Prabodhanm Weekly

Pages

Search

2023 ഡിസംബർ 01

3329

1445 ജമാദുൽ അവ്വൽ 17

ഗസ്സയുടെ വീതംവെപ്പ് ചര്‍ച്ചകളും മഹ്്മൂദ് അബ്ബാസും

പി.കെ നിയാസ്

ഗസ്സ സമ്പൂര്‍ണമായി കീഴടക്കിയാല്‍ ഹമാസിനെ പുറന്തള്ളി പ്രദേശത്തിന്റെ ഭരണം ഇസ്രായേല്‍ കൈകാര്യം ചെയ്യുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്്. ഹമാസിനെ വീണ്ടും ഗസ്സയില്‍ അനുവദിക്കില്ലെന്നും ഫലസ്ത്വീന്‍ അതോറിറ്റിയെ (പി.എ) ഭരണം ഏല്‍പിക്കുമെന്നും അമേരിക്കയും വ്യക്തമാക്കുന്നു. ഗസ്സയുടെ ഭാവി കാര്യങ്ങളില്‍ ഇടപെടാന്‍ ഫലസ്ത്വീന്‍ അതോറിറ്റിക്ക് താല്‍പര്യമുണ്ടെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസും നിലപാട് പ്രഖ്യാപിച്ചതോടെ 'ഹമാസാനന്തര ഗസ്സ' യുടെ ഭാവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. 

അബ്ബാസ് നേതൃത്വം നല്‍കുന്ന ഫതഹ് പാര്‍ട്ടിയുടെ മുന്‍ നേതാവും ഗസ്സയിലെ സുരക്ഷാ ചീഫുമായിരുന്ന മുഹമ്മദ് യൂസുഫ് ദഹ്‌ലാനെ മുന്നില്‍ നിര്‍ത്തിയുള്ള ഗസ്സ പുനരധിനിവേശമാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും താല്‍പര്യമെന്നും വാര്‍ത്തകളുണ്ട്. അമേരിക്ക അതു പുറമെ പറയുന്നില്ല. അബ്ബാസുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരിടത്ത് വസിക്കുന്ന ദഹ്‌ലാന്‍ ഇസ്രായേലുമായി രഹസ്യ ഇടപാടുകള്‍ നടത്തുന്നതായി നേരത്തെ ആരോപണമുണ്ട്. 2007-ല്‍ ഗസ്സയില്‍ ആഭ്യന്തര കലാപത്തിന് നേതൃത്വം കൊടുത്തതിലും തുര്‍ക്കിയയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരായ 2016-ലെ അട്ടിമറി നീക്കങ്ങള്‍ക്ക് പിന്നിലും ദഹ്‌ലാന്റെ കരങ്ങള്‍ ഉണ്ടായിരുന്നു എന്നത് രഹസ്യമല്ല.
അമ്പത് ദിവസത്തോളം ഇടതടവില്ലാതെ ബോംബുകള്‍ വര്‍ഷിച്ചിട്ടും, കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ പതിനാലായിരത്തോളം മനുഷ്യരെ നിഷ്ഠുരമായി കൊന്നൊടുക്കിയിട്ടും ഗസ്സയെ നിയന്ത്രണത്തിലൊതുക്കാനോ ബന്ദികളെ മോചിപ്പിക്കാനോ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല.

 ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളെപ്പോലും തൊടാന്‍ കഴിഞ്ഞിട്ടില്ല. ഈ വസ്തുതകള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. ഗസ്സ എന്താകുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. അവിടെ സയണിസ്റ്റ് ഭരണകൂടം പുനരധിനിവേശം നടത്തിയാലും ഹമാസിനെ തുടച്ചുനീക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമായിരിക്കും. രാസായുധങ്ങള്‍ ഉണ്ടെന്ന വ്യാജ പ്രചാരണം നടത്തി ഇറാഖില്‍ ഭരണകൂടത്തെ മാറ്റിയത് ഗസ്സയിലും ആവര്‍ത്തിക്കാമെന്ന് അമേരിക്ക കരുതുന്നുണ്ടാവും. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഹമാസിനെ പിഴുതെറിഞ്ഞ് തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ വാഴിക്കാന്‍ അമേരിക്കയും ഇസ്രായേലും ശ്രമിച്ചാല്‍ അത് വലിയൊരു ദുരന്തത്തിലേക്കായിരിക്കും മേഖലയെ കൊണ്ടെത്തിക്കുക. 

