Prabodhanm Weekly

Pages

Search

2023 ഡിസംബർ 01

3329

1445 ജമാദുൽ അവ്വൽ 17

ക്രൈസ്തവ സയണിസത്തിന്റെ നാള്‍വഴികള്‍

ഡോ. മുഹമ്മദ് മുഖ്താര്‍ ശന്‍ഖീത്വി

എന്തുകൊണ്ടാണ് അമേരിക്ക എപ്പോഴും ഇസ്രായേല്‍പക്ഷ നിലപാട് സ്വീകരിക്കുന്നത്? അറബ്-ഇസ് ലാമിക ലോകത്തുള്ളവര്‍ അതിന് പറയുന്ന കാരണങ്ങള്‍ സംഗ്രഹിച്ചാല്‍ അതിങ്ങനെയായിരിക്കും: അമേരിക്കന്‍ നിലപാട് ഇസ്രായേലിന് അനുകൂലമാവുന്നത് രാഷ്ട്രീയ സ്ട്രാറ്റജി മുന്നില്‍ കണ്ടുകൊണ്ടാണ്. അതിലൊന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ വരുതിയില്‍ നിര്‍ത്തുന്ന ജൂതപ്പണമാണ്. അമേരിക്കന്‍ പൊതുജനാഭിപ്രായത്തെ രൂപപ്പെടുത്തുന്നതും ജൂത മീഡിയയാണ്. പോരെങ്കില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ ജൂതകൂട്ടായ്മകള്‍ക്കൊക്കെ ഒറ്റ ശബ്ദമേ കാണൂ. പിന്നെ, അറബ് ലോകത്തിന്റെ നടുക്ക് കുന്തമുന പോലെയുള്ള ഇസ്രായേലിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്ര കിടപ്പും... ഒട്ടൊന്ന് ആലോചിച്ചാല്‍ ഈ വിശകലനങ്ങളൊന്നും സൂക്ഷ്മമല്ലെന്നും കേവലം ഉപരിപ്ലവമാണെന്നും ബോധ്യമാവും. ഇവയൊക്കെ, ആഴത്തില്‍ കിടക്കുന്ന യഥാര്‍ഥ കാരണങ്ങളുടെ ചില പ്രതിഫലനങ്ങള്‍ മാത്രമാണ് എന്നേ പറയാനാവൂ.

ജൂതന്മാര്‍ തങ്ങളുടെ പണമിറക്കി അമേരിക്കന്‍ സമൂഹത്തില്‍ തങ്ങള്‍ക്കനുകൂലമായ രാഷ്ട്രീയ സമവായം രൂപപ്പെടുത്തുന്നു എന്നു പറയുന്നതില്‍ ശരികേടുകളുണ്ട്. പലതരം ശക്തികള്‍ മാറ്റുരക്കുന്ന വേദിയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ്. ജൂതന്മാരുടെതിന് തുല്യമോ അതില്‍ കൂടുതലോ പണമുള്ള ജൂതരല്ലാത്തവരും അതില്‍ ഇറങ്ങിക്കളിക്കാറുണ്ട്. അമേരിക്കയില്‍ കാണുന്ന, വിശ്വാസത്തോളമെത്തുന്ന ഇസ്രായേലീ പക്ഷപാതിത്വത്തിന് ജൂതന്മാരുടെ മീഡിയാ മിടുക്കും ന്യായമായ വിശദീകരണമാവുന്നില്ല. കാരണം, മാധ്യമ ബഹുസ്വരതക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും പേരുകേട്ട നാടാണ് അമേരിക്ക. ഇതിന് വിരുദ്ധമായൊരു പൊതുജനാഭിപ്രായ രൂപവത്കരണവും അവിടെ സാധ്യമാണ്; അക്കാര്യത്തിന് വേണ്ടത്ര സഹായികളെ കിട്ടുമെങ്കില്‍.

