വാൽസല്യ നിധിയായ ടി.എ
സ്നേഹ വാൽസല്യത്താൽ കേരളത്തിലുടനീളം വലിയ സൗഹൃദ വലയം തീർത്ത വ്യക്തിത്വമാണ് മാള ടി.എ മുഹമ്മദ് മൗലവി. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ അദ്ദേഹത്തിൽനിന്ന് സ്നേഹത്തേൻ നുകർന്നവർ നിരവധി. അന്ത്യയാത്രയിലും തന്റെ മുഖത്തെ ആ ചെറുപുഞ്ചിരി അവശേഷിപ്പിച്ച അദ്ദേഹം ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് ധാരാളം മാതൃകകള്‍ നല്‍കിയാണ് അല്ലാഹുവിലേക്ക് യാത്രയായത്. നേതാക്കള്‍ അനുയായികള്‍ക്കും തിരിച്ചും മാതൃകയാവണമെന്ന ഇസ്‌ലാമിക മൂല്യത്തെ അന്വര്‍ഥമാക്കിയ നേതാവാണ് മാള മൗലവി. ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന മജ്‌ലിസ് ശൂറാ അംഗം, വിവിധ ജില്ലകളുടെ നാസിം തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങള്‍ വഹിച്ചപ്പോഴും അല്ലാത്തപ്പോഴും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം വിട്ടുവീഴ്ച ചെയ്തിട്ടില്ല.
അല്ലാഹുവോടുള്ള ഭക്തിയും പരലോക ബോധവുമായിരുന്നു പണ്ഡിതനും പ്രഭാഷകനുമായിരുന്ന മൗലവിയില്‍ പ്രകടമായി കണ്ടിരുന്ന സവിശേഷതകള്‍. ഇടപഴകുന്ന ആര്‍ക്കും ആദ്യമാത്രയില്‍ തന്നെ ഇത് ബോധ്യമാവും. നമസ്‌കാരത്തിലെ ഭക്തിസാന്ദ്രമായ ഖുര്‍ആന്‍ പാരായണം നിരവധി സമ്മേളനങ്ങളിലെയും ക്യാമ്പുകളിലെയും കണ്ണുകളെ സജലങ്ങളാക്കിയിട്ടുണ്ട്. പരലോകത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേട്ടവരാരും പിന്നീട് മറന്നിട്ടുണ്ടാവില്ല. ഭൂപതി അബൂബക്കര്‍ ഹാജിയുടെയും മാള അബ്ദുസ്സലാം മൗലവിയുടെയും ആഖിറത്തിനെ കുറിച്ച ഉദ്‌ബോധനങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിലെ പഴയ കാലത്തിന്റെ പ്രചോദനങ്ങളായിരുന്നുവെങ്കില്‍ പുതിയ തലമുറക്ക് അത് പകര്‍ന്നുനല്‍കിയത് മാള മൗലവിയായിരുന്നു.
