സീനായിലേത് ഇസ്രയേല്‍ ഓപ്പറേഷന്‍
ഗസ്സയോട് ചേര്‍ന്നുള്ള റഫാ അതിര്‍ത്തിയില്‍ പതിനാറ് ഈജിപ്ഷ്യന്‍ പട്ടാളക്കാര്‍ വധിക്കപ്പെട്ടത് വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമായിരുന്നല്ലോ. സലഫിയ്യ ജിഹാദിയ്യ എന്ന സംഘടനയാണ് ഇതിന് പിന്നിലെന്നായിരുന്നു തുടക്കത്തില്‍ ആരോപണം. എന്നാല്‍ തങ്ങള്‍ക്ക് ഈ കുറ്റകൃത്യത്തില്‍ ഒരു പങ്കുമില്ലെന്ന് അവര്‍ ഉറപ്പായും പറഞ്ഞു. യഥാര്‍ഥത്തില്‍ ഇത്തരമൊരു ആക്രമണം ആസൂത്രണം ചെയ്തതുകൊണ്ട് ഈ സംഘടനക്ക് ഒന്നും നേടാനില്ല. പിന്നെ ഹമാസിന് നേര്‍ക്കായി സംശയാലുക്കളുടെ നോട്ടം. പുതിയ സാഹചര്യത്തില്‍ അത്തരമൊരു ആക്രമണം ഹമാസിനെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരമാണെന്ന് ആര്‍ക്കാണറിയാത്തത്! എങ്ങനെ നോക്കിയാലും ഈ ആക്രമണം സംഘടിപ്പിക്കുന്നതിലൂടെ നേട്ടം കൊയ്യാനാവുക ഒരൊറ്റ ശക്തിക്ക് മാത്രമാണ് - ഇസ്രയേലിന് മാത്രം! അതിന് എനിക്ക് നിരത്താനുള്ള ന്യായങ്ങള്‍:
ഈജിപ്ഷ്യന്‍ പട്ടാളക്കാരെ വധിച്ചതിലൂടെ മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത്, പുഷ്ടിപ്പെട്ട്‌വരുന്ന ഈജിപ്ത്-ഗസ്സ സൗഹൃദം തകര്‍ക്കുക എന്നതാണ്. ആശയപരമായി യോജിപ്പുള്ളവരാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളിലും അധികാരത്തിലുള്ളത്. റഫാ അതിര്‍ത്തി തുറന്നു കൊടുക്കുന്നത് സംബന്ധിച്ച് ഗസ്സ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യയുമായും ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. മുബാറക് ഭരണത്തില്‍ ഇത്തരം ചര്‍ച്ചകള്‍ പോലും വിലക്കപ്പെട്ടിരുന്നു.
ആക്രമണമുണ്ടായ ഉടനെ മീഡിയ ഒന്നടങ്കം ഫലസ്തീനികള്‍ക്കെതിരെ തിരിഞ്ഞതും അവര്‍ക്ക് സീനായില്‍ നിഗൂഢ താല്‍പ്പര്യങ്ങളുണ്ടെന്ന് പ്രചരിപ്പിച്ചതും ഓര്‍ക്കുക. റഫാ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കണമെന്നും ഗസ്സ ഉപരോധം കുറ്റമറ്റതാക്കണമെന്നും വഴിയെ മുറവിളി ഉയര്‍ന്നു.
ആക്രമണമുണ്ടായ ഉടനെ ഇസ്രയേലി മീഡിയ പറഞ്ഞുകൊണ്ടിരുന്നത് സീനായില്‍ ഈജിപ്തിന്റെ പിടി അയഞ്ഞുവെന്നും അത് 'ഭീകരന്‍മാരുടെ' താവളമായി മാറിക്കഴിഞ്ഞെന്നുമാണ്. 'സുരക്ഷ' ഉറപ്പാക്കാന്‍ ഇങ്ങോട്ട് അന്താരാഷ്ട്ര സൈന്യത്തെ കൊണ്ട് വരണമെന്ന് വ്യംഗ്യം.
