Prabodhanm Weekly

Pages

Search

2023 ഡിസംബർ 01

3329

1445 ജമാദുൽ അവ്വൽ 17

മാള ടി.എ മുഹമ്മദ് മൗലവി കര്‍മ നൈരന്തര്യത്തിന്റെ ഒരു ആയുഷ്‌ക്കാലം

കെ.എം ബശീര്‍ ദമ്മാം

മാളയുടെ ഇസ് ലാമിക ഉണര്‍വിന്റെയും മതസൗഹാര്‍ദത്തിന്റെയും ചരിത്രം രേഖപ്പെടുത്തുമ്പോള്‍ നിര്‍ബന്ധമായും ഉൾപ്പെടുത്തേണ്ട രണ്ട് വ്യക്തിത്വങ്ങളാണ് കോഴിക്കോട് ജില്ലയിലെ വാണിമേലിലെ നരിപ്പറ്റയില്‍നിന്ന് മാളയില്‍ താമസമാക്കിയ കെ. അബ്ദുസ്സലാം മൗലവിയും ആലപ്പുഴ ജില്ലയിലെ നീര്‍ക്കുന്നത്ത് നിന്ന് മാളയില്‍ താമസമാക്കിയ ടി.എ മുഹമ്മദ് മൗലവിയും. ഇരുവരും തങ്ങളുടെ പേരിനോടൊപ്പം മാളയുടെ പേരും ചേര്‍ത്താണ് അറിയപ്പെട്ടത്. അബ്ദുസ്സലാം മൗലവി ഇരുപത്തിനാല് വര്‍ഷം മുമ്പ് അല്ലാഹുവിലേക്ക് യാത്രയായി. ഇക്കഴിഞ്ഞ നവംബര്‍ പതിനാലിന് മാള ടി.എ മുഹമ്മദ് മൗലവി(87)യും നമ്മെ വിട്ടുപിരിഞ്ഞു. 

പൊന്നാനി താലൂക്കിലെ പുന്നയൂര്‍ക്കുളം പെരുമ്പടപ്പില്‍നിന്ന് ആലപ്പുഴ ജില്ലയിലെ നീര്‍ക്കുന്നത്ത് വന്നു താമസമാക്കിയ അഹ് മദ് കുട്ടി ഹാജിയാണ് ടി.എ മുഹമ്മദ് മൗലവിയുടെ പിതാവ്. പണ്ഡിത കുടുംബമായിരുന്നു ടി.എ മൗലവിയുടേത്. പിതാവും പിതാമഹന്‍ കുട്ട്യാമു മുസ് ലിയാരും പിതാവിന്റെ അമ്മാവനും (വടക്കന്‍ മുസ് ലിയാര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്) പണ്ഡിതന്മാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖത്വീബും മുദർരിസുമൊക്കെയായി സേവനമനുഷ്ഠിച്ചവരുമാണ്. നീര്‍ക്കുന്നത്ത് നിന്ന് വിവാഹം കഴിച്ച് അവിടത്തുകാരനായി മാറിയ അമ്മാവന്‍ വടക്കന്‍ മുസ് ലിയാരുടെ ആഗ്രഹ പ്രകാരം ടി.എ മൗലവിയുടെ പിതാവും നീര്‍ക്കുന്നത്ത് നിന്ന് വിവാഹം കഴിച്ച് പരിസര പ്രദേശങ്ങളില്‍ ഖത്വീബും മുദർരിസുമായി സേവനമനുഷ്ഠിച്ച് നീര്‍ക്കുന്നത്തുകാരനായി മാറി. പുന്നയൂര്‍ക്കുളത്തെയും നീര്‍ക്കുന്നത്തെയും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം അതോടെ കൂടുതല്‍ ശക്തമായി.

പുന്നയൂര്‍ക്കുളം കോറോത്തതില്‍ അഹ് മദ് കുട്ടി ഹാജിയുടെയും നീര്‍ക്കുന്നം കപ്പാംമൂട്ടില്‍ ഉമ്മുകുത്സൂം ബീവിയുടെയും ഒമ്പത് മക്കളില്‍ ഒന്നാമനായാണ് 1936-ൽ ടി.എ മുഹമ്മദ് മൗലവി ജനിക്കുന്നത്. നാലം ക്ലാസില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്ന അദ്ദേഹം പള്ളിദര്‍സിലേക്ക് തിരിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ആറാട്ടുപുഴ, പുന്നപ്ര, നീര്‍ക്കുന്നം, പുന്നയൂര്‍ക്കുളം, കീരിക്കാട്, ക്ലാപ്പന, പന്താവൂര്‍, ചന്തിരൂര്‍ തുടങ്ങിയ വിവിധ പള്ളിദര്‍സുകളിലൂടെ ആ പഠനയാത്ര തുടര്‍ന്നു. ഒടുവില്‍ കായംകുളം ഹസനിയ അറബിക് കോളേജില്‍ എത്തിച്ചേരുകയും അവിടന്നു 'മൗലവി അല്‍ ഹസനി' ബിരുദം നേടുകയും ചെയ്തു.

