Prabodhanm Weekly

Pages

Search

2023 ഡിസംബർ 01

3329

1445 ജമാദുൽ അവ്വൽ 17

ഇവാഞ്ചലിസത്തിന്റെ മലയാള പരിസരം

ബശീർ ഉളിയിൽ

2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് ശേഷമാണ് ക്രൈസ്തവ സയണിസവും അതിന്റെ ഭാരതീയ പകർപ്പായ സംഘ് പരിവാറും ചേർന്ന്, ലോകത്ത് എവിടെ ഭീകരാക്രമണം നടന്നാലും പ്രതിസ്ഥാനത്ത് ഇസ് ലാമിനെ പ്രതിഷ്ഠിച്ച് 'ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ' എന്ന ചൊല്ലിനെ ആഗോളവത്കരിക്കുകയും 'എല്ലാ മുസ് ലിംകളും തീവ്രവാദികളല്ല; എല്ലാ തീവ്രവാദികളും മുസ് ലിംകളാണ്' എന്ന ലോകോക്തി നിർമിച്ചെടുക്കുകയും ചെയ്തത്. അതുകൊണ്ടാണ്, യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ പ്രസിദ്ധീകരിച്ച 1980 മുതലുള്ള 35 വർഷത്തെ തീവ്രവാദി ആക്രമണങ്ങളുടെ കണക്ക് പ്രകാരം 94 ശതമാനം ഭീകരാക്രമണങ്ങളും നടത്തിയത് മുസ് ലിംകള്‍ അല്ലാതിരുന്നിട്ടും ലോകത്തിന്റെ പൊതുബോധത്തില്‍ ഈ തീവ്രവാദ യുക്തി തന്നെ നിലനിൽക്കുന്നത്. പിടിക്കപ്പെടുന്ന ഭീകരവാദികള്‍ അറബി നാമധാരികളാണെങ്കില്‍ അവരെ ഇസ് ലാമുമായും മറിച്ചാണെങ്കില്‍ മനോരോഗവുമായും ബന്ധിപ്പിക്കുന്ന 'ടെക്‌നിക്ക്' ആഗോള തലത്തില്‍ തന്നെ  രൂപപ്പെട്ടു.  അതുകൊണ്ടാണ് ഹമാസ് - ഇസ്രായേല്‍ സംഘർഷം തുടങ്ങി മൂന്നാഴ്ച പിന്നിട്ടപ്പോള്‍ കേരളത്തില്‍ നടന്ന ഒരു ഭീകരാക്രമണം ഞൊടിയിടയില്‍ 'ഇസ് ലാമീകരിക്ക'പ്പെടുകയും, പ്രതി ക്രൈസ്തവ സയണിസ്റ്റ് ആശയങ്ങളുള്ള ആളാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അയാളുടെ ആശയാടിത്തറ  മാന്താന്‍ ആരും മുതിരാതിരുന്നതും, അര ഡസന്‍ നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടും കളമശ്ശേരി ഭീകരാക്രമണത്തിനു മൂവാറ്റുപുഴ 'കൈവെട്ടി'ന്റെ 'റീച്ച്' കിട്ടാതിരുന്നതും.

