നല്ലത് മാത്രം നൽകുക
നാല്പത് വിദ്യാർഥികൾ പഠിക്കുന്ന ഒരു ഹൈസ്കൂൾ ക്ലാസ്. പ്രധാന അധ്യാപകൻ ക്ലാസിൽ വന്നു. അദ്ദേഹം അവരോരോരുത്തരോടും താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന പത്ത് സഹപാഠികളുടെ പേരെഴുതാൻ ആവശ്യപ്പെട്ടു.
പിന്നെ, ഏറ്റവും കൂടുതൽ വെറുക്കുന്ന പത്ത് വിദ്യാർഥികളുടെ പേരെഴുതണമെന്നും പറഞ്ഞു. എല്ലാ വിദ്യാർഥികളും കടലാസിൽ പേരുകൾ എഴുതിക്കൊടുത്തു. എല്ലാം പരിശോധിച്ചപ്പോൾ ഒരു വിദ്യാർഥിയുടെ പേര് എല്ലാവരും എഴുതിയിരുന്നു. അവന്റെ കടലാസ് പരിശോധിച്ചപ്പോൾ വെറുക്കുന്ന ഒരു വിദ്യാർഥിയുടെ പേര് പോലും അതിലുണ്ടായിരുന്നില്ല. ഇത്രമാത്രം എഴുതിയിരുന്നു: "ഞാൻ ആരെയും വെറുക്കുന്നില്ല. എല്ലാവരെയും സ്നേഹിക്കുന്നു."
താൻ വെറുക്കുന്ന പത്ത് വിദ്യാർഥികളുടെ പേരുകൾ ഒരാൾ മാത്രമാണ് എഴുതിയത്. വെറുക്കുന്നവരുടെ പട്ടികയിൽ അവന്റെ പേര് എല്ലാവരും എഴുതിയിരുന്നു.
ആശയം വളരെ വ്യക്തം. എല്ലാവരെയും സ്നേഹിക്കുന്നവരെ എല്ലാവരും സ്നേഹിക്കുന്നു. വെറുക്കുന്നവരെ വെറുക്കുന്നു. പരക്കെ പറയപ്പെടുന്ന ഒരു കഥ ഇതിനോട് ചേർത്തു വെക്കാം: ആയിരം കണ്ണാടി പതിച്ച ഒരു വീട്. ഒരു നായ അവിടെ ഓടിക്കയറി. അപ്പോൾ അത് തനിക്ക് ചുറ്റും അനേകം നായകളെ കണ്ടു. അത് അവയുടെ നേരെ വാലാട്ടി. കണ്ണാടിയിലെ ആയിരം നായ്ക്കൾ അതിന്റെ നേരെയും വാലാട്ടി. മറ്റൊരു നായ അതേ കെട്ടിടത്തിലേക്ക് ഓടിക്കയറി. തനിക്ക് ചുറ്റും അനേകം നായ്ക്കളെ അതും കണ്ടു. അത് അവയുടെ നേരെ കുരച്ചു ചാടുകയാണുണ്ടായത്. ആയിരം നായ്ക്കൾ അതിന്റെ നേരെയും കുരച്ചു ചാടി. ആ നായ പേടിച്ചു വിറച്ചു. ഒരു നിമിഷം പോലും അവിടെ നിൽക്കാൻ കഴിഞ്ഞില്ല. ഭയന്നോടി.
നമ്മുടെ പ്രവർത്തനങ്ങൾ മേൽപ്പോട്ട് എറിയുന്ന പന്ത് പോലെയാണ്. പെട്ടെന്ന് അത് നമ്മിലേക്ക് തന്നെ തിരിച്ചു വരും. അല്ലെങ്കിൽ സ്വന്തം മേൽവിലാസത്തിലുള്ള കത്ത് പോലെ. അത് നമ്മിലേക്ക് തന്നെ തിരിച്ചെത്തും.. വളരെ പെട്ടെന്ന്; അല്ലെങ്കിൽ സാവകാശം. നാം എന്താണോ നൽകുന്നത്, അതാണ് തിരിച്ചുകിട്ടുക. നാം നടന്നുപോകുമ്പോൾ എതിരെ വരുന്നയാളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചാൽ അയാളും ചിരിക്കും; തീർത്തും അപരിചിതനാണെങ്കിലും.
