ഇന്നലെകളെക്കുറിച്ചറിയാതെ വരുംകാലങ്ങളിലേക്കെങ്ങനെ..
ഹദീസ് നിദാനശാസ്ത്രത്തിന്റെ (ഉസ്വൂലുല്‍ ഹദീസ്) പ്രാധാന്യം എന്താണ്? വൈജ്ഞാനിക മേഖലകളും ദീനീ വിഷയങ്ങളുമായി അതിനെത്രത്തോളം ബന്ധമുണ്ട്?
ഹദീസ് നിദാനശാസ്ത്രം ഹദീസുകളുമായി മാത്രം ബന്ധപ്പെടുത്തേണ്ട വിഷയമല്ല. ഹദീസുകളുടെ ബലാബലം തീരുമാനിക്കാന്‍ മാത്രമല്ല അത് സഹായകമാകുന്നത്.യഥാര്‍ഥത്തില്‍ മൂന്ന് തലങ്ങളിലായി വികസിക്കുന്ന വിജ്ഞാനശാഖയാണത്. എല്ലാ ഇസ്ലാമിക വിജ്ഞാനീയങ്ങളുമായും ഉലൂമുല്‍ ഹദീസ് ബന്ധപ്പെട്ടു കിടക്കുന്നു. തഫ്സീര്‍, ചരിത്രം, കര്‍മശാസ്ത്രം, സ്വഭാവഗുണങ്ങള്‍, പെരുമാറ്റ മര്യാദകള്‍, ദീനീ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലെല്ലാം അത് സ്വാധീനം ചെലുത്തേണ്ടതാണ്. പക്ഷേ, നിലവില്‍ ഹദീസ് വിജ്ഞാനീയങ്ങളില്‍ വ്യാപൃതരാവുന്നവര്‍ക്ക്, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അത്തരമൊരു കാഴ്ചപ്പാടില്ല എന്നതാണ് ദുഃഖകരം. ഈ വിഷയത്തില്‍ ഉപയോഗിക്കപ്പെടുന്ന പുസ്തകങ്ങളും അത്തരമൊരു വിശാലമായ അവബോധം സൃഷ്ടിക്കാന്‍ പര്യാപ്തമല്ല എന്നാണ് എന്റെ അഭിപ്രായം.
മൂന്ന് തലങ്ങളിലായാണ് ഉലൂമുല്‍ ഹദീസ് വികസിക്കുന്നതെന്ന് സൂചിപ്പിച്ചുവല്ലോ...?
അതെ, പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങള്‍, അല്ലെങ്കില്‍ ഘട്ടങ്ങളാണ് അതിനുള്ളത്. ഒന്ന്, നിരൂപണം (നഖ്ദ്). രണ്ട്, ഹദീസുകളുടെ അപഗ്രഥനം (തഹ്ലീലുല്‍ ഹദീസ്). മൂന്ന്, സമഗ്രമായ ആശയപഠനം (ഹദീസ് മൌളൂഈ).
സത്യം കണ്ടെത്താന്‍ വേണ്ടിയുള്ള നിരൂപണ പഠനവും പരിശോധനയുമാണ് നഖ്ദ്. ഏതാണ് ശരിയെന്ന് മനസ്സിലാക്കാന്‍ നഖ്ദ് നമ്മെ സഹായിക്കുന്നു. ഹദീസ് ശരിയാണോ അല്ലേ എന്ന പരിശോധനയാണ് നഖ്ദ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഹദീസുകളുമായി ബന്ധപ്പെട്ട സാങ്കേതിക സംജ്ഞകളുടെ അര്‍ഥവും നിര്‍വചനവും മനഃപാഠമാക്കുക എന്നതാണ് നമ്മുടെ പതിവ് പഠനരീതി. ഉസ്വൂലുല്‍ ഹദീസിന്റെ പ്രധാന ഭാഗം ഇതാണെന്നാണ് നാം മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍, ഓരോ സാങ്കേതിക സംജ്ഞക്കകത്തും ഒളിഞ്ഞു കിടക്കുന്ന കാമ്പ് കണ്ടെത്തുകയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. അതിനുള്ള നിരൂപണ പഠനമാണ് നാം നടത്തേണ്ടത്.