'ഹിന്ദുത്വ' എന്ന ഹിന്ദു ദേശീയതയെ പ്രതിനിധാനം ചെയ്യുന്ന ആര്‍.എസ്.എസും ജൂത വംശീയ ദേശീയത ഉയർത്തിപ്പിടിക്കുന്ന സയണിസവും തമ്മില്‍ പൊതുവായ ചില സാമ്യങ്ങളുണ്ട്. നിർമതരായിരിക്കെ തന്നെ വംശീയ ദേശീയത സ്ഥാപിക്കാന്‍ മതത്തെ ദുരുപയോഗം ചെയ്തവരാണ് രണ്ടിന്റെയും സ്ഥാപകര്‍ എന്നതു പോലെ തന്നെ ഇസ് ലാം വിരോധമാണ് രണ്ടിന്റെയും മുഖ്യ ചോദകം. ഹിന്ദു രാഷ്ട്രമെന്ന ആശയത്തിന്റെ വക്താവായ വി.ഡി സവർക്കറെ പോലെ യഹൂദരുടെ വാഗ്ദത്ത ഭൂമി യാഥാർഥ്യമാക്കാൻ സയണിസം സ്ഥാപിച്ച തിയോഡോര്‍ ഹെർസലും ദൈവവിശ്വാസികള്‍ ആയിരുന്നില്ല. ഒരു രാജ്യത്തെ ചില പൗരന്മാര്‍ എങ്ങനെ ജീവിക്കണം എന്നും മറ്റു ചിലര്‍ എങ്ങനെ മരിക്കണമെന്നും തീരുമാനിക്കുന്ന 'നെക്രോപൊളിറ്റിക്‌സ്' ആണ് രണ്ടിന്റെയും രാഷ്ട്രീയ നയം. 'ബ്രാഹ്മണിക വംശ വിശുദ്ധി' അവകാശപ്പെടുന്ന ഹിന്ദുത്വയെ  പോലെ 'തെരഞ്ഞെടുക്കപ്പെട്ട ജനത'യെന്ന വംശ വിശുദ്ധിയുടെ അഹംഭാരം പേറുന്നവരാണ് സയണിസ്റ്റുകള്‍.  സഹസ്രാബ്ദങ്ങളായുള്ള 'കൈയിലിരിപ്പ്' കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിന്നിച്ചിതറി ദുർബലരായ യഹൂദർക്ക് 'വാഗ്ദത്ത ഭൂമി' സ്വന്തമാക്കാന്‍ ശക്തമായ ഒരു രണ്ടാം കക്ഷിയുടെ സഹായം ആവശ്യമായിരുന്നു. അങ്ങനെയാണ് യഹൂദരെ വംശഹത്യ നടത്തിയ ക്രിസ്ത്യാനികളെ തന്നെ ഉപയോഗപ്പെടുത്തി മുള്ളിനെ മുള്ള് കൊണ്ടെടുക്കുന്ന വിദ്യ സയണിസം വികസിപ്പിച്ചെടുത്തത്. പതിനാറാം നൂറ്റാണ്ടില്‍ റോമന്‍ കത്തോലിക്ക സഭയില്‍നിന്ന് മത നവീകരണത്തിന്റെ പേരില്‍ വേർപ്പെടുകയും സത്യ വെളിപാടിന്റെ ഏകമാത്ര സ്രോതസ്സായി ബൈബിളിനെ അംഗീകരിക്കുകയും ചെയ്യുന്ന പ്രൊട്ടസ്റ്റന്റ് സഭയെ തന്നെ ഹൈജാക്ക് ചെയ്തുകൊണ്ടാണ് 'കർത്താവിനെ കുരിശിലേറ്റിയ'വര്‍ തന്നെ കുരിശ് വഹിച്ച് ക്രൈസ്തവതയെ കബളിപ്പിച്ചത്. അങ്ങനെയാണ് ക്രൈസ്തവ സയണിസം എന്ന പ്രത്യയശാസ്ത്രം പിറവിയെടുക്കുന്നത്. യേശുവിന്റെ കുരിശു മരണം, ഉയിർത്തെഴുന്നേൽപ്, രണ്ടാം വരവ് (പറൂസിയ) തുടങ്ങിയവയ്ക്ക് കാരണഭൂതങ്ങളായ യഹൂദികള്‍ ഇവാഞ്ചലിക്കല്‍ ദൈവശാസ്ത്രത്തിന്റെ വക്താക്കളായ 'ക്രൈസ്തവ സയണിസ'ത്തിന്റെ കണ്ണില്‍ പാപികളല്ല.  'രണ്ടാം തിരുവരവില്‍ ജെറൂസലേം കേന്ദ്രീകരിച്ചായിരിക്കും യേശു ഒരു സഹസ്രാബ്ദം ലോകം ഭരിക്കുക' എന്ന് വിശ്വസിക്കുന്ന ഇവാഞ്ചലിസ്റ്റുകൾക്ക്   ജൂതര്‍ മാത്രം വസിക്കുന്ന ഒരു വംശീയ രാഷ്ട്രം വിശ്വാസപരമായ അനിവാര്യതയായിത്തീരുന്നു. യഹൂദികള്‍ കാലാന്ത്യം വരെ 'ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത'യായി തുടരുമെന്നതാണ് ക്രൈസ്തവ സയണിസത്തിന്റെ അടിസ്ഥാന പ്രമേയങ്ങളിലൊന്ന്.  ക്രിസ്തുവിന്റെ തിരുവരവിനു മുമ്പ് സോളമന്റെ ദേവാലയം പുനര്‍ നിർമിക്കപ്പെടേണ്ടതുണ്ട്. മസ്ജിദുല്‍ അഖ്‌സ്വാ തകർക്കപ്പെടാതെ അത് സാധ്യവുമല്ല. ക്രൈസ്തവ സയണിസ്റ്റുകൾക്ക്  മേൽക്കൈ ഉള്ള അമേരിക്കയും പടിഞ്ഞാറന്‍ നാടുകളും ഇപ്പോള്‍ നടക്കുന്ന ഇസ്രായേല്‍ - ഹമാസ് ഏറ്റുമുട്ടലില്‍ നിരുപാധികം ഇസ്രായേല്‍ പക്ഷത്ത് നിൽക്കുന്നതിന്റെ കാരണം സാമ്പത്തികമോ രാഷ്ട്രീയമോ അല്ല, തീർത്തും  വിശ്വാസപരമാണ് എന്നർഥം. 