ഹസനിയയിലെ പഠനകാലത്ത് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. അധികൃതരുടെ കണ്ണ് വെട്ടിച്ച് പാര്‍ട്ടി സാഹിത്യങ്ങള്‍ വായിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. സഹപാഠികളുമായും അധ്യാപകരുമായും അദ്ദേഹം സംവാദത്തിലേര്‍പ്പെട്ടു. പാര്‍ട്ടിക്കുവേണ്ടി വാദിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ എം.എന്‍ ഗോവിന്ദന്‍ നായര്‍, തോപ്പില്‍ ഭാസി, ഇമ്പിച്ചി ബാവ, അഡ്വ. ആഇഷ ഭായ് തുടങ്ങിയവരുമായി ഉറ്റബന്ധം പുലര്‍ത്തി. ചെറുപ്പത്തില്‍ ദിവാന്‍ സര്‍ സി.പി രാമസ്വാമിയുടെ രാജഭരണത്തിലെ ഭരണകൂട ഭീകരതകളും അതിനെതിരെ നടന്ന പുന്നപ്ര വയലാര്‍ സമര പോരാട്ടങ്ങളും കണ്ടു വളര്‍ന്ന ടി.എ മൗലവിയുടെ മനസ്സില്‍ ഭരണകൂട-മുതലാളിത്ത അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അമര്‍ഷം വളര്‍ന്നു. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളും പാര്‍ട്ടി നേതാക്കളുടെ ലളിത ജീവിതവും പോരാട്ടവീര്യവുമൊക്കെയാണ് അദ്ദേഹത്തെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിച്ചത്. തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പാര്‍ട്ടിക്ക് സംഭാവന ചെയ്ത് പാര്‍ട്ടി ഓഫീസില്‍ അന്തിയുറങ്ങി ജീവിതം പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച ആര്‍. സുഗതന്‍ ടി.എ മൗലവിയെ ഏറെ സ്വാധീനിച്ച നേതാവാണ്.

അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഗുരുനാഥന്മാരില്‍ പലരും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആയിടക്ക് ഹസനിയ സന്ദര്‍ശിച്ച സി.എന്‍ അഹ്്മദ് മൗലവിയുമായി സംസാരിക്കാന്‍ അധ്യാപകര്‍ അവസരമൊരുക്കിക്കൊടുത്തെങ്കിലും ടി.എ മൗലവി തന്റെ നിലപാടില്‍ ഉറച്ചുനിന്നു.

