മദ്ഹബിന്റെ ഇമാമുമാരെപ്പോലെ പണ്ഡിതന്‍മാര്‍ ചരിത്രദൗത്യം ഏറ്റെടുക്കണം
ഇസ്‌ലാമിക ചരിത്രത്തില്‍ വഴിത്തിരിവിന്റെ ഘട്ടമായിരുന്നു മദ്ഹബിന്റെ നാല് ഇമാമുമാരുടെ കാലഘട്ടം. ഇസ്‌ലാമിക സമൂഹത്തില്‍ ഉള്‍ച്ചേര്‍ന്ന സവിശേഷമായ രണ്ട് മൂല്യങ്ങളാണ് അത്തരമൊരു കാലഘട്ടത്തെ രൂപപ്പെടുത്തിയത്. ഇസ്‌ലാമിക അവബോധമാണ് അതില്‍ ഒന്നാമത്തേത്. അടിസ്ഥാന ആദര്‍ശത്തില്‍ നിന്ന് മുറതെറ്റാത്ത അനുഷ്ഠാനങ്ങളിലേക്കും, ജീവിതത്തിന്റെ മുഴുവന്‍ വശങ്ങളെയും ചൂഴ്ന്നു നില്‍ക്കുന്ന ധാര്‍മിക-സദാചാര വിശുദ്ധിയിലേക്കും നയിക്കുന്നതായിരുന്നു അക്കാലത്തെ ഇസ്‌ലാമിക സമൂഹത്തിന്റെ സ്വത്വബോധം. ഇസ്‌ലാമിന്റെ വ്യതിരിക്തമായ അസ്തിത്വത്തിന്റെയും ശക്തിയുടെയും സ്രോതസ്സ് ജനങ്ങളുടെ ഇസ്‌ലാമിക അവബോധവും പ്രതിബദ്ധതയുമായിരുന്നു. അവരുടെ സംസ്‌കാരത്തിന്റെയും ബൗദ്ധിക, വൈജ്ഞാനിക സംരംഭങ്ങളുടെയും അടിത്തറ ഇസ്‌ലാം തന്നെയായിരുന്നു. നാല് വ്യത്യസ്ത ഇസ്‌ലാമിക ചിന്താ സരണികളുടെ ക്രോഡീകരണം തുടര്‍ന്നുവന്ന ഇസ്‌ലാമിക സമൂഹത്തിന് പുതിയ തുടക്കം നല്‍കി.
കര്‍മശാസ്ത്രത്തിന്റെ ക്രോഡീകരണം എപ്പോള്‍ നടന്നുവെന്നതിന് കൃത്യമായ സമയ നിര്‍ണയം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇമാമുമാരുടെ ചരിത്രപരമായ പ്രാധാന്യം കാലക്രമേണ ഉണ്ടായിത്തീര്‍ന്നതാണ്. വ്യക്തികള്‍ എന്ന നിലയിലല്ല അവര്‍ പ്രസക്തരാകുന്നത്. മറിച്ച് വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും നിയമങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുത്ത് ഇസ്‌ലാമിക അടിത്തറകളില്‍ പ്രശ്‌നങ്ങളെ വിശകലനം ചെയ്യാനും അവക്ക് പരിഹാരം കാണാനും അവര്‍ സ്വീകരിച്ച രീതിശാസ്ത്രമാണ് ഇസ്‌ലാമിക ചരിത്രത്തില്‍ അവര്‍ക്ക് സ്ഥിരപ്രതിഷ്ഠ നല്‍കിയത്.