ആഗോള തലത്തില്‍ സയണിസവും, അമേരിക്കന്‍ പ്രസിഡന്റുമാരടക്കമുള്ള ലോകക്രമത്തിന്റെ നയരൂപ കർത്താക്കള്‍ അംഗങ്ങളായ  ഇവാഞ്ചലിസം എന്ന ക്രൈസ്തവ സയണിസവും ചേർന്ന് രൂപപ്പെടുത്തിയ കുറുമുന്നണിയുടെ മലയാള പരിസരം രൂപപ്പെട്ടതും 9/11-ന് ശേഷമായിരുന്നു. കൃത്യമായി പറഞ്ഞാല്‍, 'ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയൻസ് ഫോര്‍ സോഷ്യല്‍ ആക്്ഷൻ' അഥവാ 'കാസ' എന്ന കേരളീയ ക്രൈസ്തവ സയണിസം പിറവിയെടുക്കുന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും എക്കാലത്തെയും പ്രഖ്യാപിത ശത്രുവായിരുന്ന സദ്ദാം ഹുസൈന്റെ വധത്തോട് മതേതര കേരളം ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തിയപ്പോഴായിരുന്നു.

സദ്ദാമിനെ  ഇറാഖിലെ അമേരിക്കന്‍  പാവ ഗവൺമെന്റ് തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഒഴികെ സി.പി.എം, കോൺഗ്രസ്, മുസ് ലിം ലീഗ് അടക്കം മുഴുവന്‍ സംഘടനകളും 2006 ഡിസംബര്‍ 30-ന് കേരളത്തില്‍ ഹർത്താല്‍ പ്രഖ്യാപിച്ചിരുന്നു.  ഈ ഹർത്താല്‍ 2007 ജനുവരി 1-ന് നടക്കാനിരുന്ന കൊച്ചിന്‍ കാർണിവല്‍ എന്ന പുതുവത്സരാഘോഷങ്ങളുടെ നിറം കെടുത്തി എന്ന് ആരോപിച്ചാണ് 'കാസ' പിറവിയെടുക്കുന്നത്. ക്രിസ്തുമത വിശ്വാസവുമായോ കേരളത്തിന്റെ  പൈതൃകവുമായോ എന്തെങ്കിലും ബന്ധമുള്ള ഒന്നല്ല കൊളോണിയല്‍ കാലഘട്ടത്തില്‍ പോർച്ചുഗീസുകാര്‍ തുടങ്ങിവെച്ച കൊച്ചിന്‍ കാർണിവല്‍. ഈ കാർണിവലിന്റെ നിറം കെടാന്‍ കാരണഭൂതങ്ങളായ മുസ് ലിംകളെ പാഠം പഠിപ്പിക്കാനാണ് കെവിന്‍ പീറ്റര്‍ എന്ന 'സത്യക്രിസ്ത്യാനി' 'കാർണിവല്‍ പൈതൃക സംരക്ഷണ സമിതി' രൂപവത്കരിക്കുന്നത്. ഈ സമിതിയാണ് കാസയുടെ പ്രാഗ് രൂപം. ആര്‍.എസ്.എസ് പോലെ 'ജിഹാദി'കളെ നേരിടാന്‍ ഒരു കേഡര്‍ സംഘടന ക്രിസ്ത്യാനികൾക്കും  വേണമെന്ന ചിന്തയില്‍ മേൽചൊന്ന സംരക്ഷണ സമിതി 2008 നവംബറില്‍ കാസയായി രൂപാന്തരപ്പെടുകയായിരുന്നു. പിറവിയുടെ പതിനഞ്ചാണ്ട് പൂർത്തിയാക്കുമ്പോള്‍ കേരളത്തില്‍ ഇസ് ലാമോഫോബിയ വളർത്തുന്നതില്‍ സംഘ് പരിവാറിനെക്കാള്‍ ഒരു ചാണകത്തൂക്കം മുന്നില്‍ നിൽക്കുന്ന സംഘമായി മാറിയിരിക്കുന്നു കാസ. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ്, ലാൻഡ് ജിഹാദ്, മെഡിക്കല്‍ ജിഹാദ് തുടങ്ങിയ ടെർമിനോളജികളുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച കാസ കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ചേർന്ന ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ് ക്രിസംഘിസത്തിന്റെ കാവിക്കളസം വെളിപ്പെടുത്തിയത്. ന്യൂനപക്ഷ മോർച്ച നേതാവും നമോ ടി.വി ഉടമയുമായ രഞ്ജിത്ത് എബ്രഹാം തോമസിനെ പോലുള്ള പ്രത്യക്ഷ ക്രിസംഘികള്‍  മാത്രമല്ല, കല്ലറങ്ങാട്ടു അച്ചനെ പോലുള്ള പാതിരിമാരും 'കാസക്കൂട വിഷം' വമിക്കുന്ന അപകടകരമായ അവസ്ഥയാണ് കേരളത്തില്‍ നിലനില്ക്കുന്നത്. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതിഷേധിച്ച് ഏറ്റവുമാദ്യം കോഴിക്കോട് ഇസ്രായേല്‍ ഐക്യദാർഢ്യ റാലി നടത്തിയതും കാസർകോട് 'ഹമാസ് അനുകൂലി'കളുടെ കടകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പ്രസ്താവന ഇറക്കിയതും 'കാസ' യായിരുന്നു.  സഭാപരവും രാഷ്ട്രീയവുമായ വിയോജിപ്പുകൾക്കതീതമായി കേരളത്തിലെ ക്രൈസ്തവരെ ഏകോപിപ്പിക്കാന്‍  'യഹോവ സാക്ഷികള്‍' ഒഴികെ സീറോ മലബാര്‍ സഭ, ഓർത്തഡോക്‌സ് സഭ, ലത്തീന്‍ കത്തോലിക്ക സഭ, യാക്കോബായ സഭ തുടങ്ങിയ 17-ഓളം സഭകളെ ചേർത്തുനിർത്താന്‍ രൂപവത്കരിക്കപ്പെട്ട ഒരു വിശുദ്ധ സഖ്യം എന്നാണ് 'കാസ' സ്വയം പരിചയപ്പെടുത്തുന്നത്. 'എന്റെ രാജ്യം എന്റെ വിശ്വാസം' എന്നതാണ് കാസയുടെ മുദ്രാവാക്യം. 