പിന്നെയുള്ളത് ഇസ്രായേലിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പാണ്. അത് അമേരിക്ക ഇസ്രായേലിന്റെ പക്ഷം പിടിക്കുന്നതിന് മതിയായ കാരണമാവുന്നില്ല. ഒരു നിലക്ക് നോക്കിയാല്‍, അമേരിക്കക്ക് അറബ് മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ സഹായിക്കുകയല്ല, മറിച്ച് അതിന് എപ്പോഴും തടസ്സമായി നില്‍ക്കുകയാണ് ഇസ്രായേല്‍ ചെയ്തത്. ഇക്കാര്യത്തില്‍ അമേരിക്കക്ക് കൂടുതല്‍ പ്രയോജനപ്പെട്ടിട്ടുള്ളത് ഇസ്രായേലിനെക്കാള്‍ ചില അറബ് ഭരണാധികാരികളാണെന്നും കാണാം. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ജൂതന്മാര്‍ക്ക് ഒറ്റ ശബ്ദമാണ് എന്നതും മിഥ്യാധാരണയാണ്. വൈവിധ്യമുള്ളതും ഭിന്ന വിരുദ്ധവുമായ അഭിപ്രായങ്ങള്‍ അവര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. ജൂതന്മാര്‍ തീരെ ഇല്ല എന്നു പറയാവുന്ന ചില അമേരിക്കന്‍ സ്റ്റേറ്റുകളില്‍ പോലും, ജൂതന്മാര്‍ക്കു വേണ്ടിയുള്ള പക്ഷംപിടിക്കല്‍ വളരെ ആഴത്തില്‍ വേരിറങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കണം.

ഇസ്രായേലി ദിനപത്രം 'ജറൂസലം പോസ്റ്റ്' അഭിമാനത്തോടെ എടുത്തുപറഞ്ഞ ഒരു കാര്യമുണ്ട്; 1978 മുതല്‍ മിനസോട്ട സംസ്ഥാനത്തെ അമേരിക്കന്‍ സെനറ്റില്‍ പ്രതിനിധീകരിച്ചു പോന്നത് ഒരു ജൂതനാണ് എന്ന്. എന്നാല്‍, ആ സംസ്ഥാനത്തെ ജൂത ജനസംഖ്യ ഒരു ശതമാനത്തില്‍ കവിയില്ല! ഈ സ്ഥാനത്തേക്ക് രണ്ട് ജൂതന്മാരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്; നോം കോള്‍മാനും പോള്‍ ഡി വെല്‍സ്‌റ്റോണും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിമാനം തകര്‍ന്ന് മരണപ്പെടുകയായിരുന്നു വെല്‍സ്റ്റോണ്‍ (ജറൂസലം പോസ്റ്റ് 27-10-2002). അമേരിക്കയില്‍ ജൂത ജനസംഖ്യ മൂന്ന് ശതമാനത്തില്‍ താഴെയാണ്. സെനറ്റില്‍ അവരുടെ പ്രാതിനിധ്യം പത്ത് ശതമാനത്തോളമുണ്ടെങ്കിലും അത് വിധിനിര്‍ണായക ഘടകമാണെന്ന് പറയാനാവില്ല.

അപ്പോള്‍ അമേരിക്ക-ഇസ്രായേല്‍ ബന്ധത്തിന്റെ യഥാര്‍ഥ വിശദീകരണം കണ്ടെത്താന്‍ നമുക്ക് അല്‍പം ചരിത്രത്തിലൂടെ സഞ്ചരിക്കേണ്ടിവരും; ചില മതപശ്ചാത്തലങ്ങള്‍ അന്വേഷിക്കേണ്ടിവരും. ഈജിപ്ഷ്യന്‍ എഴുത്തുകാരനായ റിദാ ഹിലാലിന്റെ ജൂത മസീഹ് (അല്‍ മസീഹുല്‍ യഹൂദി), അമേരിക്കന്‍ എഴുത്തുകാരി ഗ്രേസ് ഹാല്‍സെലി(Grace Halsell)ന്റെ Forcing God's Hand എന്നീ രണ്ട് പുസ്തകങ്ങള്‍ അവലംബിച്ചാണ് ഈ പഠനം തയാറാക്കിയിരിക്കുന്നത്.