സാങ്കേതിക പദങ്ങളുടെ നിര്‍വചനങ്ങള്‍ ചൊല്ലി പഠിക്കുകയും മനഃപാഠമാക്കുകയും ചെയ്യുന്നതിനപ്പുറം അതിന്റെ അകത്തേക്ക് കടന്നുചെല്ലാന്‍ നമുക്ക് കഴിയണം. ഒരു ഹദീസ് 'സ്വഹീഹ്' ആണെന്നോ 'ഹസന്‍' ആണെന്നോ നാം കേള്‍ക്കുന്നു. 'സ്വഹീഹ്' എന്ന പ്രയോഗത്തിനകത്ത് ഒരുപാട് പഠനങ്ങള്‍ ഉണ്ട്. അതെല്ലാം അന്വേഷിച്ച് കണ്ടെത്തിയ ശേഷം, ഒരുപാട് വിജ്ഞാനീയങ്ങള്‍ പഠിച്ചറിഞ്ഞ ശേഷം പുറത്തേക്ക് വരുന്ന ഒരു ശബ്ദം മാത്രമാണ് 'സ്വഹീഹ്'. നാം പക്ഷേ, 'സ്വഹീഹ്' എന്നു മാത്രമേ കേള്‍ക്കുന്നുള്ളൂ. ഹദീസിനെ ഗൌരവത്തില്‍ സമീപിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും ഗവേഷകരുമൊക്കെ പ്രാധാന്യപൂര്‍വം പരിഗണിക്കേണ്ട കാര്യമാണിത്.
രണ്ടാമത്തേത്, ഹദീസിന്റെ പാഠത്തെ (നസ്വ്) എങ്ങനെ അപഗ്രഥിക്കണം, മനസ്സിലാക്കണം എന്നതാണ്.പല രൂപത്തില്‍, വ്യത്യസ്ത വാക്കുകളില്‍ നിവേദനം ചെയ്യപ്പെട്ട ഹദീസുകളുണ്ടാകും. അവയിലെ ആശയങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കണം. വളരെയേറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്.
ഹദീസുകള്‍ക്ക് മാത്രമല്ല ഇത് ബാധകമാകുന്നത്. വാക്കുകള്‍ അമാനത്താണ്. ഒരാളുടെ വാക്കുകള്‍ അയാള്‍ നമ്മെ വിശ്വസിച്ച് ഏല്‍പിക്കുന്ന സൂക്ഷിപ്പു സ്വത്താണ്. അത് നമ്മുടെ ഇഷ്ടം പോലെ കൈകാര്യം ചെയ്യാവതല്ല. വാക്കുകള്‍ വളച്ചൊടിക്കുന്നതും കൃത്രിമത്വം കാണിക്കുന്നതും നിഷിദ്ധം (ഹറാം) ആണ്. നിങ്ങളുടെ ധനം, ജീവന്‍, അഭിമാനം എന്നിവ പവിത്രമാണെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ടല്ലോ. അഭിമാനത്തില്‍ പെട്ടതാണ് നിങ്ങളുടെ സംസാരം, വാക്കുകള്‍. അത് ഞാന്‍ വളച്ചൊടിക്കുന്നത് നിങ്ങളുടെ അഭിമാനത്തിന് ക്ഷതമേല്‍പിക്കലാണ്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. ഇത് മനസ്സിലാക്കിയാല്‍ നമ്മുടെ മതമേഖലയിലെ പല പ്രശ്നങ്ങളും ഇല്ലാതാകും.
നബി(സ)യുടെ വാക്കുകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ഉലൂമുല്‍ ഹദീസിലെ പ്രധാനപ്പെട്ട വിഷയമാണ്. അതിന് ഒരുപാട് മര്യാദകളുണ്ട്. ഇത് പഠിക്കുകയും പാലിക്കുകയും ചെയ്യുന്നത് ഹദീസിനു മാത്രം ഗുണം ചെയ്യുന്നതല്ല. നമ്മുടെ വ്യക്തി-സാമൂഹിക ജീവിതത്തിലെ മറ്റു രംഗങ്ങളിലും ഗുണകരമായ മാറ്റം സൃഷ്ടിക്കാന്‍ അത് പര്യാപ്തമാണ്.