സംസാരത്തിനൊടുവില്‍ സി.എന്‍ അഹ്്മദ് മൗലവി പ്രബോധനം വായിക്കാന്‍ നിര്‍ദേശിക്കുകയും അദ്ദേഹം തന്നെ അത് ടി.എ മൗലവിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പ്രബോധനം വായന തുടങ്ങിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. പ്രബോധനം വായന തന്നിലുണ്ടാക്കിയ ചിന്താപരമായ മാറ്റത്തെക്കുറിച്ച് അദ്ദേഹം തന്റെ ജീവിതം പറയവെ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ''പേജുകള്‍ മറിച്ചു നോക്കിയപ്പോൾ ആദ്യം ശ്രദ്ധയില്‍ പെട്ടത് 'ഒരു മനുഷ്യന്‍ ഒരു വ്യവസ്ഥ' എന്ന ലേഖനമാണ്. എഴുതിയത് പി. ഉസ്മാന്‍ കറാച്ചി. ലേഖനം വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സ് കലുഷമായി. പിന്നീടങ്ങോട്ട് കുറച്ച് ദിവസം ചിന്തയില്‍ തന്നെയായിരുന്നു. തുടര്‍ ലക്കങ്ങളില്‍ വന്ന ലേഖനത്തിന്റെ ബാക്കി ഭാഗങ്ങള്‍ താല്‍പര്യത്തോടെ വായിച്ചു. തലയില്‍ പുതിയൊരു വെളിച്ചം കയറുന്നതു പോലെ അനുഭവപ്പെട്ടു. ഇസ് ലാമിന്റെ സമ്പൂര്‍ണത, പ്രായോഗികത, സാര്‍വലൗകികത, സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ നല്‍കാനുള്ള ശേഷി തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ അപ്പോള്‍ മാത്രമാണ് മനസ്സിലായത്. കനപ്പെട്ട കിത്താബുകള്‍ ഓതിയിട്ടും എനിക്കത് എന്തുകൊണ്ട് നേരത്തെ ബോധ്യപ്പെട്ടില്ല! ഇസ് ലാമിനെ സമഗ്ര സ്വഭാവത്തില്‍ അവതരിപ്പിക്കുന്ന പ്രൗഢമായ ഗ്രന്ഥങ്ങളായിരുന്നല്ലോ അവയെല്ലാം. കിത്താബുകള്‍ പഠിപ്പിക്കേണ്ട വിധം പഠിപ്പിക്കപ്പെട്ടില്ല എന്നു സാരം. ഞാന്‍ പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനായി. ഇസ് ലാം മനോഹരമായ ഒരു സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥ മുന്നോട്ട് വെക്കുന്നുണ്ട് എന്ന് ബോധ്യപ്പെട്ടു. അതുകൊണ്ടു തന്നെ മനുഷ്യ നിര്‍മിത ഭൗതിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ അംഗീകരിക്കാന്‍ ഒരു മുസ് ലിമിന് വകുപ്പില്ല എന്നു മനസ്സിലായി. എന്റെ ജീവിതത്തിലെ അപ്രതീക്ഷിത വഴികാട്ടിയായി സി.എന്‍ മാറുകയായിരുന്നു'' (പ്രബോധനം 2018 ഫെബ്രുവരി 16).

ഹസനിയയില്‍ പഠിക്കുന്ന കാലത്താണ് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ രൂപവത്കരണം നടക്കുന്നത്. ആ യോഗത്തില്‍ പങ്കെടുക്കുകയും അംഗത്വമെടുക്കുകയും ചെയ്തിരുന്നു. ഹസനിയയിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം തേയിലക്കച്ചവടക്കാരനായി 1957-ല്‍ മാളയിലേക്ക് വണ്ടികയറി. അങ്ങനെയാണ് 'മൗലവി അല്‍ ഹസനി' ബിരുദം നേടിയ അദ്ദേഹം മാളക്കാരുടെ 'ചായപ്പൊടി മുസ് ലിയാര്‍' ആകുന്നത്.

മാളയില്‍ വെച്ചാണ് അദ്ദേഹം സജീവ ജമാഅത്തെ ഇസ് ലാമി പ്രവര്‍ത്തകനാകുന്നത്. മാളയിലെ അംഗുലീപരിമിതമായ ജമാഅത്ത് പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നു മാള മഹല്ല് പള്ളിയായ മുഹ് യിദ്ദീന്‍ ജുമുഅത്ത് മസ്ജിദിന്റെയും പരിസരത്തെ പള്ളികളുടെയും നടത്തിപ്പ് കാര്യക്ഷമമാക്കുന്നതില്‍ ശ്രദ്ധ ചെലുത്തി. വീടുകള്‍ കയറിയിറങ്ങി ആളുകളെ പള്ളിയിലേക്ക് ക്ഷണിച്ചു.

കെ. അബ്ദുസ്സലാം മൗലവി മാളയില്‍ താമസമാക്കിയതോടെ മാളയിലെ ഇസ് ലാമിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. തല്‍പരകക്ഷികളുടെ എതിര്‍പ്പും കൂടിക്കൂടി വന്നു. സ്വന്തമായി നമസ്‌കാരത്തിനും ജുമുഅക്കും സൗകര്യമൊരുക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യവുമുണ്ടായി.