അക്കാലത്തെ മറ്റൊരു പ്രത്യേകത, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ സ്വീകരിക്കാനുള്ള തുറന്ന മനോഭാവമായിരുന്നു. അല്ലാഹു സൃഷ്ടിച്ച ലോകത്തിന്റെ നിലക്കാത്ത പ്രതിഭാസങ്ങളില്‍ ഒന്നാണ് മാറ്റം. ഒരു സര്‍വാംഗീകൃത തത്ത്വമാണിത്. നാല് ഇമാമുകളുടെ കാലഘട്ടം ത്വരിത വേഗതയില്‍ സാമൂഹിക മാറ്റങ്ങളെ സ്വാംശീകരിച്ച കാലമായിരുന്നു. പുതിയ രാജ്യങ്ങളും പുതിയ സംസ്‌കാരങ്ങളും ഇസ്‌ലാമിലേക്ക് വന്നപ്പോള്‍ സ്വാഭാവികമായും ഇസ്‌ലാമിക സമൂഹം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. അത്തരം സാഹചര്യങ്ങളില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുക സ്വാഭാവികം. വിവിധ സംസ്‌കാരങ്ങളുടെ സങ്കലനത്തിന് സാക്ഷ്യം വഹിച്ച ഒരു കാലഘട്ടം കൂടിയാണത്. മുസ്‌ലിം ലോകവും അതിനെ ചുറ്റി നിന്ന ഇതര ലോകവുമായി പരസ്പര സങ്കലനം നടന്ന സന്ദര്‍ഭം.
സാര്‍വലൗകികത
ലോക മുസ്‌ലിംകള്‍ക്കിടയില്‍ ഇമാമുമാര്‍ അംഗീകാരവും സ്വാധീനവും നേടിയത് കേവല യാദൃഛികതയല്ല. ലോകത്ത് ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്ന 150 കോടി മുസ്‌ലിംകള്‍ക്ക് മാത്രമല്ല, കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ജീവിച്ച മുസ്‌ലിംകള്‍ക്കും സ്വീകാര്യരായിരുന്നു അവര്‍. ഇസ്‌ലാമിന്റെ കര്‍മാനുഷ്ഠാന മുറകളില്‍ ആധികാരിക അഭിപ്രായങ്ങളായി മുസ്‌ലിം സമൂഹം ഇന്നും കണക്കാക്കുന്നത് ഇമാമുകളുടെ അഭിപ്രായങ്ങള്‍ തന്നെയാണ്.
ഓരോ ഇമാമിനും വ്യതിരിക്തമായ സരണിയും അതിനെ പിന്‍പറ്റുന്ന അനുയായികളുമുണ്ടായിരുന്നു. എന്നാല്‍ മതത്തിന്റെ പൊതുവായ തത്ത്വങ്ങളിലും അടിസ്ഥാനങ്ങളിലും നാല് ഇമാമുമാരും ഒരേ വീക്ഷണക്കാരായിരുന്നു. ഇതിനര്‍ഥം, വിശാലാര്‍ഥത്തില്‍ മുസ്‌ലിംകള്‍ നാല് ഇമാമുമാരെയും ഒരുപോലെ പിന്‍പറ്റിയിരുന്നുവെന്നാണ്. കര്‍മശാസ്ത്ര നിയമങ്ങളുടെ കാര്യത്തില്‍, വിയോജിപ്പിനേക്കാള്‍ ഒരേ അഭിപ്രായക്കാരായിരുന്നു അവര്‍. അവരെ സംബന്ധിച്ചേടത്തോളം, ശാഖാപരമായ കാര്യങ്ങളിലെ ഭിന്നാഭിപ്രായങ്ങള്‍ സ്വീകാര്യവും ദീനിന്റെ ഇലാസ്തിക സ്വഭാവത്തിന്റെ അടിസ്ഥാനം എന്ന നിലയില്‍ സ്വാഗതാര്‍ഹമായിരുന്നു.
