Prabodhanm Weekly

Pages

Search

2023 ഡിസംബർ 01

3329

1445 ജമാദുൽ അവ്വൽ 17

ക്രൈസ്തവ സയണിസത്തിന്റെ ദൈവശാസ്ത്രം

ഡോ. നൈനാന്‍ കോശി

ക്രൈസ്തവ സയണിസം എന്ന പദപ്രയോഗം കേരളത്തില്‍ വളരെ പരിചിതമാണെന്നു തോന്നുന്നില്ല. പശ്ചിമേഷ്യയിലെ രാഷ്ട്രീയവും യുദ്ധങ്ങളും കാതലായ ഇസ്രയേല്‍-ഫലസ്ത്വീന്‍ പ്രശ്‌നവുമൊക്കെ മനസ്സിലാക്കാന്‍ ക്രൈസ്തവ സയണിസത്തെപ്പറ്റിയുള്ള അറിവ് അനുപേക്ഷണീയമാണ്. അത്തരം അറിവ് പകര്‍ന്നു തരുന്നുവെന്നതു തന്നെയാണ് ശ്രീ അശ്‌റഫ് ഈ കൃതിയിലൂടെ നല്‍കുന്ന വിലയേറിയ സംഭാവന.

ഏതാണ്ട് കാല്‍നൂറ്റാണ്ടത്തെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായ ഈ ഗ്രന്ഥം പ്രതിഫലിപ്പിക്കുന്നത് വിവിധ വിഷയങ്ങളിലുള്ള ഗ്രന്ഥകാരന്റെ ആഴമേറിയ പരിജ്ഞാനമാണ്. ആധുനികവും പുരാതനവുമായ മതേതരവും മതപരവുമായ ചരിത്രം, സാമ്രാജ്യത്വ പദ്ധതികള്‍, അമേരിക്കന്‍ വിദേശനയം, പശ്ചിമേഷ്യന്‍ രാഷ്ട്രീയം, ബൈബിള്‍, ഖുര്‍ആന്‍ എന്നീ മേഖലകളിലെല്ലാം ശ്രീ അശ്‌റഫ് വെളിച്ചം നല്‍കുന്നു. ഇവയുടെ പശ്ചാത്തലത്തിലുള്ള സൂക്ഷ്മതയോടുകൂടിയ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീ അശ്‌റഫ് ക്രൈസ്തവ സയണിസത്തെ വിലയിരുത്തുന്നത്.
ക്രൈസ്തവ സയണിസത്തില്‍ കുറെ അറിവുണ്ടെന്ന് എനിക്ക് അവകാശപ്പെടാമെങ്കിലും, ആ അറിവിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പുതിയൊരു തലത്തിലെത്താന്‍  ഈ പുസ്തകം എന്നെ സഹായിച്ചു. ഈ വിഷയത്തെപ്പറ്റി ഇത്രയും സമഗ്രമായി പ്രതിപാദിക്കുന്ന കൃതികള്‍ ഇംഗ്ലീഷിലും വിരളമാണ്.

ക്രൈസ്തവ സയണിസത്തിന്റെ എല്ലാ മാനങ്ങളും ശ്രീ അശ്‌റഫ് ഈ കൃതിയില്‍ വിശകലനം ചെയ്യുന്നു. ക്രൈസ്തവ സയണിസം ബൈബിളിലെ ചില ഭാഗങ്ങളുടെ സാമ്രാജ്യത്വപരമായ (ദുര്‍) വ്യാഖ്യാനമാണ്. അത് ഇസ്രയേലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇസ്രയേലിന്റെ രൂപവത്കരണത്തിലും ആ രാഷ്ട്രത്തിന്റെ അതിക്രൂരമായ അധിനിവേശങ്ങളുടെ നീതീകരണത്തിലും ഇസ്രയേലിനു പിന്തുണ തേടുന്നതിലുമെല്ലാം ക്രൈസ്തവ സയണിസത്തിന്റെ ദൈവശാസ്ത്രമുണ്ട്.