ഇക്കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കിലെ ബിര്‍സെയ്ത് സര്‍വകലാശാലയിലെ അറബ് വേള്‍ഡ് ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് നടത്തിയ സര്‍വേയില്‍ 76 ശതമാനവും ഹമാസിനെ പിന്തുണച്ചപ്പോള്‍ അവരുടെ  സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ്‌സിന് കിട്ടിയ പിന്തുണ 89 ശതമാനമായിരുന്നു.  ഫലസ്ത്വീന്‍ അതോറിറ്റിക്കുള്ള പിന്തുണ കേവലം പത്തു ശതമാനത്തിലും, പി.എയെ നിയന്ത്രിക്കുന്ന വെസ്റ്റ് ബാങ്കിലെ ഭരണകക്ഷിയായ ഫതഹിന്റേത് 23 ശതമാനത്തിലും ഒതുങ്ങി.

പി.എ എന്ന 
ഇസ്രായേല്‍ പാവ

ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ഫലസ്ത്വീനി ജനതയെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും ഫലസ്ത്വീനികളെ പ്രതിനിധാനം ചെയ്യാനുള്ള നിയമപരമായ അധികാരം പി.എല്‍.ഒവിനു മാത്രമാണെന്നും ഒക്ടോബറില്‍ വെനീസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മദുറോവുമായുള്ള കൂടിക്കാഴ്ചയില്‍ അബ്ബാസ് പറഞ്ഞിരുന്നു. എന്നാല്‍, പ്രസ്താവനയിലെ അബദ്ധവും അപകടവും ബോധ്യപ്പെട്ടതോടെ ഹമാസിന്റെ പേര് ഒഴിവാക്കി പ്രസ്താവന അദ്ദേഹം തിരുത്തി. ഫതഹും പി.എല്‍.ഒയുമാണ് ഫലസ്ത്വീനിന്റെ എല്ലാമെല്ലാമെന്നും മറ്റു സംഘടനകളെല്ലാം പ്രശ്‌നക്കാരാണെന്നുമുള്ള ധ്വനി തിരുത്തിയ പ്രസ്താവനയിലും ഉണ്ടായിരുന്നു. 
കഴിഞ്ഞ 14 കൊല്ലമായി നിയമവിരുദ്ധമായാണ് ഫലസ്ത്വീന്‍ അതോറിറ്റിയുടെ പ്രസിഡന്റായി താന്‍ തുടരുന്നതെന്ന്, പ്രസ്താവന നടത്തുമ്പോള്‍ അബ്ബാസ് മറന്നുപോയി. ഇപ്പോള്‍ 87 വയസ്സ് പിന്നിട്ട അബ്ബാസ് 2005 ജനുവരി 9-നാണ് ഫലസ്ത്വീന്‍ പ്രസിഡന്റ് ആവുന്നത്. 2009 ജനുവരി 15-ന് കാലാവധി അവസാനിച്ചെങ്കിലും 2010-ല്‍ ഇലക്്ഷന്‍ നടത്താം എന്ന വ്യവസ്ഥയില്‍ ഒരു കൊല്ലം കൂടി കാലാവധി നീട്ടി വാങ്ങി. എന്നാല്‍, മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇലക്്ഷന്‍ നടത്താതെ സകലമാന സുഖസൗകര്യങ്ങളും അനുഭവിച്ചു പ്രസിഡന്റിന്റെ കസേരയില്‍ അള്ളിപ്പിടിച്ച് ഇരിക്കുകയാണ് അദ്ദേഹം. 

ഹമാസ് തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന പടിഞ്ഞാറന്‍ ശക്തികള്‍ ഈ ജനാധിപത്യ ധ്വംസനം കണ്ടതായി നടിച്ചില്ല. ഫലസ്ത്വീന്‍ ജനതയെ വഞ്ചിക്കാന്‍ മഹ്മൂദ് അബ്ബാസ് എന്ന ബിംബം അവിടെ നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. ഫലസ്ത്വീന്‍ ജനതയുടെ നിയമാനുസൃതമായ അധികാരം പി. എല്‍. ഒക്ക് ആണെന്ന് വീമ്പിളക്കുന്ന മഹ്മൂദ് അബ്ബാസ്, 2006-ലെ  തെരഞ്ഞെടുപ്പില്‍ ഹമാസിനോട് തോറ്റു തുന്നം പാടിയതാണ് തന്റെ പാര്‍ട്ടിയെന്ന സത്യം സൗകര്യപൂർവം മറക്കുകയാണ്. ഇസ്രായേലിനോടും അമേരിക്കയോടുമൊപ്പം ഗൂഢാലോചന നടത്തി ഹമാസിനെ ഭരിക്കാന്‍ അനുവദിക്കാതിരുന്നതും അദ്ദേഹം മറക്കരുതായിരുന്നു. വെസ്റ്റ് ബാങ്കിലെ സ്വന്തം ജനതയോട് ഇസ്രായേല്‍ കാണിക്കുന്ന ക്രൂരതകളെ ചോദ്യം ചെയ്യാന്‍ പോലും കഴിയാതെ ജനങ്ങള്‍ക്ക് ഭാരമായി കഴിയുന്ന അബ്ബാസിന്റെ ആദര്‍ശ പ്രസംഗം ഇസ്രായേല്‍ പോലും ഗൗനിക്കുന്നില്ല. 

