Prabodhanm Weekly

Pages

Search

2023 ജൂലൈ 21

3310

1445 മുഹർറം 03

നിയോഗ ജീവിതത്തിലെ രാഷ്ട്രീയ വിസ്മയങ്ങൾ

പി.ടി കുഞ്ഞാലി

പ്രവാചക കഥകൾക്കും വിസ്താരമാർന്ന ചരിത്ര നിബന്ധങ്ങൾക്കും മലയാളത്തിൽ ഇന്ന് ലോഭമേയില്ല. വിഷയാവതരണങ്ങളിലെ വിശാല മണ്ഡലങ്ങളിൽ അവ ഓരോന്നും തരുന്ന തുറസ്സുകൾ വ്യത്യസ്തമാണ്.  പ്രവാചക ജീവിതത്തിന്റെ ഹൃദ്യതയും വിമല സംതൃപ്തിയും നിയോഗ സാക്ഷാത്കാരവും സംവേദിക്കുന്നതിൽ ഈ കൃതികളൊക്കെയും പരസ്പരം മത്സരിക്കുന്നു. അപ്പോഴും പക്ഷേ, നിയോഗ ജീവിതത്തിന്റെ അതിസൂക്ഷ്മ പരഭാഗ പാരായണത്തിലേക്ക് വായനക്കാരൻ സഞ്ചരിച്ചെത്തുമ്പോഴേ തിരുജീവിതത്തിന്റെ നാനാവിതാന ഭംഗികൾ നമ്മുടെ മുമ്പിൽ അനാവൃതമാവൂ. ആ തരത്തിൽ പ്രമാണ പാഠങ്ങളുടെ സമഗ്ര സാക്ഷ്യത്തോടെ പ്രവാചക ജീവിതത്തിന്റെ പരഭാഗം ചികയുന്ന മറ്റൊരു ബൃഹദ് ഗ്രന്ഥം കൂടി ഇപ്പോൾ മലയാളത്തിന് ലഭ്യമായിരിക്കുന്നു. 1965-ൽ ജനിച്ച ഫലസ്ത്വീനി എഴുത്തുകാരനും ഗവേഷകനുമായ വദ്ദാഹ് ഖൻഫറിന്റെ  'പ്രവാചക ജീവിതം ഒരു രാഷ്ട്രീയ സ്ട്രാറ്റജിക്ക് വായന'  എന്ന പുസ്തകമാണിത്.
പ്രവാചക ജീവിതം ആദ്യമധ്യാന്ത ഭംഗിയിൽ കോർവപ്പെടുത്തുന്ന ഒരു സാമ്പ്രദായിക പുസ്തകമേയല്ലിത്. മറിച്ച്, നിയോഗ ദൗത്യത്തിൽ  അഭിമുഖീകരിച്ച നിരവധിയായ പ്രശ്ന സന്ധികളെ എങ്ങനെയൊക്കെയാണ് പ്രവാചകന്‍ അഴിച്ചെടുത്തതെന്നതിന്റെയും, ഏതൊരാളും അന്തിച്ചു പോകാൻ മാത്രം സംഭീതമായ സന്ദർഭങ്ങളെ തന്റെ സത്യസാക്ഷ്യ പൂർത്തീകരണത്തിന് അനുരോധമായി എങ്ങനെ പരിവർത്തിപ്പിച്ചെടുത്തുവെന്നതിന്റെയും മികവാർന്ന രാഷ്ട്രതന്ത്രമാണ് പുസ്തകം അനാവരണം ചെയ്യുന്നത്. നിയോഗത്തോടെ താൻ അകപ്പെട്ട സന്ദിഗ്ധതകൾ,  ഏറ്റുമേടിച്ച മുൾക്കിരീടങ്ങൾ, ചാടിക്കടന്ന അഗ്നികുണ്ഡങ്ങൾ, കുടിച്ചുവറ്റിച്ച പരിഹാസ കയ്പ്പുകൾ, മുറിച്ചുകടന്ന മരുഭൂനീളങ്ങൾ, കൊണ്ടേറ്റ ശൂലക്കൂർപ്പുകൾ, വകഞ്ഞുപോയ ശര മാരികൾ, പടകുടീരങ്ങളിലെ അക്രമങ്ങൾ, ഒറ്റപ്പെടലിന്റെ ഭീകരതകൾ എല്ലാം ഒരുമിച്ച് അഭിമുഖീകരിച്ചപ്പോഴും ദൗത്യലക്ഷ്യത്തിൽ വീഴ്ച പറ്റാതെ സ്രഷ്ടാവിന്റെ ജീവിത രഥ്യയിലേക്ക് സഹ ജീവികളെ ക്ഷണിച്ചുണർത്തി നടത്തിയ ആ മഹാ ദൗത്യം. അതിൽ താൻ ദീക്ഷിച്ച തന്ത്ര വൈദഗ്ധ്യങ്ങൾ, രാഷ്ട്രീയ കൗശലങ്ങൾ ഇതൊക്കെയാണ് പുസ്തകം പ്രധാനമായും ചർച്ചക്കെടുക്കുന്നത്.  