അത് രക്തദാഹത്തിന്റെ പ്രത്യയശാസ്ത്രമാണെന്ന് ശ്രീ അശ്‌റഫ് സ്ഥാപിക്കുന്നു. ക്രൈസ്തവ സയണിസം അമേരിക്കന്‍ വിദേശനയത്തില്‍ പ്രത്യക്ഷമായ സ്വാധീനം ചെലുത്തുന്നു. അമേരിക്കയുടെ സാമ്രാജ്യത്വ പദ്ധതികളെ പിന്താങ്ങുന്നു. ഇസ്രയേലും  അപ്പാര്‍ത്തീഡ് കാലത്തെ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സാധര്‍മ്യം ശ്രീ അശ്‌റഫ് എടുത്തുകാട്ടുന്നു. സയണിസം ആധുനിക ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്നും ഇസ്രയേല്‍ ഒരു വംശീയ കൊളോണിയല്‍ രാഷ്ട്രമാണെന്നുമുള്ള ശ്രീ അശ്‌റഫിന്റെ നിഗമനങ്ങള്‍ പൂര്‍ണമായും ശരിയാണ്.

മത-വംശീയ-ദേശീയതയുടെ വിളംബരമായിരുന്നു ഇസ്രയേല്‍ രാഷ്ട്രത്തിന്റെ സ്ഥാപനം. ആ നിലയില്‍ ആരൊക്കെ, എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും, ആ രാഷ്ട്രത്തിന്റെ സ്വഭാവം ജനാധിപത്യ വിരുദ്ധമാണ്. മുസ്‌ലിം രാജ്യങ്ങളില്‍ ജനാധിപത്യം സാധ്യമല്ലെന്നും പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ രാഷ്ട്രം ഇസ്രയേലാണെന്നുമുള്ള സങ്കല്‍പത്തിലാണ് പശ്ചിമേഷ്യയെ സംബന്ധിച്ചേടത്തോളം പാശ്ചാത്യ രാഷ്ട്രങ്ങളുടെ നയം. ഇസ്‌ലാം ജനാധിപത്യ വിരുദ്ധമാണെന്ന സിദ്ധാന്തമാണ് ഇതിന്റെ പിന്നില്‍.

ചരിത്രം പരിശോധിച്ചാല്‍, പശ്ചിമേഷ്യയില്‍ മതേതര ജനാധിപത്യ സാധ്യതകളെ  തകര്‍ത്തത് ഇസ്രയേലിന്റെ രൂപവത്കരണമാണെന്നു കാണാം. രണ്ടാം ലോക യുദ്ധത്തിന് മുമ്പ് പശ്ചിമേഷ്യയില്‍ ഒരു മതേതര പ്രസ്ഥാനമുണ്ടായിരുന്നു: മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരുമടങ്ങിയ ബാത്ത് പ്രസ്ഥാനമായിരുന്നു അത്.

പശ്ചിമേഷ്യയുടെ മണ്ണില്‍ മതാടിസ്ഥാനത്തിലുള്ള ഭരണകൂടങ്ങള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും ജൂതമതത്തിന് പശ്ചിമേഷ്യയില്‍ ഒരു പ്രത്യേക പദവിയുണ്ടെന്നുമായിരുന്നു അവകാശവാദം. ഇതിന്റെ പിന്നില്‍ സജീവമായുണ്ടായിരുന്നത് ക്രൈസ്തവ സയണിസമാണ്.