'ദൗഷ്ട്യ'ത്തില്‍നിന്ന് 'പരിപാവനത'യിലേക്ക്

പതിനഞ്ച് നൂറ്റാണ്ടുകാലം മുഴു ക്രൈസ്തവ ലോകത്തിന്റെയും കണ്ണില്‍ ജൂതന്മാര്‍ 'ശപിക്കപ്പെട്ട  ജനത' ആയിരുന്നു. കാരണം, ക്രൈസ്തവ വിശ്വാസ പ്രകാരം, അവര്‍ യേശു ക്രിസ്തുവിന്റെ ഘാതകരായിരുന്നു. ക്രൈസ്തവ ബോധത്തില്‍ വേരുറച്ചുപോയ ഈ ധാരണ നിമിത്തമാണ് യഹൂദര്‍ പലതരം പീഡനങ്ങള്‍ക്കിരയായതും നിരന്തരം അപമാനിക്കപ്പെട്ടതും. ഇസ് ലാമിക ദൃഷ്ടിയില്‍ ഈ കാഴ്ചപ്പാട് അബദ്ധമാണെന്ന് മാത്രമല്ല, അതിക്രമങ്ങള്‍ക്ക് വഴിവെക്കുന്നതുമാണ്. പക്ഷേ, വലിയൊരു വിഭാഗം ആളുകളില്‍ നിലനിന്നത് ഈ മനോഭാവമായിരുന്നു. ബൈബിളില്‍നിന്നുള്ള ധാരാളം ഉദ്ധരണികളും അതിന് കൂട്ടായി. രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളും അതിന് അനുകൂലമായിരുന്നു.
പതിനഞ്ചാം നൂറ്റാണ്ടോടെ ക്രൈസ്തവ മതബോധത്തില്‍ വമ്പിച്ച മാറ്റങ്ങളുണ്ടായി. പാശ്ചാത്യ നാടുകളില്‍ മതനവീകരണ പ്രസ്ഥാന(Reformation Movement)ത്തിന്റെ ആവിര്‍ഭാവമായിരുന്നു അതിന് കാരണം. ക്രിസ്ത്യന്‍ സമൂഹത്തില്‍ പൊതുവിലും, പാശ്ചാത്യ കത്തോലിക്കാ മതത്തില്‍ പ്രത്യേകിച്ചും അത് മതകീയവും രാഷ്ട്രീയവുമായ പിളര്‍പ്പുകളുണ്ടാക്കി. ക്രൈസ്തവതയില്‍ പ്രൊട്ടസ്റ്റന്റ് എന്നൊരു മതവിഭാഗം പുതുതായി ജന്മംകൊണ്ടു എന്നതായിരുന്നു ഈ മാറ്റങ്ങളുടെ ഒരു ഫലം. ജൂതമതത്തിന്റെ താവഴിയാണ് പ്രൊട്ടസ്റ്റന്റ് വിഭാഗം തെരഞ്ഞെടുത്തത്. അവര്‍ക്ക് പുതിയ നിയമ(New Testament)ത്തെക്കാള്‍ പ്രധാനം തോറ, അഥവാ പഴയ നിയമം (Old Testament) ആയിരുന്നു. ഈ പുതുമുറ ക്രിസ്ത്യാനികളില്‍  ജൂത സമുദായത്തെക്കുറിച്ച കാഴ്ചപ്പാടിലും വലിയ മാറ്റങ്ങള്‍ വന്നു.
ചര്‍ച്ചിലെ പിളര്‍പ്പ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തമ്മിലെ അധികാര വടംവലികള്‍ക്കും വഴിവെച്ചു. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാഷ്ട്രങ്ങള്‍ തമ്മിലായിരുന്നു പ്രധാന മത്സരം. കത്തോലിക്ക ചര്‍ച്ച് ഫ്രാന്‍സിനോടൊപ്പം നിന്നു. അതോടെ ഇംഗ്ലീഷ്-ജര്‍മന്‍ ജനതകൾ, ചര്‍ച്ച് മേധാവിത്വത്തില്‍നിന്ന് മോചനം വേണമെന്ന് വാദിക്കുന്ന പ്രൊട്ടസ്റ്റന്റ് മതത്തോട് ആഭിമുഖ്യമുള്ളവരായി.