അടിസ്ഥാനങ്ങളും അനുബന്ധങ്ങളും
മൗലികവും അടിസ്ഥാനപരവുമായ ഇസ്‌ലാമികാധ്യാപനങ്ങളില്‍ ഇമാമുകള്‍ ഏക അഭിപ്രായക്കാരായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ നില നിന്നിരുന്ന അനുബന്ധ വിഷയങ്ങളിലും യോജിപ്പിന്റേതായ ഒരു മേഖല അവര്‍ക്കിടയില്‍ നിലനിന്നിരുന്നു. അഥവാ, ചില വിഷയങ്ങളിലെ അവരുടെ ഭിന്നാഭിപ്രായങ്ങള്‍, അവര്‍ക്കു ശേഷം വന്നവര്‍ക്ക് സമാനമായ വിഷയങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉന്നയിക്കാനുള്ള നിയമ സാധുത നല്‍കുന്നതായിരുന്നു. അവരെത്തിപ്പെട്ട അഭിപ്രായങ്ങള്‍ ഗൗരവപൂര്‍ണമായി പഠിക്കപ്പെടേണ്ടതാണ്. മതത്തില്‍ നിന്നുള്ള വ്യതിചലനമായിരുന്നില്ല അത്. അവരുടെ അഭിപ്രായങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന് നേര്‍ക്കു നേരെ ഉദ്ധരിച്ചതോ, യുക്തിഭദ്രമായ നിയമനിര്‍ധാരണ പ്രക്രിയയിലൂടെ എത്തിച്ചേര്‍ന്നവയോ ആയിരുന്നു. മതപരമായി പ്രാധാന്യമുള്ള ഒരു വിഷയത്തില്‍ സത്യമേതെന്ന് (ഇസ്‌ലാമിന്റെ നിലപാട്) കണ്ടെത്താനായിരുന്നു അവരുടെ ശ്രമങ്ങള്‍.
വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന വിഷയങ്ങളില്‍ നാം പലപ്പോഴും വാദിക്കുന്നത് അതില്‍ ഒന്നു മാത്രമാണ് ശരിയെന്നാണ്. എന്നാല്‍ ആ വിഷയത്തിലെ തന്നെ വിയോജിപ്പിന്റെ നിയമാനുസൃതമായ സാധ്യതകള്‍ പരിഗണിച്ചുകൊണ്ട് വ്യത്യസ്തമായ ഒരു വീക്ഷണ കോണിലൂടെ നോക്കുന്ന പക്ഷം, അത്തരം വിഷയങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ക്കുള്ള സാധ്യതകള്‍ കാണാന്‍ കഴിയും. തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ തന്നെ ബഹു വീക്ഷണങ്ങള്‍ക്കുളള സാധ്യതയും തുറന്നു കൊണ്ടാണ് ഇമാമുമാര്‍ അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഇക്കാരണം കൊണ്ടാണ് തന്റെ അഭിപ്രായത്തിന്് വിരുദ്ധമായ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാന്‍ അവര്‍ മുതിരാതിരുന്നത്.
ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ അബൂജഅ്ഫര്‍ മന്‍സൂര്‍ ഖലീഫയായിരിക്കെ, ഇമാം മാലികിന്റെ പ്രസിദ്ധ ഗ്രന്ഥം മുവത്വ ഔദ്യോഗിക കര്‍മശാസ്ത്ര ഗ്രന്ഥമായും, 'മാലികി മദ്ഹബ്' രാജ്യത്തിന്റെ ഔദ്യോഗിക മദ്ഹബായും പ്രഖ്യാപിക്കാന്‍ ഖലീഫ തുനിഞ്ഞു. ഇമാം മാലിക് ഈ ഉദ്യമത്തെ തടഞ്ഞു കൊണ്ട് ഖലീഫയോട് പറഞ്ഞതിങ്ങനെ. 'താങ്കള്‍ അങ്ങനെ ചെയ്യരുത്, കാരണം ജനങ്ങള്‍ നേരത്തെ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നവരും വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരുമാണ്. ഓരോ സമൂഹവും തങ്ങള്‍ക്ക് കിട്ടിയത് സ്വീകരിക്കുകയും അത് നടപ്പില്‍ വരുത്തുകയും തങ്ങളുടെ മതാനുഷ്ഠാനമായി കൊണ്ടു നടക്കുകയും ചെയ്തു. ജനങ്ങള്‍ക്കിടയിലുള്ള ഈ അഭിപ്രായ ഭിന്നത പ്രവാചക അനുചരന്മാരിലേക്കും അവര്‍ക്ക് ശേഷമുള്ളവരിലേക്കും ചെന്നെത്തുന്നതാണ്. ജനങ്ങള്‍ വിശ്വസിക്കുന്നവയില്‍ നിന്ന് ജനങ്ങളെ തടഞ്ഞു നിര്‍ത്തുന്നത് ശരിയല്ല. അതുകൊണ്ട് ഏത് മദ്ഹബാണോ അവര്‍ക്ക് വേണ്ടത് അതവര്‍ തെരഞ്ഞെടുക്കട്ടെ, ഓരോ പ്രദേശത്തെ ജനങ്ങളും അവര്‍ക്കിഷ്ടമുള്ളത് ഏതെന്ന് തീരുമാനിക്കട്ടെ.'