2011 സെപ്റ്റംബര്‍ 11-നു ശേഷമാണ് ഇസ്‌ലാമോഫോബിയ വാഷിങ്ടണിന്റെ ഔദ്യോഗിക നയമായതെന്നു പറയാമെങ്കിലും ശീത സമരം അവസാനിച്ചപ്പോള്‍ തന്നെ ഇതിനു ബോധപൂര്‍വം രൂപം നല്‍കിയിരുന്നു. സോവിയറ്റ് യൂനിയന്റെ തിരോധാനത്തെത്തുടര്‍ന്ന് അതുവരെയുണ്ടായിരുന്ന കമ്യൂണിസമെന്ന ശത്രു അപ്രത്യക്ഷമായി. പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്ക് പുതിയൊരു ശത്രുവിനെ ആവശ്യമായിത്തീര്‍ന്നു. കമ്യൂണിസം വിടവാങ്ങിയ വേദിയില്‍ അവര്‍ ഇസ്‌ലാമിനെ പ്രതിഷ്ഠിച്ചു.
ശ്രീ അശ്‌റഫ് രാഷ്ട്ര ഭീകരവാദത്തിന്റെ വേരുകള്‍ തേടുന്നുണ്ട്. മുസ്‌ലിംകളെല്ലാം ഭീകരവാദികളാണെന്ന ചില ക്രൈസ്തവ സയണിസ്റ്റ് നേതാക്കളുടെ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍  ഇതു വളരെ പ്രസക്തമാണ്.

ഭീകരവാദം, അവരുടേതും നമ്മുടേതും എന്ന വിഷയത്തെപ്പറ്റി പ്രമുഖ പാകിസ്താനി ചിന്തകന്‍ ഇക്ബാല്‍ അഹമ്മദ് കോളറാഡോ സര്‍വകലാശാലയില്‍ 1998 ഒക്‌ടോബര്‍ 12-ാം തീയതി ചെയ്ത പ്രസംഗം ശ്രദ്ധേയമായിരുന്നു; ഇന്നും അത് പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു:

1930-കളിലും 1940-കളിലും ഫലസ്ത്വീനിലെ ജൂതപ്പോരാളികളെ ഭീകരവാദികളെന്നു വിളിച്ചു. പിന്നീട് ഒത്തിരി സംഭവങ്ങളുണ്ടായി. 1942 ആയപ്പോഴേക്കും ഹിറ്റ്‌ലര്‍ ജൂതന്മാരുടെ വംശനാശം വരുത്താന്‍ നടത്തിയ ശ്രമങ്ങള്‍ ജൂത ജനതയോട് പാശ്ചാത്യ രാഷ്ട്രങ്ങളില്‍ സഹാനുഭൂതി ഉണ്ടാക്കി. ഭീകരവാദികള്‍ ആയിരുന്ന സയണിസ്റ്റുകള്‍ അപ്പോള്‍ പെട്ടെന്ന് സ്വാതന്ത്ര്യ ഭടന്മാരായിത്തീര്‍ന്നു. മെനാക്കിം ബെഗിന്‍ ഉള്‍പ്പെടെയുള്ള രണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രിമാര്‍ ബ്രിട്ടന്‍ ഒരു കാലത്ത് ഭീകരവാദികളെന്നു മുദ്രകുത്തിയവരാണ്. അവരെ പിടികൂടി ബ്രിട്ടീഷ് അധികാരികളെ ഏല്‍പിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നുള്ള വാഗ്ദാനങ്ങളും ഉണ്ടായിരുന്നു. എന്റെ ശ്രദ്ധയില്‍പ്പെട്ട ഏറ്റവും വലിയ പ്രതിഫലം മെനാക്കിം ബെഗിന്റെ തലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു ലക്ഷം പൗണ്ടാണ്. അവിടെയാണ് ഭീകരവാദത്തെ രാഷ്ട്രീയായുധമായി ഉപയോഗിക്കുന്നതിന്റെ തുടക്കം. ഇന്ന് രാഷ്ട്ര ഭീകരവാദമെന്നത് ഇസ്രയേലിന്റെ നയമാണ്.