കോപത്തോടെ മുഖം കറുപ്പിച്ചാലോ രൂക്ഷമായ നോട്ടമായിരിക്കും തിരിച്ചു കിട്ടുക; അയാൾ അടുത്ത കൂട്ടുകാരനാണെങ്കിലും!
നാം ആരെയെങ്കിലും സ്നേഹിച്ചാൽ അവർ നമ്മെയും സ്നേഹിക്കും. അപ്പോൾ നാം അവരെ കൂടുതൽ സ്നേഹിക്കും. അവരോ കൂടുതൽ സ്നേഹം തിരിച്ച് തരും. സ്നേഹം നൽകുന്നതിനനുസരിച്ച് കുറയുകയില്ല. കൂടിക്കൊണ്ടേയിരിക്കും.
നാം ആരെയെങ്കിലും വെറുത്താലോ, അവർ നമ്മെയും വെറുക്കും. നമ്മുടെ വെറുപ്പും വർധിക്കും. ഫലമോ, അവരുടെ അതിരുകളില്ലാത്ത വെറുപ്പ് നമ്മെ ആവരണം ചെയ്യും. ഏറ്റവും കൂടുതൽ പേരുടെ വെറുപ്പ് ഏറ്റുവാങ്ങേണ്ടി വരിക ഏറ്റവും കൂടുതൽ പേരെ വെറുക്കുന്നവരായിരിക്കും.
ജനങ്ങൾ സ്നേഹിക്കുന്നവരെ അല്ലാഹുവും സ്നേഹിക്കും. വെറുക്കുന്നവരെ അവനും വെറുക്കും.
'സത്യവിശ്വാസത്തിൽ പൂർണത വരിച്ചവൻ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ് ' (ഇമാം മുസ് ലിം ഉദ്ധരിച്ചത്) എന്ന് പ്രവാചകൻ പറയാനുള്ള കാരണവും അതു തന്നെ. അന്ത്യദിനത്തിൽ സത്യവിശ്വാസിയുടെ തുലാസിൽ സൽസ്വഭാവത്തെക്കാൾ കനം തൂങ്ങുന്ന മറ്റൊന്നില്ലെന്നും (തിർമിദി), സുകൃതം സൽസ്വഭാവമാണെന്നും (മുസലിം), സ്വഭാവം നന്നാക്കിയവൻ സ്വർഗത്തിൽ അത്യുന്ന സ്ഥാനത്താണെന്നും(അബൂ ദാവൂദ്), അന്ത്യദിനത്തിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവരും അവന്റെ അടുത്ത് സ്ഥാനം ലഭിക്കുന്നവരും ഏറ്റവും നല്ല സ്വഭാവമുള്ളവരായിരിക്കുമെന്നും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.
സ്നേഹത്തിന്റെ ശക്തി അപാരമാണ്. അത് ശത്രുവെ മിത്രമാക്കും. അകന്നവരെ അടുപ്പിക്കും. മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന കരുത്തുറ്റ കണ്ണിയാണത്. അതിനാൽ, നമ്മുടെ മനസ്സ് സ്നേഹത്താൽ നിറഞ്ഞൊഴുകട്ടെ. പരിസരമെങ്ങും അത് പ്രവഹിക്കട്ടെ. ചുറ്റും പ്രസരിക്കട്ടെ. നാമുമായി ബന്ധപ്പെടുന്ന എല്ലാവർക്കും നമ്മുടെ ആത്മാർഥമായ സ്നേഹം അനുഭവിക്കാൻ സാധിക്കുമാറാകട്ടെ. അത് അവരുടെയൊക്കെ മനസ്സിൽ കുളിര് പകരട്ടെ. അപ്പോൾ സമകാലികരും പിൻമുറക്കാരും നല്ലത് മാത്രം പറയുന്ന, സുഗന്ധ സ്മരണകൾ ബാക്കിവെക്കുന്ന മഹാഭാഗ്യവാന്മാരായി മാറാൻ നമുക്ക് സാധിക്കും. നല്ലത് മാത്രം നൽകി നല്ലത് മാത്രം നേടുക. l
Comments