Prabodhanm Weekly

Pages

Search

2023 ഡിസംബർ 01

3329

1445 ജമാദുൽ അവ്വൽ 17

ഹമാസിന്റെ പോരാട്ടം ലോകത്തിന് നല്‍കിയ പാഠങ്ങള്‍

ഡോ. മുഹമ്മദ് റാതിബ് അൽ ‍നാബുൽസി

എല്ലാ സംഭവങ്ങളിലൂടെയും സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അല്ലാഹുവാണ് പരമവും ആത്യന്തികവുമായ സത്യം എന്നതാണ്. അവന്റെ നടപടിക്രമമാണ് ലോകത്ത് നടക്കുന്നത്. എല്ലാ അതിക്രമകാരികളും 'അല്ലാഹു അല്ലാതെ ദൈവമില്ല' എന്നു പറയുംവിധം അല്ലാഹു തന്റെ ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ ത്വാഗൂത്തായ ഫറോവ മരണാസന്ന ഘട്ടത്തില്‍ 'ഇസ്രാഈല്‍ സന്തതികള്‍ വിശ്വസിച്ച ദൈവമല്ലാതെ മറ്റൊരു ദൈവമില്ല, ഞാന്‍ മുസ് ലിംകളില്‍ പെട്ടവനാണ്' (യൂനുസ് 90) എന്ന് സമ്മതിക്കേണ്ടിവരികയുണ്ടായി. എല്ലാ ധിക്കാരികളും സ്വേഛാധിപതികളും ഈ യാഥാര്‍ഥ്യം അംഗീകരിച്ചേ ലോകത്തുനിന്ന് വിടവാങ്ങുകയുള്ളൂ.

പരീക്ഷണങ്ങളില്‍ ചാഞ്ചല്യങ്ങളില്ലാതെ ഉറച്ചുനില്‍ക്കുന്നവരായിരിക്കണം സത്യവിശ്വാസികള്‍. ലോകത്ത് നടക്കുന്നതൊന്നും അല്ലാഹു അറിയുന്നില്ലേ, അവന്‍ എന്തുകൊണ്ട് ഇടപെടുന്നില്ല എന്നൊക്കെ ചില ദുര്‍ബല വിശ്വാസികള്‍ക്ക് തോന്നിയേക്കാം. എല്ലാം അല്ലാഹു അറിയുന്നു, നിര്‍ണയിക്കുന്നു, നിയന്ത്രിക്കുന്നു. എല്ലാ കാര്യങ്ങളും അല്ലാഹുവിങ്കലേക്കാണ് മടക്കപ്പെടുന്നതും. അഹ്‌സാബ് യുദ്ധവേളയില്‍ സഖ്യസേനയുടെ സംഘബലത്തില്‍ ആശങ്കാകുലരായ നബി(സ)യും സ്വഹാബികളും ആ പ്രതിസന്ധി ഘട്ടത്തിനു ശേഷം കരയണഞ്ഞത് നാം കണ്ടതാണ്. മുസ് ലിംകളിലെ നല്ലവരെയും ചീത്തയാളുകളെയും വേര്‍തിരിച്ചറിയുക എന്നതും പരീക്ഷണങ്ങളുടെ ലക്ഷ്യമാണ്.

ലോകം രണ്ടു ചേരികളായി തരംതിരിഞ്ഞതു നാം കണ്ടു. കുറ്റവാളികളുടെ ഒരു ചേരി, മാനവവാദികളുടെ മറ്റൊരു ചേരി. കുറ്റവാളികളുടെ പക്ഷം ചേരുന്നവരും കുറ്റവാളികളാണ്. സ്വാലിഹ് നബിയുടെ ജനതയിലെ ഒരാള്‍ ദിവ്യാത്ഭുത സൃഷ്ടിയായ ഒട്ടകത്തെ അറുത്തുകളഞ്ഞു. അയാളുടെ ദുര്‍നടപടിയെ പിന്തുണച്ചു എന്നതിനാല്‍ ആ സമൂഹത്തെയും പ്രതികളാക്കുന്ന തരത്തിലാണ് ഖുര്‍ആന്റെ പ്രയോഗം. അഥവാ 'അവര്‍ അറുത്തുകളഞ്ഞു' എന്ന്. പാപങ്ങളില്‍ മൗനം ഭജിക്കുന്നവരും പാപത്തില്‍ പങ്കാളികളാണെന്ന് പാഠം. ഈ അര്‍ഥത്തില്‍, ഇസ്രായേല്‍ പക്ഷത്ത് നില്‍ക്കുന്നവര്‍ പാപികളാണ്.

ഇസ് ലാമിക സമൂഹത്തിന്റെ സായുധ ശാക്തീകരണത്തില്‍ നേതൃത്വങ്ങള്‍ ഗുരുതരമായ വീഴ്ച വരുത്തി. അവര്‍ വിജയോപാധികള്‍ സ്വീകരിച്ചില്ല. അതേസമയം, 'നിങ്ങള്‍ ശത്രുക്കളെ നേരിടാനായി കഴിയുന്നത്ര അളവില്‍ സന്നാഹങ്ങളൊരുക്കുക' എന്ന ഖുര്‍ആനികാഹ്വാനം ഹമാസ് മുഖവിലക്കെടുത്തു. ശത്രുവിന്റെ സന്നാഹങ്ങള്‍ക്ക് തുല്യം സായുധ ശേഷി നേടണമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടില്ല. 'കഴിവിന്റെ പരമാവധി' എന്നു മാത്രമേ നമ്മോട് ആവശ്യപ്പെട്ടുള്ളൂ. ഹമാസ് ആ അളവില്‍ അത് നേടിയെടുത്തു.

തമ്മില്‍ കാണാന്‍ പറ്റാത്തവിധം കുറ്റവാളികള്‍ ഒരു ഭൂഖണ്ഡത്തിലും നാം മറ്റൊരു ഭൂഖണ്ഡത്തിലുമായിരുന്നുവെങ്കില്‍ നന്നായേനെ. പക്ഷേ, അങ്ങനെ സംഭവിക്കുന്നില്ല. കുറ്റവാളികള്‍ പതിനഞ്ചാം നൂറ്റാണ്ടിലും സത്യവിശ്വാസികള്‍ പതിനാറാം നൂറ്റാണ്ടിലും ജീവിച്ചുകൊള്ളട്ടെ എന്നും വെക്കാമായിരുന്നു. അതും സംഭവിച്ചില്ല. സത്യവിശ്വാസികളും കുറ്റവാളികളും ഒരേ ഭൂമിയില്‍, ഒരേ കാലത്ത് ഇടപഴകിതന്നെ ജീവിക്കണം എന്നതാണ് അല്ലാഹുവിന്റെ നിശ്ചയം. ഈ തീരുമാനത്തിനു പിന്നില്‍ ഒരു ദൈവിക യുക്തിയുണ്ട്. അസത്യത്തിന്റെയും കുറ്റവാളികളുടെയും ഭാഗത്തുനിന്ന് വെല്ലുവിളികള്‍ ഉയരുമ്പോള്‍ മാത്രമേ, സത്യത്തിന് ശക്തി കൈവരികയുള്ളൂ എന്നതാണത്. സത്യവാദികള്‍ക്ക് ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗം ലഭിക്കണമെങ്കിലും സത്യാസത്യ സംഘട്ടനത്തിലെ പങ്കാളിത്തം അനിവാര്യമാണ്. കുറ്റവാളികള്‍ക്കൊപ്പം ഒരേ കാലത്തും ഒരേ സ്ഥലത്തും ജീവിച്ചും പ്രവര്‍ത്തിച്ചും പ്രതിരോധിച്ചും തന്നെ വേണം ഈ നേട്ടം കൈവരിക്കാന്‍.