മഹ്മൂദ് അബ്ബാസിനെതിരാണ് വെസ്റ്റ് ബാങ്കിലെ ജനങ്ങളില്‍ വലിയൊരു വിഭാഗവും. സർവേകളില്‍ ഇദ്ദേഹത്തെക്കാള്‍ മുന്‍തൂക്കം ഉള്ളത് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യക്കാണ്. അധികാരത്തിന്റെ ശീതളച്ഛായയില്‍ റാമല്ലയിലെ കൊട്ടാരത്തില്‍ വാഴുന്ന മഹ്മൂദ് അബ്ബാസിന്, ഇസ്രായേലിനെതിരെ പോരാട്ടം നയിക്കുന്ന ഹമാസിനെ കുറിച്ച് മിണ്ടാന്‍ പോലും അവകാശമില്ല.

സയണിസത്തോട് രാജി

'നാസിസവും സയണിസവും തമ്മിലുള്ള രഹസ്യ ബന്ധം' എന്ന വിഷയത്തിലുള്ള ഗവേഷണ പ്രബന്ധത്തിനാണ് 1982-ല്‍ മോസ്‌കോയിലെ പാട്രിസ് ലുമംബ സര്‍വകലാശാലയില്‍നിന്ന് മഹ്മൂദ് അബ്ബാസിന് ഡോക്ടറേറ്റ് ലഭിക്കുന്നത്. രണ്ടാം ലോക യുദ്ധത്തിനു മുമ്പ് ജര്‍മനിയിലെ നാസി ഭരണകൂടവുമായി സയണിസ്റ്റുകള്‍ക്ക് ഊഷ്മള ബന്ധമുണ്ടായിരുന്നുവെന്നും അറുപത് ലക്ഷം ജൂതന്മാരെ കൂട്ടക്കൊല ചെയ്തുവെന്നത് (ഹോളോകോസ്റ്റ്) സംശയകരമാണെന്നും ഗവേഷണ പ്രബന്ധത്തില്‍ അബ്ബാസ് വ്യക്തമാക്കുന്നുണ്ട്. 1977-ല്‍ പ്രസിദ്ധീകരിച്ച 'സയണിസം തുടക്കവും ഒടുക്കവും' (അസ്സഹ്‌യൂനിയ്യഃ ബിദായ വ നിഹായ) എന്ന പുസ്തകത്തില്‍, സയണിസവും ജൂത മതവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ജൂതന്മാരാണ് അതിന്റെ ആദ്യ ഇരകളെന്നും അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. 
എന്നാല്‍, സയണിസത്തിനെതിരെ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ച അബ്ബാസ് ക്രമേണ നിലപാടുകള്‍ മാറ്റുന്നതാണ് കണ്ടത്. 'ഓസ്്ലോയുടെ വഴി (ത്വരീഖ് ഓസ്്ലോ) എന്ന പേരില്‍ 2011-ല്‍ പുറത്തുവന്ന പുസ്തകത്തില്‍ ഇസ്രായേലുമായി സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന് ഫതഹ് പാര്‍ട്ടിയില്‍ ആദ്യം ശബ്ദമുയര്‍ത്തിയത് താനാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പുസ്തകത്തില്‍ 'സയണിസം' എന്ന വാചകം കടന്നുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് മാത്രമല്ല, ഇസ്രായേലിലെ 'സമാധാന വാഹകരാ'യ മേജര്‍ ജനറല്‍ മാറ്റി പെലെഡ് ഉള്‍പ്പെടെയുള്ളവരുമായുള്ള ചര്‍ച്ചകളാണ് പിന്നീട് ഓസ്ലോ കരാറിലേക്ക് വഴിതുറന്നതെന്നും സമര്‍ഥിക്കുന്നു.

