ഫത് വകള്‍ ജീവിത സ്പന്ദനം തൊട്ടറിയണം
ഒരു കാലഘട്ടത്തില്‍ ഫത് വയെ കുറിച്ച പരികല്‍പന വളരെ പരിമിതമായിരുന്നു. നിര്‍ണിതവും പൂര്‍വ നിശ്ചിതവുമായ ചട്ടക്കൂടിനുള്ളില്‍ മാത്രമായിരുന്നു അതിന്റെ വ്യവഹാരം. ജീവിത സാഹചര്യങ്ങള്‍ വികസിക്കുമ്പോള്‍ ഉളവാകുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും പ്രാപ്തമാവണം പുതുകാല ഫത് വകള്‍ എന്ന അവബോധം സമൂഹമനസ്സില്‍ ശക്തിപ്പെട്ടതോടെ മുഫ്തിമാരുടെ കാഴ്ചപ്പാടുകളിലും പ്രശ്‌നങ്ങളോടുള്ള സമീപനങ്ങളിലും മാറ്റങ്ങള്‍ വന്നുതുടങ്ങി. ഫത് വയും തര്‍ബിയത്തും, ഫിഖ്ഹും തര്‍ബിയത്തും തമ്മില്‍ ഉണ്ടാവേണ്ട ഇഴയടുപ്പത്തെക്കുറിച്ച് പണ്ഡിതന്മാര്‍ ബോധവാന്മാരായി.
വരണ്ടുണങ്ങിയ കേവല ഫിഖ്ഹിന്റെ ഊഷരഭൂമിയില്‍നിന്ന് ജീവിതത്തിന്റെ ഉര്‍വരതയിലേക്ക് ജ്ഞാനശാസ്ത്രത്തെ പറിച്ചുനടേണ്ടതിന്റെ ആവശ്യകത കാലം ബോധ്യപ്പെടുത്തുകയായിരുന്നു.
ഫത് വ തേടിച്ചെല്ലുന്നവരുടെ മനോഭാവവും ഒരു കാരണമായിരുന്നു. ഹറാമില്‍ പതിക്കരുതെന്നും ഹലാലായ വഴിയിലൂടെ ചരിക്കണമെന്നും ഇസ് ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായതൊന്നും സംഭവിച്ചുപോകരുതെന്നും, അത് തങ്ങളുടെ ആരാധനാകര്‍മങ്ങളെയും ഐഹിക-പാരത്രിക ജീവിതത്തെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നതിനാല്‍ തികഞ്ഞ കരുതല്‍ വേണമെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മുഫ്തിമാര്‍ക്കും അതായിരുന്നു കാഴ്ചപ്പാട്. നിയമങ്ങള്‍ പറഞ്ഞുകൊടുക്കുക എന്നതില്‍ കവിഞ്ഞ മാനങ്ങളിലേക്കോ, സ്വഭാവ-സംസ്‌കാര നിര്‍മിതിയുടെയും തര്‍ബിയത്തിന്റെയും തലങ്ങളിലേക്കോ ഫത് വകള്‍ കടന്നുചെന്നില്ല. യഥാര്‍ഥത്തില്‍, ഇസ് ലാമിക ശരീഅത്തിന്റെ ആന്തരാത്മാവിനോട് ഇണങ്ങുന്നതാവണം ഫത് വകളെന്നതും ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളോട് നീതിപുലര്‍ത്താന്‍ അവയ്ക്കാവണമെന്നതും അംഗീകൃത യാഥാര്‍ഥ്യമാണ്.
പഞ്ചേന്ദ്രിയങ്ങളുടെ ഫിഖ്ഹിനും ഹൃദയങ്ങളുടെ ഫിഖ്ഹിനും ഇടയിലുണ്ടായ വേര്‍പിരിവിന്റെ അനന്തര ഫലം ഫത് വകള്‍ ആത്മാവ് നഷ്ടപ്പെട്ട കേവല സത്യവാങ് മൂലങ്ങളായിത്തീര്‍ന്നു എന്നതാണ്. ഫത് വകള്‍ക്ക് ആത്മീയവും മാനവികവുമായ മുഖം നഷ്ടപ്പെടുന്ന അവസ്ഥ സംജാതമായി എന്ന് സാരം.
