അബുല്‍ കലാമിനെ ഓര്‍ക്കുമ്പോള്‍
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി അബുല്‍ കലാം ആസാദിന്റെ 135-ാം ജന്മദിനമായിരുന്നു കഴിഞ്ഞ നവംബര്‍ 11. നംവബര്‍ 14-ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി രാജ്യം കൊണ്ടാടിയിരുന്നു. പ്രഥമ ഉപരാഷ്ട്രപതി ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപക ദിനമായി സെപ്റ്റംബര്‍ അഞ്ചിന് ആചരിക്കുന്നു. ആസാദിന്റെ ജന്മദിനം പക്ഷേ, ആരും ഓര്‍ക്കാതെയും പറയാതെയും കടന്നുപോവാറാണ് പതിവ്. നരേന്ദ്ര മോദിയുടെ ഇന്ത്യ എന്ന ഭാരതമാവട്ടെ, സ്വാതന്ത്ര്യ സമരനായകൻ കൂടിയായിരുന്ന ആസാദിനെ ഓർമിപ്പിക്കാതെ മറക്കാനും മറപ്പിക്കാനുമാണ് ശ്രമിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ ഹിന്ദുത്വ സര്‍ക്കാര്‍ വെട്ടിക്കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്തു. എഡിറ്ററും ഗ്രന്ഥകാരനും വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവും മൂന്ന് തവണ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ സാരഥിയും വിഖ്യാത പണ്ഡിതനുമായിരുന്ന അബുല്‍ കലാമിനെ ചരിത്ര പാഠപുസ്തകങ്ങളില്‍നിന്ന് വെട്ടിമാറ്റുക കൂടി ചെയ്തിരിക്കുന്നു ആര്‍.എസ്.എസ് നിയന്ത്രിത ഭരണകൂടം. രാഷ്ട്ര വിഭജനത്തിന്റെ പാപഭാരം മുഴുവന്‍ മുസ്്‌ലിം സമുദായത്തിന്റെ പേരില്‍ കെട്ടിയേല്‍പിക്കാന്‍ ബദ്ധശ്രദ്ധരായ സംഘ് പരിവാര്‍ ദ്വിരാഷ്ട്രവാദത്തിന്റെ ആജന്മ ശത്രുവായിരുന്ന അബുല്‍ കലാമിനെ സമ്പൂര്‍ണമായി തമസ്‌കരിക്കാന്‍ ശ്രമിക്കുന്നതിലെ വൈരുധ്യം വര്‍ഗീയ-വംശീയ വെറിയുടെ പ്രത്യക്ഷോദാഹരണമായേ കാണേണ്ടതുള്ളൂ. ഇത്രയും കുറിക്കാന്‍ തോന്നിയത് യു.ഡി.എഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ എം.എം ഹസന്‍ കോഴിക്കോട്ട് മൗലാനാ ആസാദ് ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തതായ വാര്‍ത്ത ശ്രദ്ധിച്ചപ്പോഴാണ്. ഇന്ത്യയിലൊരിടത്തു നിന്നും കേള്‍ക്കാനോ അറിയാനോ ഇടവന്നിട്ടില്ലാത്ത, അബുല്‍ കലാം ആസാദിന്റെ ജന്മദിനത്തില്‍ മൗലാനാ ആസാദ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു വേദിക്ക് രൂപം നല്‍കാന്‍ ഏതാനും കോണ്‍ഗ്രസ്സുകാര്‍ക്ക് ബോധോദയമുണ്ടായതിന്റെ പ്രചോദനം ആ മഹാനോടുള്ള സ്‌നേഹമോ പ്രതിബദ്ധതയോ ആയിരിക്കാം, വേറെ ചിലതുമാകാം. ഏതായാലും ആ അവിസ്മരണീയ വ്യക്തിത്വത്തെ ഓര്‍ക്കാനും പഠിക്കാനും പുതിയ തലമുറയെ പ്രേരിപ്പിക്കുന്ന ചിലതൊക്കെ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളിലുണ്ടെങ്കില്‍ അത്രയും സ്വാഗതാര്‍ഹം.
