Prabodhanm Weekly

Pages

Search

2023 ഡിസംബർ 01

3329

1445 ജമാദുൽ അവ്വൽ 17

അയേകാ?

എസ്. കമറുദ്ദീൻ

യാഗിൽ അല്പം തുറന്നുകിടന്ന ജനൽ പാളിയിലൂടെ ആകാശത്തേക്ക് നോക്കി. അരണ്ട വെളിച്ചമുള്ള ആകാശത്ത് ചീറിപ്പാഞ്ഞു പോയ മിസൈലുകളുടെ പുകപടലങ്ങൾ വളരെ പതുക്കെ പടരുന്നു. പാത്തും പതുങ്ങിയും നീങ്ങുന്ന സൈനികരെ പോലെ. ഗസ്സയിൽ ഓരോ ബോംബ് പൊട്ടുമ്പോഴും അവൻ ഞെട്ടുന്നുണ്ടായിരുന്നു. പുതപ്പ് മുഖത്തേക്ക് വലിച്ചിട്ട് അവൻ  കണ്ണുകൾ ഇറുകെ അടച്ചു. എത്ര ദിവസമായി ബോംബിംഗ് തുടങ്ങിയിട്ട്. മമ്മ ഇനിയും ഉറങ്ങാൻ വന്നിട്ടില്ല. മുറിയിൽ എവിടെയോ ദുഃഖിച്ചിരിക്കുന്നുണ്ടാവും. അല്ലെങ്കിൽ പപ്പയോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയാവും.
പപ്പ ഇപ്രാവശ്യത്തെ സക്കൂത്തിനുണ്ടായില്ല. ജർമനിയിലേക്ക് പോയതാണ്. പപ്പക്ക് ജർമൻ പാസ്്പോർട്ടുമുണ്ടല്ലോ. ഏഴു ദിവസത്തെ ആഘോഷത്തിന് ബന്ധുക്കളൊക്കെയുണ്ടായിരുന്നെങ്കിലും പപ്പയില്ലാത്തത് ഒരു കുറവായിരുന്നു. രാത്രി വൈകിയാണ് ഉറങ്ങിയത്. വളരെ രാവിലെയാണ് കാതടപ്പിക്കുന്ന ശബ്ദത്തിൽ  മിസൈലുകൾ പതിക്കാൻ തുടങ്ങിയത്. ജറുസലേമിൽ അങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ലയെന്നാണ് മമ്മ പറഞ്ഞത്. പാട്ടും കളിയും ചിരിയുമായി നടന്ന മമ്മയല്ല ഇപ്പോഴുള്ളത്. കരഞ്ഞു വീർത്ത മുഖം.

വീട്ടു പരിസരത്ത് ബഹളങ്ങൾ കേട്ടെങ്കിലും മമ്മ വാതിൽ തുറന്നിരുന്നില്ല. ആരോ വാതിലിൽ മുട്ടി. അയൽക്കാരോ ബന്ധുക്കളോ ആണെന്ന്  തോന്നി. കറുത്ത വേഷത്തിൽ മുഖം മറച്ച, തോക്കേന്തിയ രണ്ട് പേർ വീട്ടിനകത്തേക്ക് കയറി. മമ്മയും ഞാനും പേടിയോടെ മുറിയുടെ ഓരത്ത് ചുവര് ചാരിയിരുന്നു. പേടിക്കേണ്ട, സ്ത്രീകളെയും കുട്ടികളെയും ഞങ്ങൾ അക്രമിക്കില്ല. സംസാരത്തിൽനിന്ന് അവർ അറബികളാണെന്ന് മനസ്സിലായി. വീടു മുഴുവൻ പരിശോധിച്ചു. പപ്പ ഇല്ലാത്തത് നന്നായി. മമ്മയുടെ മുഖമാകെ വിവർണമായിരുന്നു. ഫലസ്ത്വീനികൾക്ക് ഇവിടെ ഒരിക്കലും എത്താനാവില്ലെന്നാണ് മമ്മ വിശ്വസിച്ചിരുന്നത്.

ആരുമില്ലെന്നറിഞ്ഞപ്പോൾ, അനുവാദത്തോടെ തീൻ മേശയിൽനിന്ന് ബ്രഡും പഴവും കഴിച്ച് അടുത്ത ഫ്ലാറ്റിലേക്ക് അവർ പോയി. കുറച്ച് പേരെ ബന്ദികളാക്കി എന്ന് പിന്നീട് അറിഞ്ഞു.
മമ്മ പപ്പയെ വിളിച്ച് കുറേ കരഞ്ഞു.