സംഘട്ടനങ്ങള്‍ മൂന്നു തരം

രണ്ടു സത്യങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടാവില്ല; സത്യവും അസത്യവും തമ്മിലുള്ള സംഘട്ടനം നീണ്ടു നില്‍ക്കില്ല; രണ്ട് അസത്യങ്ങള്‍ തമ്മിലാണ് സംഘട്ടനമെങ്കില്‍ അത് അവസാനിക്കുകയുമില്ല. സത്യാസത്യ സംഘട്ടനത്തില്‍ അല്ലാഹു സത്യത്തോടൊപ്പമായിരിക്കും. അല്ലാഹു ഉദ്ദേശിച്ച വിധം സത്യാസത്യ സംഘട്ടനം നടന്നുകൊണ്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ തൃപ്തിയാണെന്ന് നാം ധരിച്ചുവശാകേണ്ടതില്ല. അവനു മാത്രം അറിയുന്ന യുക്തികളാണ് അവക്കെല്ലാം പിന്നില്‍. ഗ്രാഹ്യതയുള്ളവര്‍ക്ക് അത് ഗ്രഹിക്കാനാവും; അല്ലാത്തവര്‍ക്ക് അത് അജ്ഞാതമായി തുടരും. ഈ യുദ്ധത്തിന്റെ രചനാത്മക ഫലങ്ങള്‍ പുറത്തുവരാനിരിക്കുന്നേയുള്ളൂ.

മരിച്ചവര്‍ മരിച്ചു, അവരുടെ കര്‍മങ്ങള്‍ അവസാനിച്ചു. തകര്‍ക്കപ്പെട്ടവ പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ശത്രുവിന്റെ ലക്ഷ്യം നമ്മുടെ ഇഛാശക്തിയെ തകര്‍ക്കുക എന്നതായിരുന്നു. പക്ഷേ, ശത്രുക്കള്‍ക്ക് അത് സാധ്യമായിട്ടില്ല. നമ്മുടെ ശക്തിയെയും ഐക്യത്തെയും കുറിച്ച് അവര്‍ നമ്മെ ബോധ്യപ്പെടുത്തി. പതിറ്റാണ്ടുകളോളം നാം അവരെ ഭയന്നു ജീവിച്ചു. ഇപ്പോള്‍ നമുക്ക് അവരെ ഭയപ്പെടുത്താന്‍ കഴിഞ്ഞു. സയണിസത്തിന്റെ മര്‍മത്തില്‍ പ്രഹരിക്കാനായി. ഇസ്രായേലിന്റെ സുരക്ഷയായിരുന്നു ഇതുവരെ സയണിസ്റ്റുകളുടെ വിഷയം. ഇവിടം മുതല്‍ ഇസ്രായേല്‍ തന്നെ നിലനില്‍ക്കുമോ എന്ന ചോദ്യമാണ് ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഉപരിപ്ലവമായി വിലയിരുത്തരുത്

സത്യവിശ്വാസികളെ അവരനുഭവിക്കുന്ന ഓരോ പരീക്ഷണവും അല്ലാഹുവിലേക്ക് അടുപ്പിക്കും. അവര്‍ അനുഭവിക്കുന്ന ഓരോ പരീക്ഷണവും (മിഹ്്ന -محنة)  അവര്‍ക്കുള്ള അല്ലാഹുവിന്റെ സമ്മാന(മിന്‍ഹ-منحة)മായിരിക്കും. എല്ലാം സംഭവിക്കുന്നത് അല്ലാഹുവിന്റെ യുക്തിയുടെ ഭാഗമായാണ്. അല്ലാഹുവിന്റെ ഇഛ അവന്റെ കേവല ഇഛയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അതാകട്ടെ, കേവല നന്മയുമായി ബന്ധപ്പെട്ടും. സംഭവങ്ങളുടെ നിഷേധാത്മക വശങ്ങള്‍ ഏവര്‍ക്കും മനസ്സിലാകും. നരഹത്യകള്‍, രക്തം ചിന്തല്‍, അറസ്റ്റ്, വീടുകള്‍ തകര്‍ക്കല്‍, ഭക്ഷണ വസ്തുക്കള്‍ അഗ്നിക്കിരയാക്കല്‍, ആശുപത്രികള്‍ ഇടിച്ചുനിരത്തല്‍.. അങ്ങനെ പലതും. എന്നാല്‍, ഈ കാഴ്ചകളെ ഉപരിതലം വിട്ട് ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പരിശോധിക്കുമ്പോള്‍ ചില മൗലിക വസ്തുതകള്‍ നമുക്ക് കാണാനാകും.