ആരായിരുന്നു ആസാദ്? ബാബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് പേര്‍ഷ്യയിലെ ഹറാത്തിൽനിന്ന് ഇന്ത്യയിലെത്തി ആദ്യം ആഗ്രയിലും പിന്നീട് ദല്‍ഹിയിലും താമസമാക്കിയ സൂഫീ പണ്ഡിത കുടുംബാംഗമായിരുന്ന അഹ്്മദ് ഖൈറുദ്ദീനാണ് ആസാദിന്റെ പിതാവ്. മക്കയിലേക്ക് താമസം മാറ്റിയ ഖൈറുദ്ദീന് മദീനയിലെ മുഫ്തി ശൈഖ് മുഹമ്മദ് സ്വഗീറിന്റെ മകള്‍ അലിയ്യയിലുണ്ടായ അഞ്ച് മക്കളില്‍ ഏറ്റവും ഇളയവനായ മുഹ്്യിദ്ദീൻ ആസാദ് 1888 നവംബര്‍ 11-ന് പിറന്നു. മൂന്ന് വയസ്സ് പ്രായമുള്ളപ്പോള്‍ ഖൈറുദ്ദീന്‍ കുടുംബം ഇന്ത്യയിലേക്ക് തിരിച്ചുവന്നു കല്‍ക്കത്തയില്‍ താമസമാക്കി.
പണ്ഡിതനും സൂഫിയുമായിരുന്ന പിതാവില്‍നിന്ന് തന്നെയാണ് മകന്‍ ആസാദ് വിവിധ മത വിഷയങ്ങളില്‍ അഗാധമായ ജ്ഞാനം നേടിയെടുത്തത്. അറബി, പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളിലും പില്‍ക്കാലത്ത് ഇംഗ്ലീഷിലും അദ്ദേഹം വ്യുല്‍പത്തി നേടി. അസാമാന്യ ബുദ്ധിയും പ്രഭാഷണകലയിലെ അന്യാദൃശ ശേഷിയുമായിരുന്നു ആസാദിന് അബുല്‍ കലാം (വചനങ്ങളുടെ പിതാവ്) എന്ന ബഹുമതി നേടിക്കൊടുത്തത്. അറബി ഭാഷയിലെ അവഗാഹം ആസാദിനെ സമകാലിക പണ്ഡിതന്മാര്‍ക്ക് സമശീര്‍ഷനാക്കാന്‍ പര്യാപ്തമായി. എന്നാല്‍, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ആസാദ് ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റോ ബിരുദമോ നേടിയിരുന്നില്ലെന്നതാണ് സത്യം. ആസാദ് ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടിയിട്ടുണ്ടെന്ന് മുന്‍കാല കോണ്‍ഗ്രസ് നേതാവ് ബാലാഭായി ദേശായി രേഖപ്പെടുത്തിയത് വാസ്തവമല്ല. ഒരിക്കല്‍ ആസാദിന്റെ വിദ്യാഭ്യാസ യോഗ്യത വിവാദങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചതിങ്ങനെ: ''ആളുകള്‍ ചോദിക്കുന്നു, പൂര്‍വ ദേശത്തെയോ പശ്ചിമ ദേശത്തെയോ ഏത് യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് താങ്കള്‍ പഠനം പൂര്‍ത്തീകരിച്ചതെന്ന്. ഞാന്‍ പറയുന്നു, കിഴക്കോ പടിഞ്ഞാറോ ഉള്ള ഒരു സര്‍വകലാശാലയിലും പഠിച്ചിട്ടുള്ളവനല്ല ഞാന്‍. എന്നാൽ, കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഉടമയായ ദൈവം തമ്പുരാന്‍ തന്ന കുറച്ചു വിജ്ഞാനം എന്റെ കൈയിലുണ്ട്.'' ദൈവികമായ വിജ്ഞാനമാണ് അദ്ദേഹത്തെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ പോലുള്ള പ്രൗഢമായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം രചിക്കാന്‍ പ്രാപ്തനാക്കിയത്. സാമ്പ്രദായിക ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്തമായി മൗലാന നടത്തിയ ചില നിരീക്ഷണങ്ങളും ഗവേഷണങ്ങളും ചിന്താര്‍ഹമാണ്. അസ്ഹാബുല്‍ കഹ്ഫ് (ഗുഹാവാസികള്‍) എന്ന പതിനെട്ടാം അധ്യായത്തില്‍ അവരുടെ എണ്ണം മൂന്ന്, അഞ്ച്, എട്ട് എന്നിങ്ങനെ ജനം പറയുന്നത് ഉദ്ധരിച്ചതല്ലാതെ ഖുര്‍ആന്‍ ഒന്നും ഖണ്ഡിതമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ആസാദ്, അവര്‍ ഗുഹയില്‍ കഴിച്ചുകൂട്ടിയ സംവത്സരങ്ങളിലും ക്ലിപ്തതയില്ലെന്ന് അഭിപ്രായപ്പെടുന്നു. അതേ അധ്യായത്തില്‍ ഖുര്‍ആന്‍ പരാമര്‍ശിച്ച ദുൽഖര്‍നൈന്‍ എന്ന നന്മനിറഞ്ഞ സാമ്രാജ്യാധിപന്‍, മഹാനായ ഗ്രീക്ക് ചക്രവര്‍ത്തിയായി ചരിത്രം അടയാളപ്പെടുത്തിയ അലക്‌സാണ്ടര്‍ ആണെന്ന മുന്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വീക്ഷണത്തോടും ആസാദ് വിയോജിക്കുന്നു. അത് പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസ് (ക്രി.മു ആറാം നൂറ്റാണ്ട്) ആവാനാണ് സാധ്യത എന്നാണ് താരതമ്യേന ശരിയോടടുത്ത വീക്ഷണമെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു; അക്കാര്യത്തില്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ കര്‍ത്താവ് സയ്യിദ് അബുല്‍ അഅ്‌ലായുടെ നിരീക്ഷണവും അതുതന്നെ.
ചിന്താപരമായും പ്രത്യയശാസ്ത്രപരമായും അബുല്‍ കലാം ആസാദിന് ജീവിതത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഭിന്ന വീക്ഷണങ്ങളുണ്ടായിരുന്നുവെന്ന സത്യം വിസ്മരിച്ചുകൊണ്ടാണ്, നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ആസാദിനെ വിലയിരുത്താറുള്ളത്. ഹുകൂമത്തെ ഇലാഹിയ്യ (ദൈവാധിപത്യം) എന്ന പദപ്രയോഗത്തെ സയ്യിദ് മൗദൂദി(1903-1979)യുടെ തലയില്‍ കെട്ടിവെച്ച് അദ്ദേഹത്തെ മത-രാഷ്ട്രവാദത്തിന്റെ ഉപജ്ഞാതാവാക്കാന്‍ പാടുപെടുന്ന സെക്യുലരിസ്റ്റുകള്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്ന ഒരു സത്യമുണ്ട്. മൗദൂദിയെക്കാള്‍ എത്രയോ മുമ്പ് അതെക്കുറിച്ച് ഉജ്ജ്വല ഭാഷയില്‍ വാചാലനായിരുന്നത് ആസാദാണ്: 'ഇന്ന് ദൈവാധിപത്യവും മനുഷ്യാധിപത്യങ്ങളും തമ്മില്‍ ഉഗ്ര സംഘട്ടനം നടക്കുകയാണ്. പിശാചിന്റെ സിംഹാസനമാണ് മിക്ക ഭൂഭാഗങ്ങളിലും സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.... മുസ്്‌ലിംകളേ, പരലോക വിഭവം വിറ്റ് ഇഹലോകത്തിന്റെ തുഛലാഭത്തില്‍ സംതൃപ്തരാവാനാണോ നിങ്ങളുടെ ഭാവം? ദൈവിക ഭരണത്തോട് രാജ്യദ്രോ ഹികളായിക്കൊണ്ട് ഭൗതിക ഭരണകൂടങ്ങളുമായി സന്ധി ചെയ്യാനാണോ ഭാവം?' (അല്‍ ഹിലാല്‍, 1914 ജൂലൈ).
