Prabodhanm Weekly

Pages

Search

2023 ഡിസംബർ 01

3329

1445 ജമാദുൽ അവ്വൽ 17

ഉൾക്കൊള്ളലും  പുറംതള്ളലും; വേണ്ടത് ആത്മ പരിശോധന

ജസീർ അബൂ നാസിം  തിരുവനന്തപുരം

പി.കെ ജമാൽ എഴുതിയ 'ഉൾക്കൊള്ളൽ നയമായിരുന്നു തിരുദൂതരുടേത്' എന്ന ലേഖനം (ലക്കം 19 ) കാലിക പ്രസക്തവും, ഇസ്‌ലാമിക പണ്ഡിതന്മാർക്കും ഇസ്‌ലാമിക പ്രസ്ഥാനങ്ങൾക്കും നേതാക്കൾക്കും ആത്മപരിശോധനക്കുള്ള പ്രേരണയുമാണ്. ഇസ്‌ലാമിന്റെയും തിരുദൂതരുടെയും പേരിൽ നാട്ടിൽ സജീവമായ ഇസ്‌ലാമിക സംഘടനകളും പ്രസ്ഥാനങ്ങളും നേതാക്കളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളിൽ വ്യാപൃതരാവുമ്പോൾ,  തങ്ങളുടെ വൃത്തങ്ങളിലുണ്ടാവുന്ന ആഭ്യന്തര പ്രശ്നങ്ങളുടെയും മറ്റും നേർക്ക് അവലംബിക്കുന്ന രീതികൾ ശരിയാണോ എന്ന് പുനരാലോചിക്കുകയും ചെയ്യേണ്ടതുണ്ട്.

ഉൾക്കൊള്ളൽ നയമായിരുന്നു നബിയുടേത് എന്ന് പറയുമ്പോഴും, പ്രവാചകൻമാരുടെ അനന്തരാവകാശികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പണ്ഡിതന്മാരുടെ സമീപനവും ഇടപെടലും അഭിമുഖീകരണവും വിധി തീർപ്പും പലപ്പോഴും ലേഖകൻ പറഞ്ഞ പുറന്തള്ളലായി അനുഭവപ്പെടുന്ന സ്ഥിതിവിശേഷമുണ്ട്. അനുയായികൾ ഏതെങ്കിലും പ്രശ്നങ്ങളിൽ അകപ്പെടുമ്പോഴോ, തങ്ങൾ അനുഭവിക്കുന്ന  പ്രയാസങ്ങൾ ശ്രദ്ധയിൽ പെടുത്തുമ്പോഴോ അവയെ കൃത്യമായി അഭിമുഖീകരിക്കാനും പരിഹാരങ്ങൾ നിർദേശിക്കാനും പലപ്പോഴും നേതൃത്വത്തിന് കഴിയാതെ വരുന്നു.  അങ്ങനെ വ്യക്തികൾ ഒറ്റപ്പെടാനോ, ഇസ്‌ലാമിക പരിസരങ്ങളിൽനിന്ന് അകലാനോ ഇടവരുന്നു.

മുസ്‌ലിം സമുദായത്തിനകത്ത് ധാരാളം സ്ഥാപനങ്ങളും സംരംഭങ്ങളുമുണ്ട്.  ഇവിടങ്ങളിൽ ഉണ്ടാകാറുള്ള ആഭ്യന്തര പ്രശ്നങ്ങളിലും ഉൾക്കൊള്ളലിനെക്കാൾ പുറംതള്ളൽ ശൈലിയാണ് കണ്ടുവരുന്നത്. അതിനർഥം, ആകമൊത്തം പ്രശ്നങ്ങൾ ആണെന്നല്ല.  ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നവർ അവർ ഇടപെടുന്ന മേഖലകളിൽ കൂടുതൽ ജാഗ്രതയും സൂക്ഷ്മതയും  ഉറപ്പുവരുത്തണമെന്ന് മാത്രമാണ്.  സാധാരണ ഇസ്‌ലാമിക വ്യക്തിത്വങ്ങളെ അപേക്ഷിച്ച് ഇസ്‌ലാമിക നേതൃത്വങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും പണ്ഡിതന്മാർക്കും അബദ്ധങ്ങൾ സംഭവിക്കുന്നത്, ലേഖകന്റെ ഭാഷയിൽ പറഞ്ഞാൽ, ഭീമമായ വിപത്താണ് സമുദായത്തിന് വരുത്തിവെക്കുക.
കൂടുതൽ കരുതലും ജാഗ്രതയും വേണമെന്ന നിരന്തരമായ ഓർമപ്പെടുത്തലും ആത്മപരിശോധനയും ഇസ്‌ലാമിക പണ്ഡിതന്മാർക്കും പ്രസ്ഥാന നേതാക്കൾക്കും ഉണ്ടാകുന്നത് പുതിയ കാലത്ത് എല്ലാവരെയും ചേർത്തുപിടിച്ചുള്ള പ്രയാണത്തിന് ശക്തി പകരുകയേ ഉള്ളൂ.
ജസീർ അബൂ നാസിം 
തിരുവനന്തപുരം 9539008720 

 

നിയമസഭാ തെരഞ്ഞെടുപ്പുകളും "ഇന്‍ഡ്യ'യുടെ ഭാവിയും

3325-ാം ലക്കം പ്രബോധനത്തില്‍ മുകളിലെ തലക്കെട്ടില്‍  മുഖവാക്ക് പംക്തി വായിച്ചു. നവംബറിലെ 5 സംസ്ഥാന തെരഞ്ഞെടുപ്പിലും അടുത്ത വര്‍ഷത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജയിക്കാന്‍ ബി.ജെ.പി പല തന്ത്രങ്ങളും പ്രയോഗിക്കും, പഴയപോലെ എങ്ങനെയെങ്കിലും ജയിച്ച് അധികാരം കരസ്ഥമാക്കാന്‍. അതിനാല്‍, രാമക്ഷേത്ര ഉദ്ഘാടനം ജനുവരി 22-ന് വെച്ചിരിക്കുന്നത് കുറേ ഹിന്ദു വോട്ട് കരസ്ഥമാക്കാം എന്ന പ്രതീക്ഷയിലാണ്. ഇങ്ങനെ പോയാല്‍ വരുന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പി താഴെ വീഴും എന്നു പറയാന്‍ കഴിയില്ല. ഏറ്റവും വലിയ പ്രതീക്ഷയായ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഇപ്പോഴും ഒന്നിച്ചുനില്‍ക്കുന്നില്ല. ഏതായാലും പ്രതിപക്ഷ മുന്നണി 'ഇന്‍ഡ്യ' നേരിടുന്ന ആദ്യ രാഷ്ട്രീയ അഗ്നി പരീക്ഷയാണിത്. ഈ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രകടനമനുസരിച്ചായിരിക്കും അടുത്ത തെരഞ്ഞെടുപ്പ് ഫലം.

ആര്‍. ദിലീപ് പുതിയവിള, മുതുകുളം

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 04
ടി.കെ ഉബൈദ്