ഫത് വകള്‍ക്ക് തര്‍ബിയത്ത് മുഖം നഷ്ടപ്പെടാനുള്ള മറ്റൊരു കാരണം ഫിഖ്ഹിനെക്കുറിച്ച കാഴ്ചപ്പാടില്‍ ഉണ്ടായ മാറ്റമാണ്. ഫിഖ്ഹിനെ ഖുര്‍ആന്‍ ഊന്നുന്ന ആശയാര്‍ഥത്തില്‍ എടുക്കുന്നതിന് പകരം സാങ്കേതികാര്‍ഥത്തില്‍ വ്യവഹരിക്കാനായിരുന്നു പണ്ഡിതന്മാര്‍ തുനിഞ്ഞത്. അതു കാരണം പ്രമാണങ്ങളുടെ അക്ഷര പ്രത്യക്ഷങ്ങളില്‍നിന്ന് നിര്‍ധാരണം ചെയ്‌തെടുക്കുന്ന കര്‍മശാസ്ത്ര വിജ്ഞാനവും വിധികളുമായിത്തീര്‍ന്നു ഫിഖ്ഹ്. സാങ്കേതികമായി ആ വീക്ഷണം ശരിതന്നെ. എന്നാല്‍, ഖുര്‍ആന്‍ സൂചിപ്പിച്ച ഫിഖ്ഹ് അതും അതിലപ്പുറവുമാണ്. ഫിഖ്ഹിനെക്കുറിച്ച ഖുര്‍ആനിന്റെ പരികല്‍പന ഡോ. യൂസുഫുല്‍ ഖറദാവി വിശദീകരിക്കുന്നു: ''മനുഷ്യനിലും ചക്രവാളങ്ങളിലും ദൃശ്യമായ ദൈവിക ദൃഷ്ടാന്തങ്ങള്‍ ഗ്രഹിക്കുക, പ്രപഞ്ചത്തിലും മനുഷ്യ സമൂഹത്തിലുമുള്ള അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ അപഗ്രഥിക്കുകയും പഠിക്കുകയും ചെയ്യുക, ചരിത്ര സാക്ഷ്യങ്ങള്‍, സംഭവലോകത്തെ തെളിവുകള്‍, സൃഷ്ടിരഹസ്യത്തെക്കുറിച്ച അറിവും പരിജ്ഞാനവും, ശരീഅത്തിന്റെ വിശാലമായ പൊരുളും സമുന്നത ലക്ഷ്യങ്ങളും - ഇവയുടെ വെളിച്ചത്തില്‍ നടക്കുന്ന മനനത്തിന്റെയും പരിചിന്തനത്തിന്റെയും പേരാണ് ഫിഖ്ഹ്.''
ഫിഖ്ഹിനെക്കുറിച്ച സൂഫീ ചിന്തകരുടെയും ആത്മ ജ്ഞാനികളുടെയും കാഴ്ചപ്പാട് ഒന്നു വേറെയാണ്. അവരുടെ കാഴ്ചപ്പാടില്‍ ഫിഖ്ഹ് എന്നാല്‍ പരലോക വിചാരം, ഹൃദയത്തെ ബാധിക്കുന്ന വിപത്തുകള്‍, കര്‍മങ്ങളെ നിഷ്ഫലമാക്കുന്ന ഹേതുക്കള്‍, ഇഹലോകത്തിന്റെ നിസ്സാരത, പരലോക ക്ഷേമത്തിലുള്ള അഭിവാഞ്ഛ, ഹൃദയത്തില്‍ ദൈവഭയവും ദൈവസ്മരണയും- ഇവയെ സംബന്ധിച്ചെല്ലാമുള്ള അറിവാണത്. 'അവരില്‍ ഓരോ വിഭാഗത്തില്‍നിന്ന് ഒരു സംഘം ദീനില്‍ പാണ്ഡിത്യം നേടാന്‍ പോകാത്തതെന്തു കൊണ്ട്; സ്വന്തം സമൂഹത്തിലേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് ഉദ്ബോധനം നല്‍കാന്‍?' എന്ന സൂറത്തുത്തൗബ 122-ാം സൂക്തത്തിലെ സൂചന ഈ അറിവാണെന്ന് അവര്‍ സിദ്ധാന്തിക്കുന്നു.
'ഫിഖ്ഹി'ന്റെ സാങ്കേതികാര്‍ഥത്തിന് പ്രചുരപ്രചാരം കിട്ടിയത് ഇസ് ലാമിക ജ്ഞാനശാസ്ത്ര മേഖലയെ ചില അതിരടയാളങ്ങളില്‍ തളച്ചിടാന്‍ ഹേതുവായി. വളര്‍ച്ചയും വികാസവും മുട്ടി സ്തംഭനാവസ്ഥയിലായി ഇസ് ലാമിക 'ഫിഖ്ഹ്'. അതുപോലെ ഓരോ വിജ്ഞാനശാഖയും പരസ്പര ബന്ധമില്ലാത്ത സ്വതന്ത്ര സ്വത്വങ്ങളായി. വിജ്ഞാനശാഖകള്‍ വൃക്ഷത്തിന്റെ വേരുകള്‍ പോലെ പരസ്പരം കെട്ടുപിണഞ്ഞാണ് കിടക്കുന്നത്. വളര്‍ച്ചക്ക് അതാവശ്യമാണ്. സവിശേഷ പഠനത്തിനും അഗാധ ഗവേഷണങ്ങള്‍ക്കും ഓരോ വിജ്ഞാനശാഖയും പ്രത്യേകം പ്രത്യേകം കൈകാര്യം ചെയ്യേണ്ടതു തന്നെ. പക്ഷേ, ഒരു വിജ്ഞാനശാഖയും ഒറ്റപ്പെട്ട തുരുത്തായിക്കൂടാ. ഫിഖ്ഹിനെ ഹദീസില്‍നിന്ന് വേര്‍പ്പെടുത്തുന്ന പ്രവണത ഇതിന്റെ ഭാഗമാണ്. ചില ഫിഖ്ഹ്- ഫത് വാ ഗ്രന്ഥങ്ങളില്‍ തെളിവായി ഹദീസുകള്‍ ഉദ്ധരിക്കില്ല. ഇനി ഉദ്ധരിച്ചാല്‍ത്തന്നെ ഹദീസുകളുടെ നിവേദക പരമ്പര പ്രബലമാവണമെന്ന് ഫിഖ്ഹിനും മുഫ്തിക്കും നിര്‍ബന്ധവുമില്ല. പഞ്ചേന്ദ്രിയങ്ങളുടെ ഫിഖ്ഹും ഹൃദയങ്ങളുടെ ഫിഖ്ഹും ഉണ്ടായിത്തീര്‍ന്നത് ഈ വിധമാണ്. രണ്ടും വെള്ളം കടക്കാത്ത രണ്ട് അറകളിലായിത്തീര്‍ന്നു.