യഹ്‌യബ്‌നു സഈദ് അല്‍ അന്‍സാരി പറയാറുണ്ടായിരുന്നു: 'ജനങ്ങളുടെ അറിവ് പലവിധമാണ്. ഫുഖഹാക്കള്‍ എപ്പോഴും വ്യത്യസ്ത അഭിപ്രായക്കാരായിരിക്കും. ഒരു കര്‍മശാസ്ത്ര പണ്ഡിതന്‍ അനുവദനീയമാക്കുന്ന ഒരു കാര്യം മറ്റൊരു പണ്ഡിതന്‍ അനുവദിച്ചെന്ന് വരില്ല. എങ്കില്‍ പോലും, ഒരു പണ്ഡിതന്‍ മറ്റൊരു പണ്ഡിതനെ ചോദ്യം ചെയ്യുകയോ കുറ്റപ്പെടുത്തുകയോ ഇല്ല.'
ഇമാമുമാരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രവാചക(സ)ന്റെ അനുചരന്മാരുടെ അഭിപ്രായ വ്യത്യാസങ്ങളുടെ തുടര്‍ച്ച മാത്രമാണ്. ഇബ്‌നു ഖുദാമ (റ) വിശേഷിപ്പിച്ചതു പോലെ, ആദ്യതലമുറയില്‍ തന്നെയുള്ള ഈ അഭിപ്രായ വൈവിധ്യം വിശ്വാസികള്‍ക്കുള്ള അല്ലാഹുവിന്റെ അനുഗ്രഹമാണ്. ഒരു പ്രത്യേക വിഷയത്തില്‍ സ്വഹാബാക്കളുടെ അഭിപ്രായ സമന്വയമുണ്ടായാല്‍ അത് ഇസ്‌ലാമിന്റെ അടിസ്ഥാന അധ്യാപനമാണെന്നതിനു നിര്‍ണായക തെളിവാണ്.
ഖലീഫ ഉമറുബ്‌നു അബ്ദുല്‍ അസീസ് പറയാറുണ്ടായിരുന്നു: 'നബി (സ)യുടെ അനുചരന്മാര്‍ക്ക് ഒരിക്കലും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍, അതെന്നെ സന്തോഷിപ്പിക്കുമായിരുന്നില്ല. അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ ദീനില്‍ ഉദാരതയുമുണ്ടാകുമായിരുന്നില്ല.'
ഇസ്ഹാഖ് ബ്‌നു സഹ്‌ലൂല്‍, ഇമാം അഹ്മദ്ബ്‌നു ഹമ്പലി(റ)ന് ഒരു പുസ്തകം നല്‍കുകയുണ്ടായി. നബി(സ)യുടെ സ്വഹാബാക്കളും തൊട്ടു ശേഷം വന്ന അവരുടെ അനുയായികളും തമ്മിലെ അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തിയ ആ ഗ്രന്ഥത്തിന് ഇസ്ഹാഖ് ബ്‌നു സഹ്‌ലൂല്‍ നല്‍കിയ തലക്കെട്ട് 'വിയോജിപ്പുകളുടെ പുസ്തകം' എന്നായിരുന്നു. ഇത് കണ്ട് ഇമാം അഹ്മദ് അദ്ദേഹത്തോട് പറഞ്ഞു: 'ഇതിനെ വിയോജിപ്പുകളുടെ പുസ്തകം എന്ന് വിളിക്കരുത്. പകരം, 'വിട്ടുവീഴ്ച്ചകളുടെ പുസ്തകം' എന്ന് പേരിടണം.'