മൂന്നാമത്തേതാണ് സമഗ്രമായ ആശയപഠനം (ഹദീസ് മൌളൂഈ). ദീനീ പണ്ഡിതര്‍, ഫത്വ നല്‍കുന്നവര്‍, ഖുര്‍ആനെയും ഹദീസിനെയും അപഗ്രഥിച്ച് ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍, പ്രസംഗകര്‍, എഴുത്തുകാര്‍... തുടങ്ങിയവരെല്ലാം മനസ്സിലാക്കേണ്ട പ്രധാന വിഷയമാണിത്. ഒരു വിഷയത്തില്‍ ഒന്നോ രണ്ടോ ഹദീസ് മാത്രം നോക്കി വിധികല്‍പിക്കുന്നത്, നിലപാട് രൂപീകരിക്കുന്നത് ശരിയായ രീതിയല്ല. ഒരു ഹദീസിനെ വിശദീകരിക്കുന്ന, ആശയവ്യക്തത വരുത്തുന്ന മറ്റു പല ഹദീസുകളുമുണ്ടാകും. ഒരു വിഷയത്തില്‍ ഒന്നിലേറെ ഹദീസുകളുണ്ടാകും. ഒരിക്കല്‍ നബി(സ) പറഞ്ഞ ഒരു ഹദീസിന് മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞ മറ്റൊരു ഹദീസുമായി ബന്ധമുണ്ടാകും. ഇതിനെക്കുറിച്ചെല്ലാം സമഗ്രമായ അറിവും ധാരണയുമില്ലാതെ മുമ്പില്‍ കാണുന്ന ഒന്നോ രണ്ടോ ഹദീസുകള്‍ വെച്ച് ദീനീ വിധികള്‍ രൂപപ്പെടത്തുന്നത് പലപ്പോഴും അബദ്ധങ്ങള്‍ സംഭവിക്കാന്‍ കാരണമാകും.
ഹദീസ് വിജ്ഞാനരംഗത്ത് 'മന്‍ഹജുല്‍മലൈബാരി' എന്ന പേരില്‍ വിശ്രുതമായ താങ്കളുടെ അപഗ്രഥന രീതിയുടെ പൊരുള്‍ എന്താണ്?
'മന്‍ഹജുല്‍ മലൈബാരി' എന്ന പേരില്‍ ഉലൂമുല്‍ ഹദീസില്‍ ഞാന്‍ പ്രത്യേകമായി പുതിയൊരു സരണിയൊന്നും സൃഷ്ടിച്ചിട്ടില്ല. അന്ധമായ അനുകരണത്തിന്റെ (തഖ്ലീദ്) അടിസ്ഥാനത്തില്‍ നിലനിന്നുവന്ന ചില സമീപന രീതികളെ ക്രിയാത്മകമായി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് ഞാന്‍ നടത്തിയത്. അത് ഇഷ്ടപ്പെടാത്ത ചിലര്‍ 'മന്‍ഹജുല്‍ മലൈബാരി' - മലൈബാരിയുടെ സരണി- എന്ന് അതിനെ വിശേഷിപ്പിക്കുകയാണുണ്ടായത്.
നിലനില്‍ക്കുന്ന അനുകരണാത്മകമായ -തഖ്ലീദിയായ- പഠന രീതിക്ക് പകരം വസ്തുനിഷ്ഠമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതി ഉണ്ടാകണം എന്നാണ് ഞാന്‍ പറയുന്നത്. കാരണങ്ങള്‍ നിരൂപണം ചെയ്ത് പഠിക്കണം. വ്യത്യസ്തങ്ങളായ നിവേദനങ്ങളെയും അവയിലുള്ള വൈവിധ്യപൂര്‍ണമായ വിവരണങ്ങളെയും താരതമ്യം ചെയ്യുക (മുഖാറന), അവയിലുള്ള വൈരുധ്യം തോന്നുന്ന ആശയങ്ങളെ ഏകോപിപ്പിക്കുക (ജംഅ് ചെയ്യുക), വ്യത്യസ്ത ആശയങ്ങളില്‍നിന്ന് താരതമ്യ പഠനത്തിലൂടെ പ്രബലമെന്ന് ബോധ്യപ്പെട്ടതിന് മുന്‍ഗണന (തര്‍ജീഹ്) നല്‍കുക. ഇതാണ് ശരിയായ നിരൂപണ രീതി. സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ലെങ്കിലും ഹദീസ് വിജ്ഞാനീയങ്ങളുമായി ബന്ധമുള്ളവര്‍ക്കും ദീനീ പഠനരംഗത്ത് വ്യാപൃതരായിട്ടുള്ളവര്‍ക്കും എളുപ്പം മനസ്സിലാവുന്നതാണിത്. നിവേദകരെ, വ്യക്തികളെ മാത്രം നോക്കി വാക്കുകള്‍ ശരിയോ തെറ്റോ എന്ന് വിധിക്കുന്ന രീതി ശരിയല്ല. ഓരോ നിവേദനവും അതിലുദ്ധരിക്കപ്പെട്ട വാക്കുകളും പഠിക്കണം, പരിശോധിക്കണം. വാക്കുകള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണം. മാത്രമല്ല, ഒരാളുടെ വാക്കില്‍ വ്യക്തിത്വത്തില്‍, സമ്പത്തില്‍ നാം വഞ്ചിതരാകരുത്. ആശയങ്ങള്‍ നിരൂപണം ചെയ്ത് മനസ്സിലാക്കുകയും ശരിയായതു മാത്രം സ്വീകരിക്കുകയും ചെയ്യുക. ഏതു രംഗത്താണെങ്കിലും വ്യക്തികളെ അന്ധമായി അനുകരിക്കുന്നത് ശരിയായ നിലപാടല്ല എന്നാണ് എന്റെ വീക്ഷണം.
ഞാന്‍ പുതിയ ഒരു മന്‍ഹജ് കൊണ്ടുവന്നിട്ടില്ല. നമ്മുടെ പഴയ കിതാബുകളില്‍ ഉള്ളത് തന്നെയാണിത്. ഉലൂമുല്‍ ഹദീസിന്റെയും ഉസ്വൂലുല്‍ ഫിഖ്ഹിന്റെയും കിതാബുകള്‍ ഇതിന്റെ സമാഹരണങ്ങളാണ്. പക്ഷേ, ഇപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന വിധത്തില്‍ അവ വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഉസ്വൂലുല്‍ ഹദീസിനെയും ഉസ്വൂലുല്‍ ഫിഖ്ഹിനെയും പുതിയ കാലത്ത് എങ്ങനെ സമീപിക്കണം എന്നത് പ്രധാനമാണ്. അതു സംബന്ധിച്ച് പഠനങ്ങള്‍ വേണ്ടവിധം നടക്കുന്നില്ല. ഉസ്വൂലുല്‍ ഹദീസില്‍ തുടര്‍ന്നുവരുന്ന പാരമ്പര്യ പഠന രീതി പരിഷ്കരിക്കാനും പുതിയ സിലബസ് രൂപപ്പെടുത്താനുമാണ് നാം ശ്രമിക്കേണ്ടത്.
നമ്മുടെ ദീനീ വിദ്യാഭ്യാസ രംഗത്ത് പൊതുവില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ടല്ലോ. പുതിയ ലോകവും കാലവുമായി ഏറെ അകലെയാണ് നാം....
ദീനീ വിദ്യാഭ്യാസ മേഖലയില്‍ സാരമായ പരിഷ്കരണങ്ങള്‍ കൊണ്ടുവരണം. ഒന്നോ രണ്ടോ വ്യക്തികളുടെ ഉത്തരവാദിത്വമല്ല ഇത്, ഒരു തലമുറയുടെ ദൌത്യമാണ്. പെട്ടെന്ന് ഒരു മാറ്റം, ചെറിയ ചില പരിഷ്കാരങ്ങള്‍.... അതൊന്നും പര്യാപ്തമാകുന്നതല്ല.