സയണിസത്തിന്റെ മര്‍മത്തിലേറ്റ കടുത്ത പ്രഹരമാണ് അവയില്‍ ഏറ്റവും പ്രധാനം. അവരുടെ ഒന്നാമത്തെ ലക്ഷ്യം ഇസ്രായേല്‍ സയണിസത്തിന് നിര്‍ഭയമായ താവളം ഒരുക്കുക എന്നതായിരുന്നു. ആ ലക്ഷ്യം തകര്‍ന്നു തരിപ്പണമായി. നിര്‍ഭയത്വം പോയിട്ട് നിലനില്‍പു പോലും പ്രതിസന്ധിയിലായി. രണ്ടാമതായി, യുദ്ധങ്ങള്‍ക്ക് തുടക്കമിട്ടിരുന്ന അവര്‍ മണിക്കൂറുകള്‍കൊണ്ട് അത് അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ അതിനു കഴിയുന്നില്ല. മൂന്നാമതായി, അവർക്ക് അവരുടെ തീരുമാനശേഷി നഷ്ടമായിരിക്കുന്നു. ഹമാസിന്റെ റോക്കറ്റുകളെ അവര്‍ ഭയപ്പെടുന്നു. നമ്മുടെ ഐക്യം അവരെ ഭയപ്പെടുത്തുന്നു.

ശത്രുവിന്റെ മുഖം വികൃതമായി കാണിക്കാന്‍ മില്യനുകള്‍ ചെലവഴിക്കപ്പെടാറുണ്ട്. ഇവിടെ അതിന്റെയൊന്നും ആവശ്യമുണ്ടായില്ല. ശത്രു സ്വയം തന്നെ ലോകത്തിനു മുമ്പാകെ അതിന്റെ വികൃതമുഖം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മധ്യ പൗരസ്ത്യ ദേശത്തെ ഏക 'മരുപ്പച്ച' തങ്ങളുടേത് മാത്രമാണെന്നായിരുന്നു അവരുടെ അവകാശവാദം. സ്വാതന്ത്ര്യം, ജനാധിപത്യം,  പാര്‍ട്ടികള്‍, തെരഞ്ഞെടുപ്പുകള്‍... സയണിസ്റ്റ് പ്രധാനമന്ത്രിക്ക് ലഭിച്ച 'സമാധാന'ത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ന് ചവിട്ടിമെതിക്കപ്പെട്ടു കഴിഞ്ഞു. അതിന് ഇന്ന് ഒരു മൂല്യവും കല്പിക്കപ്പെടുന്നില്ല. ഇത് യഥാര്‍ഥത്തില്‍ ആ നാഗരികതയുടെ പതനമാണ് തെളിയിക്കുന്നത്.

എല്ലാ സമുദായത്തിനും അവരുടേതായ ഒരു അവധിയുണ്ട്. ഇസ്രായേലിന്റെ അന്ത്യം അടുത്തിരിക്കുന്നു. മുസ് ലിംകള്‍ ഒച്ചവെക്കുകയേ ഉള്ളൂ, പ്രവര്‍ത്തിക്കുകയില്ല എന്ന് ശത്രുക്കള്‍ കരുതിയിരുന്നു. മുസ് ലിംകള്‍ക്ക് പ്രവര്‍ത്തിക്കാനും അറിയാം എന്ന് ഹമാസിന് തെളിയിക്കാനായി. പൗരസ്ത്യരും പാശ്ചാത്യരുമായ ഇസ് ലാംവിരുദ്ധരും മുസ് ലിംകള്‍ തന്നെയായ ചിലരും ഹമാസിനെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഹമാസിന് തങ്ങളുടെ അസ്തിത്വത്തിന്റെയും സാന്നിധ്യത്തിന്റെയും ന്യായം ലോകത്തെ ബോധ്യപ്പെടുത്താനായി. ഇസ് ലാമിന്റെ മഹത്വം ലോകത്തെ നിരീക്ഷകരെ സമ്മതിപ്പിക്കും വിധം അവര്‍ക്ക് ഇടപെടാന്‍ കഴിഞ്ഞു. എല്ലാ സമവാക്യങ്ങളെയും തെറ്റിക്കുന്ന തരത്തിലായിരുന്നു ഹമാസിന്റെ പുറപ്പാടും തുടര്‍ പ്രവര്‍ത്തനങ്ങളും. സത്യവിശ്വാസത്തിന്റെ ഏക ബലത്തില്‍ ആണവശക്തിയായ ഇസ്രായേലിനെ അവര്‍ക്ക് ഞെട്ടിക്കാന്‍ കഴിഞ്ഞു; 'അവര്‍ അവരുടെ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു, നാമും നമ്മുടെ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു' എന്ന സൂക്തത്തെ അന്വര്‍ഥമാക്കും വിധം. 'നിങ്ങള്‍ ക്ഷമിക്കുകയും ഭക്തി പുലര്‍ത്തുകയുമാണെങ്കില്‍ അവരുടെ കുതന്ത്രം നിങ്ങളെ ഏശുകയില്ല' എന്ന സൂക്തവും ഇത്തരുണത്തില്‍ ഓര്‍ക്കാം. ഏറക്കാലം നിരാശയുടെ കൈപ്പുനീര് കുടിച്ച മുസ് ലിംകള്‍ക്ക് ഉന്മേഷം പകരാന്‍ ഹമാസിന് കഴിഞ്ഞിരിക്കുന്നു, തീര്‍ച്ച. ഈ പോരാളികളുടെ ശിരസ്സുകളിലും കൈകളിലും മാത്രമല്ല, അവര്‍ ചവിട്ടിക്കടന്നുപോയ ഭൂനിലങ്ങളിലും നാം ചുംബിക്കണം. കാരണം, അവര്‍ ഇസ് ലാമിന്റെ പ്രതാപം നമുക്ക് കാണിച്ചുതന്നവരാണ്, അല്ലാഹു സത്യവിശ്വാസികള്‍ക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്തിയവരാണ്.