അങ്ങനെയാണ് ഇന്ന് മാള ടൗണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇസ് ലാമിക പ്രസ്ഥാനത്തിന്റെ അഭിമാനമായ ഐ.എസ്.ടി പിറവിയെടുക്കുന്നത്. ഐ.എസ്.ടിയുടെ തുടക്കമായി പണിത ഷെഡില്‍ സ്ത്രീകള്‍ക്കു കൂടി സൗകര്യം ഏര്‍പ്പെടുത്തി ജുമുഅയും ആരംഭിച്ചു. ഇപ്പോഴത്തെ ഐ.എസ്.ടി ബില്‍ഡിംഗിലെ ജുമുഅത്ത് പള്ളിയുടെ ഉദ്ഘാടനം ടി.കെ മുഹമ്മദ് ആലുവ, സച്ചിദാനന്ദ സ്വാമി, ഒരു ക്രൈസ്തവ പുരോഹിതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്. ഇംഗ്ലീഷ് പത്രമുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ അത് റിപ്പോര്‍ട്ട് ചെയ്തു. ഈ സംഭവം ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായി. മുസ് ലിംകള്‍ അല്ലാത്തവരെ പള്ളിയില്‍ കയറ്റി എന്നതായിരുന്നു ആക്ഷേപം. ഉദ്ഘാടനം ഇങ്ങനെയായിരിക്കണം എന്നു തീരുമാനിക്കുന്നതിലും അതു നടപ്പാക്കുന്നതിലും മുന്നില്‍നിന്നത് ടി.എ മൗലവി ആയിരുന്നു. അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് ആരോ അദ്ദേഹത്തിന് എഴുതിയ കത്തിന്റെ തുടക്കം 'ഓം മുഹമ്മദ് സ്വാമി നമ ശിവായഃ' എന്നായിരുന്നു; തുടർന്ന് കുറെ തെറികളും.

വിവിധ മതനേതാക്കളുമായും രാഷ്ട്രീയ നേതാക്കളുമായും വ്യക്തിബന്ധം സ്ഥാപിച്ചിരുന്ന അദ്ദേഹം മതസൗഹാര്‍ദത്തിനുവേണ്ടി നിലകൊള്ളുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്തു. മാളക്കടുത്ത ചക്കാംപറമ്പ് അമ്പലത്തിലെ ഉത്സവത്തിനിടയില്‍ രണ്ട് മുസ് ലിം കുട്ടികൾ എന്തോ പറഞ്ഞ് തല്ലുണ്ടാക്കി. വര്‍ഗീയ ലഹളയിലേക്ക് വരെ തെന്നിമാറിപ്പോകുമായിരുന്ന ആ സംഭവം രമ്യമായി പരിഹരിക്കുന്നതില്‍ മൗലവിയുടെ ഇടപെടലിന് വലിയ പങ്കുണ്ടായിരുന്നു.

ഐ.എസ്.ടിയുടെ ആഭിമുഖ്യത്തില്‍ വിവിധ മതവിഭാഗങ്ങളെ പങ്കെടുപ്പിച്ച് സമൂഹ വിവാഹം സംഘടിപ്പിച്ചപ്പോള്‍ അതിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത് മുൻ ‍മുഖ്യമന്ത്രി കെ. കരുണാകരനാണ്. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് ഖുത്വ്്ബ നിര്‍വഹിച്ച ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്തത് അന്നത്തെ ജില്ലാ കളക്ടര്‍ ടിക്കാറാം മീണയായിരുന്നു. വടക്കേ ഇന്ത്യക്കാരനായ അദ്ദേഹം ആശംസാ പ്രസംഗത്തില്‍ ആവേശത്തോടെ പറഞ്ഞു: ''മതസൗഹാര്‍ദം എന്നൊന്നുണ്ടെങ്കില്‍ അതിവിടെയാണ്, ഇവിടെയാണ്, ഇവിടെയാണ്.'' ഈ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെയും ചുക്കാന്‍ പിടിച്ചത് ടി.എ മൗലവിയായിരുന്നു. പാലക്കാട് ജില്ലാ നാസിമായിരിക്കെ വിവിധ മതവിഭാഗങ്ങളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച പാലക്കാട് സൗഹൃദ വേദി മതസൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആ ബന്ധം ഇസ് ലാമിക പ്രസ്ഥാനത്തിന് അനുഗുണമാംവിധം ഉപയോഗപ്പെടുത്തുന്നതിലും മൗലവി പ്രത്യേകം ശ്രദ്ധിച്ചു. ഒരിക്കല്‍ പരിചയപ്പെടുന്നവരോട് ബന്ധം സ്ഥാപിച്ച് നിലനിര്‍ത്തുന്നതില്‍ പ്രത്യേക തല്‍പരനായിരുന്നു അദ്ദേഹം. ബന്ധപ്പെടുന്നവരില്‍ പ്രധാനപ്പെട്ടവരുടെയൊക്കെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ ഡയറി ഈ മൊബൈല്‍ യുഗത്തിലും സന്തത സഹചാരിയായി കൂടെ ഉണ്ടാകുമായിരുന്നു. അതെവിടെയെങ്കിലും മറന്നുപോയാല്‍ (അതു പലപ്പോഴും സംഭവിക്കുമായിരുന്നു) അത് തിരികെ കിട്ടുന്നതു വരെ വലിയ അസ്വസ്ഥത പ്രകടിപ്പിക്കും.