വിയോജിപ്പുകളെ നിഷ്പ്രയാസം ഉള്‍കൊള്ളാനും ബഹു വീക്ഷണങ്ങളെ സ്വാഗതം ചെയ്യാനും മാത്രം വിശാലമായ അവരുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നതാണ് ഈ സംഭവങ്ങള്‍. എല്ലാറ്റിലും നിശ്ചിത രൂപവും ഏക വീക്ഷണവും വേണമെന്ന വാദത്തിനെതിരാണിത്. ചില കാര്യങ്ങളില്‍ നിശ്ചിതവും അംഗീകൃതവുമായ രൂപമുണ്ടെങ്കിലും മറ്റു നിരവധി കാര്യങ്ങളില്‍ അങ്ങനെയല്ല. അത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങള്‍ സ്വീകരിക്കാനും വ്യത്യസ്ത അഭിപ്രായങ്ങള്‍ രൂപപ്പെടുത്താനും സ്വാതന്ത്ര്യമുണ്ട്. അങ്ങനെയില്ലായിരുന്നുവെങ്കില്‍, സ്വന്തം വിശ്വാസത്തില്‍ അവര്‍ക്ക് മടുപ്പ് ഉളവാകുകയും ഭൗതിക ജീവിതം കുടുസ്സായിത്തീരുകയും ചെയ്‌തേനെ.
മുസ്‌ലിം ലോകത്ത് ബഹു-മത-പാര്‍ട്ടി നിയമ സംവിധാനങ്ങള്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ബഹുസ്വരത എന്ന സര്‍വാംഗീകൃത മൂല്യത്തെ മുന്‍ നിര്‍ത്തി മതവിഷയങ്ങള്‍ പരിഗണിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇത്തരം സംവിധാനങ്ങള്‍. സച്ചരിതരായ ഖലീഫമാരുടെ കാലത്ത് ഇത്തരമൊരു സാമൂഹിക വികാസം നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. കാരണം, അവര്‍ പ്രവാചകനോടൊപ്പം ജീവിച്ചിരുന്നവരായിരുന്നു. ഒരേസമയം മത പണ്ഡിതരും രാഷ്ട്ര നേതാക്കളുമായിരുന്നു അവര്‍. മതപരവും വൈജ്ഞാനികവുമായ ആധികാരികത ഇമാമുമാര്‍ അനന്തരം കൊണ്ടത് ഈ സച്ചരിതരായ ഖലീഫമാരില്‍ നിന്നാണ്. അന്നുമുതല്‍ ബഹുസ്വര വീക്ഷണങ്ങളാണ് മുസ്‌ലിം ലോകത്തിന്റെ ദൈനംദിന ചര്യയായിത്തീര്‍ന്നത്. എന്നാല്‍ ഈ ബഹുസ്വരത രാഷ്ട്രീയ രംഗത്ത് മാത്രം പ്രതിഫലിച്ചില്ല. രാഷ്ട്രീയ കേന്ദ്രമായിരുന്നു അന്തിമ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത്. സമൂഹത്തിലെ അസന്തുലിതത്വം തടയുന്നതിനോ പരസ്പര സഹകരണം ഉറപ്പ് വരുത്തുന്നതിനോ രാഷ്ട്രീയ കൂട്ടായ്മകളൊന്നും മുസ്‌ലിം ലോകത്ത് അക്കാലങ്ങളില്‍ ഉദയം ചെയ്തില്ല.
ചരിത്രത്തില്‍ തുല്യതയില്ലാത്ത വേറിട്ടൊരു കാലത്താണ് ഇമാമുമാര്‍ ജീവിച്ചത്. അതിനോട് സമാനമായ ഒരു കാലത്താണ് നാമും ജീവിച്ചുകൊണ്ടിരിക്കുന്നത്. മാറ്റത്തിന്റെ ഗതിവേഗം പ്രവചനാതീതമാണ്. നൂതന കണ്ടു പിടുത്തങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ലോകം. നാല് ഇമാമുമാരെ പോലെയുള്ള പണ്ഡിതരെ ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് ഇസ്‌ലാമിന്റെ അടിത്തറകളില്‍ നിന്ന് സംവദിക്കാന്‍ പ്രാപ്തരായ, സ്വതന്ത്ര പണ്ഡിതന്മാരെയാണ് നമുക്ക് വേണ്ടത്. അങ്ങനെയുള്ളവര്‍ക്കേ ഇന്നിന്റെ ചോദ്യങ്ങളെ അഭിമുഖീകരിക്കാനാവൂ.