ജൂത കുടിയേറ്റം സയണിസ്റ്റുകളുടെ ഗൂഢ പദ്ധതിയാണെന്ന പൊതു നിലപാടിനു വിരുദ്ധമായ ആശയങ്ങളാണ് പിൽക്കാലത്ത് അബ്ബാസ് പങ്കുവെച്ചത്. വ്യക്തിഗതവും മതപരവും ആദര്‍ശപരവുമായ കാരണങ്ങളാലാണ് ജൂത കുടിയേറ്റം ഉണ്ടാവുന്നതെന്നും ഈ യാഥാര്‍ഥ്യം അറബ് ലോകം മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

തന്റെ ഡോക്ടറേറ്റ് പ്രബന്ധത്തിലെ പരാമര്‍ശങ്ങളില്‍നിന്ന് പിന്നോട്ടടിക്കുന്ന അബ്ബാസിനെയും പില്‍ക്കാലത്ത് കണ്ടു. 2014 ഫെബ്രുവരിയില്‍ റാമല്ലയില്‍ ഇസ്രായേല്‍ വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ ഹോളോകോസ്റ്റ്് നിഷേധിയല്ലെന്നും ലക്ഷക്കണക്കിന് ജൂതന്മാരെ നാസികള്‍ കൂട്ടക്കൊല ചെയ്തതായും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചക്കു ശേഷം ഇസ്രായേലിന്റെ ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തില്‍ 'ആധുനിക കാലത്തെ ഏറ്റവും ഹീനമായ സംഭവമാണ് ജൂതന്മാരുടെ കൂട്ടക്കൊല'യെന്നായിരുന്നു ഫലസ്ത്വീന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വഫക്ക്' നല്‍കിയ പ്രസ്താവനയില്‍ അബ്ബാസിന്റെ പ്രതികരണം.

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമായ ഷിമോണ്‍ പെരസുമായി ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്നു അബ്ബാസ്. ഇരുവരുടെയും സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇസ്രായേലുമായി ചര്‍ച്ചകള്‍ക്ക് തയാറായ അബ്ബാസിന്റെ 'ധീരമായ നടപടി'യെ പുകഴ്ത്തുന്ന പ്രസ്താവനകള്‍ 2012-ലും 2013-ലും പെരസ് നടത്തിയിരുന്നു. 2016-ല്‍ പെരസ് മരിച്ചപ്പോള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുകയും അദ്ദേഹത്തെ മഹാനായി വാഴ്ത്തുകയും ചെയ്തയാളാണ് ഫലസ്ത്വീന്‍ പ്രസിഡന്റ്. 'മനുഷ്യകുലത്തിനും മേഖലയിലെ സമാധാനത്തിനും വലിയ നഷ്ടമാണ് പെരസിന്റെ വിയോഗം' എന്നായിരുന്നു അബ്ബാസിന്റെ ട്വീറ്റ്. 

1984 മുതല്‍ 1986 വരെയും, യിഷാക് റബിന്റെ വധത്തിനുശേഷം 1995 മുതല്‍ 1996 വരെയും ഇസ്രായേലിന്റെ പ്രധാന മന്ത്രി പദവിയും 2007 മുതല്‍ 2014 വരെ പ്രസിഡന്റ് പദവിയും അലങ്കരിച്ചയാളാണ് പെരസ്. ഇതിനു പുറമെ പ്രതിരോധ, വിദേശ, ധനകാര്യ വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ചു. എന്നാല്‍, ഫലസ്ത്വീനികളെ മനുഷ്യരായിപ്പോലും കണക്കാക്കാത്തയാളായിരുന്നു പെരസ്. ഫലസ്ത്വീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ മുഴുവന്‍ അധിനിവേശങ്ങള്‍ക്കും പ്രത്യക്ഷമായും അല്ലാതെയും പങ്കുവഹിച്ചയാള്‍. 1948-ല്‍ ഫലസ്ത്വീനെ ഭൂപടത്തില്‍നിന്ന് തുടച്ചുനീക്കണമെന്നു വാദിക്കുകയും, ഈജിപ്തിലും സിറിയയിലും ഇസ്രായേലി അധിനിവേശത്തിന് നേതൃത്വം കൊടുക്കുകയും, ഇസ്രായേലിന്റെ അണുബോംബ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുകയും, 1996-ല്‍ ലബനാനിലെ ഖനയില്‍ യു.എന്‍ ക്യാമ്പില്‍ ബോംബിട്ട് സിവിലിയന്‍മാരെ കൊല്ലാന്‍ ഉത്തരവിടുകയും ചെയ്തയാളായിരുന്നു പെരസ്. ഓസ്ലോ കരാര്‍ എന്ന ചതിക്കുഴിയില്‍ ഫലസ്ത്വീനികളെ ചാടിച്ചതിന് പ്രതിഫലമായി 1994-ല്‍ നൊബേൽ പുരസ്‌കാരം ലഭിച്ചതോടെയാണ് പെരസ് സമാധാനത്തിന്റെ മുഖംമൂടി അണിയാന്‍ തുടങ്ങിയത്.

