Prabodhanm Weekly

Pages

Search

2023 ഡിസംബർ 01

3329

1445 ജമാദുൽ അവ്വൽ 17

ഉയർച്ചയുടെ രണ്ട് കാരണങ്ങൾ; തകർച്ചയുടെയും

നൗഷാദ് ചേനപ്പാടി

عَنْ عَبْدِ الله بْنِ عَمْرو  رَضِي اللهُ عَنْه قَالَ : قَالَ رَسُولُ اللهِ صَلّى الله عَلَيْه وَسَلَّم : صَلَاحُ أَوَّلِ هَذِهِ الْأُمَّةِ بِالْيَقِينِ  وَ الزُّهْدِ وَ يَهْلِكُ آخِرُهَا بِالْبُخْلِ وَ الْأَمَلِ (سلسلة الأحاديث الصحيحة للشيخ الألباني : ٣٤٢٧)

 

അബ്ദുല്ലാഹി ബ്്നു അംറി(റ)ൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
ഈ ഉമ്മത്തിന്റെ തുടക്കം ഗുണമേന്മയുള്ളതായത് അടിയുറച്ച വിശ്വാസ(യഖീൻ)ത്താലും ഭൗതിക വിരക്തി(സുഹ്ദ് )യാലുമാണ്.  അതിന്റെ ഒടുക്കം നാശം പിടികൂടുക പിശുക്ക് കൊണ്ടും 
ഒടുങ്ങാത്ത പ്രതീക്ഷ കൊണ്ടുമായിരിക്കും.  (ശൈഖ് അൽബാനി (റ) സിൽസിലത്തുൽ 
അഹാദീസിസ്സഹീഹയിൽ 3437- നമ്പറായി ഉദ്ധരിച്ച ഹദീസ് ).

 

ഖീൻ അഥവാ ദൃഢബോധ്യമുള്ള വിശ്വാസത്തിന് മൂന്നു പടികളുള്ളതായി ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. ഇൽമുൽ യഖീൻ, ഐനുൽ യഖീൻ, ഹഖുൽ യഖീൻ.

നബിയോടൊപ്പമുണ്ടായിരുന്ന ആദ്യ കാല അനുയായികൾ യഖീനിന്റെ ഈ മൂന്നാമത് പറഞ്ഞ ഹഖുൽ യഖീൻ എന്ന തലത്തിലാണ് ഉണ്ടായിരുന്നതെന്ന് അവരുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടാണ് അവർക്ക് വലിയ വിജയങ്ങൾ എത്തിപ്പിടിക്കാനായത്.

ഒരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം: നബി (സ) ഹാരിസുബ്്നു മാലിക് (റ) എന്ന തന്റെ അനുചരനോട്   ചോദിച്ചു: كَيْفَ أَصْبَحْتَ يَا حَارِث؟ (എങ്ങനെയായിരുന്നു ഹാരിസേ, താങ്കളുടെ പ്രഭാതം?). അപ്പോൾ അദ്ദേഹം പറഞ്ഞു: أَصْبَحْتُ مُؤْمِنا بِالله حَقّا حَقّا  (ഞാൻ വളരെ യഥാതഥം അല്ലാഹുവിൽ വിശ്വസിച്ചുകൊണ്ടാണ് എന്റെ പ്രഭാതം കഴിഞ്ഞുപോയത്).