ഇത് കേവലം പാഴ്‌മോഹമല്ല. അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താല്‍ അനുഗ്രഹിക്കപ്പെട്ട സമൂഹമാണ് മുസ്‌ലിം ഉമ്മത്ത്. പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട്. 'എന്റെ സമുദായം മഴ തുള്ളികള്‍ പോലെയാണ്. അതിന്റെ തുടക്കത്തിലാണോ ഒടുക്കത്തിലാണോ നന്മയിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല' (തിര്‍മുദി).
വിദ്യാഭ്യാസ രംഗത്ത് എന്നത്തേക്കാളും അവസരങ്ങളുള്ള കാലമാണിത്. ഗ്രന്ഥങ്ങളും വിജ്ഞാനകോശങ്ങളും വ്യാപകമായി ലഭ്യമാണിന്ന്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലുമുണ്ട്. ലോകത്തിന്റെ ഒരു കോണില്‍ നിന്ന് ഏത് ദിക്കിലേക്കും ബന്ധപ്പെടാന്‍ കഴിയുമാറ് ആശയ വിനിമയ സംവിധാനങ്ങള്‍ വികസിച്ചിരിക്കുന്നു. ഇത്തരമൊരു സഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ അഭിരുചിയും ബൗദ്ധിക നിലവാരവും തിരിച്ചറിഞ്ഞ്, ഇക്കാലഘട്ടത്തിന്റെ ആവശ്യങ്ങളെയും സമകാലിക ചിന്തകളെയും പരിഗണിച്ചു കൊണ്ട് ഗഹനമായ ഇസ്‌ലാമിക പഠനങ്ങള്‍ക്ക് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണം. ധ്രുതഗതിയില്‍ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അതുവഴി മുസ്‌ലിം സമൂഹം പ്രാപ്തരാകും.
ആകസ്മികമായി പണ്ഡിതവൃത്തി ഏറ്റെടുക്കേണ്ടി വന്നിരുന്ന പഴയ അവസ്ഥയില്‍ നിന്ന് പണ്ഡിത ലോകം മാറി തുടങ്ങിയിട്ടുണ്ട്. ആധുനിക കാലത്തെ മുസ്‌ലിം പണ്ഡിത നേതൃത്വം, അവരുടെ ബൗദ്ധികവും ധാര്‍മികവുമായ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണ്. ഇസ്‌ലാമിക അടിസ്ഥാനങ്ങളില്‍ അവഗാഹം നേടിയവരും ആധുനിക വിജ്ഞാനീയങ്ങള്‍ കരസ്ഥമാക്കിയവരുമാകണം ഇന്നത്തെ പണ്ഡിത സമൂഹം. എവിടെയാണ് കാര്‍ക്കശ്യം കാണിക്കേണ്ടതെന്നും, അയഞ്ഞ സമീപനം സ്വീകരിക്കേണ്ടതെന്നും എങ്ങനെയാണ് അലംഘനീയമായ നിയമങ്ങളും സംശയത്തിനിട നല്‍കുന്ന കാര്യങ്ങളും വേര്‍തിരിക്കേണ്ടതെന്നും അത്തരം പണ്ഡിതന്മാര്‍ക്കേ അറിയൂ.
ഇത്തരത്തിലുള്ള ഒരു പണ്ഡിത കൂട്ടായ്മയെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈയൊരു ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് അക്കാദമിക, മത വിദ്യഭ്യാസ രംഗത്തുള്ളവരും ബിസിനസ്സുകാരും തങ്ങളുടേതായ സംഭാവനകള്‍ സമര്‍പ്പിക്കേണ്ടതാണ്.