പുതിയ ഈജിപ്ഷ്യന്‍ ഭരണകൂടത്തെ ഇസ്രയേലുമായി അടുപ്പിച്ച് നിര്‍ത്തുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കണം. ഇരു രാഷ്ട്രങ്ങളെയും 'ഭീകരര്‍' നോട്ടമിടുന്നു എന്ന ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ പ്രസ്താവനയില്‍ അതിന്റെ സൂചനകളുണ്ട്. മുബാറക് ഭരണത്തിന്റെ അതേ വിദേശനയം പിന്തുടരാന്‍ പുതിയ ഭരണകൂടത്തെയും നിര്‍ബന്ധിക്കുന്ന സാഹചര്യം സൃഷ്ടിക്കേണ്ടത് ഇസ്രയേലിന്റെ ആവശ്യമാണല്ലോ.
ഇസ്രയേലി നയതന്ത്ര വിദഗ്ധന്‍ റാമി അബ്ദലസ് ആഗസ്റ്റ് എട്ടിന് ഇക്കാര്യം അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തിരുന്നു. സംഭവത്തിലെ ഏക പ്രായോജകര്‍ ഇസ്രയേലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. യുക്തിസഹമായ വിശദീകരണവും ഇതുതന്നെ. യഥാര്‍ഥ തെളിവുകളും സാക്ഷ്യങ്ങളും വേറെയുമുണ്ട്. സംഭവം നടക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ്, സീനായില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും ഇസ്രയേലി ടൂറിസ്റ്റുകള്‍ ഉടന്‍ സീനായ് വിടണമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവം നടക്കുന്നതിന്റെ ഒരു ദിവസം മുമ്പ് ഇസ്രയേലിനെതിരെ 'ഭീകരകൃത്യ'ത്തിനൊരുങ്ങിയ ഏഴ് ഫലസ്ത്വീനികളുടെ പേരുകള്‍ അവരുടെ സുരക്ഷാ വിഭാഗം ഈജിപ്തിന് കൈമാറിയിരുന്നു. അതില്‍ രണ്ട് പേരെ ഇസ്രയേല്‍ വധിക്കുകയും ചെയ്തു. ഈജിപ്ഷ്യന്‍ പട്ടാളക്കാരെ വധിച്ച ശേഷം തട്ടിയെടുത്ത രണ്ട് കാറുകളില്‍ ഭീകരന്മാര്‍ അബൂസാലിം അതിര്‍ത്തി കവാടത്തിലേക്ക് നീങ്ങിയെന്നും അവിടെ വെച്ച് ഇസ്രയേലിന്റെ എഫ് 16 വിമാനങ്ങള്‍ അവരെ വെടിവെച്ച് വീഴ്ത്തിയെന്നുമാണ് ഇസ്രയേലി ഭാഷ്യം. ഇതൊക്കെയും നടക്കുന്നത് മിനുറ്റുകള്‍ക്കകം! ഭീകരരെ കാത്ത് വിമാനങ്ങള്‍ കുറെ മുമ്പ് അവിടെ വന്നുചേര്‍ന്നിട്ടുണ്ടാവണം! ആദ്യം സീനായില്‍ നിന്ന് ചിലരെ പിടികൂടി ഭീകര കൃത്യം നടത്തിക്കുക, എന്നിട്ട് അവരെ വകവരുത്തി സകല തെളിവുകളും നശിപ്പിക്കുക. സംഭവത്തിന്റെ തിരക്കഥ ഇങ്ങനെ നടന്നിരിക്കാനേ സാധ്യതയുള്ളൂ. ഇസ്രയേല്‍ ചാരശൃംഖലയുടെ പതിവുരീതികളിലൊന്നാണിത്.
മീഡിയയുടെ
'ഇഖ്‌വാന്‍വത്കരണം'
ഈജിപ്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു മുറവിളി 'മീഡിയയെ ആസകലം ഇഖ്‌വാന്‍വത്കരിക്കുന്നേ' എന്നതാണ്. മീഡിയക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും കടിഞ്ഞാണിടുകയാണത്രെ. അമ്പത് ദേശീയ പത്രങ്ങള്‍ക്ക് മജ്‌ലിസ് ശൂറ പുതിയ എഡിറ്റര്‍മാരെ നിശ്ചയിച്ചതാണ് ബഹളത്തിന് ഒരു കാരണം. രണ്ടാമത്തെ കാരണം ഒരു സാറ്റലൈറ്റ് ചാനലിന്റെ സംപ്രേഷണം നിര്‍ത്തിവെച്ചതും. മാധ്യമങ്ങളിലെ ബഹളം ആഴ്ചകളോളം നീണ്ടു. ആദ്യത്തെ പ്രശ്‌നത്തില്‍ വെടി ലക്ഷ്യം തൊട്ടില്ല. രാണ്ടാമത്തെ കാര്യത്തില്‍ പ്രശ്‌നം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങുകയും ചെയ്തു. മജ്‌ലിസ് ശൂറയില്‍ നിക്ഷിപ്തമാണ് പൊതുദേശീയ പത്രങ്ങളുടെ ഉടമസ്ഥത. അക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ശൂറയില്‍ പ്രത്യേക സമിതിയും ഉണ്ട്. മുന്‍കാലങ്ങളില്‍ മജ്‌ലിസ് ശൂറ ഏകാധിപതികളുടെ പിടിയിലായിരുന്നത് കൊണ്ട് അവരുടെ ആജ്ഞാനുവര്‍ത്തികളായി ഈ പത്രങ്ങള്‍ മാറി എന്നതാണ് സത്യം. അതിനാല്‍ നിയമപരമായി ഈ ഉടച്ചുവാര്‍ക്കലിനെ ചോദ്യം ചെയ്യാനാവില്ല.