ഭൗതിക പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരായ ഒരുപാട് പേരെ ഇസ് ലാമിന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന എന്റെ വാപ്പയെ ഇസ് ലാമിക പ്രസ്ഥാന പ്രവര്‍ത്തകനാക്കി മാറ്റിയത് എന്റെ അമ്മാവന്‍ കൂടിയായ ടി.എ മൗലവിയാണ്. അതുവഴി ഞങ്ങളുടെ കുടുംബത്തിലെ ഉമ്മയുള്‍പ്പെടെ എല്ലാവര്‍ക്കും ഇസ് ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാകാന്‍ ഭാഗ്യം  ലഭിച്ചു. അങ്ങനെ എത്രയെത്ര കുടുംബങ്ങള്‍. ഒരുകാലത്ത് കേരളത്തിലെ ഇസ് ലാമിക പ്രസ്ഥാനത്തിന്റെ സ്റ്റേജുകളിലെ തീപ്പൊരി പ്രസംഗകനായിരുന്ന സി.കെ.ബി വാളൂരിനെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് ഇസ് ലാമിക പ്രസ്ഥാനത്തിലേക്ക് വഴിനടത്തിച്ചത് കെ. അബ്ദുസ്സലാം മൗലവിയുടെയും ടി.എ മൗലവിയുടെയും ശ്രമങ്ങളാണ്.

1979-ല്‍ ജമാഅത്ത് അംഗമായതോടെ മുഴുസമയ ജമാഅത്ത് പ്രവര്‍ത്തകനായി മാറി. തൃശൂര്‍ ജില്ലാ നാസിം, പാലക്കാട് ജില്ലാ നാസിം, സംസ്ഥാന കൂടിയാലോചനാ സമിതി അംഗം എന്നീ ഉത്തരവാദിത്വങ്ങള്‍ വഹിച്ചു.

കേരളത്തിലെ ഒരുപാട് വേദികളില്‍ ഇസ് ലാമിക പ്രഭാഷണങ്ങളും പ്രാസ്ഥാനിക പ്രഭാഷണങ്ങളും നടത്തി. പരലോകം അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് വിഷയമായിരുന്നു. പരലോകത്തെ കുറിച്ച അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കുന്നവരില്‍ കണ്ണീര്‍ പൊഴിക്കാത്തവരായി ആരുമുണ്ടാവില്ല.
1977-ല്‍ അടിയന്തരാവസ്ഥക്കു ശേഷം എന്റെ നാടായ നീര്‍ക്കുന്നത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തകര്‍ പത്ത് ദിവസം നീണ്ടുനിന്ന ഒരു ജമാഅത്ത് വിമര്‍ശന വഅ്‌ള് പരമ്പര സംഘടിപ്പിച്ചു. സമസ്ത നേതാക്കളായ വാണിയമ്പലം അബ്ദുര്‍റഹ് മാന്‍ മുസ് ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ് ലിയാര്‍, ഇ.കെ ഹസന്‍ മുസ് ലിയാര്‍ തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാരായിരുന്നു പ്രഭാഷകര്‍. ഈ പത്ത് ദിവസത്തെ ഖണ്ഡന പ്രസംഗങ്ങള്‍ക്ക് ജമാഅത്ത് സംഘടിപ്പിച്ച മറുപടി പ്രസംഗത്തിലെ പ്രാസംഗികന്‍ നീര്‍ക്കുന്നത്തുകാരനായ മാള ടി.എ മുഹമ്മദ് മൗലവിയായിരുന്നു. 'വിമര്‍ശനങ്ങളുടെ പൊള്ളത്തരങ്ങള്‍' എന്ന തലക്കെട്ടില്‍ നാല് മണിക്കൂറിലധികം നീണ്ടുനിന്ന പ്രസംഗത്തില്‍, പത്ത് ദിവസം വിവിധ പണ്ഡിതന്മാര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സമസ്ത വിഭാഗം തന്നെ അംഗീകരിക്കുന്ന കിത്താബുകളുടെ പിന്‍ബലത്തില്‍ യുക്തിഭദ്രമായി അക്കമിട്ട് മറുപടി നല്‍കി. നീര്‍ക്കുന്നത്തെയും പരിസരപ്രദേശങ്ങളിലെയും ജമാഅത്തെ ഇസ് ലാമി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം പകര്‍ന്നുനല്‍കുന്നതും, നാട്ടുകാരില്‍ ധാരാളമാളുകളുടെ തെറ്റിദ്ധാരണകള്‍ നീക്കുന്നതും പ്രസ്ഥാനവ്യാപനത്തിന് ആക്കം കൂട്ടുന്നതുമായിരുന്നു ആ പ്രസംഗം. നീര്‍ക്കുന്നത്ത് അതിന് മുമ്പോ ശേഷമോ അതുപോലൊരു പരിപാടി നടന്നിട്ടില്ല.