എല്ലാവരോടുമുള്ള നിഷ്‌കളങ്കമായ സ്‌നേഹമായിരുന്നു മൗലവിയുടെ മറ്റൊരു സവിശേഷത. പരിചിതരെയും അപരിചിതരെയും എല്ലാ തരത്തിലും തലത്തിലും പെട്ടവരെയും മൗലവിയുടെ സ്‌നേഹം സ്പര്‍ശിച്ചു. ഔപചാരിക സ്‌നേഹമായിരുന്നില്ല അത്. വിശ്വാസിക്കുണ്ടാവേണ്ട ഗുണകാംക്ഷ നിറഞ്ഞ സ്‌നേഹം. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനുമായി അടുത്ത ബന്ധമായിരുന്നു മൗലവിക്ക്. കരുണാകരനുമായി ബന്ധപ്പെട്ട പലതരം വിവാദങ്ങള്‍ കത്തിനില്‍ക്കെ അദ്ദേഹം സഹപ്രവര്‍ത്തകനോട് പങ്കുവെച്ച ഒരു വികാരമുണ്ട്: ''നിങ്ങൾ അദ്ദേഹത്തെ സ്വജനപക്ഷപാതിയെന്നോ അഴിമതിക്കാരനെന്നോ പറഞ്ഞോളൂ, ആക്ഷേപിച്ചോളൂ. പക്ഷേ, എനിക്കദ്ദേഹം സുഹൃത്താണ്, സ്‌നേഹിതനാണ്. അദ്ദേഹവും സ്വര്‍ഗത്തിലുണ്ടാവണമെന്ന് ഞാന്‍ അതിയായി കൊതിക്കുന്നു. നമ്മൾ ആരെയും സ്‌നേഹിക്കേണ്ടത് നമുക്ക് വേണ്ടിയാവരുത്, അവര്‍ക്കു വേണ്ടിയാവണം.'' ഈ നിലപാട് മനസ്സിലുറച്ചതുകൊണ്ടായിരിക്കണം മാള മൗലവിയെ പരിചയപ്പെട്ട ആരും ആ സ്‌നേഹവായ്പിനെ കുറിച്ച് ഏറെയേറെ സംസാരിക്കുന്നത്. മറ്റുള്ളവരുടെ വിഷമങ്ങള്‍ അദ്ദേഹത്തെ ഏറെ പ്രയാസപ്പെടുത്തി.
വ്യാപകമായ സൗഹൃദമായിരുന്നു മറ്റൊരു പ്രത്യേകത. കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി മത പണ്ഡിതന്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍... എല്ലാവരും മൗലവിയുടെ സുഹൃത്തുക്കളായിരുന്നു. അതിനനുയോജ്യമായ സരസപ്രകൃതവും അദ്ദേഹത്തിനുണ്ടായിരുന്നു. കേരള ഇസ്‌ലാമിക് മിഷന്‍ പ്രാദേശിക ഹല്‍ഖകള്‍ക്കാവശ്യമായ വിവിധ സാധനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തിരിച്ചേല്‍പിക്കാമെന്ന വ്യവസ്ഥയില്‍ അയച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നു മുമ്പ്. സമയപരിധി കഴിഞ്ഞാല്‍ ഇന്‍ലന്റില്‍ ഓര്‍മപ്പെടുത്തിയുള്ള എഴുത്ത് വരും. മുമ്പേ തിരിച്ചേല്‍പിച്ച മൗലവിക്കും ഒരിക്കല്‍ അങ്ങനെയൊരു കത്ത് വന്നു. അതിലെ അവസാന ഭാഗം ഇങ്ങനെയായിരുന്നു: ''കാര്യങ്ങള്‍ യഥാസമയം നിര്‍വഹിക്കാന്‍ അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.'' മറുപടി കുറിപ്പെഴുതിയ ഇന്‍ലന്റില്‍ തിരിച്ചേല്‍പിച്ച തീയതിയും റസിപ്റ്റ് നമ്പറും സൂചിപ്പിച്ച ശേഷം കത്തിലെ മേല്‍വാചകം വെട്ടിയെടുത്ത് ഒട്ടിച്ച് തിരിച്ചയച്ചു മൗലവി!
ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതം. ഉപജീവനത്തിനപ്പുറം അധികമൊന്നും മോഹിച്ചില്ല. ബാക്കി സമയമെല്ലാം ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിച്ചു. കേരളത്തിലുടനീളം ആ സന്ദേശവുമായി അലഞ്ഞു.
ഗുണം തികഞ്ഞ നേതാവും അനുയായിയുമായിരുന്നു മാള മൗലവി. കര്‍മരംഗത്ത് തിളങ്ങിനില്‍ക്കുമ്പോള്‍ തന്നെ തന്നെക്കാള്‍ പ്രായം കുറഞ്ഞ നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ അറിവും ആധികാരികതയും പരിചയ സമ്പന്നതയും അവര്‍ക്ക് ബാധ്യതയായില്ലെന്നത് അവരുടെ സാക്ഷ്യമാണ്. അവരെ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരുന്നു. അല്ലാഹു അദ്ദേഹത്തെ സ്വീകരിക്കുകയും സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ - ആമീൻ l
Comments