നബി ജീവിതത്തിലെ മറു രാഷ്ട്രതന്ത്ര പ്രയോഗങ്ങളുടെ ചാരുതയാർന്ന സ്തോഭചിത്രങ്ങളാണീ പുസ്തകത്തിന്റെ പ്രത്യേകത. ഇസ്്ലാമിക ചരിത്രത്തിലെ ഒന്നാം ഹിജ്റയായി നാം കണക്കാക്കുന്നത് അബ്സീനിയയിലേക്കുള്ള പലായനമാണല്ലോ. മക്കയിൽ ഗതിയില്ലാതായവരെ പ്രവാചകൻ പറഞ്ഞയച്ച സുരക്ഷിത നഗരം. എന്നാൽ, എഴുത്തുകാരൻ പറയുന്നത് അത് നിസ്സഹായരുടെ  നിഷ്കളങ്ക യാത്രയായിരുന്നില്ല എന്നാണ്. അബ്സീനിയയെ കേവലം  അഭയാർഥി കേന്ദ്രമായി മാത്രമല്ല പ്രവാചകന്‍ കണ്ടത്. അതൊരു ബദൽ ദേശമായോ കരുതൽ ദേശമായോ ഒക്കെയാണ് അദ്ദേഹം പരിഗണിച്ചത്. അവിടെ തദ്ദേശീയരായ നിരവധി വിശ്വാസികളുണ്ടായിരുന്നു.  മക്കയിൽ പ്രവാചകന്റെ സമീപം ഒരിക്കൽ തന്നെ ഇരുനൂറോളം അബ്സീനിയക്കാർ ഒരുമിച്ചു വന്നു വിശ്വാസം പ്രഖ്യാപിക്കുന്ന സന്ദർഭം ഖൻഫർ പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. 
പ്രവാചക ഹിജ്റയുടെ വെറും സംഭവവിവരണമല്ല ഖൻഫർ നടത്തുന്നത്,  മറിച്ച് അതിന്റെ സൂക്ഷ്മ രാഷ്ട്രീയമാണ്. ഹിജ്റയോടെ യസ്്രിബ് മദീനയായി. ആ പേര് തന്നെ ഒരു തുടക്കത്തിന്റെ സൂചനയായിരുന്നു. പേരുകൾ അവയുടെ ഉള്ളിൽ തനത് സ്വത്വങ്ങളെ വഹിക്കുന്നുണ്ടെന്നാണ് ഖൻഫർ നിരീക്ഷിക്കുന്നത്. അതോടെ മക്കയിലെ ദാറുന്നദ്്വ അപ്രസക്തമായി. അറബികൾക്ക് പുതിയ ജനകീയ ദാറുന്നദ്്വ മസ്ജിദുന്നബവിയിൽ ഒരുങ്ങി ക്കഴിഞ്ഞു.
പ്രവാചകൻ ഗോത്ര നേതാക്കന്മാരുമായി നടത്തിയ നിരവധി ഉടമ്പടികളിലെ വിദഗ്ധ രാഷ്ട്രീയം ഗ്രന്ഥകാരൻ വിസ്തരിക്കുന്നുണ്ട്. പ്രവാചകൻ ആദ്യം ഉടമ്പടി സംസാരിച്ചത് ഔസ് ഗോത്രത്തിലെ ആളുകളുമായാണ്. ഇതിന് ഗ്രന്ഥകാരൻ രണ്ട് കാരണങ്ങൾ കണ്ടെത്തുന്നു:  അത് അബ്ദുൽ മുത്ത്വലിബിന്റെ മാതൃ ഗോത്രമാണ്. മറ്റൊന്ന്, ഖസ്റജ് ഗോത്രത്തോട് എന്നും പൊരുതി തോൽക്കേണ്ടി വന്ന ഗോത്രമാണ് ഔസ്. അവരൊരു നേതാവിനെ  മനസാ തേടുന്നുണ്ട്.  ഈയൊരു സൂക്ഷ്മ രാഷ്ട്രീയം മനസ്സിലാക്കാൻ പ്രവാചകന് സാധിച്ചിരുന്നു.