ക്രിസ്ത്യന്‍ ധാരയില്‍ ജൂതമതത്തോടുള്ള ഈ ചായ് വ് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ മുഖ്യ ശില്‍പിയും അതിന്റെ താത്ത്വികനുമായ മാര്‍ട്ടിന്‍ ലൂഥറിന്റെ കൃതികളില്‍ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. 1532-ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ ഒരു പ്രബന്ധമെഴുതി, 'യേശു ജനിച്ചത് ഒരു ജൂതനായി' (Christ was Born a Jew) എന്ന പേരില്‍. ജൂത-ക്രൈസ്തവ ബന്ധങ്ങളില്‍ കാതലായ മാറ്റം തന്നെയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്; അതേവരെയുള്ള ക്രൈസ്തവ സമൂഹത്തിന് പരിചയമില്ലാതിരുന്ന ഒരു വീക്ഷണം. അദ്ദേഹം എഴുതി: ''എല്ലാ ബൈബിള്‍ പുസ്തകങ്ങളും ജൂതന്മാര്‍ വഴി മാത്രം അവതരിപ്പിക്കണമെന്നാണ് പരിശുദ്ധാത്മാവ് ഉദ്ദേശിച്ചത്. ജൂതന്മാര്‍ ദൈവത്തിന്റെ മക്കളാണ്; നാം വിചിത്രരായ അതിഥികളും. നായകളെപ്പോലെ യജമാനന്മാരുടെ എച്ചിലുകള്‍ കഴിച്ച് നാം തൃപ്തിപ്പെടേണ്ടിയിരിക്കുന്നു'' (രിദാ ഹിലാലിന്റെ പുസ്തകം, പേജ് 63).

എന്നാല്‍, ജൂത വിഷയത്തില്‍ കൃത്യമായ നിലപാടിലെത്താനും മാര്‍ട്ടിന്‍ ലൂഥറിന് കഴിഞ്ഞില്ല. ഭൂതകാലത്തിന്റെ ഭാരം അദ്ദേഹത്തെ അനിശ്ചിതത്വത്തിലാക്കി. തൂക്കമൊപ്പിക്കാനായി അദ്ദേഹം ജൂതന്മാരെ അധിക്ഷേപിക്കുന്ന ഒരു പ്രബന്ധം കൂടി എഴുതി; 'ജൂതന്മാരെയും അവരുടെ കള്ളങ്ങളെയും സംബന്ധിച്ച്' (On the Jews and Their Lies) എന്ന പേരില്‍. അവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനു ശേഷമാണ് ഇതെഴുതിയത്. പക്ഷേ, ക്രിസ്ത്യന്‍ ചരിത്രത്തിനകത്ത് ജൂതന്മാര്‍ക്ക് കടന്നുവരാനുള്ള വാതില്‍ തുറക്കുകയാണ് മാര്‍ട്ടിന്‍ ലൂഥര്‍ ചെയ്തത്. ഒരാള്‍ തന്നെ എഴുതിയ രണ്ട് കൃതികള്‍ തമ്മിലെ ആശയപ്പോരാട്ടം ('ജൂതനായി ജനിച്ച ക്രിസ്തു' v/s 'ജൂതന്മാരെയും അവരുടെ കള്ളങ്ങളെയും സംബന്ധിച്ച്') പിന്നീടുള്ള നാല് നൂറ്റാണ്ട് കാലം ക്രൈസ്തവ ലോകത്ത് തുടര്‍ന്നു. ആ പോരാട്ടത്തില്‍ ജയിച്ചത് ആദ്യം പറഞ്ഞ ആശയ('ജൂതനായി ജനിച്ച ക്രിസ്തു')മാണ്.

പിന്നെ, നീതിയോ മിതത്വമോ പാലിക്കാത്ത വഴിയിലൂടെയായിരുന്നു ചരിത്രത്തിന്റെ സഞ്ചാരം. അങ്ങനെ  ജൂതന്മാര്‍ 'ശപിക്കപ്പെട്ട സമുദായ'ത്തില്‍നിന്ന്  'ദൈവത്തിന്റെ സന്താനങ്ങള്‍' ആയി മാറി. 'ഗെറ്റോ'യില്‍നിന്ന് അവര്‍ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലെത്തി. ക്രൈസ്തവര്‍ ധാരാളമായി പീഡിപ്പിച്ചിരുന്ന 'മലിന സമൂഹം' ഒടുവില്‍ 'പവിത്ര സമൂഹ'മായി രൂപം മാറി. ഇവര്‍ക്കു വേണ്ടി, ഈ മലിനമാക്കുന്നതിലും പവിത്രമാക്കുന്നതിലും ഒരു പങ്കുമില്ലാത്ത ഇതര സമൂഹങ്ങളെക്കൂടി പീഡിപ്പിക്കാന്‍ ക്രൈസ്തവ സമൂഹങ്ങള്‍ തയാറായി.