വ്യക്തികളെയും കിതാബുകളെയും സംഘടനകളെയുമൊക്കെ വിശുദ്ധവല്‍ക്കരിക്കുന്ന (തഖ്ദീസ്) പ്രവണത നമ്മുടെ ദീനീ പഠനരംഗത്തുണ്ട്. ചിലര്‍ സിലബസിനെത്തന്നെ തഖ്ദീസ് ചെയ്യുന്നു. സിലബസ് മാറ്റാന്‍, ഒരു പുസ്തകം പോലും മാറ്റാന്‍ ചിലര്‍ തയാറാകാത്തത് വിശുദ്ധ പദവി നല്‍കുന്നത് കൊണ്ടാണ്. വിഷയങ്ങള്‍ നിരൂപണം ചെയ്തു പഠിക്കാനും തെറ്റുകള്‍ മനസ്സിലാക്കി ശരികളിലേക്ക് പോകാനും കഴിയാത്തത് തഖ്ദീസ് കാരണമാണ്. അതുകൊണ്ട് നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നില്ല. കേരളത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂ. എത്ര വലിയൊരു സമ്പത്താണ് ഇവിടെയുള്ളത്. ലോകത്തിന്റെ ഏതു ഭാഗത്തും മലയാളികള്‍ സജീവ സാന്നിധ്യമാണ്. പുതിയ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മലയാളികളുടെ മികവ് കാണാം. നമ്മുടെ പുതിയ തലമുറ ഏറെ കഴിവുള്ളവരും മുന്നേറുന്നവരുമാണ്. പക്ഷേ അവരെ വൈജ്ഞാനികരംഗത്ത് ക്രിയാത്മകമായി വളര്‍ത്താനും ഉപയോഗിക്കാനും നമുക്ക് കഴിയാതെ പോകുന്നു. ഇസ്ലാമിക നേതൃത്വമാണ് ഇത് ഗൌരവത്തോടെ കാണേണ്ടത്.
താങ്കളുടെ അഭിപ്രായത്തില്‍ ദീനീ വിദ്യാഭ്യാസ രംഗത്തെ ഊന്നലുകള്‍ എങ്ങനെയായിരിക്കണം?
വിശദീകരിച്ചു പറയേണ്ട കാര്യമാണിത്. മൂന്നു വിഷയങ്ങള്‍ പ്രധാനമാണ്. ഒന്ന്, ഖുര്‍ആന്‍പഠനം. രണ്ട്, ഹദീസ്, മൂന്ന്, ചരിത്രം. പരമ്പരാഗതമായ ഒന്നോ രണ്ടോ തഫ്സീറുകള്‍ ചൊല്ലി പഠിക്കുന്നതിനപ്പുറം ആഴമുള്ള ഖുര്‍ആന്‍ പഠനത്തിന് സഹായിക്കുന്ന തഫ്സീറുകള്‍ സിലബസില്‍ ഉള്‍പ്പെടുത്തണം. രണ്ടാമത്തേത് ഹദീസ്. ഇതിനെക്കുറിച്ചാണ് നമ്മള്‍ കൂടുതല്‍ സംസാരിച്ചത്. പുതിയ വിദ്യാര്‍ഥി തലമുറയെ അഭിമുഖീകരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അവരില്‍ നിന്നേ നാം കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ. സിലബസിലുള്ള മാറ്റങ്ങള്‍ക്കു പുറമെ, ഹദീസ് വിജ്ഞാനീയങ്ങളുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചകള്‍ സജീവമാക്കുന്നതില്‍ ദുബൈയിലെ കുല്ലിയത്തുദ്ദിറസാത്തില്‍ ഇസ്ലാമിയ്യ വഅറബിയ്യയില്‍ എല്ലാ രണ്ടുവര്‍ഷത്തിലും ഒരിക്കല്‍ നടന്നുവരുന്ന അന്താരാഷ്ട്ര ഹദീസ് കോണ്‍ഫറന്‍സ് വലിയ മുതല്‍ക്കൂട്ടാകുന്നുണ്ട്. യു.എ.ഇയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവന നല്‍കിയ ആദരണീയനായ ജുമുഅ അല്‍മാജിദിന്റെ പ്രോത്സാഹനവും പിന്തുണയും അത് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വലിയ അളവില്‍ സഹായകമാകുന്നുണ്ട്.
മൂന്നാമത് ചരിത്രം. തീര്‍ത്തും അവഗണിക്കപ്പെടുന്ന രീതിയിലാണ് നമ്മുടെ ചരിത്രപഠനം. കാര്യമായ പുനരാലോചന തന്നെ ഇതുസംബന്ധിച്ച് സ്ഥാപനങ്ങള്‍ നടത്തേണ്ടതുണ്ട്. നമ്മുടെ മഹത്തായ ചരിത്രത്തെക്കുറിച്ച് അറിയാതെ നമുക്ക് എങ്ങനെ ഭാവിയിലേക്ക് മുന്നേറാന്‍ കഴിയും? മനുഷ്യസമൂഹം ഒരു തുടര്‍ച്ചയാണ്. ഇസ്ലാമിക സമൂഹവും ഒരു തുടര്‍ച്ചയാണ്. നമ്മുടെ വേരുകള്‍, പൈതൃകം നാം അറിയേണ്ടതുണ്ട്. നാം എവിടെ നിന്നാണ് തുടങ്ങിയത് എന്നറിയാതെ, എങ്ങനെയാണ് കടന്നുവന്നത് എന്നു മനസ്സിലാക്കാതെ എങ്ങനെ മുന്നോട്ടുപോകാന്‍ കഴിയും?
പ്രശസ്ത സലഫി പണ്ഡിതന്‍ റബീഉ ബ്നു ഹാദി അല്‍ മദ്ഖലിയുമായി താങ്കള്‍ സംവാദത്തിലേര്‍പ്പെടുകയുണ്ടായി?
മക്കയില്‍ ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ റബീഅ് ബ്നു ഹാദി മദ്ഖലിയുടെ പുസ്തകവും എനിക്ക് റഫര്‍ ചെയ്യേണ്ടതുണ്ടായിരുന്നു. പഠനം മുന്നോട്ടു പോയപ്പോള്‍ അദ്ദേഹത്തിന്റെ കൃതിയില്‍ ചില തെറ്റുകള്‍ കാണാനിടയായി. സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അത് തെറ്റു തന്നെയാണെന്ന് ബോധ്യപ്പെട്ടു. വിഷയം സൂചിപ്പിച്ചുകൊണ്ട് 9 പേജ് വരുന്ന ഒരു നിരൂപണം അദ്ദേഹത്തിന് അയച്ചുകൊടുത്തു. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു അദ്ദേഹത്തിന്റെ മറുപടി കിട്ടാന്‍. ഞാനെഴുതിയ നിരൂപണത്തിന് അദ്ദേഹം തയാറാക്കിയ മറുപടി 90 പേജുണ്ടായിരുന്നു. അഹങ്കാരത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹം സുഊദിയില്‍ അറിയപ്പെടുന്ന പണ്ഡിതന്‍. ഞാന്‍ ഇന്ത്യക്കാരനായൊരു വിദ്യാര്‍ഥി. എന്നെ ചീത്ത പറയുകയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രസ്തുത മറുപടിയുടെ കോപ്പി ഞാന്‍ പഠിക്കുന്ന യൂനിവേഴ്സിറ്റിയുടെ മുദീറിനു അദ്ദേഹം അയച്ചുകൊടുത്തിരുന്നു. മദ്ഖലി യൂനിവേഴ്സിറ്റിക്ക് എഴുതിയ കത്തില്‍ എന്നെ ഓറിയന്റലിസ്റും ബഹായിയുമൊക്കെയായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നു. വൈജ്ഞാനികമായ ഒരു സംവാദത്തെ, എന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന സ്വഭാവത്തില്‍ പ്രശസ്തനായ ഒരു സലഫി പണ്ഡിതന്‍ കൈകാര്യം ചെയ്തത് എനിക്ക് പ്രയാസമുണ്ടാക്കി. യൂനിവേഴ്സിറ്റി അധികൃതര്‍ ക്രമപ്രകാരം പരാതി പരിശോധിച്ചെങ്കിലും തള്ളിക്കളയുകയായിരുന്നു. ഇതൊരു വൈജ്ഞാനിക സംവാദമാണ് എന്നും വിശ്വാസപരമോ മറ്റോ ആയ പ്രശ്നങ്ങളൊന്നും ഇതിലില്ലെന്നും അവര്‍ അദ്ദേഹത്തിന് മറുപടിയും നല്‍കി. എന്നെ യൂനിവേഴ്സിറ്റിയില്‍നിന്ന് പുറത്താക്കണമെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളൊന്നും നടന്നില്ലെന്നു മാത്രമല്ല, പഠനം കഴിഞ്ഞ ശേഷം ഞാന്‍ ഉമ്മുല്‍ ഖുറായില്‍ തന്നെ അധ്യാപകനാവുകയും ചെയ്തു. ഈ സംവാദത്തിന്റെ വിശദാംശങ്ങളും അദ്ദേഹമയച്ച കത്തും മാ ഹാകദാ തൂറദു യാ സഅദുല്‍ ഇബ്ല്‍ എന്ന പുസ്തകത്തില്‍ വായിക്കാം.