യാഗിൽ ജനൽ പാളി പതുക്കെ തുറന്നു. ദൂരെ അയൺ ഡോമിന്റെ റോക്കറ്റ് ലോഞ്ചർ കാണാം. ഒറ്റപ്പെട്ട് നിൽക്കുന്ന ഒരാളെ പോലെ. അതിനുമപ്പുറം മതിൽ. മതിലിനപ്പുറത്ത് കുറച്ചൊഴിഞ്ഞ സ്ഥലം. അതിനപ്പുറം കെട്ടിടങ്ങളുടെ നിര. അതിൽ അവിടവിടെയായി വെളിച്ചത്തിന്റെ പൊട്ടുകൾ. അതിലേതോ റൂമിൽ ഫയാസ് ഉണ്ടാവും.

മതിൽ കെട്ടിനടുത്ത് കാരറ്റ് പാടം നനയ്ക്കാൻ മമ്മയോടൊപ്പം പോയപ്പോഴാണ് ആദ്യമായി ഫയാസിനെ കാണുന്നത്. അവർ ഒഴിഞ്ഞ സ്ഥലത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു. എത്ര വേഗത്തിലും ചടുലതയിലും ആണ് അവൻ പന്തുമായി നീങ്ങുന്നത്. യാഗിലിന് ഫുട്ബോൾ എന്നാൽ ജീവനാണ്. കുറച്ചുനേരം ഫയാസിന്റെ കളി കണ്ടുനിന്നു. സങ്കടങ്ങൾക്കും പ്രയാസങ്ങൾക്കുമിടയിൽ കളിച്ചു നടക്കുന്ന ഗസ്സയിലെ കുട്ടികളോട് അവന് അസൂയ തോന്നി. ഇടയ്ക്ക് കൈവീശി കാണിച്ചു. ഫയാസ് അവനെ നോക്കി ചിരിച്ചു. ഒരു നിറച്ചിരി. ഞങ്ങൾ പരസ്പരം നോക്കി ചിരിക്കുന്നത് മമ്മ കണ്ടു. മമ്മയ്ക്ക് ദേഷ്യവും സങ്കടവും വന്നു.   കുറേ വഴക്ക് പറഞ്ഞു. നമ്മൾ അവരോടൊപ്പം കൂടരുതെന്നൊക്കെ.
പിന്നെയും ഒന്നോ രണ്ടോ പ്രാവശ്യം ഫയാസിനെ കണ്ടു. ഞങ്ങൾ സംസാരിച്ചൊന്നുമില്ല. ചിരിക്കുക മാത്രം. പക്ഷേ, ഞങ്ങൾ കൂട്ടുകാരാണ്. അവന്റെ തിളങ്ങുന്ന കണ്ണുകൾ. അവന്റെ ചിരിക്കുന്ന മുഖം. അതു മനസ്സിൽ നിന്ന് മായുന്നില്ല.

പെട്ടെന്ന് ആകാശത്തു കൂടി ഒരു മിസൈൽ പാഞ്ഞുപോകുന്നത് യാഗിൽ  കണ്ടു. വെട്ടിത്തിളങ്ങുന്ന പ്രകാശം കണ്ടു. ആ പ്രകാശത്തിൽ ഫയാസിന്റെ അപ്പാർട്ട്മെൻറ് തിളങ്ങിനിന്നു. പിന്നെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. ആകെ ഇരുട്ടായി. ഒന്നും കാണുന്നില്ല. വീണ്ടും മിസൈൽ. മിന്നൽ വെളിച്ചം. വെളിച്ചത്തിൽ തകർന്നു കിടക്കുന്ന ഫ്ലാറ്റ് യാഗിൽ വ്യക്തമായി കണ്ടു. ഫയാസ് ......
കൂരിരുട്ടിൽനിന്ന് അവന്റെ ജനൽ പാളിയിൽ ഒരു കുരുവി വന്നിരുന്നു. യാഗിൽ സൂക്ഷിച്ചു നോക്കി. കുരുവിയുടെ കാലിൽ ഒരു തുള്ളി ചോര. കുരുവിക്ക് ഫയാസിന്റെ മുഖമാണെന്ന് തോന്നി.  അതിന്റെ ചുണ്ടിൽ ഉണങ്ങിയ ഒലീവില ഉള്ളതുപോലെയും.

അവനെയൊന്ന് നോക്കി, പിന്നെ കുരുവി ആകാശത്തേക്ക് പറന്നു.
വീണ്ടും ഗസ്സക്ക് മുകളിൽ മിസൈലുകൾ പതിച്ചു കൊണ്ടിരുന്നു.
പഴയ നിയമത്തിൽ ദൈവം ആദമിനോട് ചോദിച്ച ചോദ്യം ..... നീയെവിടെയാണ്? (അയേകാ?), യാഗിലിന്റെ കാതുകളിൽ മുഴങ്ങി. ഫയാസ് ..... നീയെവിടെയാണ്?
ആയിരക്കണക്കിന് ഉമ്മമാരുടെ ശബ്ദം .... നീയെവിടെയാണ്......? l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 04
ടി.കെ ഉബൈദ്