ഈ രൂപപ്പകര്‍ച്ചയും സംക്രമണവും ഒരേ അളവിലല്ല വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ഉള്‍ക്കൊണ്ടത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഏറ്റവും ആഴത്തില്‍ സ്വാധീനിച്ചത് അമേരിക്കന്‍- ബ്രിട്ടീഷ് പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളെയാണ്. അങ്ങനെ ജൂതായിസം എന്നത് ഈ വിഭാഗങ്ങളുടെ രക്തമാംസങ്ങളുടെ ഭാഗമായി. അപ്പോഴും കത്തോലിക്കാ വിഭാഗം (ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍) ഒരു പരിധിവരെ ഈ സ്വാധീനത്തിന് അടിപ്പെടാതെ യാഥാസ്ഥിതികമായി നിലനിന്നു. അതുകൊണ്ടാണ്, യേശുവിന്റെ രക്തത്തില്‍ ജൂതന്മാര്‍ക്ക് പങ്കില്ല എന്ന് പറയാന്‍ വത്തിക്കാന്‍ 1966 വരെ കാത്തുനിന്നത്. എന്നാല്‍, കിഴക്കന്‍ യൂറോപ്പിലെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവത, ജൂതരെയും ജൂതായിസത്തെയും സംബന്ധിച്ച പരമ്പരാഗത കാഴ്ചപ്പാടില്‍ ഉറച്ചുനിന്നു. ഇതു കാരണമാണ് ഈ വിഷയത്തിലുള്ള വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ രാഷ്ട്രീയ നിലപാടുകളില്‍ വലിയ അന്തരം കാണുന്നത്. അമേരിക്കയിലെയും ബ്രിട്ടനിലെയും (ഇപ്പോൾ ജര്‍മനിയിലെയും) ക്രൈസ്തവര്‍ ജൂത രാഷ്ട്രവുമായി തങ്ങളുടേതെന്ന മട്ടില്‍ താദാത്മ്യപ്പെടുമ്പോള്‍, പടിഞ്ഞാറന്‍ യൂറോപ്പിലെ കത്തോലിക്ക രാജ്യങ്ങളില്‍ പൊതുവെ ഒരു കരുതല്‍ മാറിനിൽപ്പ് കാണാം. റഷ്യ പോലുള്ള കിഴക്കന്‍ യൂറോപ്പാകട്ടെ ഒരുതരം സംശയദൃഷ്ടിയോടെയാവും വിഷയത്തെ കാണുക. ഈ ലേഖനത്തില്‍ അതൊന്നുമല്ല പ്രധാനം. അമേരിക്ക എങ്ങനെ ജൂത രാഷ്ട്രവുമായി താദാത്മ്യപ്പെട്ടു എന്നാണ് നാം ഇവിടെ അന്വേഷിക്കുന്നത്.

ആദ്യം ക്രൈസ്തവ സയണിസം, 
പിന്നെ ജൂത സയണിസം

എന്തുകൊണ്ട് അമേരിക്ക ഇസ്രായേലിന്റെ പക്ഷം പിടിക്കുന്നു എന്ന് പഠിക്കുന്നവര്‍ വിട്ടുകളയുന്ന പ്രധാനപ്പെട്ട ഒരു ചരിത്ര യാഥാര്‍ഥ്യമുണ്ട്. ജൂതസയണിസത്തിന് മുമ്പ് ക്രൈസ്തവ സയണിസം രൂപപ്പെട്ടിട്ടുണ്ട് എന്നതാണത്.