ശ്രുതി മധുരമായിരുന്നു അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം. സ്വരമാധുര്യമുള്ളതായിരുന്നു അറബി കവിതാലാപനം. മാളക്കാര്‍ ഒരു കാലത്ത് ഉറക്കമുണര്‍ന്നിരുന്നത് മാള മുഹ് യിദ്ദീന്‍ ജുമുഅ മസ്ജിദില്‍നിന്ന് സ്വുബ്ഹിക്ക് മുമ്പ് മൈക്കിലൂടെയുള്ള അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ടായിരുന്നു. ധാരാളം അറബിക്കവിതകള്‍ മനഃപാഠമുണ്ടായിരുന്ന അദ്ദേഹത്തിന് സന്ദര്‍ഭാനുസാരം അവ ഉദ്ധരിക്കാനും കഴിഞ്ഞിരുന്നു. നല്ല ശബ്ദത്തിന് ഉടമയായ അദ്ദേഹം ഖുര്‍ആനും ഹദീസും മേമ്പൊടിയായി അറബിക്കവിതകളും ഉദ്ധരിച്ചുകൊണ്ട് നടത്തുന്ന പ്രഭാഷണങ്ങള്‍ എത്രനേരം വേണമെങ്കിലും കേട്ടിരുന്നുപോകും.

ജില്ലാ നാസിം സ്ഥാനത്തുനിന്ന് ഒഴിഞ്ഞ ശേഷം കേരളത്തിലെ, പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ പണ്ഡിതന്മാരെയും ഖത്വീബുമാരെയും കാണാനും പ്രസ്ഥാനത്തെ അവര്‍ക്കു പരിചയപ്പെടുത്താനുമാണ് കൂടുതല്‍ സമയം ചെലവഴിച്ചത്. മൂന്നു വര്‍ഷക്കാലത്തെ ഈ പ്രവര്‍ത്തനത്തില്‍ നൂറ്റിയമ്പതിലധികം പണ്ഡിതന്മാരുമായി ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 

കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നതിലും പരിപാലിക്കുന്നതിലും അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്തി. അറ്റുപോകുമായിരുന്ന എത്രയെത്ര കുടുംബബന്ധങ്ങളും ദാമ്പത്യ ബന്ധങ്ങളുമാണ് അദ്ദേഹത്തിന്റെ സ്‌നേഹസമ്പന്നമായ ഇടപെടലിലൂടെ വിളക്കിച്ചേര്‍ത്തത്! ഒരേവീട്ടില്‍ താമസിക്കവെ തന്നെ പരസ്പരം മിണ്ടാതെ, ഉരിയാടാതെ രണ്ടു റൂമുകളിലായി വര്‍ഷങ്ങളോളം പിണങ്ങിക്കഴിഞ്ഞ പേരക്കുട്ടികളുള്ള ദമ്പതികളുടെ വിഷയത്തില്‍ ഇടപെട്ട് രണ്ടു മൂന്ന് മണിക്കൂറെടുത്ത സംഭാഷണത്തിനൊടുവില്‍ അവര്‍ സന്തോഷത്തോടെ പഴയ ജീവിതത്തിലേക്ക് മടങ്ങിയതിന് ഞാന്‍ സാക്ഷിയാണ്. 