അല്ലാഹുവിന്റെ ദീൻ ഭൂമിയിൽ പുലരാൻ പ്രതിജ്ഞാബദ്ധനായ പ്രവാചകൻ സ്വീകരിക്കുന്ന തന്ത്രവും രാഷ്ട്രീയ ശേഷിയും സാത്വികമായ കൗശലങ്ങളും നാം ഈ പുസ്തകത്തിൽ കണ്ടെത്തുന്നു. ഈ രാഷ്ടീയക്കാരനായ പ്രവാചകനെയാണീ  പുസ്തകം നമ്മെ കാണിക്കുന്നത്. ഇതിന്റെ ആദ്യഭാഗം  പ്രവാചക പൂർവ അറേബ്യൻ ഗോത്ര ജീവിതത്തിന്റെ കൃത്യതയാർന്ന  വിശകലനമാണ്. ഇത് കേവല കഥാപാഠമായല്ല ഖൻഫർ എഴുതുന്നത്. അറേബ്യൻ മരുപ്പച്ചയിലെ ലോലതയാർന്ന ജീവിതവിപുലതകളാണ് അതിൽ വിടർന്നുവരുന്നത്. എങ്ങനെയാണ് ഖുറൈശി സമൂഹവും അവരുടെ രാഷ്ട്രീയ മുൻകൈകളും രൂപപ്പെട്ടതെന്നും അതിന്റെ സാഹചര്യങ്ങൾ എങ്ങനെ ഉരുവപ്പെട്ടെന്നും അദ്ദേഹം ഗവേഷണം ചെയ്ത് കണ്ടെത്തുന്നു. വമ്പൻ വർത്തക സംഘങ്ങളുമായി ലോക കമ്പോളങ്ങളിലേക്ക് ദീർഘ ദീർഘ യാത്രകൾ പോകുന്ന ഖുറൈശികളുടെ വിസ്മയകരമായ മരുഭൂ ജീവിതമാണ് ഇതിൽ പറയുന്നത്. ഒപ്പം അറേബ്യൻ കല്ലുഭൂമിയുടെ പ്രാന്ത സ്ഥലികളിൽ മേഞ്ഞു നടന്നിരുന്ന മറ്റു ഗോത്ര സമൂഹങ്ങളുടെ ജീവിതത്തെയും ഖൻഫർ പഠനത്തിന് വെക്കുന്നു. ഇത് ഏറെ ഹൃദ്യതയാർന്നൊരു  രാഷ്ട്രീയ ചരിത്ര വായനയാണ്. ഈ അറേബ്യൻ ചരിത്രസന്ധി നാം സൂക്ഷ്മത്തിൽ അറിയണം. അപ്പോഴേ അവിടത്തെ ഇസ്്ലാമിക നിയോഗത്തെ  സമഗ്രതയിൽ നമുക്ക് കണ്ടെത്താൻ പറ്റൂ. മലയാളത്തിൽ ഇങ്ങനെയൊരു കൃതിയില്ല. വായനക്കാർക്ക് ഉദ്വേഗം തെറിക്കാതെ നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്ന് മക്കാ വിജയം വരെയുമുള്ള നിരവധി തലമുറകൾക്കൊപ്പം വിസ്തൃതമായി ജീവിക്കുന്നതു പോലെ അനുഭവപ്പെടും. ഇത് എഴുത്തുകാരന്റെ വിജയം തന്നെയാണ്. ഇസ്്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെതാണ് അഞ്ഞൂറോളം പുറങ്ങളിലേക്ക് വികസിക്കുന്ന ഈ ബൃഹദ്‌ പുസ്തകം. ഹുസൈൻ കടന്നമണ്ണയുടേതാണ് പരിഭാഷ. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 23-25
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വാർഥതയെ കരുതിയിരിക്കുക
ഡോ. മുഹമ്മദ് പാണ്ടിക്കാട്