1844-ല്‍ ആദ്യ അമേരിക്കന്‍ സ്ഥാനപതി വാര്‍ഡര്‍ ക്രിസ്റ്റന്‍ ജറൂസലമിലെത്തുന്നു. തന്റെ നിയോഗ ലക്ഷ്യം അദ്ദേഹം തന്നെ നിര്‍ണയിച്ചത് ഇങ്ങനെ: ''ദൈവ പ്രവൃത്തികള്‍ ചെയ്യുക. വാഗ്ദത്ത ഭൂമിയില്‍ ജൂത സമൂഹത്തിന് ഒരു ദേശരാഷ്ട്രമുണ്ടാക്കാന്‍ സഹായിക്കുക'' (രിദാ ഹിലാലിന്റെ പുസ്തകം, പേജ് 95). ഇതിനു വേണ്ടി ക്രിസ്റ്റന്‍ അമേരിക്കന്‍ നേതാക്കളുടെ മേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. ഉസ്മാനി നേതാക്കളോടും ഇക്കാര്യം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു; ഫലമൊന്നും ഉണ്ടായില്ലെങ്കിലും. ക്രിസ്റ്റന്റെ പാത പ ിന്‍പറ്റിക്കൊണ്ടാണ് സഞ്ചാരിയായ അമേരിക്കന്‍ ഇവാഞ്ചലിക്കല്‍ പ്രഘോഷകന്‍ വില്യം ബ്ലാക്‌സ്‌റ്റോണ്‍ 1878-ല്‍ 'ക്രിസ്തു വരുന്നു' (Jesus is Coming) എന്ന പുസ്തകമെഴുതുന്നത്. ഇതിന്റെ ദശലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റുപോയി. അമേരിക്കന്‍ പ്രൊട്ടസ്റ്റന്റ് മതത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ പുസ്തകത്തിന് കഴിഞ്ഞു. ക്രൈസ്തവ സമൂഹം നൂറ്റാണ്ടുകളായി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന 'ക്രിസ്തുവിന്റെ രണ്ടാം വരവ്', ജൂതന്മാര്‍ വാഗ്ദത്ത ഭൂമിയിലേക്ക് തിരിച്ചെത്തിയിട്ടല്ലാതെ സംഭവിക്കില്ലെന്നാണ് ഈ പുസ്തകം സമര്‍ഥിക്കുന്ന കേന്ദ്ര ആശയം. ജൂതന്മാരെ ഫലസ്ത്വീനിലേക്ക് കൊണ്ടുവരാന്‍ ഇടപെടണമെന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബെഞ്ചമിന്‍ ഹാരിസണിന് 1891-ല്‍ അദ്ദേഹം ഒരു മെമോറാണ്ടം സമര്‍പ്പിക്കുന്നുമുണ്ട്. അമേരിക്കയിലെ മുതിര്‍ന്ന 413 ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ക്ക് പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രതിനിധി സഭാ സ്പീക്കര്‍, ധാരാളം സെനറ്റര്‍മാര്‍, നിരവധി പ്രമുഖ പത്രങ്ങളുടെ എഡിറ്റര്‍മാര്‍ എന്നിവരെല്ലാം ഇതില്‍ ഒപ്പുവെച്ചിരുന്നു (രിദാ, പേജ് 97).

അതായത്, 'ഫലസ്ത്വീനില്‍ ജൂതന്മാര്‍ക്കൊരു ദേശ രാഷ്ട്രം' എന്ന ആശയത്തില്‍ ആദ്യം വിശ്വസിച്ചതും അതിന്റെ പ്രചാരകരായതും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളാണ്. പിന്നെയാണ് ജൂത വിഭാഗങ്ങള്‍ ഈ ആശയത്തിലേക്ക് വരുന്നതും അതിനു വേണ്ടി രംഗത്തിറങ്ങുന്നതും. ബ്രിട്ടീഷ് -അമേരിക്കന്‍ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ ആദര്‍ശപരവും വിശ്വാസപരവുമായ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ ആശയത്തിന്റെ പ്രയോഗവത്കരണ സാധ്യതക്ക് അത്ര പ്രാധാന്യമൊന്നും ജൂതവിഭാഗങ്ങള്‍ കൊടുക്കുമായിരുന്നില്ല എന്നര്‍ഥം.

സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് 'ജൂതരാഷ്ട്രം' എന്ന ആശയം മുന്നോട്ടുവെച്ചപ്പോള്‍, അത് അടിസ്ഥാനപരമായി മതകീയ പ്രേരണകള്‍ ഉള്ളടങ്ങിയതായിരുന്നില്ല. അദ്ദേഹം ഒരു സെക്യുലര്‍ ദേശീയവാദി ആയിരുന്നു. താന്‍ വിഭാവനം ചെയ്യുന്ന രാജ്യത്തിനായി ജൂതന്മാര്‍ ഉഗാണ്ടയിലേക്കോ ഇറാഖിലേക്കോ കാനഡയിലേക്കോ അര്‍ജന്റീനയിലേക്കോ കുടിയേറുന്നതിന് അദ്ദേഹത്തിന് വിരോധമില്ലായിരുന്നു. പക്ഷേ, അമേരിക്കയിലെ ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ ആദ്യ ദിവസം തൊട്ടേ, ജൂതന്മാരുടെ ദേശരാഷ്ട്രം ഫലസ്ത്വീനിലേ ആകാവൂ എന്ന് ഉറച്ചു വിശ്വസിക്കുന്നവരായിരുന്നു. കാരണം, അവരെ സംബന്ധിച്ചേടത്തോളം 'ക്രിസ്തുവിന്റെ രണ്ടാം വരവി'ന് അതൊരു ഉപാധിയാണ്. അങ്ങനെയവര്‍ 'ജൂതപ്രശ്‌ന'ത്തെ രാഷ്ട്രീയ തലത്തില്‍നിന്ന് വിശ്വാസത്തിന്റെ തലത്തിലേക്ക് മാറ്റി സ്ഥാപിച്ചു. അതിനാല്‍, 1897-ല്‍ ബേസലില്‍ ചേര്‍ന്ന ഒന്നാം സയണിസ്റ്റ് കോണ്‍ഫറന്‍സില്‍, 'ഹെര്‍സല്‍ സ്വീകരിക്കുന്ന അയഞ്ഞ നിലപാടി'നെ ബ്ലാക്‌സ്റ്റോണ്‍ വിമര്‍ശിക്കുന്നുണ്ട്. ഹെര്‍സലിന് ബൈബിള്‍ പഴയ നിയമത്തിന്റെ ഒരു കോപ്പി വരെ ബ്ലാക്‌സ്റ്റോണ്‍ അയച്ചുകൊടുത്തു. പ്രവാചകന്മാര്‍ 'തെരഞ്ഞെടുക്കപ്പെട്ട ജനതക്കായി നിശ്ചയിച്ച ഭൂമി'യെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍  അതില്‍ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു (രിദാ, പേജ് 99).

ഇങ്ങനെ ജൂതഗേഹത്തെ സംബന്ധിച്ച ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് ബാല്‍ഫര്‍ പ്രഖ്യാപനം ആ ആശയത്തിന് അനുകൂലമായി വരുന്നത്. മിക്ക അമേരിക്കന്‍ നേതാക്കളുടെ മനസ്സിലും  ഈ ആശയം ഉറച്ച മതവിശ്വാസമായി രൂപപ്പെടാന്‍ ബാല്‍ഫര്‍ പ്രഖ്യാപനം വഴിയൊരുക്കി. അമേരിക്കന്‍ പ്രതിനിധിസഭയിലെ വിദേശകാര്യബന്ധ സമിതി ചെയര്‍മാന്‍ ഹെന്‍ റി കാബൊട്ട് ലോഡ്ജ് 1922-ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞു: ''ജറൂസലമിന്റെയും ഖുദ്‌സിന്റെയും നിയന്ത്രണം മുഹമ്മദീയര്‍ കൈവശം 

വെക്കുന്നത് എനിക്ക് സഹിക്കാനാവില്ല. ജറൂസലമും ഫലസ്ത്വീനും ജൂതന്മാര്‍ക്ക് പുണ്യ സ്ഥലമാണ്; പടിഞ്ഞാറുള്ള പ്രധാന ക്രിസ്ത്യന്‍ ജനതകള്‍ക്കും അത് പുണ്യ സ്ഥലമാണ്. അങ്ങനെയുള്ള ഒരു പ്രദേശം തുര്‍ക്കികളുടെ കൈകളിലാണെന്നത്, കുറെ കാലങ്ങളായി നാഗരികതയുടെ നെറ്റിത്തടത്തില്‍ വീണ ഒരു കളങ്കമാണ്. അതിനെ നീക്കിയേ പറ്റൂ'' (രിദാ, പേജ് 102).l  

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 04
ടി.കെ ഉബൈദ്