അല്ലാഹുവാണ് നമ്മെ സഹായിക്കേണ്ടത്. അവന്‍ നമ്മെ സഹായിക്കണമെങ്കില്‍ നാം അവനെ സഹായിച്ചിരിക്കണം. സമൂഹത്തിലെ ദുര്‍ബലരെ നാം സഹായിക്കുമ്പോള്‍ അതുവഴി അല്ലാഹുവിന്റെ സഹായം നമുക്കും ലഭ്യമാവും. നമ്മെക്കാള്‍ ശക്തരായവരെ ജയിക്കാന്‍ അവന്റെ സഹായം നമുക്കുണ്ടാവും. 'സത്യവിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്' (അര്‍റൂം 47).
നാം സത്യവിശ്വാസികളായാല്‍ മാത്രം പോരാ. ശത്രുക്കളെ നേരിടാനുള്ള സന്നാഹങ്ങളും നടത്തിയിരിക്കണം. ശക്തിയില്ലെങ്കില്‍ സ്ഥാപനങ്ങളെയും നിര്‍മിതികളെയും സംരക്ഷിക്കാനാവില്ല. അക്രമിയായ ശത്രുവിന് ശക്തിയുടെ ഭാഷ മാത്രമേ മനസ്സിലാവുകയുള്ളൂ. 'തങ്ങള്‍ക്ക് വല്ല മര്‍ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവരായിരിക്കും സത്യവിശ്വാസികള്‍' (അശ്ശൂറാ 39).

സ്വര്‍ഗപ്രാപ്തിയുടെ മുന്നുപാധി ജിഹാദാണ്. ആത്മാര്‍ഥമായ രക്തസാക്ഷ്യ നിയ്യത്തോടെയാണ് ജീവിക്കുന്നതെങ്കില്‍  മരിക്കുന്നത് വിരിപ്പില്‍ വെച്ചാണെങ്കിലും രക്തസാക്ഷിയായി മരിക്കാന്‍ നമുക്ക് കഴിയും. പോരാളികളെ തയാറാക്കുന്നതും പോരാട്ടം തന്നെയാണ്. ഇതിനൊന്നും കഴിയാത്തവര്‍ പാതിരാവില്‍ രണ്ട് റക്അത്ത് നമസ്‌കരിച്ച് പോരാളികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയെങ്കിലും ചെയ്യട്ടെ. ആളുകളുടെ അസാന്നിധ്യത്തില്‍ അവര്‍ക്കു വേണ്ടി നടത്തുന്ന പ്രാര്‍ഥന അല്ലാഹുവിന്റെ പെട്ടെന്നുള്ള ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുള്ളതാണ്. l


വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 04
ടി.കെ ഉബൈദ്