പിതാവിന്റെ ജന്മനാടായ പുന്നയൂര്‍ക്കുളത്തെയും മാതാവിന്റെ നാടായ നീര്‍ക്കുന്നത്തെയും കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താനും ബന്ധുക്കളെ സന്ദര്‍ശിക്കാനും പ്രത്യേകം താല്‍പര്യമെടുത്തിരുന്നു. നീര്‍ക്കുന്നത്ത് വരുമ്പോഴൊക്കെ ഞങ്ങളെ ആരെയെങ്കിലും ഒപ്പം കൂട്ടി എല്ലാ കുടുംബവീടുകളും സന്ദര്‍ശിച്ചേ മാളക്ക് മടങ്ങുമായിരുന്നുള്ളൂ. പെരുന്നാളിനോടനുബന്ധിച്ച് നീര്‍ക്കുന്നത്ത് വരുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ചു കൂടും. കുട്ടികള്‍ക്കു നല്‍കാന്‍ പെരുന്നാള്‍പടിയും കരുതിയാണ് ആ വരവ്. അവര്‍ അതിനായി കാത്തിരിക്കും. ആ കറുത്ത ബാഗില്‍ കരുതിയിട്ടുള്ള തേനെടുത്ത് കൈയിലൂടെ ഹൃദയത്തിലേക്ക് പകര്‍ന്നുനല്‍കും. കുട്ടികളുടെ എല്ലാവരുടെയും പേര് ഓര്‍മയുണ്ടാവില്ല. എന്നാലും അവനെന്ത്യേ, അവളെന്ത്യേ എന്നു ചോദിച്ച് എല്ലാവരെയും അന്വേഷിക്കും. തോളില്‍ കൈയിട്ടും കെട്ടിപ്പിടിച്ചും മുത്തം നല്‍കിയുമുള്ള ആ സ്‌നേഹസ്പര്‍ശം ഇനിയില്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മനസ്സ് വിസമ്മതിക്കുന്നു. ടി.എ മൗലവി എന്ന ഞങ്ങളുടെ വല്യ മാമയോട് തര്‍ക്കിക്കാനും വിയോജിക്കാനും മറുവാക്കു പറയാനും തമാശ പറയാനുമുള്ള സ്വാതന്ത്ര്യം അദ്ദേഹം ഞങ്ങള്‍ മരുമക്കള്‍ക്കും മക്കള്‍ക്കും നിര്‍ലോഭം അനുവദിച്ചു തന്നിരുന്നു. ഞങ്ങള്‍ അത് വേണ്ടുവോളം ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അതിഥികളെ സ്വീകരിക്കലും സല്‍ക്കരിക്കലും അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. ഞങ്ങളുടെ അമ്മായി (മൗലവിയുടെ ഭാര്യ) ജീവിച്ചിരുന്ന കാലത്ത് അതിഥികളില്ലാത്ത ദിവസങ്ങള്‍ ആ വീട്ടില്‍ അപൂര്‍വമായിരുന്നു. പലവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ വീട്ടിൽ ‍കൊണ്ടുവന്ന് ദിവസങ്ങളോളം നിര്‍ത്തുമായിരുന്നു. അവര്‍ക്കൊക്കെ വെച്ചുവിളമ്പിക്കൊടുക്കുന്നതില്‍ അമ്മായിയും സംതൃപ്തി കണ്ടിരുന്നു. കഷ്ടപ്പെടുന്നവരുടെയും, ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രയാസപ്പെടുന്നവരുടെയും വിഷമതകള്‍ നീക്കാന്‍ തന്നാലാവുന്നത് ചെയ്യും. ബാക്കി മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കും. 2018-ലെയും 19-ലെയും വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാന്‍ തന്നാലാവുന്നത് ചെയ്തും, മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. വെള്ളപ്പൊക്ക ദുരിതബാധിതരെ ഐ.എസ്.ടി ബില്‍ഡിംഗില്‍ താമസിപ്പിക്കുക മാത്രമല്ല, തന്റെ അനാരോഗ്യം അവഗണിച്ച് ഒരു കാര്‍ന്നോരെപ്പോലെ അതിനൊക്കെയും നേതൃത്വം വഹിക്കുകയും ചെയ്തു.