വ്യക്തികള്‍ക്ക് അമിതമായ വിശുദ്ധി കല്‍പിച്ചരുളുന്ന രീതി മതമേഖലയില്‍ കാണപ്പെടുന്നുണ്ട്. ഉദാഹരണമായി, ആദരണീയനായ നാസ്വിറുദ്ദീന്‍ അല്‍ബാനിയെ തഖ്ദീസ് ചെയ്യുന്ന സമീപനം ചിലരെങ്കിലും സ്വീകരിക്കുന്നുണ്ടല്ലോ?
ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി ആദരണീയനായ ഹദീസ് പണ്ഡിതനാണ്. ഹദീസ് വിജ്ഞാന മേഖല സ്തംഭനാവസ്ഥയില്‍ നിന്ന നീണ്ടകാലത്തിനു ശേഷം അതിന് പുനരുജ്ജീവനം നല്‍കിയതില്‍ ശൈഖ് അല്‍ബാനി വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിനു പുറമെ ശൈഖ് അഹ്മദ് ശാകിര്‍, ശൈഖ് അബ്ദുര്‍റഹ്മാന്‍ മുഅല്ലിമി തുടങ്ങിയ പ്രഗത്ഭരെയും കാണാം. ഇവരെല്ലാം എനിക്കും പ്രചോദനമായിട്ടുണ്ട്. ഇവരുടെ മഹത്തായ സേവനങ്ങളെ നാം അംഗീകരിക്കണം. അതേസമയം, തെറ്റു പറ്റാത്ത വിശുദ്ധരായി ഇവരെ കാണുന്നത് ശരിയല്ല. ഇമാം ബുഖാരിക്ക് മുമ്പില്‍, നാസ്വിറുദ്ദീന്‍ അല്‍ബാനി തീരെ ചെറിയ ആളാണ്. അല്‍ബാനിക്കും പിഴവുകള്‍ സംഭവിക്കാം, സംഭവിച്ചിട്ടുമുണ്ട്. അത് നാം നിരൂപണം ചെയ്യണം.
'എന്റെ അഭിപ്രായം ശരിയാണ്. അത് തെറ്റാകാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുടെ അഭിപ്രായം തെറ്റാണ്. അത് ശരിയാകാന്‍ സാധ്യതയുണ്ട്' എന്നതാണ് ശരിയായ നിലപാടെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടല്ലോ. ഇത് നാമെല്ലാം മനസ്സിലാക്കേണ്ടതാണ്. അതുകൊണ്ട് പൂര്‍ണമായും ശരിയാണെന്ന് ആരെക്കുറിച്ചും പറയാന്‍ പാടില്ല. ആരെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തരുത്. അങ്ങനെ ഉയര്‍ത്തുമ്പോഴാണ് അത്തരം വ്യക്തികളെ കേന്ദ്രീകരിച്ച് ഓരോ സംഘങ്ങള്‍, ഓരോ തുരുത്തുകള്‍ രൂപപ്പെടുന്നത്. തെറ്റായ പ്രവണതയാണിത്. അത്തരം വ്യക്തികേന്ദ്രീകൃത ഗ്രൂപ്പുകള്‍ ശരിയല്ലാത്ത പല നിലപാടുകളിലേക്കും നീങ്ങുന്നു. വ്യക്തികളെ അന്ധമായി അനുകരിക്കും, അയാള്‍ പറയുന്നതിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്താനും ചോദ്യങ്ങള്‍ ഉന്നയിക്കാനും പാടില്ലെന്നും വരും. സംശയങ്ങള്‍ ചോദിക്കുന്നവര്‍ നോട്ടപ്പുള്ളികളായി മാറും. അവരെ ഒറ്റപ്പെടുത്തും. ഇത്തരം ചില തെറ്റായ സമീപനങ്ങള്‍ ഇന്ന് നമ്മുടെ ദീനീ രംഗത്ത് കണ്ടുവരുന്നുണ്ട്. പണ്ഡിതന്മാരുടെ ശിഷ്യ ഗണങ്ങളുടെ നേതൃത്വത്തിലാണിത് നടക്കുന്നത്. അവര്‍ക്ക് നല്‍കപ്പെടുന്ന തെറ്റായ സംസ്കരണം (സൂഉത്തര്‍ബിയ്യ) ഇതിന് വലിയ അളവില്‍ കാരണമാകുന്നുണ്ട്. വ്യക്തിയിലാണ് സത്യം എന്ന ബോധം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാല്‍ നാം പിന്നെ എത്ര തന്നെ ശരി പറഞ്ഞാലും അത് അംഗീകരിക്കപ്പെടുകയില്ല. വിഷയത്തിനാണ് പ്രാധാന്യം, വ്യക്തിക്കല്ല. ഏതൊരാളുടെയും ആശയങ്ങളെ, കാഴ്ചപ്പാടുകളെ നിഷ്പക്ഷമായി നിരൂപണം ചെയ്തും ചിന്തിച്ചും മാത്രമേ നാം സ്വീകരിക്കാവൂ.