ഇനി 'ഇഖ്‌വാന്‍ വത്കരിക്കുന്ന'തിനെക്കുറിച്ചാണെങ്കില്‍, ആ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല. പുറത്താക്കപ്പെട്ട എഡിറ്റര്‍മാരില്‍ ഭൂരിഭാഗവും മുന്‍ഭരണത്തോട് കൂറ് പുലര്‍ത്തുന്നവരാണ്. എന്നല്ല മുബാറക് ഭരണത്തിന്റെ ഭാഗം തന്നെയായിരുന്നു അവര്‍. സുരക്ഷാ വിഭാഗത്തിന്റെ അംഗീകാരത്തോടെയാണ് അവരെ ആ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചിരുന്നത്. അവരവിടെത്തന്നെ നില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ അത്തരക്കാര്‍ പുറത്താക്കപ്പെടുമ്പോള്‍ ഒച്ചവെക്കുന്നത് സ്വാഭാവികമാണല്ലോ.
പുതിയ എഡിറ്റര്‍മാരെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡത്തെക്കുറിച്ച് എനിക്ക് ചില വിയോജിപ്പുകളുണ്ട്. തൊഴില്‍പരമായ മികവ് വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല എന്നതാണത്. മുന്‍കാലങ്ങളില്‍ അങ്ങനെ ഒരു പതിവേ ഇല്ലായിരുന്നല്ലോ. ഏതായാലും രഹസ്യ-സുരക്ഷാ പോലീസുകാര്‍ അല്ല ഇത്തവണ എഡിറ്റര്‍മാരെ നിശ്ചയിച്ചത് എന്ന മാറ്റം വെച്ച് നോക്കുമ്പോള്‍ ഈ വിമര്‍ശനം അത്ര സാരമുള്ളതല്ല. പുതുതായി നിയമിച്ച 241 പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് പോലും ഇഖ്‌വാന്‍ അംഗത്വമില്ല എന്നതാണ് നേര്. മാത്രമല്ല, ഇഖ്‌വാനോട് ശത്രുത പുലര്‍ത്തുന്നവരും അടച്ചുപൂട്ടിയ ചാനലില്‍ പറ്റുകാരായിരുന്നവര്‍ പോലും അക്കൂട്ടത്തിലുണ്ട്.
തെറ്റായ നടത്തിപ്പാണ് ചാനല്‍ പൂട്ടുന്നതിലേക്ക് നയിച്ചത്. അഭിപ്രായ സ്വാതന്ത്ര്യവുമായി അതിന് ബന്ധമില്ല. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെതിരെ ഭീരു, അമേരിക്കന്‍ ചാരന്‍ എന്നൊക്കെയാണ് ആ ചാനല്‍ ആക്രോശിച്ചുകൊണ്ടിരുന്നത്. പ്രസിഡന്റിന്റെ രക്തം ചിന്തുന്നതിലും ചാനല്‍ എഡിറ്റര്‍ തെറ്റ് കാണുന്നില്ല. അതില്‍ വന്ന ചില തലക്കെട്ടുകള്‍ പറയാന്‍ കൊള്ളാത്തതാണ്. വിപ്ലവത്തോട് പുറംതിരിഞ്ഞ് നിന്ന പത്രങ്ങള്‍ ഇതൊക്കെ എടുത്ത് കാട്ടി ജനങ്ങളെ ഇളക്കിവിടുകയും വഴിതെറ്റിക്കുകയുമാണ്.
Comments