ഓസ്്ലോ കരാറില്‍ തന്നോടൊപ്പം ഒപ്പുവെച്ച റബിന്റെ സംസ്‌കാരച്ചടങ്ങില്‍ അറഫാത്ത് പങ്കെടുത്തിരുന്നില്ല. ഇസ്രായേലുമായി സമാധാന കരാറുകളില്‍ ഒപ്പുവെച്ച ജോര്‍ദാനിലെ രാജാവോ ഈജിപ്തിലെ പ്രസിഡന്റോ പെരസിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തില്ല എന്നു മാത്രമല്ല, അനുശോചനക്കുറിപ്പ് പോലും പുറപ്പെടുവിച്ചിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഷിമോണ്‍ പെരസിനെ വാനോളം പുകഴ്ത്തിയ അബ്ബാസിന്റെ നടപടി ഫലസ്ത്വീനികളെ വഞ്ചിക്കലായിരുന്നു. 
സയണിസ്റ്റ് ഭീകരനായിരുന്ന ഷിമോണ്‍ പെരസിനെ അബ്ബാസ് ഇത്രമാത്രം സ്തുതിച്ചതിനു പല കാരണങ്ങളുമുണ്ട്. തന്റെ സുഖസൗകര്യങ്ങള്‍ മാത്രം പരിഗണിച്ചിരുന്ന അബ്ബാസ്, ഇസ്രായേലിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഫലസ്ത്വീന്‍ അതോറിറ്റിയെ നയിച്ചത്. പെരസ് ഇസ്രായേല്‍ പ്രസിഡന്റായ ഏഴു വര്‍ഷക്കാലം വെസ്റ്റ് ബാങ്കില്‍ ഒരു വിധത്തിലുള്ള ചെറുത്തുനില്‍പ് പ്രവര്‍ത്തനങ്ങളും അനുവദിച്ചില്ല. ഇന്ന് വെസ്റ്റ് ബാങ്കും ഇസ്രായേല്‍ സൈനികരുടെയും തീവ്ര ജൂത കുടിയേറ്റക്കാരുടെയും വിളയാട്ട കേന്ദ്രമാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ മുന്നൂറോളം പേര്‍ അവിടെ കൊല്ലപ്പെട്ടു. പക്ഷേ, അബ്ബാസിന് കുലുക്കമില്ല. 

നെതന്യാഹു കണ്ണുരുട്ടിയാല്‍ നിലപാട് മാറ്റുന്നയാളാണ് അബ്ബാസ്. ഹമാസുമായുള്ള അനുരഞ്ജന കരാറുകള്‍ നടപ്പാക്കാതിരിക്കാനുള്ള ഇസ്രായേലിന്റെ സമ്മർദത്തിന് അബ്ബാസ് വഴങ്ങിയതാണ് ഫലസ്ത്വീന്‍ ഐക്യത്തിന് തിരിച്ചടിയായത്.  2006-ല്‍ തെരഞ്ഞെടുപ്പില്‍ ഹമാസിനോട് തോറ്റിട്ടും ഗസ്സ അടക്കിവാഴാമെന്ന മോഹത്തിന് തിരിച്ചടിയേറ്റതോടെ ഇസ്രായേലിന്റെയും പടിഞ്ഞാറന്‍ ശക്തികളുടെയും ഉപരോധത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഒക്ടോബര്‍ ഏഴിന് നോവ ഫെസ്റ്റിവലില്‍ പങ്കെടുത്തവരില്‍ 364 പേര്‍ കൊല്ലപ്പെട്ടത് ഇസ്രായേലി ബോംബിംഗിലായിരുന്നുവെന്നും കൂട്ടക്കൊലക്ക് ഹമാസിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഹാരെറ്റ്്‌സിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ഫലസ്ത്വീന്‍ അതോറിറ്റി പുറപ്പെടുവിച്ച പ്രസ്താവനയും അബ്ബാസ് ഇടപെട്ട് പിന്‍വലിക്കുകയുണ്ടായി. ഫലസ്ത്വീന്‍ അതോറിറ്റിയെ ഇത്രത്തോളം നിഷ്‌ക്രിയമാക്കിയത് മഹ്്മൂദ് അബ്ബാസിന്റെ ഭരണമാണ്. അദ്ദേഹം ഗസ്സയിലേക്കും കണ്ണിട്ടാല്‍ അത് ദുരന്തമായിരിക്കും. ഫലസ്ത്വീന്‍ ജനത അത് അനുവദിക്കില്ല. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 04
ടി.കെ ഉബൈദ്