എന്തുകൊണ്ടാണ് حَقّا എന്ന് പറഞ്ഞതെന്ന് അവിടുന്ന്  ചോദിച്ചപ്പോൾ ഹാരിസ് (റ) പറഞ്ഞു:
 عَزَفْتُ نَفْسِي عَن الدُّنْيَا فَاسْتَوى عِنْدِي ذَهَبُهَا وَ مُدْرُهَا كَأَنّي أَنْظرُ  إِلَى  أَهْلِ الْجَنَّة يُنْعَمُونَ وَ إِلَى أَهْل النَّارِ مِنَ النَّار  يُعَذَّبُون
(ഈ ദുൻയാ ജീവിതത്തിൽനിന്ന് ഞാൻ സ്വയം വിരക്തനായി. അപ്പോൾ അതിലെ സ്വർണവും മണ്ണും എനിക്ക് തുല്യമായിത്തീർന്നു. ഞാൻ സ്വർഗത്തിലേക്ക് 'നോക്കിയപ്പോൾ' സ്വർഗവാസികൾ സുഖത്തിലാറാടുന്നതായും നരകത്തിലേക്ക്  'നോക്കിയപ്പോൾ' അവരതിൽ ശിക്ഷിക്കപ്പെടുന്നതായും ഞാൻ കാണുന്നതു പോലെ എനിക്കനുഭവപ്പെട്ടു).

അപ്പോൾ നബി (സ) പറഞ്ഞു: നീ യഥാർഥ ജ്ഞാനിയായിരിക്കുന്നു; അതിലുറച്ചു നിൽക്കുക. ഇതേ ആശയം വരുന്ന വേറെയും നിവേദനങ്ങളുണ്ട്. ചില റിപ്പോർട്ടുകളിൽ പദ വ്യത്യാസം ഉണ്ട്.
രണ്ടാമതായി പറഞ്ഞ ഗുണം ഈ യഖീൻ മൂലം ഉണ്ടായിത്തീരുന്ന  സുഹ്ദ് ആണ്. സുഹ്ദിന്റെ വിവക്ഷ ഇങ്ങനെ പറയാം: ഈ ദുൻയാ ജീവിതത്തിന് മുൻഗണന കൊടുക്കാതെ അതിൽ സ്വതവേ വിരക്തനായി പരലോക ജീവിതത്തിന് മുൻഗണന നൽകി ജീവിക്കുക. ഇസ് ലാമിലെ ആദ്യകാല തലമുറകളുടെ ജീവിതം ഇങ്ങനെയുള്ളതായിരുന്നു. ഭൗതികമായ എല്ലാ തരം ആസക്തികളിൽനിന്നും അവർ മുക്തരായിരുന്നതുകൊണ്ട് കൂടിയാണ് ഇസ് ലാമിനു വേണ്ടി വലിയ സേവനങ്ങൾ ചെയ്യാൻ അവർക്ക് സാധിച്ചത്.

മുസ് ലിം ഉമ്മത്തിന്റെ അധഃപതനത്തിന്റെയും നാശത്തിന്റെയും  മൗലിക കാരണങ്ങളാണ് ഹദീസിൽ രണ്ടാമത് പറയുന്നത്.  കടുത്ത പിശുക്കും ഒരുപാടു നാൾ ഇവിടെ ജീവിക്കാമെന്നുള്ള പ്രതീക്ഷയുമാണ് അവ. താൻ ഒരുപാടു കാലം ജീവിക്കുമെന്ന് വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നയാൾ പലതരം ഭൗതിക സ്വപ്നങ്ങളുമായി നെട്ടോട്ടത്തിലായിരിക്കും. ആ സ്വപ്നങ്ങളുടെ സാക്ഷാൽക്കാരത്തിനു വേണ്ടിയാവും അയാൾ തന്റെ പണം ചെലവഴിക്കുക. സകാത്ത് കൊടുക്കാൻ അയാൾ വിമുഖത കാണിക്കും. അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാതെ പണം പിശുക്കിവെക്കും. മുസ് ലിം ഉമ്മത്ത് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾപോലും നിവർത്തിക്കാനാവാതെ നെട്ടോട്ടമോടുമ്പോൾ അവർക്കും കൂടി അവകാശപ്പെട്ട സമ്പത്ത് ചെലവഴിക്കാതെ കെട്ടിപ്പൂട്ടിവെച്ച് താന്തോന്നിയായി ജീവിക്കുന്നതാണ് മുസ് ലിം സമുദായത്തിന്റെ നാശകാരണങ്ങളിലൊന്ന് എന്ന് കണ്ടെത്താൻ പ്രയാസമില്ല. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 04
ടി.കെ ഉബൈദ്