കുടുംബത്തിലെയും പരിചിത വൃത്തത്തിലെയും കുട്ടികളെ ഇസ് ലാമിക പ്രസ്ഥാനത്തിന്റെ കലാലയങ്ങളില്‍ അയച്ച് പഠിപ്പിക്കാന്‍ ഏറെ താല്‍പര്യം കാണിച്ചു, അദ്ദേഹം. ഞാനും അതിന്റെ ഗുണമനുഭവിച്ചവരില്‍ ഒരാളാണ്. പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് തൊഴിലില്‍ ഏര്‍പ്പെട്ട എന്നെ രണ്ട് വര്‍ഷത്തിനു ശേഷം നിര്‍ബന്ധപൂര്‍വം കുറ്റ്യാടി ഇസ് ലാമിയാ കോളേജിലേക്ക് പഠനത്തിനായി പറഞ്ഞുവിട്ടത് വല്യമാമയും അനുജന്‍ സത്താര്‍ മാമയുമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വഴിത്തിരിവായിരുന്നു കുറ്റ്യാടിയിലേക്കുള്ള ആ യാത്ര.

കെ. അബ്ദുസ്സലാം മൗലവിയെയും ടി.എ മുഹമ്മദ് മൗലവിയെയും അനുസ്മരിക്കുമ്പോള്‍ നിര്‍ബന്ധമായും ഓര്‍മിക്കേണ്ട രണ്ടു പേര്‍ കൂടിയുണ്ട്- അവരുടെ രണ്ടു പേരുടെയും ഭാര്യമാര്‍. അബ്ദുസ്സലാം മൗലവിയുടെ ഭാര്യ റാബിത്തയും ടി.എ മുഹമ്മദ് മൗലവിയുടെ ഭാര്യ സഫിയയും. അവര്‍ സ്റ്റേജിലോ പൊതുരംഗത്തോ ഉണ്ടായിരുന്നില്ല. പക്ഷേ, അവര്‍ ഈ രണ്ട് മൗലവിമാരുടെയും പിന്നിലെ ശക്തിസ്രോതസ്സായിരുന്നു. അക്ഷരാര്‍ഥത്തില്‍ അവര്‍ക്കു താങ്ങും തണലുമായിരുന്നു. അവരില്ലായിരുന്നുവെങ്കില്‍ ഈ രണ്ട് മൗലവിമാരെയും ഈ രൂപത്തില്‍ നമുക്ക് ലഭിക്കുമായിരുന്നില്ല. ടി.എ മൗലവിയുടെ ഭാര്യ സഫിയ, ഞങ്ങളുടെ വല്യമ്മായി ആറു വര്‍ഷം മുമ്പ് അല്ലാഹുവിലേക്ക് യാത്രയായി. ആ വേർപാട് വല്യമാമയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. റാബിത്ത ടി.എ മൗലവിയുടെ വേര്‍പാടിന് ഒരാഴ്ച മുമ്പ് നവംബര്‍ 7-ന് അല്ലാഹുവിലേക്ക് യാത്രയായി. അല്ലാഹു എല്ലാവര്‍ക്കും മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

ടി.എ മൗലവിയുടെ മക്കള്‍: ടി.എം നജീബ്, ടി.എം സഈദ. മരുമകന്‍ കെ. അബ്ദുസ്സലാം മൗലവിയുടെ മകന്‍ മുഹമ്മദലി. അദ്ദേഹത്തിന്റെ എട്ട് സഹോദരങ്ങളില്‍ ഒരാള്‍ ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ടു. മറ്റൊരാള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായിലെ അറിയപ്പെടുന്ന പണ്ഡിതനായിരുന്ന മര്‍ഹൂം പാണാവള്ളി മുഹമ്മദ് മൗലവിയുടെ ഭാര്യ സൈനബ. മറ്റുള്ള സഹോദരങ്ങള്‍: എന്റെ മാതാവ് ടി.എ നഫീസ, ടി.എ സത്താര്‍, ടി.എ ആസിയ, ടി.എ അബൂബക്കര്‍, ടി.എ സഫിയ, ടി.എ കബീര്‍. l
കുറിപ്പ്: ടി.എ മുഹമ്മദ് മൗലവിയുടെ ആദ്യകാല ജീവിതത്തെക്കുറിച്ച് ഈ ലേഖനത്തില്‍ പറഞ്ഞ വിവരങ്ങള്‍ 2018 ഫെബ്രുവരി 16 മുതല്‍ മൂന്നു ലക്കങ്ങളിലായി പ്രബോധനത്തില്‍ വന്ന മൗലവിയുടെ ജീവിതം പറയുന്ന ലേഖനത്തെ അവലംബിച്ചുള്ളതാണ്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 04
ടി.കെ ഉബൈദ്