകള്‍ക്കും സലഫി കക്ഷിയായ നൂറിനും നാസ്വിരി പാര്‍ട്ടികള്‍ക്കുമെല്ലാം അനുകൂല നിലപാടാണ്. ഈജിപ്തിനെ സമ്പൂര്‍ണ സിവിലിയന്‍ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും പൊതുസ്ഥാപനങ്ങളെ ജനപ്രതിനിധികള്‍ക്ക് കൈമാറുന്നതിനുമുള്ള സുപ്രധാന ചുവട് വെപ്പായി പ്രസിഡന്റിന്റെ നീക്കത്തെ ഇവര്‍ നോക്കിക്കാണുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