ദേശീയതയില്‍ ഊന്നിയുള്ള വിശ്വാസ സംരക്ഷണമാണ് ലക്ഷ്യം. സഭാ വിവേചനമില്ലാതെ കർത്താവായ യേശു ക്രിസ്തുവിനെ രക്ഷകനും നായകനുമായി അംഗീകരിക്കുകയും രാജ്യത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന ഏതൊരു ക്രിസ്ത്യാനിക്കും കാസയില്‍ അംഗമാവാമെന്നാണ് സ്ഥാപക പ്രസിഡന്റ് കെവിന്‍ പീറ്റര്‍ പറയുന്നത്. വേൾഡ് ക്രിസ്ത്യന്‍ കൗൺസില്‍ പ്രസിഡന്റും നാഷണലിസ്റ്റ് കേരള കോൺഗ്രസ് നേതാവുമായ  കെന്നഡി കരിമ്പിൻകാല, അടിമുടി ആര്‍.എസ്.എസ്സുകാരനും ചെറുപ്പത്തില്‍ മലയാള മനോരമ ഏജന്റും കോട്ടയം സി.എം.എസ് കോളേജിലെ ചരിത്രവിഭാഗം പ്രഫസറും ഇപ്പോള്‍ എന്‍.സി.എന്‍.ആര്‍.ടി പാഠ്യപദ്ധതി പരിഷ്‌കരണ സമിതി അധ്യക്ഷന്‍ സി.ഐ ഐസക് എന്ന വിശ്വാസിയായ ക്രിസ്ത്യാനി വരെയുള്ളവര്‍ 'കേരളത്തിലെ' ക്രൈസ്തവ സയണിസത്തിന്റെ മെഗാഫോണുകളാണ്.  'കാസ' ഉദ്‌ഘോഷിക്കുന്ന 'ദേശീയതയില്‍ ഊന്നിയുള്ള വിശ്വാസം' തന്നെയാണ് കളമശ്ശേരിയില്‍ ഭീകരാക്രമണം നടത്താന്‍ ഡൊമിനിക് മാർട്ടിനെ പ്രലോഭിപ്പിച്ചത്. ''യഹോവ പ്രസ്ഥാനം രാജ്യത്തിന് എതിരായതു കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത്'' - ഡൊമിനിക് മാർട്ടിന്‍ (ഇന്ത്യാ ടുഡെ- 30-10-23). ബൈബിള്‍ വചനങ്ങളുടെ സാമ്രാജ്യത്വപരമായ ദുർവ്യാഖ്യാനങ്ങളിലൂടെയാണ് സയണിസം ക്രൈസ്തവതയെ ഹൈജാക്ക് ചെയ്തു ക്രൈസ്തവ സയണിസത്തിന് അടിത്തറ പാകിയതെങ്കില്‍ കുടില ദേശീയതയും ഇസ് ലാം വിരോധവും അധികമളവില്‍ ക്രൈസ്തവ സിരകളില്‍ കുത്തിവെച്ചുകൊണ്ടാണ് 'കാസ' എന്ന കേരളീയ ക്രൈസ്തവ സയണിസം  സംഘ് പരിവാര്‍ നിർമിച്ചെടുത്തത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 04
ടി.കെ ഉബൈദ്