ശ്രീ അശ്‌റഫ് പരിശോധിക്കുന്നത് ക്രൈസ്തവ സയണിസത്തിന്റെ ദൈവശാസ്ത്രമാണ്. ഈ ദൈവശാസ്ത്ര വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ സയണിസ്റ്റുകള്‍ ഇസ്രയേലിനു രാഷ്ട്രീയ പിന്തുണ നല്‍കുന്നത്. ക്രൈസ്തവ സയണിസ്റ്റുകളെന്ന് അറിയപ്പെടാത്ത ക്രിസ്ത്യാനികളെയും, വാഷിങ്ടണിലെ ഭരണാധികാരികളെ മുതല്‍ കേരളത്തിലെ സുവിശേഷ പ്രചാരകരെയും വരെ അതു  സ്വാധീനിക്കുന്നു.

മുഖ്യധാരാ ക്രിസ്തുമതം എന്ന് അറിയപ്പെടുന്നതില്‍, പഴയ-പുതിയ നിയമങ്ങളുടെ ഏറ്റവും വിദ്രോഹകമായ വക്രീകരണമാണ് ക്രൈസ്തവ സയണിസം. ഇത് പ്രധാനമായും മൂന്ന് പ്രമാണങ്ങളെയാണ് ആധാരമാക്കിയിട്ടുള്ളത്:

ഒന്ന്, ജൂതജനതക്ക് -അവര്‍ ജൂതവംശജരാണെന്ന ഒറ്റക്കാരണംകൊണ്ട്- നിത്യമായ ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ദൈവം എക്കാലത്തേക്കും, ഫലസ്ത്വീന്‍ ഭൂമിയുടെ പൂര്‍ണ ഉടമസ്ഥാവകാശം നല്‍കിയിരിക്കുന്നു.

രണ്ട്, പഴയ നിയമത്തില്‍ ദൈവം ജൂതജനതക്കു നല്‍കിയ വാഗ്ദാനത്തിന്റെ ഫലമായാണ്, ഇന്നത്തെ സയണിസ്റ്റ് രാഷ്ട്രമായ ഇസ്രയേല്‍ ജന്മമെടുത്തത്. അതുകൊണ്ട് സയണിസ്റ്റ് രാഷ്ട്രം പഴയ നിയമത്തിലെ ഇസ്രയേലുമായി നേരിട്ടു ബന്ധമുള്ളതും അതിന്റെ സുരക്ഷിതത്വം യേശുവിന്റെ രണ്ടാമത്തെ വരവിന്റെ അനിഷേധ്യമായ നിമിത്തവുമാണ്.

മൂന്ന്, ഇപ്പോഴത്തെ സയണിസ്റ്റ് ഇസ്രയേല്‍ രാഷ്ട്രത്തെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ക്ക് ദിവ്യശാപം ലഭിക്കും; സയണിസ്റ്റുകളെ പിന്തുണക്കുന്നവര്‍ക്ക് ദിവ്യാനുഗ്രഹം ഉണ്ടാകും.
ഈ വ്യാഖ്യാനങ്ങള്‍ക്ക് ഓര്‍ത്തഡോക്‌സ് ജൂതമതത്തിന്റെ പാഠ്യങ്ങളിലോ മുഖ്യധാരാ ക്രിസ്തീയ ചിന്തയിലോ ഒരടിസ്ഥാനവുമില്ല.  വളച്ചൊടിക്കലിന്റെയും അര്‍ധ സത്യത്തിന്റെയും, ബൈബിളിന്റെ മനക്ഷോഭമുണ്ടാക്കത്തക്ക വിധമുള്ള അതിലളിതവത്കരണത്തിന്റെയും ഫലമാണ് ക്രൈസ്തവ സയണിസം.

l
(വി.എ മുഹമ്മദ് അശ്റഫ് എഴുതി, ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ക്രൈസ്തവ സയണിസം - അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രം' എന്ന പുസ്തകത്തിന്റെ അവതാരികയിൽ നിന്ന്. നൈനാൻ കോശി 2015-ൽ മരണപ്പെട്ടു). 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 04
ടി.കെ ഉബൈദ്