ഖുര്‍ആനികാശയ അടിത്തറകളിലേക്ക് ഫിഖ്ഹിനെ തിരിച്ചുകൊണ്ടുവരുന്നതില്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച മഹദ് വ്യക്തിത്വമാണ് ഇമാം അബൂഹാമിദില്‍ ഗസാലി. ഫിഖ്ഹിനെയും ഫത് വയെയും അദ്ദേഹം ഖുര്‍ആനിന്റെ ആത്മാവിനോട് ഇണക്കി പുനര്‍വായനക്ക് വിധേയമാക്കി. ശരീഅത്തിനെ തര്‍ബിയത്തും മറ്റു വിജ്ഞാന ശാഖകളുമായി സംയോജിപ്പിക്കാനുള്ള യത്‌നമാണ് 'ഇഹ് യാ ഉലൂമിദ്ദീന്‍' പോലുള്ള അദ്ദേഹത്തിന്റെ ക്ലാസിക്കുകളില്‍ നാം കാണുന്നത്. സാമ്പ്രദായിക ഫിഖ്ഹിന്റെ സരണിയില്‍നിന്നു മാറി സഞ്ചരിക്കുകയും ഫിഖ്ഹിനെ തര്‍ബിയത്തുമായും ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളുമായും കൂട്ടിയിണക്കുന്നതില്‍ വിശിഷ്ട സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത പില്‍ക്കാല ഫുഖഹാക്കളില്‍ പ്രധാനിയാണ് ശാഹ് വലിയ്യുല്ലാഹിദ്ദഹ് ലവി. അദ്ദേഹത്തിന്റെ 'ഹുജ്ജത്തുല്ലാഹില്‍ ബാലിഗ' എന്ന പ്രകൃഷ്ട രചന ശരീഅത്ത് നിയമങ്ങളുടെ പൊരുളും തത്ത്വവും സമുന്നത ലക്ഷ്യവും ആന്തര രഹസ്യങ്ങളും കണ്ടെത്താനുള്ള യത്‌നമാണ്. ഓരോ ശരീഅത്ത് നിയമത്തിന് പിന്നിലും മഹത്തായ ലക്ഷ്യവും തത്ത്വവും ഉണ്ടെന്ന ദൃഢ ബോധ്യത്തില്‍നിന്നാണ് ദഹ് ലവിയുടെ 'ഹുജ്ജത്തുല്ലാഹില്‍ ബാലിഗ' പിറക്കുന്നത്. ഇസ് ലാമിക ഫിഖ്ഹും അഖീദയും പുതിയ പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണുന്ന ശാഹ് വലിയ്യുല്ലാഹിദ്ദഹ് ലവി, ബുദ്ധിയെയും ഹൃദയത്തെയും ആത്മാവിനെയും ഒരുപോലെ സംബോധന ചെയ്യുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. കര്‍മശാസ്ത്ര വിധികള്‍ പ്രതിപാദിക്കുമ്പോള്‍ തന്നെ ഇബാദത്തുകളുടെ ആന്തര രഹസ്യങ്ങളിലൂടെയും പൊരുളുകളിലൂടെയും തീര്‍ഥയാത്ര നടത്തുന്ന ദഹ് ലവിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ, ഉസ്താദ് സയ്യിദ് സാബിഖ് സംശോധന നടത്തി രണ്ട് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ സൃഷ്ടിരഹസ്യത്തെക്കുറിച്ച ചര്‍ച്ചയില്‍ ആരംഭിച്ച്, ആത്മീയവും ഭൗതികവുമായ നിരവധി താവളങ്ങളിലൂടെ കയറിയിറങ്ങി നബിയുടെ ചരിത്രത്തില്‍ അവസാനിക്കുന്ന മഹദ്ഗ്രന്ഥം, ഫിഖ്ഹും തര്‍ബിയത്തും ദഅ്‌വത്തും തഖ് വയുമെല്ലാം പരസ്പര ബന്ധിതവും പരസ്പര പൂരകവുമാണെന്നും, ആവേണ്ടതാണെന്നും സമര്‍ഥിക്കുന്നു. l
Comments