ഇങ്ങനെ പ്രസംഗിക്കുക മാത്രമല്ല, തദടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന വേണമെന്നും ആസാദിന് നിർബന്ധമുണ്ടായിരുന്നു. ഹിസ്ബുല്ലാഹ് (അല്ലാഹുവിന്റെ പാര്‍ട്ടി) എന്ന പേരില്‍ ഒരു സംഘടനക്ക് തന്നെ അദ്ദേഹം തുടക്കം കുറിച്ചിരുന്നു. പിന്നീടൊരിക്കല്‍ ഇമാമുല്‍ ഹിന്ദ് (ഇന്ത്യയുടെ ഇമാം) എന്ന പദവി സൃഷ്ടിച്ചു സ്വയം അവരോധിതനാവാനും അദ്ദേഹം തുനിഞ്ഞതും, മുസ്്‌ലിം സമുദായം തങ്ങളുടെ യഥാര്‍ഥ ദൗത്യം മറന്നതിലുള്ള വേദനയാല്‍ അതിലേക്ക് അവരെ നയിക്കണമെന്ന ഉത്കടമായ അഭിലാഷം മൂലമായിരുന്നു. എന്നാല്‍, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് മൗലാനാ മുഹമ്മദലി, പ്രമുഖ പണ്ഡിതന്മാരായിരുന്ന മൗലാനാ മഹ്്മൂദ് ഹസന്‍, സയ്യിദ് സുലൈമാന്‍ നദ്്വി തുടങ്ങിയവരുടെ എതിര്‍പ്പ് കാരണം ആ പദവിയുമായി അദ്ദേഹം മുന്നോട്ടു പോയില്ല. അല്‍ ബലാഗ്, അല്‍ ഹിലാല്‍ എന്നീ മാസികകളിലൂടെ തന്റെ ആശയങ്ങള്‍ അദ്ദേഹം നിരന്തരം പ്രകാശിപ്പിച്ചുകൊണ്ടുമിരുന്നു. ഒരു സമ്പൂര്‍ണ ഇസ്്‌ലാമിക സ്റ്റേറ്റ് മനസ്സില്‍ വെച്ചുകൊണ്ടുതന്നെയാണ് 1920-കളില്‍ അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നിന്നത്. 1920 ഫെബ്രുവരിയില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന ഖിലാഫത്ത് കമ്മിറ്റി സമ്മേളനത്തില്‍ അദ്ദേഹം ചെയ്ത ഉജ്ജ്വല പ്രസംഗം ചരിത്രപ്രധാനമാവുന്നത്, ഖിലാഫത്ത് പ്രസ്ഥാനത്തിന് ആസാദ് സംഭാവന ചെയ്ത പ്രത്യയശാസ്ത്രപരമായ ഉള്ളടക്കം മൂലമാണ്. ഇസ്്‌ലാമിന് രാഷ്ട്രീയമായ അടിത്തറ ഇല്ലെന്നോ അത് കാലഹരണപ്പെട്ടുവെന്നോ അത് തീവ്രവാദമാണെന്നോ ഒരു കാലത്തും അദ്ദേഹം പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല. താന്‍ ദേശീയ മതേതര പ്രസ്ഥാനത്തിന്റെ തലപ്പത്ത് വന്നപ്പോഴും അതിന് മുമ്പ് പറഞ്ഞതോ എഴുതിയതോ ഒന്നും തിരുത്തിയതുമില്ല.
1923, 1936, 1940 വര്‍ഷങ്ങളില്‍ എ.ഐ.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൗലാനാ അബുല്‍ കലാം ആസാദ് 1940-1946 കാലഘട്ടത്തില്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും കലുഷമായ ദിനങ്ങളില്‍ ഒരു മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനാണ് നായകത്വം വഹിച്ചത് എന്നത് അനിഷേധ്യ സത്യമാണ്. അതുതന്നെയും ആത്മകഥയായ 'ഇന്ത്യ വിന്‍സ് ഫ്രീഡ'ത്തില്‍ വിവരിച്ചപോലെ, സാമുദായിക ഉള്ളടക്കമുള്ള ദ്വിരാഷ്ട്രവാദത്തെ പരാജയപ്പെടുത്താനായിരുന്നുവെന്ന് വ്യക്തമാണ്. മുസ്്‌ലിംകള്‍ക്ക് ഒരു ജന്മഗേഹം എന്ന ആവശ്യത്തെ അദ്ദേഹം പാടേ നിരാകരിച്ചു. പകരം സ്വയംഭരണമുള്ള പ്രവിശ്യകളുടെ ഒരു ഫെഡറല്‍ സംവിധാനമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. മൗദൂദിയെ പോലുള്ളവരും സമാനമായ ബദല്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ബ്രിട്ടീഷ് ക്യാബിനറ്റ് മിഷനുമായുള്ള ചര്‍ച്ചകളുടെ ഒരു ഘട്ടത്തില്‍ മുസ് ലിം ലീഗ് സുപ്രീമോ മുഹമ്മദലി ജിന്ന അതിന് വഴങ്ങിയിരുന്നെന്നും എന്നാല്‍ ജവഹർലാലിന്റെ ചില പരാമര്‍ശങ്ങളാണ് ജിന്നയെ പ്രകോപിപ്പിച്ചതെന്നും ആസാദ് ആത്മകഥയില്‍ വെളിപ്പെടുത്തുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രി പദവിക്ക് വേണ്ടി മുഹമ്മദലി ജിന്ന ശഠിച്ചേക്കുമെന്ന ഭീതിയാണ് വിഭജനത്തിന് അനുകൂലമായി നില്‍ക്കാന്‍ നെഹ്‌റുവിനെ പ്രേരിപ്പിച്ചത് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അത് ശരിയായാലും തെറ്റായാലും ഏറ്റവും നിര്‍ണായകമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഷ്ട്ര വിഭജനത്തെ എതിർക്കാൻ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് ചരിത്ര സത്യം. നിരാശനും ദുഃഖിതനുമായ അബുല്‍ കലാം ആസാദിന്റെ ശിഷ്ട ജീവിതം വ്രണിത ഹൃദയന്റേതായിരുന്നു എന്നാണ് ജീവചരിത്രകാരന്മാരുടെ വിലയിരുത്തല്‍. ജവഹര്‍ലാലിന്റെ നിര്‍ബന്ധം കൊണ്ട് അദ്ദേഹം ക്യാബിനറ്റിന്റെ ഭാഗമാവാന്‍ സമ്മതിച്ചുവെന്നത് ശരിയാണ്. വിദ്യാഭ്യാസത്തെ ആരോഗ്യകരമായ അടിത്തറകളില്‍ പുനര്‍നിര്‍മിക്കാന്‍ നേതൃത്വം നല്‍കി എന്നതും വസ്തുതയാണ്. എന്നാല്‍, നേതാക്കളും പണ്ഡിതന്മാരും നയിക്കാനില്ലാതെ പോയ മുസ്്‌ലിം ന്യൂനപക്ഷത്തിന്റെ മനോവീര്യം ഉയര്‍ത്താനോ ഭയത്തില്‍നിന്നും അരക്ഷിത ബോധത്തില്‍നിന്നും കരകയറ്റാനോ മൗലാനക്ക് സാധിക്കുകയുണ്ടായില്ല. ആ ഘട്ടത്തില്‍ അദ്ദേഹം കൂടി നേതൃത്വം നല്‍കിയ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് എന്ന പണ്ഡിത സംഘടനയും കോണ്‍ഗ്രസ്സിനോടൊപ്പം നിന്നതല്ലാതെ, ചകിതരും ഹതാശയരുമായ മുസ്്‌ലിം സമൂഹത്തില്‍ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. അതിന്റെ പ്രത്യക്ഷ സാക്ഷ്യപത്രമാണ്, അമ്പത് വര്‍ഷത്തെ മുസ്്‌ലിം സ്ഥിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുകാരന്‍ തന്നെയായ മന്‍മോഹന്‍ സിംഗ് തന്റെ ഭരണകാലത്ത് നിയോഗിച്ച രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.
ഇന്നാവട്ടെ, ന്യൂനപക്ഷങ്ങളോട് മാത്രമല്ല, ഹിന്ദു പിന്നാക്ക വിഭാഗങ്ങളോടും ശത്രുതയോടെ പെരുമാറുന്നത് അഭിമാനകരമായി കരുതുന്നവരുടെ കൈകളിലാണ് ഇന്ത്യാ മഹാരാജ്യം. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, അബുല്‍ കലാം ആസാദ് തുടങ്ങിയവര്‍ നയിച്ച പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാല നായകരായി സ്വയം അവരോധിക്കുന്നവര്‍ ആ നേതാക്കളുടെ ചിന്തകളോടും കര്‍മമാതൃകകളോടും എത്രമാത്രം നീതി ചെയ്യുന്നുവെന്ന് ആത്മപരിശോധന നടത്തേണ്ട അവസാന സന്ദര്‍ഭമാണ് കടന്നുപോവുന്നത് എന്ന് ചുരുക്കിപ്പറയാം.l
Comments