എം.എ മൗലവി (വിലാതപുരം)
പണ്ഡിതന്, പ്രഭാഷകന്‍, മതപ്രബോധകന്‍ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇക്കഴിഞ്ഞ നവംബര്‍ 7-ന് വിടപറഞ്ഞ എം.എ മൗലവി (വിലാതപുരം). മലോല്‍ അന്ത്രു മുസ്്ലിയാര്‍ എന്നാണ് യഥാര്‍ഥ പേരെങ്കിലും 'എം.എ' എന്ന രണ്ടക്ഷരങ്ങളിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് ഉത്തര മലബാറിലെ മതപ്രസംഗ വേദികളിലും സാംസ്‌കാരിക സദസ്സുകളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം.എ മൗലവി.
പരമ്പരാഗത പണ്ഡിത വേഷമോ പ്രഭാഷണ ശൈലിയോ അദ്ദേഹം സ്വീകരിച്ചിരുന്നില്ല. തെളിമയാര്‍ന്ന ഭാഷയും നര്‍മം കലര്‍ന്ന ഭാഷണവും അദ്ദേഹത്തെ നാട്ടുമ്പുറക്കാര്‍ക്ക് ഏറെ പ്രിയങ്കരനാക്കി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കാന്‍ സ്ത്രീ-പുരുഷ ഭേദമന്യേ വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. മലബാറിലെ നിരവധി മതസ്ഥാപനങ്ങളുടെ നിര്‍മാണത്തിലും വളര്‍ച്ചയിലും എം.എ മൗലവിയുടെ പ്രഭാഷണ പരമ്പരകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ഒട്ടേറെ വേദികളില്‍ അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. സി.എച്ച് മുഹമ്മദ് കോയ, സുകുമാര്‍ അഴീക്കോട്, ടി.കെ അബ്ദുല്ല സാഹിബ് എന്നിവരായിരുന്നു പ്രഭാഷണ കലയില്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ച വ്യക്തിത്വങ്ങള്‍.
ഒരു വിഭാഗത്തിന്റെയും പരിമിതികളുള്ള ചട്ടക്കൂട്ടില്‍ ഒതുങ്ങിനില്‍ക്കാതെ എല്ലാ വിഭാഗങ്ങളെയും കൂട്ടിയിണക്കുന്നതിലും അവരെ ഉള്‍ക്കൊള്ളുന്നതിലുമായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. വിഭാഗീയതകള്‍ക്ക് അതീതനായി ഐക്യത്തിന്റെ ശക്തനായ വക്താവായി അദ്ദേഹം നിലകൊണ്ടു. അബ്ദുര്‍റഹ്്മാന്‍ ബാഫഖി തങ്ങള്‍, സി. എച്ച് മുഹമ്മദ് കോയ, ടി.കെ അബ്ദുല്ല, കെ. മൊയ്തു മൗലവി, എ.പി അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങിയവരുമായി അദ്ദേഹത്തിന് ഊഷ്മളമായ സ്‌നേഹബന്ധം ഉണ്ടായിരുന്നു.
നല്ല വായനാ പ്രിയനായിരുന്നു. തൊള്ളായിരത്തി അതുകളുടെ ആദ്യത്തില്‍ വാണിമേല്‍ പള്ളി ദര്‍സില്‍ വിദ്യാര്‍ഥിയായിരിക്കെ സഹപാഠി നല്‍കിയ മൗലാനാ മൗദൂദിയുടെ 'ഖുതുബാത്ത്' വായിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ദര്‍സില്‍നിന്ന് അദ്ദേഹം പുറത്താക്കപ്പെടുകയായിരുന്നു. എങ്കിലും ഖുതുബാത്ത്, രക്ഷാസരണി, ഇസ് ലാം മതം എന്നിവയുടെ വായന തന്റെ പല ധാരണകളും തിരുത്തിയതായും ആദര്‍ശവീര്യവും പുരോഗമന ചിന്തയും വളര്‍ത്തിയതായും അദ്ദേഹം അനുസ്മരിക്കാറുണ്ടായിരുന്നു. ചെറുപ്പകാലം മുതല്‍ക്കെ തുടങ്ങിയ വായനാശീലം ജീവിതത്തിന്റെ അവസാന നാളുകള്‍ വരെ അദ്ദേഹം തുടര്‍ന്നുപോന്നു. മതസാഹിത്യങ്ങളെന്ന പോലെ പ്രശസ്തരുടെ കഥകളും കവിതകളും അദ്ദേഹം വായിച്ചിരുന്നു. മതഗ്രന്ഥങ്ങള്‍ക്കു പുറമെ കഥ, കവിത, നോവല്‍, ചരിത്രം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തില്‍ ഇടംപിടിച്ചു.
മതപണ്ഡിതനായിരുന്ന മലോല്‍ മൂസ മുസ് ലിയാരുടെയും നെല്ലോളി കുഞ്ഞാമിനയുടെയും മകനായി 1937-ല്‍ ജനനം. തലായി എല്‍.പി സ്‌കൂളില്‍ മൂന്നാം ക്ലാസു വരെയായിരുന്നു ഔദ്യോഗിക പഠനം. തുടര്‍ന്ന് പന്തീരിക്കര, നാദാപുരം, വാണിമേല്‍, ചെറുകുന്ന് പള്ളിദര്‍സുകളില്‍ പഠനം നടത്തി. പാറക്കല്‍ കുഞ്ഞമ്മദു കുട്ടി മുസ് ലിയാര്‍, പൂളിക്കണ്ടി പോക്കര്‍ മുസ് ലിയാര്‍, മേപ്പിലാച്ചേരി മൊയ്തീന്‍ മുസ് ലിയാര്‍, കളരിക്കണ്ടി ആലി മുസ് ലിയാര്‍ എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥന്മാര്‍.
മുപ്പതു വര്‍ഷത്തോളം കുന്നുമ്മക്കര ജുമുഅത്ത് പള്ളിയിലും തുടര്‍ന്ന് എടച്ചേരി പുത്തന്‍പള്ളിയിലും ഖാദിയായി സേവനമനുഷ്ഠിച്ചു. തലായി മഹല്ല് കമ്മിറ്റി, തലായി നജ്മുല്‍ ഹുദാ മദ്‌റസാ കമ്മിറ്റി എന്നിവയുടെ പ്രസിഡന്റായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കള്‍: സുബൈര്‍ (ഖത്തര്‍), ജാബിര്‍ (നാസിം, ജമാഅത്തെ ഇസ് ലാമി എടച്ചേരി ടൗണ്‍ ഹല്‍ഖ), ഉനൈസ്, അനസ്, ജമീല, ഫൗസിയ, നുസ്‌റത്ത്, സുമയ്യ, സഹ്‌റത്ത്.
പരേതനെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
Comments