ഒരു ആപ്തവാക്യമിങ്ങനെയാണ്. 'മഹാന്മാരോടൊപ്പം ജീവിക്കാത്തവര്‍ മഹാന്മാരെ സൃഷ്ടിക്കില്ല.' പൂര്‍വകാല പണ്ഡിതന്മാര്‍ അവരുട കാലത്ത് നിര്‍ദേശിച്ച പരിഹാരങ്ങള്‍ കൊണ്ട് ഇക്കാലഘട്ടത്തിലെ വെല്ലുവിളികളെ ഇന്നത്ത പരിഷ്‌കര്‍ത്താക്കള്‍ക്ക് അതിജയിക്കാനാവില്ല. മുന്‍ഗാമികളില്‍ നിന്ന് അവര്‍ക്ക് സ്വീകരിക്കാനുള്ളത് അവരുടെ കുറ്റമറ്റ നിയമ നിര്‍ധാരണ രീതിശാസ്ത്രമാണ്. ഓരോ കാലഘട്ടത്തിനും അതിന്റേതായ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ട്. തങ്ങളുടെ കാലഘട്ടത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയാതിരുന്ന പല ആശയങ്ങളും അഭിപ്രായങ്ങളും ഇമാമുമാര്‍ക്ക് ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാനാണ് നമുക്ക് താല്‍പര്യം. കാരണം അന്ന് നിലനിന്നിരുന്ന സാഹചര്യം അത് വെളിപ്പെടുത്താന്‍ അവരെ അനുവദിച്ചിട്ടുണ്ടാവില്ല. സാങ്കേതിക വിദ്യയുടെ വികാസവും മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യവും ഇക്കാലഘട്ടത്തില്‍ ഈ ദൗത്യം നിര്‍വഹിക്കുന്നതില്‍ നമുക്ക് തടസ്സമല്ല.
ഇക്കാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രീയ ബൗദ്ധിക വെല്ലുവിളികളെ വിശകലനം ചെയ്യുന്നതില്‍നിന്ന് 'മാറി നില്‍ക്കുന്ന' സമീപനം നാം കൈയൊഴിയണം. എല്ലാവരെയും ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ അവയുടെ വിവിധ കോണുകളില്‍ നിന്ന് നോക്കി സമര്‍പ്പിക്കപ്പെടുന്ന നിര്‍ദേശങ്ങള്‍ക്ക് മാത്രമേ അവ പരിഹരിക്കാനാവൂ. ആശയ കൈമാറ്റത്തിന്റെയും സംവാദത്തിന്റെയും സംഭാഷണത്തിന്റെയും കാലഘട്ടമാണിത്. ഇസ്‌ലാമിക ചിന്തയുടെ വികാസത്തിന് വേണ്ടി യത്‌നിക്കുന്ന ഗവേഷണ കേന്ദ്രങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തന മണ്ഡലവും ലക്ഷ്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ പക്ഷപാതരഹിതമായും രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കടിപ്പെടാതെയും സങ്കുചിത ദേശീയ വികാരങ്ങള്‍ക്കടിപ്പെടാതെയും പക്വവും വിവേകപൂര്‍ണമായ നിലപാടുകളിലൂടെ പരിഹരിക്കാന്‍ ഇന്നത്തെ പണ്ഡിതന്മാര്‍ക്ക് കഴിയേണ്ടതുണ്ട്. ഗവേഷകര്‍ പരസ്പര സഹകരിച്ച് വിഷയങ്ങളെ സമീപിക്കുകയും അതത് രംഗങ്ങളില്‍ വിദഗ്ധരുടെ സഹായം തേടി സമഗ്രവും സന്തുലിതവുമായ പ്രശ്‌നപരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും വേണം.
ഇത്തരം അക്കാദമിക ഗവേഷണ കേന്ദ്രങ്ങളെ സ്വതന്ത്രമായി നിലനിര്‍ത്തുന്ന വിധത്തിലായിരിക്കണം അവയുടെ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തേണ്ടത്. അത്തരം സ്ഥാപനങ്ങളെ ഇന്ന് നാം സ്വപ്‌നം കണ്ടാലേ നാളെ അവ യാഥാര്‍ഥ്യമാവുകയുള്ളൂ.
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്
Comments