ഈജിപ്തിലും സുഊദിയിലും താങ്കള്‍ ജീവിച്ചിട്ടുണ്ട്. ഇസ്ലാമിക മണ്ഡലത്തിലെ രണ്ട് വ്യത്യസ്ത സമീപന രീതികളാണല്ലോ ഇരു രാഷ്ട്രങ്ങളിലും നിലനില്‍ക്കുന്നത്...?
സുഊദി അറേബ്യയിലെ ദീനീ രംഗത്ത് പൊതുവെ നിലനില്‍ക്കുന്നത് മുഹമ്മദുബ്നു അബ്ദില്‍ വഹാബിന്റെ ചിന്താധാരയാണ്. ഈജിപ്തില്‍, അവസ്ഥ വ്യത്യസ്തമാണ്. അവിടെ തഖ്ലീദിന്റെയും സൂഫിസത്തിന്റെയും അശ്അരിയ്യത്തിന്റെയും സ്വാധീനമുണ്ട്. സുഊദിയില്‍ സൂഫിസത്തിന്റെ സ്വാധീനം ഇല്ലെന്നു തന്നെ പറയാം. എന്നാല്‍, അല്‍ അസ്ഹറില്‍ നിന്നുള്ളവരും അല്ലാത്തവരുമായ ഈജിപ്ഷ്യന്‍ പണ്ഡിതന്മാര്‍ ധാരാളമായി സുഊദി യൂനിവേഴ്സിറ്റികളില്‍ അധ്യാപകരായിട്ടുണ്ട്.
മുഹമ്മദുബ്നു അബ്ദില്‍ വഹാബ് ഇസ്ലാമിന് ഒരു ഘട്ടത്തില്‍ വലിയ സേവനമാണ് ചെയ്തിട്ടുള്ളത്. അദ്ദേഹം രംഗത്ത് വരുന്ന കാലത്തെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചു നോക്കൂ. അതങ്ങനെ തന്നെ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് മക്കയുടെയും മദീനയുടെയും അവസ്ഥ എന്താകുമായിരുന്നു. വീഴ്ചകളുണ്ടാകാം. പിന്നീട് വന്നവരില്‍നിന്ന് ശരിയല്ലാത്ത ചില നിലപാടുകളുണ്ടായിട്ടുണ്ടാകും. അതൊന്നും മുഹമ്മദുബ്നു അബ്ദില്‍ വഹാബിന്റെ സേവനം ഇകഴ്ത്താന്‍ കാരണമാകരുത്. പാകപ്പിഴവുകളുടെ പേരില്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. തെറ്റു സംഭവിച്ചതിന്റെ പേരില്‍ നാം ആരെയും ക്രൂശിക്കരുത്. ആളുകളുടെ ശരികള്‍ കാണുക, നന്മകള്‍ പ്രോത്സാഹിപ്പിക്കുക. തെറ്റുകള്‍ പൊറുത്തുകൊടുക്കുക. ഉദ്ദേശ്യം നന്നാകണം. ആത്മാര്‍ഥത വേണം. എങ്കില്‍ മുന്നോട്ടുള്ള വഴികള്‍ അല്ലാഹു കാണിച്ചുതരും. ഒരു വഴിയല്ല, ഒരുപാട് വഴികള്‍. ഇത് ഖുര്‍ആന്‍ തന്നെ പഠിപ്പിച്ചുതരുന്നതാണല്ലോ.
(അവസാനിച്ചു)
Comments